28 March Thursday

ബ്രെക്‌സിറ്റും ഡേവിഡ്‌ കാമറൂണും ...പരമ്പര തുടരുന്നു

തോമസ്‌ പുത്തിരിUpdated: Monday Feb 8, 2021

ഒരു ദശാബ്ദക്കാലത്തെ ഇടവേളക്കു ശേഷം  2010ല്‍  അധികാരത്തിലേറിയ ടോറി പാർ‍ടിക്ക് ഭരണ തുടർ‍ച്ചക്ക് സഹായമായ രാഷ്ട്രീയ ലോട്ടറി ആയിരുന്നു ബ്രെക്‌സിറ്റ്.  ബ്രെക്‌സിറ്റിന്റെ തന്ത്രത്തില്‍, രണ്ടാംവട്ടം  അധികാരത്തില്‍ വന്ന ഡേവിഡ്‌ കാമറൂണിന്  ഇത് ഒരേസമയം അവസരവും അപകടവും ആയിരുന്നു. ബ്രിട്ടീഷ് പാർ‍ലമെന്റിനകത്തും പുറത്തും  ഒരുപാട് നാടകീയ മുഹൂർ‍ത്തങ്ങള്‍ക്കാണ് ബ്രെക്‌സിറ്റ് കാരണമായത്‌. ഭരണവർഗ പാർ‍ടിയിലും പ്രതിപക്ഷത്തും സ്ഫോടനാത്മകമായ സ്ഥിതിവിശേഷമാണ് ബ്രെക്‌സിറ്റിനൊപ്പം രൂപപ്പെട്ടത്.

ബ്രെക്‌സിറ്റിന്റെ നാള്‍വഴികള്‍

2012 ജൂണ്‍ :  ടോറി എം പി മാരുടെ കത്ത് . യൂറോപ്യന്‍ യൂണിയനെതിരെ തുടക്കം മുതലേ ശക്തമായ നിലപാട് എടുത്തിരുന്ന ടോറി പാർ‍ടി എം പി  ജോണ്‍ ബാരന്റെ  നേതൃത്വത്തില്‍  ഭരണപക്ഷത്തുള്ള 100 എം പി മാർ‍ ഒപ്പുവച്ച ഒരു കത്ത്  അന്നത്തെ പ്രധാനമന്ത്രിയായിരുന്ന  ഡേവിഡ് കാമറൂണിന്   നൽകി.   ബ്രിട്ടന്‍ ഇ യു വില്‍ തുടരണമോ വേണ്ടയോ എന്നുള്ള   ഒരു ജനഹിതപരിശോധനക്കുള്ള  നിയമനിർമ്മാണം  പാർലമെൻറിൽ  നടത്തണമെന്ന് ആവശ്യപ്പെട്ടു.

2013 ജനുവരി: പ്രധാനമന്ത്രിയുടെ ബ്രെക്‌സിറ്റ് പ്രഖ്യാപനം.   ബ്ലൂംബെർഗിൽ നടത്തിയ പ്രസംഗത്തിൽ ബ്രെക്‌സിറ്റ്    ജനഹിതപരിശോധനക്ക് അനുകൂലമാണെന്ന് പ്രധാനമന്ത്രി ഡേവിഡ്   കാമറൂൺ പ്രഖ്യാപിച്ചു.
   
2013 ജൂൺ: ബ്രെക്‌സിറ്റ് നിയമം പാർ‍ലമെന്റില്‍. ഹൗസ് ഓഫ് കോമൺസിൽ ഒരു സ്വകാർയ ബില്‍ ആയി  അവതരിപ്പിക്കപ്പെട്ട ബില്‍  304 വോട്ടുകൾക്ക്  പാസ്സായി. പക്ഷെ  ഹൗസ്   ഓഫ് ലോർഡ്‌സിൽ ഈ ബില്‍  അവതരിപ്പിച്ചെങ്കിലും  ബില്ലിന്റെ നടപടിക്രമങ്ങള്‍   പൂർ‍ത്തീകരിക്കുന്നതിന് ആവശ്യമായ സമയം അനുവദിക്കാഞ്ഞതിനാല്‍ നിയമനിർ‍മ്മാണം  പാതിവഴിയില്‍ നിന്നുപോയി.

2015 ഏപ്രില്‍: ടോറി ഇലക്ഷന്‍ മാനിഫെസ്റ്റോ.  അടുത്ത മാസം നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി ടോറി പാർ‍ടി പുറത്തിറക്കിയ  മാനിഫെസ്റ്റോയില്‍, വീണ്ടും അധികാരത്തില്‍ എത്തിയാല്‍ ബ്രെക്‌സിറ്റ്   റഫറണ്ടം  2017 ഡിസംബറിനു മുമ്പ്  നടത്തുമെന്ന് പ്രഖ്യാപിച്ചു. ഒരു വർഷം മുമ്പ് യൂറോപ്യന്‍ പാർ‍ലമെന്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബ്രിട്ടനിലെ അതിതീവ്ര വലതുപക്ഷ പാർ‍ടിയായ യുകിപ് പ്രധാന ഭരണപ്രതിപക്ഷ പാർ‍ടികളെ പിന്നിലാക്കി ബ്രിട്ടന്റെ 100 വർ‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഏറ്റവും വലിയ ഒറ്റകഷിയായി വളർ‍ന്നിരുന്നു. ബ്രെക്‌സിറ്റ് എന്ന ഒരേ ലക്ഷ്യത്തില്‍ പ്രവർ‍ത്തിച്ചിരുന്ന യുകിപ്പിനെ തകർ‍ക്കാന്‍ കൂടി  വേണ്ടിയാണ് മാനിഫെസ്റ്റോയില്‍ ബ്രെക്‌സിറ്റ്   റഫറണ്ടം ഉള്‍പ്പെടുത്തിയത്.

2015 മെയ്‌: പൊതു തിരഞ്ഞെടുപ്പ്.     ബ്രെക്‌സിറ്റ് വാഗ്ദാനം പ്രധാന പ്രതിപക്ഷമായ ലേബർ‍ പാർ‍ട്ടിയില്‍ വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കി. ലേബർ‍ പാർ‍ടിയിലെ ബ്രെക്‌സിറ്റ് അനുകൂലികള്‍ ഡേവിഡ്‌  കാമറൂണിനെ പിന്തുണച്ചു. ഇ യു തിരഞ്ഞെടുപ്പില്‍ യുകിപ്പിനെ പിന്തുണച്ചവരില്‍  ഭൂരിഭാഗവും ടോറി പാർ‍ടിയിലേക്ക് തിരിച്ചെത്തി. ഫലം: പരാജയം സുനിശ്ചിതമായിരുന്ന ടോറി പാർ‍ടി എല്ലാ തിരഞ്ഞെടുപ്പ് പ്രവചനങ്ങളെയും തെറ്റിച്ചുകൊണ്ട് കേവലം ഭൂരിപക്ഷം നേടി. ഡേവിഡ്‌ കാമറൂണ്‍ പ്രധാനമന്ത്രിയായി തുടർ‍ഭരണം നേടി.

2015 മേയ് : ബ്രെക്‌സിറ്റ് ബില്‍ വീണ്ടും പാർ‍ലമെന്റില്‍.      കാമറൂണ്‍ മന്ത്രിസഭ തങ്ങളുടെ രണ്ടാമൂഴത്തില്‍  ബ്രെക്‌സിറ്റ് നിയമം വീണ്ടും പാർ‍ലമെന്റില്‍ കൊണ്ടുവന്നു. ഇത്തവണ ഭരണപ്രതിപക്ഷ ഭേദമേന്യേ  ഭൂരിപക്ഷം എം പി മാരും    ബ്രെക്‌സിറ്റ് ബില്ലിനെ  പിന്തുണച്ചു. സ്കോട്ട്ലണ്ടില്‍ നിന്നുള്ള സ്കോട്ടിഷ് നേഷനല്‍ പാർ‍ടി ബില്ലിനെ എതിർ‍ത്തു.  
 
2015 ജൂണ്‍: ബ്രെക്‌സിറ്റ് ഇ യു വില്‍: യൂറോപ്യൻ കൗൺസിലിന്റെ യോഗത്തില്‍ ആദ്യമായി  ബ്രെക്‌സിറ്റ് ജനഹിത പരിശോധനക്കുള്ള നടപടികള്‍  കാമറൂണ്‍ അവതരിപ്പിച്ചു. ഈ വിഷയം ചർ‍ച്ച ചെയ്യാന്‍ ഇ യു കൗണ്‍സില്‍ തീരുമാനിച്ചു.

2015 നവംബർ‍ : ഇ യു  കരാർ‍ പുതുക്കാനുള്ള ഉപാധികള്‍:     ഇ യു   യില്‍ സ്പെഷ്യല്‍ സ്റ്റാറ്റസ് നേടാന്‍ വേണ്ടി  ഡേവിഡ്‌ കാമറൂണ്‍   ഇ യു കൗണ്‍സില്‍   പ്രസിഡന്റ്‌  ടോണാള്‍ഡ്    ടസ്കിനു കത്തയച്ചു. ഇ   യു വില്‍ തുടർ‍ന്നുക്കൊണ്ട് തന്നെ    സാമ്പത്തീകം, മസ്ലാരാധിഷ്ടിത ഒറ്റകമ്പോളം, രാജ്യത്തിന്റെ പരമാധികാരം, കുടിയേറ്റം എന്നീ മേഖലകളില്‍ ബ്രിട്ടന്റെ താല്പർയം സംരക്ഷിക്കുന്നതിനുള്ള ഉപാധികള്‍ മുന്നോട്ടുവച്ചു.

2015  ഡിസംബർ‍:  ബ്രെക്‌സിറ്റ്  ഹിതപരിശോധന നിയമം.   ഡിസംബർ‍ 17 ന്  'യൂറോപ്യൻ യൂണിയൻ റഫറണ്ടം ആക്റ്റ് 2015'  എലിസബത്ത് രാജ്ഞി ഒപ്പുവച്ചതോടെ ബ്രെക്‌സിറ്റ്  റഫറണ്ടം നടത്താനുള്ള നിയമം നിലവില്‍ വന്നു.  

2016 ഫെബ്രുവരി. ബ്രെക്‌സിറ്റ് റഫറണ്ടം  തിയതി പ്രഖ്യാപനം.     ഡേവിഡ് കാമറൂണ്‍ ഇ യു വുമായി നിരവധി ചർ‍ച്ചകള്‍ നടത്തി. യൂറോപ്യൻ യൂണിയനില്‍ ഒരു പ്രത്യേക പദവി നേടിക്കൊണ്ട് ഇ യു വുമായി ഡേവിഡ്‌ കാമറൂണ്‍ ഒരു കരാറില്‍ എത്തി.   ജൂണ്‍    23ന്     ബ്രെക്‌സിറ്റ്  റഫറണ്ടം നടത്തുമെന്ന്  പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ബ്രെക്‌സിറ്റ് റഫറണ്ടത്തിന് മുന്നോടിയായി ഈ കരാറിന്റെ വിശദാംശങ്ങള്‍ സർ‍ക്കാർ‍ പുറത്തുവിട്ടു. ഈ  പുതുക്കിയ  കരാറിന്റെ അടിസ്ഥാനത്തില്‍ ഇ യു വില്‍ തുടരണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവസരം  ബ്രെക്‌സിറ്റ് ഹിതപരിശോധനയിലൂടെ ജനങ്ങള്‍ക്ക്‌ ലഭിക്കുമെന്ന് കാമറൂണ്‍ പ്രഖ്യാപിച്ചു.

ബ്രെക്‌സിറ്റ് പ്രചാരണം ശക്തമായതോടെ അതുവരെ പാർ‍ടികള്‍ക്ക് കീഴില്‍  അണിനിരന്നവർ‍  ബ്രെക്‌സിറ്റ്  വേണം വേണ്ട എന്ന വിഷയത്തില്‍ കേന്ദ്രീകരിച്ചുകൊണ്ട്   രണ്ടായി തിരിഞ്ഞു. പ്രധാന പ്രതിപക്ഷമായ ലേബർ‍ പാർ‍ടിയിലെ ഭൂരിപക്ഷം പേരും, ലിബറല്‍ ഡെമോക്രാറ്റിക് പാർ‍ട്ടിയും ബ്രെക്‌സിറ്റിന് എതിരായി രംഗത്തുവന്നു.   ബ്രെക്‌സിറ്റ് ഹിതപരിശോധനക്ക് ഔദ്യോഗികമായി തുടക്കമിട്ട പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍  ബ്രെക്‌സിറ്റ് പ്രചാരണം തുടങ്ങിയപ്പോള്‍ തന്റെ പാർ‍ടിയിലെ ഭൂരിപക്ഷം പേരുടെയും എതിർ‍പ്പിനെ അവഗണിച്ചു  ബ്രിട്ടന്‍ ഇ യു വില്‍ തുടരണമെന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രചാരണം നടത്തി.  എന്നാല്‍ അദ്ദേഹത്തിന്‍റെ പാർ‍ടിയും  മന്ത്രിസഭയിലെ പ്രമുഖരും  യു കെ യിലെ അതിതീവ്ര ദേശീയ പാർ‍ടിയായ യൂകിപ്പും ബ്രെക്‌സിറ്റിനെ അനുകൂലിച്ചു ശക്തമായ പ്രചാരണവുമായി രംഗത്ത് വന്നു.  

പ്രചാരണരംഗത്ത്   തീവ്രദേശീയതയും ന്യൂനപക്ഷ വിരുദ്ധതയും  കളം നിറഞ്ഞാടി. കുടിയേറ്റക്കാരെ മുള്‍മുനയില്‍ നിർ‍ത്തിക്കൊണ്ടുള്ള പ്രചാരണങ്ങള്‍ വീണ്ടും ശക്തമായി. ബ്രെക്‌സിറ്റ് നടപ്പായാല്‍ യൂറോപ്യന്‍ യൂനിയന്ന്റെ ഭരണത്തിനു വേണ്ടി നല്‍കുന്ന കോടികള്‍ നല്കാതിരിക്കുമ്പോള്‍ വരുന്ന മിച്ചം സ്വന്തം രാജ്യത്തില്‍ വലിയതോതിലുള്ള വികസനക്കുതിപ്പുകള്‍ക്കും ജനക്ഷേമ പദ്ധതികള്‍ക്കും വഴിതെളിയുക്കുമെന്നുള്ള പ്രചാരണം ശക്തമായി. എങ്കിലും ബ്രെക്‌സിറ്റ് അനുകൂല പ്രചാരകർ‍ പോലും ഒരു ബ്രെക്‌സിറ്റ് വിജയം പ്രതീക്ഷിരുന്നില്ല. അതുകൊണ്ട് തന്നെ ബ്രെക്‌സിറ്റ്ന് ശേഷം എന്ത് എന്നതിനുവേണ്ടി ഒരു കാര്യപരിപാടിക്കും രൂപം കൊടുത്തിരുന്നില്ല
 
2016  ജൂണ്‍ 23: ബ്രെക്‌സിറ്റ് വോട്ടെടുപ്പ്:  ബ്രെക്‌സിറ്റ് ഹിതപരിശോധനയെന്നാല്‍ യു കെ ഇ യു വില്‍ തുടരണമോ വേണ്ടയോ എന്നുള്ള ജനങ്ങളുടെ വിധിയെഴുത്ത് മാത്രമാണ്. അതുകൊണ്ട് മാത്രം ബ്രെക്‌സിറ്റ് നടപ്പാകില്ല. ബ്രെക്‌സിറ്റ് നടപ്പാകണമെങ്കില്‍ യൂറോപ്യന്‍ യൂണിയനുമായി ചെയ്യേണ്ട നിയമപരമായ   നടപടിക്രമങ്ങള്‍ ഉണ്ട്. ഹിതപരിശോധന അതിലേക്കുള്ള ആദ്യത്തെ ചുവടുവെപ്പ്‌ മാത്രമാണ്.

യു കെ യുടെ ഭാഗമായ നാല് രാജ്യങ്ങളിലെ (ബ്രിട്ടന്‍, സ്കോട്ട്ല‌‌‌ന്‍‌‌ഡ്, വെയില്‍സ്, വടക്കന്‍ അയർ‍ലണ്ട്)   ‌ജനങ്ങളും  ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ വോട്ടു രേഖപ്പെടുത്തി. ബ്രെക്‌സിറ്റ് പരാജയപ്പെടുമെന്ന ഉറപ്പില്‍ പ്രധാനമന്ത്രി കാമറൂണ്‍  ഏറ്റവും  അടുപ്പമുള്ളവരെ  ഉള്‍പ്പെടുത്തിക്കൊണ്ട് തന്റെ  വിജയം ആഘോഷിക്കാനുള്ള രഹസ്യ ചർ‍ച്ചകള്‍  നടത്തുന്നതായുള്ള  വാർ‍ത്തകള്‍ ചോർ‍ന്നു. പക്ഷെ, തിരഞ്ഞെടുപ്പുഫലം എല്ലാവരെയും  ഞെട്ടിപ്പിക്കുന്നതായിരുന്നു.  രാജ്യത്തിലെ 52% ജനങ്ങളും ബ്രെക്‌സിറ്റിനു അനുകൂലമായി വോട്ടു ചെയ്തു.

2016   ജൂണ്‍ 24:  പ്രധാനമന്ത്രിയുടെ രാജി പ്രഖ്യാപനം.സ്വയം  കുഴിച്ച കുഴിയില്‍ കാമറൂണ്‍ വീണു. ബ്രെക്‌സിറ്റിനെ    എതിർ‍ത്തു പ്രചാരണം നടത്തിയ കാമറൂണ്‍  തന്റെ ആശയം ജനങ്ങള്‍ തള്ളിക്കളഞ്ഞതിന്റെ വികാരം മാനിച്ചു പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു, വിദേശത്ത് സുഖവാസത്തിനു പോയി. ടോറി പാർ‍ടിയില്‍ അധികാര വടംവലിയുടെയും തമ്മില്‍ തല്ലിന്റെയും ദിനങ്ങള്‍. പാർടിക്കുള്ളിലെ  നേതൃത്വതെരഞ്ഞെടുപ്പില്‍ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് തെരേസ മേയുടെ  ഉദയം.

തെരേസ മെയ്‌ ടോറി പാർ‍ടി ലീഡർ‍ ആയതോടെ, സ്വാഭാവികമായും   പ്രധാനമന്ത്രിയായി. ഇവിടെയാണ്‌ ടോറി പാർ‍ടിയുടെ ഏറ്റവും വലിയ ആന്തരികവൈരുധ്യം പുറത്തുവരാന്‍ തുടങ്ങിയത്. ബ്രെക്‌സിറ്റ് നടപ്പാക്കാന്‍ ടോറി പാർ‍ടി ലീഡർ‍ ആയി തിരഞ്ഞെടുക്കപ്പെട്ട   തെരസ മെയ്‌   വ്യക്തിപരമായി  ബ്രെക്‌സിറ്റിന് എതിരാണ്. തന്റെ രാഷ്ട്രീയ നിലപാടിന് എതിരായ ബ്രെക്‌സിറ്റ് ഇവരെങ്ങനെ നടപ്പിലാക്കും?  (തുടരും)
    
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top