02 May Thursday

വൈവിധ്യങ്ങളുടെ ചിറകടി

വെബ് ഡെസ്‌ക്‌Updated: Sunday Jan 8, 2023

പക്ഷിവൈവിധ്യം നിറഞ്ഞ ഭൂമികയാണ്‌ മലപ്പുറം ജില്ല. ഫറൂക്ക് കോളേജ് ഗവേഷക കെ ടി ശ്രീനില പറവകളുടെ ലോകത്തെ പരിചയപ്പെടുത്തുന്നു. ദേശാഭിമാനി മലപ്പുറം മഹോത്സവത്തിൽ കൃഷി–-പരിസ്ഥിതി–-ജൈവവൈവിധ്യം സെമിനാറിൽ അവതരിപ്പിച്ച പേപ്പറിൽനിന്ന്‌...

ബുൾബുൾ, വേഴാമ്പൽ, തത്ത, കുയിൽ, കാക്ക, കൊക്ക്‌, മൂങ്ങ...   പക്ഷികളുടെ ചിറകടി. പറവകളുടെ ആവാസഇടങ്ങളിൽ മലപ്പുറത്തിനുമുണ്ട്‌ സവിശേഷസ്ഥാനം. കിളികൾ വിരുന്നുവരുന്ന കടൽക്കരകളും നദീതീരങ്ങളും കണ്ടൽവനങ്ങളും. ജില്ലയുടെ പരിസ്ഥിതിയെപ്പറ്റി പറയുമ്പോൾ പക്ഷി വൈവിധ്യത്തിനും വിശേഷങ്ങളേറെ.  1356 ഇനം പക്ഷികളെയാണ് ഇന്ത്യയിൽനിന്ന്‌ കണ്ടെത്തിയിട്ടുള്ളത്. കേരളത്തിൽനിന്ന്‌ 549 ഇനം കിളികളെയും. വിസ്തീർണത്തിൽ കേരളത്തിന്റെ 10 ശതമാനത്തോളം മാത്രമുള്ള മലപ്പുറത്തുനിന്ന്‌  411 ഇനം പക്ഷികളെ വിവിധ മേഖലകളിൽനിന്ന്‌ എണ്ണി തിട്ടപ്പെടുത്തിയിട്ടുണ്ട്.

പറവകളുടെ ചന്തം
മലപ്പുറം ജില്ലയിൽ പക്ഷിവൈവിധ്യം നിറഞ്ഞ ഇടങ്ങൾ ഏറെയുണ്ട്‌. പൊന്നാനി ബീച്ച്‌, കടലുണ്ടി പക്ഷിസങ്കേതം, പുറത്തൂർ അഴിമുഖം, വാഴയൂർകുന്ന്‌, മാറഞ്ചേരി–-ഉപ്പുങ്കൽ കോൾപ്പാടങ്ങൾ, ചെമ്മാട്‌–- വെഞ്ചാലി പാടശേഖരങ്ങൾ, തിരുന്നാവായ–- ബന്ദർകടവ്‌, താമരക്കായൽ, മഞ്ചാടി പുഴയോരം, നിലമ്പൂർ പ്രദേശങ്ങൾ, കക്കാടാംപൊയിൽ, നാടുകാണിചുരം, കൊടികുത്തിമല, കൂവക്കുന്ന്‌ എന്നിവയാണ്‌ അവയിൽ പ്രധാനം.
സ്ഥിരവാസികളും സഞ്ചാരികളും

പക്ഷികളുടെ ദേശാടന സ്വഭാവരീതികളും  കാണുന്ന സമയവും അനുസരിച്ച്‌  രണ്ടായി തിരിക്കാം. വർഷത്തിൽ മുഴുവനായും കേരളത്തിൽ കാണുകയും പ്രജനനം നടത്തുകയും ചെയ്യുന്ന സ്ഥിരവാസികൾ.  ബുൾബുൾ, വേഴാമ്പൽ, തത്ത, കുയിൽ, കാക്ക, കൊക്ക്‌, മൂങ്ങ  എന്നിവ ഈ ഗണത്തിൽപ്പെടും. ജില്ലയിൽ കാണുന്ന പക്ഷികളിൽ 45 ശതമാനവും ഇക്കൂട്ടത്തിൽ ഉള്ളവയാണ്‌. ഇതിൽ 14 പക്ഷികൾ തദ്ദേശീയ പക്ഷികളാണ്‌–- പശ്ചിമഘട്ടത്തിൽ മാത്രമേ അവയെ കാണൂ. ചാരത്തലയൻ, പോതക്കിളി, കാട്ടൂഞ്ഞാലി, ആൽക്കിളി, നീലത്തത്ത, ചെഞ്ചിലപ്പൻ തുടങ്ങിയവ.

നിശ്ചിത സമയമാകുമ്പോൾ ദീർഘദൂരം സഞ്ചരിച്ച്, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തുന്ന  പക്ഷികളാണ് ദേശാടനക്കിളികൾ.  പ്രതികൂല കാലാവസ്ഥയെ പ്രതിരോധിക്കാനും  ഭക്ഷണലഭ്യത കുറവ്‌ പരിഹരിക്കാനുമാണ് ഇവ കിലോമീറ്ററുകൾ താണ്ടി വിരുന്നെത്തുന്നത്. ആഗസ്ത്, സെപ്തംബർ മുതൽ ദേശാടനം ആരംഭിക്കുന്നു. പിന്നീട് മാർച്ച്, മെയ് മാസത്തോടെ നാട്ടിലേക്ക് പറന്നുപോകും.  കടൽകാക്കകൾ, തോട്ടക്കാരൻ തിനക്കുരുവി, പേരിഗ്രിൻ ഫാൽക്കൺ, കഴുത്ത് പിരിയൻ കിളി, വരവാലൻ  സ്‌നൈപ്, മണലൂതികൾ, കടൽക്കട, തിരവെട്ടികൾ, കാവി, മഞ്ഞക്കിളി, നാകമോഹൻ എന്നിവ.

ജില്ലയിൽ ഏറ്റവും കൂടുതലുള്ളത്‌ തണ്ണീർത്തട പക്ഷികളാണ്. അവയിൽ കൂടുതലും ദേശാടകരാണ്.  പരന്നുകിടക്കുന്ന പാടശേഖരങ്ങളും  പുഴ, കായലുകൾ തുടങ്ങിയ തണ്ണീർത്തടങ്ങളും വ്യത്യസ്തതയാർന്ന തീറ്റ ലഭ്യമാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.രണ്ടാമതായി കാട്ടുപക്ഷികളാണ് മുന്നിട്ടുനിൽക്കുന്നത്. പശ്ചിമഘട്ടത്തിന്റെ സവിശേഷതയാണ്‌ ഇതിനു കാരണം. ജില്ലയിലെ വനങ്ങളിൽ വിവിധയിനം സസ്യങ്ങളും മരങ്ങളും വ്യത്യസ്ത ഭൂപ്രകൃതികളും പക്ഷികളുടെ ഭക്ഷണവൈവിധ്യവും കൂട്ടുന്നു.മറ്റു പക്ഷികളിൽനിന്നും ഏറെ വ്യത്യസ്തരായ  കടൽ പക്ഷികളാണ് മൂന്നാമതായി കാണപ്പെടുന്നത്. ഇവയിൽ ഭൂരിഭാഗവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വരുന്നവയാണ്‌.

വംശനാശഭീഷണി പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന 31 പക്ഷികളെയും മലപ്പുറത്ത്‌ കണ്ടിട്ടുണ്ട്‌. ഉദാഹരണം: കിഴക്കൻ നട്ട്, കരിവയറൻ ആള, വലിയ പുള്ളിപ്പരുന്ത്, മേടുതപ്പി, കടൽക്കാട, കരുവാരക്കുരു, അരിവാൾ കൊക്കൻ, ചേരക്കോഴി.

ഭീഷണികൾ

● ആവാസവ്യവസ്ഥ  നശീകരണം
● കാലാവസ്ഥാ വ്യതിയാനം
● കളനാശിനികളുടെയും രാസവളങ്ങളുടെയും അമിത ഉപയോഗം
● അധിനിവേശ ജീവികളുടെയും സസ്യങ്ങളുടെയും കടന്നുകയറ്റം  
● വന നശീകരണം
● തണ്ണീർത്തടങ്ങളുടെ നാശം  
● ജല മലിനീകരണം
● പ്ലാസ്റ്റിക് മാലിന്യം
● വേട്ടയാടൽ

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top