06 June Tuesday

തൂക്കുമരത്തെ വിറപ്പിച്ച ഇങ്ക്വിലാബ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022

സ്വാതന്ത്ര്യസമര പോരാട്ടചരിത്രത്തിലെ ഏറ്റവും ധീരനായ വിപ്ലവകാരിയാണ്‌ ഭഗത്‌ സിങ്‌. ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തിനെതിരായ സമരജീവിതം 23–-ാം വയസ്സിൽ രക്തസാക്ഷിത്വം വരിച്ചത്‌ ലക്ഷങ്ങൾക്ക്‌ പോരാട്ടത്തിനുള്ള ഊർജം പകർന്നാണ്‌. ഭഗത് സിങ്ങിലെ വിപ്ലവകാരിക്ക് വഴികാട്ടിയത് മാർക്‌സിയൻ ആശയങ്ങളായിരുന്നു. ‘ഞാൻ ഒരു തീവ്രവാദിയെപ്പോലെയാണ് പെരുമാറുന്നതെന്ന്‌ നിങ്ങൾക്ക് തോന്നാം. പക്ഷേ, ഞാനൊരു തീവ്രവാദിയല്ല വിപ്ലവകാരിയാണ്' എന്നാണ്‌ ഭഗത്‌ സിങ്‌ സ്വയം അടയാളപ്പെടുത്തിയത്‌.

പഞ്ചാബ്‌ സിന്ധിലെ ബങ്കാ ഗ്രാമത്തിൽ1907 സെപ്തംബർ 28നായിരുന്നു ജനനം. 12 വയസ്സുള്ളപ്പോഴാണ് ജാലിയൻ വാലാബാഗ് കൂട്ടക്കൊല. പിറ്റേദിവസം ജാലിയൻ വാലാബാഗിൽ എത്തി രക്തസാക്ഷികളുടെ ചോരയിൽ കുതിർന്ന മണ്ണ്‌ ശേഖരിച്ച്‌ വീട്ടിൽ കൊണ്ടുവന്നു. 1920ൽ ഗാന്ധിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി. ദയാനന്ദ് ആംഗ്ലോ വേദിക് സ്കൂൾ ഉപേക്ഷിച്ച്‌ ലാലാ ലജ്പത് റായ്‌ സ്ഥാപിച്ച നാഷണൽ കോളേജിൽ ചേർന്നു. യശ്‌പാൽ, സുഖ്‌ദേവ്‌, ഭഗവതി ചരൺ വോഹ്‌റ എന്നിവരെ ഇവിടെ കണ്ടുമുട്ടി. 1924-ൽ വിവാഹാലോചന നിരാകരിച്ചുകൊണ്ട്‌ പറഞ്ഞത്‌ ‘ഇന്ത്യ അസ്വതന്ത്രയായിരിക്കുന്നിടത്തോളം എന്റെ വധു മരണം മാത്രമായിരിക്കും’ എന്നാണ്‌. ഗാന്ധിജിയുടെ അക്രമരഹിത സമരരീതി ഉപേക്ഷിച്ച്‌ വിപ്ലവപാതയിലേക്ക്‌ നീങ്ങി.

സചീന്ദ്രനാഥ് സന്യാൽ ആരംഭിച്ച ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക് അസോസിയേഷനിൽ 1924ൽ അംഗമായി. 1928ൽ സംഘടനയുടെ നേതൃത്വം ഭഗത്‌ സിങ്ങും ചന്ദ്രശേഖർ ആസാദും ഏറ്റെടുത്തു. പേര്‌ ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്നാക്കി. 1926ൽ ദസറ ദിനത്തിൽ ലാഹോറിലുണ്ടായ ബോംബുസ്‌ഫോടനക്കേസിൽ അറസ്റ്റിലായി. വർക്കേഴ്‌സ് ആൻഡ്‌ പെസന്റ്‌സ്‌ പാർടിയിൽ പ്രവർത്തിച്ചു. 1927ൽ കാക്കോരി ട്രെയിൻ കൊള്ളയുമായി ബന്ധപ്പെട്ട്‌ വന്ന ലേഖനത്തിന്റെ പേരിൽ വീണ്ടും അറസ്റ്റിലായി. സൈമൻ കമീഷനെതിരായ പ്രക്ഷോഭത്തിനിടെ ലാലാ ലജ്‌പത്‌ റായ്‌ കൊല്ലപ്പെട്ടു. മരണത്തിന്‌ ഉത്തരവാദിയായ പൊലീസ് മേധാവി സ്‌കോട്ടിനെ ലക്ഷ്യമിട്ട്‌ ഭഗത്‌ സിങ്ങിന്റെ നേതൃത്വത്തിൽ ആക്രമണം നടത്തി.

ജോൺ സാൻഡേഴ്സ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ ലാഹോറിലെ ജില്ലാ പൊലീസ്‌ ആസ്ഥാനത്തിനടുത്തുവച്ച്‌ കൊല്ലപ്പെട്ടു. 1929 ഏപ്രിൽ എട്ടിന്‌ ലെജിസ്ലേറ്റീവ്‌ അസംബ്ലിയിൽ ഭഗത് സിങ്ങും ബി കെ ദത്തും ബോംബെറിഞ്ഞു. സ്വാതന്ത്ര്യസമരത്തെ അടിച്ചമർത്താനായി സർക്കാർ പൊതുസുരക്ഷ ഭേദഗതി ബിൽ അവതരിപ്പിക്കവെയായിരുന്നു ഇത്‌.  ഇങ്ക്വിലാബ് സിന്ദാബാദ്, സാമ്രാജ്യത്വം മൂർദാബാദ് എന്നീ മുദ്രാവാക്യങ്ങൾ മുഴക്കി ‘ബധിരർക്കു ചെവി തുറക്കാൻ ഒരു വൻ സ്ഫോടനംതന്നെ വേണ’ മെന്ന ലഘുലേഖനം വിതരണംചെയ്ത്‌ അറസ്റ്റിനു വഴങ്ങി.

1930 ഒക്ടോബർ ഏഴിന് ബോംബെറിഞ്ഞ കേസിൽ പ്രത്യേക കോടതി സുഖ്ദേവ്, ഭഗത് സിങ്‌, രാജ്ഗുരു എന്നിവരെ തൂക്കിക്കൊല്ലാൻ വിധിച്ചു. 1931 മാർച്ച് 24ന് വധശിക്ഷ നടപ്പാക്കാനായിരുന്നു ഉത്തരവ്‌. എന്നാൽ, മാർച്ച് 23നു രാത്രി 7.30ന് ഇവരെ തൂക്കിലേറ്റി. ഹിന്ദുത്വ ആശയങ്ങളോട്‌ ശക്തമായ എതിർപ്പ്‌ ഉയർത്തിയ ആളാണ്‌ ഭഗത്‌ സിങ്‌. ഹിന്ദുമഹാസഭയെ തള്ളിപ്പറഞ്ഞ്‌ രംഗത്തുവന്നു. ‘മതപരമായ അന്ധവിശ്വാസവും മതഭ്രാന്തും നമ്മുടെ പുരോഗതിക്ക്‌ വലിയ തടസ്സമാണ്‌. തടസ്സമാണെന്ന്‌ തെളിഞ്ഞാൽ അവയെ നമുക്ക്‌ ഇല്ലാതാക്കണം’ എന്നാണ്‌ പ്രഖ്യാപിച്ചത്‌. ആ ഭഗത്‌ സിങ്ങിനെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ്‌ ഇപ്പോൾ സംഘപരിവാർ.

ലഭിക്കാതെ പോയ സ്റ്റാലിന്റെ സന്ദേശം
1928ൽ കൂടിക്കാഴ്‌ചയ്‌ക്ക്‌ ക്ഷണിച്ചുകൊണ്ട്‌ സോവിയറ്റ്‌ കമ്യൂണിസ്റ്റ്‌ പാർടി നേതാവ്‌ ജോസഫ്‌ സ്റ്റാലിൻ ഭഗത്‌ സിങ്ങിന്‌ ഒരു സന്ദേശം അയച്ചിരുന്നു. ‘ഭഗത്‌ സിങ്ങിനോട്‌ മോസ്‌കോയിലേക്ക്‌ വരാൻ പറയൂ’ എന്ന ഒറ്റവരി സന്ദേശമാണ്‌ മോസ്‌കോയിൽ നടന്ന മൂന്നാം കമ്യൂണിസ്റ്റ്‌ ഇന്റർനാഷണലിന്റെ ആറാം കോൺഗ്രസിൽ പങ്കെടുത്തു മടങ്ങുമ്പോൾ കമ്യൂണിസ്റ്റ്‌ നേതാവായ ഷൗക്കത്ത്‌ ഉസ്‌മാനിയുടെ കൈവശം നൽകിയത്‌. ഇന്ത്യയിൽ എത്തിയ ഉസ്‌മാനി മീററ്റ്‌ ഗൂഢാലോചനക്കേസിൽ അറസ്റ്റിലായി. ലാഹോർ ഗൂഢാലോചനക്കേസിൽ ഭഗത്‌ സിങ്ങും ആ സമയം ജയിലിലായിരുന്നു. ഭഗത്‌ സിങ്ങിനെ തൂക്കിക്കൊന്ന്‌ രണ്ടു വർഷത്തിനുശേഷമാണ്‌ ഉസ്‌മാനി ജയിൽ മോചിതനായത്‌. ആ സന്ദേശം കൈമാറാൻ കഴിയാതെ പോയതിനാൽ ചരിത്രപരമായ ഒരു കൂടിക്കാഴ്‌ചയാണ്‌ യാഥാർഥ്യമാകാതെ പോയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top