17 April Wednesday

സി എച്ചിനെ ഓർക്കുമ്പോൾ...; പുത്തലത്ത്‌ ദിനേശൻ എഴുതുന്നു

പുത്തലത്ത്‌ ദിനേശൻ puthalathdinesan2013@gmail.comUpdated: Sunday Oct 16, 2022

സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരിക്കെ 1972 ഒക്ടോബർ 20നാണ്‌ സി എച്ച് കണാരൻ അന്തരിച്ചത്. മാഹിക്കടുത്ത് അഴിയൂരിൽ സാധാരണ കുടുംബത്തിൽ ജനിച്ച സി എച്ച് സ്കൂൾ വിദ്യാഭ്യാസകാലത്തുതന്നെ മികച്ച കായികതാരമെന്നും സമർഥനായ വിദ്യാർഥിയെന്നും അംഗീകാരം നേടി. വിദ്യാർഥിയായിരിക്കെ ബൈബിൾ പരീക്ഷയിൽപ്പോലും ഒന്നാം സ്ഥാനം നേടി. അതിന്റെ വകയിൽ ഒരു സ്കോളർഷിപ്പും ലഭിച്ചു. 1929ൽ നല്ല മാർക്കോടെ മെട്രിക്കുലേഷൻ പരീക്ഷ പാസായി. 

ദേശീയ പ്രസ്ഥാനത്തിൽ സജീവമായ സി എച്ച്‌ വിദേശവസ്‌ത്ര ബഹിഷ്‌കരണമുൾപ്പെടെയുള്ള സമരങ്ങളിൽ വ്യാപൃതനായി. 1932ൽ ബ്രിട്ടീഷുകാർക്കെതിരെ പ്രസംഗിച്ചതിന് 13 മാസം തടവിൽ കിടന്നു.

1933ൽ കണ്ണൂർ ജയിലിൽനിന്ന് പുറത്തുവരുമ്പോൾ ബംഗാളിലെ വിപ്ലവകാരികളുമായുള്ള സഹവാസം അദ്ദേഹത്തിന്‌ പുതിയ അറിവുകൾ പകർന്നുനൽകി. ജയിൽ മോചിതനായശേഷം 1933–-35 കാലത്ത് എലിമെന്ററി സ്കൂളുകളിൽ അധ്യാപകനായി. ഒപ്പം കോൺഗ്രസ് പ്രവർത്തനം തുടർന്നു. 

ജാതിയും മതവും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കൊടികുത്തിവാണ സാമൂഹ്യാവസ്ഥയ്ക്ക് മാറ്റം വരുത്താൻ നിർഭയമായ മുന്നേറ്റമുണ്ടാകണമെന്ന് സി എച്ച് ആഗ്രഹിച്ചു. "കോട്ടയം താലൂക്ക് സ്വതന്ത്ര ചിന്താസമാജം' എന്ന പേരിൽ ഒരു സംഘടനയ്ക്ക് രൂപംനൽകിയത്‌  ഇതിന്റെ തുടക്കമായിരുന്നു.

തലശേരി ന്യൂഡർബാർ ബീഡി കമ്പനി പണിമുടക്കുമായി ബന്ധപ്പെട്ട് 1939 നവംബറിൽ സി എച്ചിനെ അറസ്റ്റ് ചെയ്‌തു. ഒരു വർഷത്തെ തടവിന് ശിക്ഷിച്ചു. എണ്ണമറ്റ ജയിൽ സമരങ്ങളിൽ ബ്രിട്ടീഷ് ഭരണാധികാരികളെ വിറപ്പിക്കാൻ സി എച്ചിന് കഴിഞ്ഞു. മദിരാശി നിയമസഭയിൽ അംഗമായിരുന്ന ഘട്ടത്തിൽ ഐക്യകേരളത്തിനുവേണ്ടിയുള്ള ശക്തമായ വാദങ്ങൾ സി എച്ച് മുന്നോട്ടുവച്ചു.

1942ൽ നടന്ന ബോംബെ പാർടി പ്ലീനത്തിലും സി എച്ച് പങ്കെടുത്തു. 1952ലെ അസംബ്ലി തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചു. 1957ൽ കോഴിക്കോട് ജില്ലയിലെ നാദാപുരം മണ്ഡലത്തിൽനിന്ന്‌ തെരഞ്ഞെടുക്കപ്പെട്ടു. ഈ കാലത്ത്  കൊണ്ടുവന്ന ഭൂപരിഷ്കരണ ബില്ലിന്റെ ശിൽപ്പികളിൽ പ്രമുഖനായിരുന്നു സി എച്ച്. ബില്ലിനെസംബന്ധിച്ച് നിയമസഭയിൽ നടന്ന ചർച്ച അദ്ദേഹത്തിന്റെ ഇടപെടൽ എത്രത്തോളം ഫലപ്രദമായിരുന്നുവെന്നതിന്‌ തെളിവാണ്‌. പാർലമെന്ററി  പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. 

1964ൽ പാർടിയുടെ പിളർപ്പ് സ്വാഭാവികമായും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. പാർടിയെ നയിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വമാണ് ഏറ്റെടുക്കാനുണ്ടായത്. പല തെറ്റായ പ്രവണതകളെയും നേരിട്ടുകൊണ്ട് പാർടിയെ നയിക്കുന്നതിന് കാണിച്ച ശേഷി  വിസ്മരിക്കാവുന്നതല്ല. 

ഇടത് തീവ്രവാദ ആശയങ്ങൾ കടന്നുവന്ന ഘട്ടത്തിൽ അവയെ പ്രതിരോധിക്കുന്നതിനും സജീവമായ ഇടപെടൽ നടത്തി. നിരവധി ചെറുപ്പക്കാരെ പാർടിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് സി എച്ച്‌ വഹിച്ച പങ്ക് പലരും അനുസ്‌മരിച്ചിട്ടുണ്ട്‌.  1972ൽ അഴീക്കോടൻ രാഘവന്റെ കൊലപാതകം നടക്കുമ്പോൾ  സി എച്ച്‌ ആശുപത്രിയിലായിരുന്നു. ഏറ്റവും ഹൃദയഭേദകമായ സംഭവമായിരുന്നു സി എച്ചിന്‌ അത്.

സി എച്ചിന്റെ സംഘാടന സവിശേഷതയെക്കുറിച്ച്‌ എ കെ ജി പറഞ്ഞ വാക്കുകൾ സ്മരണീയമാണ്.  ""എന്റെ രാഷ്ട്രീയ ജീവിതത്തിൽ ഇത്ര സമർഥനായ ഒരു സംഘാടകനെ ഞാനെവിടെയും കണ്ടിട്ടില്ല. ഒരു പ്രത്യേക സംഭവം ഒരു പ്രദേശത്തുണ്ടായാൽ എന്നെപ്പോലുള്ളവർ പെട്ടെന്ന് ഓടിയെത്തും. സ. സി എച്ച് അവിടെ എത്തുമെന്ന് മാത്രമല്ല, എത്തിക്കേണ്ടവരെയെല്ലാം അവിടെ എത്തിക്കും. അവിടെ ചെയ്യേണ്ട കാര്യങ്ങളെ സംബന്ധിച്ച്, അതിന്റെ പ്രസിദ്ധീകരണത്തെ സംബന്ധിച്ച് എല്ലാം പ്ലാൻ ചെയ്തിട്ടാകും സി എച്ച് അവിടെ എത്തുക. അവിടത്തെ പാർടിയെയാകെ കോർത്തിണക്കി രംഗത്തിറക്കാൻ ഓരോ സഖാവിന്റെയും കഴിവിനനുസൃതമായ ജോലി വിശദമായി സഖാവ് പ്ലാൻ ചെയ്യും.'' 

ഓരോ പാർടി പ്രവർത്തകനെയും സവിശേഷമായി കണ്ട് ഇടപെടുന്ന രീതിയായിരുന്നു സി എച്ചിന്റേത്‌.  പ്രവർത്തകരുടെ വീടുകളിലേക്ക് കടന്നുചെന്ന് വീട്ടുകാരുമായി ബന്ധം സ്ഥാപിക്കും. അതിലൂടെ കേഡർമാരുടെ സവിശേഷതകളെ പൂർണമായും മനസ്സിലാക്കി അവരെ വളർത്തിയെടുക്കുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്‌. ആരോടും സ്നേഹപൂർണമായ പെരുമാറ്റവും ഹൃദയബന്ധം സ്ഥാപിക്കുന്ന  ശൈലിയും.

സി എച്ചിന്റെ പ്രവർത്തന ചാരുതയെപ്പറ്റി ഇ എം എസ് പറഞ്ഞത്‌ ശ്രദ്ധേയമാണ്, 

""1942–-45 കാലത്തും പിന്നീട് കോൺഗ്രസിതര മന്ത്രിസഭകൾ നിലവിലിരുന്നപ്പോഴും ഒരു നയസമീപനം അംഗീകരിച്ചിരുന്നുവെങ്കിൽ 1937–-39ലും 1947നുശേഷവും കോൺഗ്രസ്‌ മന്ത്രിസഭ നിലവിലിരുന്നപ്പോൾ മറ്റൊരു സമീപനമാണ് അംഗീകരിക്കേണ്ടിയിരുന്നത്. 1940–-42, 1948–-52 എന്നീ കാലഘട്ടങ്ങളിൽ പ്രവർത്തിക്കേണ്ടിയിരുന്ന രീതിയിലല്ല മറ്റു കാലങ്ങളിൽ പ്രവർത്തിക്കേണ്ടിയിരുന്നത്.

പരിതഃസ്ഥിതികളിൽ വരുന്ന ഈ മാറ്റങ്ങളെയെല്ലാം കണക്കിലെടുത്ത് ഓരോ ഘട്ടത്തിലും പ്രയോജനപ്പെടുന്ന നയസമീപനങ്ങളും പ്രവർത്തനരീതിയും അംഗീകരിച്ച് പ്രസ്ഥാനത്തെ വളർത്തി ശക്തിപ്പെടുത്താൻ ശ്രമിച്ച വിപ്ലവ നേതാക്കളിൽ കൃഷ്ണപിള്ളയെ കഴിച്ചാൽ ഏറ്റവും സമർഥനായ സഖാവായിരുന്നു സി എച്ച്.''

ഓരോ കാലഘട്ടത്തിന്റെയും സവിശേഷതകളെ തിരിച്ചറിഞ്ഞ് ഇടപെടുക മാത്രമല്ല, ആ കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പ്രവർത്തകരെ വിന്യസിക്കുന്നതിനും സി എച്ചിന്റെ മാതൃക ഏറെ അനുകരണീയമായിരുന്നു. ഇക്കാര്യം ഇ കെ നായനാർ രേഖപ്പെടുത്തുന്നുണ്ട്, ""കേഡർമാരെ കണ്ടെത്തുന്നതിനും വളർത്തിയെടുക്കുന്നതിനും അനുകരണീയമായ മാതൃകയാണ് സി എച്ച് കാണിച്ചിട്ടുള്ളത്. ഓരോ സഖാവിനും ചെയ്യാവുന്ന പ്രവർത്തനങ്ങൾ സി എച്ച് നിശ്ചയിക്കുന്നത് ഒരിക്കലും വൃഥാവിലാകാറില്ല. കഴിവ്, സന്നദ്ധത, ആത്മാർഥത എന്നിവയെല്ലാം വിലയിരുത്തിയശേഷം മാത്രമേ സി എച്ച് സഖാക്കൾക്ക് ചുമതല നിശ്ചയിക്കാറുള്ളൂ.’’

ഓരോ സഖാവിന്റെയും ദൗർബല്യങ്ങൾ തിരുത്തുന്നതിൽ സ്നേഹപൂർണമായി ഇടപെട്ടും ശാസിച്ചും മുന്നോട്ടുപോകുന്ന ശൈലിയായിരുന്നു സി എച്ചിന്‌.

സി എച്ചിന്റെ കർമമണ്ഡലത്തിൽ സജീവമായിരുന്ന കോടിയേരി ബാലകൃഷ്ണൻ സി എച്ചിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഏറെ പ്രസക്തമാണ്. 

""സ്വന്തം താൽപ്പര്യത്തേക്കാൾ പ്രസ്ഥാനത്തിന്റെ താൽപ്പര്യം ഉയർത്തിപ്പിടിക്കുകയെന്നത് കമ്യൂണിസ്റ്റുകാരന്റെ ഒന്നാമത്തെ കടമയാണ്. എന്നാൽ, സ്വന്തം കാര്യം വരുമ്പോൾ പലരും അത് മറക്കും. എന്നാൽ, സി എച്ച് ശരിക്കും കമ്യൂണിസ്റ്റുകാർക്ക് മാതൃകയായിരുന്നു. വടകരയിൽ എസ്എഫ്ഐ–-കെഎസ്‌യു സംഘർഷം.തന്റെ മകൻ കെഎസ്‌യു പ്രവർത്തകനായി പരിക്കേറ്റ് ആശുപത്രിയിൽ കിടന്നപ്പോൾ തിരിഞ്ഞു നോക്കാതെ തൊട്ടടുത്ത് മർദനമേറ്റ്‌ കിടന്ന  എസ്എഫ്ഐക്കാരെമാത്രം സിഎച്ച് സന്ദർശിച്ചു. അന്ന്‌ എസ്എഫ്ഐ പ്രവർത്തകരായ ഞങ്ങളിലുണ്ടായ ആവേശം ഇന്നും ഓർക്കുമ്പോൾ ഒരു പ്രത്യേക അനുഭൂതിയാണ്''.

രാഷ്‌ട്രീയരംഗത്തെയും സാംസ്‌കാരിക രംഗത്തെയും പോരാട്ടങ്ങളിൽ ഇടപെട്ടുകൊണ്ടാണ് ആദ്യകാല കമ്യൂണിസ്റ്റ് നേതാക്കൾ പലരും വളർന്നുവന്നത്. സാമൂഹ്യരംഗത്ത് ജാതി മേധാവിത്വത്തിനും അന്ധവിശ്വാസങ്ങൾക്കും എതിരെയുള്ള പോരാട്ടങ്ങൾക്ക് അവർ  നേതൃത്വം നൽകി. ഒപ്പം ദേശീയ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള ബഹുജനപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും അവർ വ്യാപൃതരായി. സി എച്ച് കണാരന്റെ വഴി ഇതിൽനിന്ന്‌ വ്യത്യസ്തമായിരുന്നില്ല. കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയെ ഏറ്റവും വലിയ വിപ്ലവ ബഹുജന പാർടിയായി വളർത്തുന്നതിൽ സി എച്ച് വഹിച്ച പങ്ക് അവിസ്മരണീയമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top