20 April Saturday

ആദ്യ പാർടി കോൺഗ്രസിൽ പങ്കെടുത്ത ബാലൻ

വെബ് ഡെസ്‌ക്‌Updated: Monday Aug 8, 2022

കണ്ണൂർ> മുംബൈയിൽ നടന്ന കമ്യൂണിസ്‌റ്റ്‌ പാർടിയുടെ ആദ്യ പാർടി കോൺഗ്രസിൽ പങ്കെടുത്ത 12 പേരിൽ ഒരാളായിരുന്നു ബർലിൻ കുഞ്ഞനന്തൻ നായർ എന്ന കുഞ്ഞനന്തൻ. അന്ന്‌ വെറും 18 വയസ്‌. 1943 മെയ് 25 മുതൽ ജൂൺ ഒന്ന് വരെ  മുംബൈയിലെ കാംകാർ മൈതാനത്തിൽ നടന്ന ഒന്നാം പാർടി കോൺഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയായിരുന്നു  കുഞ്ഞനന്തൻ നായർ. 1938ൽ കല്യാശേരിയിൽ പി കൃഷ്ണപിള്ളയുടെയും കെ പി ആർ ഗോപാലന്റെയും നേതൃത്വത്തിൽ രൂപംകൊണ്ട ബാലസംഘത്തിന്റെ സെക്രട്ടറിയെന്ന നിലയിലാണ് കുഞ്ഞനന്തൻ നായർ പാർടി കോൺഗ്രസ് പ്രതിനിധിയാവുന്നത്.

23ാം പാർടി കോൺഗ്രസ്‌ കണ്ണൂരിൽ നടക്കുന്ന വേളയിൽ ആദ്യ പാർടി കോൺഗ്രസ്‌ അനുഭവങ്ങൾ ‘ദേശാഭിമാനി’യോട്‌ പങ്കുവച്ചതിങ്ങനെയാണ്‌- ‘‘കൃഷ്ണപിള്ളയാണ് എന്നോട് പറഞ്ഞത് ബോംബെയിൽ പോകുമ്പോൾ ചെരുപ്പ് ഇടണമെന്ന്. എന്നിട്ട് കാലണയും തന്നു. കുറച്ച് പൈസകൂടി ചേർത്ത് കോഴിക്കോട്ട്ന്ന് ഞാൻ ഒരു രൂപയ്ക്ക് ചെരുപ്പ് വാങ്ങി. പിറകിൽ ബെൽറ്റ് പോലുള്ള ചെരുപ്പ്. ബോംബയ്ക്ക് പോവാൻ കൂട്ടുകാരായ നീണ്ടൻ മുകുന്ദന്റെയും ടി കൃഷ്ണന്റെയും കൈയിൽനിന്ന്  രണ്ട് ജോഡി ഹാഫ് ട്രൗസറും അരക്കൈയൻ ഷർട്ടും വാങ്ങി. അമ്മ എനിക്ക് സോപ്പും ഒരു മാങ്ങാടൻ തോർത്തും തന്നു.


യാത്രയുടെ തലേദിവസം കോഴിക്കോട് പാർടിക്കാർ താമസിക്കുന്ന കമ്യൂണുകളിലേക്കാണ് ആദ്യം പോയത്. അവിടെ ഇരുന്നാണ്‌  കൃഷ്ണപിള്ള തന്ന ഒരു നോട്ട് ബുക്കിൽ പാർടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട ബാലസംഘം റിപ്പോർട്ട് എഴുതിയത്‌–- ’’ ആദ്യ പാർടി കോൺഗ്രസിൽ പങ്കെടുക്കാൻ കോഴിക്കോട്ടുനിന്ന് ട്രെയിൻ കയറിയ പതിനെട്ടുകാരന്റെ അതേ ആവേശമായിരുന്നു അവസാന നാളുകളിൽ വീട്ടിൽ വിശ്രമ ജീവിതം നയിക്കുമ്പോഴും സഖാവിന്‌.  ഇ എം എസ്, കൃഷ്ണപിള്ള, പി നാരായണൻ നായർ, സി ഉണ്ണിരാജ, കെ കെ വാര്യർ, പി ടി പുന്നൂസ്, പി യശോദ തുടങ്ങിയവരോടൊപ്പമായിരുന്നു മുംബൈയിലേക്ക്‌ പോയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top