25 April Thursday

കണ്ണീർപ്പൂക്കളുറങ്ങി; ഓർമയിൽ വിരിയാൻ

വെബ് ഡെസ്‌ക്‌Updated: Friday Oct 7, 2022

ഫോട്ടോ: മനു വിശ്വനാഥ്


കൊച്ചി
കളിചിരികളുടെ മുറ്റം ചേതനയറ്റ ശരീരങ്ങൾ ഏറ്റുവാങ്ങിയപ്പോൾ മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സീനിയർ സെക്കൻഡറി സ്കൂൾ കണ്ണീർമഴയിൽ കുതിർന്നു. വടക്കഞ്ചേരിയിൽ ബസപകടത്തിൽ മരിച്ച അഞ്ച്‌ വിദ്യാർഥികളുടെയും അധ്യാപകന്റെയും മൃതദേഹം സ്‌കൂൾ മുറ്റത്തേക്ക്‌ എത്തുമ്പോൾ നിയന്ത്രണംവിട്ട ജനാവലി സങ്കടക്കടലായി. ഇന്നലെവരെ സൗഹൃദം പങ്കിട്ടവരെ രണ്ടാമതൊന്നുനോക്കാൻ കഴിയാതെ അധ്യാപകരും സഹപാഠികളും മുഖംപൊത്തി.  ഉറ്റവർക്ക്‌ യാത്രാമൊഴി ചൊല്ലിയ സ്‌കൂൾമുറ്റം കരളലിയിക്കുന്ന വൈകാരികരംഗങ്ങൾക്കാണ്‌ സാക്ഷിയായത്‌.വിനോദയാത്രാസംഘത്തിലുണ്ടായിരുന്ന കായിക അധ്യാപകൻ വി കെ വിഷ്ണു (33), പ്ലസ്ടു വിദ്യാർഥികളായ അഞ്ജന (17), സി എസ് ഇമ്മാനുവൽ (17), പത്താംക്ലാസ് വിദ്യാർഥികളായ ക്രിസ് വിന്റർബോൺ (15), ദിയ (15), എൽന (15) എന്നിവരുടെ മൃതദേഹങ്ങൾ നിരത്തി കിടത്തിയത്‌ കരളലിയിക്കും കാഴ്‌ചയായി. 


 

ആലത്തൂർ താലൂക്കാശുപത്രിയിലും പാലക്കാട്‌ ജില്ലാ ആശുപത്രിയിലുമായിരുന്നു പോസ്‌റ്റുമോർട്ടം.  മൃതദേഹങ്ങളുമായി ആംബുലൻസുകൾ പകൽ 12.15ഓടെ പാലക്കാട്ടുനിന്ന്‌ കൊച്ചിയിലേക്ക്‌ പുറപ്പെട്ടു. പകൽ 2.50ന്‌ മൃതദേഹങ്ങൾ വെട്ടിക്കൽ സ്‌കൂൾ മുറ്റത്തേക്ക്‌ എത്തുമ്പോൾ നാടാകെ കാത്തുനിന്നിരുന്നു.

പ്രത്യേകം തയ്യാറാക്കിയ പന്തലിലേക്ക്‌ ആദ്യമെത്തിച്ചത്‌ എൽനയുടെ മൃതദേഹം. അതുവരെ കണ്ണീരടക്കി കാത്തുനിന്ന അധ്യാപകരും സഹപാഠികളും നിയന്ത്രണംവിട്ട്‌ അലമുറയിട്ടു. സ്‌കൂൾ മൈതാനവും പൊതുവഴിയും നിറഞ്ഞ്‌ ജനാവലി അന്ത്യാഞ്ജലിയർപ്പിക്കാൻ കാത്തുനിന്നു. പൊതുദർശനം 3.15ന്‌ അവസാനിപ്പിക്കുമ്പോൾ ആയിരങ്ങൾ അകലങ്ങളിൽനിന്ന്‌ അന്ത്യയാത്രചൊല്ലി. തുടർന്ന്‌ മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി വീടുകളിലേക്ക്‌ കൊണ്ടുപോയി. എൽനയുടെ ഒഴികെ എല്ലാവരുടെയും സംസ്കാരം വൈകിട്ടോടെ പൂർത്തിയായി. എൽനയുടെ മൃതദേഹം വെള്ളി ഉച്ചയ്‌ക്കുശേഷം കണ്യാട്ടുനിരപ്പ് സെന്റ്‌ ജോൺസ് പള്ളി സെമിത്തേരിയിൽ അടക്കും.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top