26 June Sunday

കലയുടെ കമ്പോളം: പ്രലോഭനമോ? അതിജീവനമോ? ബോസ് കൃഷ്ണമാചാരി / കവിത ബാലകൃഷ്ണൻ, അഭിമുഖം

ബോസ് കൃഷ്ണമാചാരി / കവിത ബാലകൃഷ്ണൻUpdated: Thursday Apr 14, 2022

ബോസ്‌ കൃഷ്‌ണമാചാരി- ഫോട്ടോ: ആനന്ദ്‌ കെ എസ്‌

എത്രയോ മികച്ച വര്‍ക്കുകള്‍ ചെയ്യുന്ന മലയാളികള്‍ ഇത്തരം രക്ഷാകര്‍തൃത്വം ഒന്നും കിട്ടാതെ തന്നെ ചുറ്റും കാണപ്പെടുന്നു. അവരെയൊക്കെ ഒരുമിച്ച് കൊണ്ടുവന്നുകൂടെ എന്ന ആലോചന അങ്ങനെയാണുണ്ടാകുന്നത്. അങ്ങനെയാണ് ഞാന്‍ കഴിഞ്ഞവർഷം അന്തരിച്ച മുതിർന്ന സുഹൃത്ത് സുഭാഷ് ചന്ദ്രനുമായി സംസാരിക്കുന്നത്‌. അദ്ദേഹം ജവഹർലാല്‍ നെഹ്റുവിന്റെ സെക്രട്ടറി ആയിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ഒടുവിൽ ‘മലയാളി ആർട്ടിസ്റ്റ്’ എന്നാൽ കലയുടെ സ്ഥാപനവൽക്കരണങ്ങളെ നഖശിഖാന്തം എതിർക്കുന്ന ഒരു പ്രത്യയശാസ്ത്ര വിപ്ലവകാരിയായി കാണപ്പെട്ട ആളാണ്. എന്നാൽ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കേരളത്തിന്റെ കലാലോകത്തെ മാറ്റിപ്പണിഞ്ഞുകൊണ്ടിരിക്കുന്ന പലതരം സാംസ്‌കാരിക ബലങ്ങളുണ്ട്. അതിലൊന്ന് കലാരംഗത്തും സാന്നിധ്യം ഉറപ്പിക്കുന്ന ലേറ്റ് കാപ്പിറ്റലിസ്റ്റ് സ്വഭാവങ്ങളുള്ള നവസ്ഥാപനവൽക്കരണങ്ങളാണ്; അതായത്, സ്വകാര്യ ആർട്ട് ഗാലറികൾ, മ്യൂസിയങ്ങൾ, ക്യൂറേറ്റഡ് പ്രദർശനങ്ങൾ, കലാവിദ്യാഭ്യാസപരമായ പുതിയ പരീക്ഷണസ്ഥാനങ്ങൾ തുടങ്ങിയവ. വിരുദ്ധദിശകളിൽ ചലിക്കുന്നതായി തോന്നുന്ന ഈ കലാലോകത്ത് പക്ഷേ, ആന്തരികമായ ചില തുടർച്ചകളുണ്ട്. ആധുനികാർഥത്തിലുള്ള ഒരു ‘കലാകാരസമൂഹം’ ഉണ്ടാകുക, അതിനു നിലനിൽക്കാൻ കഴിയുക എന്നത് പോലും കടുത്ത വെല്ലുവിളിയായി തുടരുന്നു.

ബോസ്‌ ഇമാമി ആർട്ട്‌ ഗാലറിയിൽ

ബോസ്‌ ഇമാമി ആർട്ട്‌ ഗാലറിയിൽ

സാംസ്‌കാരികമായ മൂലധനവും അധികാരവുമൊക്കെ അച്ചടിമാധ്യമ സാഹിത്യാദി മണ്ഡലങ്ങളിൽ സവർണ പുരുഷാധിപത്യ അഭിരുചികളോടെ മാത്രം കേന്ദ്രീകരിച്ച ഒരു ഭാഷാസമൂഹമാണ് മലയാളിയുടേത്. അത് കലയിലെ ആധുനികതയെ കപടമെന്ന് തള്ളിക്കളഞ്ഞു.

അക്കാദമിക് റിയലിസം അല്ലാതെയുള്ള ഏതൊരു കലാഭാഷയേയും അസ്വാഭാവികമെന്ന്‌ പ്രഥമദൃഷ്ട്യാ വിലയിരുത്തി. കലയുടെ സാമ്പത്തികവിനിമയമൂല്യം ചർച്ച ചെയ്യാൻ പ്രമാദ ന്യൂസ് റിപ്പോർട്ടുകളുടേതല്ലാത്ത ഒരു ഭാഷയില്ലാതാക്കി. എന്നിട്ടും കലയിലെ തങ്ങളുടെ സ്ഥാപനവിരുദ്ധമായ പ്രത്യയശാസ്ത്ര നിലപാടുകളും ജീവിതത്തിൽ തങ്ങളുടെ കലയ്‌ക്ക്‌ മഹത്വം കൊടുക്കുന്ന സ്ഥാപനരൂപങ്ങളുടെ പ്രയോഗവും തമ്മിൽ പലപ്പോഴും ഉള്ളതായി തോന്നുന്ന വൈരുധ്യത്തെ കൂസാതെ, കലാകാരന്മാരുടേതായ പ്രത്യേക പ്രവർത്തനങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോഴാണ്  ഇവിടെ ‘സമകാലിക കല’യുടെ ഒരു പുതുസമൂഹം രൂപപ്പെട്ടതും പ്രചരിച്ചതും. അതിന് ഇവിടെ ശക്തി പകരുന്നത് കലാരംഗത്തെ നവ സ്ഥാപനവൽക്കരണങ്ങളാണ്.  കേരളത്തിൽ കലാകാരന്മാരുടെ നിലനിൽപ്പിന്റെ ചരിത്രപരമായ വൈരുധ്യങ്ങൾ ഈ പ്രവണതകളിൽ ഉള്ളടങ്ങിയിരിക്കുന്നു. രണ്ടു ദിശകളിലും പലപ്പോഴും ഒരേ കലാകാരന്മാർ, പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദശകങ്ങളായി ഈ പരിണാമ ഘട്ടത്തിൽ വളരെ നിർണായകമായി പ്രവരത്തിച്ച ഒരു വ്യക്തിത്വമാണ് ബോസ് കൃഷ്‌ണമാചാരി. അദ്ദേഹവുമായി കലാകാരിയും കലാചരിത്ര ഗവേഷകയുമായ ഡോ. കവിത ബാലകൃഷ്‌ണൻ സംസാരിക്കുന്നു.

കവിത ബാലകൃഷ്‌ണന്‍: കേരളത്തില്‍ ജനിച്ചുവളരുകയോ, കലയും തൊഴിലും തേടി കേരളത്തിന് പുറത്തുപോകുകയോ, അങ്ങനെ ചെയ്ത മലയാളികളുടെ പില്‍ക്കാല തലമുറയായി പുറത്തു ജനിച്ചു ജീവിക്കുകയോ ഒക്കെ ചെയ്ത ‘മലയാളി കലാകാര’രുടെ കൃതികളാണ് ഈയടുത്ത് ആലപ്പുഴയില്‍ ബോസ് ക്യൂറേറ്റ് ചെയ്ത ‘ലോകമേ തറവാട്’ പ്രദര്‍ശനത്തില്‍ കണ്ടത്. ‘മലയാളിയുടെ കല’യുടെ ആശയപരമായ കാലികത എന്തെന്നതിനേക്കാള്‍ ഈ ക്യൂറേഷന്‍ കാണിക്കാന്‍ ശ്രമിച്ചിരിക്കുന്നത് ‘മലയാളി ആര്‍ട്ടിസ്റ്റു’കളുടെ ഒരു വൻലിസ്റ്റ് നിർമിക്കാനാണ്. കലാഭാഷകളുടെ ഒരു ശേഖരം തന്നെ കാണാന്‍ കഴിഞ്ഞു... 

ബോസ് കൃഷ്‌ണമാചാരി: എന്റെ ആദ്യത്തെ നടക്കാതെ പോയ ക്യൂററ്റോറിയല്‍ വര്‍ക്ക് 1997‐98 കാലത്തായിരുന്നു. പ്രശസ്ത ആർട്ടിസ്റ്റ് അക്ബര്‍ പദംസി എന്നോട് ഒരു ഷോ ക്യൂറേറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. എനിക്ക് അന്ന് അങ്ങനെയൊന്ന് ചെയ്യാന്‍ കെൽപ്പുണ്ടോയെന്ന് സംശയമായിരുന്നു. പക്ഷേ അദ്ദേഹം എന്നോട് പറഞ്ഞത്, ഈ നഗരത്തില്‍ നടക്കുന്നതെന്തെന്ന് മറ്റാരേക്കാളും നന്നായി നീ തന്നെയാണ് സൂക്ഷ്‌മമായി അറിയുന്നതെന്നാണ്. പക്ഷേ അങ്ങനെയൊരു പ്രദര്‍ശനം സംഘടിപ്പിക്കാനുള്ള പണം എന്റെ കൈയിലില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അക്കാര്യങ്ങൾക്കൊക്കെ വഴിയുണ്ടാക്കാം എന്ന്‌ അദ്ദേഹം മറുപടി പറഞ്ഞു. ആ പ്രദര്‍ശനത്തിലേക്ക് പങ്കെടുക്കാനായി ഞാന്‍ ഉദ്ദേശിക്കുന്നവരും ആഗ്രഹിക്കുന്നവരുമായ ആര്‍ട്ടിസ്റ്റുകളെ   മാഹിമിലുള്ള സ്റ്റുഡിയോയില്‍ വരുത്തി ഒരു ഫോട്ടോഷൂട്ട് ചെയ്തു.

അന്ന് ആര്‍ട്ടിസ്റ്റുകളുടെ ഫോട്ടോ എടുത്തത് മലേഷ്യയില്‍നിന്നും വന്ന് അന്ന് ജെ ജെയിൽ അപ്ലൈഡ് ആര്‍ട്ട് പഠിച്ചിരുന്ന വിനിയെന്ന ഒരു മലയാളി പയ്യനാണ്. ഒരു വുമണ്‍ ആര്‍ട്ടിസ്റ്റേ ഉണ്ടായിരുന്നുള്ളൂ. അവര്‍ അക്കാലത്ത് എന്റെ വിദ്യാര്‍ഥി എന്നോ സുഹൃത്തെന്നോ പറയാം.

ശിൽപ്പ ഗുപ്‌ത

ശിൽപ്പ ഗുപ്‌ത

ശില്‍പ്പ ഗുപ്ത. മറ്റുള്ളവരില്‍ അനന്ത് ജോഷി, റിയാസ് കോമു, ജസ്റ്റിന്‍ പൊന്‍മണി എന്നിവര്‍ ഉണ്ടായിരുന്നു. പിന്നീട് ആത്മഹത്യ ചെയ്ത ഗിരീഷ് ദെഹിവാലെയും ഉണ്ടായിരുന്നു. അദ്ദേഹം കൂട്ടത്തില്‍ ഏറ്റവും സുന്ദരനായ വ്യക്തിയായിരുന്നുവെന്ന് ഞാന്‍ ഓര്‍ക്കുന്നു. പെട്ടെന്നൊരു നാള്‍ ഈ ഷോയില്‍ നിന്നു റിയാസ് പിന്മാറിയത് നിര്‍ഭാഗ്യകരമായിരുന്നു. അതെന്റെ ജീവിതത്തിലെ സങ്കടകരമായ മുഹൂര്‍ത്തമായിരുന്നു.

കവിത: ആ പ്രദര്‍ശനത്തിന്റെ സ്വഭാവം സംബന്ധിച്ചു ബോസ് അവരോടൊക്കെ എന്താണ് സംസാരിച്ചിരുന്നത്?

ബോസ്: സ്‌കൂളുകളിലൊക്കെ കേള്‍ക്കാറില്ലേ, മഴയെപ്പറ്റി പെയിന്റിങ് ചെയ്യുക, അതുപോലെയൊക്കെ  ഒരു വിഷയം മുന്നില്‍ വച്ചുകൊണ്ടുള്ള തീമാറ്റിക് ഷോയ്‌ക്ക്‌ ഒരിക്കലും താൽപ്പര്യമില്ലാത്ത ആളാണ് ഞാന്‍. അത് ഒരുതരത്തില്‍ കമീഷന്‍ ചെയ്യുന്ന രീതിയാണ്. അപ്പോള്‍ കലാകാരന്റെ സ്വാതന്ത്ര്യം ആദ്യമേ എടുത്തുമാറ്റുകയാണ് എന്നൊരു തോന്നലാണെനിക്ക്.

കവിത: മറിച്ച്, ആളുകളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുന്നതിലാണ് ആണ് ബോസിന്റെ താൽപ്പര്യം എന്നു തോന്നുന്നു...

ബോസ്: ഞാന്‍ അവരുടെ കഴിവിലാണ് ശ്രദ്ധിക്കുന്നത്. അവരുടെ സ്വഭാവരീതികള്‍, ചിന്താരീതികള്‍, കല ചെയ്യുന്നതിന്റെ പ്രോസസ് അത്തരം ഘടകങ്ങള്‍ ഞാന്‍ നിരന്തരം നിരീക്ഷിക്കുന്നു. അതനുസരിച്ചാണ് ഞാന്‍ ആ ആര്‍ട്ടിസ്റ്റുകളുമായി ഒരുമിച്ച് ജോലി ചെയ്യാന്‍ തീരുമാനിക്കുന്നത്.

കവിത: എനിക്കിപ്പോള്‍ ഓർമ വരുന്നത് അക്കാലത്ത് മലയാളിയല്ലാത്ത ഒരു ഗാലറിസ്റ്റ് അര്‍ഷ്യ ലോഖണ്ട് വാല, മുംബൈയിലെ ലക്കീരെ (Lakeeren) എന്ന ചെറിയൊരു ഗാലറിയില്‍ നടത്തിയ‘Exile & Longing’ (2000) എന്ന പ്രദര്‍ശനമാണ്. അക്കാലത്ത് ഇന്ത്യന്‍ കലാരംഗത്ത് ‘മലയാളി ആര്‍ട്ടിസ്റ്റ്’ ഒരു ക്യൂററ്റോറിയല്‍ സംവർഗം ആയിട്ടേയില്ല. ‘ഓ എത്ര വിചിത്രമാണ് ഈ പ്രാദേശികവേരുകളില്‍നിന്നുള്ളവരുടെ കലാസൃഷ്ടികള്‍’ എന്ന ഒരു അദ്ഭുതമാണ് അര്‍ഷ്യയെ അന്ന് അത്തരമൊരു പ്രദര്‍ശനത്തിന് പ്രേരിപ്പിച്ചിരിക്കുക. അവഗണിക്കാനാകാത്തവണ്ണം എന്തോ പ്രത്യേകത പൊതുവേ മലയാളികളായ കലാകാരൻമാരില്‍ ഉണ്ടെന്നുള്ള തോന്നലും, ഒരുപക്ഷേ അത് മനസ്സിലാക്കാനുള്ള ഉത്തരേന്ത്യൻ നഗരമനസ്‌കരുടെ  വളരെ ചെറിയൊരു പരിശ്രമവുമായിരുന്നു അത് എന്നേ ഞാന്‍ കാണുന്നുള്ളൂ. പക്ഷേ ആധുനിക ഇന്ത്യന്‍ കലാഭൂപടത്തില്‍ കേരളം അന്നൊരു പ്രാദേശികവല്‍കൃത ഇടം മാത്രമായിരുന്നു എന്നതാണ്‌ വാസ്തവം.
വിപ്ലവകാരികളും കാൽപ്പനികരുമായ അസംസ്‌കൃത ചെറുപ്പക്കാരുടെ ആകർഷകത്വം നിറഞ്ഞ ഒരിടം. ‘മലയാളി ആര്‍ട്ടിസ്റ്റ്’ എന്ന ഒരൊറ്റ കണ്‍സെപ്റ്റ് അതിൽ ഉള്ളതായിരുന്നു ‘Exile & Longing’ ഞാൻ ശ്രദ്ധിക്കാന്‍ കാരണം. ബോംബെയില്‍ നടന്നെങ്കിലും അത് ആ നഗരത്തിലെ കലാപ്രവര്‍ത്തനം മാത്രം കേന്ദ്രീകരിച്ച ഒരു പ്രദര്‍ശനവുമായിരുന്നില്ല.

ബോസ്‌ കൃഷ്‌ണമാചാരിയും കവിത ബാലകൃഷ്‌ണനും -ഫോട്ടോ: ആനന്ദ്‌ കെ എസ്‌

ബോസ്‌ കൃഷ്‌ണമാചാരിയും കവിത ബാലകൃഷ്‌ണനും -ഫോട്ടോ: ആനന്ദ്‌ കെ എസ്‌

എന്നാൽ, കേരളത്തിന്റെ അത്യന്തം ‘പ്രാദേശികവല്‍ക്കരിച്ച’ അവസ്ഥയെ(Regionalised Condition)കൗതുകകരമായ ഒരു അപരലോകമായി കണ്ട ഉത്തരേന്ത്യന്‍ നഗരബോധമായിരുന്നു ആ ചെറിയ പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നത് എന്നും ഞാൻ മനസ്സിലാക്കി. എന്നാല്‍ പിന്നീട് വരാനിരുന്നത് വളരെ ആവേശപൂർവം ‘മലയാളി ആര്‍ട്ടിസ്റ്റുകള്‍’ ഇന്ത്യന്‍ കലാരംഗത്ത് നടത്തിയ ഇടപെടലുകളുടെയും അതിജീവനത്തിന്റെയും പുതിയ സ്ഥാപനവല്‍ക്കരണങ്ങളുടെയും കാലമാണ്. 2003, 2004, 2005, 2012 വര്‍ഷങ്ങളെ, പ്രത്യേകതരത്തില്‍ മാറ്റമുണ്ടാക്കിയ കാലഘട്ടങ്ങളായിത്തന്നെ  അടയാളപ്പെടുത്താനാകുംവിധം നിങ്ങള്‍ തന്നെ മുൻകൈയെടുത്ത കലാപ്രദര്‍ശന സംരംഭങ്ങള്‍ ഉണ്ടായി. അവ പലതും ഇന്ത്യന്‍ കലാരംഗത്ത് ‘മലയാളി ആര്‍ട്ടിസ്റ്റ്’ എന്നൊരു പക്വതയാർജിക്കുന്ന സജീവഘടകത്തിന്റെ സാന്നിധ്യം വ്യക്തമാക്കി. നാളിതുവരെയുള്ള ബോസിന്റെ ക്യൂററ്റോറിയല്‍ പ്രവര്‍ത്തനങ്ങള്‍ മലയാളിയുടെ ‘പ്രാദേശികത’യെ പുതിയൊരു മട്ടില്‍ പുനര്‍നിർവചിച്ചു എന്നത് വ്യക്തമാണ്.

ബോസ്: ലക്കീരെ ഗാലറിയില്‍ രണ്ടായിരത്തില്‍ നടന്ന ആ പ്രദര്‍ശനം എന്റെ മനസ്സില്‍ അത്ര പ്രധാനമായി രേഖപ്പെട്ടിട്ടില്ല. എന്നെ സംബന്ധിച്ചു ‘ഡീക്യൂറേറ്റിങ് ഇന്ത്യന്‍ കണ്ടമ്പററി ആര്‍ട്ടിസ്റ്റ്സ്’ എന്ന രണ്ടായിരത്തി മൂന്നിലെ എന്റെ പ്രദര്‍ശനം ഒരർഥത്തില്‍ മലയാളികളെക്കുറിച്ചുള്ള എന്റെ കാഴ്‌ചപ്പാട് തെളിച്ചപ്പെടുത്തി. കാര്യങ്ങളറിയാനുള്ള ഒരു പ്രത്യേക തരത്തിലുള്ള ഉത്സാഹം ഞാന്‍ മലയാളികളില്‍ കണ്ടെത്തി. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ഇടങ്ങളില്‍നിന്നും ആ പ്രദര്‍ശനം കാണാന്‍ ആളുകള്‍ വന്നിരുന്നു. മികച്ച സൗഹൃദങ്ങള്‍ അവിടെനിന്നും തുടങ്ങി. കാശി ആര്‍ട്ട് ഗാലറി, കഫെ ഇടങ്ങളിലെ ഡിന്നറുകളും സംഭാഷണങ്ങളും ഒരുതരത്തില്‍ അതിനായി മികച്ച ഒരു അന്തരീക്ഷം സൃഷ്ടിച്ചു. തങ്ങള്‍ക്കായി ഒരു പ്രദര്‍ശനം ബോംബെയില്‍നിന്നും ചെയ്തുകൂടേയെന്ന് ‘കാശി’ സ്‌പേസിന്റെ ഉടമ ഡോറി യങ്ങറുടെയും അനൂപിന്റെയും വീട്ടിലെ ‘ശാല’ എന്നുപറയുന്ന സ്ഥലത്തിരുന്നുകൊണ്ടാണ് അനൂപ് ചോദിച്ചത്‌. ഞാന്‍ അധികം ആലോചിക്കാതെത്തന്നെ ഒരു കാര്യം തിരിച്ചുചോദിച്ചു.

ഞാന്‍ എന്റെ എല്ലാ ആര്‍ട്ടിസ്റ്റ് സ്‌നേഹിതരെയും കേരളത്തില്‍ കൊണ്ടുവരാം. ഒരാഴ്‌ചക്കാലം നിങ്ങള്‍ അവര്‍ക്ക് ആതിഥ്യം അരുളുമോയെന്ന്. അങ്ങനെയെങ്കില്‍ ഞങ്ങള്‍ ആ പ്രദര്‍ശനം ചെയ്യാം. അനൂപ് ഉടനെ ആ ഡിമാൻഡ്‌ അംഗീകരിച്ചു. അന്ന് ബോംബെ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന പതിനേഴ് ആര്‍ട്ടിസ്റ്റുകളുടെ വര്‍ക്കുകള്‍ ഞാന്‍ ‘കാശി’യുടെ മട്ടാഞ്ചേരിയിലുള്ള സ്‌പേസിൽ കാണിച്ചു. കേരളത്തില്‍ വരുന്നതിന് മുന്പെതന്നെ ബോംബെയില്‍ അവ പ്രദര്‍ശിപ്പിച്ചിരുന്നു. ‘പ്രോഗ്രസ്സീവ് ഗ്രൂപ്പി’ന്റെ പ്രദര്‍ശനത്തിന് ശേഷം, ഈ ഗ്രൂപ്പ് വളരെ സുന്ദരമായി ഒരു കൂട്ടം ആര്‍ട്ടിസ്റ്റുകളെ ഒരുമിച്ച് കൊണ്ടുവന്നിരിക്കുന്നു എന്ന്‌ അന്ന് ഗോപാൽ മിർചൺദാനിയെപ്പോലുള്ള ആളുകള്‍ പറഞ്ഞത് ഞാനിപ്പോഴും ഓര്‍ക്കുന്നു. അതത്ര വലിയ പ്രദര്‍ശനമല്ലായിരുന്നു. പക്ഷേ അത് ഞങ്ങളുടെ മനസ്സില്‍ വലിയ ഒരു സ്വാധീനം ചെലുത്തി. അതെന്റെ രണ്ടാമത്തെ ക്യൂറേഷന്‍ ആയിരുന്നെങ്കിലും ഞാന്‍ എന്നെ ഒരു ക്യൂറേറ്റര്‍ എന്നു വിശേഷിപ്പിക്കാന്‍ വിമുഖനായിരുന്നു. ‘കണ്‍സെപ്ച്വലൈസെഡ് ബൈ,’  ‘എഡിറ്റഡ്‌ ബൈ’ എന്നോ മറ്റോ എഴുതാനാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത്.

‘ഡബിൾ എൻഡേഴ്‌സ്‌’ എക്‌സിബിഷനിൽ നിന്ന്‌

‘ഡബിൾ എൻഡേഴ്‌സ്‌’ എക്‌സിബിഷനിൽ നിന്ന്‌

കവിത: ബോംബെ ബോയ്സ് എന്നുള്ള പേര് എങ്ങനെയാണ് അതിനു വന്നത്?

ബോസ്: ആദ്യ പ്രദര്‍ശനത്തിന്റെ വിജയകഥ കേട്ടിട്ട്, ഡല്‍ഹിയില്‍നിന്ന്‌ എനിക്കൊരു ഫോണ്‍കോള്‍ വന്നു. പാലറ്റ് എന്നൊരു ഗാലറിയില്‍നിന്ന്. അത് നടത്തുന്നത് ഫാഷൻ ഡിസൈനേഴ്സ് ആയ രോഹിത് ഗാന്ധിയുടെയും രാഹുൽ ഖന്നയുടെയും ഉടമസ്ഥതയിലുള്ള ഗാലറി. ‘ബോംബെയിൽ നിന്നുള്ള ബോയ്സി’ന്റെ പ്രദര്‍ശനം അവര്‍ക്കായി ചെയ്യണമെന്ന് പറഞ്ഞു. എല്ലാവരുടെയും ഒരുമിച്ച് നിൽക്കുന്ന ഒരു ഷോട്ട് മീനൽ അഗർവാൾ ആണ് ഡോക്യുമെന്റ്‌ ചെയ്തത്. മുംബൈയിലെ മറൈന്‍ ഡ്രൈവില്‍ അതിരാവിലെ ആറ് മണിക്ക്. അവര്‍ തന്നെയാണ് പിന്നീട് ഡബിള്‍ എന്‍ഡേഴ്സ്‌ എന്ന പ്രദര്‍ശനത്തിന്റെയും ഫോട്ടോഗ്രാഫര്‍ ആയിരുന്നത്.

കവിത: അതുവരെയുള്ളതില്‍ നിന്നു വ്യത്യസ്തമായി, പ്രദര്‍ശനങ്ങള്‍ക്ക് വളരെ ‘മാറ്റര്‍ ഓഫ് ഫാക്റ്റ്’ ആയി പേരിടുന്നത് കാണുന്നത് അക്കാലത്താണ്. കാല്‍പ്പനികവും ‘ഐഡിയോളജിക്കലും’ ആയവയിൽ നിന്നു വ്യത്യസ്തമായി ഒരു ‘ഫാക്‍ച്വല്‍’ സ്വഭാവം അതിനൊക്കെ ഉണ്ടന്ന് അന്ന് തോന്നിയിട്ടുണ്ടെനിക്ക്.

ബോസ്: പലപ്പോഴും പ്രദര്‍ശനത്തിന് ടൈറ്റില്‍സ് ഒക്കെ ഇടുന്ന കാര്യത്തില്‍ സുഹൃത്തുക്കള്‍ സഹായിച്ചിട്ടുണ്ട്. സി പി സുരേന്ദ്രന്‍ ആണ് ആ പ്രദര്‍ശനത്തിന് ബോംബെഃ17 എന്ന പേര് ഇട്ടത്.  രഞ്ജിത്ത് ഹോസ്‌കോട്ടെയെപ്പോലുള്ള കവികളും സാഹിത്യകാരന്മാരും അന്ന് മുതലേ കലയെക്കുറിച്ചുള്ള സംസാരങ്ങളില്‍ ഏര്‍പ്പെടാവുന്ന എന്റെ സുഹൃദ് 

സി പി സുരേന്ദ്രന്‍

സി പി സുരേന്ദ്രന്‍

വലയത്തില്‍ പെടുന്നു. അതൊക്കെ പ്രബുദ്ധമായ ഒരു അനുഭവമായിരുന്നു. കാശിയുടെ സിമ്പോസിയത്തിൽ  സക്കറിയ, സി പി തുടങ്ങിയവര്‍ സംസാരിക്കുന്നു. ബോംബെ ആര്‍ട്ടിസ്റ്റുകളെ സൈഡ്‌ലൈന്‍ ചെയ്യാൻ എന്താണ് മാർഗമെന്ന് മറ്റൊരുഭാഗത്ത് ചർച്ച ചെയ്യുന്ന കാലം കൊച്ചിയിലുണ്ടായി എന്ന്‌ കേൾക്കുന്നു. 
‘ബോംബെഃ17’ ൽ നിന്ന് ഉരുതിരിഞ്ഞതാണ് ഡൽഹിയിൽ 2004 ൽ നടന്ന ‘ബോംബെ ബോയ്സ്’ എന്ന പ്രദര്‍ശനം. 2005ലാണ് ‘ഡബിള്‍ ‐ എന്‍ഡേഴ്സ്‌’ (Double Enders) നടക്കുന്നത്‌. അതിന്‌ വളരെയധികം കാരണങ്ങള്‍ ഉണ്ട്. നമ്മള്‍ ജഹാംഗീര്‍ ആര്‍ട്ട് ഗാലറിയിലൊക്കെ പോകുമ്പോള്‍, അത് കലയുടെ പൊതുസ്ഥലങ്ങളില്‍ ഒന്നാണ്. പക്ഷേ എങ്ങനെ കാര്യങ്ങള്‍ ചെയ്യരുത് എന്നതിന്റെ ഉദാഹരണം ആയിട്ടാണ് എനിക്കു ജഹാംഗീര്‍ ഗാലറി അനുഭവപ്പെടാറുള്ളത്. ഒരാഴ്‌ചയില്‍ത്തന്നെ നിങ്ങള്‍ നാലോ അഞ്ചോ പ്രദര്‍ശനങ്ങള്‍ കാണുന്നു.

പലപ്പോഴും പ്രദര്‍ശനങ്ങള്‍ക്കു സഹായം കൊടുത്തിരുന്നത് ഹര്‍ഷ് ഗോയങ്ക, കുമാരമംഗലം ബിര്‍ള തുടങ്ങിയ അന്നത്തെ ലക്ഷപ്രഭുക്കളായിരുന്നു. അവരുടെ രക്ഷാകര്‍തൃത്വം മുഴുവനും ലഭിച്ചിരുന്നത് ബംഗാളി ആര്‍ട്ടിസ്റ്റുകള്‍ക്കായിരുന്നു. ഇടയ്‌ക്കൊക്കെ ഗുജറാത്തി കലാകാരന്മാരെ കാണാറുണ്ട്. പക്ഷേ തൊണ്ണൂറു ശതമാനവും ബംഗാളില്‍നിന്നുള്ള ആളുകളാണ്. അതും വലിയ സഹായധനമൊന്നും ലഭിച്ചിരുന്നില്ല. കാറ്റലോഗിന് പന്ത്രണ്ടായിരം രൂപയായിരുന്നു. എണ്‍പതിലൊക്കെ അത് ഒരല്‍പ്പം വലിയ തുകയായിരുന്നു. അപ്പോള്‍ എനിക്കു മനസ്സില്‍ തോന്നിയ ഒരു കാര്യം, ഇതിനോടൊക്കെ താരതമ്യപ്പെടുത്തുമ്പോള്‍ എത്രയോ മികച്ച വര്‍ക്കുകള്‍ ചെയ്യുന്ന മലയാളികള്‍ ഇത്തരം രക്ഷാകര്‍തൃത്വം ഒന്നും കിട്ടാതെ തന്നെ ചുറ്റും കാണപ്പെടുന്നു. അവരെയൊക്കെ ഒരുമിച്ച് കൊണ്ടുവന്നുകൂടെ എന്ന ആലോചന അങ്ങനെയാണുണ്ടാകുന്നത്. അങ്ങനെയാണ് ഞാന്‍ കഴിഞ്ഞവർഷം അന്തരിച്ച മുതിർന്ന സുഹൃത്ത് സുഭാസ്‌ ചന്ദ്രനുമായി സംസാരിക്കുന്നത്‌. അദ്ദേഹം ജവഹർലാല്‍ നെഹ്റുവിന്റെ സെക്രട്ടറി ആയിരുന്നു. നെഹ്‌റു മരിച്ചപ്പോള്‍ സുഭാസ്‌ജി ആയിരുന്നു കൂടെയുണ്ടായത്.

1989ല്‍ ഞാന്‍ കേരളത്തില്‍ കലാപീഠത്തില്‍ എന്റെ പ്രദര്‍ശനം നടത്തിയിരുന്നു. അന്ന് അടൂര്‍ ഗോപാലകൃഷ്‌ണന്‍ സൂചിപ്പിച്ചു,

അടൂർ

അടൂർ

നിങ്ങള്‍ ബോംബെയില്‍ ആയതുകൊണ്ട് സുഭാസിനെ ചെന്നു കാണണം, പരിചയപ്പെടണം എന്ന്. മുപ്പത്തിയഞ്ച് വർഷത്തോളം അദ്ദേഹം നാഷണല്‍ സെന്റര്‍ ഫോര്‍ പെര്‍ഫോര്‍മിങ് ആർട്‌സിന്റെ പ്രോഗ്രാം ഡയറക്ടര്‍ ആയിരുന്നു. ആ സ്ഥലം പഠിക്കുന്ന കാലത്തേ എനിക്കിഷ്ടമുള്ളതാണ്. ഒന്നിടവിട്ട ദിവസങ്ങളില്‍ ഞാനവിടെ പരിപാടികള്‍ കാണാന്‍ പോകും. അവിടെ മാത്രമാണ്‌ ഒരു ദൃശ്യകലാ സംസ്‌കാരം ഉണ്ടായിരുന്നതായി എനിക്കനുഭവപ്പെട്ടത്. അതിനോട് ചേര്‍ന്നാണ് മൊഹിലെ പാരീഖ് സെന്റർ ഫോർ വിഷ്വൽ ആർട്‌സ്‌ (Mohile Parikh Center).അവരെല്ലാം അടുത്ത സുഹൃത്തുക്കളായിരുന്നു. ഫോട്ടോഗ്രാഫിക്കായി പിരമല്‍ ഗാലറിയും ചിത്രകലകളുടെ ജഹാംഗീർ നിക്കോൽസൻ കളക്ഷനുള്ള ഗാലറിയും, ടാറ്റ തീയറ്ററുമുള്ള കലാസാംസ്‌കാരിക സമുച്ചയം.  പിന്നെ നാടക  Experimental Theatre  ഉണ്ട്‌.   സുഭാസ്‌ജിയുടെ കാലത്ത് അവിടത്തെ പരിപാടികള്‍ കൃത്യം ആറു മണിക്ക് തുടങ്ങും. സമയനിഷ്ഠയുള്ള NCPA.. പരിചയപ്പെട്ടതില്‍പ്പിന്നെ സുഭാഷ്ജിയുമായുള്ള സംഭാഷണങ്ങള്‍ സമ്പന്നമായ അനുഭവമായി.

അദ്ദേഹം അപ്പോള്‍ ബോറിവലി ഈസ്റ്റില്‍ ആയിരുന്നു താമസിച്ചിരുന്നത്. റിയാസ് കോമുവിന്റെ സ്റ്റുഡിയോയും സമീപസ്ഥമായിരുന്നു. എന്തുകൊണ്ട് നമുക്ക് മലയാളി ആര്‍ട്ടിസ്റ്റുകളുടെ ഒരു പ്രദര്‍ശനം നടത്തിക്കൂടാ എന്ന എന്റെ ആശയം ഞാന്‍ രണ്ടുപേരോടും പറഞ്ഞു. ജഹാംഗീര്‍ ആര്‍ട്ട് ഗാലറിയില്‍ അന്ന്‌   പത്തു ദിവസത്തെ പ്രദര്‍ശനത്തിന് ഒന്നരലക്ഷം രൂപ കൊടുക്കണം വാടക. അതിനെന്തു പേരിടും എന്നാലോചിച്ചപ്പോള്‍, മലയാളിയുടെ സ്വഭാവം ഒരു ചുണ്ടന്‍ വള്ളത്തെപ്പോലെയാണെന്ന് തോന്നി. അകത്തേക്ക് ഏതുവശത്തുകൂടെയും കടക്കാം. പുറത്തേക്കും അങ്ങനെത്തന്നെ. വഴക്കമുള്ള ജീവിതശൈലി. അതിന്റെ ഒരു ഇംഗ്ലീഷ് പരിഭാഷയാണ് ഡബിള്‍ എന്‍ഡേഴ്സ്‌. വേറെയും മീനിങ് ഉണ്ടതിന്. ആ സമയത്ത് ജഹാംഗീര്‍ ആര്‍ട്ട് ഗാലറിയുടെ രണ്ടു വശങ്ങളിലും മാക്‌സ്‌ മുള്ളര്‍ ഭവനിലും ഒരുമിച്ച് ഒരു ഷോ ആരും ചെയ്തിട്ടുണ്ടായിരുന്നില്ല. ഞാന്‍ വലിയ ഷോ ചെയ്യാന്‍ വേണ്ടി ബോധപൂർവം ശ്രമിച്ചതൊന്നുമല്ല. പക്ഷേ എനിക്കു തോന്നി അതൊരു പ്രധാനപ്പെട്ട പ്രദര്‍ശനമാണെന്ന്.

ലളിതകലാ അക്കാദമി ചെയ്തുകൊണ്ടിരുന്നതുപോലെ ആര്‍ട്ടിസ്റ്റുകളെ ക്ഷണിക്കുക, ജൂറി തീരുമാനിക്കുക തുടങ്ങിയ പ്രക്രിയകള്‍ തന്നെയാണ് ഈ പ്രദര്‍ശനത്തില്‍ ഞങ്ങളും ചെയ്തത്. സുഭാസ്‌ജി ആര്‍ട്ടിസ്റ്റുകള്‍ക്കായുള്ള ഒരു കത്ത് തയ്യാറാക്കി, ഞങ്ങള്‍ വര്‍ക്കുകള്‍ ക്ഷണിച്ചു. ബോറിവലിയിലെ ബാലകൃഷ്‌ണ ബംഗ്ലാവില്‍ ആണ് എണ്‍പതിലധികം കലാകാരരുടെ  വര്‍ക്കുകള്‍ എത്തിയത്. ഒരു ജൂറി വര്‍ക്കുകള്‍ തെരഞ്ഞെടുത്തു.

ജിതീഷ്‌് കല്ലാട്ട്‌

ജിതീഷ്‌് കല്ലാട്ട്‌

ബോംബെ, ബാംഗ്ലൂര്‍ (ഗാലറി സുമുഖയും മാക്സ് മുള്ളര് ഭവനും),  ഡല്‍ഹിയില്‍ ഗാലറി വദേരയില്‍, പിന്നെ കൊച്ചി ഡര്‍ബാര്‍ ഹാളിലുമായി  ആ ട്രാവലിങ് എക്സിബിഷന്‍ നടത്തി. പ്രാധാനപ്പെട്ട ഒരു കാര്യം, അവ പെയിന്റിങ്ങുകളുടെ മാത്രം ഷോ അല്ലായിരുന്നു. വീഡിയോ ആര്‍ട്ട് തുടങ്ങി ഫോട്ടോഗ്രാഫിയും ഡിജിറ്റല്‍ വര്‍ക്കുകളും അടക്കം എല്ലാ തരത്തിലുള്ള പരീക്ഷണങ്ങളും ഉണ്ടായിരുന്നു. ആ സമയത്താണ് കേരളത്തില്‍നിന്നും എത്രയോ പ്രതിഭകളാണ് ഉണ്ടാകുന്നത് എന്ന്‌  കേരളത്തിന് പുറത്തുള്ള ജനം അറിയുന്നത്. പലരുമത് വ്യാപകമായി അംഗീകരിക്കാന്‍ തുടങ്ങി. മിക്ക ആര്‍ട്ടിസ്റ്റുകള്‍ക്കും അവരുടെ കരിയറില്‍ നല്ല അംഗീകാരം ലഭിച്ചു. രാജന്‍ കൃഷ്‌ണന്‍, അജി വി എന്‍, വിവേക് വിലാസിനി, ടി വി സന്തോഷ്, ജസ്റ്റിന്‍ പൊന്‍മണി തുടങ്ങി പലരും വളരെ ശ്രദ്ധ നേടി.

കവിത:  ജീതീഷ് കല്ലാട്ട് അതില്‍ ഒരു രണ്ടാം തലമുറ മലയാളി ആയിരുന്നു, അല്ലേ.

ബോസ്: പേരുകൊണ്ട് പലരും എന്നെ ബംഗാളിയാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. ജീതീഷ് കല്ലാട്ടും മലയാളിയാണെന്ന് കലാലോകം അറിയുന്നത് അപ്പോഴാണ്.. കലാലോകത്ത് ‘ഡബിള്‍ എന്‍ഡേഴ്സ്’ വലിയ സംഭവമായി. ധാരാളം പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ആ സന്ദര്‍ഭത്തില്‍ തനിക്ക്‌  വര്‍ക്ക് വില്‍ക്കാന്‍ സാധിച്ചതിനെപ്പറ്റി കലാധരന്‍ മാഷ് സുഹൃത്തുക്കളോട്  സന്തോഷത്തോടെ പറയുന്നത്‌ ഞാനിപ്പോഴും ഓര്‍ക്കുന്നു.

കവിത: പിന്നീട് കൊച്ചി ബിനാലെ ആയിരുന്നു ഒരു ഗെയിം ചെയ്ഞ്ചറായത്...

ബോസ്: അതേ. ബിനാലെ വലിയ വിവാദം സൃഷ്ടിച്ചു. പക്ഷേ വസ്തുതകള്‍ വളരെ വ്യത്യസ്തമായിരുന്നു. ചിലർ പറഞ്ഞത് അത് തിരുവനന്തപുറത്തു ബേബിസാറിന്റെ വീട്ടില്‍ വച്ച് തീരുമാനിച്ചുവെന്നൊക്കെ. അതൊക്കെ മൊത്തം വസ്തുതാവിരുദ്ധമാണ്.

കവിത: എങ്കില്‍ വസ്തുതയെന്താണ്?

ബോസ്: 2008‐09 കാലത്ത് കലാലോകം ഒരു പ്രത്യേക ഘട്ടത്തിലൂടെ കടന്നുപോകുകയായിരുന്നു. എനിക്ക് അന്നൊരു സ്വന്തം ഗാലറി സ്‌പേസ് ഉണ്ടായിരുന്നു. പണ്ട് അക്ബര്‍ പദംസി പറഞ്ഞതുപോലെ ആ നഗരത്തിലെ എന്റെ ബന്ധങ്ങള്‍ വിപുലമായിരുന്നു. സൗഹൃദങ്ങള്‍ ഒക്കെ കലാകാരന്മാരുമായി മാത്രമായിരുന്നില്ല. ഫിലിം മേക്കേഴ്‌സ്‌, സഞ്‌ജന കപൂര്‍ പോലെയുള്ള തിയേറ്റര്‍ പീപ്പിള്‍, സിനിമാ നിരൂപകർ തുടങ്ങി പലരും. അവരുടെ വീട്ടില്‍ പോകുക, പാട്ടുകള്‍ കേള്‍ക്കുക. കവിതകള്‍ വായിക്കുക തുടങ്ങി പലതും എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അവിടെ ‘പെന്‍’ എന്ന് പറയുന്ന ഒരു സംഘടന ഉണ്ടായിരുന്നു. ആ ബില്‍ഡിങ്ങില്‍ തന്നെ അലയന്‍സ് ഫ്രാഞ്ചൈസിയുടെയും ഓഫീസ് ഉണ്ടായിരുന്നു. ഞാന്‍ പലരെയും അവിടെയൊക്കെ കണ്ടുമുട്ടും.

ബോസ്‌ കൃഷ്‌ണമാചാരി  ചെറുപ്പകാലത്ത്‌

ബോസ്‌ കൃഷ്‌ണമാചാരി ചെറുപ്പകാലത്ത്‌

ഉദാഹരണത്തിന് മൺമറഞ്ഞ ജെറി പിന്‍റോ, നിസിം എസിക്കേൽ, ആദിൽ ജൂസ്സാവാല, പുതിയ തലമുറയിലെ കജരി പിന്റ്റോ, നമിത ദേവിദയാല്‍ ഒക്കെ. ഇപ്പോള്‍ അവരൊക്കെ വലിയ എഴുത്തുകാരാണ്. 2007‐08 ല്‍ ഒരു ഫോട്ടോഗ്രാഫറായ സുഹൃത്ത് ദിയ മെഹ്ത വഴി യാഷ് ബിര്‍ളയും അവാന്തിയും എന്നെ സന്ദര്‍ശിച്ചു. ദിയയുടെ അമ്മ മുന്‍നിര ഫാഷന്‍ ജ്വല്ലറി ഡിസൈനറാണ്. അച്ഛന്‍ ഇന്ത്യയിലെ ഏറ്റവും വലിയ വജ്രവ്യാപാരികളില്‍ ഒരാളാണ്. കലാകാരന്മാരുമായുള്ള എന്റെ ബന്ധങ്ങളും കലാപ്രദര്‍ശനങ്ങള്‍ നടത്താനുള്ള സംഘടനാശേഷിയും അവര്‍ തിരിച്ചറിഞ്ഞിരിക്കണം. അവര്‍ എനിക്കായി ഒരു ഗാലറി സ്‌പേസ് വാഗ്ദാനം ചെയ്തു. കെമോള്‍ഡ് ഗാലറി ഒക്കെ ഉള്ളതിന്റെ താഴെ അതേ ബില്‍ഡിങ്ങില്‍ അവര്‍ക്ക് ഒരു ഫര്‍ണീച്ചര്‍ കട ഉണ്ടായിരുന്നു. അതിന്റെ ഒരു ഭാഗത്ത് ആര്‍ട്ട് ക്രിട്ടിക് ആയ നിയതി ഷിന്‍ഡേ ബിർലക്കായി പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഫോട്ടോഗ്രാഫിയെക്കുറിച്ച് അന്ന് നന്നായിട്ട് എഴുതിക്കൊണ്ടിരുന്ന ഒരു നിരൂപകയായ അവരും ഭര്‍ത്താവ് ദീപക് ഷിന്‍ഡേയും എന്റെ അടുത്ത സുഹൃത്തുക്കളാണ്.

ഞാന്‍ കലാവിദ്യാര്‍ഥി ആയിരുന്ന കാലത്ത് തന്നെ, 1990ല്‍ ജെ. ജെ. സ്കൂൾ ഓഫ്  ആർട്ടിൽ നടത്തിയ പ്രദര്‍ശനത്തില്‍നിന്ന്‌ എന്റെ വര്‍ക്കൊക്കെ വാങ്ങിയിട്ടുള്ള ഒരാളും കൂടിയാണ് ദീപക്. കേരളത്തില്‍ 1989ൽ നടത്തിയ പ്രദര്‍ശനത്തില്‍ ഒരു വര്‍ക്ക് പോലും വിറ്റില്ലായിരുന്നു. പക്ഷേ ഇവിടെ നല്ല നിരൂപണങ്ങള്‍ ലഭിച്ചിരുന്നു. ഞാന്‍ ബിർളയോട് പറഞ്ഞത്, മുഴുവന്‍ ഇടവും എനിക്കു തന്നാല്‍ ഞാന്‍ അവിടെ പ്രവര്‍ത്തിക്കാം എന്നാണ്. എന്റെ ആഗ്രഹം, അവിടെ ഒരു ചെറിയ കഫെയും ബുക്‌ഷോപ്പും ഒപ്പം തന്നെ ഈ ഗാലറി സ്‌പേസും കൂടി സ്ഥലം. ആ സ്‌പേസ് ഡിസൈന്‍ ചെയ്തത് നൂറു കരീം എന്ന പ്രശസ്തനായ വാസ്തുശിൽപ്പിയാണ്. ഒരു ഗാലറിയെക്കുറിച്ചുള്ള എന്റെ ആശയം അക്കാലത്ത് യൂറോപ്യന്‍ ഫുട്ബോളിനെപ്പറ്റി പറയുംപോലെയാണ്. അന്ന് ഐപിഎല്‍ ഒന്നും ഇല്ല. ഏറ്റവും മികച്ച കളിക്കാര്‍, പ്രാദേശിക കളിക്കാരുമൊത്ത് കളിച്ചു വളരുന്ന ഒരു രീതിയാണ്. പലയിടങ്ങളില്‍നിന്നും ആളുകളെ കൊണ്ടുവന്ന് ഒരു കലക്ടീവ് നിർമിക്കലാണ് എന്റെ ലക്ഷ്യമായിരുന്നത്. ഗാലറി ‘ബിഎംബി’യുടെ ആദ്യത്തെ പ്രദര്‍ശനം ക്യൂറേറ്റ് ചെയ്തത് ഷഹീന്‍ മിറാലി ആയിരുന്നു. ചൈന, ലാറ്റിനമേരിക്ക, യൂറോപ്പ്, യു എസ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നുമുള്ള, അഞ്ചു വന്‍കരകളില്‍നിന്നുമെന്ന് പറയാം, ആര്‍ട്ടിസ്റ്റുകള്‍ ക്ഷണിക്കപ്പെട്ടു. ചാപ്മാന്‍ ബ്രദേഴ്സ്, ജോണ്‍ കെസ്‌ലർ, ജോജ്‌ ഒസ്സോഡി, റിയാസ് കോമു തുടങ്ങിയവര്‍ ഒരുമിച്ചു. ആഘോഷങ്ങളിൽ എനിക്ക്‌ താൽപ്പര്യമുണ്ട്.

എനിക്ക്‌ പരാതി പറയുന്നതില്‍ താൽപ്പര്യമില്ല. ഈ ഗാലറി സ്‌പേസിലും പലയിടങ്ങളില്‍ നിന്നും ആളുകള്‍ വന്നു. തുടങ്ങി ആറു മാസത്തിനുള്ളില്‍ ന്യൂയോര്‍ക്ക് ടൈംസ് ഈ ഗാലറിയെക്കുറിച്ച് എഴുതി. ഏതെങ്കിലും കാരണവശാല്‍ ഒരാള്‍ മുംബൈ സന്ദര്‍ശിച്ചാല്‍, സമകാലിക കലാപ്രാധാന്യമുള്ള ഇടം കാണണമെങ്കില്‍, അവശ്യം സന്ദര്‍ശിക്കേണ്ട ചില സ്ഥലങ്ങളില്‍ ഒന്നായി ബിഎംബി ഗാലറി ഉണ്ടായിരുന്നു. ബോസ്, മെഹ്ത, ബിർള എന്നീ പേരുകളുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ന്നതാണ് ഗാലറിയുടെ പേര്. അക്കാലത്താണ് അന്ന് വിദ്യാഭ്യാസമന്ത്രി ആയിരുന്ന ബേബി സാര്‍ അദ്ദേഹത്തിന്റെ വക്കീല്‍ സുഹൃത്തും ബോംബെയിലെ മികച്ച കാര്‍ഡിയോളജിസ്റ്റും സംഗീതപ്രേമിയുമായ ഡോ. പിള്ള എന്ന മറ്റൊരു സ്‌നേഹിതനും ഒന്നിച്ചുവരുന്നത്. ബേബി സാര്‍ എന്നെ പ്രത്യേകം കാണണം എന്നു പറഞ്ഞു. അങ്ങനെയൊരു ക്ഷണം ആരും എല്ലാ തിരക്കും മാറ്റിവച്ച് സ്വീകരിക്കുമല്ലോ. അങ്ങനെ അദ്ദേഹം എന്റെ ബോറിവിലിയിലെ വീട്ടില്‍ വരുന്നതിന് ഒരാഴ്‌ച മുന്പ് ഞാന്‍ അന്ന് സൂര്യ ടി വിയില്‍ പ്രൈം ടൈമിൽ  ഒരു അഭിമുഖം കൊടുത്തിരുന്നു.

എം എ ബേബി ‘ലോകമേ തറവാട്‌’ പ്രദർശനം  കാണാനെത്തിയപ്പോൾ

എം എ ബേബി ‘ലോകമേ തറവാട്‌’ പ്രദർശനം കാണാനെത്തിയപ്പോൾ

അനില്‍ നമ്പ്യാര്‍ ആണ് ആ അഭിമുഖം എടുത്തത്. അതില്‍ ഞാന്‍ പറഞ്ഞു, കേരളം സാംസ്‌കാരികമായി വളരെ സമ്പന്നമാണ്. പക്ഷേ ആ വിഭവസമ്പത്ത്‌ എങ്ങനെ പാക്കേജ്‌ ചെയ്യണമെന്ന്, അതിന്റെ മാര്‍ക്കറ്റിങ് ചെയ്യേണ്ടത്‌ എങ്ങനെയെന്ന് നമുക്കറിയില്ല. ആ അഭിമുഖം അദ്ദേഹം കേട്ടിട്ടുണ്ടാകാം. സുഭാഷ് ചന്ദ്രന്റെ അടുത്ത സുഹൃത്താണ് ഡോക്ടര്‍ പിള്ളയും. വൈകിട്ട് ഒരു ചെറുഭക്ഷണമൊക്കെ കഴിഞ്ഞ് സാധാരണ മലയാളികള്‍ ചോദിക്കുംപോലെ ചോദിച്ചു, സാറെപ്പഴാണ് പോകുന്നത്? അതിരാവിലെ അഞ്ചരയ്‌ക്കുള്ള ഫ്ലൈറ്റിന് യാത്ര ചെയ്യാനുള്ളതാണ്. അപ്പോള്‍ അദ്ദേഹത്തോട് ചോദിച്ചു, തിരിച്ചുപോക്ക് നീട്ടിവച്ചുകൂടെ. ഒന്നര മണിക്കൂർ ദൂരെയുള്ള ‘വാശി’യെന്ന സ്ഥലത്താണ് കേരള ഹൗസ്. അദ്ദേഹത്തോട് എന്തുകൊണ്ട് രാത്രി എന്റെ വീട്ടിൽ ഒത്തുകൂടിയാൽ എന്ന് ചോദിച്ചു. പ്രതിഭാധനരായ ധാരാളം മലയാളികള്‍ ഈ നഗരത്തിലുണ്ട്. അത് നാട്ടിലറിയില്ലാന്നു മാത്രമേയുള്ളൂ. ലോകത്ത് പലയിടത്തും അറിയപ്പെടുന്ന മലയാളി കലാകാരന്മാര്‍ ഇവിടെ താമസിക്കുന്നുണ്ട്. സത്യത്തില്‍ അദ്ദേഹം വന്നത്, എങ്ങനെയാണ് ഉന്നത വിദ്യാഭ്യാസത്തിന് വിദ്യാർഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് കൊടുക്കാനായി നമുക്കൊരു നൂറു കോടി ഉണ്ടാക്കാന്‍ പറ്റുക, അത് കലാലേലം നടത്തി ഉണ്ടാക്കാനാകുമോ എന്ന്‌ ആരായാനാണ്. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ഒരു കലാലേലം ചെയ്യുന്നതിന് അതിന്റേതായ ധാരാളം വര്‍ക്കുകള്‍ നടത്താനുണ്ട്.

രണ്ടോ മൂന്നോ മാസം കൊണ്ട് ചെയ്യാന്‍ പറ്റുന്ന ഒരു കാര്യമല്ല. നമുക്കത് രണ്ടു വര്‍ഷമെങ്കിലും സമയമെടുത്ത് ചെയ്യണം. മാത്രമല്ല, എല്ലാ മാസത്തിലും ഏതെങ്കിലുമൊക്കെ എന്‍ ജിഒകളുടെ അഭ്യർഥനകള്‍ എനിക്കു മാത്രമല്ല, പല ആര്‍ട്ടിസ്റ്റുകള്‍ക്കും കിട്ടാറുണ്ട്, ക്രൈ, കണ്‍സേണ്‍ ഇന്ത്യ, പീപ്പിൾ ഫോർ ആനിമൽസ്, ക്യാൻസർ അസോസിയേഷൻ തുടങ്ങി പലതിനും നമ്മള്‍ ആര്‍ട്ടിസ്റ്റുകള്‍ വര്‍ക്കുകള്‍ കൊടുക്കാറുണ്ട്. കൊടുക്കുന്ന വര്‍ക്കിന്റെ മൂല്യം നോക്കുമ്പോള്‍ ആര്‍ട്ടിസ്റ്റുകള്‍ ആണ് യഥാർഥത്തില്‍ ഏറ്റവും ഉദാരമതികള്‍ എന്നെനിക്ക് തോന്നുന്നു. മൂന്നു ലക്ഷത്തിനും മുപ്പത്തഞ്ചു ലക്ഷത്തിനും വിറ്റുപോയിട്ടുള്ള വര്‍ക്കുകള്‍ ഞാൻ ചാരിറ്റി ഓക്‌ഷന്‍സിന് നൂറു ശതമാനം സംഭാവനയായി കൊടുത്തിട്ടുണ്ട്. കലാകാരൻമാരെപ്പോലെ ഇത്ര ഉദാരമായി കോർപറേറ്റ്സ് സാമൂഹികമായ കാര്യത്തിന് സംഭാവന നാല്‍കാറില്ല. ചുരുങ്ങിയത് രണ്ടു വര്‍ഷം എടുത്ത്‌ നന്നായി വികസിപ്പിച്ച് ക്യൂറേറ്റ് ചെയ്ത ഒരു പ്രദര്‍ശനം ചെയ്യണമെന്ന അഭിപ്രായം അതുകൊണ്ടാണ് ഞാന്‍ മുന്നോട്ടുവച്ചത്. വന്ന സ്ഥിതിക്ക് ആര്‍ട്ടിസ്റ്റുകളെ കണ്ടിട്ടു പോകണമെന്ന ഒരു ആഗ്രഹവും.

അദ്ദേഹം സമ്മതിച്ചു. അതിനുശേഷം റിയാസിനെയും ജ്യോതിബസുവിനെയും ഭക്ഷണത്തിനായി വിളിച്ചുവരുത്തി. ഞങ്ങളുടെ ജീവിതകഥകൾ കുറച്ചൊക്കെ കേട്ട ശേഷം അദ്ദേഹം പറഞ്ഞു, നിങ്ങളൊക്കെ കലാലോകത്ത് വളരെ വിജയിച്ച ആളുകളാണ്. നിങ്ങൾക്ക്‌ കേരളത്തിന് വേണ്ടി എന്താണ് ചെയ്യാനാകുക? അപ്പോള്‍ റിയാസ് പറഞ്ഞത്,

റിയാസ്‌ കോമു

റിയാസ്‌ കോമു

ബോസ് ‘ഡബിള്‍ എന്‍ഡേഴ്സ്‌’ ചെയ്തുകഴിഞ്ഞു. ഇനി നമുക്ക് രണ്ടു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ബിനാലെ പ്രദര്‍ശനത്തിന്റെ ഒരു ആശയമാണ് വേണ്ടത് എന്നാണ്. പക്ഷേ ബേബി സാറിന് അത്തരമൊന്നിനെക്കുറിച്ച് ധാരണകളില്ല. ഞങ്ങളുടെ ഉള്ളിലും അങ്ങനെയൊരു ആശയം മാത്രമാണ് ഉള്ളത്. എങ്ങനെ നടത്തണമെന്നുള്ളത് ആലോചിക്കണമായിരുന്നു. പക്ഷേ മന്ത്രിയെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഞങ്ങൾക്ക്‌ ബിനാലെയെക്കുറിച്ച് ചിന്തിക്കാൻ പ്രചോദനമായി. എത്രയും പെട്ടെന്ന്‌ ഒരു പ്രൊപ്പോസല്‍ കൊടുക്കാന്‍ പറഞ്ഞു. അന്ന് വളരെ മിടുക്കാരായ ആളുകള്‍ എന്റെ കൂടെ ബിഎംബി ഗാലറിയില്‍ ജോലി ചെയ്യുന്നുണ്ട്. ബിനാലെ ആശയം ഉയര്‍ന്നപ്പോള്‍ ഞാനും റിയാസും  ലോകത്തെ മികച്ച ക്യൂറേറ്റര്‍മാരെയും കലാസംഘാടകരെയും ബന്ധപ്പെട്ടു.

ആദ്യം ബന്ധപ്പെട്ടത് യുകെ കേന്ദ്രമാക്കി ഗവേഷണം ചെയ്തിരുന്ന ശ്വേതല്‍ പട്ടേലിനെയാണ്. അന്താരാഷ്ട്ര പ്രസിദ്ധ മാലിയോൺ ബിനാലെ ഡയറക്ടർ തിയറി റാസ്പയല്,, ക്യൂറേറ്റര്‍ ഹാന്‍സ് ഉള്‍റിക് ഒാബ്രിസ്റ്റിനെയും (Hans Ulrich Obrist)) ഗാങ്ജ്യൂ ബിനാലെയുടെ പ്രസിഡന്റിന്റെയും (ഡോ. യുങ്ൻ ലീ) എന്നിവരെ  ബന്ധപ്പെട്ടു. 1999ൽ ഓബ്രിസ്റ്റിനെ എനിക്കു പരിചയപ്പെടുത്തിയത് ഗോള്‍ഡ്സ്മിത്ത് കോളേജിലെ ചരിത്രവിഭാഗം അധ്യക്ഷന്‍ ആയിരുന്ന ശരത് മഹാരാജ് ആണ്. എങ്ങനെ ഒരു ബിനാലെയുടെ ഘടന രൂപപ്പെടുത്തണം, അതിനുള്ള പണം എങ്ങനെ  സംഘടിപ്പിക്കണം എന്നെല്ലാം ഇവരുമായൊക്കെ ചർച്ച ചെയ്തു. എല്ലാവരും സുഹൃത്തുക്കളായതുകൊണ്ട്‌ എല്ലാവരും അവരുടെ മനസ്സ് തുറന്നു. ഞങ്ങള്‍ അവര്‍ തന്ന റിപ്പോര്‍ട്ടുകളൊക്കെ വായിച്ചു. അതായത് വെനീസ് ബിനാലെ പതിമൂന്നു മില്യണ്‍ യൂറോ ഉപയോഗിച്ചാണ് നടക്കുന്നത്‌. ഇതൊക്കെ നോക്കിക്കഴിയുമ്പോള്‍ നമ്മുടെ നാട്ടില്‍ എന്താണുള്ളത് എന്നാണ് അടുത്തചിന്ത വന്നത്. പതിനായിരം ചതുരശ്ര അടി വിസ്തീർണം ഉള്ള ഡര്‍ബാര്‍ ഹാള്‍, കൂടാതെ തീരെ ചെറിയ ചില ഇടങ്ങള്‍ മാത്രമാണ്‌  കലാപ്രദര്‍ശനങ്ങള്‍ക്കായി നമുക്കുള്ളത്. എന്റെ ഡീ ക്യൂറേറ്റിങ് പ്രദര്‍ശനത്തില്‍ എങ്ങനെയാണ് പരിമിതമായ ഇടത്ത്‌ വര്‍ക്കുകള്‍ ഡിസ്‌പ്ലേ ചെയ്തിരുന്നത് എന്നോർമയുണ്ട്. സ്‌പേസുകള്‍ പുതുതായി നിർമിക്കണമായിരുന്നു.

ചില വാതിലുകളും ജനലുകളും അടച്ചെടുക്കണമായിരുന്നു. അന്ന് ഡർബാർ ഹാളിൽ പ്രദര്‍ശനത്തിനായി ഇന്ന് കാണുന്നത്രയും ചുമര്‍ ഇല്ല അവിടെ. പിന്നീട് ബിനാലെയ്‌ക്ക്‌ മുന്നോടിയായി അതെല്ലാം നവീകരിക്കുകയായിരുന്നല്ലോ. നമുക്ക് ആകാശത്തും നിലത്തും ബിനാലെ ചെയ്യാമല്ലോ എന്നാണ് ഞങ്ങള്‍ ആദ്യം ആലോചിച്ചത്. എന്തു തരം ബിനാലെ ആണ് നമ്മള്‍ ആവിഷ്‌കരിക്കുന്നത് അതനുസരിച്ചാണ് അതിനുവേണ്ടതായ സൗകര്യങ്ങളുടെ കാര്യം വരുന്നത്. അങ്ങനെ പലവഴിക്ക് ചിന്തിച്ചിട്ടാണ് ഒരു ആശയം കിട്ടിയത്‌. ബിനാലെയെക്കുറിച്ച് കിട്ടാവുന്ന അറിവുകളൊക്കെ ശേഖരിച്ചുകൊണ്ടാണ് ഞങ്ങള്‍ നാട്ടിലെത്തുന്നത്. സാംസ്‌കാരികം, ടൂറിസം വകുപ്പുകളുടെ സെക്രട്ടറിയായ  ഡോ. വേണു ഐഎഎസ്സുമായാണ് സുദീര്‍ഘമായ ചര്‍ച്ചകള്‍ നടത്തിയത്. നാടകപ്രവര്‍ത്തനം വഴി അദ്ദേഹത്തെ മുന്‍പരിചയമുണ്ട്. ആദ്യം ഞങ്ങളെ യാഥാർഥ്യങ്ങള്‍ ബോധ്യപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തത്. നമ്മുടെ സാംസ്‌കാരിക വകുപ്പിന്റെ ഫണ്ട് ഇത്ര ‘അംബിഷ്യസ്’ ആയ ഒരു പദ്ധതിയെ പിന്തുണയ്‌ക്കാന്‍ കഴിവുള്ളതല്ല. ഞങ്ങളാണെങ്കില്‍ ലോക ബിനാലെ സന്ദര്‍ഭങ്ങളുമായി താരതമ്യപഠനം നടത്തി വലിയൊരു പദ്ധതിയൊക്കെയാണ് ഇട്ടിരിക്കുന്നത്. അക്കാദമികള്‍ മുതലായ സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കുള്ളത് നീക്കിയിരിപ്പ് കഴിഞ്ഞാല്‍ സാംസ്‌കാരികവകുപ്പിന് ബിനാലെയ്‌ക്ക്‌ മാറ്റിവയ്‌ക്കാന്‍ താരതമ്യേന ചെറിയ തുകയേ ഉണ്ടാകൂ. ഇത് കേട്ടപ്പോള്‍ തന്നെ ഞങ്ങളുടെ മനസ്സ് ഇടിഞ്ഞു.

കവിത: നിങ്ങള്‍ അന്തര്‍ദേശീയമായ യൂറോ അമേരിക്കന്‍  ഏഷ്യന്‍ ലോകത്തെ ബിനാലെകളില്‍ പഠനം നടത്തി കണ്ടെത്തിയ അത്രയും വലിയ തുക സമാഹരിക്കുകയെന്നത് നമ്മുടെ സാമൂഹികസാമ്പത്തിക സന്ദര്‍ഭത്തില്‍ പ്രായോഗികമല്ലല്ലോ, വ്യക്തിപരമായി ഉണ്ടാക്കാനും പറ്റില്ല. അപ്പോള്‍ പിന്നെ എന്തു തരത്തിലുള്ള മൂലധനമാണ് കൊച്ചി ബിനാലെയെ സഹായിച്ചത്?

ബോസ്: എം എ ബേബി വളരെ വ്യത്യസ്തനായ ഒരു മന്ത്രിയായിരുന്നു. അദ്ദേഹം അതങ്ങനെ വിടാന്‍ ഒരുക്കമല്ലായിരുന്നു. പ്രഗല്ഭ സാമ്പത്തികവിദഗ്‌ധനായ ഡോ. പ്രഭാത് പട്നായിക്‌ അന്ന് പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ആയിരുന്നു. അന്താരാഷ്ട്ര നിലവാരവുമായി കിടപിടിക്കുന്ന കൊച്ചി ബിനാലെ നടത്താന്‍ വേണ്ടിവരുന്ന തുക ഞങ്ങൾ പറഞ്ഞപ്പോള്‍ അദ്ദേഹം ഇതെത്ര നാള്‍ക്കുള്ളില്‍ നടത്താനാണ് പദ്ധതി എന്നാരാഞ്ഞു. നമ്മള്‍ ഒരു ആറു മാസം കൊണ്ടൊക്കെ ചെയ്യണം എന്നു കരുതിയതാണ്. അത് നടക്കില്ലെന്ന് പട്നായിക്‌ പറഞ്ഞു. രണ്ടു വര്‍ഷം കൊണ്ട് ചെയ്യാമെങ്കില്‍ നമുക്ക് കഴിയുംവിധം പരിശ്രമിക്കാം എന്നും പറഞ്ഞു. എങ്കിലും അതിന്‌ പിന്നേയും കുറെ പ്രതിബന്ധങ്ങള്‍ തരണം ചെയ്യാനുണ്ടായിരുന്നു.

എന്തായാലും ഈ പദ്ധതിക്കു വേണ്ടതായ പണം എങ്ങനെയാണ് ഉണ്ടാക്കുക എന്ന സംഗതിയിരിക്കേത്തന്നെ ബിനാലെ നടത്താന്‍ വേണ്ടതായ ഇടങ്ങള്‍ കൃത്യമായ പ്ലാനിങ്ങിലൂടെ ഉരുത്തിരിയുകയും വേണമായിരുന്നു. അതിനിടെ, ആര്‍ക്കിടെക്റ്റ് ടി എം സിറിയക്കുണ്ടല്ലോ, ആലപ്പുഴയിലെ കമ്യൂണിസ്റ്റ് പാർടിയുടെ അതിഥിമന്ദിരമൊക്കെ നന്നായി ഡിസൈന്‍ ചെയ്ത ആള്‍. ഞാനും റിയാസും അദ്ദേഹവുമൊത്ത് ഫോര്‍ട്ട് കൊച്ചിയിലൂടെ ധാരാളം നടന്നു. അവിടെയൊക്കെ നമുക്കെങ്ങനെ താല്‍ക്കാലികമായ പവിലിയനുകള്‍ നിർമിക്കാമെന്ന് നോക്കുകയായിരുന്നു ലക്ഷ്യം. മൂന്നു മാസത്തോളം അവ നിലനിര്‍ത്താന്‍ എന്തു ചെലവ് വരും എന്നൊക്കെ ആലോചിക്കണമായിരുന്നു. അന്നൊന്നും ആസ്‌പിൻവാൾ  ഒന്നും ചിന്തയിലില്ല. ഏറെക്കഴിഞ്ഞാണ് അതൊക്കെ വന്നത്.

കവിത: ഒരു കലാപദ്ധതി, ഏത് വലുപ്പത്തിലുള്ളതായാലും വേണ്ടില്ല, അത്  ഉരുത്തിരിയുന്നത് മുതല്‍ സാക്ഷാത്ക്കരിക്കപ്പെടുന്നത് വരെ നോക്കിയാല്‍,  അതിലേക്കു കുറെ വിഭവശേഷിയുള്ള മനുഷ്യര്‍ കടന്നുവരുന്നുണ്ട്. ബന്ധങ്ങള്‍ കടന്നുവരുന്നുണ്ട്. പലപ്പോഴും അതേക്കുറിച്ചുള്ളതെല്ലാം കലയുടെ വ്യവഹാരത്തിന് പുറത്തുള്ള എന്തോ ആണെന്ന വിചാരം നമുക്കിടയില്‍ പ്രബലമാണ്. പക്ഷേ, ഗ്ലോബലൈസ്ഡ് ലോകം നമുക്കിടയില്‍ ഉണ്ടായപ്പോള്‍ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും നവസ്ഥാപനവല്‍ക്കരണങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അത് ഏറിയും കുറഞ്ഞും ചില പദവിമൂല്യമൊക്കെയുള്ള മനുഷ്യരുടെയും അവരുടെ ‘ലിബറല്‍’ ബന്ധങ്ങളുടെയും ആലോചനകളുടെയും അതിനായി അവര്‍ കണ്ടെത്തിയ ഇടങ്ങളുടെയും വരവുപോക്കുകള്‍ കൊണ്ട് ഉണ്ടായതാണ്. അത് ഇന്ന്‌ കലയെ ഒരു വ്യവഹാരമെന്ന നിലയില്‍ വളരെയധികം സ്വാധീനിക്കുന്നുണ്ട്.

പക്ഷേ കൂണുപോലെ മുളച്ച ആര്‍ട്ട് ഗാലറികള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയവയ്‌ക്ക്‌ പലതിനും വേണ്ടത്ര ആത്മവിമര്‍ശശീലമോ ബൗദ്ധിക ശീലങ്ങളോ ഇല്ലാത്തത്തിനാല്‍ സങ്കുചിതമായ വിപണിബോധം മാത്രം പ്രദര്‍ശിപ്പിച്ച് നില്‍ക്കുന്നുമുണ്ട്. അങ്ങനെയൊരു ഘട്ടത്തിലാണ് രണ്ടായിരത്തില്‍ കേരളത്തില്‍ പല തുറകളില്‍ പ്രവര്‍ത്തിക്കുന്ന കലാകാരൻമാരും ചിന്തകരും അധികാരികളും  രാഷ്ട്രീയപ്രവർത്തകരും പൊതുവിടങ്ങളും‐  എല്ലാവരും അവരുടേതായ യുക്തികളും ലക്ഷ്യങ്ങളും നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒരു കലാപദ്ധതിയില്‍ ഇടപെടുന്ന ഒരു പരീക്ഷണ അനുഭവം ബിനാലെ എന്ന പേരില്‍ ഇവിടെ ഉണ്ടായത്. ബോസ് ഇപ്പോള്‍ ഈ സംഭാഷണത്തില്‍ പറയുന്ന കാര്യങ്ങളില്‍  കുറേ ആളുകളും, അവര്‍ തമ്മിലുണ്ടായ ഔദ്യോഗികവും അനൗദ്യോഗികവുമായ ബന്ധങ്ങളും, പിന്നെ മീറ്റിങ് റൂമുകള്‍, തീന്‍മേശകള്‍, തെരുവുകള്‍, അനൗപചാരികമായ കലാവിനിമയശാലകള്‍, സംഭാഷണ സാഹചര്യങ്ങള്‍ തുടങ്ങിയ പലതരം കാര്യങ്ങളുമാണുള്ളത്. നമ്മുടെ സാമൂഹികവും സാംസ്‌കാരികവുമായ ഇടങ്ങള്‍ സമൂലം മാറണമെന്ന ആഗ്രഹം ഇതിലെല്ലാം ഉണ്ട്.

ബോസ്‌ കൃഷ്‌ണമാചാരി -ഫോട്ടോ: ആനന്ദ്‌ കെ  എസ്‌

ബോസ്‌ കൃഷ്‌ണമാചാരി -ഫോട്ടോ: ആനന്ദ്‌ കെ എസ്‌

ഒപ്പംതന്നെ, കേരള സമൂഹത്തില്‍ പലവിധത്തില്‍ വിധിയെഴുതപ്പെട്ടുകഴിഞ്ഞ, വിവാദമായ പലതും ഇതിലുണ്ട്. തട്ടിപ്പ് V/s  ആഘോഷം എന്ന ദ്വന്ദ്വത്തിലാണ് അവ ഏറെയും പ്രവര്‍ത്തിച്ചത്. അക്കാര്യങ്ങളെ അങ്ങനെ കാണാന്‍ താൽപ്പര്യമില്ലാതെ, ‘സമകാലികകലയിലെ തത്പരകക്ഷി’കളെ അതിനു പുറത്തുനിന്നു നോക്കിക്കൊണ്ടു കലയിലും കലാവിദ്യാഭ്യാസത്തിലും ചരിത്രഗവേഷണത്തിലും ജീവിച്ച വ്യക്തിപരമായ അനുഭവം എനിക്കുമുണ്ട്. അതിന്റെ ഉള്‍ക്കാഴ്‌ചകള്‍ വേറെയുമാണ്. നമ്മള്‍ കലയെ ബൗദ്ധികമൂലധനമായി മനസ്സിലാക്കുന്നതോടൊപ്പം തന്നെ, വിവിധങ്ങളായ സാധാരണ സാമൂഹികപ്രക്രിയകളുടെയും അനിവാര്യമായ ഭൗതികവിഭവശേഷിയുടെയും ഒരു കാര്യമായിക്കൂടി മനസ്സിലാക്കുകയാണ് വേണ്ടത് എന്നെനിക്ക് തോന്നുന്നു. അതിനാല്‍, താന്‍ ഏകോപിപ്പിച്ച ആളുകളെയും ഇടങ്ങളെയും ആഗ്രഹങ്ങളെയും കുറിച്ച് ആ പ്രവര്‍ത്തനത്തിലൂടെ  കടന്നുപോയ ഒരാളുടെ ഭാഗത്തുനിന്ന്‌ കേള്‍ക്കേണ്ടതുണ്ട്, അതാരായാലും. അതാണ് നമ്മള്‍ തമ്മിലുള്ള ഈ സംഭാഷണത്തിന്റെയും അടിസ്ഥാനം.

ബോസ്: ഞാന്‍ എപ്പോഴും വളരെ ഫ്ലൂയിഡ് ആയിരിക്കാൻ ആഗ്രഹിക്കുന്നു.

കവിത: എനിക്കറിയേണ്ടത്, ഇന്ത്യന്‍ ആര്‍ട്ട് സീനില്‍ കലാകാര്യങ്ങള്‍ നടത്തിയെടുക്കുക എന്ന സംഗതിക്ക് കേരളം കേന്ദ്രീകരിച്ചുകൊണ്ട്‌ പ്രാധാന്യം കൊടുത്ത്, ഒരു ‘ആര്‍ട്ടിസ്റ്റ് ബീയിങ്’ ആയിട്ട് എങ്ങനെയാണ് ബോസ് കടന്നുപോന്നത്?

ബോസ്: മറ്റുള്ളവരെ പ്രചോദിപ്പിക്കാന്‍ എന്താണ് ചെയ്യാന്‍ പറ്റുന്നത് എന്നതിനെ കേന്ദ്രീകരിച്ചാണ്‌ എന്റെ ജീവിതകഥ ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്‌. ഞാന്‍ കുട്ടികളോട് സംസാരിക്കുമ്പോള്‍ പറയാറുണ്ട്. എന്നെപ്പോലെ ഒരു പൊതുവിദ്യാലയത്തിൽ പഠിച്ച ആൾക്ക്  കലാലോകത്തില്‍ അറിയപ്പെടുന്ന ഒരാളാകുംവിധം എന്തെങ്കിലും ചെയ്യാന്‍ കഴിയണമെങ്കില്‍ എനിക്ക് എന്നിലുള്ള ഉറപ്പുകളും പ്രതിബദ്ധതയും  പാഷനും ഉണ്ടാകണം. എന്റെ അറിവുകൾ ദൈവം തന്നതൊന്നുമല്ല. അറിയപ്പെടുന്ന ആളാകണമെന്നതിനെക്കാളധികം കല ചെയ്യാന്‍ പറ്റുന്ന ആളാകണം, എല്ലാവർക്കും അതാകാം എന്നുള്ള ഒരു വിശ്വാസക്കാരനാണ് ഞാന്‍.

കഴിവുകള്‍ ഉള്ള അനവധി പേരുണ്ട്. പക്ഷേ വഴികാണിക്കാന്‍ ആരുമില്ല. ഞാന്‍ എന്റെ വഴി കണ്ടെത്തി എന്നേ ഞാന്‍ പറയൂ. ജീവിതത്തില്‍ പലതരം സുഹൃത്തുക്കള്‍ വന്നിട്ടുണ്ട്, അധ്യാപകരും പത്രപ്രവര്‍ത്തകരും വന്നിട്ടുണ്ട്. പക്ഷേ അക്കൂട്ടത്തില്‍ യാദൃച്ഛികമായ പലതും ഉണ്ടായിട്ടുണ്ട്. ക്യൂറേഷന്‍, ബിനാലെ തുടങ്ങി ഇവിടെ ഏറെക്കുറെ പുതുതായി കേള്‍ക്കുന്ന കാര്യങ്ങള്‍ എന്താണെന്നതിനെക്കുറിച്ച് എന്റെ ഏറ്റവും അടുത്ത സ്‌നേഹിതരെപ്പോലും തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലുള്ള വ്യാഖ്യാനങ്ങളും ഗോസിപ്പുകളും കൊണ്ട് പല വ്യക്തിബന്ധങ്ങളും സ്വാധീനിക്കപ്പെട്ട അനുഭവമുണ്ട്. ക്യൂറേറ്റര്‍ ഒരു ‘പിമ്പ്’ ആണെന്നും മറ്റും ഒരു പത്രപ്രവർത്തകൻ എഴുതിയത്‌  വായിച്ചുകണ്ടിട്ടുണ്ട്.

കവിത: ക്യൂറേഷന്‍ എന്ന പദം, മ്യൂസിയം വ്യവഹാരങ്ങളുടെ വംശാവലികളില്‍പ്പെടുന്നു. ബിനാലെ എന്ന പദത്തിന് വ്യാവസായിക യൂറോപ്പിന്റെയും മൂലധനവിപണികേന്ദ്രിത കാര്‍ണിവല്‍ സമൂഹമായി രൂപപ്പെട്ട അമേരിക്കയുടെയും ദേശരാഷ്ട്ര വ്യവഹാരങ്ങളുടെയും Great Fairs  ന്റെ പവിലിയൻ വംശാവലിയിലാണ് ഇടം ഉള്ളത്. പക്ഷേ ഇതൊന്നും ഇന്ത്യയുടെ മൂന്നാംലോക ചരിത്രത്തില്‍ സ്വാഭാവികമായി ഇല്ലല്ലോ. ഈ വ്യത്യാസം കണക്കിലെടുക്കാതെ ഏറ്റവും ആദർശോചിതമായി ഭാവന ചെയ്താല്‍ ഒരു രാജ്യത്തിന് വരെ അതിന്റെ പ്ലാനിങ് ഫണ്ടില്‍നിന്ന് എടുത്തുമാറ്റാന്‍ പ്രയാസം വരുന്നത്രയും വലിയൊരു തുക, സാംസ്‌കാരികപ്രവര്‍ത്തനങ്ങളുടെ പുതിയ മാതൃകകള്‍ പരീക്ഷിക്കാന്‍ വേണ്ടിവരുമെങ്കില്‍, താങ്ങാനാകാത്ത ഒരു ആശയമാണ് ബിനാലെ എന്നും ആളുകള്‍ മനസ്സിലാക്കിയേക്കാം.

ബോസ്: യാഥാർഥ്യം പക്ഷേ അതൊന്നുമായിരുന്നില്ല. പറയുകയാണെങ്കില്‍ കുറേ വിശദാംശങ്ങള്‍ പറയാനുണ്ട്. ഒന്നും മറച്ചുവയ്‌ക്കാനില്ല. പതിനാറരക്കോടി രൂപയോളമാണ് ആദ്യത്തെ ബിനാലെയ്‌ക്ക്‌ ചെലവായത്. ഇടതുപക്ഷ ഗവണ്‍മെന്റ്‌ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നു, പിന്നീട് വരുന്ന ഗവൺമെന്റിന്റെ വിജിലന്‍സ് അന്വേഷണവും കഴിഞ്ഞിട്ട്, പത്തു കോടി തരാമെന്ന് ആദ്യം പറഞ്ഞിരുന്നതില്‍നിന്നും നാലു കോടി പോലും കിട്ടിയത്  ആദ്യത്തെ ബിനാലെ കഴിഞ്ഞതിന് ശേഷം രണ്ടായിരത്തി പതിനാലൊക്കെ ആകുമ്പോഴാണ്. അപ്പോള്‍ ഈ പതിനാറരക്കോടി ഉണ്ടാക്കിയതെവിടെനിന്നാണ് എന്നു ചോദിച്ചാല്‍, നമ്മുടെ കലാലോകത്തെ സുഹൃത്തുക്കളില്‍നിന്ന് തന്നെ. ഇത്തരം പദ്ധതികള്‍ ഗവണ്‍മെന്റില്ലാതെ ചെയ്യുന്നതാണ് എപ്പോഴും നല്ലതെന്ന് എനിക്കു തോന്നിയിട്ടുണ്ട്.

ബോംബെയിലെ ബിഎംബി ഗാലറിയിൽ

ബോംബെയിലെ ബിഎംബി ഗാലറിയിൽ

വ്യക്തിപരമായ  സമ്പാദ്യത്തില്‍നിന്ന് വലിയൊരു തുക  ഞാന്‍ ബിനാലെ നടത്തിപ്പിന് വേണ്ടി ഉപയോഗിച്ചു. റിയാസ് ചില വസ്തുക്കള്‍ വിറ്റു. ഇതൊന്നും കഥയൊന്നുമല്ല. കേരളം അതിന്റെ സാംസ്‌കാരികമായ ഔന്നത്യങ്ങള്‍ക്ക് പ്രശസ്തമാണല്ലോ. ഇന്ത്യയില്‍ ഏറ്റവുമധികം അഭ്യസ്തവിദ്യരുള്ള ഇടമാണ്. ഇതൊക്കെ പറയുന്ന സ്ഥലത്ത്‌ ഒരു സാംസ്‌കാരിക പദ്ധതി തോറ്റുപോയാല്‍ അത് സ്റ്റേറ്റിന് സംഭവിക്കാവുന്ന വലിയൊരു ദുരന്തമായിരിക്കും. പല പൊതുമരാമത്ത് പദ്ധതികളിലൊന്ന് നടക്കാതാകുംപോലെയല്ല അത്. അപ്പോഴേക്കും പ്രതിപക്ഷത്തായിരുന്ന  ബേബി സാര്‍ കൂടെ നിന്നു. പ്രൊഫ. കെ വി തോമസും കെ സി ജോസഫ് സാറും അങ്ങനെതന്നെയായിരുന്നു. അതായിരുന്നു ഞങ്ങളുടെ ആത്മവിശ്വാസം. എന്തായാലും അക്കാലത്ത് കല ചെയ്തുണ്ടാക്കുന്ന പണം കൊണ്ടുതന്നെയാണ്  ഞങ്ങള്‍ ആദ്യത്തെ ബിനാലെ നടത്തിയത് എന്നതാണ് വാസ്തവം.

കവിത: അപ്പോള്‍ പറഞ്ഞുവരുന്നത്,  കലകൊണ്ട് മാത്രം സ്വന്തം ഉല്‍ക്കര്‍ഷേച്ഛയനുസരിച്ച് ജീവിക്കാവുന്ന അവസ്ഥ ഇവിടെ കലാകാരസമൂഹത്തിനുണ്ട് എന്നാണോ?

ബോസ്: ആര്‍ട്ടിസ്റ്റ് പ്രാഥമികമായി മാര്‍ക്കറ്റിനെപ്പറ്റി ചിന്തിക്കാന്‍ പാടില്ല. സാമ്പത്തികമാന്ദ്യം ഉണ്ടോ മാര്‍ക്കറ്റ് ഉണ്ടോ ഇല്ലയോ എന്നത് ആര്‍ട്ടിസ്റ്റിന്റെ പ്രശ്നമല്ല. നമ്മള്‍ നമ്മുടേതായ പണികള്‍ എടുത്തുകൊണ്ടിരിക്കുന്നു. പിന്നെ, ഒരു മെറ്റീരിയല്‍ ലോകത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, തീര്‍ച്ചയായും ചിലത് പറയാനാകും. ആഗോളവ്യാധികാലത്ത് മുൻവര്‍ഷത്തെക്കാള്‍ വലിയ ആര്‍ട്ട് മാര്‍ക്കറ്റാണ് ഉണ്ടായത്. 2020ലെ ഒരു പഠനം റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, മുന്പ് ആറ് ശതമാനത്തോളം ഓൺലൈന്‍ കലാകച്ചവടം ഉണ്ടായിരുന്നത് ഇപ്പോള്‍ പന്ത്രണ്ട്‌ ശതമാനത്തിലധികം ആയിരിക്കുന്നു എന്നാണ്. ‘ആര്‍ട്ട് ന്യൂസ്‌പേപ്പര്‍’ പറയുന്നതു പ്രകാരം, പ്രധാന ഗാലറികളെല്ലാം കഴിഞ്ഞ വർഷം  മികച്ച കച്ചവടം നടത്തുകയുണ്ടായി. ഇതില്‍ ഭൂരിഭാഗവും വില്‍പ്പന നടന്നിരിക്കുന്നത് ഇന്ത്യയില്‍ തന്നെയാണ് എന്നെനിക്കറിയാം.

ഇവിടെ പുതുതലമുറ ആര്‍ട്ട് കളക്ടേഴ്സ് ഉണ്ടായിരിക്കുന്നു. മുതിര്‍ന്ന തലമുറയിലെ ഏറെപ്പേരും കഴിഞ്ഞ വർഷം വര്‍ക്കുകള്‍ വാങ്ങിയിട്ടുണ്ട്. നമ്മുടെ പല കലാകാര സുഹൃത്തുക്കള്‍ക്കും എങ്ങനെ ഒരു ഗാലറിയെ സമീപിക്കണം എന്നറിയില്ല. എന്താണ് ഗാലറികള്‍ എടുക്കുന്ന കമ്മീഷന്‍, ഈ കാര്യങ്ങളൊന്നും ആര്‍ട്ട് കോളേജുകളിലോ സ്‌കൂളുകളിലോ പഠിപ്പിക്കുന്നില്ല. ഒരു കാൻവാസ് സ്ട്രെച്ച് ചെയ്യുന്നതെങ്ങനെ എന്നുപോലും ബോധവല്‍ക്കരിക്കുന്നില്ല. ഇന്ത്യയില്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് മറ്റൊരു തരത്തിലുള്ള വര്‍ക്കിങ് എക്‌സ്‌പീരിയന്‍സ് ആവശ്യമുണ്ട്. പലര്‍ക്കും ആക്‍ച്വല്‍ സ്റ്റുഡിയോ സ്‌പേസുകള്‍ ഇല്ല. എണ്‍പതുകളിലും തൊണ്ണൂറുകളിലും ബോംബെയില്‍ ഞാന്‍ പഠിക്കുന്ന കാലത്തും അതായിരുന്നു അവസ്ഥ. പക്ഷേ ഞാന്‍ ഓര്‍ക്കുന്നു, അക്ബര്‍ പദംസി, ലക്ഷ്‌മണ്‍ ശ്രേഷ്ഠ, തയ്യബ് മെഹ്ത, അതുല്‍ ദോഡിയ, പ്രഭാകര്‍ ബാർവെ, എന്റെ സമകാലികരായ സുദർശൻ ഷെട്ടി, സുനിൽ ഗാവ്‌ഡെ തുടങ്ങി   പലരുടേയും സ്റ്റുഡിയോയില്‍ ഞാന്‍ സമയം ചെലവഴിക്കാറുണ്ട്. ആര്‍ട്ടിസ്റ്റുകള്‍ മാത്രമല്ല, ഗോവിന്ദ് നിഹലാനി തുടങ്ങിയ ഫിലിം മേേക്കഴ്സ്, മസൂദ് താജ് അജിത്ത്‌ റാവു തുടങ്ങിയ ആര്‍ക്കിടെക്റ്റുകള്‍ ഒക്കെ എങ്ങനെ പ്രൊഫഷണലായി പ്രവര്‍ത്തിക്കുന്നു എന്നത് ഞാന്‍ നിരന്തരം ശ്രദ്ധിക്കാറുണ്ട്. അത് എനിക്കു ഒരർഥത്തില്‍  ആത്മവിശ്വാസം തന്നു. ഒരു പ്രൊപ്പോസല്‍ എഴുതാനും ഗാലറിയെ സമീപിക്കാനും സംഭാഷണങ്ങള്‍ വികസിപ്പിച്ചെടുക്കാനും ആര്‍ട്ടിസ്റ്റുകള്‍, പ്രത്യേകിച്ചും മലയാളികള്‍, പൊതുവേ വിമുഖരാണ്, പുറകിലാണ്. കാലം മാറുന്നുണ്ടെന്നതും പറയാതെ വയ്യ.

കവിത: നാട്ടിലെ പോലൊരു സാഹചര്യത്തില്‍ നിന്നും ഒരാള്‍ ഒരു ഗാലറിയെ സമീപിക്കുമ്പോള്‍ അടിസ്ഥാനപരമായി അത് ഏറെപ്പേര്‍ക്കും ഫലത്തില്‍ തങ്ങളെത്തന്നെ അധൈര്യപ്പെടുത്തുന്ന അനുഭവമായി മാറുന്നില്ലേ. എന്തിലേക്കും എടുത്തുചാടാനും അനുഭവിച്ചറിയാനും ആവേശം തോന്നുന്ന കലാവിദ്യാഭ്യാസ കാലത്തുപോലും ഒരാളെ പിന്നോട്ടു വലിക്കുന്നത് അയാളുടെ ആർജിതമായ ഒരു മലയാളി മധ്യവർഗ അപകര്‍ഷത മാത്രമാണോ, ആര്‍ട്ട് ഗാലറികളുടെ പ്രവര്‍ത്തന രീതിയിലെ അവ്യക്തതകള്‍ കൂടി പരിഗണിക്കണ്ടേ? ഒരുപക്ഷേ നിങ്ങളെ നിങ്ങളാക്കിയ കാലത്ത് തന്നെ ബോസ് ഇതൊക്കെ അതിജീവിച്ചിരിക്കും. അതുപക്ഷേ എല്ലാവർക്കും അങ്ങനെ എടുക്കാന്‍ തോന്നണമെന്നില്ല. മാത്രമല്ല, ഇതൊക്കെ എല്ലാവരെയും ഒരേ മാനദണ്ഡങ്ങളുള്ള ഒരു പ്രാക്ടീസിലേക്ക് സമീകരിക്കാനുള്ള പരിശീലനങ്ങള്‍ ആണെന്ന വിമര്‍ശനവും വലിയൊരു വിഭാഗം മലയാളി ആര്‍ട്ടിസ്റ്റുകള്‍ക്കിടയില്‍ ശക്തമാണല്ലോ...

ബോസ്: എന്റെ ആദ്യത്തെ ചിത്രപ്രദര്‍ശനം നടന്നത് 1989ലായിരുന്നു. അന്ന് ഞാന്‍ ബോംബെ ജെ ജെ സ്‌കൂളില്‍ മൂന്നാം വര്‍ഷ വിദ്യാർഥിയായിരുന്നു. രണ്ടു വര്‍ഷത്തെ ഫൗണ്ടേഷന്‍ കോഴ്സും മൂന്നു വര്‍ഷത്തെ സ്‌പെഷലൈസേഷനും ചേർത്ത്‌ അഞ്ചു വര്‍ഷത്തെ ബിരുദകോഴ്‌സ്‌. അന്ന് ജഹാംഗീര്‍ ആര്‍ട്ട് ഗാലറിയില്‍ എന്തു നടക്കുന്നുവെന്ന് എപ്പോഴും ഞാന്‍ ശ്രദ്ധിക്കുമായിരുന്നു.

ജഹാംഗീർ ആർട്ട്‌ ഗാലറി

ജഹാംഗീർ ആർട്ട്‌ ഗാലറി

ആ കാലം വ്യത്യസ്തമായിരുന്നു. ആര്‍ട്ട് ഗാലറികളുടെ കാര്യത്തില്‍ കേരളത്തിലെ അവസ്ഥ താരതമ്യപ്പെടുത്താനാകാത്തവിധം ശുഷ്‌കമായിരുന്നു. അന്ന് എന്റെ മനസ്സ് ജഹാംഗീര്‍ ഗാലറിയെ വേണമെങ്കില്‍ ഡര്‍ബാര്‍ ഹാളിനോടു താരതമ്യപ്പെടുത്തി കാണാന്‍ ശ്രമിക്കാറുണ്ട്. നാല് നോര്‍ത്ത് ഇന്ത്യന്‍ സ്വകാര്യ ഉടമസ്ഥതയിലെ ഗാലറികള്‍ അവിടെ ഉണ്ടായിരുന്നു. ആര്‍ട്ട് കളക്‌റ്റേഴ്സ് ഉള്ള ഗോദ്‌റെജ് കുടുംബത്തിന്റെ സിംറോസ (Cymroza) ഗാലറി അതിലൊന്നാണ്. അവിടെ ടെക്‌സ്‌റ്റൈല്‍, സെറാമിക് തുടങ്ങിയ പ്രദര്‍ശനങ്ങള്‍ നടക്കാറുണ്ട്. ഒപ്പം തന്നെ അക്ബര്‍ പദംസി പോലുള്ളവരുടെയും കണ്ടിരുന്നു. ഏറ്റവും പഴയ ഗാലറി കേമോള്‍ഡ് (Chemould) ആണ്. പിന്നെയുള്ളത് പണ്ഡോല്‍ (Pundole) ഗാലറിയാണ്.

കാളി പണ്ഡോല്‍ അധികവും പുരാവസ്തുക്കളുടെ ഒരു ഡീലര്‍ ആയിരുന്നു. പിന്നെ അദ്ദേഹത്തിന്റെ മകനും മരുമകളും ഈ ഇടം നടത്താന്‍ തുടങ്ങി, ആധുനിക കലാരീതികള്‍ പ്രദര്‍ശിപ്പിക്കാനും തുടങ്ങി. ഇന്ന്‌  അത് ഒാക്‌ഷന്‍ ഹൗസ് ആണ്. ഞാന്‍ എണ്‍പതുകളെക്കുറിച്ചാണ് സംസാരിക്കുന്നത്‌. നാലാമതൊരിടം ഗാലറി സെവന്‍ ആണ്. അരുണ്‍ സച്ച്ദേവ് എന്ന ഫിലിം മേക്കര്‍ ആണ് അത് ആരംഭിച്ചത്. മുംബൈ നഗരത്തില്‍ ഉണ്ടായിരുന്ന നാല് സ്വകാര്യ ഉടമസ്ഥതയിലുള്ള ഗാലറികളില്‍ മൂന്നിലും നിരന്തരം പ്രദര്‍ശനങ്ങള്‍ ഉണ്ടാകുമായിരുന്നു. ഇന്ത്യയിലെ പ്രധാനപ്പെട്ട ആര്‍ട്ടിസ്റ്റുകള്‍ വര്‍ക്ക് കാണിക്കുമായിരുന്നു. ഈ വര്‍ഷങ്ങള്‍ എനിക്ക്‌ പ്രധാനമായിരുന്നു. കോളേജില്‍ നല്ലൊരു ലൈബ്രറിയുണ്ടായിരുന്നു, സമകാലികമായ എന്തും അവിടെ വരും. വിവാന്‍ സുന്ദരവും കൂട്ടരും ചേര്‍ന്ന് നടത്തിയ ആര്‍ട്ട് ആൻഡ്‌ ഐഡിയാസ് ജേണല്‍ ഒക്കെയുണ്ട്. എന്നാലും ആര്‍ട്ട് ഫോറം പോലുള്ള അന്താരാഷ്ട്ര ആര്‍ട്ട് ജേണലുകള്‍ അവിടെയില്ലായിരുന്നു. ഞാനവ തെരുവിലെ പുസ്തകക്കച്ചവടക്കാരില്‍ നിന്നും പത്തു മുപ്പത്തഞ്ചു രൂപയൊക്കെ കൊടുത്ത് സെക്കന്‍ഡ് ഹാൻഡ് ബുക്കുകൾ ആയി വാങ്ങുമായിരുന്നു. അന്നവിടെ ഗാലറി സെവന്‍ ഉള്ള ബില്‍ഡിങ്ങില്‍   സ്‌ട്രാന്റ്‌ ബുക്‌ ഷോപ്പ് ഉണ്ടായിരുന്നു. കല, ഡിസൈന്‍, ആര്‍ക്കിടെക്ചര്‍, ഫാഷന്‍, ഫോട്ടോഗ്രാഫി, തുടങ്ങിയ വിഷയങ്ങളില്‍ ഉള്ള പുസ്തകങ്ങള്‍ നോക്കാം, വാങ്ങാനുള്ള കാശ് അന്നുണ്ടായിരുന്നില്ലെങ്കിലും. അന്നവിടെ കണ്ട കാര്യങ്ങളുടെയെല്ലാം സാമ്പത്തികവശം പറയുകയാണെങ്കില്‍, ഈ അഞ്ചു സ്ഥലങ്ങളില്‍ നടക്കുന്ന കാര്യങ്ങളായിരുന്നു എന്റെ പാഠപുസ്തകം.

കവിത: എന്തുതരം പ്രദര്‍ശനങ്ങളാണ് അവിടെ നടന്നിരുന്നത്?

ബോസ്: ബംഗാള്‍ സ്‌കൂള്‍ പ്രദര്‍ശനങ്ങള്‍ തന്നെയാണ് അവിടെ ഏറിയകൂറും അന്ന് നടന്നത്. ബിര്‍ള, ഗോയങ്ക തുടങ്ങിയ അന്നത്തെ അവിടത്തെ ലക്ഷപ്രഭുക്കളെല്ലാം ബംഗാള്‍ ചിത്രരചനാശൈലികളുടെ പരിപോഷകര്‍ ആയിരുന്നു.

‘ഡബിൾ എൻഡേഴ്‌സ്‌’ എക്‌സിബിഷനിൽ നിന്ന്‌

‘ഡബിൾ എൻഡേഴ്‌സ്‌’ എക്‌സിബിഷനിൽ നിന്ന്‌

അവര്‍ക്കെല്ലാം കല്‍ക്കത്തയുമായി നല്ല ബന്ധങ്ങളായിരുന്നു. അന്ന് പന്ത്രണ്ടായിരം രൂപയൊക്കെ ബ്രോഷറിനും പ്രദര്‍ശനത്തിനുമായി കൊടുക്കാന്‍ തയ്യാറായിരുന്നു അവര്‍. ഗോയങ്കയുടെ ‘ആര്‍പിജി’ അന്നത്തെ വലിയ ആര്‍ട്ട് കളക്ടർ ആയിരുന്നു. ഒരിക്കല്‍ സഫ്ദര്‍ ഹാഷ്‌മി മെമ്മോറിയല്‍ ട്രസ്റ്റിന്‌ വേണ്ടി നടത്തിയ ചാരിറ്റി ഓക്‌ഷന്, ഷിറീന്‍ ഗാന്ധി എന്നോടു ചോദിച്ചു രണ്ടു കലാവിദ്യാർഥികളെ കിട്ടുമോ എന്ന്‌. ഞാന്‍ റീനയെയും ജീതീഷ് കല്ലാട്ടിനെയും വിളിച്ചു. അവിടെ ആ ഒാക്‌ഷനില്‍ നിരന്തരം കൈ ഉയര്‍ത്തിക്കാണിച്ചു കൊണ്ടിരുന്ന ഒരാളുണ്ടായിരുന്നു. ഹര്‍ഷ് ഗോയങ്ക, എന്ന് ചൂണ്ടിക്കാട്ടിയത് ഷിറീൻ ഗാന്ധി ആണ്! അദ്ദേഹം അക്കാലത്ത് ധാരാളം ആര്‍ട്ടിസ്റ്റ് റെസിഡന്‍സികളും മറ്റും നടത്താറുണ്ട്.

കവിത: പലപ്പോഴും ആര്‍ട്ട് മാര്‍ക്കറ്റില്‍ ഊഹക്കച്ചവടക്കാര്‍ അല്ലേ ഇടപെടുന്നത്? അവര്‍ കല വാങ്ങുമ്പോള്‍ എന്താണ് മാനദണ്ഡം?

ബോസ്: അങ്ങനെയുള്ളവരും ഉണ്ടായിരുന്നു. അവര്‍ പ്രദര്‍ശനത്തിന് വരുണെന്നറിഞ്ഞാല്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് വലിയ സന്തോഷമുണ്ടായിരുന്നു. വിചിത്രമായ രീതിയില്‍ വര്‍ക്ക് വാങ്ങിയ ഒരാളുണ്ടായിരുന്നു. പ്രദര്‍ശനം തീരുന്ന അവസാനദിവസം വരും. എന്തൊക്കെ ബാക്കിയുണ്ടോ, അതെല്ലാം കൂടിയിട്ടു ചോദിക്കും. ആര്‍ട്ടിസ്റ്റ് പറയുന്ന വിലയില്‍നിന്നും തീരെക്കുറച്ച് ചോദിച്ചാലും പൊതുവേ ആര്‍ട്ടിസ്റ്റ് അവയെല്ലാം വില്‍ക്കാനായതിന്റെ സന്തോഷത്തിലുമായിരിക്കും. ഒരു ഉദാഹരണം പറഞ്ഞതാണ്. എപ്പോഴും അങ്ങനെ സംഭവിക്കണമെന്നല്ല. പക്ഷേ ഇതേ ആള്‍ എന്നെ അങ്ങേരുടെ വീട്ടില്‍ കാര്യങ്ങള്‍ ഡിസൈന്‍ ചെയ്യാന്‍ വിളിച്ചിട്ടുണ്ട്. ഒരു ഷാന്റലിയര്‍ പോലുള്ള സംഗതിയാണ് വേണ്ടിയിരുന്നത്. ഞാനൊരു ശില്‍പ്പം ഉണ്ടാക്കി. അവിടെനിന്നും ഞാന്‍ ഇന്ത്യയിലെ പ്രമുഖ ആര്‍ക്കിടെക്റ്റ് ആയ നരി ഗാന്ധിയുടെ കൂടെ യാത്ര ചെയ്യാന്‍ തുടങ്ങുകയായിരുന്നു. വര്‍ക്ക് നമ്മെ എത്തിക്കുന്ന ഇത്തരം ചില ഇടങ്ങളുണ്ട്. ആര്‍ട്ട് മാര്‍ക്കറ്റിനെക്കുറിച്ച് നമ്മള്‍ ഇത്തരം സഹവാസങ്ങളിലൂടെ സ്വാഭാവികമായി അറിയുന്നതാണ്. ഞാന്‍ മാര്‍ക്കറ്റന്വേഷിച്ചു പോകുകയല്ല.

കലയുടെ എത്തിക്‌സ്‌ സംബന്ധിച്ച ഒരു കാര്യം വരുമ്പോള്‍ ഞാന്‍ ഒരു ധാര്‍ഷ്ട്യക്കാരന്‍ കൂടിയാണ്. 1992 ലെ എന്റെ ഒരു പ്രദര്‍ശനമാണ് എന്നെ ഒരു ‘സൂപ്പര്‍സ്റ്റാര്‍’ ആക്കിയത്. ഞാനും സച്ചിന്‍ ടെണ്ടുല്‍ക്കറും ഷാരൂഖ് ഖാനും ഇലസ്ട്രേറ്റഡ് വീക്കിലിയുടെ മുഖചിത്രമായി. ഭാവിയിലേക്കുള്ള പത്തു വാഗ്ദാനങ്ങള്‍ എന്ന നിലയ്‌ക്ക്‌ ഒരു കവര്‍സ്റ്റോറി ആയിരുന്നു അത്. ഒരു മലയാളി ഐഎഎസ് ഒാഫീസര്‍ അക്കാലത്ത് ആഫ്റ്റര്‍നൂണ്‍ എന്ന ഒരു മധ്യാഹ്ന പത്രത്തില്‍ കോളം എഴുതാറുണ്ട്. അദ്ദേഹം ഒരു ആര്‍ട്ട് കളക്ടര്‍ സുഹൃത്തിനെ കൊണ്ടുവരാറുണ്ട്. ഞാന്‍ അന്ന് പ്രദര്‍ശിപ്പിച്ചത് ഏതാണ്ട് ‘മമ്മിഫൈ’ ചെയ്തതുപോലെ പുസ്തകങ്ങളെ കരിച്ചും അവയ്‌ക്ക്‌ മുകളിലൂടെ പെയിന്റില്‍ മുക്കിയെടുത്തും ഒക്കെയാണ്. ആ പുസ്തകങ്ങള്‍ മുംബൈയിലെ തെരുവുകളില്‍ നിന്നും ശേഖരിച്ചതാണ്. തെരുവുകള്‍ എന്റെ വര്‍ക്കിനെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. അതേപ്പറ്റി പിന്നെ പറയാം. ഇപ്പോള്‍ പറയുന്നതു ഒരു ആര്‍ട്ട് വര്‍ക്കിന്റെ വില്‍പ്പനയെക്കുറിച്ച് മാത്രമാണ്‌. ഈ കോളമിസ്റ്റ് എന്റെ വര്‍ക്കിലെ അദ്ദേഹത്തിന്റെ താൽപ്പര്യം പ്രകടമാക്കി. നാല്‍പ്പത്തയ്യായിരം രൂപ ഞാന്‍ വില പറഞ്ഞു.

അന്നത് വലിയ തുകയായിരുന്നു. അപ്പോള്‍ അത് ഒരു മുപ്പത്തയ്യായിരത്തിന് തരാമോ എന്നായി. ഞാന്‍ ആ മാന്യദേഹത്തോട് പറഞ്ഞു, ‘സര്‍, ഇത് ഉള്ളിയും ഉരുളക്കിഴങ്ങുമല്ല!’ അക്കാലത്ത് ആ ധാര്‍ഷ്ട്യം എന്റെ ഭാഗമായിരുന്നു. അന്നെനിക്ക് ആര്‍ട്ട് മാര്‍ക്കറ്റിനെപ്പറ്റി ധാരണയുണ്ടായിരുന്നില്ല. പിന്നീട് അറിഞ്ഞുതുടങ്ങിയപ്പോള്‍ മനസ്സിലായി, കലയിലും അതിന്റേതായ സാമ്പത്തിക ബന്ധങ്ങള്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ട്, ഒരാള്‍ വില കുറച്ചുചോദിക്കുന്നത് അത്ര വൈകാരികമായി എടുക്കേണ്ട കാര്യമില്ലായിരിക്കാം. എങ്ങനെ വിലയിടണമെന്നും എങ്ങനെ ഇടപെടണമെന്നും ഇന്നെനിക്ക് അറിയാം. ആ ആർട്‌ കളക്‌ടറുടെ  മകള്‍ പിന്നീട് എന്റെ വര്‍ക്കുകള്‍ വാങ്ങുകയുണ്ടായി. ഒരു ആര്‍ട്ട് കളക്ടറുടെ ജീവിതമെന്തെന്ന് ഞാന്‍ ആദ്യം പഠിച്ചത് ബാല്‍ ചാവ്ഡ എന്നൊരു ആര്‍ട്ടിസ്റ്റില്‍ നിന്നാണ്. അദ്ദേഹമാണ് മലബാര്‍ ബില്‍ ഭാഗത്ത് ആദ്യത്തെ ഇന്ത്യന്‍ ഗാലറി തുടങ്ങിയത്. ഒരിക്കലദ്ദേഹം തന്റെ വീട് കാണാന്‍ എന്നെ ക്ഷണിക്കുകയുണ്ടായി. എന്തൊരു കലാശേഖരമായിരുന്നെന്നോ അത്! ആ വീട്ടിലെ മുഴുവന്‍ ഫര്‍ണീച്ചറുകളും ഡിസൈന്‍ ചെയ്തത് എം എഫ് ഹുസൈന്‍ ആയിരുന്നു.

എം എഫ്‌ ഹുസൈൻ

എം എഫ്‌ ഹുസൈൻ

എസ് എച്ച് റാസ, ഹുസൈന്‍, തയേബ് മെഹ്ത, ഗായിത്തോണ്ടേ, അക്ബര്‍ പദംസി തുടങ്ങിയവരുടെ കലാസൃഷ്ടികള്‍ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരിടം. ഞാന്‍ നോക്കുമ്പോള്‍ ബാല്‍ ചാവ്ഡ അശിക്ഷിതനായ, സ്വയം കല പഠിച്ച  ഒരു ആര്‍ട്ടിസ്റ്റ്, മറ്റു മികച്ച കലാകാരന്മാരുടെ വര്‍ക്കുകള്‍ വാങ്ങി ഒരു വന്‍ ശേഖരം തന്നെ ഉണ്ടാക്കിയ ആള്‍! മുംബൈയെ സംബന്ധിച്ച് ഞാന്‍ കണ്ട ഏറ്റവും മഹത്തായ ഒരു കാര്യം എന്തെന്നാല്‍, എളിമയുള്ള വലിയ പ്രതിഭാശാലികളെ അവിടെ കണ്ടു എന്നതാണ്. എളിമയെന്ന് പറഞ്ഞാല്‍, അതിന്റെ വിപരീതമാണ് ഞാന്‍ കേരളത്തില്‍ കണ്ടത്. ഞാന്‍ ആരാധിക്കുന്ന മുതിര്‍ന്ന കലാകാരന്മാര്‍ കേരളത്തിലുമുണ്ടായിരുന്നു. അങ്ങനെയൊരാളെ  ഒരു പ്രദര്‍ശനോദ്ഘാടനത്തില്‍ വച്ച് കണ്ടപ്പോള്‍ അദ്ദേഹത്തിന് ആദരപൂർവം ഒന്നു കൈ കൊടുക്കാന്‍ ഞാന്‍ ശ്രമിച്ചു.  പക്ഷേ ഞാന്‍ പൂർണമായും അവഗണിക്കപ്പെട്ടു. ഞാനന്ന്‌ ഇരുപതുകളുടെ മധ്യത്തിലാണ്.

കവിത: അതില്‍ മറ്റൊരു കാര്യമുണ്ട്. ഇന്ത്യയുടെ കമേഴ്സ്യല്‍ കാപ്പിറ്റല്‍ ആയ മുംബൈ, ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും അതിന്റെ നിലനില്‍പ്പിനുള്ള തുറന്ന സാമ്പത്തികബന്ധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. അതുകൊണ്ടുകൂടിയാകാം കൂടിയാലോചനകള്‍, വിലപേശലുകള്‍, കൗശലങ്ങള്‍, ഉടമ്പടികള്‍, ഉപായങ്ങള്‍ ഇതൊക്കെ അവിടത്തെ പൊതുവായ സ്വാഭാവികാന്തരീക്ഷത്തിലുണ്ട്. വ്യക്തിപരമായ ഉല്‍ക്കര്‍ഷചിന്തയെന്ന നിലയില്‍ എടുക്കാവുന്ന കലയും അവിടെ വളരെയധികം ആദരിക്കപ്പെടുന്നു. ഓരോരോ ജീവിതതുറകളില്‍ മികച്ച പ്രതിഭാശാലികളായ മനുഷ്യരുടെ വീട്ടിലേക്കും മനസ്സിലേക്കുമൊക്കെ ഇങ്ങനെ കടന്നുകൂടാന്‍മാത്രം, ജെ ജെ സ്‌കൂൾ ഓഫ് ആർട്ടിൽ നിന്നുള്ള ബോസിന്റെ കലാപഠനവും തീക്ഷ്ണവും വ്യക്തിനിഷ്ഠവുമായ ഉല്‍ക്കര്‍ഷേച്ഛയും അക്കാലത്ത് ബോംബെയിലെ സാഹചര്യങ്ങള്‍ക്ക് യോജിച്ച മൂലധനമായിരുന്നിരിക്കും.

ബോസ്: ഞാന്‍ കേരളത്തില്‍ നിന്നു ചെല്ലുന്നത് ഏറ്റവും കൂടുതല്‍ മലയാളികള്‍ താമസിക്കുന്ന സാക്കിനാക്ക എന്ന സ്ഥലത്താണ്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ‘ചോളു’(chawl)കളിലാണ് താമസം. ജയന്തി ജനത ട്രെയിനില്‍ പോകുന്നു. നാല്‍പ്പത്തെട്ട് മണിക്കൂര്‍ യാത്ര കഴിഞ്ഞ് ദാദര്‍ സ്റ്റേഷനില്‍ ഇറങ്ങുന്നു. നാട്ടില്‍ വീട്ടുകാര്‍ കരയുന്നു. ടാറ്റ കൊടുക്കുന്നു. ഫോറിനില്‍ പോകുംപോലെയാണ് ബോംബെക്കുള്ള യാത്ര. അച്ഛന് നാട്ടില്‍ ഫര്‍ണിച്ചര്‍ ഡിസൈന്‍ ചെയ്യുന്ന കടയാണ്. അക്കാലത്ത് ഒരു ആശാരിയെ ആശാരിയെന്നേ ആളുകള്‍ വിളിക്കൂ. ഞാന്‍ ഡിസൈനര്‍ എന്നു വിളിക്കും, കാരണം അതിസുന്ദരമായ ഡിസൈനുകള്‍ പലതും അച്ഛന്റെ പണിയിടത്ത് ഞാന്‍ കണ്ടിട്ടുണ്ട്. ഒപ്പം പാടങ്ങളും കൃഷിയും ഉണ്ടായിരുന്നതുകൊണ്ട്‌ ഞങ്ങള്‍ നാട്ടിലെ ഭേദപ്പെട്ട ജീവിതനിലവാരമുള്ള കുടുംബവുമായിരുന്നു. ഇപ്പോള്‍ എനിക്കു അമ്പത്തിഒന്പത്‌ വയസ്സുണ്ട്. പതിനേഴാമത്തെ വയസ്സില്‍ ഒരു അസുഖം വന്നതുകൊണ്ടാണ് സത്യത്തില്‍ ഞാനിങ്ങനെ ഒക്കെ ആയിത്തീര്‍ന്നത്. അല്ലെങ്കില്‍ ഒരു ഡോക്ടര്‍ ആകണമെന്നായിരുന്നു ആഗ്രഹം.

അതുകൊണ്ട് സയന്‍സ് പഠിക്കാനൊക്കെ ശ്രമിച്ചു. പക്ഷേ ആ അസുഖം മൂന്നാലഞ്ച് വർഷം നീണ്ടുനിന്ന ഒന്നാണ്. അസുഖമെന്തെന്ന് കണ്ടെത്താനായിരുന്നില്ല. ഒരു ഘട്ടത്തില്‍ ഞാന്‍ കോമയില്‍ ആയിപ്പോയി. പലതവണ ഞാന്‍ മരിച്ചെന്നു കരുതിയ അവസരങ്ങളുണ്ടായിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളില്‍ പല കാലങ്ങളില്‍ ഞാന്‍ ആശുപത്രിവാസമനുഭവിച്ചു. ആ വേദനയിലൂടെ കടന്നുപോയതിന്റെ ഇടവേളകളിലാണ് എന്റെ വായന, നാടകം, ശാസ്ത്രീയ നൃത്തപഠനം ഒക്കെ നടക്കുന്നത്‌. തൃപ്പൂണിത്തുറയില്‍ കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെ മകളുടെ കീഴിലാണ് ഞാന്‍ നൃത്തം പഠിച്ചത്. കലാമണ്ഡലം കൃഷ്‌ണന്‍ നായരുടെ വീട്ടിലോക്കെ പോകുക എന്നത് അന്നത്തെക്കാലത്ത് വലിയൊരു കാര്യമാണ്. ഫ്ലാഷ് ആര്‍ട്ട് എന്നുപറയുന്ന ഒരു കേന്ദ്രത്തില്‍ ആര്‍ട്ട് പഠിക്കാനാന് ഞാന്‍ തൃപ്പൂണിത്തുറയില്‍ ചെന്നത് തന്നെ. എവിടേക്കാണ്‌ പോകുന്നത്, എന്തിനാണിത് പഠിക്കുന്നത് എന്നുപോലും അറിയാത്ത കാലമായിരുന്നു. പക്ഷേ ഞാന്‍ ഓരോന്ന് ചെയ്തുകൊണ്ടേയിരുന്നു. കേരള കലാപീഠത്തെപ്പറ്റി കേട്ടിട്ട്‌ അങ്ങോട്ടും ചെന്നു. കലാധരന്‍ മാഷെ കണ്ടു.

‘ബോംബെ ബോയ്‌സ്‌’: ബോസ്‌ കൃഷ്‌ണമാചാരി, റിയാസ്‌ കോമു തുടങ്ങിയവർ -ഫോട്ടോ: മീനൽ അഗർവാൾ

‘ബോംബെ ബോയ്‌സ്‌’: ബോസ്‌ കൃഷ്‌ണമാചാരി, റിയാസ്‌ കോമു തുടങ്ങിയവർ -ഫോട്ടോ: മീനൽ അഗർവാൾ

ന്യൂസ് പ്രിന്റ്‌ മേടിച്ചു ഡ്രോയിങ് ചെയ്യാന്‍ നിര്‍ദേശം കിട്ടി. കേരളകലാപീഠത്തിന്റെ പ്രാധാന്യമെന്ന് പറയുന്നത്, അവര്‍ അക്കാലത്ത് കേരളത്തില്‍ കലയിലേര്‍പ്പെടുന്നവര്‍ക്ക് കൂടിയിരിക്കാനും സംഭാഷണങ്ങള്‍ നടത്താനും പ്രദര്‍ശിപ്പിക്കാനും ഒരു ഇടം ഉണ്ടാക്കി എന്നതാണ്. അതുതന്നെയാണ് അക്കാലത്ത് എം കെ കെ നായര്‍ എന്ന ബ്യൂറോക്രാറ്റിക് വ്യക്തിത്വത്തിന്റെ പ്രാധാന്യവും. അതില്‍ അദ്ദേഹവുമായുള്ള എം വി ദേവന്റെ സുഹൃദ്ബന്ധത്തിനും വലിയ പങ്കുണ്ട്.  കളമശേരിയില്‍ കലയുമായി ബന്ധപ്പെട്ട വളരെ പ്രധാനപ്പെട്ട ചില പിന്തുണകള്‍ നൽകിയ ഒരാള്‍ ആണ് അദ്ദേഹം. അതുപോലെ നിത്യചൈതന്യ യതി, ജി ശങ്കരപ്പിള്ള, ബാലചന്ദ്രൻ ചുള്ളിക്കാട്‌, അടൂര്‍ ഗോപാലകൃഷ്‌ണന്‍ തുടങ്ങിയവരെ കേള്‍ക്കാനും അക്കാലത്ത് കലാപീഠം സഹായിച്ചു. മറ്റിടങ്ങളിലെ കവിയരങ്ങുകള്‍ തുടങ്ങിയ സാംസ്‌കാരിക സദസ്സുകളും അത്തരം അവസരം സൃഷ്ടിച്ചിരുന്നു.

പക്ഷേ മുംബൈയില്‍ ലഭിച്ച കലാപഠനാവസരങ്ങളുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ ഇവിടെ വളരെ വ്യത്യസ്തമായിരുന്നു. കലാലോകത്തെപ്പറ്റി അറിയാനുള്ള എന്റെ തീവ്രാഭിലാഷങ്ങളെ അതിരുകളില്ലാതെ സ്വാഗതം ചെയ്തത് മുംബൈ ആയിരുന്നു. അവിടത്തെ സംഭാഷണങ്ങളാണ് എനിക്കു വാസ്തവത്തില്‍ ആത്മവിശ്വാസമേകിയത്. പക്ഷേ ഞാന്‍ പിറന്നുവളര്‍ന്ന ആ ചെറിയ ഗ്രാമപ്രദേശവും അതിന്റേതായ പങ്ക് വഹിച്ചിട്ടുണ്ട്. പിന്നീട് വിറ്റെങ്കിലും, ഞങ്ങൾക്ക്‌  കുറെ വയലുകള്‍ ഉണ്ടായിരുന്നു. ഞാന്‍ പാടത്ത് പോയി പണിയിലെര്‍പ്പെടാറുണ്ട്. പ്രഭാതങ്ങളിലെ കറ്റ ചുമക്കലും വെള്ളം തേവലും വരമ്പ് ചെത്തിമിനുക്കിയെടുക്കുന്നതും പോലും എനിക്കൊരു കലാനിർമാണം പോലെ അനുഭവപ്പെട്ടിരുന്നു.

കവിത: അതൊക്കെ ശരി. പക്ഷേ ബോംബെയില്‍ കലാ വിദ്യാർഥി ആയിരിക്കവേ കണ്ട ആളുകളെല്ലാം അന്ന് ബോസിനെക്കാള്‍ പതിന്‍മടങ്ങ്‌ സ്വാധീനശേഷിയുള്ള ആളുകളാണ്. അവരെങ്ങനെയാണ് സ്വീകരിച്ചത്?

ബോസ്‌ കൃഷ്‌ണമാചാരി. പഴയകാല ചിത്രം

ബോസ്‌ കൃഷ്‌ണമാചാരി. പഴയകാല ചിത്രം

ബോസ്: ഈ ചെറുക്കന്‍ ഏതാണ് എന്നവര്‍ ചിന്തിച്ചിരിക്കാം. ഞാന്‍ കൗതുകം കൊണ്ടും സംഘാടനത്തില്‍ സഹായിച്ചും എല്ലായിടത്തും കാണപ്പെട്ടു. തൊണ്ണൂറില്‍ ഞാന്‍ വിദ്യാർഥിയായിരിക്കുമ്പോഴാണ് ജെജെയില്‍ പ്രദര്‍ശനം നടത്തിയത്. ജെയ്‌കൊ പബ്ലിഷര്‍ എന്നറിയപ്പെടുന്ന ഒരു സ്ഥാപനത്തിന്റെ ഉടമ മിസ്റ്റര്‍ ഷാ അയ്യായിരം രൂപ തന്നതുകൊണ്ടാണ് ഞാന്‍ ബ്രോഷര്‍ ഉണ്ടാക്കുന്നത്. അദ്ദേഹത്തിനോടൊപ്പം ഞാനും  FTIIപുണെയിൽ ഫിലിം അപ്രീസിയേഷൻ കോഴ്സ് ചെയ്തിരുന്നു. ജെ സ്വാമിനാഥനെ കണ്ടുമുട്ടിയത് ഇന്ത്യയിലെ കലാവിദ്യാർഥികൾക്കായി ഒരുക്കിയ ഭാരത ഭാവന (ഭോപ്പാൽ) ക്യാമ്പിലാണ്.

കവിത: എല്ലാ തലത്തിലുമുള്ള മനുഷ്യർക്കിടയിൽ നടക്കുന്ന സംഘാടനങ്ങൾ കലയുടെ സാമൂഹികചരിത്രത്തില്‍ പ്രധാനം തന്നെയാണ്. ജനജീവിതം നിശ്ചലമാക്കിയ മഹാവ്യാധികാലത്ത് ‘ലോകമേ തറവാട്’ എന്ന കലാപ്രദര്‍ശനം ഇരുന്നൂറ്റി അമ്പത് മലയാളി കലാകാരരെ ഒരുമിച്ച് കൊണ്ടുവരികയായിരുന്നു. എല്ലാ വിധത്തിലുള്ള സാംസ്‌കാരികപ്രവര്‍ത്തനങ്ങളും ഇടവിട്ട കാലങ്ങളില്‍ മാത്രം സാധ്യമായപ്പോഴും, മ്യൂസിയങ്ങളും ഗാലറികളും  കാര്യമായി പ്രവർത്തിക്കാത്ത ഒരു പട്ടണത്തില്‍ കലാപ്രദര്‍ശനനങ്ങൾക്ക് വേണ്ടി പൊതുവിടം സജ്ജമാക്കിക്കൊണ്ട്, ക്ഷമയോടെ പ്രവര്‍ത്തിച്ച് കാത്തിരുന്ന്, കിട്ടിയ ആദ്യത്തെ അവസരത്തില്‍ ഒരു കോവിഡാനന്തര ഭാവികാലത്തിലേക്ക് കലയുടെ അതിജീവനം സാധ്യമാക്കിയ ഒരു പരിശ്രമമായി അത് പലരും വിലയിരുത്തിക്കണ്ടു.

ബോസ്: ആലപ്പുഴയെപ്പറ്റി പറഞ്ഞാൽ, കല പ്രദർശിപ്പിക്കാൻ അനുയോജ്യമായ യാതൊരുവിധ ഇടങ്ങളും ലഭ്യമല്ലാതിരുന്ന ഒരു സ്ഥലത്താണ് ആ പരിശ്രമം നടത്തിയത്.

കവിത: അതിന് ലോകത്തെമ്പാടും ഇന്ന്‌ തങ്ങളുടെ യാഥാസ്ഥിതിക മാർഗങ്ങളില്‍നിന്ന് വേഗത്തില്‍ വ്യതിചലിക്കുന്ന പുതിയ മ്യൂസിയം പ്രവര്‍ത്തനങ്ങളുടെ ചില സ്വഭാവങ്ങളുമുണ്ട്. അതായത് ഒരു താൽക്കാലിക സ്വഭാവം പുലർത്തുക. ചരിത്രപരമായ മാറ്റങ്ങൾക്ക്‌ വിധേയപ്പെട്ടുകിക്കുന്ന സംസ്‌കാര സന്ദർഭങ്ങളിൽ ആ ഓർമകൾ ഉണർത്തിക്കൊണ്ട് അപ്രതീക്ഷിതമായി പ്രവർത്തിക്കുക. ഉദാഹരണത്തിന് കൊച്ചിയിലേക്ക് മാറിപ്പോയ തുറമുഖജീവിതവും കരുത്തേറിയ തൊഴിലാളിവർഗ രാഷ്ട്രീയവുമെല്ലാം ആലപ്പുഴയെ സംബന്ധിച്ച സാംസ്‌കാരികമായ അറിവായി മാറണമെങ്കിൽ ആ വിധത്തിലുള്ള ജ്ഞാനമണ്ഡലം രൂപപ്പെടണം.

ബോസ്: നമ്മുടെ നാട്ടിൽ സമകാലീന  മ്യൂസിയങ്ങൾ ഇല്ല എന്നതാണ് വാസ്തവം. അത്തരം ഇടങ്ങൾ നമ്മൾസൃഷ്ടിച്ചെടുക്കേണ്ടി വരും. അത് ക്രിയേറ്റ് ചെയ്തപ്പോഴാണ് ഇത്തരം സാധ്യതകൾ ദൃശ്യമായത്. ആലപ്പുഴയില പ്രദർശനം ശ്രദ്ധ നേടിയതിനൊരു കാരണം, എന്റെ അഭിപ്രായത്തിൽ അങ്ങനെയൊരു സ്‌പേസ് ക്രിയേറ്റ് ചെയ്തുവെന്നതാണ്. അപ്പോൾ കലയ്‌ക്ക്‌ വിലയിട്ട് ശേഖരിക്കാൻ ചില ആളുകൾ ഉണ്ടാവുകയും ചെയ്തു. അത് സ്വാഭാവികമായി വികസിച്ച താൽപ്പര്യം കൂടിയാണ്. വാസ്തുവിദ്യാപരമായ രൂപാന്തരങ്ങൾ ആണത്. നമ്മുടെ രാജ്യത്ത് മ്യൂസിയങ്ങൾ നിർമിക്കാൻ അറിയാൻപാടില്ലാത്ത പലരും അത് ചെയ്യുന്നു എന്നതൊരു വാസ്തവമാണ്. ഉദാഹരണത്തിന് ഒരു സമകാലിക മ്യൂസിയം എന്ന നിലയിൽ ജയ്‌പൂർ മ്യൂസിയം ഒട്ടും മികച്ച ഉദാഹരണമല്ല. ഇക്കാര്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം, സമകാലിക മ്യൂസിയങ്ങൾ നിരന്തരം സ്വയം മാറ്റങ്ങൾക്ക്‌ വിധേയമാകുന്നവയാണ്.

എക്കാലത്തേക്കും നിലനിൽക്കുന്നവ പ്രദർശിപ്പിക്കാൻ മാത്രമല്ല അവയുടെ താൽപ്പര്യം. ഒരു സ്ട്രക്ച്ചർ മാത്രമേ ഉണ്ടാകൂ.  ഉദാഹരണത്തിന് റ്റേറ്റ് മോഡേൺ ((TATE MODERN MUSEUM) മ്യൂസിയം നോക്കൂ. അത് മൂന്നുലക്ഷത്തി എഴുപത്തി അയ്യായിരം ചതുരശ്ര അടി വരുന്ന പ്രദർശനയിടം ആണ്. അവർക്കു തോന്നി, അമ്പത് ലക്ഷം മനുഷ്യരെ പ്രതിനിധാനം ചെയ്യാൻ അത് പോരെന്ന്. അവർ ആ കെട്ടിടത്തെ മികച്ച രീതിയിൽ ഡിസൈൻചെയ്ത് വിപുലീകരിച്ചു. എന്തിന് വേണ്ടിയിട്ടാണ് ആ മ്യൂസിയം ചെയ്തിട്ടുള്ളത് എന്നു നോക്കിയിട്ടാണ് ആ ഡിസൈൻ ചെയ്തത്. വീഡിയോ, പേർഫോമൻസ്, ന്യൂ മീഡിയ തുടങ്ങിയ പരീക്ഷണാത്മക വർക്കുകൾ ചെയ്യാൻകൂടി വേണ്ടിയിട്ടാണ് ആ ഡിസൈൻ ചെയ്യപ്പെട്ടത്. ശാസ്ത്രവും കലയും തമ്മിലുള്ള വിനിമയങ്ങൾ പരീക്ഷിക്കാൻ കഴിയുന്ന ലബോറട്ടറികളുമൊക്കെയുള്ള ഒരു മ്യൂസിയം ബിൽഡിങ് ആണത്. അങ്ങനെയൊക്കെയുള്ള കാഴ്‌ചപ്പാടിലാണ് മിക്ക പുതിയ മ്യൂസിയങ്ങളും വരുന്നത്. താൽക്കാലികമായ ഗാലറിയിടങ്ങൾ നിർമിക്കുന്ന താൽക്കാലിക മ്യൂസിയങ്ങളാണ് അവ പലതും.

‘ലോകമേ തറവാട്‌’ എക്‌സിബിഷനിൽ ബോസ്‌ കൃഷ്‌ണമാചാരി

‘ലോകമേ തറവാട്‌’ എക്‌സിബിഷനിൽ ബോസ്‌ കൃഷ്‌ണമാചാരി

ഉദാഹരണമാണ് സർപ്പൻടൈൻ ഗാലറി (Serpentine Gallery) എന്ന ചെറിയൊരു സ്ഥാപനം. രണ്ടായിരത്തിൽ ആർട്ടിസ്റ്റുകളും ആർക്കിടെക്‌റ്റുകളും ചേർന്ന്‌ ഒരു താൽക്കാലിക പവിലിയൻ ആയി തുടങ്ങി. ഹാൻസ് ഉൾറിക്‌ ഓബ്രിസ്റ്റ്, ജൂലിയ പേറ്റൻ ജോൺസ് എന്നിവർ ക്യൂറേറ്റ് ചെയ്തു. ജൂലിയ അതിന്റെ ആദ്യ ഡയറക്ടർ ആണ്. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്നില് ഞാൻ ഒരു അവാർഡ് നേടി യുകെയിൽ യാത്ര ചെയ്യാൻ പോയപ്പോൾ അവരെ കണ്ടുമുട്ടിയിട്ടുണ്ട്. ആ സമയത്ത് സർപ്പൻടൈന് വേറെ സ്‌പേസ് ഉണ്ടായിരുന്നില്ല. ഇപ്പോൾ അവർക്ക്‌  സഹ ഹദീദ് (Zaha Hadid) ഡിസൈൻ ചെയ്ത സാക്കളർ (Serpentine Sackler) ഗാലറി ഉണ്ട്. കലയുടെ പക്ഷത്തുനിന്ന് ഒരു സാംസ്‌കാരികമായ ഇടപാട് സാധ്യമാകുമ്പോൾ ചെറിയ സ്‌പേസിൽ എങ്ങനെയാണ് ഒരു മ്യൂസിയം പ്രോഗ്രാമിങ് ചെയ്യപ്പെടുന്നത് എന്നത് മനസ്സിലാക്കിയ ആളുകളാണ് അവർ. പുതിയ മ്യൂസിയങ്ങളുടെ സ്വഭാവമാണ് ഈ താൽക്കാലികത. ബിനാലെ ഒരു താൽക്കാലിക മ്യൂസിയം പോലെ ആണ്. ‘ലോകമേ തറവാട്’ ഒരർഥത്തിൽ അത്തരമൊന്നാണ്.

കവിത: മറിച്ച് സ്ഥിരതയായിരുന്നല്ലോ നമ്മുടെ ദേശീയ മ്യൂസിയങ്ങളുടെ സ്വഭാവം. ആയിരത്തി തൊള്ളായിരത്തി നാൽപ്പത്തി എട്ടിലൊക്കെ എം എഫ് ഹുസൈന്റെ തലമുറയെ സ്വാധീനിച്ചത് അതാണ്. ഒരു രാഷ്ട്രം അതിന്റെ വിശ്വാസ്യവും ആധികാരികവുമായ സാംസ്‌കാരിക വസ്തുവഹകൾ ശേഖരിക്കുന്ന രീതിയാണ് അത് സാധ്യമാക്കിയത്. വിശ്വാസ്യത എന്ന ആശയം ഇങ്ങനെ വരുന്ന താൽക്കാലിക മ്യൂസിയങ്ങൾക്ക്‌ ഉണ്ടോ?

ബോസ്: ചരിത്രപരമായി മ്യൂസിയങ്ങൾ അവരുടെ പ്രോഗ്രാമിങ് രീതികൾ ഘടനാപരമായിത്തന്നെ പരിഷ്‌കരിക്കുന്ന കാലമാണിത്. ഇപ്പോൾ മെട്രോപൊളിറ്റൻ മ്യൂസിയം നോക്കൂ. അവർക്ക്‌ അതിമഹത്തായ അനശ്വര സൃഷ്ടികളുടെ ശേഖരമുണ്ട്. പക്ഷേ അവ പോലും അടിസ്ഥാനപരമായി ആഗ്രഹിക്കുന്നത് ആ ശേഖരത്തിലുള്ള താൽപ്പര്യം നിലനിൽക്കാനാണ്. അതിനായി അവർ താൽക്കാലിക പ്രദർശനങ്ങൾ കൂടി ഉൾപ്പെടുത്തുന്നു. നിലനിൽപ്പ് എന്നു പറയുന്നത്, നിങ്ങൾ സമകാലികരായ ആളുകളെ മ്യൂസിയം കാണാൻ കൊണ്ടുവരിക എന്നത് തന്നെയാണ്. ഇന്ത്യയിൽ ബോംബെയിൽ നമുക്ക് ഭാവു ദാജി ലാഡ് മ്യൂസിയം (Dr.Bhau Daji Lad Museum) ഉണ്ടല്ലോ. അതൊരു പരമ്പരാഗത മ്യൂസിയമാണ്. അതിനെ സജീവമാക്കുന്നത് സമകാലിക കലാകാരൻമാരെ കൊണ്ടുവന്നു ഇടപെടലുകൾ നടത്തിയിട്ടാണ്. മെട്രോപൊളിറ്റൻ മ്യൂസിയം ഫാഷൻ ഷോകൾ നടത്തും. ഒപ്പം തന്നെ ക്യൂറേറ്റഡ് പ്രദർശനങ്ങൾ നടത്തും. അല്ലെങ്കിൽ ആഭരണ പ്രദൾശനങ്ങൾ നടത്തും. ഇതെല്ലാം ആളുകൾക്ക്‌  ഒരിടത്തെ സജീവമാക്കാൻ വേണ്ടതായ കാര്യങ്ങളാണ്. ആൾക്കൂട്ടത്തെ കൊണ്ടുവരാൻ കഴിയുന്ന രീതിയിലുള്ള ‘ആക്‌ടിവേഷൻ’ ആണ് അത്. ഒരു ഭൗതികമായ ഇടത്തിലേക്ക് പുതിയ ആശയങ്ങൾ കൊടുക്കലാണ് അത്.

കവിത: ‘ഫുട്ഫാൾ’ കൂട്ടിക്കൊണ്ടുവരിക എന്ന ബിസിനസ് ആകാംക്ഷ കൊണ്ടല്ലേ അത്. സ്ഥിര മ്യൂസിയങ്ങളെ ഇത്ര കാലവും നിലനിർത്തിയ ഭരണകൂടപരമായ സാമ്പത്തികപിന്തുണ നിന്നുപോകുന്നതിന്റെ പ്രശ്നം കൊണ്ടാണോ മ്യൂസിയങ്ങൾക്ക്‌ ഇതൊക്കെ ഇന്ന് ആവശ്യമായി വരുന്നത്. ഇതൊക്കെ അവരുടെ കലാശേഖരത്തെ എങ്ങനെ പുതുക്കുന്നു?

ബോസ്: സ്ഥിരമായ കളക്‌ഷൻസ് ഉണ്ടെങ്കിൽപോലും അത് നിരന്തരം മാറ്റിക്കൊണ്ടിരിക്കേണ്ട ഒരു ആവശ്യമുണ്ട്. അതിനെ‘താൽക്കാലികത’ എന്നു വേണമെങ്കിൽ പറയാം. മ്യൂസിയങ്ങളിൽ പ്രധാനപ്പെട്ട പ്രദർശനങ്ങൾ ഒക്കെ നടക്കുന്നത് ഒരു വർഷത്തേക്കൊക്കെ ആയിരിക്കാം. ചിലയിടത്ത് ആറു മാസമൊക്കെ. അതിനു ശേഷമാണ് അത് മാറ്റി മറ്റൊരു കൂട്ടം വർക്കുകൾ പ്രദർശിപ്പിക്കുന്നത്. നിങ്ങൾ മോമയിൽ (MOMA- Museum of Modern Art, Newyork) പോയിക്കഴിഞ്ഞാൽ കാണുമല്ലോ, ഒരു സ്ഥിരശേഖരത്തിന്റെ സെക്ഷൻ ഉണ്ടാകും അവിടെ. ആ റൂമിലേക്ക് പോകുമ്പോൾ പത്തു പ്രാവശ്യം ഞാൻ പോയിട്ടുണ്ടെങ്കിൽ ഒമ്പതാമത്തെ പ്രാവശ്യം ഞാൻ ശ്രമിക്കുക പുതിയതെന്തെങ്കിലും കാണാവുന്ന മറ്റിടങ്ങളിലേക്ക് പോകാനാണ്. അക്കാദമിഷ്യൻസോ കലാചരിത്ര പഠിതാക്കളോ കലാകാരന്മാർ തന്നെയോ ആ സെക്ഷനിലേക്ക് നിരന്തരം പോയെന്നയിരിക്കും. മറ്റുള്ളവർക്ക് ആ താൽപ്പര്യമാകണമെന്നില്ല. പക്ഷേ ഇന്ത്യയിൽ  ആകെയുള്ള ഒരു ദേശീയ മ്യൂസിയം പോലും വളരെ പരിമിതമായ വിഭവശേഷിയോടെ നടത്തുന്നതാണ്. അവർ പുതിയ കാലത്തിന്റെ കലാസൃഷ്ടികളൊന്നും തന്നെ അടുത്ത കാലത്തൊന്നും വാങ്ങിയിട്ടില്ല എന്നാണെന്റെ അറിവ്. അവരുടെ കലാശേഖരണ രീതികൾ തന്നെ വ്യത്യാസമാണ്. റ്റേറ്റ് മോഡേൺ കളക്ട് ചെയ്യുമ്പോലെയല്ല ഇവിടത്തെ നാഷണൽ  മ്യൂസിയം കളക്ട് ചെയ്യുന്നത് .

കവിത: റ്റേറ്റ് മോഡേനിൽ അവരുടെ സ്ഥിരശേഖരത്തോട് വിമർശനപരമായി ഇടപെടുന്ന പുതിയ വർക്കുകൾ പ്രോജക്റ്റുകൾ ഒക്കെ അവതരിപ്പിക്കുന്നുണ്ടല്ലോ. ബ്രിട്ടീഷ് ബ്ലാക്ക് രാഷ്ട്രീയ വക്താവായ ലുബൈന ഹിമിഡിന്റെ ഒരു പ്രൊജക്റ്റ് അങ്ങനെ കണ്ടതോർക്കുന്നു. സമകാലികരെക്കൊണ്ട് തങ്ങളുടെ ഇടം സജീവമാക്കുന്ന ഭാവു ദാജി ലാഡ് മ്യൂസിയം പോലുള്ളവരുടെ രീതികൾ യൂറോപ്പിലും ഉള്ളതാണ്.

ബോസിന്റെ പെയിന്റിങ്

ബോസിന്റെ പെയിന്റിങ്

ബോസ്: റ്റേറ്റ് ഒരു സമകാലിക മ്യൂസിയം എന്ന പേരിൽത്തന്നെ അറിയപ്പെടുന്നു. പക്ഷേ മെട്രോപൊളിറ്റൻ  മ്യൂസിയം പരമ്പരാഗതമായ കലാസൃഷ്ടികൾ കളക്ട് ചെയ്ത് നിലനിൽക്കുന്ന ഒന്നാണ്. അവരുടെ ഗ്രേറ്റ് മാസ്റ്റേഴ്‌സ് കളക്ഷനുകളിൽ അവർ നിരന്തരം ക്യൂററ്റോറിയൽ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്നു. പഴയ മെറ്റീരിയലുകളിൽനിന്നും പുതിയ കാഴ്‌ചകൾ ഉൽപ്പാദിപ്പിക്കുകയാണ് അവരുടെ റോൾ.

കവിത: കേരളത്തിന്റെ സന്ദർഭത്തിൽ ഏതുതരം മ്യൂസിയം സംസ്‌കാരത്തിനാണ് സാധ്യതയുള്ളത്?

ബോസ്: താൽക്കാലിക സ്വഭാവമുള്ള മ്യൂസിയം പദ്ധതികളാണ് കേരളത്തിൽ കൂടുതൽ  പ്രസക്തം. ബിനാലെ ഒക്കെ അങ്ങനെയുള്ള ഒന്നാണ്. മൂന്നു മാസമൊക്കെ നീണ്ടുനിൽക്കുന്ന ക്യുറേറ്റഡ് പ്രദർശനങ്ങൾ. നമുക്ക് കലയുടേതായ സാംസ്‌കാരിക ഇടങ്ങൾ നിർമിച്ചെടുക്കേണ്ടതുണ്ട്. പതിനാല് ജില്ലകളിലും വളരെ സജീവവും ചലനാത്മകവുമായ മ്യൂസിയം പദ്ധതികൾക്ക്‌ സാധ്യതകളുണ്ട്.ആംസ്റ്റർഡാം നഗരത്തിൽ  മാത്രമായി നാനൂറു മ്യൂസിയങ്ങളുണ്ട്. ഇന്ത്യയിൽ മൊത്തം നോക്കിയാൽ അറുനൂറ്‌ മ്യൂസിയങ്ങൾ ആണുള്ളത്. സമകാലീന മ്യൂസിയങ്ങൾ  പോട്ടെ, പാരമ്പര്യ മ്യൂസിയങ്ങൾപോലും വളരെ പരിമിതമായ സാഹചര്യങ്ങളിലുള്ള പ്രവർത്തന രീതിയാണ് കാഴ്‌ചവയ്‌ക്കുന്നത്. നമ്മുടെ കാലാവസ്ഥയുടെയൊക്കെ പ്രശ്നങ്ങൾ പരിഹരിക്കുംവിധം ഹ്യൂമിഡിറ്റി അന്തരീക്ഷം ഒക്കെ കുറച്ച, അന്തരീക്ഷം നിയന്ത്രിച്ച ഇടങ്ങൾ വേണം. നമ്മുടെ ഡർബാർ ഹാൾ നവീകരിച്ച ശേഷം നടന്ന ആദ്യത്തെ പ്രദർശനം ഒരു ജർമൻ പ്രദർശനമാണ്. വർക്ക്  കൊണ്ടുവരുന്ന സമയത്ത്, ഡ്രസ്ഡൻ മ്യൂസിയവുമായി ഞങ്ങൾ സംസാരിച്ചു.

ജസ്‌റ്റിൻ  പൊൻമണി

ജസ്‌റ്റിൻ പൊൻമണി

അവർ പറഞ്ഞത് ഇവിടത്തെ പ്രഭാതത്തിലെയും സായാഹ്നത്തിലെയും ക്ലൈമറ്റ് റിപ്പോർട്ട്‌  അയക്കാനാണ്. ഒരു മാസം തുടർച്ചയായി അയക്കാനാണ് അവര് പറഞ്ഞത്. ഇരുപത്തി എട്ടാമത്തെ ദിവസമാണ് അവര് അപ്രൂവൽ തന്നത്. എന്നിട്ടാണ് അവർ വർക്ക് അയച്ചത്. ആ കാര്യഗൗരവം അവർക്കുണ്ട്. അപ്പോൾ നമ്മൾ ഒരു മ്യൂസിയം നിർമ്മിക്കുമ്പോൾ നമ്മുടെ കാലാവസ്ഥയും പഠിക്കണം. പ്രദർശന ദൈർഘ്യം, ശീതോഷ്‌ണ നിയന്ത്രണം ഒക്കെ ആലോചിക്കണം. അല്ലെങ്കിൽ ആ നിർമ്മാണം വലിയൊരു പരാജയമായിരിക്കും. ക്ലിപ്പുകളിൽ വള്ളി തൂക്കിയിട്ട്, വർക്ക് ചെരിഞ്ഞും മറിഞ്ഞും ഇരിക്കുന്നതൊന്നും ശ്രദ്ധിക്കാതെ പ്രദർശനം നടത്തുന്ന ഒരു പതിവുണ്ടായിരുന്നു നമുക്ക്. ഇപ്പോഴും പലയിടത്തും അത് തുടരുന്നുണ്ട്. ചെറിയ കാര്യങ്ങളിൽ കാണുന്ന ഈ മീഡിയോക്രിറ്റിയാണ് നമ്മുടെ വലിയ കാര്യങ്ങളിലും പ്രതിഫലിക്കുന്നത്. മാഴ്സൽ ദൂഷാംപിന്റെ ഒരു വർക്ക്‌ തന്നെ ഒരു നൂലും ഒരു ആണിയുമായിരുന്നു. ദുഷാംപിനെ വിട്,  പുതിയ കാലത്ത് ആശയപരമായി വേറൊരു രീതിയിൽ പ്രവർത്തിക്കുന്ന ചെറുപ്പക്കാരന്റെ വർക്ക് എങ്ങനെ പ്രദർശിപ്പിക്കും എന്നതിന് ഇത്തരം അശ്രദ്ധമായ പ്രദർശന ശീലത്തിൽ സെൻസിബിൾ ആയി ഒരു മാർഗം ഉരുത്തിരിയില്ല. ഒരു മിനിമലിസ്റ്റ് വർക്ക് ഇങ്ങനെ നൂല് കാണിച്ച് കെട്ടിത്തൂക്കിയാൽ, ആ ചെയ്യുന്നത് തെറ്റാണ്. നിങ്ങളൊരു ഗൗരവമുള്ള ആർട്ടിസ്റ്റ് ആണെങ്കിൽ അങ്ങനെ വർക്ക് പ്രദർശിപ്പിക്കാൻ സമ്മതിക്കില്ല.

കവിത: ചുവരു കാക്കുന്ന ഭൂതങ്ങളാണ് പല മ്യൂസിയങ്ങളും. ആണിയടിച്ചാൽ തകരാത്ത ചുവരുകൾ അവർക്കില്ല.

ബോസ്: അതിനാണ് വളരെ ഫ്ലൂയിഡ് ആയ ആർക്കിറ്റെക്ച്ചറൽ സ്‌പേസ് ആയിരിക്കണം മ്യൂസിയങ്ങൾക്കും  ഗാലറികൾക്കും വേണ്ടത് എന്നുപറയുന്നത്. അപ്പോൾ ചുവരുകൾ നിരന്തരം മാറ്റിക്കൊണ്ടിരിക്കാം. സമകാലിക സ്വകാര്യ ഗാലറികൾ അവരുടെ ചുവരുകളും ഡിസ്‌പ്ലേ ഇടങ്ങളും ഓരോ പ്രദൾശനത്തിനും സവിശേഷമായി ഉപയുക്തമാക്കും വിധം മാറ്റിക്കൊണ്ടിരിക്കുന്നു. ചില മ്യൂസിയങ്ങൾ ആർട്ടിസ്റ്റിന്റെ വർക്കിന്റെ ആവശ്യമനുസരിച്ച് അവരുടെ ചുവരുകൾ വരെ പൊളിച്ചുമാറ്റിയിട്ടുണ്ട്. ഒരു പുതിയ മ്യൂസിയം നിർമിക്കണമെങ്കിൽ ആർട്ട് ഹാൻഡ്ലിങ്, ഗതാഗതം, പ്രതിഷ്ഠാപനം ഇങ്ങനെയൊക്കെയുള്ള സാങ്കേതിക സംഗതികൾ പ്രൊഫഷണലായി അറിയേണ്ടതിന്റെ ആവശ്യമുണ്ട്. ധാരാളം മ്യൂസിയങ്ങളുമായി ഇടപെട്ട് വർക്ക് ചെയ്യാൻ എനിക്ക് സാധിച്ചിട്ടുണ്ട്. നമ്മുടെ നാട്ടിൽ മ്യൂസിയങ്ങൾ എങ്ങനെയാണ് ഡിസൈൻ ചെയ്യേണ്ടതെന്ന് ആർക്കിടെക്റ്റുകൾക്ക്‌  അറിയാൻ പാടില്ലാത്ത ഒരു കാര്യമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. നോക്കൂ, ലാറി ബേക്കറിനെ ആരാധിക്കുന്ന ഇഷ്ടം പോലെ ആൾക്കാർ നമ്മുടെ നാട്ടിലുണ്ട്.

അദ്ദേഹം ചെയ്തിട്ടുള്ള ലളിതകലാ അക്കാദമിയുടെ ആ ചെറിയ ഗാലറി സ്‌പേസ് പോലും, ആധുനികവും സമകാലികവുമായ കലയുടെ പ്രദർശനത്തിന് കൊടുക്കാവുന്ന വളരെ മോശം ഗാലറിയിടത്തിന് ഉദാഹരണമാണ്. അദ്ദേഹത്തെ വിമർശിച്ചാൽ ഞാനും കുറെ വിമർശനങ്ങൾ നേരിടും എന്നെനിക്കറിയാം. ഒരു റൂമിലേക്ക് പുറത്തുനിന്നുള്ള സ്വാഭാവിക പ്രകാശവും വായുവും കയറുമ്പോൾ അത് കലാസൃഷ്ടികളുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കും എന്നോർക്കണം. ദീർഘകാലവും ഹ്രസ്വകാലവും കാണിക്കുന്ന കലാപ്രദർശനങ്ങൾക്ക്‌ യോജിച്ച ഇടങ്ങൾ വേണം നിർമിക്കാൻ. ‘എന്റെ ജീവിതാഭിലാഷം ജഹാൻഗീർ ആർട്ട് ഗാലറിയിൽ ഒരു പ്രദർശനം നടത്തുകയാണ്’ എന്നുപറയുന്ന ഏറെപ്പേരെ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ എങ്ങനെ ഒരു ഗാലറി പ്രവർത്തിക്കരുത് എന്നതിനുദാഹരണമായിട്ടാണ് എന്നിക്കവിടം തോന്നിയിട്ടുള്ളത്.

‘ലോകമേ തറവാട്‌’

‘ലോകമേ തറവാട്‌’

വളരെ അൺപ്രൊഫഷണൽ ആയിട്ടാണ് ആ സ്ഥലം പ്രവർത്തിക്കുന്നത്. നമുക്ക് മ്യൂസിയം സ്‌പേസുകൾ വേണമെങ്കിൽ, പ്രൊഫഷണൽ സമീപനം വേണം. കൂടുതൽ കാലം ഒരു പ്രദർശനം കാണിക്കാൻ സാധിക്കണം. മ്യൂസിയങ്ങൾ സ്‌കൂളുകളുമായി ബന്ധപ്പെടണം. നമ്മുടെ സ്‌കൂളുകൾക്ക്‌  അവയുടേതായ ഗാലറി ഇടങ്ങൾ ഉണ്ടാകേണ്ടതാണ്. കലാസൃഷ്ടികളോട് ബഹുമാനവും സ്‌നേഹവും ഗൗരവസമീപനവും പുലർത്താൻ കുട്ടികളെ പരിശീലിപ്പിക്കാവുന്നതാണ്. നമ്മുടെ നാട്ടിൽ പ്രൊഫഷണൽ ആയി സമീപിക്കുന്ന സമകാലിക കല കുട്ടികളെക്കൊണ്ട്‌ നടന്നു കാണിക്കാനുള്ള സ്‌പേസുകൾ നിലവിൽ ഒന്നുമില്ലല്ലോ. വിദേശങ്ങളിൽ അവർ അഞ്ചും ആറും വയസ്സുള്ള കുട്ടികളെ വരെ തങ്ങളുടെ ചരിത്രത്തിലെ മികച്ച കലാസൃഷ്ടികളെ നേരെ മുന്നിൽ കാണിച്ച് കലാവിദ്യാഭ്യാസം നടത്തുന്നു.

കവിത: ഇത് പറയുമ്പോൾ എന്റെ അക്കാദമിക് ഗവേഷണത്തിന്റെ ഭാഗമായി 2017ൽ  ലണ്ടനിലെ ‘ഹൗസ് ഓഫ് ഇലസ്ട്രേഷൻ’ എന്ന വളരെ പ്രൊഫഷണലായി പ്രവർത്തിക്കുന്ന ഒരു ചെറിയ മ്യൂസിയം കാണാൻ പോയത് ഞാനോർക്കുന്നു. ഒരു ദിവസം അത് തുറക്കുന്നതിന് ഒരൽപ്പം നേരത്തെ ചെന്നപ്പോൾ കണ്ട കാഴ്‌ച ഏതോ സ്‌കൂളിൽനിന്നും വന്ന കൊച്ചുകുഞ്ഞുങ്ങളുടെ നീണ്ട നിരയാണ്. അകത്തു കടന്നശേഷം സ്വതന്ത്രമായി  ഇരുന്നും കിടന്നും ഓടിച്ചാടിയും ആ കുട്ടികൾ അവരുടെയും മുതിർന്നവരുടെയും ദൈനംദിന ഫാന്റസിയിലെ സാഹിതീയ കഥാപാത്രങ്ങളുടെ ഒപ്പം ജീവിക്കുന്നു.  
   ബോസ് മുന്നോട്ടുവയ്‌ക്കുന്ന നിരീക്ഷണങ്ങൾ അനുഭവസിദ്ധമാണ്. പ്രധാനവുമാണ്. ഒരുപക്ഷേ അതുമാത്രമാകില്ല ഭാവിയിലെ പോംവഴി. എന്നാൽ  ഈ സംഭാഷണം ബോസിന്റെ വ്യക്തിപരമായ ചില വീക്ഷണങ്ങൾ  അതേക്കുറിച്ച് മുന്നോട്ടുവയ്‌ക്കുന്നു. വ്യക്തികളുടെ ഉൽക്കർഷത്തെയും ഭാവനയെയും പൊതുസമൂഹത്തെയും കലാസമൂഹത്തെയും ഭരണകൂടത്തെയും ഒരുമിച്ച് പരിഗണിക്കുന്ന ഈ നിരീക്ഷണങ്ങൾ  ഇങ്ങനെ മുന്നോട്ടുവച്ചതിന് നന്ദി  .
 

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top