29 March Friday

ശലഭങ്ങളുടെ അത്ഭുതലോകം

ഡോ. പ്രിയ ദേവദത്ത്Updated: Sunday Jun 27, 2021


ഭൂമിയിലെ അതീവ സുന്ദരമായ ജീവികളിലൊന്നാണ് ശലഭങ്ങൾ. പ്രകൃതിയുമായി ഇഴ ചേർന്നുനിൽക്കുന്ന കൗതുകകരമായൊരു ജീവിതചക്രമാണ് ഇവയ്‌ക്കുള്ളത്. ഒരു പ്രത്യക ചെടിയിൽ മാത്രം മുട്ടയിടുകയും ആ ചെടിയുടെ പരാഗണത്തിനു സഹായിക്കുകയും ചെയ്യുന്ന ഒരു "പരസ്പരാശ്രയത്വം’ ശലഭങ്ങളും സസ്യങ്ങളും തമ്മിലുണ്ട്.

തികഞ്ഞ വൈദഗ്ധ്യത്തോടെയാണ്  ശലഭങ്ങൾ ശലഭപ്പുഴുക്കൾക്കായി  അനുയോജ്യമായ ‘ഭക്ഷണസസ്യ’ങ്ങളെ കണ്ടെത്തുക. നമുക്ക് ഏറെ പരിചിതമായ ഔഷധസസ്യങ്ങളാണ് ശലഭങ്ങൾക്ക് അഭയമേകുന്ന ഭക്ഷണസസ്യങ്ങളിൽ അധികവും. ആഹാരസസ്യത്തിലെ ചിലയിനം ഉറുമ്പ്‌ ശലഭമുട്ടകളെയും പുഴുക്കളെയും നശിപ്പിക്കാറുണ്ട്. അതുകൊണ്ടുതന്നെ സുരക്ഷിതമായ ആഹാരസസ്യം കണ്ടെത്താൻ പെൺശലഭം അതീവ ജാഗ്രതയും മിടുക്കും കാട്ടാറുണ്ട്. പ്രകൃതിയുടെ സന്തുലിതാവസ്ഥ  നിലനിർത്തുന്നതിൽ അതുല്യമായ പങ്കാണ് സസ്യങ്ങളും അവയെ ചുറ്റിപ്പറ്റി  പാറിനടക്കുന്ന നടക്കുന്ന ശലഭങ്ങളും നിർവഹിക്കുക.  ചെറുതും മനോഹരവുമാണ് ശലഭമുട്ടകൾ. മുട്ടകൾ ഒറ്റയായോ കൂട്ടമായോ കാണാം. മിക്ക ശലഭവും ഇലയുടെ അടിവശത്താണ്  മുട്ടയിടുക. എങ്കിലും ഇലപ്പുറത്ത് മുട്ടയിടുന്ന ശലഭങ്ങളുമുണ്ട്‌.    


പുളിയില ശലഭം
(ശാസ്ത്രീയനാമം:  Charaxes solon.  കുടുംബം:  Nymphalidae ) നാട്ടിൻപുറങ്ങളിലും കാടുകളിലും വളരെ വേഗത്തിൽ പറന്നുനടക്കുന്ന  ശലഭമാണ്‌ ഇത്‌. മഴക്കാലത്തും  മഴ കഴിഞ്ഞ നാളുകളിലും ഏറെ സജീവമാണ്‌ ഈ ശലഭം. അതിവേഗം പറന്നുനടക്കുന്ന പുളിയില ശലഭം രാത്രി  വൈദ്യുതി വെളിച്ചത്തിലും പറന്നുനടക്കാറുണ്ട്. എന്നാൽ, തേൻ നുകരാൻ ഒട്ടും താൽപ്പര്യമില്ലാത്ത ശലഭമാണിത്‌. മരക്കറയാണ് പുളിയില ശലഭത്തിന്റെ മുഖ്യാഹാരം. ഈ ശലഭത്തിന്റെ പുറംചിറകിന് ഇരുണ്ട തവിട്ടുനിറമാണ്. ചിറകിന്‌ ഭംഗികൂട്ടി ഒരുനിര പച്ചകലർന്ന മഞ്ഞപ്പുള്ളികളുമുണ്ട്. പിൻചിറകുകളുടെ അറ്റത്തായി നാല്‌ വാലും. പുളിമരത്തിന്റെ ഈ ഉറ്റതോഴനെ പെട്ടെന്ന് തിരിച്ചറിയാനാകും. ഔഷധസസ്യമായ പുളിമരത്തിന്റ (ശാസ്ത്രീയനാമം: Tamarindus indica കുടുംബം: Caesalpiniaceae )പുളിയില ആഹാരമാക്കുന്ന ഈ ശലഭപ്പുഴുവിന്റെ നിറം കടുംപച്ചയോ നീലകലർന്ന പച്ചയോ ആണ്.

പുളിരസമുള്ള  ഇലകളാണ് പുളിമരത്തിന്റേത്. പുളിമരത്തിന്റെ എല്ലാ ഭാഗവും ഔഷധയോഗ്യമാണ്. പോഷകസമ്പന്നമായ  വാളൻപുളിയാണ് പുളിമരത്തിന്റെ ഫലം. ഇരുമ്പ്, സിങ്ക്, പൊട്ടാസ്യം, ഫോസ്ഫറസ്, ജീവകങ്ങളായ സി, ബി, എ, കെ  ഇവ വാളൻപുളിയിലുണ്ട്. പുളിയുടെ പൂക്കളും തളിരിലയും ഭക്ഷ്യയോഗ്യമാണ്. വാതവേദനകൾ, നീര്, അർശസ്, വ്രണങ്ങൾ ഇവയുടെ ചികിത്സയിൽ പുളിയെ ഉപയോഗിക്കാറുണ്ട്.

ചെമ്പരപ്പൻ
(ശാസ്ത്രീയനാമം: Pseudocoladenia dan കുടുംബം :Nymphalidae) ശരവേഗത്തിൽ പറക്കുന്ന ശലഭമാണ് ചെമ്പരപ്പൻ. നാട്ടിൻ പുറത്തെ ചെറു കാടുകളിലും ഇല പൊഴിയും കാടുകളിലും ചെമ്പരപ്പനെ കാണാം. പ്രഭാതത്തിലെ വെയിൽ കായാനും കൊങ്ങിണിപ്പൂവിന്റെ തേനുണ്ണാനും ഇഷ്ടമാണ്‌ ഇതിന്. ഉയരമുള്ള മരങ്ങളിലെ പൂക്കളിൽനിന്ന്‌  ചെമ്പരപ്പൻ തേൻ നുകരാറുണ്ട്‌.

ചെമ്പരപ്പന്റെ ചിറകുകൾക്ക് സ്വർണനിറം കലർന്ന തവിട്ടുനിറമാണ്. ചിറകുകളിൽ പൊട്ടുകളുമുണ്ട്. ഒരിടത്തുനിന്ന് പറന്നുപൊങ്ങി കറങ്ങി  വീണ്ടും അതേ സ്ഥലത്തുതന്നെ വന്നിരിക്കുന്ന സ്വഭാവവും ചെമ്പരപ്പനുണ്ട്.കടലാടിച്ചെടിയുടെ (ശാസ്ത്രനാമം Achyranthes aspera,   കുടുംബം: Amaranthaceae) ഇലകളിലാണ് ചെമ്പരപ്പൻ മുട്ടയിടുക. ചെമ്പരപ്പന്റെ ശലഭപ്പുഴു പാതിതിന്ന ഇല ചുരുട്ടി കൂടുണ്ടാക്കി അതിനുള്ളിൽ ചുരുണ്ടുകിടക്കും. ശത്രുക്കളുടെ കണ്ണിൽപ്പെടാതിരിക്കാനാണ്‌ ഇത്. ആഹാരം കഴിക്കാനായി  മാത്രമേ ഈ ശലഭപ്പുഴു വീടിനു പുറത്തിറങ്ങാറുള്ളൂ. നിറയെ ഇലകളും നീണ്ട തണ്ടിൽ പൂക്കളുമുള്ള ചെറുസസ്യമാണ് കടലാടി. വരണ്ട സ്ഥലങ്ങളിൽ ഒരു കളസസ്യമായി കടലാടി  വളരുന്നു. കർണരോഗങ്ങൾ, ഗർഭാശയ രോഗങ്ങൾ, അരുചി, കരൾ രോഗങ്ങൾ, കാഴ്‌ചക്കുറവ് എന്നിവക്ക്‌ കടലാടി ഫലപ്രദമാണ്.

മഞ്ഞനീലി
(ശാസ്ത്രീയനാമം: Junonia hierta കുടുംബം: Nymphalidae)
മഞ്ഞയും കറുപ്പും നീലയും കലർന്ന മനോഹര ശലഭമാണ് മഞ്ഞനീലി.  പൂന്തോട്ടങ്ങളിലും  കാട്ടരുവികളുടെ  തീരത്തും വരണ്ട സ്ഥലത്തും ഈ തേൻകൊതിയൻ ശലഭത്തെ കാണാം. ആൺശലഭത്തിന്റെ പിൻചിറകിന്റെ പുറത്ത് ഒരു നീലപ്പൊട്ട് കാണാം. പെൺശലഭത്തിൽ ഇത് തീരെ ചെറുതാണ്. ചിലപ്പോൾ കാണാറുമില്ല.

അന്യശലഭങ്ങളെ കാണുന്നതുപോലും മഞ്ഞ നീലിക്ക്‌ ഇഷ്ടമല്ല.  അരികിലേക്ക്  ആക്രമിക്കാൻ വരുന്ന  ശലഭങ്ങളെ മഞ്ഞനീലി വിടാതെ പിന്തുടർന്ന് തുരത്തും. വെയിലത്ത് പറന്നുനടക്കാൻ താൽപ്പര്യമാണുള്ളത്‌. വയൽച്ചുള്ളിയുടെ (ശാസ്ത്രീയനാമം :Hygrophila auriculata കുടുംബം: Acanthaceae) ഇലയുടെ അടിവശത്താണ് മഞ്ഞനീലി മുട്ടയിടുക. ശലഭപ്പുഴുവിന് ഇളംപച്ച കലർന്ന തവിട്ടുനിറമാണ്. ഇതിന്റെ ദേഹമാസകലം  മുള്ളുകൾകൊണ്ട് പൊതിഞ്ഞിരിക്കും.

വയൽ, തോട്, കുളം ഇവയുടെ കരകളിൽ വയൽച്ചുള്ളിയെ ധാരാളമായി കാണാം. തണ്ടുകളിൽ മുള്ളുകൾ നിറഞ്ഞതാണ്. നീര്, രക്തവാതം, മൂത്രച്ചുടിച്ചിൽ, മഹോദരം ഇവയുടെ പരിഹാരത്തിണ്‌  വയൽച്ചുള്ളി നല്ലതണ്‌. വയൽച്ചുള്ളിയുടെ വിത്ത് പ്രമേഹം, അതിസാരം, ചുട്ടുനീറ്റൽ എന്നിവയെ ശമിപ്പിക്കും. വയൽച്ചുള്ളിയുടെ വേരിന്‌ പനി കുറയ്ക്കാനും കഴിവുണ്ട്.
 
(സംസ്ഥാന ഔഷധസസ്യ ബോർഡ്  എക്‌സിക്യൂട്ടീവ്‌ അംഗമാണ്‌ ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top