15 December Monday

ബെനുവിന്റെ രഹസ്യങ്ങൾ അരികിലേക്ക്‌

എസ്‌ നവനീത്‌കൃഷ്‌ണൻUpdated: Sunday Apr 2, 2023

ഭൂമിയിൽ മാത്രമല്ല, പ്രപഞ്ചത്തിലെ ഏതൊരു ഗോളത്തിലും വസ്തുക്കളിലും കാണും അവയുടെ ചരിത്രം. ചിലപ്പോൾ സൗരയൂഥത്തിന്റെയോ പ്രപഞ്ചത്തിന്റെയോ തന്നെ ചരിത്രമാകും അത്തരം വസ്തുക്കൾ ഒളിപ്പിച്ചിരിക്കുക. ആ ചരിത്രം ചികയാൻ കഴിഞ്ഞാൽ ഭൂമിയുടെയും സൗരയൂഥത്തിന്റെയുമെല്ലാം രൂപീകരണ രഹസ്യങ്ങളെക്കുറിച്ച് കൂടുതൽ അറിയാനാകും. ചന്ദ്രനിലും ചൊവ്വയിലും മറ്റു ഗ്രഹോപഗ്രഹങ്ങളിലുമെല്ലാം ഈ രഹസ്യം അവിടെയുള്ള  മണ്ണിലും പാറയിലും ഒളിഞ്ഞിരിപ്പുണ്ട്. ഗ്രഹങ്ങളിലും ഉപഗ്രഹങ്ങളിലും മാത്രമല്ല, സൗരയൂഥ രൂപീകരണസമയത്ത് ഉണ്ടായതെന്നു കരുതുന്ന ഛിന്നഗ്രഹങ്ങളും വാൽനക്ഷത്രങ്ങളും പാറക്കഷണങ്ങളും ഇത്തരം രഹസ്യങ്ങളുടെ കലവറയാണ്.

അത്തരം രഹസ്യവുമായി ഒരു പേടകം  സെപ്തംബറിൽ ഭൂമിയിലെത്തും. ഒസിരിസ് - റെക്സ് (OSIRIS-REx) എന്നു പേരുള്ള ഒരു അപൂർവദൗത്യം.  ബെനു എന്ന ഛിന്നഗ്രഹത്തിലെ മണ്ണും പൊടിയും ശേഖരിച്ചാണ് ഒസിരിസ് -റെക്സ് മടങ്ങിയെത്തുന്നത്. ഇതിനെ സ്വീകരിക്കാനുള്ള മുന്നൊരുക്കങ്ങൾ നാസ ആരംഭിച്ചുകഴിഞ്ഞു.

ബെനു എന്ന കലവറ

നാനൂറ്റിയമ്പത്‌ കോടിയിലധികം വർഷം പഴക്കമുള്ള ഒരു ഛിന്നഗ്രഹമാണ്‌ ബെനു. വലുപ്പം അരക്കിലോമീറ്ററിലധികംമാത്രം. സൂര്യനിൽനിന്ന് 16.8 കോടി കിലോമീറ്റർ അകലെക്കൂടിയുള്ള പരിക്രമണപഥം. ഓരോ 1.2 വർഷത്തിലും സൂര്യനെ ചുറ്റി കറങ്ങിവരും. സ്വന്തം അച്ചുതണ്ടിൽ 4.3 മണിക്കൂറിൽ ഭ്രമണം ചെയ്തുകൊണ്ടേയിരിക്കും. എഴുപതുകോടിമുതൽ 200 കോടി വർഷംമുമ്പ്‌ എപ്പോഴോ കാർബൺ സംയുക്തങ്ങൾ നിറഞ്ഞ വലിയൊരു ഛിന്നഗ്രഹത്തിൽനിന്നു വേർപെട്ടുപോന്നതാകും ബെനു എന്നാണ് നിഗമനം. മറ്റേതോ ഛിന്നഗ്രഹം ഇടിച്ചപ്പോഴാകാം ഇതു സംഭവിച്ചത്. എന്തായാലും  ബെനു രൂപപ്പെട്ടത് ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹമേഖലയിലാകുമെന്ന്‌ കരുതുന്നു.  പിന്നീട്‌ എപ്പോഴോ ഭൂമിയുടെ പരിക്രമണ പാതയ്ക്കരികിലേക്ക് വലിച്ചെടുക്കപ്പെട്ടത്‌ ആകാനാണ്‌ സാധ്യത.

ബെനു

ബെനു

ഭൂമിയിൽ ഉൽക്ക വന്ന് ഇടിച്ചതാണ്‌ ദിനോസറുകളെല്ലാം ഇല്ലാതാകാൻ കാരണമായത്‌.  ഉൽക്കയോ ഛിന്നഗ്രഹമോ ഭൂമിയിൽ വന്ന് ഇടിക്കുകയെന്നത് അത്ര സുഖകരമായ കാര്യമല്ല.  മനുഷ്യവംശത്തെയും ഇപ്പോഴുള്ള ഒട്ടുമിക്ക ജീവജാലങ്ങളെയും എന്നെന്നേക്കുമായി ഇല്ലാതാക്കാൻ അത്തരമൊരു കൂട്ടിയിടി മതി. അതുകൊണ്ടുതന്നെ ഭൂമിയുടെ അടുത്തുകൂടി കടന്നുപോകാൻ സാധ്യതയുള്ള എല്ലാ വസ്തുക്കളെയും നിരന്തരം നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾ ഇന്നുണ്ട്‌. എന്നെങ്കിലും ഒരിക്കൽ അത്തരമൊരു വസ്തു ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത ഇപ്പോഴും നിലനിൽക്കുന്നു. ആ വസ്തുവിന്റെ സഞ്ചാരപാത മാറ്റുകയോ, ആ വസ്തുവിനെത്തന്നെ പല കഷണങ്ങളായി ചിതറിക്കുകയോ വേണ്ടിവരും. അതുകൊണ്ടുതന്നെ അത്തരം വസ്തുക്കളെപ്പറ്റി കൂടുതൽ അറിയണം, പഠിക്കണം. ഇത്തരമൊരു അന്വേഷണത്തിനിടയിലായിരുന്നു ബെനുവിന്റെ കണ്ടെത്തൽ.

കണ്ടെത്തിയത്‌ 99ൽ


1999ൽ ആയിരുന്നു ബെനുവിന്റെ കണ്ടെത്തൽ. സൂര്യനു ചുറ്റും കറങ്ങുന്നതിനാൽ ഭൂമിയിൽനിന്ന് 32കോടി കിലോമീറ്റർമുതൽ ഏതാനും ലക്ഷം കിലോമീറ്റ‌ർവരെ ബെനുവിലേക്കുള്ള അകലം വ്യത്യാസപ്പെടാം. ഓരോ ആറുവർഷം കൂടുമ്പോഴും ഭൂമിയുടെ അരികിലെത്തും ഈ ഛിന്നഗ്രഹം. 2060ലും 2135ലും ഭൂമിയോട് കൂടുതൽ അടുത്തുവരും. എന്നിരുന്നാലും ചന്ദ്രനേക്കാളും അകലെയാകും അപ്പോഴും ബെനുവിന്റെ സ്ഥാനം. അതിനാൽ  കൂട്ടിയിടി സാധ്യത വിരളമാണ്. പക്ഷേ, 2175നും 2199നും ഇടയിൽ കുറെക്കൂടി അടുത്തുവരും. ഒരു കൂട്ടിയിടിക്കുള്ള സാധ്യത അപ്പോൾ തള്ളിക്കളയാനാകില്ല. ഭൂമിയിൽനിന്നു കിട്ടിയ ചില കാർബൺ കൂടുതലായ ഉൽക്കകളെപ്പോലെയാണത്രേ ബെനു. അതിനാൽത്തന്നെ സൗരയൂഥത്തിലെ ഏറ്റവും പഴക്കമേറിയ വസ്തുക്കളാൽ നിർമിതമായിരിക്കണം. ഇതുതന്നെയാണ് ബെനുവിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിക്കാൻ  ശാസ്ത്രലോകത്തെ പ്രേരിപ്പിച്ചതും.

ഒസിരിസ് -റെക്‌സ്

ബെനുവിനെപ്പറ്റി പഠിക്കാൻ 2016ലാണ്‌ ഒസിരിസ് റെക്സ് പേടകം നാസ വിക്ഷേപിച്ചത്‌. 2018 ഡിസംബർ 31ന് പേടകം ബെനുവിന്‌ ചുറ്റുമുള്ള പഥത്തിൽ എത്തി. പഠനങ്ങൾക്കും സാമ്പിൾശേഖരണത്തിനുംശേഷം 2021 മേയ് 11ന്‌ തിരികെ ഭൂമിയിലേക്ക് യാത്രതിരിച്ചു. രണ്ടു വർഷത്തിലധികംകാലം പേടകം ഛിന്നഗ്രഹത്തിനൊപ്പമായിരുന്നു. ആ സമയത്ത് ബെനുവിനെക്കുറിച്ച് പഠനം നടത്തി.  ഛിന്നഗ്രഹത്തിന്റെ  അനേകം ഫോട്ടോകൾ പകർത്താനും പരിപൂർണ മാപ്പിങ് നടത്താനുമായി.

ടച്ച്‌ ആൻഡ്‌ ഗോ

ടച്ച് ആൻഡ്‌ ഗോ (Touch-And-Go Sample Acquisition Mechanism) എന്നു പേരിട്ട ദൗത്യത്തിലൂടെയാണ്‌ ഒസിരിസ് റെക്സ് ബെനുവിനെ തൊട്ടതും സാമ്പിൾ ശേഖരിച്ചതും. 2020 ഒക്ടോബർ 20ന്‌ ആയിരുന്നു ഈ ‘തൊട്ടുനോക്ക’ൽ. ഛിന്നഗ്രഹത്തിലെ നൈറ്റിങ്ഗേൽ എന്നു പേരുള്ള ഭാഗത്തായിരുന്ന ഈ ഇറക്കം. അതും സെക്കൻഡിൽ 10 സെന്റി മീറ്റർ എന്ന ചെറുവേഗതയിലും.

 പേടകം ബെനുവിൽ തൊട്ടപ്പോൾത്തന്നെ പാറയും മണ്ണുമെല്ലാം പെട്ടെന്ന് ഇളകിമാറി. തുടർന്ന് ഉപരിതലത്തിൽ ഉറച്ച യന്ത്രക്കൈയിൽനിന്ന് ഒരു സെക്കൻഡിനുള്ളിൽ നൈട്രജൻ വാതകം ശക്തിയിൽ ബെനുവിലേക്ക്‌ ചീറ്റി. അതിന്റെ ശക്തിയിൽ കൂടുതൽ പൊടിപടലങ്ങളും പാറക്കഷണങ്ങളും സ്ഫോടനത്തോടെ  പുറത്തേക്ക്‌ തെറിച്ചു. നൈട്രജൻ വാതകം ചീറ്റിയതിന്റെ പ്രത്യേകതമൂലം ഈ പൊടിപടലങ്ങളും പാറക്കഷണങ്ങളും യന്ത്രക്കൈയിലെ  സാമ്പിൾ കളക്‌ഷൻ ഹെഡിലേക്ക് ശേഖരിക്കാനായി. ആറ്‌ സെക്കൻഡിനുശേഷം  ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് ഒസിരിസ്-റെക്സ് തിരികെ മുകളിലേക്കുയർന്നു.  

സ്റ്റാർഡസ്റ്റ്

സ്റ്റാർഡസ്റ്റ്

പ്രതീക്ഷിച്ചതിലേറെ   സാമ്പിൾ ശേഖരിക്കാനും കഴിഞ്ഞു. 60 ഗ്രാം സാമ്പിൾ ശേഖരിക്കാൻ ശ്രമിച്ചിടത്ത്  ലഭിച്ചിരിക്കുന്നത് ഏതാണ്ട് 250 ഗ്രാം വസ്തുക്കളാണ്. സെപ്തംബർ 24നാണ് ഒസിരിസ് റെക്സ് ഭൂമിക്കരികിൽ തിരികെയെത്തുക. സാമ്പിളുകൾ നിറച്ച കാപ്സ്യൂളിനെ ഉട്ടാ മരുഭൂമിയിലാകും ഇറക്കുക.വീണ്ടും  ഒസിരിസ് അപെക്‌സ്‌ (OSIRIS-APEX) എന്ന മറ്റൊരു ദൗത്യം  2029ൽ പുറപ്പെടും. അപോഫിസ് എന്ന ഛിന്നഗ്രഹത്തിന് അടുത്തെത്തി പഠിക്കുകയാണ് ലക്ഷ്യം.

സ്റ്റാർഡസ്റ്റും ഹയാബുസയും

ഛിന്നഗ്രഹത്തിലെ സാമ്പിൾ ഭൂമിയിൽ എത്തിക്കുന്ന ആദ്യ ദൗത്യമല്ല ഒസിരിസ് -റെക്സ്. ഇതിനുമുമ്പ്‌ ജപ്പാന്റെ ബഹിരാകാശ ഏജൻസിയായ ജാക്സയുടെ ഹയാബുസ ദൗത്യങ്ങൾ ഛിന്നഗ്രഹങ്ങളിൽനിന്നുള്ള സാമ്പിളുകൾ ഭൂമിയിൽ എത്തിച്ചിട്ടുണ്ട്. അതിനും മുമ്പ്‌ നാസയുടെ സ്റ്റാർഡസ്റ്റ് എന്ന ദൗത്യം വൈൽഡ് 2 എന്ന വാൽനക്ഷത്രത്തിൽനിന്നുള്ള കണികകളുമായി ഭൂമിയിൽ എത്തിയിരുന്നു. ഈ മുൻദൗത്യങ്ങളുടെ പിൻബലത്തിലാണ് ഒസിരിസ്-റെക്സ് കൂടുതൽ മികവേറിയ ദൗത്യമാകുന്നത്‌.


ചൊവ്വയും ഭൂമിയിൽ എത്തും

ചൊവ്വ സാമ്പിൾ ട്യൂബ്‌

ചൊവ്വ സാമ്പിൾ ട്യൂബ്‌

സാമ്പിൾ റിട്ടേൺ മിഷനുകളിലെ ഏറ്റവും രസകരമായ ദൗത്യം ഇനി വരാനിരിക്കുന്നതേയുള്ളൂ. ചൊവ്വയിൽനിന്നുള്ള സാമ്പിളുകൾ ഭൂമിയിൽ എത്തിക്കാനുള്ള പദ്ധതി. അതിന്റെ ആദ്യഘട്ടം പൂർത്തിയാക്കാനുള്ള ചുമതല ഇപ്പോൾ ചൊവ്വയിലുള്ള പേഴ്സിവെറൻസ് പേടകത്തിനാണ്. ചൊവ്വയിലെ വിവിധയിടങ്ങളിൽനിന്ന്‌ കുഴിച്ചെടുത്തു ശേഖരിച്ച മണ്ണും പൊടിയും പാറയുമെല്ലാം ചെറിയ ട്യൂബുകളിലാക്കി പേഴ്സിവെറൻസിൽ സൂക്ഷിച്ചിരുന്നു.

ഇതിൽ 10 ട്യൂബുകൾ ഫെബ്രുവരി പകുതിയോടെ ചൊവ്വയിലെ വിവിധയിടത്തായി തിരികെ നിക്ഷേപിച്ചിട്ടുണ്ട്. ഇനിയും സാമ്പിൾ ശേഖരിക്കാനുണ്ട്. അവയും അതീവ സുരക്ഷയുള്ള ട്യൂബുകളിലാക്കി വിവിധയിടത്ത്‌ നിക്ഷേപിക്കും. ഇങ്ങനെ നിക്ഷേപിക്കുന്ന ചൊവ്വാ സാമ്പിൾ അടുത്ത 10 വർഷത്തിനുള്ളിൽ മാത്രമേ ഭൂമിയിലെത്തൂ. ഇവ ശേഖരിച്ച് തിരികെ ഭൂമിയിൽ എത്തിക്കാനുള്ള ദൗത്യമാണ്‌ മാർസ് സാമ്പിൾ റിട്ടേൺ മിഷൻ.

ചിത്രങ്ങൾ കടപ്പാട്‌: നാസ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top