29 March Friday

ബബിയ മുതലയുടെ വെജ്‌ അവതാരം -കെ ഇ എൻ കുഞ്ഞഹമ്മദ് എഴുതുന്നു

കെ ഇ എൻUpdated: Tuesday Jan 31, 2023

ചെറായിയിലെ സഹോദരൻ അയ്യപ്പന്റെ സ്‌മാരകം

 

‘ഒരു വ്യാഖ്യാന സാഹസത്താലും’ ജാതികാഞ്ഞിരത്തെ കരിമ്പാക്കാനാവില്ലെന്ന് കണ്ടെത്തുകയും, ഇതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ രോഗമെന്നും ‘ജാതിവൈറസിനെ’ ഉന്മൂലനം ചെയ്യുന്ന വാക്സിൻ കണ്ടുപിടിക്കാതെ ‘ഇന്ത്യക്ക്’ രക്ഷയും ‘മോക്ഷ’വും ഇല്ലെന്നും അമർത്തിപ്പറഞ്ഞു സഹോദരൻ. അപ്പാർത്തീഡ് ഹീറോ ‘ജനറൽ സ്മാർട്സ്’ മനുവിനുമുമ്പിൽ നിസ്സാരനാണെന്നും, നമ്മുടെ മനുവിനു മുമ്പിൽ അവരുടെ ഹിറ്റ്ലർ പാവമാണെന്നും പറഞ്ഞതും സഹോദരൻ!  ‐ ‘വിശ്വാസത്തിന്റെ ‘അന്ധ’ർധാരകൾ’ എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗം.

ആദ്യഭാഗം ഇവിടെ വായിക്കാം: വിശ്വാസത്തിന്റെ ‘അന്ധ’ർധാരകൾ

അഞ്ച്


കെ ഇ എൻ

കെ ഇ എൻ

രണ്ട് നാല് കൂട്ടി ഒൻപത് കിട്ടിയാൽ അത് ഗണിതത്തിൽ ഒരത്ഭുതമാവുമെന്ന് മുമ്പ് ഇംഗർസോൾ! അതുപോലെ ‘ജാതിമേൽക്കോയ്മ’യെ അതേപടി നിലനിർത്തിക്കൊണ്ട്, ‘സാഹോദര്യവും’ അതിന്റെതന്നെ സൂക്ഷ്മ ഭാവപ്പകർച്ചയെന്ന് നിസ്സംശയം വിളിക്കാവുന്ന സൗഹൃദവും സാക്ഷാൽക്കരിക്കാനായാൽ അത് സാമൂഹ്യശാസ്ത്രത്തിൽ ഒരത്ഭുതമായിരിക്കുമെന്നാണ് ഇന്ത്യൻ നവോത്ഥാനം പല ഭാഷകളിൽ ആവർത്തിച്ചത്. ഈയൊരു മൗലികവസ്തുതയിൽനിന്നാണ് നവനാസ്തികർ മുഖം തിരിക്കുന്നത്!

‘മനുഷ്യൻ കെട്ടുപോയിട്ട് ലോകത്തിൽ സുഖമുണ്ടായിട്ട് എന്തുകാര്യം? ജാതിയാണ് മനുഷ്യനെ കെടുത്തുന്നത്’  ‘ജാതിപോണം’ എന്നാണ് ജീവിതത്തിലുടനീളം ഗുരു അമർത്തിപ്പറഞ്ഞത്. ആ മഹാതത്വത്തിന്റെ ആത്മീയവും ഭൗതികവുമായ പ്രയോഗസാക്ഷാൽക്കാരത്തിൽവച്ചാണ് മലയാളിക്ക് ഒരു ‘സഹോദരൻ അയ്യപ്പനെ’ കിട്ടിയത്.

‘അപരനുവേണ്ടി’ രാപ്പകൽ ഭേദമന്യേ സ്വാർഥരഹിതനായി പ്രവർത്തിക്കുന്ന, ഗുരു ആത്മോപദേശശതകത്തിൽ ‘കൃപാലു’ എന്നുവിളിച്ച, സ്നേഹസാന്നിധ്യമായ ഇനിയും പൂർണമായി പിറന്നുകഴിഞ്ഞിട്ടില്ലാത്ത, ആ പുതിയമനുഷ്യ കർതൃത്വത്തിന്റെ ആവിഷ്കാരമായിട്ടാണ് ‘സാഹോദര്യം’ ചരിത്രത്തിൽ ആഘോഷിക്കപ്പെട്ടത്.

‘ഇത്തിരിവട്ടംമാത്രം കാണുകയും’  ‘ഇത്തിരി മാത്രം ചിന്തിക്കുകയും ചെയ്യുന്ന’ അധോന്മുഖ വാമനരായ കൃപണരോട്, നിരന്തരം എതിരിടുന്ന, ‘അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്റെ സുഖത്തിനായ് വരേണം’ എന്ന് പ്രത്യാശിക്കുന്ന, ‘മറ്റുള്ളവർ’ എന്ന് നമ്മൾ പറയുന്നതും സൗകര്യത്തിനുവേണ്ടി കരുതുന്നതും സൂക്ഷ്‌മാർഥത്തിൽ നമ്മൾതന്നെയാണല്ലോ എന്ന് സ്വയം വിനയപ്പെടുന്ന ഒരു നവമനുഷ്യകർതൃപദവിയുടെ നിർമാണത്തിനാണ്, നവോത്ഥാനം നിരവധി സാമൂഹ്യ ഇടപെടലുകളിലൂടെ നേതൃത്വം നൽകിയത്.

 സഹോദരൻ അയ്യപ്പൻ

സഹോദരൻ അയ്യപ്പൻ

സാഹോദര്യസാക്ഷാൽക്കാരത്തിനുവേണ്ടിയുള്ള, ‘അയ്യപ്പസമരങ്ങൾ’ എന്ന നിലയിൽക്കൂടിയാണ് സംവരണം, മിശ്രഭോജനം, മിശ്രവിവാഹം, ജാതിരാക്ഷസദഹനം, മനുവിമർശം എന്നിവയെല്ലാം മനസ്സിലാക്കപ്പെടേണ്ടത്.

അനവധിയായ പ്രഭാഷണങ്ങളിലൂടെ, ലഘുലേഖകളിലൂടെ, മാസികാപ്രവർത്തനങ്ങളിലൂടെ, കവിതകളിലൂടെ, കോലംകത്തിക്കലടക്കമുള്ള ഇടപെടലുകളിലൂടെ, ‘ക്രിസ്തുവിനെപ്പോലെ ക്ഷമിച്ച്’, പ്രതിസന്ധികളിൽ പതറാതെ, പ്രകാശം പരത്തിയാണ് ‘സഹോദരൻ’ മുന്നേറിയത്. പറഞ്ഞുവരുന്നത് മലയാളത്തിന്റെ അഭിമാനമായി മാറിയ അയ്യപ്പന്, ലഭിച്ച ‘സഹോദരൻ’ എന്ന അപൂർവ ബഹുമതി, പുറത്തുനിന്ന് ഒരുപറ്റം ‘സേവകർ’ ചാർത്തിക്കൊടുത്ത ബിരുദമോ, ഒരു പ്രത്യേക ‘മാസിക’ നടത്തിയതിനാൽമാത്രം വന്നുചേർന്നതോ അല്ലെന്നാണ്. അങ്ങനെ പ്രത്യേകം പറയേണ്ടിവരുന്നത്, അയ്യപ്പനെ എഴുതിത്തള്ളാനുള്ള ശ്രമം നടക്കുന്നതുകൊണ്ടുമാത്രമല്ല, ‘ചില’ പ്രശംസാ ബിരുദങ്ങളെങ്കിലും ‘ചിലപ്പോഴെങ്കിലും’അങ്ങനെയായിപ്പോകാറുള്ളതുകൊണ്ടുകൂടിയാണ്!

അയ്യപ്പന്റെ മാസികയുടെ പേര് ‘സഹോദരൻ’ എന്നായതും, അദ്ദേഹംതന്നെ പിന്നീട് ‘സഹോദരൻ അയ്യപ്പനായതും’ അതും കഴിഞ്ഞ് ‘സഹോദരൻ’ എന്നുപറഞ്ഞാൽ മലയാളത്തിൽ ‘അയ്യപ്പൻ’ എന്നായതും, ചരിത്രത്തിലെ യാദൃച്ഛികതകളുടെ മാത്രം ഭാഗമായി സംഭവിച്ചതല്ല.

‘ജാതി’യെ സൂക്ഷ്മതയിൽ, മനസ്സിലാക്കാതിരിക്കലാണ് മലയാളിക്ക് ബാധിച്ച, ‘മറവിരോഗ’മെന്ന് പതിറ്റാണ്ടുകൾക്കുമുമ്പ് സഹോദരൻ കണ്ടെത്തി. ഇത് മനസ്സിലാക്കാൻ ‘ജാതിചികിത്സാസംഗ്രഹം’  ‘ഗാന്ധിസന്ദേശം’ തുടങ്ങിയ ‘സഹോദര’കവിതകൾമാത്രം ഓർത്താൽ മതി! ‘ഒരു വ്യാഖ്യാന സാഹസത്താലും’ ജാതികാഞ്ഞിരത്തെ കരിമ്പാക്കാനാവില്ലെന്ന് കണ്ടെത്തുകയും, ഇതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ രോഗമെന്നും ‘ജാതിവൈറസിനെ’ ഉന്മൂലനം ചെയ്യുന്ന വാക്സിൻ കണ്ടുപിടിക്കാതെ ‘ഇന്ത്യക്ക്’ രക്ഷയും ‘മോക്ഷ’വും ഇല്ലെന്നും അമർത്തിപ്പറഞ്ഞു സഹോദരൻ.

അപ്പാർത്തീഡ് ഹീറോ ‘ജനറൽ സ്മാർട്സ്’ മനുവിനുമുമ്പിൽ നിസ്സാരനാണെന്നും, നമ്മുടെ മനുവിനുമുമ്പിൽ അവരുടെ ഹിറ്റ്ലർ പാവമാണെന്നും പറഞ്ഞതും സഹോദരൻ! പരിവർത്തനത്തെ പേടിക്കുന്ന കുമാരനാശാനടക്കമുള്ള സ്വന്തം സുഹൃത്തുക്കളെ ‘ക്രമേണവാദികൾ’ എന്ന് പരിഹസിച്ചതും അയ്യപ്പൻതന്നെ. ഇതെല്ലാം അദ്ദേഹം ചെയ്തത്, മനുഷ്യരായ മനുഷ്യരെന്നും സ്വപ്നം കാണേണ്ട സാഹോദര്യം സത്യമാവാൻ! “ജാതിബോധശീലങ്ങൾ മാറുമ്പോൾ, നമ്മളാദ്യമായ് മനുഷ്യരെ മനുഷ്യരായ് കാണും, ആരോഗ്യമാർന്നിടും...” ഇന്ത്യൻ ‘ജാതി’സാംസ്കാരിക വിദ്യാഭ്യാസ കേന്ദ്രങ്ങൾക്കുമുമ്പിൽ ഇന്നും മിനിമം എഴുതിവെക്കുകയെങ്കിലും ചെയ്യേണ്ട ‘ചിറകുകളുള്ള’  ‘സഹോദര’ വാക്കുകൾ!

പറഞ്ഞുവരുന്നത് ഇന്ത്യൻ അന്ധവിശ്വാസങ്ങളിൽ മുഖ്യമായ ജാതിമേൽക്കോയ്മക്കെതിരെയുള്ള നാനാതരത്തിലുള്ള പ്രതിരോധങ്ങളുമായി ജനായത്ത കാഴ്ചപ്പാടിലുള്ള അനാചാരവിരുദ്ധ പ്രവർത്തനങ്ങൾ കണ്ണിചേർക്കപ്പെടേണ്ടതിന്റെ അനിവാര്യതയെക്കുറിച്ചാണ്. പ്രധാനമായും ലിബറലുകളും നവനാസ്തികരടക്കം പലരും പതറുന്നത് അവിടെയാണ്.

വൈക്കം മുഹമ്മദ് ബഷീർ

വൈക്കം മുഹമ്മദ് ബഷീർ

‘സഹോദരൻ’ എന്നത് ആത്മബോധത്തോടെ ഒരാൾ തന്നിൽതന്നെ പ്രീതനാവുമ്പോൾ, ആർക്കും സ്വയം വിളിക്കാവുന്നൊരു മഹത്തായ പേരാണ്. വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും മതിൽ മറിഞ്ഞുവീഴുമ്പോൾ, മനസ്സിൽ സാഹോദര്യത്തിന്റെ പൂന്തോപ്പുകളുണ്ടാവും. മനുഷ്യർ വ്യക്തിപരതക്കുമപ്പുറത്തേക്ക് കവിയുമ്പോൾ, ‘പ്രിയം’ അതിർത്തികൾക്കപ്പുറം വ്യാപിക്കും. സമത്വവും സ്വാതന്ത്ര്യവും ഒത്തുചേരുമ്പോൾ സാഹോദര്യവും സാധ്യമാവും. ‘പ്രിയ’ത്തെ മഹാദർശനമാക്കിയ ശ്രീനാരായണഗുരുവിന്റെ ചിന്തയുടെ തുടർച്ചയിൽ തളിരിട്ട ഒരഗാധബന്ധത്തിന്റെ ആവിഷ്കാരം എന്ന നിലയിലാണ് ‘അയ്യപ്പന്റെ’ ജീവിതത്തെ അന്വർഥമാക്കിയ ആ ‘സഹോദരൻ’ പ്രയോഗത്തെ മനസ്സിലാക്കേണ്ടത്.

സാഹോദര്യം ‘ജീർണകാലത്തും’ ജ്വലിക്കുന്ന ജീവിതങ്ങൾ സാധ്യമാക്കും, അല്ലെങ്കിലത് മിനിമം ജീവിക്കുന്ന സ്വപ്നമെങ്കിലുമാകും!
‘സഹോദരൻ മാസിക’ തുടങ്ങുന്നത് 1917 സെപ്തംബറിലാണ്. എന്നാൽ ജാതിമേൽക്കോയ്മയെ മറിച്ചിടുന്ന ‘മിശ്രഭോജന’ വിപ്ലവം നടന്നത് അതിനുംമുമ്പാണ്. ഗുരു ‘നേതൃത്വം’ നൽകിയ നവോത്ഥാനമാണ്, മതനിരപേക്ഷ കേരളത്തിന്റെ ‘ധൈഷണിക മാനിഫസ്റ്റോ’ എന്ന് നിസ്സംശയം വിശേഷിപ്പിക്കാവുന്ന, ‘ആത്മോപദേശശതകമാണ്’; അതിൽത്തന്നെ ‘പ്രിയമൊരു ജാതി...’ എന്നുതുടങ്ങുന്ന പ്രശസ്ത ശ്ലോകത്തിലാണ്, മലയാള ‘സഹോദരധർമം’ ഔപചാരികമായി തുടങ്ങുന്നത്.

അധ്വാനനിന്ദയുടെ പ്രത്യയശാസ്ത്രം ‘തെറി’യാക്കി മാറ്റിയ പുലയൻവിളിയെ ‘ഞാനാകുന്നു പുലയൻ’, ‘ബഷീർ ദ പുലയൻ’ എന്ന പ്രയോഗത്തിലൂടെ മലയാളത്തിന്റെ അത്ഭുത പ്രതിഭ വൈക്കം മുഹമ്മദ് ബഷീർ പൊളിച്ചടുക്കുന്നുണ്ട്. എന്നാൽ മലയാള ഭാഷയിൽ ആ വാക്ക്, ഇന്നും നിലനിൽക്കുന്നത് അത്ര ‘നല്ല’ അർഥത്തിലല്ല. നമ്മളെത്രയോ പുരോഗമിച്ചിട്ടും!’

അധ്വാനനിന്ദയുടെ പ്രത്യയശാസ്ത്രം ‘തെറി’യാക്കി മാറ്റിയ പുലയൻവിളിയെ ‘ഞാനാകുന്നു പുലയൻ’, ‘ബഷീർ ദ പുലയൻ’ എന്ന പ്രയോഗത്തിലൂടെ മലയാളത്തിന്റെ അത്ഭുത പ്രതിഭ വൈക്കം മുഹമ്മദ് ബഷീർ പൊളിച്ചടുക്കുന്നുണ്ട്. എന്നാൽ മലയാള ഭാഷയിൽ ആ വാക്ക്, ഇന്നും നിലനിൽക്കുന്നത് അത്ര ‘നല്ല’ അർഥത്തിലല്ല. നമ്മളെത്രയോ പുരോഗമിച്ചിട്ടും!’
മുച്ചൂടും മുന്നേറിലും നിന്നൊപ്പമെത്തീലല്ലോ/ അച്ചൂണ്ടുവിരലോളം വളർന്നീലല്ലോ ഞങ്ങൾ’ എന്ന്, ‘ഗുരുസ്മരണ’യിൽ, വൈലോപ്പിള്ളി.

അയ്യപ്പന്റെ ‘പുലയപക്ഷപാതിത്വ’മാണ്, അതായത് അടിച്ചമർത്തപ്പെട്ടവരോടുള്ള സമരൈക്യമാണ്, സത്യത്തിൽ അദ്ദേഹത്തിനെ അത്യുത്തമ സഹോദരപദവിക്ക് അർഹനാക്കിയത്. ജാതിഭീകരതക്കെതിരെ അദ്ദേഹം നയിച്ച നിരന്തരസമരങ്ങളുടെ ഒരു സന്ദർഭത്തെ മാത്രമാണ് ‘സഹോദരൻ’ മാസിക പ്രതിനിധീകരിക്കുന്നത്. പ്രസ്തുത മാസികയുടെ പേരിൽ നിന്നാണ് മഹാനായ അയ്യപ്പന് ആ പേര് കിട്ടിയത് എന്നത് ഒരു പ്രാഥമിക സത്യമാണ്.

 വൈലോപ്പിള്ളി

വൈലോപ്പിള്ളി

എന്നാൽ അതിനേക്കാൾ പ്രസക്തം, അയ്യപ്പന്റെ അധഃസ്ഥിത പക്ഷപാതിത്വവും, അതിന്റെ ഭാഗമായ ജാതിവിരുദ്ധതയും, സർവോപരി ‘മനുഷ്യസ്നേഹവും’, ആധിപത്യ‐വിധേയത്വങ്ങളെ അട്ടിമറിക്കുന്ന പ്രബുദ്ധതയും, സമത്വസുന്ദര സ്വതന്ത്രലോകത്തെക്കുറിച്ചുള്ള സ്വപ്നവും സംയുക്തമായി സൃഷ്ടിച്ച ‘സാഹോദര്യം’ എന്ന മഹത്തായ ആദർശമാണ് ആദ്യം അയ്യപ്പനിലും പിന്നെ ആ മാസികയിലും സാക്ഷാൽക്കരിക്കപ്പെട്ടത് എന്നുള്ളതാണ്!. ആ മാസികയുടെ പേരിനുമുമ്പേ, ‘സഹോദര’നായിക്കഴിഞ്ഞിരുന്നു അയ്യപ്പൻ!

ആറ്

ഒരു പ്രാദേശിക ആൾദൈവം കണ്ട സ്വപ്നം, ഇന്ത്യൻ സ്റ്റേറ്റി ന്റെ നാണം കെടുത്തിയത് പത്തുകൊല്ലംമുമ്പാണ്. യുപിയിലെ ഉന്നാവോ ജില്ലയിലെ സംഗ്രാമ്പൂർ ഗ്രാമത്തിലാണ്, 2013 ഒക്ടോബറിൽ, ശോഭൻസർക്കാർ എന്നൊരു, ‘പ്രാദേശിക ദൈവം’ കണ്ട സ്വപ്നം ഇന്ത്യയുടെ അന്ധവിശ്വാസ ചരിത്രത്തിന് കരുത്തുപകർന്നത്.

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇന്ത്യയെ രക്ഷിക്കാൻ സ്വർണനിധികുംഭം സ്വപ്നത്തിൽ കാണിച്ചുകൊടുത്തത് സാക്ഷാൽ ദൈവം! ദൈവിക ഇടപെടലിൽ കോരിത്തരിച്ച ഭരണാധികാരികൾ, ഉൽഖനനം നടത്തി സ്വർണം കണ്ടെത്താൻ ‘ആർക്കിയോളജിക്കൽ സർവേ  ഓഫ് ഇന്ത്യ’യോട് ആവശ്യപ്പെട്ടു. ആഴ്ചകളോളം കുഴിച്ചിട്ടും കരിക്കട്ടപോലും കണ്ടുകിട്ടിയില്ല. നിങ്ങൾ ‘അശുദ്ധരായതുകൊണ്ടാണ്’ നിധി കിട്ടാത്തതെന്ന് അരുളിച്ചെയ്ത് ‘ലോക്കൽ’ ദൈവം അപ്പോഴും രാഷ്ട്രത്തിന് ‘മുകളിൽ’ തന്നെ കയറിനിന്നു. ഇത്രയും ലജ്ജാകരമായ സംഭവം മറ്റൊരു ലോകരാജ്യത്തും നടന്നതായി അറിയില്ല.

‘ദൈവം’ വിശ്വാസികൾക്കെന്നപോലെ വിശ്വാസമില്ലാത്തവർക്കും ഒരു നിത്യവിസ്മയസ്രോതസ്സാണ്. വിശ്വാസികൾക്കത് ഉണ്മയുടെ ഊർജമാണെങ്കിൽ, വിശ്വാസമില്ലാത്തവർക്കത് ഒരു മഹാഭാവനയുടെ വെണ്മയും വീര്യവുമാണ്. വിശ്വാസികൾപോലും ‘ദൈവത്തെ’ അറിയുന്നതും അനുഭവിക്കുന്നതും വ്യത്യസ്തമായിട്ടാണ്.

വിവിധ മതങ്ങൾ പരിചയപ്പെടുത്തുന്ന ‘ദൈവങ്ങൾ’ മാത്രമല്ല വ്യത്യസ്തമായിരിക്കുന്നത്, മറിച്ച് ‘ദൈവപ്പൊരുൾ’ അഗാധമായി പങ്കുവെക്കുന്ന ഉന്നത വിശ്വാസങ്ങളുടെ ലോകവും ഒന്നിനൊന്നു വ്യത്യസ്തമാണ്.

നിത്യചൈതന്യയതി

നിത്യചൈതന്യയതി

മഹാന്മാരിൽ ചിലർ ‘സത്യ’ത്തിലാണ് ‘ദൈവസാക്ഷ്യം’ അനുഭവിക്കുന്നതെങ്കിൽ, മറ്റുചിലർ ‘സ്നേഹ’ത്തിലാണ് അത് അനുഭവിക്കുന്നത്. ‘ഒന്നുണ്ടായിരുന്നെങ്കിലെന്ന്’ തീവ്രമതരഹിതർക്കുപോലും ഉള്ളിന്റെയുള്ളിൽ തോന്നുംവിധം ആകർഷകമായ ഒരഗാധതയുണ്ട് ദൈവത്തിന്! ഇല്ലെങ്കിലും ഉണ്ടെന്ന് കരുതാവുന്ന ഒരു ‘കാവ്യാത്മകജീവിത’മാണതിനുള്ളത്.

പരിമിതികൾക്കൊക്കെയുമപ്പുറമുള്ള ഒരു പൂർണതയുടെ പറുദീസയാണത്. അനീതികൾ അട്ടഹസിക്കുന്ന ഒരു കാലത്തിന്നപ്പുറം നിന്നുകേൾക്കുന്ന ആർദ്രമായ സംഗീതമാണത്. ‘മാൻ ഷാൽ ബി ആസ് ഗോഡ്സ്’ എന്ന് എറിക്ഫ്രോം.

‘ഗണിതപരമായ ആകെ ഉണ്മയിൽ കവിതയുടെ ചോതോഹാരിതയെ നിവേശിപ്പിച്ചുകൊണ്ടാണ് ഞാൻ ‘ദൈവം’ എന്നുപറയാറുള്ളതെന്ന്’ നിത്യചൈതന്യയതി. പ്രീതിപ്പെടുത്താൻവേണ്ടി വിശ്വാസികളിൽ ചിലർ ‘കോഴ’ നൽകി പോറ്റുന്ന ദൈവത്തെക്കുറിച്ചല്ല, നിത്യചൈതന്യയതി ഉൾപ്പെടെയുള്ളവർ പ്രതിപാദിക്കുന്നത്.

പത്തുറുപ്പികയ്ക്ക്‌ പത്തുഗ്രാം പുണ്യവും, നൂറുറുപ്പികയ്ക്ക്‌ നൂറുഗ്രാം പുണ്യവും നൽകുന്ന ഒരു കച്ചവടക്കാരൻ ദൈവത്തിന് ദാർശനിക കരുത്തോ, കാവ്യാത്മകമായ കാന്തിയോ സ്വപ്നം കാണാൻ കഴിയില്ല! പറഞ്ഞുവരുന്നത്, ‘ആൾദൈവങ്ങൾക്ക്’ ആ പേര്‌ സൂചിപ്പിക്കുന്നതുപോലെ, മത‐മതരഹിതമായ അർഥത്തിൽ സാക്ഷാൽ ദൈവവുമായി ഒരു ബന്ധവുമില്ലെന്നാണ്.

പത്തുറുപ്പികയ്ക്ക്‌ പത്തുഗ്രാം പുണ്യവും, നൂറുറുപ്പികയ്ക്ക്‌ നൂറുഗ്രാം പുണ്യവും നൽകുന്ന ഒരു കച്ചവടക്കാരൻ ദൈവത്തിന് ദാർശനിക കരുത്തോ, കാവ്യാത്മകമായ കാന്തിയോ സ്വപ്നം കാണാൻ കഴിയില്ല! പറഞ്ഞുവരുന്നത്, ‘ആൾദൈവങ്ങൾക്ക്’ ആ പേര്‌ സൂചിപ്പിക്കുന്നതുപോലെ, മത‐മതരഹിതമായ അർഥത്തിൽ സാക്ഷാൽ ദൈവവുമായി ഒരു ബന്ധവുമില്ലെന്നാണ്.

‘ആൾദൈവ’മെന്ന പരികൽപ്പന ദാർശനികാർഥത്തിൽ പൊള്ളയാണ്. അതിനുമുകളിൽ കാവ്യാത്മകതയുടെ മഴവില്ലുകൾക്ക് ഉദിക്കാൻ ഒരാകാശം പോലുമില്ല! പ്രപഞ്ചത്തിന്റെ അനന്തതയ്ക്കുമുമ്പിൽവച്ച് അന്തമുള്ളവർക്കനുഭവപ്പെടുന്ന ആശങ്കകൾക്കും ആശ്ചര്യങ്ങൾക്കുമിടയിൽവച്ചാണ്, ‘ദൈവസങ്കൽപ്പങ്ങൾ’ സജീവമാകുന്നതെങ്കിൽ; ‘ആൾദൈവങ്ങൾ’ കമ്പോളങ്ങളിലും പരസ്യങ്ങളിലുമാണ് ആടിത്തിമർക്കുന്നത്.

അന്വേഷണങ്ങൾ അവസാനിക്കുകയും ‘പരസ്യം’ ഒരു ‘പ്രപഞ്ച’മായി പരിണമിക്കുകയും ചെയ്യുമ്പോഴാണ്, മൂലധന മാധ്യമികതകളുടെ ഉദാരപിന്തുണയോടെ ‘ആൾദൈവങ്ങൾ’ ഉണ്ടാവുന്നത്! ഒരു ജനതയുടെ രാഷ്ട്രീയപ്രബുദ്ധതയിൽ സുഷിരങ്ങൾ വീഴുമ്പോഴാണ്, ആൾദൈവങ്ങൾ അരങ്ങുവാഴാൻ ആരംഭിക്കുന്നത്.

എന്നാൽ, അതേ ജനതയുടെ പ്രബുദ്ധതയ്ക്കുമേൽ ഒരിത്തിൾക്കണ്ണിപോലെ ചുറ്റിപ്പടർന്നാണ് ആൾദൈവങ്ങളൊക്കെയും കരുത്താർജിക്കുന്നത്. പഴയ ജാതി ജന്മി നാടുവാഴി സമൂഹത്തിൽ, ഒരു കീഴാള ആൾദൈവത്തിന് ഒരു വിധേനയും ഒരാഗോള ആൾദൈവമാകാൻ കഴിയുമായിരുന്നില്ല! പിറക്കാതെപോയ ‘എത്രയോ തുഞ്ചന്മാർക്കും കുഞ്ചന്മാർക്കുമൊപ്പം ‘കേരളമാതാവിന്റെ ഗർഭത്തിൽവച്ചുതന്നെ ‘ക്രൂരമാം ജാതിയാൽ’ അന്നേ അവരും കലങ്ങിപ്പോകുമായിരുന്നു.

മുമ്പൊക്കെ ഒരാശ്രമം എന്ന് കേൾക്കുമ്പോൾ വിശ്വാസികൾ അതിന്റെ പവിത്രതയെക്കുറിച്ചോർത്തും, അതിലത്ര വിശ്വാസികളല്ലാത്തവരും, മതരഹിതരും അതിന്റെ, ‘കാവ്യാത്മക ലാളിത്യ’ത്തെക്കുറിച്ചോർത്തും കോരിത്തരിക്കുമായിരുന്നു. എന്നാലിപ്പോൾ നവ ആശ്രമങ്ങളിൽനിന്നും ലാളിത്യം മാത്രമല്ല മറ്റെല്ലാ ആത്മീയ മൂല്യങ്ങളും അപ്രത്യക്ഷമായിരിക്കുന്നു.

കാമം ക്രോധം മോഹം ലോഭം മദം മാത്സര്യം കുതികാൽവെട്ട് തുടങ്ങി ബലാത്സംഗ കൊലവരെ നടക്കുന്ന ‘നടുക്കംകൊള്ളിക്കും’ വിധമുള്ള ഭീകരകേന്ദ്രങ്ങളായി ആൾദൈവകേന്ദ്രങ്ങൾ മാറിതീർന്നിരിക്കുന്നു. കഞ്ഞിപാർച്ചക്കും, സൗജന്യചികിത്സക്കും, സമൂഹവിവാഹത്തിനുമിടയിൽ മൂർച്ചയുള്ള കത്തിയും, ഉണ്ടനിറച്ച തോക്കും, കഴുകൻ കണ്ണുകളും കാവൽ നിൽക്കുന്നു.

സ്വന്തം വിളക്കാവാനുള്ള പരിശീലനമല്ല, സ്വതന്ത്രരാവാനുള്ള സ്വപ്നമല്ല, നിർമലരാവാനുള്ള നിർദേശമല്ല, അടിമകളാവാനുള്ള പരോക്ഷനിർബന്ധങ്ങളാണ്, പല ആശ്രമങ്ങളിലും അനുശീലിക്കപ്പെടുന്നത്.

ഏഴ്

ഇന്ത്യയിലെ സർവ അന്ധവിശ്വാസങ്ങളെയും അപ്രസക്തമാക്കുംവിധമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ മുംബെയിൽ 2015ൽ, ശാസ്ത്രകോൺഗ്രസ്‌ എന്ന പേരിൽ, ‘അന്ധവിശ്വാസകോൺഗ്രസ്‌’ അരങ്ങേറിയത്. എല്ലാം മുമ്പേ ഇവിടെയുള്ളത് എന്ന വ്യാജാഭിമാന പ്രകടനങ്ങളുടെ വെള്ളപ്പൊക്കത്തിലേക്ക് ശാസ്ത്രബോധം വലിച്ചെറിയപ്പെടുകയായിരുന്നു. രണ്ടായിരത്തി പതിനാലിനു ശേഷം മുമ്പെങ്ങുമില്ലാത്തവിധം ശാസ്ത്രബോധത്തെ മിത്തുകൾ കൊണ്ടും, ചരിത്രബോധത്തെ പുരാണംകൊണ്ടും, പകരം വെക്കാനുള്ള ആസൂത്രിത ശ്രമമാണ് ഭരണകൂടനേതൃത്വത്തിൽ ആഘോഷപൂർവം നടന്നുകൊണ്ടിരിക്കുന്നത്.

പതിറ്റാണ്ടുകൾക്ക് മുമ്പ് വരാനിരിക്കുന്ന ഇതുപോലുള്ള വിപത്തിനെ മുൻകൂട്ടി കണ്ടുകൊണ്ടെന്നോണം മിതവാദി സി കൃഷ്ണനെഴുതി:

 സി കൃഷ്-ണ-ൻ

സി കൃഷ്-ണ-ൻ

‘ബ്രാഹ്മണനും യൂറോപ്യനെപ്പോലെ ബുദ്ധിശക്തിയുള്ളവൻ തന്നെ; എന്നാൽ ബ്രാഹ്മണൻ തന്റെ ബുദ്ധിയും പഠിപ്പുമെല്ലാം ജീവാത്മാവും പരമാത്മാവും തമ്മിലുള്ള വ്യത്യാസങ്ങളെ കണ്ടുപിടിക്കാനായിട്ടാണ് ഉപയോഗിക്കുന്നത്.

യൂറോപ്യന്മാരാകട്ടെ തീവണ്ടിയും തീകപ്പലും വിമാനവും ലോകത്തിൽ നടപ്പിലാക്കി വരുന്നു. ബ്രാഹ്മണനാണെങ്കിൽ ഈ തീവണ്ടിയും മറ്റും ശകുനിയും വിഭീഷണനും ചന്ദ്രഗുപ്തമൗര്യനും ജീവിച്ച കാലത്ത് ഭാരതത്തിൽ ധാരാളമായിരുന്നുവെന്നുമാത്രം പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുന്നു…’ സർവ അന്ധവിശ്വാസങ്ങളും വിമർശന വിധേയമാവേണ്ടതാണെന്നിരിക്കെ, ഭരണകൂട നേതൃത്വത്തിലുള്ള അന്ധവിശ്വാസം ഏറ്റവും കൂടുതൽ അപകടകാരിയാവുന്നത്, അന്ധവിശ്വാസങ്ങൾക്കെതിരെ നടപടികൾ എടുക്കേണ്ടവർതന്നെ, അതിന്ന് നേതൃത്വം നൽകുന്നതുകൊണ്ടാണ്.

‘ദൈവാധീനം ജഗൽസർവം/ മന്ത്രാധീനം തു ദൈവതം/ തൻമന്ത്രം ബ്രാഹ്മണാധീനം/ ബ്രാഹ്മണോ മമ ദൈവതം’ എന്ന ശ്ലോകം കേട്ടപ്പോൾ, ‘ഇതിന് ഒരു മനക്കലെ കാര്യസ്ഥന്റെ നാറ്റമുണ്ടെന്നായിരുന്നു മലയാളത്തിന്റെ നവോത്ഥാനപ്രതിഭ വി ടി ഭട്ടതിരിപ്പാട് പൊട്ടിത്തെറിച്ചത്. സത്യത്തിൽ ജാതിമേൽക്കോയ്മക്ക് പ്രപഞ്ചത്തെത്തന്നെ ചാർത്തികൊടുക്കുന്നതിനെതിരെ നവോത്ഥാനപ്രതിരോധത്തിന്റെ ഭാഗമായാണ്, ശ്രീനാരായണഗുരുവിന്റെ, ‘ദൈവദശകത്തെയും’ പ്രത്യക്ഷത്തിൽ അതിനോട് എതിരിടുന്ന സഹോദരൻ അയ്യപ്പന്റെ ‘സയൻസ്ദശകത്തെയും’, വാഗ്ഭടാനന്ദഗുരുവിന്റെ ‘ഉണരുവിൻ അഖിലേശ്വരനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ…’ എന്നതുപോലുള്ള പ്രാർഥനയെയും തിരിച്ചറിയേണ്ടത്.

ചരിത്രപശ്ചാത്തലത്തിൽ നോക്കുമ്പോൾ, ജാതി ഇന്ത്യയിൽ ദൈവപ്രാർഥനകൾക്കും, പ്രതിരോധവും പ്രക്ഷോഭവുമാകാൻ കഴിയും! സർവം പിടിച്ചടക്കാനുള്ള മേൽക്കോയ്മാ മനോഭാവത്തിൽ ഒരു ദുർബലസുഷിരമെങ്കിലും ആ പ്രാർഥനകൊണ്ട് വീഴ്ത്താൻ കഴിഞ്ഞാൽ, അതും സമകാലിക ഇന്ത്യൻ പശ്ചാത്തലത്തിൽ പുരോഗമനപരമാവും! ‘ഞാനാണ് ദൈവം’ എന്നഹങ്കരിച്ച ഹിരണ്യകശിപുവിനേക്കാൾ, എന്റെ ദൈവം തൂണിലും തുരുമ്പിലും എല്ലായിടത്തുമുണ്ടെന്ന് പറഞ്ഞ പ്രഹ്ലാദൻ എത്രയോ മുന്നിലാണ്.

അന്ധവിശ്വാസങ്ങളിൽ അബദ്ധത്തിൽ വിശ്വസിക്കുന്നവർ, അതിന്റെ ‘അസംബന്ധം’ കൺമുന്നിൽ വ്യക്തമായാൽ, അതിനോട് വിടപറയാൻ മടിക്കുകയില്ല. എന്നാൽ അന്ധവിശ്വാസങ്ങളിൽ ‘വീണുപോയ’ ഒരാൾക്കൂട്ടത്തിന്, എത്രതവണ അതൊരസംബന്ധമാണെന്ന് തെളിയിക്കപ്പെട്ടാലും അതിൽനിന്ന് എളുപ്പം പുറത്തുകടക്കാനാവില്ല. വ്യക്തികൾക്ക് വിമർശനബോധം നഷ്ടപ്പെടുമ്പോഴാണ്, അവർ സ്വയം ആൾക്കൂട്ടമാവുന്നത്.

ആത്മബോധമുള്ള ഒരു ‘വ്യക്തി’ക്ക് സ്വയം ഒരു സമൂഹമാവാൻ കഴിയുന്നതുപോലെ, ആത്മബോധം നഷ്ടപ്പെടും മുറയ്ക്ക് ഒരു വ്യക്തിക്ക് സ്വയം ഒരാൾക്കൂട്ടമാവാനും കഴിയും! ‘ആൾക്കൂട്ടം കാണുകയും കേൾക്കുകയും മാത്രമേ ചെയ്യുന്നുള്ളു. വൈകാരികാനുഭൂതികളെ ചിന്തകളാക്കി മാറ്റാൻ അതിന് കഴിയില്ല. അതിന്റെ ആത്മാവും ഹൃദയവും മരവിച്ചുപോയിരിക്കുന്നു’(ഗോർക്കി).

വ്യക്തികളും ആൾക്കൂട്ടങ്ങളും വിമർശനബോധം നഷ്ടമായാൽ ആൾക്കൂട്ടമാവും! ‘ആൾക്കൂട്ട’മെന്നത് പക്ഷേ ഒരു സ്ഥിരാവസ്ഥയല്ല. എന്തുകൊണ്ടെന്നാൽ ആൾക്കൂട്ടമായവരിൽ അപ്പോഴും വിമർശബോധവും ‘കത്തി’നിൽക്കുന്നുണ്ടാവും! സൂക്ഷ്മമായി ചിന്തിച്ചാൽ, പറ്റ‐സമൂഹ‐ആൾക്കൂട്ട‐മാഫിയ മാനസികാവസ്ഥ, സന്ദർഭഭേദമനുസരിച്ച്, നിതാന്ത വിമർശജാഗ്രത പുലർത്തുന്നില്ലെങ്കിൽ വേഷം മാറിവന്ന് പുരോഗമനകാഴ്ചപ്പാട് പുലർത്തുന്നവരിലും കൊടി പറത്തും! അന്ധവിശ്വാസത്തെ എതിർത്ത് ബില്ല് പാസ്സാക്കുന്നതിൽ നേതൃത്വം വഹിച്ച കർണാടക മന്ത്രിയുടെ ‘ഫോർച്യൂൺ’ കാറിനുമുകളിൽ, ഒരു കാക്ക വന്നിരുന്നു.

അതൊരു ദുശ്ശകുനമായി കണ്ട് ആ ‘പുരോഗമന മന്ത്രി’ പ്രസ്തുത കാറുതന്നെ ഉപേക്ഷിച്ചു! അപൂർവം ചിലർ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറുമ്പോഴും അധികാരസ്ഥാനങ്ങൾ കയ്യേൽക്കുമ്പോഴും ‘ശരിക്കുള്ള’ ‘മുഹൂർത്തം’ നോക്കും. പല പ്രമുഖരും സാംസ്കാരിക പ്രബുദ്ധത വളർത്താനുദ്ദേശിച്ചുള്ള ഒത്തുചേരലുകൾക്ക് ഒരു ‘പിഴച്ച’ പതിവുപോലെ പരമ്പരാഗത സവർണ ചടങ്ങുകളുടെമാത്രം അകമ്പടി അനിവാര്യമാവുന്നതിൽ ഒരസ്വസ്ഥതയുമില്ലാത്തവരാണ്! കുറ്റം പറയരുതല്ലോ, അതുകഴിഞ്ഞാൽ പിന്നെ ബഹുസ്വരതകളെ വാഴ്ത്തുന്ന കാര്യമാത്രപ്രസക്തമായ പ്രഭാഷണങ്ങളും അവർ ഗംഭീരമായി നിർവഹിക്കും!

സായിബാബയടക്കമുള്ള ആൾദൈവ‐അന്ധവിശ്വാസവിമർശകനായ എ ടി കോവൂരിനെ, ‘ആൾക്കൂട്ടം’ ഭഗവാനാക്കിയ സംഭവത്തെക്കുറിച്ച് പ്രശസ്ത യുക്തിചിന്തകനായ ജോൺസൺ ഐരൂർ ‘ഒരു ഹിപ്നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ’ എന്ന തന്റെ ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്! സായിബാബ വായുവിൽനിന്ന് വിഭൂതിയെടുക്കുന്ന വിദ്യ എ ടി കോവൂർ ജനങ്ങൾക്ക് മുമ്പിൽ യുക്തിപൂർവം അവതരിപ്പിച്ചു.

വിഭൂതി വാങ്ങിയവരിൽ ഒരാൾ ‘ആദ്യം’ ഭഗവാൻ എന്നുവിളിച്ച് കോവൂരിന്റെ കാൽക്കൽ വീണ് നമസ്കരിച്ചു. അതുകണ്ട് മറ്റുള്ളവരും! അങ്ങനെയാണ്, സായിബാബ ‘ഭഗവാനല്ലെന്ന്’ തെളിയിക്കാൻ ശ്രമിച്ച സാക്ഷാൽ കോവൂർ ഭഗവാനായത്!

താനൊരു ചോറുരുളയാണെന്നും തന്നെ കോഴികൾ കൊത്തിത്തിന്നുമെന്നും കരുതി സദാപേടിച്ചുനടന്ന ഒരാളെ ഒരു മനഃശാസ്ത്രജ്ഞൻ ചികിത്സിച്ച് സുഖപ്പെടുത്തിയത്രെ. ‘പേടിയൊക്കെ മാറിയില്ലേ, താങ്കളൊരു ചോറുരുളയല്ലെന്നും മനുഷ്യനാണെന്നും ഇപ്പോൾ ബോധ്യമായില്ലേ’ മനഃശാസ്ത്രജ്ഞൻ ചോദിച്ചു. അപ്പോൾ അയാൾ ആശ്വാസത്തോടെ പറഞ്ഞു.

‘ഇപ്പോഴാണ് എനിക്ക് ആശ്വാസമായത്, ഞാനൊരു ചോറുരുളയല്ലെന്ന്!’ എന്നാൽ ധൈര്യത്തോടെ പൊയ്ക്കോളൂ എന്നായി മനഃശാസ്ത്രജ്ഞൻ, അയാൾ ചൂളം വിളിച്ച് ഇനി എന്നെ പേടിപ്പിക്കാൻ ആർക്കുമാവില്ലെന്ന സ്വന്തം ഉറപ്പിൽ നടന്നുപോയി.

മനഃശാസ്ത്രജ്ഞനും ആശ്വാസമായി. എന്നാൽ കുറച്ചുസമയം കഴിഞ്ഞപ്പോൾ അയാൾ കിതച്ച് ഓടി വന്നു. മനഃശാസ്ത്രജ്ഞൻ ചോദിച്ചു. എന്തുപറ്റി? അയാൾ വിക്കിവിക്കി പറഞ്ഞു. ‘കോഴി’. മനഃശാസ്ത്രജ്ഞൻ പറഞ്ഞു, ‘നിങ്ങൾ ചോറുരുളയല്ലെന്ന് നിങ്ങൾക്ക് മനസ്സിലായില്ലേ, പിന്നെയെന്തിന് വീണ്ടും പേടി’ അയാൾ പറഞ്ഞുവത്രേ. ‘എനിക്കത് മനസ്സിലായി, പക്ഷേ കോഴിക്കത് മനസ്സിലായിട്ടില്ലല്ലോ?’

താൻ മരിച്ചതായി കരുതിയ ഒരാളെ ചികിത്സിച്ച്, അന്ധാളിച്ചുപോയ ഒരു ഡോക്ടറുടെ അനുഭവവും ഇതോടൊപ്പം ഓർക്കാവുന്നതാണ്. സ്വയം മരിച്ചതായി കരുതിയ മനുഷ്യൻ ഭക്ഷണംപോലും ഉപേക്ഷിച്ചു! മരിച്ചവർക്ക് ഭക്ഷണം ആവശ്യമില്ലല്ലോ. ‘മരിച്ചവരുടെ ശരീരത്തിൽനിന്ന് ചോര ഒഴുകുമെന്ന് കരുതുന്നുണ്ടോ’ എന്ന് ഡോക്ടർ. ‘ഒരിക്കലുമില്ല’ എന്ന് രോഗി. ഡോക്ടർ രോഗിയുടെ ശരീരത്തിൽ ഒരു മുറിവുണ്ടാക്കി.

വി ജെ ജയിംസ്‌

വി ജെ ജയിംസ്‌

ചോര ഒഴുകി. ഇപ്പോൾ നിങ്ങൾ ജീവിച്ചിരിക്കുന്നു എന്ന് ബോധ്യപ്പെട്ടില്ലേ എന്ന് ചോദിച്ചപ്പോൾ രോഗി പറഞ്ഞത്, ‘ഇല്ല’ എന്നാണ്. പിന്നെ എന്താണ് നിങ്ങൾക്ക് ബോധ്യപ്പെട്ടതെന്ന് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത്, മരിച്ചാലും ശരീരത്തിൽനിന്ന് ചോരയൊഴുകുമെന്ന് ബോധ്യമായി എന്നത്രേ!

വി ജെ ജയിംസിന്റെ ശ്രദ്ധേയമായ ‘നിരീശ്വരൻ’ എന്ന നോവൽ ആവിഷ്കരിക്കുന്നത് വിശ്വാസ‐അവിശ്വാസ, യുക്തി‐അയുക്തിക ലോകത്തിന്റെ തീവ്രസംഘർഷങ്ങളുടെ കാണുംപുറങ്ങളും കാണാപ്പുറങ്ങളുമാണ്. സാമാന്യബോധത്തിന്റെ ശക്തിയാണ്, അതോടൊപ്പം ആൾക്കൂട്ട നിർമിതിയുടെ ബലതന്ത്രമാണ്, ‘നിരീശ്വര’നിൽ സൂക്ഷ്മസ്വഭാവം കൈവരിക്കുന്നത്.

ഈശ്വരനെക്കാൾ പുരാതനനായ നിരീശ്വരൻ, ആധുനിക കാലത്തിന്റെ ഈശ്വരനായി മാറുന്ന മഹാത്ഭുതമാണ്, ‘നിരീശ്വരൻ’ അനാവരണം ചെയ്യുന്നത്.

‘ആൾക്കൂട്ടത്തിനും’, അതോടൊപ്പം അതുമായി ഒരിക്കലും പൊരുത്തപ്പെടാത്ത ആശയസംവാദത്തിനും അവയുടെ കൂട്ടിമുട്ടലിലൂടെ ഒരാശയമുക്ത അവസ്ഥക്കും മലയാളഭാവന സൃഷ്ടിച്ച ഒരു സ്മാരകം എന്നർഥത്തിൽ, ‘നിരീശ്വരൻ’ വായനയിൽ സ്ഫോടനങ്ങളുണ്ടാക്കും.

നോവലിന്റെ പേര് ‘നിരീശ്വരൻ’ എന്നാണെങ്കിലും, അതുമൊരീശ്വരനാണ്! ചിന്തിക്കുന്നവർ എന്നർഥമുള്ള ഹോമോസാപ്പിയൻസിന്റെ മതം, വിമർശനരഹിതമായി എന്തും വെട്ടിവിഴുങ്ങുന്ന, ‘ഹോമോകൊക്കകോളൻസി’ന്റെതായിത്തീരുന്നൊരു ‘കമ്പോളകാലത്തിന്റെ’ ‘ആശയ‐മുക്ത’ലോകമാണ്, ‘നിരീശ്വരനിൽ’ സർവസംഘർഷ സാധ്യതകളോടെയും, തീവ്ര ആക്ഷേപഹാസ്യ ധ്വനികളോടെയും ഉരുത്തിരിയുന്നത്.

എന്തിന്റെയും മുമ്പിലോ പിമ്പിലോ ‘ശാസ്ത്രം’ എന്നുചേർത്താൽ അതോടെ അത് ശരിയാവും എന്നൊരു വിശ്വാസം, ‘ശാസ്ത്ര’ത്തിന് സമകാലിക സമൂഹങ്ങളിൽ ലഭിച്ച ഒരംഗീകാരമാണെങ്കിലും അതിൽനിന്നും ഇന്ന് നന്നായി മുതലെടുപ്പ് നടത്തുന്നത് അന്ധവിശ്വാസങ്ങളാണ്! ഗൗളിശാസ്ത്രം, വാസ്തുശാസ്ത്രം, ഹസ്തരേഖാശാസ്ത്രം തുടങ്ങി എത്രയെത്ര ശാസ്ത്രങ്ങൾ! എന്നാൽ മുമ്പിതെല്ലാം ഒരു പരിധിവരെ വ്യക്തിഗത തലത്തിൽ ഒതുങ്ങിയിരുന്നെങ്കിൽ, ഇന്നതിനെല്ലാം ഒരർധ ഔദ്യോഗിക പദവിയും മുമ്പത്തെ അപേക്ഷിച്ച് വൻ സമ്മതിയും ലഭിച്ചു വരുന്നുണ്ട്.

വ്യക്തികളുടെ സത്യസന്ധമായ അഗാധവിശ്വാസം എന്ന പഴയ അർഥത്തിലല്ല ‘ഉപഭോക്തൃവിശ്വാസം’ എന്ന പുതിയ, അർഥത്തിലാണ് പഴയ അന്ധവിശ്വാസങ്ങൾ, പുതുരൂപങ്ങളിൽ വൻ പ്രചാരം നേടുന്നത്.

‘കിട്ടിയാ കിട്ടി, പോയാ പോയി’, വെച്ചാൽ ഒന്ന് കിട്ടിയാൽ രണ്ട് എന്ന ചൂതാട്ട മനഃസ്ഥിതി കൂടിയാണ്, നവ അന്ധവിശ്വാസ മറവിൽ കരുത്താർജിക്കുന്നത്. മാനസിക സംഘർഷങ്ങളിൽനിന്ന് പുറത്തുകടക്കാനുള്ള ചിലവ് കുറഞ്ഞ നിരുപദ്രവകരമായ ഒരുപാധിയെന്നതിൽനിന്നും, സ്വന്തം ശക്തിയും പ്രതാപവും പൊലിപ്പിക്കാനുള്ള ചിലവേറിയതും, അപകടകരവുമായ ഒന്നായി അന്ധവിശ്വാസം മുമ്പത്തെക്കാൾ എത്രയോ വളർന്നിരിക്കുന്നു. സ്കൂളിൽ ‘ധ്രുവചരിതം’ തുള്ളൽ എന്ന കുഞ്ചൻ നമ്പ്യാരുടെ കൃതിയിലെ, ‘കാലനില്ലാത്ത കാലം’ എന്ന പാഠഭാഗത്തെ അടിസ്ഥാനമാക്കി, ‘ജ്യോത്സ്യത്തെ’ വിമർശനപരമായി അപഗ്രഥിക്കാനുള്ള ചോദ്യത്തിന്റെ പേരിൽപ്പോലും കേരള സമൂഹത്തിൽ കോലാഹലമുണ്ടാവുന്ന ഒരു കാലത്താണ്, ഇന്ന് നാം ജീവിക്കുന്നത്. മുമ്പൊരു ചോദ്യത്തിന്റെ പേരിൽ പ്രവാചകനിന്ദ കെട്ടിവെച്ച്

ജോസഫ്‌ മാസ്‌റ്റർ

ജോസഫ്‌ മാസ്‌റ്റർ

ജോസഫ്മാഷിന്റെ കൈ വെട്ടിയതും, ‘മതമില്ലാത്ത ജീവൻ’ എന്നൊരു പാഠഭാഗത്തിന്റെ പേരിൽ വിവാദങ്ങൾ സൃഷ്ടിക്കപ്പെട്ടതും ഓർക്കുമ്പോഴാണ് ജ്യോത്സ്യവിവാദത്തിന്റെ രൂക്ഷത വ്യക്തമാവുന്നത്.

‘സാന്ത്വനം’ എന്ന നിലയിലുള്ള ‘ജ്യോത്സ്യം’ സ്വയം ‘ശാസ്ത്ര’കുപ്പായം ഇടുമ്പോഴാണ്, കുഴപ്പങ്ങൾ വർധിക്കുന്നത്. മുൻസിഫ് വേദനായകംപിള്ളെ എഴുതിയ ‘പ്രതാപമുതലിയാർ ചരിത്രം’ എന്ന തമിഴിലെ പ്രഥമനോവലിലെ, ഏഴാം അധ്യായത്തിന്റെ തലക്കെട്ടുതന്നെ തുടങ്ങുന്നത് ജ്യോതിഷത്തെ ‘ജ്യോതിഷഭ്രാന്ത്…’ എന്നുവിളിച്ചുകൊണ്ടാണ്! ‘ഞങ്ങളുടെ വിദ്യകളെല്ലാം ശുദ്ധകള്ളമാണ്.

ഉദരം നിമിത്തം ബഹുകൃതവേഷം. അങ്ങനത്തെ ഒരു വേഷക്കാരനാണ് ഞാനും. എന്റെ സ്വന്തം കാര്യത്തിൽ ഫലിക്കാത്ത വിദ്യ ആരാന്റെ കാര്യത്തിൽ ഫലിക്കുമോ?… ഗർഭത്തിലിരിക്കുന്ന ശിശുപോലും ഒരിക്കൽ എന്നെ വഞ്ചിച്ചുകളഞ്ഞു.

ഞാൻ വളരെക്കാലമായി ഒരു പ്രഭുവിന്റെ ആശ്രിതനായിരുന്നു. ഗർഭിണിയായിരിക്കുന്ന തന്റെ ഭാര്യ എന്ത് കുട്ടിയെയായിരിക്കും പ്രസവിക്കുക എന്ന് ചോദിച്ചു അദ്ദേഹം. പിറക്കുന്നത് ഒന്നുകിൽ ആൺകുഞ്ഞ്, അല്ലെങ്കിൽ പെൺകുഞ്ഞ് ആയിരിക്കുമല്ലോ. സ്വകാര്യത്തിൽ അദ്ദേഹത്തോട് ഞാൻ പറഞ്ഞു. പിറക്കുന്നത് ആൺകുഞ്ഞായിരിക്കുമെന്ന്. അദ്ദേഹമറിയാതെ ഭാര്യയോട് പ്രസവിക്കുന്നത് പെൺകുഞ്ഞായിരിക്കുമെന്ന് രഹസ്യമായി പറഞ്ഞു. പക്ഷേ പെറ്റുവീണ കുട്ടി നപുംസകമായിരുന്നു’. (പ്രതാപമുതലിയാർ ചരിത്രം)

എട്ട്

രണ്ടായിരത്തി ഇരുപത്തിരണ്ടാംവർഷത്തിൽ, മാധ്യമങ്ങളും പ്രച്ഛന്ന ജാതിമേൽക്കോയ്മയും പൗരോഹിത്യ ശക്തികളും സൃഷ്ടിച്ച അസംബന്ധ ജലാശയത്തിൽ, പഴയതെങ്കിലും പുതുതായി അവതരിപ്പിക്കപ്പെട്ട കാസർകോട്‌ ജില്ലയിലെ അനന്ത്പൂർ ക്ഷേത്രതടാകത്തിലെ ബബിയ എന്ന ‘വെജിറ്റേറിയൻ’ മുതല ‘വിഷ്ണുപാദം പൂകിയത്’ സംബന്ധിച്ചുണ്ടായതും ‘ഉണ്ടാക്കിയതുമായ’ പുകിൽമാത്രം പരിശോധിച്ചാൽ, ഇന്ത്യയിലിപ്പോൾ ഏറ്റവും അപകടകരമായിത്തീരുന്ന ‘അന്ധവിശ്വാസങ്ങൾ’ എപ്രകാരമാണ് നിർമിക്കപ്പെടുന്നതെന്നും അതിന്നുപിറകിലുള്ള രാഷ്ട്രീയ അജണ്ടയെന്തെന്നും വ്യക്തമാവും! നിങ്ങളെന്ത് ഭക്ഷണവും കഴിച്ചുകൊള്ളൂ എന്ന ‘സൗജന്യത്തിനൊപ്പം’, സസ്യഭക്ഷണം മാത്രമാണ് പവിത്രമായതെന്നും, അതിനുമാത്രമേ ‘സൗമ്യസ്വഭാവമുള്ള’വരായി മനുഷ്യരേയും എന്തിന് ‘മുതല’യേയും സൃഷ്ടിക്കാനാവൂ എന്ന സന്ദേശം, സമകാല ഇന്ത്യനവസ്ഥയുമായി ചേർത്തുവെച്ചാണ് അപഗ്രഥിക്കപ്പെടേണ്ടത്. ഒന്നാമത്തെ പ്രശ്നം ഇന്ന ഭക്ഷണം കഴിക്കണം, കഴിക്കരുത്, എന്നതിന് ഒരു മതേതരരാജ്യത്ത് ആരുടെയും പ്രത്യേകസമ്മതം ആവശ്യമേയില്ലെന്ന കാര്യമാണ്.

രണ്ടാമത്തേത്, മനുഷ്യർ അക്രമാസക്തരാവുന്നതും, സൗമ്യരാവുന്നതും യഥാക്രമം മാംസാഹാര‐സസ്യാഹാര പ്രശ്നമല്ലെന്നുള്ളതാണ്. മൂന്നാമത്തേത് മനുഷ്യരെ വിട്ട് ‘ജന്തു’ക്കളെപ്പോലും ജാതിമേൽക്കോയ്മാ ജീവിതക്രമത്തിലേക്ക് വെട്ടിച്ചുരുക്കാനുള്ള ശ്രമം ചെയ്തുകൂട്ടാനിടയുള്ള അപകടത്തെക്കുറിച്ചുള്ളതാണ്. നാലാമത്തേത്, അടിച്ചമർത്തപ്പെട്ടവരുടെ ആശ്വാസവും, ചെറുത്തുനിൽപ്പുമായി തീരാവുന്ന ‘കീഴാള ആത്മീയതകളെ’ അപകർഷപ്പെടുത്താനുള്ള ഒരജണ്ടകൂടി ഇതിൽ ഒളിഞ്ഞിരിപ്പുണ്ട് എന്നതുമാണ്.

എത്രയോ കാലമായി കീഴാളർ കെട്ടിയാടുന്ന ‘മുതലതെയ്യത്തിന്’ കിട്ടാത്ത മഹത്വം ‘വെജിറ്റേറിയൻ’ എന്നൊരൊറ്റ വിശേഷണം ചേർത്തതോടെ ബബിയ മുതലക്ക് കിട്ടിയെങ്കിൽ, പ്രസ്തുത കീഴ്മേൽ മറിച്ചിടലിന്റെ പ്രത്യയശാസ്ത്രം ആഴത്തിൽ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്. ‘കൈയിൽ ചെറാക്കത്തിയും തലയിൽ പാളമുടിയും വെച്ച മാവിലന്റെ മുതലത്തെയ്യവും വേദമന്ത്രങ്ങളിൽ കുളിപ്പിച്ചു കിടത്തിയ അനന്തപുരം ക്ഷേത്രത്തിലെ ബബിയയും തമ്മിൽ ചരിത്രപരമായി വലിയ അന്തരമുണ്ട്.

മുതലത്തെയ്യമെന്നാൽ കേവലം ഒരനുഷ്ഠാനത്തിനും വിശ്വാസത്തിനുമപ്പുറം എത്രയോ കാലം തമ്പുരാക്കന്മാർ അടിമകളാക്കി പീഡിപ്പിച്ച നിസ്വവർഗത്തിന്റെ ചരിത്രവും ജീവിതവുമാണ്’.

( മുതലതെയ്യങ്ങൾ  : വി കെ അനിൽകുമാർ‐ പച്ചക്കുതിര). ‘മുതലപ്പുറമേറി വന്ന പയ്യാവൂർ മലയടിവാരത്തെ ആദിതോയോടെനെന്നമാവിലൻ മൂപ്പനും’ പിന്നീട് ‘ബ്രാഹ്മണ’നാക്കി മാറ്റപ്പെട്ടു! ജാതിമേൽക്കോയ്മക്ക് അതും അതിലപ്പുറവും കഴിയും!

കാസർകോടൻ കാവുകളിലും ക്ഷേത്രങ്ങളിലും ജാതിപരമായ കടുത്ത വിവേചനവും അയിത്തവും നിലനിൽക്കുമ്പോൾ തന്നെയാണ് മുതലയുടെ പുതിയ ‘വെജ്’ അവതാര ജീവിതം! ജലാശയങ്ങളിൽ സ്വതന്ത്രമായി കഴിയുന്ന സ്വതന്ത്രമുതല, കാഴ്ചബംഗ്ലാവുകളിൽ കാഴ്ചക്ക് ഒരുക്കി നിർത്തിയ അടിമമുതല, കെട്ടിയാടുന്ന പ്രതിരോധമുതലത്തെയ്യം, പിന്നെ ലോകപ്രകസ്തനായ ദെസ്തയേവ്സ്കിയുടെ, ആക്ഷേപഹാസ്യ വകുപ്പിൽപ്പെടുത്താവുന്ന ‘കൾച്ചൻ’ എന്ന കിടിലൻ മുതല! അങ്ങനെ പല മുതലകൾക്കിടയിൽ, ബബിയമുതലക്ക് മാത്രം കിട്ടിയ, സ്പെഷൽ പരിഗണനക്കടിയിലേക്ക് കണ്ണുതുറന്നുനോക്കിയാൽ, ‘രോഗികളാൽ കൊല്ലപ്പെട്ട’ നരേന്ദ്ര ധബോൽക്കർ എന്ന അന്ധവിശ്വാസവിരുദ്ധ പ്രചാരണത്തിന് ജീവിതം സമർപ്പിച്ച ഡോക്ടർ മുതൽ, മാട്ടിറച്ചി ഭക്ഷിച്ചു എന്നപേരിൽ കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ്ലാഖിനെവരെ അതിൽ കാണാൻ കഴിയും! അതോടൊപ്പം ജാതിഭീകരതയുടെ ആഴവും!
‘അങ്ങനെ ആടും പോത്തും മുസ്ലിമായപ്പോൾ, ആനയും പശുവും ഹിന്ദുവുമായി’ എന്ന് നാസർ ഇരിമ്പിളിയം എന്ന യുവകവി. അത്ഭുതം ഇപ്പോൾ ആ വകുപ്പിൽ ഇതാ ‘നാസർ’ ഒരു പച്ചക്കറി മുതലയും!

ഒമ്പത്

‘ചിന്തിച്ചാൽ ഒരന്തവുമില്ല, ചിന്തിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ല’ എന്നുള്ളത് ഒരെത്തും പിടിയും കിട്ടാത്ത തരത്തിലുള്ള അമൂർത്ത യുക്തിചിന്തയെ അടയാളപ്പെടുത്തുന്നൊരു ‘പതിവ്’ പ്രയോഗമാണ്. എന്നാൽ പ്രസ്തുത പ്രയോഗത്തിൽപ്പോലും മനുഷ്യർ പലതരത്തിൽ നിർവഹിച്ചുകൊണ്ടിരിക്കുന്ന ‘ചിന്താപ്രവർത്തന’ത്തിന്റെ തുടർച്ചയെക്കുറിച്ചുള്ള തലചുറ്റിക്കുന്ന തിരിച്ചറിവുണ്ട്. അന്തമില്ലാത്ത, എന്നാൽ ആരംഭങ്ങൾ മാത്രമുള്ള ഒരന്വേഷണപ്രക്രിയയുടെ ആഘോഷമെന്ന നിലയിലാണ്, ‘ചിന്തിച്ചാൽ ഒരന്തവുമില്ല’ എന്നതിനെ ആധുനിക സമൂഹം മനസ്സിലാക്കേണ്ടത്.

എന്നാൽ ‘ചിന്തിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ല’ എന്നതിലുള്ളത് ഭയപ്പെടുത്തുംവിധമുള്ള തിരിച്ചറിയപ്പെടാത്തൊരു സംഭ്രമമാണ്. ‘ചിന്തിച്ച് ചിന്തിച്ച് കാടുകയറുക’ എന്നുള്ളത്, അനാവശ്യചിന്തയെ സൂചിപ്പിക്കുന്നതാണെങ്കിലും, അതിൽനിന്ന് നടപ്പുചിന്താരീതികളോടുള്ള കലഹവും കണ്ടെടുക്കാൻ കഴിയും. ചീത്ത ചിന്തപോലും ചിന്താരഹിത അവസ്ഥകളെക്കാൾ പ്രസക്തമാവുന്നത്, അതിൽ വിമർശന‐സ്വയംവിമർശന സാധ്യതകൾ സന്നിഹിതമാവാനിടയുള്ളതുകൊണ്ടാണ്. ഒന്നും ചിന്തിക്കാത്തവർ, എന്ന് കൃത്യം വിളിക്കാവുന്നവരെ കണ്ടെത്താൻ കഴിയില്ലെങ്കിലും, യുക്തിചിന്തയെ ചെറിയൊരു വൃത്തത്തിനപ്പുറം വിപുലപ്പെടുത്താത്ത ധാരാളം മനുഷ്യരെ കാണാൻ കഴിയും.

വീണാലെങ്കിലും എഴുന്നേൽക്കാൻ ശ്രമിക്കുന്നവരും, ദാഹിക്കുമ്പോഴെങ്കിലും വെള്ളം അന്വേഷിക്കുന്നവരും, ദുർഗന്ധവായു ശ്വസിക്കുമ്പോഴെങ്കിലും ശുദ്ധവായു കൊതിക്കുന്നവരും, ഏതു പ്രതിസന്ധിയിലും സുഖം സ്വപ്നം കാണുന്നവരും, സങ്കുചിതാർഥത്തിലെങ്കിലും ‘യുക്തി’യുടെ സ്വരം കേൾക്കുന്നവരാണ്. എന്നാൽ ‘യുക്തി’ ഇന്ന് ചിന്തയുടെ ഭാഗമാവുന്നത് പഴയ പിഴയ്ക്കൽ‐ ശ്രമിക്കൽ പ്രവർത്തനങ്ങളുടെ ചുരുക്കെഴുത്തായല്ല.

കൃഷിചെയ്യാനറിയാത്ത കാട്ടുജീവിതകാലത്ത്, മനുഷ്യർ സ്വയം ഭക്ഷണം കണ്ടെത്തിയത് ജീവൻ ഉള്ളംകൈയിൽവച്ചുള്ള വലിയൊരു പരീക്ഷണമായിരുന്നു. എന്ത് കഴിക്കാം, കഴിക്കാതിരിക്കാം എന്ന വിവേചനബോധത്തിലേക്കവർ വളർന്നത് വെളിപാടുകളിലൂടെയും ഉൾവിളികളിലൂടെയുമല്ല, മതാചാര്യരുടെ ആഹ്വാനങ്ങളിലൂടെയും, ഭരണകൂട ശാസനകളിലൂടെയുമല്ല.

ശ്രമിക്കൽ പിഴയ്ക്കൽ സ്വീകരിക്കൽ പ്രവർത്തനങ്ങളിലൂടെയാണ്. കഴിച്ചാൽ മരിച്ചുപോവുന്ന ‘വിഷക്കിഴങ്ങുകളെയും’ ഊർജം ഉൽപ്പാദിപ്പിക്കുന്ന വിഷരഹിത കിഴങ്ങുകളെയും, അവർ വേർതിരിച്ചെടുത്തത് സ്വന്തം ജീവൻവില കൊടുത്താണ്. അവർക്ക് വഴികാട്ടാൻ അന്ന് ഒരാചാര്യന്മാരും ഉണ്ടായിരുന്നില്ല. അവരെ ഉൽബുദ്ധരാക്കാൻ മതഗ്രന്ഥങ്ങളും!
‘ഭക്ഷ്യം അഭക്ഷ്യം’ എന്ന ഗണം നിലവിൽ വന്നത്, മുമ്പ് അനുഭവാധിഷ്ഠിത യുക്തിചിന്തയുടെ അടിസ്ഥാനത്തിലാണ്.

എന്നാലിന്ന് യുക്തിചിന്ത ആ അർഥത്തിലുള്ള അനുഭവാധിഷ്ഠിത പിഴയ്ക്കൽ‐ ശ്രമിക്കൽ എന്ന പ്രായോഗിക പ്രവർത്തനത്തിന്നപ്പുറം, ആശയലോകത്ത് പ്രതീകങ്ങളുപയോഗിച്ചുള്ള അമൂർത്ത പ്രവർത്തനമാണ്. അതായത് ജ്യോത്സ്യം മുതൽ ഹസ്തരേഖവരെയുള്ള സർവയത്രയും സത്യാ‐സത്യ പരിഗണന കൂടാതെ തള്ളിക്കളയാനാണ് ഇന്ന് ‘യുക്തിചിന്ത’ ആവശ്യപ്പെടുന്നത്. സ്വയം ‘ശാസ്ത്രമായി’ അവതരിക്കുന്ന അവയുടെ പ്രവചനം ശരിയായാലും തെറ്റായാലും അവയൊന്നും ശാസ്ത്രത്തിന്റെ രീതിശാസ്ത്രം പിന്തുടരാത്തതിനാൽ ശാസ്ത്രമാകുകയില്ല.

എന്നാൽ ഇവയ്ക്ക് അവതരണഭംഗികൊണ്ടും വൈകാരികാന്വേഷണാവിഷ്കാരംകൊണ്ടും ‘കല’യെന്ന പദവിക്കർഹതയുണ്ട്. ജ്യോത്സ്യരെ സമീപിക്കുന്നവർ പ്രവചനം തെറ്റിയതിന്റെ പേരിൽ മുഷിയുക പതിവില്ല. എന്നാൽ യാദൃച്ഛികമായി അവയിലൊന്നെങ്ങാൻ ശരിയായിപ്പോയാൽ അവർ പ്രശംസകൊണ്ട് ജ്യോത്സ്യരെ പൊതിയിട്ട് മൂടും! അന്ധവിശ്വാസങ്ങളിൽ പൊതുവിൽ സംഭവിക്കുന്നത്, തങ്ങൾക്ക് അനുകൂലമായതിനെമാത്രം ആഘോഷിക്കുകയും പ്രതികൂലമായതിനെ അവഗണിക്കുകയും ചെയ്യുന്ന സമീപനമാണ്. ചിന്തയുടെ ചരമക്കുറിപ്പുകൾ എന്നനിലയിൽ ഭാവിയിൽ അവ വായിക്കപ്പെടും.

അന്ധവിശ്വാസങ്ങൾക്കെതിരെ ഉയർന്ന വിമർശനങ്ങളും പലതരത്തിലുള്ള ഇടപെടലുകളും, വലിയ മാറ്റങ്ങളാണ്, സമൂഹത്തിലുണ്ടാക്കിയത്. വെള്ളത്തിന്റെ മുകളിലൂടെ നടക്കൽ, വായുവിൽ പറക്കൽ, മാരകരോഗങ്ങൾ മാറ്റൽ തുടങ്ങി, എത്രയെത്ര അവകാശവാദങ്ങളാണ്, അവശിഷ്ടങ്ങൾമാത്രം ബാക്കിവെച്ച് അപ്രത്യക്ഷമായത്.

അന്ധവിശ്വാസങ്ങൾക്കെതിരെ ഉയർന്ന വിമർശനങ്ങളും പലതരത്തിലുള്ള ഇടപെടലുകളും, വലിയ മാറ്റങ്ങളാണ്, സമൂഹത്തിലുണ്ടാക്കിയത്. വെള്ളത്തിന്റെ മുകളിലൂടെ നടക്കൽ, വായുവിൽ പറക്കൽ, മാരകരോഗങ്ങൾ മാറ്റൽ തുടങ്ങി, എത്രയെത്ര അവകാശവാദങ്ങളാണ്, അവശിഷ്ടങ്ങൾമാത്രം ബാക്കിവെച്ച് അപ്രത്യക്ഷമായത്. എ ടി കോവൂർ, ബി പ്രേമാനന്ദ്, നരസിംഹയ്യ തുടങ്ങിയവർ നടത്തിയ പണംവെച്ചുള്ള വെല്ലുവിളികളിലൊന്നിൽ, ദിവ്യാത്ഭുത പ്രദർശകർ ഒരുതവണ വിജയിച്ചിരുന്നെങ്കിൽ, പിന്നീടൊരു വെല്ലുവിളി നടത്താൻ കഴിയാത്തവിധം സാമ്പത്തികമായും ആശയപരമായും, യുക്തിചിന്തയുടെ ലോകത്തെ മഹാസാന്നിധ്യമായിരുന്ന മഹാപ്രതിഭകൾ പൊളിഞ്ഞു പാപ്പരാവുമായിരുന്നു.

സംഭവിച്ചത് പക്ഷേ മറിച്ചാണ്. 1968ൽ പ്രശസ്ത ഹഠയോഗി എസ് എൽ റാവു വെള്ളത്തിനു മുകളിലൂടെ നടന്ന് അതിൽ മുങ്ങിപ്പോവുകയാണുണ്ടായത്! അന്നയാൾ അതിന്ന് പറഞ്ഞ ന്യായം തലേന്ന് വീണ് കാൽ ഉളുക്കിയതുകൊണ്ടാണ് വെള്ളത്തിൽ വീണുപോയതെന്നാണ്! ചന്ദ്രനിൽ പോവാനുള്ള ശ്രമങ്ങൾക്കിടയിൽ, ശാസ്ത്രജ്ഞർതന്നെ പലതവണ തോറ്റ സ്ഥിതിക്ക്, തന്റെ പരാജയത്തിൽ അത്ര വലിയ കാര്യമൊന്നുമില്ലെന്നും അയാൾ വാദിച്ചു! വെള്ളത്തിൽ നടക്കൽ പരിപാടി ഹഠയോഗി ജയിക്കുമെന്ന പ്രതീക്ഷയിൽ അന്ന് ഉദ്‌ഘാടനം ചെയ്തത് അന്നത്തെ കേന്ദ്രമന്ത്രി ഗുൽസാരിലാൽ നന്ദയായിരുന്നു! നവോത്ഥാനത്തിന്റെയോ സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തിന്റെയോ, തൊഴിലാളി സംഘടനകളുടെയോ കാര്യപരിപാടികളിലൊന്നുമില്ലാതിരുന്ന യോഗക്ക് സാർവദേശീയ പദവിയും, മുമ്പെങ്ങുമില്ലാത്ത വൻസമ്മതിയും കിട്ടിയെന്നത് സത്യമാണ്. അതാവട്ടെ നവഫാസിസത്തിന്റെ വിജയമാണ്.

അതേസമയം കടുകുമണിയെപ്പോലെ ചെറുതാവാനും, ഭീമാകാരഭാവമാർജിക്കാനും, പഞ്ഞിപോലെ ഭാരം കുറയാനും, പർവതംപോലെ ഭാരം ഉണ്ടാക്കാനും, ആഗ്രഹിക്കുന്നതൊക്കെ നേടാനും, സ്വയം സൃഷ്ടിക്കാനും, എന്തിനെയും വശത്താക്കാനും മറ്റും യോഗിയെ പ്രാപ്തമാക്കുന്ന, ‘അണിമ, മഹിമ, ലഘിമ, ഗരിമ, പ്രാപ്തി, പ്രകാമ്യ, ഈശിത്വം, വശിത്വം’ എന്നിങ്ങനെയുള്ള ‘അഷ്ടസിദ്ധികളെ’ക്കുറിച്ച് ഇപ്പോഴാരും, കാര്യമായി ഒന്നും പറയാറില്ല!
കോവിഡിനും പ്രളയത്തിനും ബഹുജനപ്രക്ഷോഭങ്ങൾക്കും, നിശിതമായ വിമർശനാത്മക അന്വേഷണങ്ങൾക്കും മുമ്പിൽ, അസ്സൽ രൂപത്തിൽ ശിരസ്സുയർത്തി നിൽക്കാനാവാതെ വരുമ്പോൾ, ‘അന്ധവിശ്വാസങ്ങൾ’ വേഷപ്രച്ഛന്നരായി, പ്രത്യക്ഷപ്പെടുന്ന പതിവ്, അവസാനിച്ചുകഴിഞ്ഞുവെന്ന് ഇതിന്നർഥമില്ല.

‘പ്രാണമുദ്ര’ പരിശീലിച്ചാൽ ഹൃദ്രോഗം മാറുമെങ്കിൽ, സിദ്ധന്മാരുടെയും ബാബമാരുടെയും സ്പർശംകൊണ്ട് സർവപ്രശ്നങ്ങളും പരിഹരിക്കപ്പെടുമെങ്കിൽ, പ്രാർഥനകൊണ്ട് ദാരിദ്ര്യവും തൊഴിലില്ലായ്മയും പരിഹരിക്കപ്പെടുമെങ്കിൽ, പുരോഗതിയെന്നത് ദിവ്യാത്മാക്കളുടെ അത്ഭുതപ്രവർത്തനങ്ങളുടെ അനന്തരഫലമാണെങ്കിൽ, മനുഷ്യരാശിക്കാവശ്യമായ ഐശ്വര്യങ്ങൾ മുഴുവൻ നൽകാൻ പശുക്കൾക്ക് കഴിയുമെങ്കിൽ, ജനായത്തം മതനിരപേക്ഷത ശാസ്ത്രപുരോഗതി എന്നിവയുടെ സാക്ഷാൽക്കാരത്തിനുവേണ്ടിയുള്ള യാതനാപൂർണമായ ശ്രമങ്ങളൊക്കെ പിന്നെയെന്തിനാണ്? ആർക്കുവേണ്ടിയാണ്? അടിമ‐ഉടമകാലം മുതൽ വ്യത്യസ്ത രൂപ‐ഭാവങ്ങളിൽ തുടരുന്ന ചൂഷണവ്യവസ്ഥകളാണ്, അതോടൊപ്പം പലതരത്തിൽ ആവർത്തിക്കുന്ന യാദൃച്ഛികതകളാണ്, അയുക്തികതകളെ ആദർശവൽക്കരിക്കുന്ന ഭരണകൂട നയങ്ങളാണ്, അതിനെ നാനാതരത്തിൽ നിറപ്പകിട്ടോടെ പ്രചരിപ്പിക്കുന്ന മാധ്യമങ്ങളാണ്, ഇതിനെയൊക്കെ എതിരിടേണ്ട ബദൽ ആശയങ്ങളുടെ അഭാവമാണ്, പുരോഗമന പക്ഷത്ത് ഉറച്ചുനിൽക്കുന്നവർക്കിടയിൽപ്പോലും ഉണ്ടാവുന്ന ചാഞ്ചാട്ടമാണ് ആധുനികസമൂഹത്തിലും അന്ധവിശ്വാസങ്ങളെ ദൃഢപ്പെടുത്തുന്നത്.

പെട്ടെന്ന് ഫലംകണ്ടാലും ഇല്ലെങ്കിലും ജനായത്ത ആശയങ്ങൾ, ഏതിരുണ്ട കാലത്തും നിരന്തരം ആവർത്തിക്കപ്പെടണം. പരിമിതികൾ എത്രയുണ്ടെങ്കിലും അത്തരം ഇടപെടലുകളും അതിൽനിന്നും കരുത്താർജിച്ച തൊഴിലാളി ബഹുജനസമരങ്ങൾ സൃഷ്ടിച്ച സാധ്യതകളും ഏതെങ്കിലും കാരണത്താൽ സ്തംഭിച്ചുപോയാൽ, മൂലധന സർവാധിപത്യവും ജാതിമേൽക്കോയ്മയും ഒരുക്കുന്ന ‘ആശയ‐മുക്ത’ ലോകമെന്ന ‘മിഥ്യ’യിലേക്ക് പീഡിതസമൂഹങ്ങൾ വലിച്ചെറിയപ്പെടും .( അവസാനിച്ചു)

(ദേശാഭിമാനി വാരികയിൽ നിന്ന്)





 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top