25 April Thursday

യു​ഗാന്ത്യം ; മറയുന്നത് കഥക്‌ എന്ന കലാരൂപത്തിന്റെ ഒരു യു​ഗം

ഡോ. നീന പ്രസാദ് Updated: Tuesday Jan 18, 2022

videograbbed image


സം​ഗീതപാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കലയുടെ വൈവിധ്യമാര്‍ന്ന തലങ്ങളില്‍ സഞ്ചരിക്കുകയും കഥക്‌ എന്ന കലാരൂപത്തെ ലോകോത്തരമാക്കുകയും ചെയ്ത മഹാപ്രതിഭയാണ് പണ്ഡിറ്റ് ബിർജു മഹാരാജ്. അദ്ദേഹം വിടവാങ്ങുമ്പോൾ കൂടെ മറയുന്നത് കഥക്‌ എന്ന കലാരൂപത്തിന്റെ  ഒരു യു​ഗം. കഥക് പരിശീലനത്താൽ മാത്രം പ്രാപ്യമാകുന്ന കലാരൂപമാണ്, പക്ഷെ ബിർജു മഹാരാജ് കഥക് അവതരിപ്പിക്കുമ്പോൾ ഭാവാത്മകമായി അത് നമ്മുടെ ജീവിതത്തിലേക്ക് ചേർത്ത് വയ്ക്കപ്പെടുന്നു. അടിമുടി കലയിലമർന്ന ശരീരവും മനസ്സും ജീവിതവും. വേദികൾ അദ്ദേഹത്തിന് സ്വയം മറന്ന് ലയിക്കുന്നതിനുള്ള ഇടമായി. കണ്ണുകൾ കഥപറയുകയും അം​ഗവിക്ഷേപങ്ങൾ അവയ്ക്ക് മാറ്റുകൂട്ടുകയും ചെയ്തു. പ്രകടനത്തിന്റെ ഏത് നിമിഷത്തിലെ  നിശ്ചല ചിത്രമെടുത്താലും കലയുടെ ഭാവം നിർവചിക്കപ്പെടുന്നത് ആസ്വാദകന് അറിയാനാകും. അരങ്ങിന് പുറത്തെ നിഷ്കളങ്കമായ ചിരിയും സൗമ്യവും ചിരിയുണര്‍ത്തുന്നതുമായ ഇടപെടലുകളും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു.

ക്ഷേത്ര രാജാങ്കണങ്ങളിൽ ഒതുങ്ങി നിന്ന കഥകിനെ അരങ്ങിന്റെ സാധ്യതകളിലേക്ക് പറിച്ചു നടുകയും തനിമ കൈവിടാതെ പടർത്തുകയും ചെയ്തു.  സരോദ്, തബല, ഹാർമോണിയം എന്നിങ്ങനെ സം​ഗീതത്തിൽ എല്ലാം അദ്ദേഹത്തിന് സാധ്യമായി. അറിയാം എന്നതിലുപരി അദ്ദേഹം ഇവയിലെല്ലാം നിപുണനായിരുന്നു. ​ഗാനങ്ങൾ എഴുതി ചിട്ടപ്പെടുത്തി ഏതൊന്നിനെയും കഥകിലേക്ക് സന്നിവേശിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ചിലയിടങ്ങളിൽ സാമൂഹ്യ വിഷയങ്ങളിലേക്കുള്ള ഇടപെടലുകളായും കഥക് അവതരിപ്പിക്കാൻ അദ്ദേഹത്തിനായി.

പഴയകാലത്ത് ജീവിച്ചിരുന്നവരുടെ ഔന്നത്യം പുതുതലമുറയെ എന്നും ആശ്ചര്യപ്പെടുത്തിയിരുന്നു. ആ ശ്രേണിയിൽ തന്നെ ഏറ്റവും ഉയർന്ന സ്ഥാനം വഹിക്കുന്ന കലാകാരനാണ് ബിർജു മഹാരാജ്.നർത്തകനെന്ന നിലയിൽ അവസാനകാലം വരെ സജീവമായിരുന്നു. വേദിയിൽ ഒരു മാന്ത്രികന് മാത്രം സാധ്യമാകുന്ന സ്വീകാര്യത എപ്പോഴും അദ്ദേഹത്തിന് ലഭിച്ചു.  സഞ്ജയ് ലീല ബൻസാലിയ്ക്കുവേണ്ടി ദേവ്ദാസിന് ഒരുക്കിയ നൃത്തചുവടുകള്‍ എനിക്ക് പ്രിയപ്പെട്ട നൃത്താവതരണം. മൻ ഭീതർ എന്ന ആൽബത്തിൽ കഥക് പശ്ചാത്തലമായി രചിച്ച ​ഗാനവും പ്രശസ്തതം.  കവി, സം​ഗീത സംവിധായകൻ, ​ഗായകന്‍ എന്നീ നിലകളിലും തിളങ്ങി.ബിര്‍ജു മഹാരാജ് ഒരു ഓര്‍മയല്ല, ജീവിച്ചിരിക്കുന്ന കലാകാരന്മാരില്‍ ഒരു തുടിപ്പായി അവശേഷിക്കുന്ന ഊര്‍ജമാണ്.  ഇനി വരുംതലമുറയ്‌ക്ക് പഠിക്കാനുതകുന്ന നിറയെ അധ്യായങ്ങളുള്ള ഒരു ചരിത്ര പുസ്തകമാണ് അദ്ദേഹം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top