28 March Thursday

സുവർണം ഈ 53

ഒ വി സുരേഷ്‌Updated: Monday Oct 31, 2022


മലപ്പുറം  
‘ഗുണനിലവാരം ഉറപ്പാക്കുന്നതിൽ അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന വൈസ്‌ ചാൻസലറും പിവിസിയും രജിസ്‌ട്രാറും മറ്റ്‌ ഉദ്യോഗസ്ഥരുമാണ്‌ കലിക്കറ്റ്‌ സർവകലാശാലയിലുള്ളത്‌. രാജ്യത്തെ മികച്ച യൂണിവേഴ്‌സിറ്റികളിൽ ഒന്നാണിത്‌’–- സെപ്‌തംബർ 15 മുതൽ 17 വരെ പരിശോധന നടത്തിയ നാക്‌ സംഘത്തലവൻ പ്രൊഫ. സുധീർ ഗാവ്‌നേയുടെ പ്രതികരണം ഇങ്ങനെ. അടിസ്ഥാന സൗകര്യങ്ങൾ, അക്കാദമിക്‌ രംഗത്തെ മികവുകൾ, തനത്‌ മാതൃകകൾ തുടങ്ങിയവയെല്ലാം നാക്‌ സംഘത്തെ അത്ഭുതപ്പെടുത്തി.  സർവകലാശാല രൂപീകരിച്ച്‌ 53 വർഷംമാത്രം പിന്നിട്ടപ്പോൾ നാക്‌ എ പ്ലസ്‌ നേടിയാണ്‌ കലിക്കറ്റ്‌ അടയാളപ്പെടുത്തിയത്‌. തുടർച്ചയായി നാലാംതവണയും നാക്‌ പരിശോധനക്ക്‌ വിധേയമായ കേരളത്തിലെ ഏക സർവകലാശാലയുമാണിതെന്ന്‌ വൈസ്‌ ചാൻസലർ ഡോ. എം കെ ജയരാജ്‌ പ്രതികരിച്ചു.

റേഡിയോ സിയു; ഇനി കേട്ടു കേട്ടറിയാം
‘ഉണരാം നമുക്കൊന്നായ്‌ ചേരാം, അറിവിൻ പുതുതീരം തേടാം... ഇടനെഞ്ചിൻ ഈണം മൂളാം, ഉയരാം പറക്കാം പുതുവാനം കാണാം.... റേഡിയോ സിയു...’ സംഗീതത്തിന്റെ അകമ്പടിയിൽ ഹൃദയംതൊടുന്ന വരികളുമായി കലിക്കറ്റിന്റെ ഇന്റർനെറ്റ്‌ റേഡിയോ ലോകമെങ്ങുമെത്തിയത്‌ ആഗസ്‌ത്‌ പതിനഞ്ചിനാണ്‌. ദിവസവും വൈകിട്ട്‌ 6.30ന്‌ സർവകലാശാല വാർത്തയോടെ തുടക്കം. ഈ സംവിധാനമുള്ള കേരളത്തിലെ ഏക സർവകലാശാലയാണിത്‌. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക്‌  മുദ്രാഗീതവും പുറത്തിറക്കി.

ലാഡറിലേറി 
കുതിക്കാം
ഏഴിനും 17നും ഇടയിലുള്ളവരിലെ കായികമികവിനെ കണ്ടെത്താനുള്ള തനത്‌ പദ്ധതിയായ ലാഡറിന്‌ നാക്‌സംഘം നൽകിയത്‌ നൂറിൽ നൂറ്‌ മാർക്ക്‌. വിവിധ കായിക ഇനങ്ങളിൽ തൽപ്പരരായ കുട്ടികൾക്ക്‌ അവധിക്കാലത്ത്‌ ഒന്നരമാസം പരിശീലനം നൽകും. കൂടുതൽ മികവ്‌ കാണിക്കുന്നവർക്ക്‌ തുടർപരിശീലനവും നൽകും. 700 കുട്ടികൾവരെ ഒരേസമയം ക്യാമ്പിലുണ്ടാകാറുണ്ട്‌.

മികവിന്‌ 
ഈ എ പ്ലസ്‌
മുന്നൂറിൽ 292 മാർക്കും നേടിയാണ്‌  എ പ്ലസ്‌ പദവി ലഭിച്ചത്‌. രാജ്യത്ത്‌  ഉയർന്ന സ്‌കോറാണിത്‌. 13 ഇനങ്ങളിലും നൂറുമേനി. രാജ്യത്ത്‌ മറ്റൊരു സർവകലാശാലയിലുമില്ലാത്തവിധം വിദ്യാർഥികൾക്ക്‌ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ സംശയങ്ങൾക്ക്‌ ബന്ധപ്പെടാവുന്ന സുവേഗയാണ്‌ മറ്റൊരു പ്രത്യേകത.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top