17 April Wednesday

ബിഗ്‌ ഡാറ്റ എത്ര വലുതാണ്‌!

ജയ ജി നായര്‍Updated: Sunday Jan 24, 2021


ഒരു സ്കൂട്ടർ വാങ്ങണമെന്ന്‌ വിചാരിച്ച് നാം ഇന്റർനെറ്റിൽ തെരഞ്ഞുനോക്കുന്നു. തൊട്ടടുത്തുള്ള കടകളുടെ വിവരംതന്നെ മിക്കവാറും നിങ്ങൾക്കു ലഭിക്കും. പിന്നീട്, മറ്റെന്തെങ്കിലും വാർത്ത നിങ്ങൾ ‘നെറ്റിൽ' വായിക്കുമ്പോൾ ഉടനെ അതാ പല ബ്രാൻഡ് സ്കൂട്ടറുകളുടെയും ചിത്രങ്ങളും വിവരങ്ങളും  മുമ്പിൽ. - നിങ്ങൾ ആവശ്യപ്പെടാതെ തന്നെ! ഓൺലൈനായി ഒരു സിനിമ കാണുമ്പോൾ, നിങ്ങൾക്ക് ഇഷ്ടപ്പെടാൻ സാധ്യതയുള്ള വേറെ സിനിമകളുടെ വിവരങ്ങൾ കാട്ടിത്തരുന്നു. ഒരു പുസ്‌തകം വാങ്ങുമ്പോൾ, അത് മുമ്പ്‌ വാങ്ങിയവർ താൽപ്പര്യം കാട്ടിയ മറ്റു പുസ്‌തകങ്ങളുടെ പട്ടിക നിങ്ങൾക്കു കാണാം – ചിലപ്പോൾ നിങ്ങളും അതിൽ ചിലതുകൂടി വാങ്ങിക്കാമെന്ന് തീരുമാനിക്കുകയും ചെയ്യും! എല്ലാവർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകും. ഇന്റർനെറ്റ് ഉപയോഗിക്കുന്നവർ സൃഷ്ടിക്കുന്ന ഭീമമായ ‘ഡാറ്റ’ അഥവാ വിവരങ്ങൾ വിശകലനം നടത്തി ചെയ്യുന്ന സേവനങ്ങളാണ് ഇതൊക്കെ. ‘ബിഗ്‌ ഡാറ്റ' എന്ന ‘വലിയ’ ഡാറ്റയുടെ ഒരു പ്രയോഗമേഖല.

‘ബിഗ്‌’എന്ന വാക്ക് ഇവിടെ വിവരങ്ങളുടെ അളവിന്റെ വലുപ്പത്തെ മാത്രമല്ല സൂചിപ്പിക്കുന്നത്. വൈവിധ്യത്തിലും വേഗതയിലും ‘വലുപ്പ’മുള്ള ഡാറ്റയാണത്. വളരെ സങ്കീർണതയുള്ള, പലതരം സ്രോതസ്സിൽനിന്നും ശേഖരിക്കുന്ന, വളരെ വേഗത്തിൽ സൃഷ്ടിക്കപ്പെടുകയും നവീകരിക്കപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്യുന്ന ഡാറ്റയെന്നു കൂടിയാണ് ഉദ്ദേശിക്കുന്നത്. കൃത്യമായ ഘടനയുള്ളതും സംഖ്യാപരവുമായ വിവരങ്ങൾ മാത്രമല്ല, അങ്ങനെ അല്ലാത്തവയും ബിഗ്‌ ഡാറ്റയിൽ ഉൾപ്പെടുന്നു. ഉദാഹരണത്തിന്, എഴുതപ്പെട്ട ടെക്സ്റ്റുകൾ, വീഡിയോ -ഓഡിയോ ഫയലുകൾ, ചിത്രങ്ങൾ, സുരക്ഷയ്‌ക്കുവേണ്ടി ക്യാമറകൾ ശേഖരിക്കുന്ന വിവരം – ഇങ്ങനെ പലതും.

ഇന്നുള്ള പലതരം ഡിജിറ്റൽ ഉപകരണങ്ങൾ ധാരാളം ഡാറ്റ സൃഷ്ടിക്കുന്നുണ്ട്. ‌ ഫോൺ വിളിക്കുമ്പോൾ, കാർഡ് ഉപയോഗിച്ച് ഒരു സാധനം വാങ്ങുമ്പോൾ, എടിഎമ്മിൽനിന്ന്‌ പണമെടുക്കുമ്പോൾ, സോഷ്യൽ മീഡിയയിൽ സംവദിക്കുമ്പോൾ ഫെയ്‌സ്ബുക്കിലോ ഇൻസ്റ്റഗ്രാമിലോ ട്വിറ്ററിലോ പോസ്റ്റ് ചെയ്യുമ്പോൾ -ഓർമിക്കൂ, നമ്മളും  ബിഗ്‌ ഡാറ്റയുടെ സ്രോതസ്സാകുകയാണ്.

കംപ്യൂട്ടറുകളും പലതരം സോഫ്റ്റ്‌വെയർ സങ്കേതങ്ങളും ഉപയോഗിച്ച് ഈ ഡാറ്റ ശേഖരിച്ച്, പരിശോധിച്ച്, വിശകലനം ചെയ്ത്, അതിൽനിന്നു പ്രയോജനമുള്ള അറിവ് കണ്ടെത്തി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. ഓരോ നിമിഷവും കൂടുതൽ കൂടുതൽ ഡാറ്റ ലോകമെമ്പാടും ഉൽപ്പാദിപ്പിക്കപ്പെടുന്നു. വളരെ പെട്ടെന്നു ഉപയോഗിച്ചില്ലെങ്കിൽ മൂല്യം നഷ്ടപ്പെടുന്ന ഡാറ്റയും ഇതിലുണ്ട്. 

ബിഗ്‌ ഡാറ്റയുടെ വലുപ്പം എത്രയെന്നതിന്റെ അനുമാനം മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. ടെറാബൈറ്റ്, പെറ്റാബൈറ്റ് -എന്ന കണക്കിലുള്ള ഡാറ്റ ‘ബിഗ്'ആയി കണക്കാക്കുന്നുണ്ട്. ഒന്നും പൂജ്യവും മാത്രമുള്ള ‘ബൈനറി സിസ്റ്റ’മാണ് കംപ്യൂട്ടറിൽ ഉപയോഗിക്കുന്നത്. ഇതു രണ്ടും ഓരോ ‘ബിറ്റ്’ആണ്. എട്ടു ബിറ്റ്‌ കൂടിച്ചേരുമ്പോൾ ഒരു ‘ബൈറ്റ്’. പത്തി-നോട് 14 പൂജ്യവുംകൂടി ചേർക്കുമ്പോൾ കിട്ടുന്ന സംഖ്യയാണ് ഒരു ‘പെറ്റ’. അത്രയും ബൈറ്റുകൾ ചേരുന്നതാണ് ഒരു ‘പെറ്റാ ബൈറ്റ്’.

1960-കളിലും എഴുപതു-കളിലും ഡാറ്റയെ അവലോകനം ചെയ്യുന്ന രീതികളും ‘ഡാറ്റാ ബേസു’കളുടെ ഉപയോഗവും തുടങ്ങിയെങ്കിലും തൊണ്ണൂറു-കളിലാണ് ബിഗ്‌ ഡാറ്റ എന്ന പ്രയോഗം ആരംഭിച്ചത്. ഈ നൂറ്റാണ്ടിന്റെ തുടക്കംമുതൽ ഇന്റർനെറ്റിന്റെ വർധിച്ച ഉപയോഗത്തോടൊപ്പം, കൂടുതൽ വിവരം ശേഖരിക്കാനും വിശകലനം ചെയ്യാനും കഴിവുള്ള ശക്തിയേറിയ കംപ്യൂട്ടർ സങ്കേതങ്ങളുടെ ലഭ്യത ഇത്തരം ശ്രമങ്ങളെ സാധ്യമാക്കി. ‘ഡാറ്റാ സയൻസ്’എന്നൊരു ഗവേഷണവിഭാഗം തന്നെ ഇന്നുണ്ട്. ബൃഹത്തായ ഡാറ്റയുടെ പല ഭാഗത്തിൽ ഒരുമിച്ച് (‘പാരലൽ’ആയി) വിവിധതരത്തിലുള്ള വിശകലന മാർഗങ്ങൾ പ്രയോഗിച്ചാണ് പ്രയോജനകരമായ അറിവുകൾ കണ്ടെത്തുന്നത്. അവ ശേഖരിക്കുന്നതും ഉപയോഗത്തിൽ വരുത്തുന്നതും ബിഗ്‌ ഡാറ്റയുടെ വിസ്തൃതമായ പ്രയോഗതലത്തിൽ ഉൾപ്പെടുന്നു.  ഡാറ്റ ആവശ്യമുള്ള ഏതു മേഖലയിലും ‘ബിഗ്‌ ഡാറ്റ’ കാര്യക്ഷമത വർധിപ്പിക്കുന്നു. ‘കൂടുതൽ ശരി'യായ തീരുമാനങ്ങൾ അത് സാധ്യമാക്കും. ആരോഗ്യമേഖലയിൽ 24 മണിക്കൂറും ശേഖരിക്കുന്ന വിവരങ്ങൾ മറ്റു പല രോഗികളുടെ ഡാറ്റയും ചേർത്ത് വിശകലനംചെയ്ത് കൂടുതൽ കൃത്യമായ രോഗനിർണയം നടത്താം. ഓരോരുത്തർക്കും ചേരുന്ന പ്രത്യേക ചികിത്സാരീതികൾ നടപ്പാക്കാം.

റോഡുകളിൽ ട്രാഫിക് കുരുക്കുകൾ ഒഴിവാക്കുക, പോകേണ്ട സ്ഥലത്തേക്കുള്ള മാർഗനിർദേശങ്ങൾ നൽകുക, യന്ത്രങ്ങൾ കേടാകാനുള്ള സാധ്യത മുൻകൂട്ടി മനസ്സിലാക്കി വേണ്ട അറ്റകുറ്റപ്പണി  നടത്തുക, മഴയെപ്പറ്റി പഠിച്ച് പ്രളയ സാധ്യത കണക്കാക്കുക, ജനിതക -പാരിസ്ഥിതിക - പ്രപഞ്ചപഠനങ്ങളെ സഹായിക്കുക – ഇതൊക്കെ ബിഗ്‌ ഡാറ്റയുടെ പ്രയോഗമേഖലകളാണ്. ബാങ്കുകൾ, വിദ്യാഭ്യാസം, വിവിധതരം ഊർജസ്രോതസ്സുകൾ,  കോവിഡ്-–-19 പോലെയുള്ള പകർച്ചവ്യാധികൾ കൈകാര്യം ചെയ്യുന്നത്, കുറ്റാന്വേഷണം, രാജ്യസുരക്ഷ  - ഇങ്ങനെ ഇനിയും മേഖലകൾ അനവധിയാണ്. സാധ്യതകൾ അനന്തവും.

ഡാറ്റയുടെ ശേഖരണവും ഉപയോഗവും സ്വകാര്യതയുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും അതിർവരമ്പുകൾ ഭേദിച്ച് ദുരുപയോഗം ആകാതിരിക്കണമെന്നത് വലിയ വെല്ലുവിളിയാണ്. തെറ്റായ കൈകളിലെത്തുന്ന, തെറ്റായ രീതിയിൽ ഉപയോഗിക്കപ്പെടുന്ന ഡാറ്റ വളരെ ആപൽക്കരവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top