16 December Tuesday

ഇരപിടിയന്മാർക്കിടയിൽ പുതുമുഖങ്ങൾ

സാം അലക്‌സ്‌Updated: Sunday Sep 10, 2023


ലാവ ഉറഞ്ഞുണ്ടായ മലനിരകളിലും ചതുപ്പുനിലങ്ങളിലും വലിയ പാറക്കെട്ടുകളിലും ചെറുപ്രാണികളെ ആഹാരമാക്കിയാണ് മാംസഭുക്കായ സസ്യങ്ങൾ (Carnivorous plants) ഏറെയും വളരുന്നത്‌. ലവണങ്ങൾ തീരെ ഇല്ലാത്ത മണ്ണിൽ മറ്റു സസ്യങ്ങളെപ്പോലെ അതിജീവിക്കാനാണ് ഇരയെ പിടികൂടാനുള്ള സവിശേഷമായ കഴിവ് ഇത്തരം സസ്യങ്ങൾക്കുള്ളത്.

അടുത്തിടെ ഒരുപറ്റം ഗവേഷകർ ഇക്വഡോറിൽ പുതുതായി കണ്ടെത്തിയ ഇരപിടിയൻ സസ്യങ്ങൾ ഏറെ കൗതുകങ്ങളോടു കൂടിയവയാണ്‌. ജർമനി, ഇക്വഡോർ, അമേരിക്ക എന്നീ രാജ്യങ്ങളിലെ സസ്യശാസ്ത്രജ്ഞരുടെ സംഘമാണ് പിങ്ക്വികുല ജെനുസിൽപ്പെട്ട രണ്ട് പുതിയ ഇരപിടിയൻ ചെടികളെ കണ്ടെത്തിയത്. ലെന്റിബുലാറിയേസിയെ (Lentibulariaceae) കുടുംബത്തിൽപ്പെട്ട പിങ്ക്വികുല ജിംബുറെൻസിസ് (Pinguicula jimburensis), പിങ്ക്വികുല ഓംബ്രോഫില (Pinguicula ombrophila)എന്നീ രണ്ടു സസ്യങ്ങളും പെറുവിന്റെ അതിർത്തിയോടു ചേർന്ന ഇക്വഡോറിന്റെ തെക്കുനിന്നും കണ്ടെത്തുകയായിരുന്നു. ലോകത്തിൽ ഏറ്റവും കൂടുതൽ ഇരപിടിയൻ സസ്യങ്ങൾ ഉൾപ്പെടുന്ന രണ്ടാമത്തെ കുടുംബമാണ് ലെന്റിബുലാറിയേസിയെ. ‘ബട്ടർവർട്ട്സ് ഫാമിലി'എന്നറിയപ്പെടുന്ന ഈ കുടുംബത്തിൽ 115 ഇനം സസ്യങ്ങളുണ്ട്. യൂറോപ്പ്‌, അമേരിക്ക, ഏഷ്യൻ രാജ്യങ്ങളിൽ ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ലാറ്റിൻ അമേരിക്കയിലെ മെക്സിക്കോയിൽമാത്രം 40 ഇനം ഇരപിടിയൻ സസ്യങ്ങളുണ്ട്.

പിങ്ക്വികുല ജിംബുറെൻസിസ്
ആഴം കുറഞ്ഞ കടൽപ്പരപ്പിന്റെ തീരത്തുനിന്ന്‌ 3400 മീറ്റർ ഉയരത്തിലാണ് പിങ്ക്വികുല ജിംബുറെൻസിസ് എന്ന സസ്യത്തെ ഗവേഷകർ കണ്ടെത്തിയത്. കാഴ്ചയിൽ പിങ്ക്വികുല കാലിപ്ട്രേറ്റ എന്ന സസ്യത്തോട് ഏറെ സാമ്യം കാണിക്കുന്നവയാണ് പിങ്ക്വികുല  ജിംബുറെൻസിസ്. ക്രമരഹിതമായ അഗ്രവും കുത്തനെ നിവർന്നുനിൽക്കുന്നതും ദീർഘചതുരാകൃതിയിലുമുള്ള ഇലകൾ ഈ സസ്യത്തിന്റെ പ്രത്യേകതയാണ്. വയലറ്റ് നിറം തോന്നിക്കുന്ന ഇവയുടെ പൂക്കളിൽ മഞ്ഞനിറത്തിൽ മുള്ളിന് സമാനമായ (പല്ലുപോലെ) ഒരു ഘടനയും കാണാം. യക്കൂരി (Yacuri) ദേശീയ ഉദ്യാനത്തിൽപ്പെട്ട ഈ പ്രദേശത്ത് എപ്പോഴും ശക്തമായ കാറ്റും മൂടിക്കെട്ടിയ അന്തരീക്ഷവുമാണ്. പ്രദേശത്തെ ചതുപ്പുനിലത്തിലാണ്‌ ഇവ വളരുന്നത്‌. ഈ സസ്യത്തെ  ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) ചുവന്ന പട്ടിക (Red list) പ്രകാരം ‘വൾനറബിൾ' വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌.

പിങ്ക്വികുല ഓംബ്രോഫില

ദുർഘടം നിറഞ്ഞ  കുത്തനെയുള്ള പാറക്കെട്ടിൽ 2900 മീറ്റർ ഉയരത്തിലാണ് പിങ്ക്വികുല ഓംബ്രോഫില  ഇരപിടിയൻ സസ്യത്തെ ഗവേഷകസംഘം കണ്ടെത്തിയത്. "റെയിൻ ലവിങ്’ എന്നർഥം വരുന്ന ഓംബ്രോഫില എന്ന വാക്കുണ്ടായത് ‘ഓംബ്രോസ്', ‘ഫിലോസ്'എന്നീ രണ്ട്‌ ലാറ്റിൻ വാക്കുകൾ ചേർന്നാണ്. പിങ്ക്വികുല റോസ്മരിയെ എന്ന ചെടിയോട് ഏറെ സാമ്യം തോന്നിക്കുന്ന ഇവയുടെ പൂക്കൾ വളരെ ചെറിയതും വയലറ്റ് നിറത്തിലുമാണ്. പിങ്ക്വികുല കാലിപ്ട്രെറ്റയുടെ പൂവിനോട് സാമ്യമുണ്ടെങ്കിലും മഞ്ഞനിറത്തിലുള്ള മുള്ള് ഇവയിൽ ഇല്ല. പാറക്കെട്ടിൽ പടർന്നുകയറാൻ പാകത്തിലുള്ള വേരുകളും പരന്ന ഇലകളും ഇലകളുടെ മുകൾഭാഗത്ത് കാണുന്ന രോമങ്ങളും പൂക്കളുടെ രൂപവും മറ്റ് ഇരപിടിയൻ ചെടികളിൽനിന്നും ഓംബ്രോഫിലയെ വ്യത്യസ്തമാക്കുന്നു. അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് അധികമായുള്ള ഇക്വഡോറിലെ സെറോ പ്ലാറ്റിഡോ (സിൽവർ ഹിൽ) ബിയോസ്ഫിയർ റിസർവിന് ഉള്ളിലാണ് ഈ പാറക്കെട്ടുകൾ ഉള്ളത്.  മറ്റെവിടെയും ഇവയുടെ സാന്നിധ്യം കാണാൻ കഴിയാത്തതിനാൽ ഓംബ്രോഫിലയെയും ‘വൾനറബിൾ' വിഭാഗത്തിൽ ഐയുസിഎൻ ഉൾപ്പെടുത്തിയിട്ടുണ്ട്.

കെണിയൊരുക്കുന്നവർ
ഈ രണ്ട് ഇരപിടിയൻ ചെടികളുടെ പൂക്കളുടെ നിറവും ഇലയുടെ രൂപവുമാണ് ചെറുപ്രാണികളെ ആകർഷിക്കുന്നത്. വിസ്താരത്തിൽ വിടർന്നുനിൽക്കുന്ന പശയുള്ള ഇലകളാണ് പ്രാണികളെ കെണിയിലാക്കുന്നത്. പിങ്ക്വികുല ജനുസിൽപ്പെട്ട ഭൂരിഭാഗം സസ്യങ്ങളും യൂറോപ്പിലും വടക്കേ അമേരിക്കയിലുമാണ് കാണുന്നത്. ഏഴ് ഇനം സസ്യങ്ങൾ മാത്രമാണ് തെക്കേ അമേരിക്കയിലുള്ളത്‌.

പിങ്ക്വികുല ജനുസ്സിൽനിന്ന്‌ പുതുതായി രണ്ട് സസ്യങ്ങൾ കൂടി കണ്ടെത്തിയതോടെ ഇക്വഡോറിൽ  കാണുന്ന ഇത്തരം  ചെടികളുടെ എണ്ണം മൂന്നുമടങ്ങ് വർധിച്ചു. ജർമനിയിലെ ലേബിൻസ് സെന്റർ ഫോർ അഗ്രികൾച്ചറൽ ലാൻഡ്സ്കേപ് റിസർച്ച് ( ZALF) ലെ പ്രധാന സസ്യശാസ്ത്രജ്ഞൻ ടിലോ ഹെന്നിങ്ങും ഇക്വഡോറിൽനിന്നുമുള്ള അൽവാരോ പെരസുമാണ് ഈ ഗവേഷക സംഘത്തിന്റെ തലവന്മാർ. ലോകമറിയാതെ ഏറെ സസ്യങ്ങൾ ഈ പ്രദേശത്തുണ്ടെന്ന്‌  ഗവേഷകസംഘം പറയുന്നു. ഇവരുടെ പഠന റിപ്പോർട്ട്‌ അടുത്തിടെ പ്രസിദ്ധീകരിച്ചു.

(കേരള സർവകലാശാലയിൽ ഗവേഷകനാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top