29 March Friday

യൂറോയുടെ സാമ്പത്തിക, കോർപ്പറേറ്റ് രാഷ്ട്രീയം....പരമ്പര തുടരുന്നു

തോമസ്‌ പുത്തിരിUpdated: Monday Feb 22, 2021

1957 ൽ കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള മാർക്കറ്റ്‌ വിപുലീകരണത്തിനായി  റോമിൽ വച്ച് യൂറോപ്യൻ എകണോമിക് കമ്മ്യൂണിറ്റി രൂപീകരിച്ച കാലത്തു തന്നെ ഐക്യ യൂറോപ്പ് നിർമ്മിതിക്കെതിരെ ശക്തമായ വിമർശനം ഉയർന്നിരുന്നു. ജർമനിയിൽ നിന്നും ഹിറ്റ്‌ലർ തുടങ്ങിവച്ച സാമ്രാജ്യത്വ അധിനിവേശത്തിന്റെ പുതിയ രൂപമാണ് ഇതെന്നായിരുന്നു പ്രധാന വിമർശനം. യൂറോപ്പിലെ പ്രമുഖ സാമ്പത്തിക ശക്തികളായ ജർമ്മനിക്കും ഫ്രാൻസിനും മറ്റു യൂറോപ്യൻ രാജ്യങ്ങളിലെ മാർക്കറ്റ്‌ പിടിച്ചടക്കാൻ വേണ്ടിയുള്ള ആസൂത്രിത നീക്കമായിരുന്നു യൂറോ രൂപീകരണത്തിന്റെ ലക്ഷ്യമെന്നു അന്നുതന്നെ വിമർശനമുയർന്നിരുന്നു.   ചെറിയ രാജ്യങ്ങളെ ഒന്നൊന്നായി ഏകീകൃത യൂറോപ്പിനു കീഴിൽ കൊണ്ടുവന്നു മാർക്കറ്റ്‌ വിപുലീകരിച്ചു സാമ്രാജ്യത്വ അജണ്ട നടപ്പിലാക്കുന്ന നയമാണ് അതിനു ശേഷം നടന്നത്.

പിന്നീടങ്ങോട്ട്  1986 ലെ ദി സിംഗിൾ യൂറോപ്യൻ ആക്ട്‌ ട്രീറ്റി, മാസ്ട്രിക്റ്റ് 1992, ആമ്സ്ട്ടർഡാം 1998, നൈസ് 2000, ഇ യു കോൻസ്ട്ടിട്ട്യൂഷൻ 2004 തുടങ്ങിയ കാരാറുകളിലൂടെ നിരവധി യൂറോപ്യൻ രാജ്യങ്ങളെ യൂറോപ്യൻ യൂണിയന് കീഴിൽ കൊണ്ടുവന്നു. 'ഇ  യു ചാർട്ടർ ഓഫ് ഫണ്ടമെന്റൽ റൈറ്റ്സ് ' എന്ന പേരിൽ അറിയപ്പെടുന്ന ഈ ഭരണസംവിധാനമുപയോഗിച്ചു ബ്രസ്സൽസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യൂറോപ്യൻ യൂണിയന്  പൊതു താൽപര്യത്തിന്റെ പേരിൽ ഏതു രാജ്യത്തിന്റെ പരമോന്നത സ്വാതന്ത്ര്യവും അപഹരിക്കാനുള്ള അധികാരവും കൈവന്നു.   യൂറോപ്പിന്റെ അധികാരം മുഴുവൻ ബ്രസൽസ് കേന്ദ്രീകരിച്ചു  വൻ രാഷ്ട്രങ്ങളുടെ നിയന്ത്രണത്തിലായി.  മാർക്കറ്റ്‌ വിപുലീകരണം സാധ്യമായതോടെ  ജർമനിയുടെ കയറ്റുമതി മെച്ചപ്പെടുകയും അവർ യൂറോപ്യൻ യൂണിയനിൽ അനിഷേധ്യ ശക്തിയായി വളരുകയും ചെയ്തു. ചെറിയ രാജ്യങ്ങളെ  ധനസഹായം നല്‍കി   തങ്ങളുടെ  വരുതിയില്‍ നിര്‍ത്തി.

യൂറോപ്യന്‍ യൂണിയന്റെ  കോർപ്പറേറ്റ് സാമ്പത്തിക നയങ്ങള്‍ക്കെതിരെ യൂറോപ്പിലെ ഏറെക്കുറെ എല്ലാ രാജ്യങ്ങളിലും തന്നെ ശക്തമായ പ്രതിഷേധം അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗങ്ങളില്‍ നിന്നും തുടക്കം മുതലേ ഉയര്‍ന്നിട്ടുണ്ട്, ഇപ്പോഴും ഉയരുന്നുമുണ്ട്. ഡെൻമാർക്കിലെ 'റെഡ് ഗ്രീൻ അലയൻസ്' യൂറോപ്യൻ യൂണിയനെ പറ്റി പറഞ്ഞത്,   “നവലിബറൽ രാഷ്ട്രീയത്തിന്റെയും ജനാധിപത്യവിരുദ്ധയുടെയും സൈനികതയുടെയും ഏജന്റ്റ്" ആണെന്നാണ്‌.  എന്നാല്‍ ഇവര്‍ അതിതീവ്ര ദേശീയവാദികള്‍ അല്ല, മറിച്ച്  സ്വയം ഭരണാവകാശമുള്ള  എല്ലാ രാജ്യങ്ങൾക്കും തുല്യ അവകാശങ്ങൾ ഉള്ള  അന്തർദേശീയ യൂറോപ്പ്  സഹകരണത്തെ അനുകൂലിക്കുന്നവര്‍ ആണ്.  ഹോളണ്ട്  സോഷ്യലിസ്റ്റ് പാർട്ടിയിലെ   ഭൂരിഭാഗവും പോർച്ചുഗലിലെ ലെഫ്റ്റ് ബ്ലോക്കും  യൂറോപ്യൻ യൂണിയനെ കടുത്ത ഭാഷയില്‍ തന്നെയാണ് വിമര്‍ശിക്കുന്നത്.    

എന്നാല്‍ ഒരു രാജ്യത്തിനും യൂറോയുടെ നയങ്ങള്‍ക്കെതിരെ ഒറ്റയ്ക്ക് നിന്ന്  പോരാടി രാജ്യം ഭരിക്കുവാന്‍ കഴിയാത്ത സാഹചര്യം ആണ് യൂറോ അതിവിദഗ്ധമായി  വളര്‍ത്തിയെടുത്തിരിക്കുന്നത്.   കോർപ്പറേറ്റ്    സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുന്നതിന് അനുയോജ്യമായ ഒരു രാഷ്ട്രീയ സാമ്പത്തിക ഭരണസംവിധാനമാണ്  യൂറോപ്യന്‍ യൂണിയന്‍ ആസൂത്രിതമായി   നടപ്പാക്കിയത്.  ഈ നയത്തിന്റെ ഏറ്റവും വലിയ ബലിയാടാണ് ഗ്രീസ്.  സാമ്പത്തിക മാന്ദ്യത്തിന്റെ പാശ്ചാതലത്തില്‍  ഗ്രീസ് പ്രതിസന്ധിയെ വിശദമായി പ്രതിപാദിക്കുന്നത് യൂറോപ്യന്‍ യൂണിയന്റെ  കോർപ്പറേറ്റ് പ്രീണനനയങ്ങള്‍ വെളിച്ചത്തു കൊണ്ടുവരാന്‍ സഹായിക്കും.

ഗ്രീക്ക് റഫറണ്ഡം / ഗ്രെക്സിറ്റ്  
 
2015 ജനുവരിയില്‍ ഗ്രീസില്‍  നടന്ന പൊതു തിരഞ്ഞെടുപ്പില്‍ അലെക്സിസ്   സിപ്രാസിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ പാര്‍ടി അധികാരത്തില്‍ ഏറി.   സാമ്പത്തിക മാന്ദ്യം മറികടക്കുന്നതിന് വേണ്ടിയും മുന്‍ സര്‍ക്കാര്‍ തുടര്‍ന്നുവന്ന തൊഴിലാളി വിരുദ്ധ നടപടികള്‍ തിരുത്തുന്നതിനും ഉള്ള ശ്രമങ്ങള്‍ ആരംഭിച്ചു. എന്നാല്‍  യൂറോയില്‍ അംഗമായതിനാല്‍ സ്വതന്ത്രമായി ക്ഷേമ പദ്ധതികളും സാമ്പത്തിക നയങ്ങളും  നടപ്പാക്കുവാന്‍  ഗ്രീക്കിനു  അധികാരം ഉണ്ടായിരുന്നില്ല.

അതിനാല്‍ കടക്കെണിയില്‍ തകര്‍ന്നു കഴിഞ്ഞിരുന്ന ഗ്രീക്ക്     യൂറോപ്യന്‍ യൂണിയനുമായി   ഒരു സാമ്പത്തിക ഉത്തേജന  കരാര്‍ ഉണ്ടാക്കി. യൂറോപ്യൻ കമ്മീഷൻ, ഇന്റർനാഷണൽ മോണിറ്ററി ഫണ്ട്, യൂറോപ്യൻ സെൻട്രൽ ബാങ്ക് എന്നിവ സംയുക്തമായാണ് സാമ്പത്തിക പാക്കേജിനു രൂപം കൊടുത്തത്.    ഈ കരാറിലെ    വ്യവസ്ഥകൾ  അംഗീകരിക്കണമോ വേണ്ടയോ  എന്ന് തീരുമാനിക്കാനുള്ള ഒരു റഫറണ്ടം   ഗ്രീക്ക് സർക്കാർ  2015 ജൂലൈ   5 ന്  നടത്തി.  റഫറണ്ടത്തില്‍ 61% പേരും യൂറോപ്യന്‍ യൂണിയന്റെ പാക്കേജിനു എതിരെ വോട്ടു രേഖപ്പെടുത്തി.  ഗ്രീക്ക് യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ടുപോരണമെന്നുള്ള ആവശ്യം,  ( Greek Exit Europe= GREXIT) ഗ്രെക്സിറ്റ്,   ഗ്രീക്കില്‍ ശക്തമായി.   

ഗ്രീസിലും യൂറോപ്യൻ യൂണിയനിലും  ഉണ്ടായ  സാമ്പത്തിക മാന്ദ്യം വെറും  ഒരു സാമ്പത്തിക പ്രതിസന്ധിയല്ല.  മറിച്ചു രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായി ഗ്രീസും സാമ്രാജ്യത്വ അധിനിവേശവും  തമിലുള്ള ഏറ്റുമുട്ടലാണ്, വർഗസമരമാണ് . ഒരു ഭാഗത്ത് ഗ്രീസ് ജനതയുടെ   ആത്മാഭിമാനവും ജീവിതവും സോഷ്യലിസ്റ്റ്‌ സാമ്പത്തിക വ്യവസ്ഥയിൽ ഊന്നികൊണ്ട് സംരക്ഷിക്കാനുള്ള പുതുതായി അധികാരത്തിലേറിയ സിരിസ സർക്കാരിന്റെ ശ്രമം. മറുഭാഗത്ത്  യൂറോപ്യൻ കമ്മീഷൻ, ഐ എം എഫ്  , യൂറോപ്യൻ സെൻട്രൽ ബാങ്ക് എന്ന ത്രിമൂർത്തി ശക്തികളെ ഉപയോഗിച്ചു സാമ്രാജ്യത്വ അജണ്ട നടപ്പിലാക്കാനുള്ള യൂറോപ്യൻ രാഷ്ട്ര നേതാക്കളുടെ ശ്രമം.  ജര്മ്മനിയോടൊപ്പം യൂറോപ്പിലെ മുഴുവൻ കോർപ്പറേറ്റ് സ്ഥാപനങ്ങളും  ഒറ്റക്കെട്ടായി ഈ പ്രവര്‍ത്തനത്തില്‍  അണിനിരന്നു.

മുതലാളിത്ത വ്യവസ്ഥയുടെ ലാഭവിഹിതത്തിൽ മാത്രം ഊന്നിയുള്ള ഉല്പ്പാദന വ്യവസ്ഥയുടെ ഭാഗമായി  2008 ൽ രൂപം കൊണ്ട സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ചെറിയ രാജ്യങ്ങൾക്ക് മുതലാളിത്ത വ്യവസ്ഥയിൽ മുന്നോട്ടു പോകാൻ കഴിയാത്ത  സ്ഥിതിയുണ്ടായി. എന്താണ് ഈ പ്രതിസന്ധി എന്നുകൂടി ഈ അവസരത്തിൽ പരിശോധിക്കുന്നത് ഉചിതമായിരിക്കും. സ്വകാര്യ കമ്പനികൾ ലാഭം വര്ധിപ്പിക്ക്ന്നതിനുവേണ്ടി ചരക്കുകളുടെ ഉത്പ്പാദനം ക്രമാതീധമായി വര്ദ്ധിപ്പിക്കുന്നു. ആഗോള കുത്തക കമ്പനികളുടെ കിടമത്സരത്തിൽ ഒരു രാജ്യത്തിന്‌ ആവാശ്യമുള്ളതിനേക്കാൾ കൂടുതൽ  സാധന സേവനങ്ങൾ ഉൽപ്പാദിപ്പിക്കപെടുന്നു.   എന്നാൽ ഈ ചരക്കുകളുടെ വിറ്റുവരവിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും സ്വകാര്യകമ്പനികളുടെ മൂലധനവും ലാഭവിഹിതവും വര്ധിപ്പിക്കുന്നതിനു വേണ്ടി സ്വരൂപിക്കപ്പെടുന്നു.

ഇതിനു ഒരു മറുവശമുണ്ട്. മൊത്തം ഉല്‍പ്പാദിപ്പിക്കപ്പെട്ട ചരക്കുകൾ വാങ്ങുവാനുള്ള പണം ഒരു രാജ്യത്തെ തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. കാരണം പണത്തിന്റെ നല്ലൊരു പങ്കും സ്വകാര്യ കമ്പനികളുടെ കൈവശം മൂലധനവും ലാഭവുമായി കുന്നുകൂടി കിടക്കയാണ്.  ഈ പ്രതിസന്ധി മറികടക്കുവാൻ ബാങ്കിംഗ് സ്ഥാപനങ്ങളെ ഉപയോഗിച്ചു വിവിധ വായ്പാ പായ്ക്കേജുകൾ നടപ്പിലാക്കും. മറ്റു ഗതിയില്ലാതെ തൊഴിലാളികൾ വായ്പ്പയെടുത്തു    ജീവിതം തുടരുകയും  വായ്പ തിരിച്ചടക്കാൻ കഴിയാത്ത സാമ്പത്തിക സ്ഥിതിയിലേക്ക് നീങ്ങുകയും  ചെയ്യുമ്പോൾ ബാങ്കുകളിൽ പണമില്ലാതാകും. ഇതോടെ ബാങ്കുകൾക്ക് കടം നല്കാനുള്ള മൂലധനമില്ലതാകും. പണമില്ലാതെ കഷ്ടപ്പെടുന്ന ജനങ്ങൾ ചരക്കുക്കൾ വാങ്ങുന്നത് നിയന്ത്രിക്കും.   ഇതിന്റെ ഫലമായി സ്വകാര്യ കമ്പനികൾ ഉത്പ്പാദനം കുറക്കുന്നു. ഉത്പ്പാദനം കുറയ്ക്കുമ്പോൾ അധികമായി വരുന്ന തൊഴിലാളികളെ പിരിച്ചുവിടും. ഇതിന്റെ ഫലമായി സര്ക്കാരിന് ലഭിക്കുന്ന നികുതി വരുമാനം കുറയുകയും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് മൂക്കുകുത്തുകയും ചെയ്യും. മുതലാളിത്ത സാമ്പത്തിക വ്യവസ്ഥിതിയിൽ ഇത്തരം സാമ്പത്തിക പ്രതിസന്ധികൾ ഒഴിച്ചുകൂടാൻ കഴിയാത്തതാണ്.  

2008 അമേരിക്കയിൽ നിന്നും ആരംഭിച്ച്  യൂറോപ്പ് വഴി  പിന്നീട് ലോകമാസകലം പടർന്നു പിടിച്ച  സാമ്പത്തിക  പ്രതിസന്ധിയിൽ നിന്നും മറി കടക്കാൻ യൂറോപ്പിലെ പല രാജ്യങ്ങൾക്കും  കഴിഞ്ഞിട്ടില്ല. നിലവിലെ സാമ്പത്തിക വ്യവസ്ഥയിൽ  ഒരു പരിധിക്കപ്പുറം സാമ്പത്തിക സ്ഥിതി മേചെപ്പെടുത്താനും കഴിയില്ല. ഈ തിരിച്ചറിവിൽ നിന്നാണ്  പുതിയ സാമൂഹ്യ സാമ്പത്തിക ക്രമത്തിന് വേണ്ടിയുള്ള പോരാട്ടം ഗ്രീക്ക് ജനത ആരംഭിച്ചത് . അഞ്ചു വര്ഷം നടത്തിയ നിരന്തര സമരങ്ങളുടെയും തളരാത്ത പോരാട്ടങ്ങളുടെയും തുടർച്ചയായാണ്   പൊതു തിരെഞ്ഞെടുപ്പിലൂടെ  ഗ്രീസിൽ ഇടതുപക്ഷ സോഷ്യലിസ്റ്റ്‌ സർക്കാർ അധികാരത്തിലേറിയത്.

2015 ജനുവരിയിൽ അധികാരത്തിലേറിയ ഗ്രീസിലെ പുതിയ സോഷ്യലിസ്റ്റ്‌ സർക്കാർ  സാമ്രാജ്യത്വ അജണ്ടകള്‍ക്കെതിരെ  ശക്തമായ നിലപാടെടുത്തു. യൂറോപ്യൻ യൂണിയൻ ആവശ്യപ്പെടുന്ന തൊഴിലാളി വിരുദ്ധ  സാമ്പത്തിക പരിഷ്ക്കാരങ്ങൾ നടപ്പിലാക്കാൻ വിസമ്മതിച്ചു.  ശക്തമായ ജനപിന്തുണയോടെ മുന്നേറിയ   സോഷ്യലിസ്റ്റ്‌ സർക്കാരിനെ ജനങ്ങളിൽ നിന്നും ഒറ്റപ്പെടുത്തുവാനായി ഗ്രീസിന് നല്കി വന്നിരുന്ന സാമ്പത്തിക സഹായം യൂറോപ്യൻ യൂണിയൻ   പെട്ടെന്ന് നിർത്തിവച്ചു . ഈ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ഗ്രീസ്സിൽ നടന്ന   സംഭവവികാസങ്ങളെ വിലയിരുത്തേണ്ടത്.

ജനുവരിയിൽ നടന്ന പൊതു തിരഞ്ഞെടുപ്പിലൂടെ അലെക്സിസ് സിപ്രസിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ്‌ സർക്കാർ അതികാരത്തിലേറും മുമ്പുള്ള ഭരണകൂടങ്ങൾ യൂറോപ്യൻ യൂണിയന്റെയും ഐ എം എഫി ന്റെയും സാമ്പത്തിക അജണ്ടയാണ്   നടപ്പിലാക്കിയത്. ഗ്രീസിനെ സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കര കയറ്റാനെന്ന വ്യാജേന നടപ്പിലാക്കിയ  പരിഷ്ക്കാരങ്ങളിലൂടെ   ജനക്ഷേമ പദ്ധതികള്‍ വ്യാപകമായി വെട്ടിച്ചുരുക്കി. പെൻഷൻ തുകകൾ 45% വെട്ടിക്കുറച്ചു. ശരാശരി വേതനം 40 % കുറച്ചു.   ഗ്രീക്ക് പൂര്ണമായും തകർന്നടിഞ്ഞു. സമ്പന്നർ കൂടുതൽ സമ്പന്നരാകുകയും മധ്യവര്ഗവും സമൂഹത്തിനു താഴെകിടയിലുള്ളവരും കൂടുതൽ ദാരിദ്രവൽക്കരിക്കപ്പെടുകയും ചെയ്തു. തൊഴിലില്ലായ്മ രൂക്ഷമായി, ചെറുപ്പക്കാരിൽ 60 % വും തൊഴിൽ രഹിതരായി. വികസിത രാജ്യങ്ങളിൽ ഒരിക്കലും സംഭവിക്കാൻ ഇടയില്ലാത്ത തരത്തിൽ ആത്മഹത്യകൾ വർദ്ധിച്ചു.  2010 നും 2012 നും  ഇടക്കുള്ള രണ്ടു വർഷങ്ങളിൽ മാത്രം  ഗ്രീസിലെ ആത്മഹത്യ നിരക്ക് 35% വർദ്ധിച്ചതായി ലോകത്തിലെ  തന്നെ മികച്ച  പ്രസിദ്ധീകരണമായ ബി എം ജെ ജേർണൽ നടത്തിയ പഠനത്തിൽ തെളിഞ്ഞു.

ഗ്രീസ് മാത്രമല്ല യൂറോപ്പിലെ പല രാജ്യങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ തന്നെയാണ്  . പോർച്ചുഗലും ഇറ്റലിയും സ്പൈനും സാമ്പത്തിക തകർച്ചയിലാണ്.   ഈ രാജ്യങ്ങളിൽ എല്ലാം തന്നെ ശക്തമായ തൊഴിലാളി പ്രക്ഷോഭങ്ങളും നിലവിലെ വ്യവസ്ഥക്ക്  ബദലായുള്ള സാമ്പത്തിക ക്രമത്തിനുള്ള  ആവശ്യവും ഉയരുന്നുണ്ട്. ബ്രിട്ടനിലെയും    സ്കോട്ട്ലാൻഡിലെയും  സ്ഥിതിയും വ്യത്യസ്തമല്ല.  ജനക്ഷേമ പദ്ധതികള്‍ വെട്ടിച്ചുരുക്കുന്ന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ലണ്ടനിലും സ്കോട്ട്ലാൻഡിലും വൻ  പ്രതിഷേധമാണ് അരങ്ങേറുന്നത്.  

2015   ജൂണ്‍ 20 നു ക്വീന്‍ വിക്ടോറിയ വീഥിയിലെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പരിസരത്തു നിന്നും രണ്ടര ലക്ഷം പ്രതിഷേധക്കാര്‍ ലണ്ടന്‍ നഗരം ചുറ്റി ബ്രിട്ടീഷ്‌ പാര്‍ലമെന്റ് ചതുരത്തിലേക്ക് മാര്‍ച്ച് ചെയ്തു. ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കുന്ന സര്‍ക്കാരിനെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായി ക്യാമ്പയിന്‍ നടത്തിവരുന്ന പീപിള്‍സ് അസംബ്ലിയുടെ നേതൃത്വത്തിലാണ് സമരം. സമാനമായ പ്രക്ഷോഭ സമരം സ്കോട്ട്ലാൻഡിന്റെതലസ്ഥാന നഗരമായ ഗ്ലാസ്ഗോയിലും നടന്നു. പൊതു മേഖല സ്ഥാപനങ്ങള്‍ പൊളിച്ചടുക്കി ടോറി സര്‍ക്കാര്‍ രാജ്യത്തെ നശിപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പിലൂടെ ബ്രിട്ടനിൽ  വീണ്ടും അധികാരത്തിലേറിയ സര്‍ക്കാരിനെതിരെ ആദ്യമായാണ് ഇത്രയും വലിയ പ്രതിഷേധ റാലി സംഘടിപ്പിക്കപ്പെട്ടത്. പൊതു മേഖല സ്ഥാപനങ്ങളിൽ നിന്നും ജീവനക്കാരെ പിരിച്ചുവിടുന്നതിനും  വേതനം വെട്ടിച്ചുരുക്കുന്നതിനും സ്വകാര്യ വല്‍ക്കരണത്തിനും എതിരെ ഗ്ലാസ്ഗോ സിറ്റി കൗണ്‍സില്‍, ലണ്ടനിലെ ബാര്‍ണറ്റ് കൗണ്‍സില്‍ എന്നിവയിലടക്കം ബ്രിട്ടനിലെ പല പൊതുമേഖല സ്ഥാപനങ്ങളിലും പണിമുടക്ക് സമരം നടക്കുന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധ റാലി നടന്നത് .

യൂറോപ്പിലെ പൊതുമേഖല സ്ഥാപനങ്ങളെ  അമേരിക്കയിലെ വന്‍കിട സ്ഥാപനങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ സഹായിക്കുന്ന, കോര്പരെയ്റ്റ് മൂലധനത്തിന്റെ ഒഴുക്ക് വീണ്ടും ശ്കതിപ്പെടുത്താൻ കഴിയുന്ന തരത്തിൽ ട്രാന്‍സ്  അറ്റ്‌ലാന്റിക് വ്യാപാരവും നിക്ഷേപ പങ്കാളിത്തവും (Transatlantic Trade and Investment Partnership TTIP) കരാറില്‍ ഒപ്പ് വക്കാനുള്ള ശ്രമങ്ങളും യൂറോപ്യൻ യൂണിയൻ നേതാക്കൾ തുടങ്ങി. ഇതിനെതിരെ യൂറോപ്പിലാകമാനം പ്രക്ഷോഭങ്ങൾ നടന്നു.  അംഗരാജ്യങ്ങളില്‍ നിന്ന് തന്നെയുള്ള ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന്  ഈ   കരാറില്‍ മേലുള്ള തുടര്‍ ചര്‍ച്ചകള്‍ ഇപ്പോള്‍ നിര്‍ത്തിവച്ചിരിക്കയാണ്.

ഇതിന്റെയെല്ലാം ഫലമായി യൂറോപ്പിൽ പൊതുവെ സോഷ്യലിസ്റ്റ്‌ വ്യവസ്ഥിതിക്കു അനുകൂലമായ രാഷ്ട്രീയ സാമ്പത്തിക സാഹചര്യം രൂപപ്പെട്ടു വരുന്നു എന്നതാണ് യൂറോപ്യൻ യൂനിയൻ നേതാക്കളെ അല്ലട്ടുന്ന ഏറ്റവും വലിയ രാഷ്ട്രീയ  പ്രശനം. യൂറോപ്യൻ പാർലമെന്റിനകത്ത്  ഇപ്പോൾ തന്നെ ശക്തമായ ഒരു സോഷ്യലിസ്റ്റ്‌ ബ്ലോക്ക്‌ ഉണ്ട്. അവരുടെ ശക്തി അനുദിനം    വര്‍ദ്ധിച്ചു വരികയുമാണ്‌.

രാഷ്ട്രീയ പകപോക്കലാണ് ഗ്രീസിനുള്ള അടിയന്തിര സാമ്പത്തിക സഹായം തടഞ്ഞുവച്ചുകൊണ്ട് യൂറോപ്യൻ നേതാക്കൾ നട ത്തിയത്. തങ്ങളുടെ ചൊല്പ്പടിക്കു നിലക്കാത്ത രാജ്യങ്ങളെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയും ലോക വ്യാപാരത്തിൽ ഒറ്റെപെടുത്തിയും തകർക്കുക എന്നത് യൂറോപ്യൻ സാമ്രാജ്യത്വ ശക്തികൾ പണ്ടേ മുതൽക്കു തുടരുന്ന രീതിയാണ്. റഷ്യൻ വിപ്ലവത്തിന് ശേഷം യു എസ എസ ആറിനെതിരെ ഈ തന്ത്രം വിജയകരമായി പയറ്റി. റഷ്യക്കെതിരെയുള്ള ഉപരോധം  ഉക്രയിനെ പിളർത്തിക്കൊണ്ടു ഇപ്പോഴും തുടരുന്നു.

ഈ തന്ത്രമാണ് ഗ്രീസിനെതിരെയും ഇ യു നേതാക്കൾപ്രയോഗിച്ചത്‌  . പക്ഷേ യൂറോപ്പിലെ പൊതുവേയുള്ള രാഷ്ട്രീയ സാഹചര്യം യൂറോപ്യൻ നേതാക്കൾക്ക് അനുകൂലമമായിരുന്നില്ല, ഇപ്പോഴുമല്ല. ഗ്രീസിന്   ഐക്യദാര്‍ഡ്യം    പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രക്ഷോഭങ്ങൾ യൂറോപ്പിന്റെ എല്ലാ രാജ്യങ്ങളിലും  നടന്നു. ബെൽജിയം പാർലമെന്റിൽ ഗ്രീസിന് പിന്തുണ പ്രഖ്യാപിച്ചു യൂറോപ്യൻ യൂണിയനെ വിമര്ശിച്ച പ്രസംഗിച്ച എം പി യുടെ മൈക്ക് ഓഫാക്കുന്ന സംഭവം പോലും  നടക്കുകയുണ്ടായി. 2015  ജൂലൈ 4, 5 തിയതികളിൽ യൂറോപ്പിന്റെ പല നഗരങ്ങളിലും ഗ്രീസിന് ഐക്യ ദാര്ദ്യം പ്രകടിപ്പിച്ചു വൻ  പ്രക്ഷോഭങ്ങള്‍  സംഘടിപ്പിക്കപ്പെട്ടു. ബ്രിട്ടനിലെ ബ്രിസ്റ്റോൾ, എഡിൻബറ, ലീഡ്സ്, ലിവർപൂൾ,  ലണ്ടൻ  എന്നീ നഗരങ്ങളിൽ മാത്രം പതിനായിരങ്ങൾ അണിനിരന്നു.

യൂറോപ്യൻ യൂണിയന്റെ വെറും രണ്ടു ശതമാനം മാത്രം ജനസംഖ്യയുള്ള ഗ്രീസിന്റെ സാമ്പത്തിക പ്രതിസന്ധി ഫലപ്രദമായി പരിഹരിക്കാൻ കഴിയുന്നില്ലെങ്കിൽ താരതമെന്യേ അതിലും വലിയ കട  ബാധ്യതയുള്ള  രാജ്യങ്ങളായ സ്പെയിനെനിറെയും ഇറ്റലിയുടെയും പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാൻ കഴിയും എന്നുള്ള സംശയവും പല കോണുകളിൽ നിന്നും ഉയര്ന്നു.  സ്പെയിനിന്റെയും ഇറ്റലിയുടെയും മാത്രം സാമ്പത്തിക ബാധ്യത ഒരു ട്രില്യൻ (1,000,000,000,000 = one trillion)  യൂറോയാണ്.

യൂറോപ്യൻ യൂണിയന്റെ വ്യസ്ഥകൾക്ക് വിധേയമാകുന്നത് ഗ്രീസിലെ ജനങ്ങൾക്ക്‌ ഗുണപ്രദമാകുമെന്നും എന്നാൽ ഗ്രീക്ക്  പ്രധാനമന്ത്രി അനുകൂലിക്കാത്തത് കൊണ്ടാണ് ഈ പ്രതിസന്ധിയെന്നുമുള്ള കുപ്രചാരണം നടത്തി ഇടതുപക്ഷ പുരോഗമന  പ്രസ്ഥാനത്തെ തകർക്കാനും   ഗ്രീസ് പ്രധാനമന്ത്രിയെ  ജനങ്ങളിൽ നിന്ന്   ഒറ്റപ്പെടുത്താനുമുള്ള ശ്രമങ്ങള്‍    യൂറോപ്യൻ യൂനിയൻ നടത്തി. വിഘടിപ്പിച്ചു ഭരിക്കാനും   ഒരു രാജ്യത്തിലെ ജനങ്ങളെ തമ്മിൽ അടിപ്പിച്ചു വലതുപക്ഷ ശക്തികൾക്കു അധികാരത്തിൽ തുടരാനുള്ള രാഷ്ട്രീയ സാഹചര്യം ഒരുക്കുന്ന കാര്യത്തിലും  സാമ്രാജ്യത്വ  ശക്തികൾ വളരെ  സമര്‍ത്ഥരാണ്. യൂറോപ്യൻ യൂണിയനിലെ പ്രമുഖ രാഷ്ട്രങ്ങളുടെ നേതാക്കൾ എല്ലാം തന്നെ സിപ്രാസിനെ വിമർശിച്ചുകൊണ്ടുള്ള പ്രസ്താവനകൾ    നടത്തി.

ഈ സാഹചര്യത്തിലാണ് ജനക്ഷേമ പദ്ധതികൾ വെട്ടിച്ചുരുക്കുന്ന സാമ്പത്തിക പരിഷ്ക്കാരങ്ങൾ നടപ്പിലാക്കാൻ വ്യവസ്ഥയുള്ള യൂറോപ്യൻ യൂണിയന്റെ  സാമ്പത്തിക സഹായം സ്വീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം ഗ്രീസിലെ ജനങ്ങൾക്ക്‌ വിട്ടു കൊടുക്കുന്ന ജനഹിതപരിശോധന നടത്താൻ  ഗ്രീക്ക് സർക്കാർ തീരുമാനിച്ചത്. ഈ തിരഞ്ഞെടുപ്പിനെയും  അനുചിതമായി സ്വധീനിക്കാനുള്ള ശ്രമങ്ങൾ  യൂറോപ്യൻ നേതാക്കൾ പ്രത്യക്ഷമായി തന്നെ നടത്തി.  ജനദ്രോഹ സാമ്പത്തിക പാകെയ്ജിനു വിരുദ്ധമായി വോട്ടു രേഖപ്പെടുത്തിയാൽ അത് ഗ്രീക്കിന്  യൂറോപ്യൻ യൂണിയന് പുറത്തേക്കുള്ള വോട്ടു രേഖപ്പെടുത്തലാകും എന്ന് നേതാക്കൾ ബീഷണിപ്പെടുത്തി.

 "1957 ൽ ഉണ്ടാക്കിയ ഈ യു ഉടമ്പടിക്ക് ശേഷം ഏറ്റവും വലിയ പ്രതിസന്ധിയിലെക്കാണ്  യൂറോപ്യൻ യൂണിയനെ ഗ്രീക്ക് തള്ളി വിട്ടതെന്ന്" ജർമ്മനിയുടെ അന്നത്തെ  വൈസ് ചാൻസലർ സിഗ്മാർ ഗബ്രിയേൽ  നടത്തിയ പ്രസ്താവനയിൽ പറഞ്ഞു. ഫ്രഞ്ചു പ്രസിഡണ്ട്‌  ഫ്രാൻസ്വാ ഹോളണ്ടും സമാനമായ പ്രസ്താവന നടത്തി,  സാമ്പത്തിക പാക്കേജിനു   വിരുദ്ധമായി വോട്ടു ചെയ്താൽ ഗ്രീസിന് യൂറോപ്യൻ യൂണിയന് പുറത്തു പോകേണ്ടിവരുമെന്നു പറഞ്ഞു. യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ്‌ ജീൻ ക്ലൌഡ് ജന്കർ തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പത്രസമ്മേളനം നടത്തിക്കൊണ്ടു  ഇതേ അഭിപ്രായം തന്നെ രേഖപ്പെടുത്തി. സാമ്പത്തിക സഹായ വാഗ്ദാനം  അനിശ്ചിതത്തിലാക്കി  ഗ്രീസിലെ ജനങ്ങളെ പരസ്പരം  തല്ലിച്ച് ആ രാജ്യത്തെതന്നെ ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളിവിടുന്ന അതീവ ഗുരുതരമായ രാജ്യദ്രോഹ കുറ്റമാണ് യൂറോപ്യൻ നേതാക്കൾ  ചെയ്തത്.

ഇ യു വിന്റെ സമർദ്ദത്തിനു മുന്നിൽ ഗ്രീക്ക് ഭരണകൂടം ഒരിഞ്ചു പോലും തല കുനിച്ചില്ല. ഗ്രീക്കിൽ നടക്കുന്ന ഹിതപരിശോധനക്ക് യൂറോപ്യൻ യൂണിയനിൽ നിന്നും വിട്ടുപോകാനുള്ള തീരുമാനവുമായി യാതൊരു ബന്ധവും   ഇല്ലെന്നും ഗ്രീക്കിലെ ജനങ്ങളിൽ ഭീതി പരത്തി ജനഹിത പരിശോധന തങ്ങൾക്കു അനുകൂലമാക്കാൻ നടത്തുന്ന ഇ യു നേതാക്കളുടെ   ശ്രമങ്ങൾ  തീവ്രവാദ പ്രവര്‍ത്തനമാണെന്നും   ഗ്രീക്ക് ഫിനാൻസ് മിനിസ്റ്റർ തിരിച്ചടിച്ചു. ഉപാധികളോടെയുള്ള സാമ്പത്തിക സഹായം  സ്വീകരിക്കുന്നതിനെക്കൾ  ഭേദം തന്റെ  കൈകൾ തന്നെ വെട്ടി മാറ്റുന്ന  പ്രവര്‍ത്തിയാകും  താൻ ചെയ്യുക എന്ന താക്കീതും ധനകാര്യ മന്ത്രി  നല്കി. ജൂലൈ 4 നു നടന്ന ജനഹിത പരിശോധന വെറും സാമ്പത്തിക  പാക്കേജിനു  വേണ്ടിയുള്ളതല്ല, മറിച്ചു സാമ്രാജ്യത്വ   ശക്തിക്കള്‍ക്കെതിരെ ഗ്രീസിലെ തൊഴിലാളി വര്ഗം നടത്തുന്ന വർഗ സമരമാണ് എന്ന് പ്രഖ്യാപിച്ചു കൊണ്ടാണ് സോഷ്യലിസ്റ്റ്‌ പാർടി ജനഹിത പരിശോധന പ്രഖ്യാപിച്ചത്.

തങ്ങളുടെ ഇതുവരെയുള്ള കടങ്ങൾ എല്ലാം തന്നെ എഴുതി തള്ളണമെന്നും  ഗ്രീസ് പ്രധാനമന്ത്രി വാദിച്ചു.  ഈ വാദത്തിനു  ഒരു സാമ്പത്തിക ശാസ്ത്രമുണ്ട് . യൂറോപ്യൻ യൂണിയന്റെ ഉപാധികളനുസരിച്ചു ഗ്രീസിന്  അതുവരെ ലഭിച്ച സാമ്പത്തിക സഹായത്തിന്റെ വെറും   11 % മാത്രമാണ് സാധാരണ ജനങ്ങളിലേക്കും സർക്കാരിനും ലഭിച്ചത്.  ബാക്കിയുള്ളതെല്ലാം മുൻ സർക്കാരിന്റെ കാലത്ത് സ്വകാര്യ ബാങ്കുകൾക്കും  മറ്റു ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്കുമാണ് നല്‍കപ്പെട്ടത്‌.   സമ്പന്ന വര്ഗത്തിന്റെ മാത്രം താല്പര്യം സംരക്ഷിക്കുന്ന സ്വകാര്യ ബാങ്കുകൾക്ക് നല്കിയ സാമ്പത്തിക സഹായം തിരിച്ചടക്കാൻ കഴിയില്ലെന്ന വാദവും ഗ്രീക്ക് സർക്കാർ ഉയര്‍ത്തി.

ഈ സാഹചര്യത്തിൽ ഗ്രീസിലെ ജനങ്ങൾ ജനാധിപത്യ രീതിയിലൂടെ തിരഞ്ഞെടുത്ത സോഷ്യലിസ്റ്റ്‌ സർക്കാർ യൂറോപ്പിനെ ബാധിക്കുന്ന സോഷ്യലിസ്റ്റ്‌ തരംഗമായി മാറുമെന്ന ഭയപ്പാടിലായിരുന്നു   ഇ യു നേതാക്കൾ.  അതുകൊണ്ടാണ്  ഗ്രീസിലെ സോഷ്യലിസ്റ്റ്‌   താരോദയത്തെ  മുളയിൽ തന്നെ നുള്ളിക്കളയാൻ  ശ്രമിച്ചത്. ഈ മുന്നേറ്റത്തെ തകര്ക്കാനുള്ള യൂറോപ്യൻ യൂണിയന്റെ ഒറ്റക്കെട്ടായ ശ്രമമാണ് നടന്നത്.    ഇതാണ് ഗ്രീസ് പ്രതിസന്ധിയുടെ സാമ്പത്തിക രാഷ്ട്രീയ പ്രത്യയ ശാസ്ത്രം.
 
ജനങ്ങള്‍ തള്ളിക്കളഞ്ഞിട്ടും, തന്റെ രാഷ്ട്രീയ സാമ്പത്തിക സിദ്ധാന്തങ്ങള്‍ക്ക്   എതിരായിട്ടുപോലും  സിപ്രാസ് സർക്കാര്‍  യൂറോപ്യൻ യൂണിയന് കീഴടങ്ങി.   ഇ യു    അധികാരികളുമായി 2015 ജൂലൈ 13 ന് ഒരു കരാറിലെത്തി, വോട്ടർമാർ  നിരസിച്ചതിനേക്കാൾ ജനക്ഷേമ വിരുദ്ധ  വ്യവസ്ഥകളോടെ.  അതിന്റെ പ്രധാന കാരണം യൂറോപ്യന്‍ യൂണിയന്റെ പൊതു നാണയമായ യൂറോയില്‍ അംഗമായതിനാല്‍ ഗ്രീക്കിനു സ്വന്തമായി സാമ്പത്തിക/ ബാങ്കിംഗ് നയം രൂപീകരിക്കാന്‍ കഴിയില്ല എന്നതായിരുന്നു.

സാമ്പത്തിക മാന്ദ്യം ഉണ്ടാകുമ്പോള്‍  പണം പ്രിന്റ്‌ ചെയ്തോ കടമെടുത്തോ കൂടുതല്‍ പണം സമ്പദ് വ്യവസ്ഥയിലേക്കു കടത്തിവിട്ടു ജനങ്ങളുടെ ക്രയവിക്രയ ശേഷി വര്‍ദ്ധിപ്പിക്കണം.  അതിനു വലിയ തോതിലുള്ള ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കേണ്ടതുണ്ട്. എന്നാല്‍ ഇ യു വിന്റെ സാമ്പത്തിക നയം കോർപ്പറേറ്റ്  പ്രീണനമായതിനാല്‍ അവരുടെ വര്‍ഗ താല്പര്യങ്ങള്‍ സംരംക്ഷിക്കുന്ന നയമാണ്‌ ഗ്രീസിന്റെ മേല്‍ അടിച്ചേല്‍പ്പിച്ചത്.  യൂറോപ്യന്‍ യൂണിയനില്‍ നിന്നും യൂറോ നാണയത്തില്‍ നിന്നും പുറത്തു വന്നു ഒറ്റയ്ക്ക് ഭരിക്കുവാനുള്ള സാമ്പത്തിക ശേഷി ഇതിനകം തന്നെ ഗ്രീക്കിനു നഷ്ട്ടപ്പെട്ടിരുന്നു. അതിനാല്‍, തന്റെ രാജ്യത്തിന്റെ  താല്‍പ്പര്യങ്ങള്‍ക്ക്  വിരുദ്ധമായിട്ടു പോലും ഗ്രീക്കിലെ സിപ്രാസ് സർക്കാരിനു യൂറോപ്യൻ യൂണിയന്റെ  മുന്നില്‍ നിരുപാധികം കീഴടങ്ങേണ്ടി വന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top