20 April Tuesday

ജനാധിപത്യമില്ലാത്ത യൂറോപ്യന്‍ യൂണിയന്‍: മുന്‍ ലേബര്‍ മന്ത്രി ടോണി ബെന്നിന്റെ നിലപാടുകള്‍.

തോമസ്‌ പുത്തിരിUpdated: Monday Feb 15, 2021

1973ല്‍ ടോറി പാര്‍ടി അധികാരത്തില്‍ ഉണ്ടായിരുന്ന കാലത്താണ് ബ്രിട്ടന്‍  യൂറോപ്യന്‍ യൂണിയന്റെആദ്യകാല രൂപമായ യൂറോപ്യന്‍ കമ്മ്യൂണിറ്റിയില്‍ അംഗത്വം നേടുന്നത്. 47 വര്‍ഷങ്ങള്‍ക്കു ശേഷം ടോറി പാര്‍ടി അധികാരത്തില്‍  വന്നപ്പോള്‍  തന്നെയാണ് ബ്രെ‌ക്‌സിറ്റിലൂടെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുവന്നതും.

എന്നാല്‍  ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍  തുടരണമോ   വേണ്ടയോ എന്ന തീരുമാനിക്കാനുള്ള ആദ്യത്തെ  റഫറണ്ഡം  1975  ല്‍ നടപ്പിലാക്കിയത്   ലേബര്‍ പാര്‍ടി ആയിരുന്നു. യൂറോപ്യന്‍ യൂണിയനെതിരെയുള്ള പ്രതിരോധത്തില്‍ തുടക്കം മുതലേ ലേബര്‍ പാര്‍ടിയിലെ പല പ്രമുഖരും മുന്നില്‍ തന്നെയുണ്ടായിരുന്നു.  അധികാരം കുറച്ചു പേരുടെ കയ്യില്‍ മാത്രം ഒതുക്കാന്‍ വേണ്ടിയുള്ള ഒരു ഭരണസംവിധാനം മാത്രമാണ്    യൂറോപ്യന്‍ യൂണിയന്‍  എന്നാണ് ഇവരുടെ അഭിപ്രായം.   

യൂറോപ്യന്‍   യൂണിയനില്‍ ബ്രിട്ടന്‍ ചേരുന്നതിനെതിരെ തുടക്കം മുതലേ എതിര്‍ത്തിട്ടുള്ള ലേബര്‍ പാര്‍ടി നേതാവാണ്‌ ആന്റണി നീല്‍  ബെന്‍ എന്ന ടോണി ബെന്‍. ഇദ്ദേഹം ഒരു ദേശീയവാദിയോ കുടിയേറ്റ വിരുദ്ധനോ ആയിരുന്നില്ല. ജനപക്ഷത്ത് നിന്നുകൊണ്ട് അധികാരത്തില്‍ ഇരിക്കുമ്പോഴും അല്ലാത്തപ്പോഴും പ്രവര്‍ത്തിച്ച ഒരു  ഡെമോക്രാറ്റിക്  സോഷ്യലിസ്റ്റ്‌  ആയിരുന്നു. ലേബര്‍ മന്ത്രിസഭയില്‍ കാബിനെറ്റ്‌ പദവികള്‍ വഹിച്ചിട്ടുള്ള ഇദ്ദേഹം   അനാവശ്യയുധങ്ങള്‍ക്കെതിരെയുള്ള 'സ്റ്റോപ്പ്‌ ദി വാര്‍' മുന്നണിയുടെ പ്രസിഡന്റ്‌ കൂടിയായിരുന്നു.

ബ്രിട്ടന്‍ എന്തുകൊണ്ട് യൂറോപ്യന്‍ യൂണിയനില്‍ ചേരരുത്   എന്ന്  ഏറ്റവും ശക്തമായി  വാദിച്ചിട്ടുള്ളവരില്‍  പ്രധാനിയാണ്‌ ഇദ്ദേഹം.   ലേബര്‍ പാര്‍ടി  ആദ്യത്തെ യൂറോപ്യന്‍ യൂണിയന്‍  റഫറണ്ഡം 1975 ല്‍  കൊണ്ടുവരുന്നതിനു മുമ്പുള്ള പ്രചാരണത്തില്‍     ബ്രിട്ടീഷുകാര്‍ എടുക്കേണ്ട നിലപാടിനെ പറ്റി ഇദ്ദേഹം തന്റെമണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് അയച്ചിട്ടുള്ള ഒരു കത്തുണ്ട്.  ഇ യു വിന്റെജനാധിപത്യ വിരുദ്ധ സ്വഭാവത്തെ   വ്യക്തവും സൈദ്ധാന്തികവും ആയി അദ്ദേഹം പറഞ്ഞു:   
 
" 1975 ൽ യുണൈറ്റഡ് കിം‌ഗ്‌ഡം യൂറോപ്പിന്റെപൊതുവിപണിയില്‍ തുടരണമോ അതോ പൂര്‍ണമായും പിന്‍വാങ്ങി  ഒരു   സ്വതന്ത്ര സ്വയംഭരണ രാഷ്ട്രമായി മാറണമോ എന്ന് തീരുമാനിക്കാനുള്ള ഉത്തരവാദിത്തം നിങ്ങൾക്കുണ്ട്.  നിലവിലെ സർക്കാർ  ഇ യു ബന്ധത്തില്‍ പുതിയ ചില  നിബന്ധനകളുമായി പുനരാലോചന നടത്തുകയാണ്. ആ ചർച്ചകളുടെ ഫലം എന്തുതന്നെയായാലും അന്തിമമായി  അത് നടപ്പാക്കണമോ വേണ്ടയോ   എന്ന് തീരുമാനിക്കാന്‍  ബ്രിട്ടീഷ് ജനതക്ക്  കഴിയും.

എന്നാൽ,  യൂറോപ്യന്‍ കമ്മ്യൂണിറ്റി വികസിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. പൊതു വിദേശനയം,  പൊതു പാസ്‌പോർട് ,  പൊതു ദേശീയത, പൊതു  അസംബ്ലി, പൊതു സാമ്പത്തിക, ധനകാര്യ യൂണിയൻ എന്നിവയില്‍ ഊന്നിക്കൊണ്ടുള്ള ഭരണപരിഷ്ക്കാരങ്ങളാണ് നടപ്പിലാക്കാന്‍ പോകുന്നത്. ഇത് നടപ്പിലായാല്‍ യു കെ  യൂറോപ്യന്‍ രാജ്യത്തിന്റെഒരു പ്രവിശ്യമാത്രമായി മാറും.   യൂറോപ്യന്‍   കമ്മ്യൂണിറ്റിയില്‍ തുടരുന്നത്  ബ്രിട്ടന്റെ  സ്വയംഭരണാധികാരത്തിന്റെ അന്ത്യവും പൂര്‍ണ സ്വാതന്ത്ര്യമുള്ള  ഒരു നിയമനിര്‍മ്മാണ സഭയായി തുടരാനുള്ള ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ജനാധിപത്യപരമായ അവകാശവും ഇല്ലാതാക്കും.

ബ്രിട്ടനിൽ  നമ്മള്‍  വികസിപ്പിക്കുകയും സ്ഥാപിക്കുകയും ചെയ്തിട്ടുള്ള   പാർലമെന്ററി ജനാധിപത്യം  പാർലമെന്റിന്റെപരമാധികാരത്തില്‍ അല്ല, മറിച്ച്   ജനങ്ങളുടെ പരമാധികാരത്തിന്മേൽ അടിസ്ഥാനമാക്കിയുള്ളതാണ്. ജനങ്ങള്‍ക്കാണ് പരമാധികാരം.  ജനങ്ങള്‍ തങ്ങളുടെ അധികാരം   ഒരു വോട്ടിലൂടെ ജനപ്രതിനിധികള്‍ക്കും അതുവഴി പാര്‍ലമെന്റിനും ഒരു നിശ്ചിത കാലയളവിലേക്ക് നല്‍കുന്നു.  പാര്‍ലമെന്റിന്റെ  കാലാവധി കഴിഞ്ഞാല്‍ പരമാധികാരം  വീണ്ടു ജനങ്ങളിലേക്ക് തന്നെ കൈവരുന്നു. പ്രധാനമായും അഞ്ചു  അവകാശങ്ങളാണ് ഈ ബന്ധത്തിന്റെ  അടിസ്ഥാനം. യൂറോപ്യന്‍ മാര്‍കറ്റില്‍ തുടരുന്നത് വഴി ഈ അഞ്ചു അവകാശങ്ങളും അട്ടിമറിക്കപ്പെടുന്നു.

ബ്രിട്ടനിലെ പാർലമെന്ററി ഡെമോക്രസി  സംവിധാനത്തില്‍ ബ്രിട്ടീഷ് ജനത നേരിട്ട് വോട്ടു ചെയ്തു ഹൗസ് ഓഫ് കോമണ്‍സില്‍ എത്തിയവരാണ് നിയമനിര്‍മ്മാണം നടത്തുന്നത്. പുതിയ നിയമങ്ങൾ രൂപീകരിക്കുന്നതിനും   പുതിയ നികുതി ചുമത്തുന്നതിനും  പാർലമെന്റിന്റെഅംഗീകാരം ഭൂരിപക്ഷത്തോടെ നേടേണ്ടതുണ്ട്.  എന്നാല്‍ യൂറോപ്യന്‍  കമ്മ്യൂണിറ്റിയില്‍ അംഗമായാല്‍ നമ്മള്‍ നേരിട്ട് തിരഞ്ഞെടുക്കാത്തവര്‍ കൊണ്ടുവരുന്ന   നിയമങ്ങളും നികുതികളും അനുസരിക്കുവാന്‍ നമ്മള്‍ ബാധ്യസ്ഥരാകും. ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കുന്ന ബ്രിട്ടീഷ്  പാർലമെന്റ് അംഗങ്ങൾക്ക്   ഏത് നിയമവും നികുതിയും ഭൂരിപക്ഷ വോട്ടുകളോടെ  മാറ്റാൻ കഴിയും. എന്നാല്‍  ഇ  യു കമ്മ്യൂണിറ്റിയില്‍ അംഗമായാല്‍ എല്ലാ  നിയമങ്ങളും നികുതികളും മാറ്റാൻ ബ്രിട്ടന് തനിച്ചു  കഴിയില്ല, ബ്രിട്ടീഷുകാർ നേരിട്ട് തിരഞ്ഞെടുക്കാത്ത   യൂറോപ്യന്‍  അതോറിറ്റികൾക്ക്  മാത്രമെ അതിനു  കഴിയൂ".  
 
ഏതാണ്ട് അര നൂറ്റാണ്ടുകള്‍ക്കു മുമ്പ്  ടോണി ബെന്‍  ഉയര്‍ത്തി കാട്ടിയ ഇയു വിന്റെ   ഈ  ജനാധിപത്യ വിരുദ്ധത മുഖം  തന്നെയാണ് ഇ യു വിനെതിരെയുള്ള ബ്രിട്ടന്റെപ്രധാന പ്രതിരോധം. ഇ യു വിന്റെ ഭരണസംവിധാനങ്ങളും ഈ വിമര്‍ശനത്തെ സാധൂകരിക്കുന്നതാണ്. ഒരു കേന്ദ്ര മന്ത്രിസഭക്ക് സമാനമായ  എല്ലാ അധികാരങ്ങളും ഭരണ വകുപ്പുകളും ഉള്ള യൂറോപ്യന്‍  കമ്മിഷന്റെ ഒരു കമ്മീഷണര്‍ പോലും ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കുന്നവരല്ല. ഓരോ അംഗരാജ്യങ്ങളുടെയും നോമിനി ആയി വരുന്നവരാണ് കമ്മീഷന്‍ പ്രസിഡന്റ്‌  ഉള്‍പ്പടെയുള്ള  എല്ലാ കമ്മീഷന്‍ അംഗങ്ങളും.

ജനങ്ങള്‍ നേരിട്ട് തിരഞ്ഞെടുക്കപ്പെടാത്തവര്‍ ആയതിനാല്‍ യൂറോപ്യന്‍ കമ്മിഷന് പൊതുതാല്‍പര്യ വിഷയങ്ങളില്‍ ജനങ്ങളുടെ സ്പന്ദനം മനസിലാക്കി യഥാസമയം  പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നില്ല എന്ന ആരോപണവും ശക്തമാണ്. അതിന്റെഏറ്റവും വലിയ ഉദാഹരണമാണ്  കോവിഡ് മഹാമാരിയുടെ കാലത്തുള്ള    യൂറോപ്യന്‍ യൂണിയന്റെ പ്രവര്‍ത്തനങ്ങള്‍.

കോവിഡ് പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയ ഉടനെതന്നെ  വാക്സിന്റെ ഗവേഷണത്തിനും, ഉപകരണങ്ങള്‍ വാങ്ങുന്നതിനും,  ഉദ്പാദനത്തിനും   വേണ്ടി കോടികണക്കിന് പൗണ്ട്   ബ്രിട്ടീഷ് സര്‍ക്കാര്‍ വകയിരുത്തി.  ഓക്സ്ഫോര്‍ഡ് യൂണിവേര്‍സിറ്റിയുടെ  വാക്സിന്‍ കണ്ടുപിടിത്തത്തിന് ഈ ഫണ്ട് വളരെയധികം സഹായം ചെയ്തു.  വാക്സിന്‍ ഗവേഷണം വിജയിക്കുമോ ഇല്ലയോ എന്നുള്ള യാതൊരു ഉറപ്പും ഇല്ലാതെ തന്നെ 2020 മാര്‍ച്ച്‌ മാസത്തോടെ 5400 കോടി രൂപ വാക്സിന്‍ ഗവേഷണത്തിനു വേണ്ടി വകയിരുത്തി. മാത്രവുമല്ല വാക്സിന്‍ നിര്‍മ്മാണ കമ്പനിയുമായി ഉടനെ കരാറില്‍ ഏര്‍പ്പെടുകയും ബ്രിട്ടനുവേണ്ടിയുള്ള വാക്സിനുകള്‍ ഉറപ്പാക്കുകയും ചെയ്തു.

എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ വാക്സിന്‍ ഗവേഷണവും അതിന്റെ വാങ്ങലും യൂറോപ്യന്‍ കമ്മിഷനെയാണ് ഏല്പിച്ചത്. കമ്മിഷന്‍ പ്രസിഡന്റ്‌ ഇക്കാര്യത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ല. വാക്സിന്റെ ഗവേഷണപരീഷണങ്ങള്‍ പരിശോധിച്ച് മരുന്നിന് അംഗീകാരം നല്‍കുന്നതിനുള്ള നടപടികള്‍ ബ്രിട്ടന്‍ യഥാസമയം നടത്തിയപ്പോള്‍, ഇ യു പ്രസിഡന്റ്‌ അത്തരം മുന്‍കരുതലുകള്‍ എടുത്തില്ല, അതുകൊണ്ട് ബ്രിട്ടന്‍ വാക്സിനേഷന്‍ തുടങ്ങിയപ്പോള്‍ ഇ യു വില്‍ വാക്സിന്റെ അംഗീകാരം നല്‍കുന്ന നടപടിക്രമങ്ങള്‍ പോലും കഴിഞ്ഞിരുന്നില്ല.

ഈ ലേഖനം എഴുതിക്കൊണ്ടിരിക്കുന്ന ദിനത്തില്‍ ( ഫെബ്രുവരി 14, 2021)  കിട്ടിയ കണക്കനുസരിച്ച്  മൊത്തം ജനസംഖ്യയുടെ ഏതാണ്ട് 25% പേര്‍ക്ക്  ബ്രിട്ടന്‍   വാക്സിന്‍ നല്‍കിയപ്പോള്‍ ഇ യു അംഗങ്ങളായ  ജെര്‍മനി, സ്പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങളില്‍ വെറും 6 % പേര്‍ക്ക് മാത്രമാണ്  വാക്സിന്‍ നല്‍കിയത്. അസ്‌ട്രസനിക്കയുടെ ഇയു  വിലുള്ള വാക്സിന്‍ നിര്‍മ്മാണ കമ്പനിയില്‍ വാക്സിന്‍ ഉദ്പാദനം  ഉദ്ദേശിച്ചപോലെ പുരോഗമിക്കാഞ്ഞത് ഒരു കാരണമാണെങ്കിലും അമിതമായ  അധികാര  കേന്ദ്രീകരണമുള്ള ഇയു കമ്മീഷന്റെ  പ്രവര്‍ത്തന രീതികളാണ്   വാക്സിന്‍ രംഗത്ത് യൂറോപ്യന്‍ രാജ്യങ്ങള്‍ പിറകോട്ടുപോയതിനു പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇതേക്കുറിച്ച് പല അംഗരാജ്യങ്ങളും കമ്മീഷന്‍ പ്രസിഡന്റിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തിക്കഴിഞ്ഞു.

ശരിയായ ജനാധിപത്യ ഭരണസംവിധാനങ്ങള്‍ ഇല്ലാത്തതിനാല്‍ പൊതുജന താല്‌പര്യ വിഷയങ്ങളില്‍ സമയാസമയം ഇടപെടുവാന്‍ ഇയുവിനു കഴിയുന്നില്ല എന്നതും യൂറോപ്യന്‍ യൂണിയന്റെ    പ്രധാന പരാജയങ്ങളില്‍ ഒന്നാണ്.  യൂറോപ്യന്‍  പാർലമെന്ററി സംവിധാനവും ഇത് ശരിവയ്ക്കുന്നു. നിലവില്‍    27 രാജ്യങ്ങളില്‍ നിന്നായി 705 എം പി മാരാണ് യൂറോപ്യന്‍ പാര്‍ലമെന്റില്‍ ഉള്ളത്.  ജനസംഖ്യടിസ്ഥാനത്തില്‍ എം പി മാരുടെ എണ്ണം നിര്‍ണ്ണയിച്ചിട്ടുള്ളതിനാല്‍ കൂടുതല്‍ ജനസംഖ്യയുള്ള രാജ്യത്തിന്‌ കൂടുതല്‍ എം പി മാരെ ലഭിക്കുന്നു. ഇതനുസരിച്ച്  ജെര്‍മനി  (96), ഫ്രാന്‍സ് (79), ഇറ്റലി (76) , സ്‌പെയിന്‍ (59), പോളണ്ട് (52) എന്നീ  അഞ്ചു രാജ്യങ്ങള്‍ക്ക് 362 എം പി മാരെ  തിരഞ്ഞെടുക്കാം, അതായത് യൂറോപ്യന്‍ പാലര്‍മെന്റിന്റെ മൊത്തം എം പി മാരുടെ പകുതിയില്‍ അതികം വരുമിത്‌.  ബാക്കിയുള്ള 22 രാജ്യങ്ങള്‍ക്ക് എല്ലാം കൂടിയുള്ളത് 343 എം പി മാര്‍ മാത്രം,  ശരാശരി എം  പി  മാരുടെ എണ്ണം 15 മാത്രം.

ഇതിനര്‍ത്ഥം ജര്‍മനിയെയും ഫ്രാന്‍സിനെയും എതിര്‍ത്തുകൊണ്ട് യൂറോയില്‍ പ്രായോഗികമായി   ഒരു നിയമനിര്‍മ്മാണം നടത്താന്‍  കഴിയില്ല. എന്നാല്‍ വലിയ രാജ്യങ്ങള്‍ തങ്ങളുടെ താല്പര്യങ്ങള്‍ക്കുവേണ്ടി  രൂപം കൊടുക്കുന്ന  നിയമങ്ങള്‍ നടപ്പിലാക്കാന്‍   ഇയു വിലെ   എല്ലാ രാജ്യങ്ങളും  ബാധ്യസ്ഥരാണ്. ഈയൊരു ജനാധിപത്യ വിരുദ്ധതയെകൂടി കണ്ടുകൊണ്ടാണ് ബ്രിട്ടന്‍ ഇ യുവില്‍ അംഗമായി തുടര്‍ന്നാല്‍ തങ്ങളുടെ പ്രധാന ജനാധിപത്യാവകാശങ്ങള്‍ എല്ലാം നിഷേധിക്കപ്പെടും എന്ന് തന്റെ നിയോജകമണ്ഡലത്തില്‍ ഉള്ളവര്‍ക്ക് അയച്ച കത്തില്‍  ടോണി ബെന്‍   സൂചിപ്പിച്ചത്.   (തുടരും)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top