26 April Friday

കുഞ്ഞനന്തൻ നായർ ; സാർവദേശീയ 
 കമ്യൂണിസ്റ്റ്

കെ ടി ശശിUpdated: Tuesday Aug 9, 2022

കു-ഞ്ഞനന്തൻ നായർ ഇ കെ നായനാർക്കൊപ്പം


കുഞ്ഞനന്തൻനായരുടെ ജീവിതകഥയുടെപേര്‌ ‘പൊളിച്ചെഴുത്തെ’ന്നാണ്. നാടുവാഴിത്തം അരങ്ങുവാണ കാലത്ത് കുടിയാന്മാരെ ദ്രോഹിക്കാനും ഭൂമി പിടിച്ചെടുക്കാനും ആവിഷ്കരിച്ച അന്യായ ഏർപ്പാടിനെ, ആ സാമൂഹ്യഘടനയെ പൊളിച്ചെഴുതാൻ നിസ്തുല സംഭാവന നൽകിയ വ്യക്തിത്വമെന്ന നിലയിലാകും അദ്ദേഹം ചരിത്രത്തിൽ ഇടംനേടുക. കേരളത്തിന്റെ പെരുമ ലോകത്തോളമുയർത്തിയ മാധ്യമപ്രവർത്തകനപ്പുറം നാടിന്റെ കുതിപ്പിന് ഊർജംപകർന്ന കമ്യൂണിസ്റ്റായിരുന്നു കുഞ്ഞനന്തൻ നായർ.

കുഞ്ഞനന്തനെ വക്കീലോ ജഡ്ജിയോ ആക്കാനായിരുന്നു അച്ഛനമ്മമാരുടെ ആഗ്രഹം. അവനാകട്ടെ സ്വാതന്ത്ര്യ പ്രക്ഷോഭത്തിലേക്കും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കുമാണ് നടന്നുകയറിയത്. 1942ൽ ചിറക്കൽ രാജാസിൽ പഠിക്കവെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിന് പുറത്താക്കപ്പെട്ടു.
പി കൃഷ്ണപിള്ളയുമായുള്ള അടുപ്പം ജീവിതം മാറ്റിമറിച്ചു. സോവിയറ്റ് യൂണിയനിലെ ബാലസംഘടന, ‘യങ് പയനിറി'ന്റെ പ്രവർത്തനം വിവരിച്ച് സ്വാതന്ത്ര്യസമരത്തിൽ കുട്ടികൾ ചേരേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ബോധ്യപ്പെടുത്തി. 1938 ഡിസംബർ 28ന് കല്യാശേരിയിൽ ബാലഭാരതസംഘത്തിന്റെ പിറവിയിലേക്ക്നയിച്ചത് ആ ഇടപെടലാണ്‌. കുഞ്ഞനന്തൻ സെക്രട്ടറി. നായനാർ പ്രസിഡന്റും.

1939ൽ ബക്കളത്തുചേർന്ന പത്താം കോൺഗ്രസ് രാഷ്ട്രീയ സമ്മേളനത്തിൽ വളന്റിയറായി. 1942ൽ പാർടി അംഗത്വം. അടുത്ത വർഷം മുംബൈയിൽ നടന്ന ഒന്നാംകോൺഗ്രസിലെ പ്രായംകുറഞ്ഞ പ്രതിനിധിയായി. ബാലഭാരതസംഘത്തെക്കുറിച്ച് റിപ്പോർട്ടും അവതരിപ്പിച്ചു.  കൃഷ്ണപിള്ളയുടെ നിർദേശപ്രകാരം പട്ടാളത്തിൽ ചേർന്നെങ്കിലും കമ്യൂണിസ്റ്റാണെന്ന് കണ്ടെത്തിയതോടെ പുറത്ത്. രണ്ടുവർഷത്തോളം മുംബൈ കമ്യൂണിൽ. നാട്ടിലെത്തിയശേഷം പാർടി നിർദേശപ്രകാരം കേന്ദ്ര ഓഫീസിലേക്ക്. മുഖപത്രമായ ന്യൂ ഏജ് പത്രാധിപസമിതി അംഗമായി. 

ഇന്ത്യയിലെയും ലോകത്തിലെയും കമ്യൂണിസ്റ്റ് നേതാക്കളുമായി ഇത്ര ആത്മബന്ധംപുലർത്തിയ മറ്റൊരാൾ കേരളത്തിലില്ല. കൃഷ്ണപിള്ളയും ഇ എം എസും എ കെ ജിയും എം എൻ ഗോവിന്ദൻ നായരും മുതൽ അജയഘോഷും സുന്ദരയ്യയും വരെയുള്ളവരുമായി ഉണ്ടായ അടുപ്പം ബ്രഷ്നേവും ഹോനേക്കറും ഉൾപ്പെടെയുള്ളവരുമായും ഉണ്ടായി.‘കമ്യൂണിസത്തിനും പാർടിക്കും സമർപ്പിച്ചതാണ് എന്റെ ജീവിതം. കമ്യൂണിസ്റ്റായി മരിക്കണം''‐ അദ്ദേഹം ആവർത്തിച്ച് പറഞ്ഞിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top