19 April Friday

സ്ഥിതിവിവര ശാസ്‌ത്രത്തിലെ റാവു കരുത്ത്‌

എസ് ആർ സഞ്ജീവ്Updated: Sunday Apr 23, 2023

സ്ഥിതിവിവര ശാസ്‌ത്രത്തിന്‌ ആധുനിക ലോകത്ത്‌ പ്രാധാന്യമേറെയാണ്‌. ഈ രംഗത്ത്‌ വഴിത്തിരിവായ ഒട്ടേറെ സംഭാവന നൽകിയ പ്രതിഭയാണ്‌ പ്രൊഫ. സി ആർ റാവു. ഈ മേഖലയിലെ ഇതിഹാസമെന്ന്‌ വിശേഷിപ്പിക്കുന്ന അദ്ദേഹത്തിന്‌ സ്റ്റാറ്റിസ്റ്റിക്കൽ ഇന്റർനാഷണൽ പ്രൈസ്‌ അടുത്തിടെ ലഭിച്ചു. സ്റ്റാറ്റിസ്റ്റിക്‌സ്‌ രംഗത്തെ നൊബേൽ എന്നറിയപ്പെടുന്ന പുരസ്‌കാരം. സ്ഥിതിവിവരക്കണക്കുകളുടെ അളവുകോലുകൾ, അവയുടെ കൃത്യത എന്നിവയിൽ റാവുവിന്റെ ഗവേഷണങ്ങൾ സൃഷ്ടിച്ച പുരോ ഗതി ചെറുതല്ല.

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ പി സി മഹലനോബിസ്, ആധുനിക സ്ഥിതിവിവര ശാസ്ത്രത്തിന്റെ സ്ഥാപകനായി അറിയപ്പെടുന്ന റൊണാൾഡ് എ ഫിഷർ എന്നിവരുടെ ഗവേഷണമേഖലകൾക്ക് പുതിയ മാനങ്ങൾ നൽകുകയും അവ ആധുനിക ഗവേഷണങ്ങളുടെ അടിത്തറയായി മാറ്റുകയും ചെയ്തിടത്താണ് റാവുവിന്റെ പ്രസക്തി. ഖനനം ചെയ്തെടുത്ത ശരീരാവശിഷ്ടങ്ങളുടെ അളവുകളും അനുപാതവും ശാസ്ത്രീയമായി അപഗ്രഥിച്ച് കാലഗണന നടത്തുന്നതിനിടെയാണ് മഹലനോബിസ് ഡിസ്റ്റൻസ് (Mahalanobis distance) എന്ന സ്റ്റാറ്റിസ്റ്റിക്കൽ സൂചകത്തിന്റെ സൂത്രവാക്യം രൂപപ്പെടുന്നത്. ബിരുദാനന്തര ബിരുദത്തിന്റെ തീസിസായി റാവു സമർപ്പിച്ചത് മഹലാനോബിസ് ഡിസ്റ്റൻസിന്റെ കുറെക്കൂടി കൃത്യതയുള്ള പരിശോധനാ സങ്കേതമായിരുന്നു. മലയാളിയായ ലോകോത്തര സ്റ്റാറ്റിസ്റ്റീഷ്യൻ കെ രാഘവൻ നായർക്കൊപ്പം ഗവേഷണം തുടരുകയും പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തയാളാണ് റാവു.

1946ൽ കേംബ്രിജ് സർവകലാശാലയിലെ കിങ്‌സ്‌ കോളേജിൽ ഗവേഷണത്തിനായി ചേർന്നപ്പോൾ റൊണാൾഡ് ഫിഷറെ കണ്ടു. തനിക്ക് പിഎച്ച്‌ഡിക്ക്‌ പറ്റിയ മേഖല നിർദേശിക്കണമെന്ന്‌ അഭ്യർഥിച്ചു. സിദ്ധാന്തപരമായ അന്വേഷണങ്ങൾക്കാണ് താൽപ്പര്യമെന്നും പറഞ്ഞു. തുടർന്ന്‌ ഫിഷറുടെ മേൽനോട്ടത്തിൽ പിഎച്ച്‌ഡി അദ്ദേഹം പൂർത്തിയാക്കി. 48ൽ ‘ജീവശാസ്ത്രപരമായ വർഗീകരണങ്ങളുടെ സ്റ്റാറ്റിസ്റ്റിക്കൽ പ്രശ്നങ്ങൾ' എന്ന പ്രബന്ധത്തിന് കേംബ്രിജ് സർവകലാശാല പിഎച്ച്‌ഡി നൽകി.

ഇന്ത്യയിൽ തിരിച്ചെത്തിയ റാവു 28–-ാം വയസ്സിൽ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഫസർ പദവിയിലേക്ക്‌ ഉയർന്നു. 72ൽ ഐഎസ്ഐയുടെ ഡയറക്ടർ ആയി. 70ൽ അദ്ദേഹം ‘കംപ്യൂട്ടേഴ്സ് ആൻഡ്‌ ഫ്യൂച്ചർ സൊസൈറ്റി ഓഫ് ഇന്ത്യ' എന്ന പുസ്‌തകം എഴുതി. 1953‐54ൽ അമേരിക്കയിലെ ഇല്ലിനോയ് സർവകലാശാലയിൽ വിസിറ്റിങ്‌ പ്രൊഫസറായിരുന്നു. ഈസമയത്ത് അദ്ദേഹത്തിന് ഇല്യാക് (ILLIAC) എന്ന ആദ്യകാല കംപ്യൂട്ടർ ഉപയോഗിക്കാനുള്ള അവസരം ലഭിച്ചു. സ്റ്റാറ്റിസ്റ്റിക്സിൽ കംപ്യൂട്ടർ സാങ്കേതികവിദ്യ വരുത്തിയ വിപ്ലവകരമായ മാറ്റം ലോകത്തെമ്പാടുമുള്ള മാറ്റത്തിന്റെ സൂചകമായി അദ്ദേഹം കണ്ടു.

79ൽ അമേരിക്കയിലെ പിറ്റ്സ് ബർഗ് യൂണിവേഴ്സിറ്റി നൽകിയ പ്രൊഫസർ പദവി സ്വീകരിക്കാൻ അദ്ദേഹം ഐഎസ്ഐ വിട്ടു. 2001ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ച സി ആർ റാവു ഇന്ന് ലോകമെമ്പാടുമുള്ള പാഠപുസ്തകങ്ങളിലെ അനിവാര്യസാന്നിധ്യമാണ്. ക്രാമർ-റാവു ലോവർ ബൗണ്ട്, റാവു ബ്ലാക് വെൽ തിയറം എന്നിവ ആധുനിക സ്ഥിതിവിവര ശാസ്ത്രത്തിന്റെ അടിസ്ഥാനമാണ്‌ ഇന്ന്. ഗണിതശാസ്ത്രത്തിലെ ജ്യാമിതീയ സങ്കേതങ്ങൾ വിവരാപഗ്രഥനത്തിന് ഉപയോഗിക്കുന്ന ഇൻഫർമേഷൻ ജ്യോമട്രിയുടെ വികാസത്തിലും റാവുവിന്റെ സിദ്ധാന്തങ്ങൾക്ക് പങ്കുണ്ട്. ‘റാവു സ്കോർ ടെസ്റ്റ്' സ്റ്റാറ്റിസ്റ്റിക്സുകാർക്ക്‌ പരിചിതമാണ്. 102–-ാം വയസ്സിൽ സ്റ്റാറ്റ് നൊബേൽ സി ആർ റാവുവിനെ തേടിയെത്തുമ്പോൾ വൈകിപ്പോയോ എന്നു മാത്രമേ സന്ദേഹിക്കേണ്ടതുള്ളൂ. കാരണം ആധുനിക ഡാറ്റാ സയൻസ് മുന്നോട്ടുപോകുന്നതിൽ മുഖ്യ പങ്ക് ഇന്നും സി ആർ റാവുവിനുണ്ട്, റാവുവിന്റെ തിയറങ്ങൾക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top