20 April Saturday

കാട്ടിൽ ഒരു കാറിൽ

വിനോദ്‌ പായം vinodpayam@gmail.comUpdated: Sunday Jul 24, 2022

ചന്ദ്രശേഖരഗൗഡ കുട്ട നിർമാണത്തിൽ ഫോട്ടോ: സുരേന്ദ്രൻ മടിക്കൈ

പത്തൊമ്പത്‌ കൊല്ലം മുമ്പാണ്‌ കേരള അതിർത്തിയായ കർണാടക സുള്ള്യ നെല്ലൂർ കെമ്രാജെയിലെ ചന്ദ്രശേഖര ഗൗഡ തന്റെ പ്രീമിയർ പത്മിനി കാറോടിച്ച്‌ കാട്ടിനുള്ളിലേക്ക്‌ പോയത്‌. നാടിനെ പേടിച്ച്‌ തിരിഞ്ഞുനോക്കാതെ പോയ ആ ഓട്ടം നിലച്ചത്‌, കാർ കേടായ വനപാതയ്‌ക്കരികിലാണ്‌. അന്നുമുതൽ അയാൾ കാറിനുള്ളിലെ കാട്ടുവാസിയായി

നീണ്ട വനപാതയ്‌ക്കരികിലെ കാട്‌, അരികിൽ മണ്ണായി ചേരാൻ വെമ്പുന്ന പഴയ പൊട്ടിപ്പൊളിഞ്ഞ പ്രീമിയർ പത്മിനി കാർ, അതിനകത്ത്‌ താടിയൊക്കെ നീട്ടി, മെലിഞ്ഞ്‌ നീണ്ടു നിവർന്നുകിടക്കുന്ന പ്രാചീനനായ ഒരാൾ. പേടിയാകില്ലെ, ഒറ്റയ്‌ക്ക്‌ ഈ കാട്ടിൽ എന്നുചോദിച്ചു നോക്കുക? ‘പേടിയാകില്ലെ, ഒറ്റയ്‌ക്ക്‌ വലിയ വലിയ നഗരജീവിതത്തോട്‌ നിങ്ങൾക്ക്‌ പൊരുതാൻ’‐ എന്ന്‌ പൊട്ടിച്ചിരിച്ചുകൊണ്ട്‌ മറുപടി.

ആരാണ്‌ നിങ്ങൾ

ഉത്തരം: ‘‘ചന്ദ്രശേഖര ഗൗഡ, നെല്ലൂർ കെമ്രാജെ, സുള്ള്യ താലൂക്ക്‌, ദക്ഷിണ കന്നഡ ജില്ല’’ നമുക്ക്‌ കാണാൻ രസമുള്ളതും തെല്ല‌്‌ വട്ടുണ്ടെന്ന്‌ തോന്നിപ്പിക്കുന്നതുമായ ചന്ദ്രശേഖരയുടെ ജീവിതം, ഈ കൊടുംകാട്ടിലായിട്ട്‌ 19 വർഷം. 2003ലെ ഒരു വേനൽപകുതിയിലാണ്‌ ചന്ദ്രശേഖരയും അയാളുടെ പ്രീമിയർ പത്മിനിയും കേരളാതിർത്തിയായ സുള്ള്യ റിവസർവ്‌ വനത്തിനകത്ത്‌ അറന്തോട്ടെ അടുക്കത്തല - നെക്രെ റോഡരികിൽ ബതിർപ്പണെ എന്ന സ്ഥലത്ത്‌ സഡൻ ബ്രേക്കിട്ടത്‌. ഏറ്റവും പ്രിയപ്പെട്ട കാറിനെ അടരുവാൻ വയ്യാത്ത കാമുകിയെപ്പോലെ ചുറ്റിപ്പറ്റി അയാൾ ജീവിതം പറയുകയാണ്‌.

കടങ്കഥപോലൊരു കടം

സുള്ള്യക്കടുത്ത്‌ നെല്ലൂർ  കെമ്രാജെയിൽ കവുങ്ങ്‌ കൃഷി ചെയ്യുന്ന, കൂലിപ്പണിയെടുക്കുന്ന, ഡ്രൈവിങ്‌ വശമുള്ള 32 വയസ്സുള്ള ചന്ദ്രശേഖര. മൂന്നരയേക്കറോളം സ്വന്തംഭൂമി. 2003ൽ നാട്ടിലെ കാർഷികവികസന ബാങ്കിൽനിന്ന്‌ 38,500 രൂപയുടെ കാർഷികവായ്‌പ എടുക്കുന്നു. അടക്കയ്‌ക്ക്‌ വില കുറയുന്ന കാലം, വായ്‌പാ തിരിച്ചടവ്‌ മുടങ്ങി. ടെൻഷനായി. പൊലീസ്‌ വീട്ടിൽ വരുമെന്ന്‌ ബന്ധുക്കളും നാട്ടുകാരും പറഞ്ഞ്‌ പേടിപ്പിച്ചു.  പലിശയടച്ച്‌ വായ്‌പ പുതുക്കാൻ പലരുടെയും സഹായം തേടി. ഭൂമി പകരം വച്ച്‌ പണം നൽകാൻ അഭ്യർഥിച്ചു. ആരും തന്നെ സഹായിക്കില്ലെന്ന്‌ ചന്ദ്രശേഖര ഉറച്ചു വിശ്വസിച്ചു. പലിശയും പിഴപ്പലിശയും അടക്കം 66,000 രൂപയ്‌ക്കായി തന്റെ കെമ്രാജെയിലെ ഭൂമി മുഴുവൻ തട്ടിയെടുത്തതായി ചന്ദ്രശേഖരക്ക്‌ തോന്നി. അന്ന്‌ വീടിറങ്ങിയതാണ്‌ അയാൾ. ശേഷം അടുക്കത്തല എന്ന സ്ഥലത്ത്‌ വാടകയ്‌ക്കൊരു മുറിയിൽ കൂടി.  ജീവിതം പിടിവിട്ടുപോകുന്നതായി മനസ്സിലായി. കടുത്ത വിശപ്പിനാൽ ആദ്യം വിഷാദവാനായി. കെമ്രാജെയിലെ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ, ഒപ്പം കരുതിയ കത്തിയുമായി വാടകവീട്ടിലെ താമസത്തിന്റെ മൂന്നാംമാസം അയാൾ സുള്ള്യ വനത്തിനകത്തേക്ക്‌ പ്രവേശിച്ചു.

വനജീവിതം

സുള്ള്യ ടൗണിൽ നിന്ന്‌ 13 കിലോമീറ്റർ അകലെ അറന്തോട്‌ കാട്ടിനുള്ളിൽ, പഴയ പ്ലാസ്‌റ്റിക്ക്‌ വലിച്ചുകെട്ടി താമസമായി. കാട്ടിലേക്ക്‌ പിന്നെയും പിന്നെയും നീട്ടിനടന്നു. പുല്ലാഞ്ഞി വള്ളികൾ വെട്ടിയെടുത്ത്‌ ആദിവാസികൾ കുട്ട മെടയുന്നത്‌ കണ്ട ഓർമയിൽ, അയാൾ വരിഞ്ഞുതുടങ്ങി. ആരുംപഠിപ്പിക്കാത്ത കല. ആഴ്‌ചയിലൊരിക്കൽ കുട്ടയുമായി കാടിറങ്ങും. സുള്ള്യ, കെമ്രാജെ, അറന്തോട്‌ എന്നിവിടങ്ങളിൽ വിൽക്കും. വിലപേശില്ല. കിട്ടുന്ന കാശിന്‌ അരിയും ഉപ്പും മാത്രം വാങ്ങി വീണ്ടും കാടുപൂകും, വിശപ്പിന്‌ പരിഹാരം. കുട്ടകൾ വിറ്റ പണം അയാൾ, സുള്ള്യ മൊഗർപ്പണി വെങ്കട്ടരമണ സഹകരണ ബാങ്കിൽ നിക്ഷേപിച്ചു. അത്‌ വളർന്നു; ചന്ദ്രശേഖരയുടെ മോഹവും. മഴക്കാലത്ത്‌  കാട്ടിനുള്ളിലെ പ്ലാസ്‌റ്റിക്ക്‌ വീട്ടിലെ താമസം ദുസ്സഹമായി. അട്ടശല്യം കാരണം വാടക മുറിയിലേക്ക്‌ വീണ്ടും മാറേണ്ടി വന്നു. പക്ഷേ, കാട്‌ വീണ്ടും മോഹിപ്പിച്ചുകൊണ്ടേയിരുന്നു. 1992ൽ ഡ്രൈവിങ്‌ ലൈസൻസ്‌ കിട്ടിയ കാലംമുതൽ തുടങ്ങിയ മോഹമാണ്‌ കാർ വാങ്ങുകയെന്നത്‌. 2003 ൽ  മഴത്തുള്ളികൾ തെറിപ്പിച്ച്‌ 95 മോഡൽ പ്രീമിയർ പത്മിനി അയാളിലേക്ക്‌ ഹോണടിച്ച്‌ വന്നുകയറി. സുള്ള്യയിലെ അഭിഭാഷകനിൽ നിന്നും 20,500 രൂപയ്‌ക്കാണ്‌ വാങ്ങിയത്‌. കെഎ 01 എൻ 6519 എന്ന നമ്പർ ഇപ്പോൾ പരിവാഹൻ സൈറ്റിൽ നോക്കിയാൽ ചന്ദ്രശേഖര ഗൗഡ എന്ന ആർസി ഓണറെ കാണാം.

പണ്ട്‌ വായ്‌പ നൽകി പറ്റിച്ച നാട്ടിലൂടെ അയാൾ ചീറിപ്പാഞ്ഞു. ഏതാണ്ട്‌ നൂറുകിലോമീറ്റർ സഞ്ചരിച്ചുകാണണം, അറന്തോട്‌ റോഡരികിൽ പത്മിനിയൊന്ന്‌ പിണങ്ങി. സുള്ള്യയിൽ നിന്നും മെക്കാനിക്കിനെ എത്തിച്ച്‌ നന്നാക്കി. അറന്തോട്ടു നിന്നും നന്നാക്കിയ കാറുമായി അയാൾ  കാടുകയറി, വനംവകുപ്പുകാർ ഉണ്ടാക്കിയ അടുക്കത്തല–- നെക്രെ കാനനപാത വഴി . ഉരുളൻ കല്ലുകൾ തട്ടി, കാർ തെന്നിമാറി. ഇറക്കവും കയറ്റവും കടന്നു. ഒടുവിൽ ബതിർപ്പണെ എന്ന സ്ഥലത്ത്‌ സഡൻ ബ്രേക്കിട്ടു. അവസാന ശ്വാസംപോലെ പത്മിനിയുടെ ഉള്ളിൽനിന്നും പുക ചുമച്ചുകൊണ്ടേയിരുന്നു. മെക്കാനിക്കിനെ  വിളിച്ചില്ല. പത്മിനിയോട്‌ കിന്നാരം പറഞ്ഞ്‌ അവിടത്തന്നെകൂടി. വാടകമുറിയിൽ ഉപേക്ഷിച്ച പഴയ മർഫി റേഡിയോ തപ്പിക്കൊണ്ടുവന്നു. പത്മിനിയും മംഗളൂരു ആകാശവാണിയിലെ ലതാ മങ്കേഷ്‌കറും കിഷോർകുമാറും രാത്രികളെ ആനന്ദമുള്ളതാക്കി. കാറിൽ മുൻവശത്തെ ഇടതുഡോർ, വീടിന്റെ വാതിലാക്കി. അകത്തുകയറി കാലൊന്നു തട്ടിയാൽ വീട്‌ സെന്റർ ലോക്കായി. ഗ്ലാസ്‌ അൽപം താഴ്‌ത്തിയാൽ കാടിന്റെ തണുപ്പ്‌ അരിച്ചിറങ്ങും. ശേഷം അയാൾ 19 വർഷമായി പ്രീമിയർ പത്മിനിയിൽ ആനന്ദജീവിതം. 

ഒറ്റയാൾ

പുല്ലാഞ്ഞി വള്ളികൾ വെട്ടാൻ അയാൾക്ക്‌ വനംവകുപ്പിന്റെ അനുമതിയുണ്ട്‌. അത്രമാത്രമാണ്‌ പുറംലോകം ചെയ്‌ത കാരുണ്യം. അതുമാത്രമല്ല; കോവിഡ്‌ കാലത്ത്‌ രണ്ടുവാക്‌സിനും സൗജന്യമായി കിട്ടിയതായി അദ്ദേഹം സമ്മതിക്കും. ‘‘വാക്‌സിൻ വക്കാൻ ആധാർ കാർഡ്‌ വേണമല്ലോ. എനിക്കതൊന്നും ഇല്ല. എന്നിട്ടും ഡോക്ടർ ഇവിടെ വന്ന്‌ നിർബന്ധിച്ചതിനാൽ സമ്മതിച്ചു. ഒറ്റപ്പെട്ട ജീവിതമാണ്‌ ഏന്റേതെന്ന്‌ നിങ്ങൾക്ക്‌ തോന്നുന്നതാണ്‌. ഈ വഴിക്കപ്പുറം ഒരൊറ്റയാൻ, എന്റെ ഒറ്റപ്പെട്ട ജീവിതത്തെ പുലർകാലത്ത്‌ കാരുണ്യത്തോടെ നോക്കുന്നത്‌ പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്‌. കാട്ടുപോത്ത്‌, മയിൽ, മുയൽ, കുരങ്ങ്‌... എന്തൊരു തിരക്ക്‌ പിടിച്ച, എത്രപേർ ഒപ്പമുള്ള ജീവിതമാണ്‌ ഇതെന്ന്‌ അറിയാമോ? ഇടക്ക്‌ കുളിക്കാൻ പോയപ്പോൾ തോടിനരികെ കടുവയെ കണ്ടു. മറ്റൊരു നാൾ പുല്ലാഞ്ചി വള്ളി അറുത്തുവരും വഴി രണ്ട്‌ കടുവയേയും കണ്ടു. ഒട്ടും ഭയം തോന്നിയില്ല’’–- സമൃദ്ധമായി കന്നഡ കലർന്ന തെളിമലയാളത്തിൽ ചന്ദ്രശേഖര പറഞ്ഞു.

മൊബൈൽ ചാർജ്‌ ചെയ്യൽ

മൊബൈൽ ചാർജ്‌ ചെയ്യൽ

പഴയ നോക്കിയ മോഡൽ നാല്‌ മൊബൈൽ ഫോണും അദ്ദേഹത്തിനുണ്ട്‌. മൂന്ന്‌ സിം കാർഡും. ചെറിയൊരു സൗരോർജ പാനൽ വച്ചാണ്‌ ചാർജ്‌ ചെയ്യുന്നത്‌. മഴ കനത്താൽ സൂര്യവെളിച്ചം അകലുമ്പോൾ, ഫോൺ സ്വിച്ചോഫ്‌ ആകുന്നതിനാലാണ്‌ നാലുഫോൺ. ഒന്ന്‌ ചാർജ്‌ ചെയ്യുമ്പോൾ മറ്റൊന്ന്‌ ഓൺ ചെയ്യും. ആരും വിളിക്കാനില്ലെങ്കിലും ആരെയും വിളിക്കാനില്ലെങ്കിലും ഒരുപാട്‌ ഫോൺ നമ്പരുകൾ അദ്ദേഹം ഓർമയിൽ  നമ്മോട്‌ പറയും. പണ്ട്‌ കാർ വാങ്ങിയ സുള്ള്യയിലെ അഭിഭാഷകൻ, സുള്ള്യ എസ്‌ഐ, ദക്ഷിണ കന്നഡ കലക്ടർ, സുള്ള്യ കംപ്യൂട്ടർ സെന്റർ, പേരും നമ്പരും ഒരേ പോലെയാണ്‌ ചന്ദ്രശേഖരയുടെ ഓർമകളിൽ.

അതിരാവിലെ റേഡിയോ പാട്ട്‌ കേട്ടാണ്‌ ജീവിതം തുടങ്ങുന്നത്‌. പിന്നാലെ വാർത്തയുംകേട്ട്‌ പുല്ലാഞ്ഞി അരിഞ്ഞ്‌ വള്ളിയാക്കി കൊട്ട മെടയും. ദിവസം അഞ്ചുകുട്ട വരെ. 80 രൂപ നിരക്കിലാണ്‌ വിൽപ്പന. പുല്ലാഞ്ഞി അരിയുമ്പോൾ കിട്ടുന്ന പൊടിയിട്ട്‌ ഡബ്ബികൊണ്ടുണ്ടാക്കിയ അടുപ്പിൽ കത്തിച്ചാണ്‌ കഞ്ഞിവയ്‌പ്‌. അത്‌ രാവിലെയും ഉച്ചയ്‌ക്കും കഴിക്കും. പിന്നാലെ ഉൾക്കാട്ടിലെ തോട്ടിൽ കുളി. ആഴ്‌ചയിലൊരിക്കൽ പുല്ലാഞ്ഞിവെട്ടാൻ കാട്ടിൽതന്നെയാകും. രണ്ടുവർഷമായി പഴയൊരു ഹെർക്കുലീസ്‌ സൈക്കിൾ ഒപ്പമുണ്ട്‌. സുള്ള്യവരെ കൊട്ട വിൽക്കാൻ അതിൽ ആഞ്ഞുചവുട്ടി പോകും.

പാട്ടും വാർത്തയും

റേഡിയോ പാട്ടുകളാണ്‌ ഇഷ്ടം. പ്രണയ ഗാനങ്ങൾ കേൾക്കുമ്പോൾ ഒപ്പം ഉണ്ടാകേണ്ട പെണ്ണിനെക്കുറിച്ച്‌ ഓർമവരും. വിവാഹപ്രായത്തിൽ കാടുകയറിയതാണ്‌. പിന്നീട്‌ കല്യാണം കഴിക്കാൻ തോന്നിയില്ല. അതുനന്നായി; പെണ്ണ്‌ കെട്ടിയാൽ എങ്ങനെ പോറ്റാനാകും എന്ന ചോദ്യമുണ്ട്‌ ഇപ്പോൾ ചന്ദ്രശേഖരയ്‌ക്ക്‌. മിത്തടുക്ക മർക്കാഞ്ചെ സ്കൂളിൽ ഏഴാംതരംവരെ പഠിച്ചിട്ടുണ്ട്‌. കന്നഡ, ഇംഗ്ലീഷ് വാർത്തയും ഹിന്ദി, കന്നട  പാട്ടും കേൾക്കും. കൂടെയൊരാൾ ഉള്ളതുപോലെയാണ് റേഡിയോ. കേരള മുഖ്യമന്ത്രി പിണറായി വിജയനെ വാർത്തയിൽ കേട്ട്‌ അറിയാം. രണ്ടാമതും അദ്ദേഹം തന്നെ ഭരണത്തിൽ വന്നത്‌ ഇപ്പോഴാണറിഞ്ഞത്‌. ബസ്‌റ്റ്‌ ലീഡറായാൽ വീണ്ടും ഭരണത്തിൽ വരുമെന്ന്‌ ചന്ദ്രശേഖര.

പത്മിനി കാറിന്‌ 2017ൽ ആണ്‌ മേൽക്കൂര ഒരുക്കുന്നത്‌. മഴയും വെയിലും കൊണ്ട്‌ കാർ ചോർന്നുതുടങ്ങിയപ്പോൾ പ്ലാസ്‌റ്റിക്ക്‌ വലിച്ചുകെട്ടി. ആയിടയ്‌ക്ക്‌ ആർസിയും എണ്ണായിരം രൂപയും കാറിൽ നിന്ന്‌ മോഷണം പോയി. കാട്ടിലും സ്വസ്ഥത താരത്ത മനുഷ്യരെക്കുറിച്ച്‌ അയാൾ അസ്വസ്ഥനായി.

ആർസി മോഷണം പോയത്‌ സംബന്ധിച്ച്‌ സുള്ള്യ പൊലീസിൽ പരാതി നൽകി. ഈ പരാതി നമ്പരും വണ്ടി നമ്പരും കന്നഡയിൽ പേരും ചന്ദ്രശേഖര മെടയുന്ന കൊട്ടയ്‌ക്ക്‌ അടിയിൽ എഴുതിച്ചേർക്കും. കരിയും ബാറ്ററിയും ഉരുക്കി ടാർ പോലെയുള്ള മിശ്രിതമാക്കിയാണ്‌ എഴുത്ത്‌. താനീ ലോകത്ത്‌ തോൽക്കാതെ ബാക്കിയാണെന്ന്‌  മറ്റുള്ളവരെ അറിയിക്കാനാണ്‌ ഈ എഴുത്തെന്ന്‌ അദ്ദേഹത്തിന്റെ സാക്ഷ്യം.

കാടിറങ്ങേണ്ടെ

വായ്‌പാ കുടിശ്ശികയുടെ പേരിൽ തന്റെ സ്ഥലം ജപ്‌തി വരെയെത്തിച്ച  നിയമം തിരുത്താതെ താൻ നാട്ടിലേക്കില്ലെന്ന്‌ ഉറപ്പിച്ചു പറയുകയാണ്‌ ചന്ദ്രശേഖര. പണം തിരിച്ചടക്കാമെന്ന്‌ അറിയിച്ചിട്ടും അതിന്‌ സമ്മതിക്കാത്ത പുറംലോകത്തിന്റെ നിയമം വാഴുന്നയിടത്തേക്ക്‌ ഇനി ചന്ദ്രശേഖരയില്ല. ഒരു പ്രതിഷേധത്താൽ കാട്‌ കയറിയതാണ്‌. പുതിയൊരു കാർ വാങ്ങണം എന്നതുമാത്രമാണ്‌ ഇപ്പോൾ ബാക്കിയുള്ള മോഹം. 15000 രൂപ ബാങ്കിലുണ്ട്‌. അതിന്‌ പ്രീമിയർ പത്മിനി കിട്ടുമോ എന്നറിയണം. ഇപ്പോഴുള്ള കാർ നന്നാക്കാൻ പതിനായിരം രൂപ വേണം. നഷ്ടപ്പെട്ട ആർസി വീണ്ടെടുക്കാനും പുതുക്കാനും പതിനായിരം പിന്നെയും വേണം. മൊത്തം ഇരുപതിനായിരം വേണ്ടി വരും. അതിനേക്കാളും ഈ കാർ വാസസ്ഥലമാക്കി മറ്റൊരു കാർ വാങ്ങുന്നതാണ്‌ നല്ലത്‌. പഴയ അംബാസിഡർ കിട്ടുമായിരിക്കും; പക്ഷെ അതുവേണ്ട; നിങ്ങളുടെ നാട്ടിൽ പുതിയ കാർ കിട്ടാൻ എത്ര വേണം? 19 കൊല്ലം മുമ്പ്‌ ഉറച്ചുപോയ ബോധ്യങ്ങളാൽ ചന്ദ്രശേഖര ചോദിക്കുന്നു.

വനപാതയിൽ താൻ നിൽക്കുന്ന സ്ഥലത്തിന്‌ കുടികിടപ്പ്‌ രേഖ വേണമെന്ന ആഗ്രഹവും അദ്ദേഹത്തിനുണ്ട്‌. അതിനായി സുള്ള്യ തഹസിൽദാരെ പലതവണ വിളിച്ചു. മറുപടി പറയുന്നില്ലത്രെ! ‘നിങ്ങൾ മടങ്ങുമ്പോൾ തഹസിൽദാരെ ഒന്ന്‌ കാണണം. എന്റെ കാര്യമൊന്ന്‌ ചോദിക്കണം’,- ചന്ദ്രശേഖര പറഞ്ഞു നിർത്തി.

സുള്ള്യയിലൂടെ മടങ്ങുമ്പോൾ രാത്രിയായി. ഫോൺ നിലയ്‌ക്കാതെ മണിയടിച്ചു. ചന്ദ്രശേഖര വിളിക്കുന്നു. തഹസിൽദാരെ കണ്ടോ? തന്റെ കാര്യം പറഞ്ഞോ എന്നന്വേഷിക്കാൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top