20 April Tuesday

ബ്രെക്‌സിറ്റ് മറയില്‍ ജനവിരുദ്ധ ഭരണം ...പരമ്പര തുടരുന്നു

തോമസ്‌ പുത്തിരിUpdated: Monday Feb 1, 2021

2010 ല്‍ അധികാരത്തിലേറിയ ഡേവിഡ്‌ കാമറൂണ്‍ സര്‍ക്കാരിന്റെ കാലത്ത് ബ്രെ‌ക്‌സിറ്റ് നടപടികള്‍ ഭരണപക്ഷ എം പി മാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. പ്രധാന കാരണം ഇതിനുമുന്‍കൈ എടുത്തത് സര്‍ക്കാര്‍ ആയിരുന്നില്ല മറിച്ച് ഭരണപക്ഷത്തുള്ള എം പി മാര്‍ പ്രൈവറ്റ് ബില്‍ ആയിട്ടാണ് ഈ നിയമ നിര്‍മ്മാണം കൊണ്ടുവന്നത് എന്നതായിരുന്നു.

പാര്‍ലമെന്റിനു അകത്തും പുറത്തും രാജ്യം ബ്രെക്സിറ്റിന്റെ പേരില്‍ രണ്ടായി പിരിഞ്ഞപ്പോള്‍, വിഭജിച്ചു ഭരിക്കുക എന്ന തന്ത്രത്തില്‍ പ്രധാനമന്ത്രി കാമറൂണ്‍ ബ്രിട്ടനിലെ വരേണ്യവര്‍ഗത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഭരണപരിഷ്കാരങ്ങള്‍ ഒന്നൊന്നായി നടപ്പിലാക്കി. അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ ജനക്ഷേമ പദ്ധതികള്‍ വെട്ടിക്കുറച്ചു. പൊതു മേഖല സേവനങ്ങള്‍ പലതും തന്റെ ആശ്രിതര്‍ നയിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തീറെഴുതി. സര്‍ക്കാരിന്റെ ആരോഗ്യമേഖലയില്‍ നിന്നുമാത്രം ഒരു വര്‍ഷത്തിനകം അമ്പതിനായിരം കോടി രൂപയുടെ സേവനങ്ങള്‍ സ്വകാര്യ മേഖലക്ക് വില്‍ക്കുവാനായി ലേലത്തില്‍ വിട്ടു.

ആരോഗ്യ മേഖലയിലെ ഫണ്ടിംഗ് ഗണ്യമായി കുറച്ചു എന്ന് മാത്രമല്ല, നേഴ്സ്മാര്‍ അടക്കമുള്ള നിരവധി പേര്‍ക്ക് വര്ഷം തോറും നല്‍കിവന്നിരുന്ന ശമ്പളവര്‍ധനവ് നിര്‍ത്തലാക്കി. ആരോഗ്യമേഖലക്കുള്ള പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് രാജ്യത്താകമാനമുള്ള ഹോസ്പിട്ടലുകള്‍ പല ആരോഗ്യസേവനങ്ങളും വെട്ടിച്ചുരുക്കി. ഇതേതുടര്‍ന്ന് ഗുരുതരമായ ശസ്ത്രക്രിയ വേണ്ടിവരുന്നവര്‍ക്ക് പോലും മാസങ്ങളോളം കാത്തിരിക്കേണ്ടിവന്നു. ബ്രിട്ടന്റെ ചരിത്രത്തില്‍ ആദ്യമായി നേഴ്സ്മാര്‍ സമരത്തിനിറങ്ങി.

കിടപ്പാടമില്ലാതെ ബ്രിട്ടന്റെ തെരുവകളില്‍ ജീവിതം തള്ളിനീക്കുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചുവന്നു. ദാരിദ്ര്യം ബ്രിട്ടനില്‍ പതുക്കെ പതുക്കെ ഒരു കാന്‍സര്‍ രോഗം പോലെ പടര്‍ന്നു. ബ്രിട്ടനിലെ ഏറ്റവും വലിയ ചാരിറ്റിസ്ഥാപനമായ ദി ട്രസ്സല്‍ ട്രസ്റ്റ്‌ ഇതുമായി ബന്ധപ്പെട്ട് പല ഞെട്ടിക്കുന്ന സ്ഥിതിവിവരക്കണക്കുകളും പുറത്തുവിട്ടു. ഒരു വര്‍ഷത്തില്‍ ഒരു നേരത്തെ ഭക്ഷണത്തിനു വകയില്ലാതെ 10 ലക്ഷം പേര്‍ ഭക്ഷണത്തിനു വേണ്ടി തങ്ങളെ സമീപിച്ചുവെന്നു കണക്കുകള്‍ നിരത്തി ഇവര്‍ വ്യക്തമാക്കി. 9,13,138 സൗജന്യ ഭക്ഷണകിറ്റുകളാണ് ഈ ട്രസ്റ്റ്‌ ഒരു വര്‍ഷത്തില്‍ മാത്രം വിതരണം ചെയ്തത്.

രാവിലെ ഭക്ഷണം കഴിക്കാനില്ലാതെ പട്ടിണികിടന്നു സ്കൂളുകളിലേക്ക് വരുന്ന കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ്‌ ഉണ്ടായിട്ടുണ്ടെന്ന് ചയില്‍ഡ് പൊവെര്‍റ്റി ആക്ഷന്‍ ഗ്രൂപിന്റെ പഠനങ്ങളെ ആസ്പദമാക്കി അധ്യാപക സംഘടന പുറത്തിറക്കിയ മാനിഫെസ്ടോയില്‍ വ്യക്തമാക്കി.

തൊഴില്‍ രംഗത്ത് കരിനിയമങ്ങള്‍ നടപ്പാക്കി. ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുവാനും പ്രതിഷേധിക്കുവാനും ഉള്ള നിയമങ്ങളില്‍ വെള്ളം ചേര്‍ത്തു അവകാശപോരാട്ടങ്ങള്‍ക്ക് കടിഞ്ഞാണിട്ടു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ക്ക് ഉന്നത പഠനത്തിനു നല്‍കിയിരുന്ന ഫണ്ടിങ്ങ് വെട്ടിക്കുറച്ചു. സമരം അധ്യാപക, പ്രാദേശിക കൌണ്‍സില്‍ സ്ഥാപങ്ങനളിലേക്ക് കൂടി വ്യാപിച്ചു.

തൊഴിലില്ലായ്മ പെരുകുകയും ജനജീവിതം ദുസ്സഹമാകാനും തുടങ്ങിയതോടെ അതിന്റെ കാരണം കുടിയേറ്റക്കാരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതുകൊണ്ടാണെന്നുള്ള പ്രചാരണം ശക്തമാക്കി. കുത്തക മാധ്യമങ്ങള്‍ ആയ ദി സണ്‍ , ഡെയിലി മെയില്‍ തുടങ്ങിയ പത്രങ്ങള്‍ കുടിയേറ്റ വിരുദ്ധ വാര്‍ത്തകളുടെ പരമ്പരകള്‍ തന്നെ ആരംഭിച്ചു. ബ്രിട്ടന്റെ തെരുവുകളില്‍ ന്യൂന പക്ഷങ്ങൾക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചുവന്നു. അതിതീവ്ര ദേശീയതക്ക് വഴിയൊരുക്കിയ ഈ പ്രചാരണം ബ്രിട്ടന്റെ രാഷ്ട്രീയ രംഗത്ത് ഒരു മഹാവിസ്ഫോടനത്തിനു കാരണമായി.

ബ്രെ‌ക്‌സി‌റ്റും യുകിപ്പും

ബ്രിട്ടന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി മാത്രം ബ്രിട്ടനില്‍ ഒരു രാഷ്ട്രീയ പാര്‍ടി രൂപീകരിക്കപ്പെട്ടിരുന്നു എന്ന് പറഞ്ഞാല്‍ ഒരു പക്ഷെ പലര്‍ക്കും അതത്ര വിശ്വസനീയമാകണമെന്നില്ല. ബ്രെക്സിറ്റിന് വേണ്ടി രൂപീകരിക്കപ്പെട്ട ഈ പാര്‍ടിയാണ് ബ്രെക്സിറ്റിന്റെ നാള്‍വഴികളില്‍ ഏറ്റവും നിര്‍ണായകമായത്. യൂറോപ്യന്‍ യൂണിയന് കൂടുതല്‍ അധികാരം നല്‍കുന്ന 'മസ്സ്ട്രിക്ട് ഉടമ്പടി' ക്കെതിരെ പ്രചാരണം നടത്തുന്നതിന് വേണ്ടിയാണ് ലണ്ടന്‍ സ്കൂള്‍ ഓഫ് എക്ണോമിക്സിലെ അധ്യാപകന്‍ ആയ അലന്‍ സ്കെടിന്റെ നേതൃത്വത്തില്‍ 1991ല്‍ 'ആന്റി ഫെഡറലിസ്റ്റ് ലീഗ്' രൂപീകരിച്ചത്. എന്നാല്‍ പാര്‍ലമെന്റില്‍ മസ്സ്ട്രിക്ട് ഉടമ്പടി' പാസ്സായതോടെ ഈ സംഘടന പിരിച്ചുവിട്ടു ബ്രിട്ടനെ യൂറോപ്പില്‍ നിന്നും പൂര്‍ണമായി സ്വതന്ത്രമാക്കുക എന്ന ലക്ഷ്യത്തോടെ 1993ല്‍ യുനൈറ്റഡ്‌ കിങ്ങ്ഡം ഇന്റിപെന്റന്റ്റ് (ഡഗകജ - യുകിപ്) പാര്‍ടി രൂപീകരിച്ചു.

രണ്ടു ദശാബ്ദത്തോളം പ്രവര്‍ത്തിച്ചിട്ടും ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഒരു സീറ്റ് പോലും വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റില്‍ ഒരു സ്വാധീന ശക്തിയായി വളരാന്‍ ഇവര്‍ക്ക് കഴിഞ്ഞു. 2010 വരെയുള്ള ബ്രിട്ടീഷ് തെരഞ്ഞെടുപ്പുകളില്‍ ഈ പാര്‍ട്ടിക്ക് ഒരിക്കല്‍ പോലും 3% ത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷെ, 2010ല്‍ ഡേവിഡ്‌ കാമറൂണ്‍ അധികാരത്തില്‍ ഏറിയതുമുതല്‍ യുകിപ് ബ്രിട്ടനില്‍ നിര്‍ണായക ശക്തിയായി മാറാന്‍ തുടങ്ങി.

കാമറൂണ്‍ സര്‍ക്കാരിന്റെ ഭരണപരാജയങ്ങളും അത് മറയ്ക്കുന്നതിനു വേണ്ടി നടത്തിയ കുടിയേറ്റ വിരുദ്ധ പ്രചാരണങ്ങളും യുകിപ്പിന്റെ വളര്‍ച്ചക്ക് വേഗത കൂട്ടി. ഇതില്‍ ഏറ്റവും നിര്‍ണായമായത് 2014 ല്‍ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിലേക്കുള്ള ബ്രിട്ടീഷ് തെരഞ്ഞെടുപ്പാണ്. തീവ്രദേശീയവാദിയായ നൈജല്‍ ഫരാജിന്റെ നേതൃത്വത്തില്‍ ഇ യു തരഞ്ഞെടുപ്പിനെ നേരിട്ട യുകിപ് പാര്‍ടി ബ്രിട്ടന്റെ 100 വര്‍ഷത്തെ രാഷ്ട്രീയ ചരിത്രം മാറ്റിക്കുറിച്ചു. പ്രധാന ഭരണപ്രതിപക്ഷ പാര്‍ടികളെ പിറകിലാക്കി 27% വോട്ടു നേടികൊണ്ട് യുകിപ് ഏറ്റവും വലിയ പാര്‍ടിയായി . പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണിന്റെ ടോറി പാര്‍ടി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

ഇതേതുടര്‍ന്ന് ഭരണത്തില്‍ പങ്കാളിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ടി അടുത്ത തിരഞ്ഞെടുപ്പില്‍ മുന്നണി വിടാനുള്ള നീക്കങ്ങള്‍ നടത്തി. ഗ്ലാസ്ഗോയില്‍ നടന്ന ദേശീയ സമ്മേളനത്തില്‍ ഭരണത്തിലെ സഖ്യകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ടി പ്രധാനമന്ത്രിയുടെ സാമ്പത്തിക പരിഷ്ക്കാരങ്ങളെ തള്ളിപ്പറഞ്ഞു. ഡേവിഡ്‌ കാമറൂണിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് ലിബ്ഡം നേതാവും ഉപപ്രധാനമന്ത്രിയുമായ നിക്ക് ക്ലെഗ്ഗ് പാര്‍ടി കോണ്‍ഫറന്‍സിന് തുടക്കമിട്ടത്. അടുത്തവര്ഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ കണ്‍സര്‍വെറ്റീവ് പാര്‍ടി വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ കാമറൂണ്‍ സര്‍ക്കാര്‍ ബ്രിട്ടനെ ഭിന്നിപ്പിച്ചു ചിന്നഭിന്നമാക്കുമെന്നും അതിനാല്‍ അവരുടെ വിജയം 'പല്ലും നഖവും' ഉപയോഗിച്ചു ചെറുക്കണമെന്നും നിക്ക് ക്ലെഗ്ഗ് സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ടോറി പാര്‍ട്ടിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു. 2015ല്‍ നടക്കാന്‍ പോകുന്ന പൊതു തെരഞ്ഞെടുപ്പില്‍ ടോറി പാര്‍ടി നിലംപരിശാകുമെന്നു അഭിപ്രായ സര്‍വ്വേകള്‍ പ്രവചിച്ചു. ഇതേതുടര്‍ന്ന് ടോറി പാര്‍ടിയില്‍ ബ്രെക്‌സിറ്റ് വിരുദ്ധര്‍ പിടിമുറുക്കി. തനിക്കെതിരെ പാര്‍ടിക്കകത്ത് കുരിശുയുദ്ധം നടത്തുന്നവരെയും, പാര്‍ട്ടിക്ക് പുറത്തു ഏറ്റവും വലിയ ഭീഷണിയായി വളരുന്ന യൂകിപ്പിനെയും തകര്‍ക്കാന്‍ ഡേവിഡ്‌ കാമറൂണിന് ഒരു രാഷ്ട്രീയ തന്ത്രം ആവശ്യമായി വന്നു. അങ്ങനെ ഹൗസ് ഓഫ് ലോര്‍ഡ്സില്‍ അകാല ചരമം പ്രാപിച്ച ബ്രെക്സിറ്റ് വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു. ഡേവിഡ്‌ കാമറൂണ്‍ വ്യക്തിപരമായി ബ്രെക്‌സിറ്റിന് എതിരായിരുന്നു. ഇ യു വില്‍ നിന്നുകൊണ്ട് തന്നെ, കൂടുതല്‍ അധികാരങ്ങള്‍ ബ്രിട്ടനിലേക്ക് തിരിച്ചുപിടിക്കണം എന്നതായിരുന്നു അദേഹത്തിന്റെ രാഷ്ട്രീയം. എന്നിരുന്നാലും ബ്രെക്‌സിറ്റിനെ വരുന്ന തിരഞ്ഞെടുപ്പില്‍ പ്രധാന രാഷ്ട്രീയ ആയുധമാക്കാന്‍ അദ്ദേഹവും പാര്‍ട്ടിയും തീരുമാനിച്ചു. സ്വന്തം രാജ്യത്തെ നെടുകെ പിളർക്കുന്ന തീരുമാനവുമായി ഡേവിഡ് കാമറൂണ്‍ രണ്ടാമൂഴത്തിന് കച്ചമുറുക്കി. "തങ്ങൾ അധികാരത്തിൽ ഏറിയാൽ ബ്രെക്‌സിറ്റ് ജനഹിത പരിശോധന നടത്തുമെന്ന്" പ്രഖ്യാപിച്ചു, വ്യക്തിപരമായി ബ്രെക്സിറ്റിനു എതിരായിട്ടു പോലും! (തുടരും)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top