02 March Saturday

ആകാശവാണിയും പ്രക്ഷേപണത്തിന്റെ രാഷ്ട്രീയവും

കെ എം നരേന്ദ്രൻUpdated: Thursday Oct 19, 2023

ഫോട്ടോ: യശ്വന്ത്

സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഒദ്യോഗിക റേഡിയോ നിർമാതാവായി  മാർക്കോണിയുടെ പേര് പ്രജാരാഷ്ട്രങ്ങളിലെ ടെക്സ്റ്റ് പുസ്തകങ്ങളിൽ സ്ഥാനം പിടിച്ചു. റേഡിയോ ‘കണ്ടുപിടിച്ച'തിന്റെ പേരിൽ അദ്ദേഹത്തിന് 1909ൽ ഫിസിക്സിൽ നൊബേൽ സമ്മാനവും ലഭിച്ചു. എന്നാൽ ലോകത്തിലെ മറ്റ് നിരവധി രാജ്യങ്ങളിലെ പല ശാസ്ത്രജ്ഞന്മാരും റേഡിയോ ഗവേഷണങ്ങളിൽ മാർക്കോണിക്കൊപ്പമോ അതിനു മുമ്പോ വിജയം വരിച്ചിരുന്നു എന്നതാണ് സത്യം.

ആകാശവാണിയെക്കുറിച്ച് ഇന്ത്യയിലും കേരളത്തിലും നടക്കുന്ന പൊതുചർച്ചകൾ എപ്പോഴും കാൽപ്പനിക പദാവലികളിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. നഷ്ടപ്പെട്ട ഭൂതകാലത്തോട് തോന്നുന്ന ഗൃഹാതുരത്വമാണ് ആ ചർച്ചകളുടെ സ്ഥായീഭാവം. ആകാശവാണിയാണ് വിഷയമെങ്കിൽ രാഷ്ട്രീയ ചിന്തകളുടെയും മാധ്യമപഠനത്തിന്റെയും സാമൂഹികശാസ്ത്രങ്ങളുടെയും രീതിശാസ്ത്രവും പദാവലിയും സ്വീകരിക്കാൻ മാധ്യമപഠിതാക്കൾപോലും തയ്യാറല്ല. അവരും പഴയ പാട്ടുകൾ പാടിക്കേൾപ്പിച്ച ആകാശവാണിയുടെ ഇന്നലെകളിൽനിന്നും തങ്ങളുടെ ബാല്യകൗമാരങ്ങളിൽനിന്നും ലേഖനത്തിനായുള്ള വാക്കുകൾ കണ്ടെത്തും.

പരസ്യവിപണിയിൽ ആകാശവാണി എന്ന ചാനലിന്റെ പ്രത്യേക ‘ബ്രാന്റ്‌ ഇമേജിന്' ചില താൽക്കാലിക മെച്ചങ്ങളൊക്കെ ഇത്തരം ചർച്ചകൾ നൽകാറുണ്ട് എന്നതല്ലാതെ ആ സ്ഥാപനത്തിന്റെ സവിശേഷമായ രാഷ്ട്രീയ ധർമങ്ങളെയോ ഇന്ന് ആ സ്ഥാപനം നേരിടുന്ന പ്രശ്നങ്ങളെയോ അറിയാൻ ഈ ചർച്ചകളോ അതിന്റെ ഭാഷയോ പര്യാപ്തമാവാറില്ല. വാസ്തവത്തിൽ കൊളോണിയലിസത്തിന്റെ രാഷ്ട്രീയാവശ്യങ്ങളും ജ്ഞാനോദയകാലഘട്ടത്തിന്റെ യുക്തിയും, അതോടൊപ്പം ഈ രണ്ടിന്റെയും വിമർശനവുമാണ് ആകാശവാണിയുടെ രാഷ്ട്രീയചരിത്രമായി മാറുന്നത്. ഇവിടെ ആ ചരിത്രത്തെക്കുറിച്ച് സാമാന്യമായി ചില കാര്യങ്ങൾ പറയുന്നത് ആകാശവാണി എന്ന സ്ഥാപനത്തിന്റെ വർത്തമാനകാലാവസ്ഥയെ അറിയാൻ ഉചിതമായിരിക്കുമെന്ന് തോന്നുന്നു.

ആരാണ് റേഡിയോ കണ്ടുപിടിച്ചത് എന്ന ചോദ്യം ചോദിക്കുമ്പോഴേക്കും മാർക്കോണി എന്ന് ഉത്തരം കിട്ടും.

മാർക്കോണി

മാർക്കോണി

നാട്ടിൽ കിട്ടാവുന്ന എല്ലാ ടെക്സ്റ്റ് പുസ്തകങ്ങളിലും പൊതുവിജ്ഞാന പുസ്തകങ്ങളിലും മാർക്കോണി എന്ന് കൃത്യമായി എഴുതി വെച്ചതുകൊണ്ടാണ് ഇത്രവേഗം ആ ഉത്തരം കിട്ടുന്നത്. എന്നാൽ മാർക്കോണി എന്നത് അത്ര ശരിയല്ലാത്ത ഉത്തരമാണ്. ആ നാമം ചോദ്യം ചെയ്യാതെ സ്വീകരിക്കപ്പെട്ടതിൽപ്പോലുമുണ്ട് ചില രാഷ്ട്രീയക്കളികൾ. മാർക്കോണി എന്ന ഇറ്റലിക്കാരനായ ശാസ്ത്രഗവേഷകന് തന്റെ റേഡിയോ സംബന്ധിയായ ഗവേഷണ പ്രവർത്തനങ്ങൾക്ക് സ്വന്തം രാജ്യമായ ഇറ്റലിയിൽ വേണ്ടത്ര പ്രോത്സാഹനം കിട്ടിയില്ല. പക്ഷേ, മാർക്കോണിയുടെ അമ്മ ആനി ജെയിംസൻ എന്ന ഐറിഷുകാരിയായിരുന്നു.

അവർ ധനാഢ്യയും അയർലന്റിലും  ഇംഗ്ലണ്ടിലും വലിയ പിടിപാടുകൾ ഉള്ള വ്യക്തിയുമായിരുന്നു. ഇറ്റലിയിൽ തനിക്ക് വേണ്ടുന്ന സഹായങ്ങൾ കിട്ടുന്നില്ല എന്ന് മനസ്സിലാക്കിയ ഇരുപത്തിയൊന്നുകാരനായ മാർക്കോണി അമ്മയോടൊപ്പം 1896ൽ ഇംഗ്ലണ്ടിലേക്ക് മാറിത്താമസിച്ചു. ഇംഗ്ലണ്ടിൽവെച്ച് മാർക്കോണി റേഡിയോ ഗവേഷണങ്ങൾ പൂർത്തീകരിച്ചു. എന്നു മാത്രമല്ല, റേഡിയോയെ സംബന്ധിച്ച ചില പുതിയ ഉപകരണങ്ങളുടെ പേറ്റന്റ്‌ എടുക്കുകയും ചെയ്തു. അതിനുമപ്പുറം, അദ്ദേഹം ഇംഗ്ലണ്ടിൽ റേഡിയോ ട്രാൻസ്മിറ്റർ നിർമാണ കമ്പനി ആരംഭിക്കുക പോലും ചെയ്തു. ഇംഗ്ലണ്ടിലും ഇംഗ്ലണ്ടിന്റെ കീഴിലുള്ള പ്രജാരാഷ്ട്രങ്ങളിലും മാർക്കോണി കമ്പനിയുടെ ട്രാൻസ്മിറ്ററുകളാണ് റേഡിയോ ആവശ്യമുള്ള കപ്പലുകളിലും റേഡിയോ സ്റ്റേഷനുകളിലും ഉപയോഗിക്കപ്പെട്ടത്.

മാർക്കോണിയുടെ റേഡിയോ

മാർക്കോണിയുടെ റേഡിയോ

അങ്ങനെ സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ഔദ്യോഗിക റേഡിയോ നിർമാതാവായി  മാർക്കോണിയുടെ പേര് പ്രജാരാഷ്ട്രങ്ങളിലെ ടെക്സ്റ്റ് പുസ്തകങ്ങളിൽ സ്ഥാനം പിടിച്ചു. റേഡിയോ ‘കണ്ടുപിടിച്ച'തിന്റെ പേരിൽ അദ്ദേഹത്തിന് 1909ൽ ഫിസിക്സിൽ നൊബേൽ സമ്മാനവും ലഭിച്ചു. എന്നാൽ ലോകത്തിലെ മറ്റ് നിരവധി രാജ്യങ്ങളിലെ പല ശാസ്ത്രജ്ഞന്മാരും റേഡിയോ ഗവേഷണങ്ങളിൽ മാർക്കോണിക്കൊപ്പമോ അതിനു മുമ്പോ വിജയം വരിച്ചിരുന്നു എന്നതാണ് സത്യം.

1896 ലാണ് മാർക്കോണി റേഡിയോ സംബന്ധിയായ പരീക്ഷണങ്ങളിൽ ആദ്യ വിജയം കണ്ടെത്തിയതെങ്കിൽ നികോല റ്റെസ്ല 1893 മാർച്ച് 1 ന് അമേരിക്കയിലെ സെന്റ്‌ ലൂയിയിൽ പൊതുജന മധ്യത്തിൽ വെച്ച് റേഡിയോ പരീക്ഷണം വിജയകരമായി പ്രദർശിപ്പിച്ചിട്ടുണ്ട്. 1895ൽ ഇന്ത്യക്കാരനായ ജഗദീശ് ചന്ദ്ര ബോസ് കൽക്കത്ത പ്രസിഡൻസി കോളേജിൽ  റേഡിയോ പരീക്ഷണങ്ങൾ വിജയകരമായി നടത്തി.

ഇംഗ്ലണ്ടിൽത്തന്നെ സർ ഒലിവർ ജോസഫ് ലോജ് എന്ന ശാസ്ത്രജ്ഞൻ 1894ൽ ഇതേ പരീക്ഷണങ്ങൾ നടത്തിക്കാണിച്ചിട്ടുണ്ട്. ജയിംസ് റൈബാക്ക് ഒലിവർ ലോജിനെക്കുറിച്ചെഴുതിയ ഒരു പ്രബന്ധത്തിന്റെ തലക്കെട്ട് രസകരവും വ്യംഗ്യേന ‘റേഡിയോയുടെ പിതാവായ' മാർക്കോണിക്കു നേരെയുള്ള പരിഹാസവുമാണ്. തലക്കെട്ട് ഇതാണ്: ‘‘Oliver Lodge: Almost the Father of Radio'. ഇതോടൊപ്പം മറ്റൊരു പ്രബന്ധംകൂടി പരിഗണനയിൽ വരുന്നു.

റേഡിയോ വിനിമയത്തിന്റെ യഥാർത്ഥ സ്രഷ്ടാവാര് എന്ന് ചിന്തിച്ച ക്രൊയേഷ്യയിലെ  മൂന്ന് ഗവേഷകരായ ഐഗോർ കുസ്ലെ,

ജഗദീശ്‌ ചന്ദ്രബോസ്‌

ജഗദീശ്‌ ചന്ദ്രബോസ്‌

ഹ്റോവ്യെ പാന്റ്‌സിച്ച്, ഡാര്യൻ ബോസ്ന്യാക്(Igor Kusle, Hrovje Pandzic, Darjan Bosnjak) എന്നിവർ ചേർന്നെഴുതിയ  The True Inventor of Radio Communications  എന്ന പ്രബന്ധം മാർക്കോണി, റ്റെസ്ല എന്നിവരെക്കൂടാതെ  റേഡിയോയുടെ പിതൃത്വത്തിന് അർഹനായി ഒരാളെക്കൂടി കണ്ടെത്തുന്നു, അലക്സാണ്ടർ പോപോവ് എന്ന റഷ്യൻ ശാസ്ത്രജ്ഞനെ. വാസ്തവത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവും റേഡിയോ ഗവേഷണത്തിൽ ഏർപ്പട്ട ശാസ്ത്രജ്ഞന്മാരുടെ ലിസ്റ്റിൽ ഇനിയും പേരുകൾ ഉണ്ട്.

എഡ്വാർഡ്‌ ബ്രാൻലി (ഫ്രാൻസ്), കാൾ ഫെർഡിനന്റ്‌ ബ്രൗൺ (ജർമനി), റോബർറ്റോ ലാന്റൽ ദ് മൗറ (ബ്രസീൽ), റെജിനൽഡ് ഫെസന്റൻ (യുഎസ്എ), ലീ ദ് ഫോറസ്റ്റ് (യുഎസ്എ) തുടങ്ങി ഇനിയും ഒരു ഡസൻ പേരുകൾകൂടി എളുപ്പം പറയാൻ കഴിയും. ഇവർക്കൊക്കെ പിറകിൽ സ്കോട്ടിഷ് ശാസ്ത്രജ്ഞനായ ജെയിംസ് ക്ലാർക് മാക്സ്വെലിന്റ സൈദ്ധാന്തിക പരികൽപ്പനകളും ജർമൻ ശാസ്ത്രജ്ഞനായ ഹെൻറീക് റൂഡോൾഫ് ഹെർട്സിന്റെ ആദ്യകാല പരീക്ഷണങ്ങളുമുണ്ട്.

പക്ഷേ, കൊളോണിയൽ പ്രജാരാഷ്ട്രങ്ങളിലെ പാഠപുസ്തകങ്ങളിൽ ഇംഗ്ലീഷ് ഭരണകൂടത്തിന്റെ ദത്തുപുത്രനും റേഡിയോ വ്യവസായത്തിൽ വിജയിയുമായ മാർക്കോണിയുടെ പേരേ കാണൂ. ജഗദീശ് ചന്ദ്രബോസിന്റെ നാടായ ഇന്ത്യയിൽപ്പോലും അതാണ് അവസ്ഥ.

ഈ ശാസ്ത്രജ്ഞന്മാരിൽ ആരാണ് ആദ്യം റേഡിയോ പരീക്ഷണത്തിൽ വിജയിച്ചത് എന്ന മൂപ്പിളമ പ്രശ്നമല്ല റേഡിയോയുടെ രാഷ്ട്രീയചരിത്രം അന്വേഷിക്കുമ്പോൾ ഉന്നയിക്കേണ്ടത്. ബോസും റ്റെസ്ലയും ടെക്സ്റ്റ് പുസ്തകങ്ങളിൽ അപ്രത്യക്ഷരായതിൽ രാഷ്ട്രീയം ഇല്ലെന്നും പറയുന്നില്ല. എങ്കിലും പ്രസക്തമായ ചോദ്യം ഇതായിരിക്കും:

എന്തിനാണ് ഇത്രയേറെ രാജ്യങ്ങളിലെ ഇത്രയേറെ ശാസ്ത്രജ്ഞന്മാർ ഒരേ കാലത്ത് റേഡിയോ ഗവേഷണങ്ങളിൽ ഏർപ്പെട്ടത്? പാട്ടും വാർത്തയും കേൾക്കാനുള്ള ഉപകരണം കണ്ടുപിടിക്കാനായി ഇത്രയേറെ പണം രാജ്യങ്ങൾ ചെലവിട്ടത് എന്തിനായിരുന്നു? വാസ്തവത്തിൽ ഈ ചോദ്യങ്ങൾ റേഡിയോയുടെ രാഷ്ട്രീയ ചരിത്രത്തിലേക്കുള്ള വാതിൽ തുറക്കുന്ന താക്കോലാണ്.

എന്തിനാണ് ഇത്രയേറെ രാജ്യങ്ങളിലെ ഇത്രയേറെ ശാസ്ത്രജ്ഞന്മാർ ഒരേ കാലത്ത് റേഡിയോ ഗവേഷണങ്ങളിൽ ഏർപ്പെട്ടത്? പാട്ടും വാർത്തയും കേൾക്കാനുള്ള ഉപകരണം കണ്ടുപിടിക്കാനായി ഇത്രയേറെ പണം രാജ്യങ്ങൾ ചെലവിട്ടത് എന്തിനായിരുന്നു? വാസ്തവത്തിൽ ഈ ചോദ്യങ്ങൾ റേഡിയോയുടെ രാഷ്ട്രീയ ചരിത്രത്തിലേക്കുള്ള വാതിൽ തുറക്കുന്ന താക്കോലാണ്.

ഉത്തരം ഇത്രയേ ഉള്ളൂ. കപ്പലുകൾക്ക് തമ്മിലുള്ള സന്ദേശങ്ങൾ അയയ്ക്കാനുള്ള ഉപകരണമുണ്ടാക്കാൻ മാത്രമാണ് ഈ ശാസ്ത്രജ്ഞരെല്ലാം ശ്രമിച്ചത്. ഉത്തരത്തിൽ  വിരോധാഭാസമെന്ന അലങ്കാരം കണ്ടേക്കാം. കാരണം, ലോക ചരിത്രം കണ്ട ഏറ്റവും വേഗതയും വ്യാപനശേഷിയുമുള്ള പൊതുജന മാധ്യമമായ റേഡിയോ കണ്ടുപിടിച്ച ശാസ്ത്രജ്ഞർക്ക് പൊതുജന മാധ്യമം വികസിപ്പിക്കാൻ ഉദ്ദേശ്യമേ ഇല്ലായിരുന്നു എന്നതാണ് സത്യം.

അവരുടെ ലക്ഷ്യം മറ്റൊന്നായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യവുമായി കൊളോണിയൽ യജമാന രാജ്യങ്ങൾ തങ്ങളുടെ കോളനികൾ വികസിപ്പിക്കാനും ഉള്ളവ നിലനിർത്താനുമുള്ള ശ്രമത്തിലായിരുന്നു.

ഏഷ്യ, ലാറ്റിനമേരിക്ക, ആഫ്രിക്ക എന്നീ വൻകരകളിലെ പ്രജാരാഷ്ട്രങ്ങളിലേക്ക് ആളുകളെയും സൈന്യത്തെയും അയയ്ക്കാനും അവിടെ നിന്ന് ചരക്കുകൾ ഇങ്ങോട്ടു കൊണ്ടുവരാനും ഇംഗ്ലണ്ട് അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങൾക്ക് കപ്പലുകളെ മാത്രമേ അശ്രയിക്കാൻ കഴിയൂ. കാരണം, അക്കാലത്ത് വിമാനങ്ങൾ കണ്ടുപിടിക്കാൻ പോകുന്നേ ഉണ്ടായിരുന്നുള്ളൂ. കരമാർഗം യൂറോപ്പിൽനിന്ന് ഏഷ്യയിലേക്കോ ലാറ്റിനമേരിക്കയിലേക്കോ എത്തിച്ചേരൽ അസാധ്യമാണുതാനും.

അപ്പോൾ കപ്പൽ മാത്രമാണ് ഏക വാഹനം. പക്ഷേ, കപ്പലുകൾക്ക് വലിയൊരു പോരായ്മയുണ്ട്. കടൽയാത്ര തുടങ്ങിക്കഴിഞ്ഞാൽ ഓരോ കപ്പലും ഒറ്റപ്പെട്ട, അനാഥമായ അവസ്ഥയിലാണ്. കടൽക്കൊള്ളക്കാർക്കും കൊടുങ്കാറ്റിനും അവ ഇരയായേക്കും.

നിരവധി കപ്പലുകൾ വ്യൂഹമായി (fleet) സഞ്ചരിക്കലും കപ്പലുകൾ തമ്മിൽ ആശയവിനിമയ സൗകര്യം ഏർപ്പെടുത്തലുമാണ് കപ്പലുകളുടെ രക്ഷയ്‌ക്കുള്ള ഏക വഴി. റേഡിയോ തരംഗം ഉപയോഗിച്ച് കപ്പലുകൾക്ക് പരസ്പരവും തുറമുഖവുമായും  ആശയ വിനിമയ സൗകര്യം ഒരുക്കാനായിരുന്നു ശാസ്ത്രജ്ഞരുടെ ശ്രമം. നല്ല പാട്ടുകേൾക്കാനുള്ള റേഡിയോ എന്ന ഉപകരണം അവരുടെ സ്വപ്നങ്ങളിൽപ്പോലും ഉണ്ടായിരുന്നില്ല.

ചുരുക്കത്തിൽ ആദ്യകാല റേഡിയോ കൊളോണിയലിസത്തിന്റെയും ഭരണകൂടത്തിന്റെയും സൈനികോപകരണംതന്നെയായിരുന്നു.

ഗ്രാംഷി

ഗ്രാംഷി

ഗ്രാംഷിയൊക്കെ പറയാറുള്ളപോലെ സമൂഹത്തിലെ ഉപരിവർഗത്തിന് സാംസ്കാരിക മേൽക്കോയ്മ ഉണ്ടാക്കാനുള്ള സ്ഥാപനംപോലുമായിരുന്നില്ല റേഡിയോ പ്രക്ഷേപണം.

ആദ്യകാലത്ത് റേഡിയോവിന്റെ മുഴുവൻ പേര് ‘റേഡിയോ ടെലിഗ്രഫി' എന്നായിരുന്നു. ടെലിഗ്രഫി എന്ന പേരിൽത്തന്നെയുണ്ട് അത് സകലർക്കും കേൾക്കാനുള്ള പൊതുജന മാധ്യമമല്ല, ഒരു കേന്ദ്രത്തിൽനിന്ന് മറ്റൊരു കേന്ദ്രത്തിലേക്കുള്ള (കപ്പലിൽനിന്ന് കപ്പലിലേക്ക്, അല്ലെങ്കിൽ തുറമുഖത്തേക്ക്) സന്ദേശോപകരണമാണെന്ന വസ്തുത. എന്ന് മാത്രമല്ല, ആദ്യകാല റേഡിയോയിൽ പാട്ടോ മനുഷ്യശബ്ദമോ പ്രക്ഷേപണം ചെയ്യാൻ കഴിയുമായിരുന്നില്ല.

മോഴ്സ് കോഡ് മാത്രമായിരുന്നു കൈമാറാൻ കഴിയുക. കപ്പലുകളിലേക്കും കപ്പലുകളിൽനിന്നും സന്ദേശങ്ങൾ കൈമാറാൻ അത് ധാരാളം മതിയായിരുന്നു. പക്ഷേ, റേഡിയോയുടെ വലിയൊരു പരിമിതി ക്രമേണ അത് ഉപയോഗിച്ചിരുന്ന നാവികോദ്യോഗസ്ഥർക്ക് മനസ്സിലായി. പരിമിതി ഇതാണ്. കപ്പലിലെ റേഡിയോവിൽനിന്ന് അയയ്ക്കുന്ന സന്ദേശങ്ങൾ ആ സന്ദേശം കിട്ടാൻ ഉദ്ദേശിക്കുന്ന കപ്പലിൽ മാത്രമല്ല കിട്ടുക. റേഡിയോ റെസീവർ ഉള്ള ആർക്കും അത് കിട്ടും.

ശത്രുരാജ്യത്തിന്റെ റേഡിയോയിലും അതു കിട്ടുമെന്ന നിലയാണ്. അപ്പോൾ സൈനിക സന്ദേശങ്ങൾ അയയ്ക്കാൻ പറ്റിയ ഉപകരണമല്ല റേഡിയോ ടെലിഗ്രഫി. അധികം വൈകാതെ സൈനികമേധാവികൾ സാധാരണ റേഡിയോ തരംഗങ്ങളെ ഉപേക്ഷിച്ചു. സന്ദേശം കൈമാറാനായി അവർ വളരെ ഉയർന്ന ഫ്രീക്വൻസിയുള്ള റേഡിയോ തരംഗങ്ങളിലേക്ക് മാറി. മാത്രമല്ല, സന്ദേശം കിട്ടിയാലും ഡീകോഡ് ചെയ്ത് മാത്രം മനസ്സിലാക്കാൻ പറ്റുന്ന സന്ദേശതന്ത്രങ്ങളും അവർ സ്വായത്തമാക്കി.

സൈനികർ ഉപേക്ഷിച്ച സാധാരണ റേഡിയോ തരംഗങ്ങൾ പൊതുജനങ്ങൾക്കും ഭരണകൂടങ്ങൾക്കും കിട്ടി. ഈ റേഡിയോ തരംഗങ്ങൾ ഉപയോഗിച്ചായിരുന്നു പൊതുജന മാധ്യമമായ റേഡിയോ പ്രക്ഷേപണം നിലവിൽ വന്നത്.

സൈനികർ ഉപേക്ഷിച്ച സാധാരണ റേഡിയോ തരംഗങ്ങൾ പൊതുജനങ്ങൾക്കും ഭരണകൂടങ്ങൾക്കും കിട്ടി. ഈ റേഡിയോ തരംഗങ്ങൾ ഉപയോഗിച്ചായിരുന്നു പൊതുജന മാധ്യമമായ റേഡിയോ പ്രക്ഷേപണം നിലവിൽ വന്നത്. അപ്പോഴേക്കും  മനുഷ്യ ശബ്ദവും സംഗീതവുമൊക്കെ പ്രക്ഷേപണം ചെയ്യാനുള്ള സാങ്കേതിക വിദ്യയും വികസിച്ചുവന്നു.

ലോകത്തിലെ ആദ്യത്തെ റേഡിയോ സ്റ്റേഷൻ 1920ൽ അമേരിക്കയിലെ പിറ്റ്സ്ബർഗിലാണ് ആരംഭിച്ചതെന്ന് കൃത്യമായ തെളിവില്ലെങ്കിലും പൊതുവേ വിശ്വസിക്കപ്പെടുന്നു. ഏതായാലും 1920 ‐1930 കാലത്ത് വലുതും ചെറുതുമായ എല്ലാ രാജ്യങ്ങളിലും റേഡിയോ നിലയങ്ങൾ നിലവിൽ വന്നു. ബിബിസി നിലവിൽ വന്നത് 1922ലാണെങ്കിൽ അതിനും ഒരു കൊല്ലം മുമ്പുതന്നെ (1921) ഇന്ത്യയിൽ ആദ്യത്തെ പരീക്ഷണ പ്രക്ഷേപണം നടന്നിരുന്നു. ബോംബെയിൽ നടന്ന ആ പ്രക്ഷേപണം ഗവർണർ ജനറൽ സർ ലോയ്ഡ് ജോർജ് പൂനയിലെ തന്റെ വസതിയിലിരുന്ന് കേട്ടു.

സൈനിക സന്ദേശ സംവിധാനം എന്ന നിലയിൽനിന്ന് ഭരണകൂടങ്ങൾക്ക് പൊതുസമ്മിതി നൽകാൻ തക്കവിധത്തിൽ ജനങ്ങളുടെ മനസ്സിനെ പാകപ്പെടുത്തിയെടുക്കുന്ന പ്രത്യയശാസ്ത്രോപകരണം എന്ന നിലയിലേക്ക് റേഡിയോ മാറുന്നതും ഈ ഘട്ടം തൊട്ടാണ്. ഇവിടെ അടിവരയിട്ടു പറയേണ്ടുന്ന ഒരു കാര്യം ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രോപകരണം എന്ന അൽത്തുസേറിയൻ സംവിധാനമായും അതിനെതിരെയുള്ള ജനകീയാശയങ്ങളുടെ പ്രകാശനവേദിയായും റേഡിയോ പല മട്ടിൽ പലയിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. അതിനാൽ റേഡിയോയെ രാഷ്ട്രീയ വ്യാഖ്യാനത്തിന്റെ ഏതെങ്കിലും ഒരു കളത്തിൽ മാത്രം ഒതുക്കാൻ കഴിയില്ല.

പല തരം രാഷ്ട്രീയങ്ങളുടെ ഭിന്ന ശബ്ദങ്ങളാണ് റേഡിയോയിൽനിന്ന് കേട്ടത്. ഇന്ത്യയിൽ ആകാശവാണി എന്ന സർക്കാർ നിയന്ത്രിത മാധ്യമം പോലും രാഷ്ട്രീയത്തിന്റെ വിഭിന്ന ശബ്ദങ്ങൾ കേൾപ്പിച്ചിരുന്നു.

ശബ്ദത്തിലൂടെ ജനമനസ്സുകളെ രാഷ്ട്രീയമായി സ്വാധീനിക്കാൻ കഴിയുമെന്നത് പുതിയ അറിവല്ല. പ്രാചീന ഗ്രീസിൽ, പ്ലാറ്റോയ്ക്ക് മുമ്പുള്ള കാലത്തുപോലും രാഷ്ട്രീയത്തിൽ ചേരാൻ താൽപ്പര്യമുള്ള ചെറുപ്പക്കാർക്ക് പ്രസംഗകല (rhetoric)  പഠിപ്പിക്കുന്ന ഗുരുക്കന്മാരും ഫീസ് കൊടുത്ത്‌ ആ കല പഠിക്കുന്ന വിദ്യാർഥികളും ഉണ്ടായിരുന്നു.

പ്രസംഗകല സത്യം തുറന്നു കാണിക്കാനല്ല, ചില താൽപ്പര്യങ്ങളിലേക്കും വിശ്വാസങ്ങളിലേക്കും ജനങ്ങളെ വശീകരിക്കാൻമാത്രം ഉതകുന്ന സദാചാര വിരുദ്ധമായ കലയാണെന്ന കടുത്ത വിമർശനം പ്ലാറ്റോയിൽനിന്നാണ് ആദ്യം വന്നത്. ഒരർഥത്തിൽ മാധ്യമങ്ങൾ നുണ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയുമാണെന്ന, നമ്മളൊക്കെ ഒരിക്കലെങ്കിലും പറയാറുള്ള കാര്യം പ്ലാറ്റോയിലാണ് തുടങ്ങുന്നത്.

ആ വിമർശനത്തിന്റെ തുടർച്ചയായിട്ടാണ് മനുഷ്യമനസ്സിനെ സത്യത്തിൽ എത്തിച്ചേരാൻ സഹായിക്കുന്ന ‘ഡയലക്റ്റിക്സ്' എന്ന  വൈരുധ്യാത്മക സംവാദരീതി പ്ലാറ്റോ വികസിപ്പിച്ചെടുത്തത്. റേഡിയോയുടെ കണ്ടെത്തലും പ്രചാരവും ഒരു വ്യക്തിയുടെ (നേതാവിന്റെ) ശബ്ദത്തെ ലോകം മുഴുവനുമുള്ള ശ്രോതാക്കളിൽ ഒരേ സമയം എത്തിക്കാൻ പര്യാപ്തമായി.

റേഡിയോ ലോകത്തെ ഒരു വലിയ പ്രസംഗ മൈതാനമാക്കി. ജനാധിപത്യമുള്ള രാഷ്ട്രങ്ങളിലും ജനാധിപത്യമില്ലാത്ത രാഷ്ട്രങ്ങളിലും ഒരുപോലെ ജനനേതാക്കന്മാർ രാഷ്ട്രീയാധികാരം നേടാനും നിലനിർത്താനും നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കുവാനും റേഡിയോയെ ഉപയോഗിച്ചു. അമേരിക്കൻ പ്രസിഡന്റ്‌ ഫ്രങ്ക്ളിൻ ഡി റൂസ്‌വെൽറ്റിന്റെ ഫയർസൈഡ് ചാറ്റ്സ് എന്ന റേഡിയോ പ്രഭാഷണ പരമ്പര (1933 ‐ 1944) തൊട്ട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മൻ കി ബാത്ത്' പരമ്പര വരെ എത്രയോ പരമ്പരകൾ ഉണ്ട്.

അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്റെ വിധി നിശ്ചയിക്കുന്നത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ റേഡിയോ/ ടി വി സംവാദങ്ങളാണെന്ന് പറയാറുണ്ട്. ജോസഫ് സ്റ്റാലിൻ

ജോസഫ് സ്റ്റാലിൻ

ജോസഫ് സ്റ്റാലിൻ

മികച്ച റേഡിയോ പ്രഭാഷകനായിരുന്നു. സ്റ്റാലിനും കമ്യൂണിസ്റ്റ് (ബോൾഷെവിക് ) ഭരണകൂടവും എങ്ങനെ റേഡിയോയെ ഉപയോഗിച്ചു എന്നതിനെക്കുറിച്ച് ബ്രാന്റ്‌ലി ട്രിങ്ക്നർ മികച്ചൊരു ഗവേഷണ പ്രബന്ധം തന്നെ എഴുതിയിട്ടുണ്ട്.

Bolshevik Voices: Radio Broadcasting in the Soviet Union, 1917 ‐ 1991 എന്നാണ് അതിന്റെ തലക്കെട്ട്. സ്റ്റാലിന്‌ റേഡിയോയുടെ സാധ്യതകളെക്കറിച്ച് നന്നായി അറിയാമെങ്കിലും സോവിയറ്റ് അധികൃതർ ഉണ്ടാക്കിയ റേഡിയോ സംവിധാനത്തിന് ഭരണകൂടത്തിന്റെ ആഖ്യാനം ജനങ്ങളിൽ എത്തിക്കാൻ വേണ്ടത്ര സാധിച്ചില്ലെന്നാണ് ആ പ്രബന്ധം പറയുന്നത്. ഇംഗ്ലണ്ടിൽ ബിബിസിയിൽ  Ministerial Broadcast (Prime Ministerial Broadacast  എന്നും ഇതിന് പേരുണ്ട്) എന്ന പരമ്പര 1956 മുതലുണ്ട്. വലിയ ദേശീയ പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ പ്രധാനമന്ത്രിമാർ സംസാരിക്കുന്ന പരമ്പരയാണ് ഇത്.

ആന്റണി ഈഡൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ കാലത്താണ് ഇത് തുടങ്ങിയത്. എന്നാൽ ഇതിനും മുമ്പും ഈ പരമ്പരയുടെ ഭാഗമല്ലാതെത്തന്നെ നിരവധി ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ ബിബിസി റേഡിയോയിൽ സംസാരിച്ചിട്ടുണ്ട്. ഏറ്റവുമധികം റേഡിയോയെ ഉപയോഗിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിൽതന്നെയാണ് എന്നതിൽ തർക്കമുണ്ടാവില്ല.

 1940കളിൽ ഫ്രഞ്ച് പ്രസിഡന്റ്‌  ചാൾസ് ഡി ഗോൾ നടത്തിയ റേഡിയോ പ്രഭാഷണങ്ങളാണ് രണ്ടാം ലോകമഹായുദ്ധത്തിൽ ഫാസിസ്റ്റ് ജർമനിക്കെതിരെ ഫ്രാൻസിന്റെ പ്രതിരോധത്തിന് തുടക്കമിട്ടത് എന്ന് പറയാറുണ്ട്. ഹിറ്റ്ലറും റേഡിയോ പ്രഭാഷണങ്ങൾ തന്റെ ആശയപ്രചാരണത്തിനായി പരമാവധി ഉപയോഗിച്ചിട്ടുണ്ട്.

വിൻസ്‌റ്റൺ ചർച്ചിൽ റേഡിയോ പ്രഭാഷണം നടത്തുന്നു

വിൻസ്‌റ്റൺ ചർച്ചിൽ റേഡിയോ പ്രഭാഷണം നടത്തുന്നു

1940കളിൽ ഫ്രഞ്ച് പ്രസിഡന്റ്‌  ചാൾസ് ഡി ഗോൾ നടത്തിയ റേഡിയോ പ്രഭാഷണങ്ങളാണ് രണ്ടാം ലോകമഹായുദ്ധത്തിൽ ഫാസിസ്റ്റ് ജർമനിക്കെതിരെ ഫ്രാൻസിന്റെ പ്രതിരോധത്തിന് തുടക്കമിട്ടത് എന്ന് പറയാറുണ്ട്. ഹിറ്റ്ലറും റേഡിയോ പ്രഭാഷണങ്ങൾ തന്റെ ആശയപ്രചാരണത്തിനായി പരമാവധി ഉപയോഗിച്ചിട്ടുണ്ട്. 1933 ഫെബ്രുവരി ഒന്നാം തീയതി, അതായത്  ജർമനിയുടെ ചാൻസിലറായി അധികാരമേറ്റ് രണ്ട് ദിവസം കഴിഞ്ഞ് ഹിറ്റ്ലർ തന്റെ ആദ്യ റേഡിയോ പ്രഭാഷണം നടത്തി.

ജർമൻ ജനത നാളിതുവരെയുള്ള ഭരണകൂടങ്ങളുടെ പ്രവർത്തനങ്ങളുടെ ഫലമായി എത്ര ദുരിതവും സങ്കടവും അനുഭവിക്കുന്നു എന്ന് പറയുന്ന ആ പ്രഭാഷണം പഴയ ഗ്രീക്ക്‌ വാക്കായ rhetoric ന്റെ തന്ത്രങ്ങൾ മുഴുവൻ പ്രയോഗിക്കന്നു. (https://www.facinghistory.org/resource-library/hitlers-first- radio- address). ഹിറ്റ്ലറുടെ വിജയം അദ്ദേഹത്തിന്റെ

ഹിറ്റ്‌ലർ

ഹിറ്റ്‌ലർ

ആശയങ്ങളുടെ കരുത്തിന്മേലല്ല മറിച്ച് റേഡിയോ എന്ന മാധ്യമത്തിന്റെ(കൂടെ പൊതു പ്രസംഗത്തിനുള്ള മൈക്രോഫോൺ, സ്പീക്കർ എന്നിവയുടെയും) മായിക പ്രഭാവമായാണ് മാർഷൽ മക് ല്യൂഹൻ വ്യാഖ്യാനിക്കുന്നത്. മക് ല്യൂഹൻ എഴുതുന്നു:"That Hitler came into political existence at all is directly owing to radio and public address systems. This is not to say that these media relayed his thoughts effectively to the German people. His thoughts were of very little consequence’.
 

'റേഡിയോയും കൂടെ പൊതുപ്രസംഗങ്ങൾക്കുള്ള (മൈക്രോഫോൺ പോലുള്ള) ഉപകരണങ്ങളുമാണ് ഹിറ്റ്ലറുടെ രാഷ്ട്രീയാസ്തിത്വത്തിന് കാരണമായത്. ഇതിനർഥം ഈ ഉപകരണങ്ങൾ ഹിറ്റ്ലറുടെ ചിന്തകളെ ഫലപ്രദമായി ജനങ്ങളിൽ എത്തിച്ചു എന്നല്ല. അദ്ദേഹത്തിന്റെ ചിന്തകൾ ഇവിടെ ഒരു വിഷയമേ ആയിരുന്നില്ല’  (Marshall McLuhan: Understanding Media. Routlodge, 2005, P 327)

മാർഷൽ മക് ല്യൂഹൻ

മാർഷൽ മക് ല്യൂഹൻ


2005,  P 327)ഉദാഹരണങ്ങൾ ഇനിയും ധാരാളമുണ്ട്. ഇങ്ങനെ ഒരുഭാഗത്ത് ജനങ്ങളിൽ അനുകൂലാശയങ്ങൾ ഉണ്ടാക്കാനായി ഭരണാധികാരികൾ റേഡിയോ പ്രക്ഷേപണത്തെ ഉപയോഗിക്കുമ്പോൾ മറ്റൊരുഭാഗത്ത് റേഡിയോ പ്രക്ഷേപണങ്ങൾ ദേശരാഷ്ട്രങ്ങളുടെ  (nation states) നിർമിതിയിൽ മുഖ്യ ഇടങ്ങളായി മാറുന്നതും കാണാം.

നമ്മുടെ രാജ്യം, നമ്മുടെ ജനത എന്തെന്നും ഏതെന്നും നിർവചിക്കാനും ആ രാഷ്ട്രത്തിന്റെ പ്രതീകങ്ങളായ ശബ്ദ ചിഹ്നങ്ങളെ പ്രചരിപ്പിക്കാനും സർക്കാർ നിയന്ത്രണത്തിലുള്ള റേഡിയോ ശൃംഖലകൾ ശ്രമിച്ചു. ഇന്ത്യയുടെ ദേശീയഗാനം തെരഞ്ഞെടുക്കാനും അതിന്റെ ഒദ്യോഗിക ഈണം എന്തായിരിക്കണം എന്ന് തീരുമാനിക്കാനും ആകാശവാണിയിലെ മുതിർന്ന ഉദ്യോഗസ്ഥരും ഇന്ത്യയുടെ ആദ്യത്തെ വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രികൂടിയായ സർദാർ വല്ലഭായ് പട്ടേലും തമ്മിൽ നിരന്തരം കത്തിടപാടുകളും കൂടിക്കാഴ്ചകളും നടന്നിരുന്നു.

വാസ്തവത്തിൽ സ്വാതന്ത്ര്യ പ്രാപ്തിക്ക് തൊട്ട് മുമ്പ് ആരംഭിച്ചിരുന്നു ഈ ആശയവിനിമയങ്ങൾ. എച്ച്ആർ ലൂത്ര രചിച്ച ഇൻഡ്യൻ ബ്രോഡ്കാസ്റ്റിങ് എന്ന പുസ്തകത്തിലെ The Anthem and AlR  എന്ന ഒരധ്യായം തന്നെ ഈ വിഷയത്തെക്കുറിച്ചാണ്. (Luthra H R, Indian Broadcasting., Publication Division, Ministry of I and B.,  1986 P  1841‐90). വന്ദേമാതരത്തിന് ആദ്യം ഒരു ഈണം ഉണ്ടാക്കിയതും പാശ്ചാത്യ ഹാർമോണിക് സംഗീതത്തിന്റെ ബൃഹദ്‌ രൂപത്തിലേക്ക് വികസിപ്പിക്കാൻ ആകാശവാണി ബിബിസിയുടെ സഹായം തേടിയതും ബിബിസി അത് ഹാർമോണിക് രീതിയിൽ ചിട്ടപ്പെടുത്തിയ ശേഷം ഇന്ത്യൻ മിലിറ്ററി ബാന്റിനെക്കൊണ്ട്   അവതരിപ്പിച്ചതും മുതിർന്ന കേന്ദ്ര മന്ത്രിമാർ ഇതിനൊക്കെ നേതൃത്വം വഹിച്ചതുമൊക്കെ ഈ അധ്യായത്തിൽ സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്.

രാഷ്ട്രനിർമിതിയുടെ കാതലായി, ചില ദേശത്തെ സംബന്ധിച്ച കഥകളും അതുണ്ടാക്കുന്ന വികാരങ്ങളും രാഷ്ട്ര ചിഹ്നങ്ങളുമൊക്കെ ഉണ്ടാവും. ഇതോടൊപ്പംതന്നെ തങ്ങളുടേതല്ലാത്ത അപര രാഷ്ട്ര സ്വത്വങ്ങളെയും ഓരോ ദേശരാഷ്ട്രവും കണ്ടെത്തും.  ഞാൻ/നീ എന്ന മട്ടിൽ കൃത്യമായി ബൈനറികൾ ഉണ്ടാക്കിക്കൊണ്ടേ രാഷ്ട്രനിർമാണം സാധിക്കൂ എന്നല്ല പറയുന്നത്. നിരവധി അന്യരാഷ്ട്രങ്ങളെ കണ്ടെത്തലും അവയെ അടിസ്ഥാനപ്പെടുത്തി എന്നാൽ അവരുടേതിൽ നിന്ന് ഭിന്നമായി തങ്ങളെ സ്വയം നിർവചിക്കലും രാഷ്ട്രനിർമാണത്തിന്റെ ഭാഗമാണ്.

റേഡിയോ പ്രക്ഷേപണം രാഷ്ട്രനിർമാണത്തിന്റെ മുഖ്യമായ ഇടങ്ങളിൽ (Site) ഒന്നാണ്. രാഷ്ട്രത്തിന്റെ സ്വന്തം ശബ്ദം അറിയിക്കൽ മാത്രമല്ല അന്യ രാഷ്ട്രങ്ങളെ കണ്ടെത്തി അവരോട് സംവദിക്കലും തങ്ങളുടെ സ്വത്വം അറിയിക്കലും ഓരോ വലിയ റേഡിയോ ശൃംഖലയും ഏറ്റെടുക്കാറുള്ള ദൗത്യമാണ്.

അതുകൊണ്ടാണ് വലിയ റേഡിയോ ശൃംഖലകൾക്കെല്ലാം അന്യദേശങ്ങളിലേക്ക് പ്രത്യേക പ്രക്ഷേപണ ചാനലുകൾ തന്നെയുള്ളത്. ലോകത്തോടുള്ള ബിബിസിയുടെ പ്രക്ഷേപണം BBC Empire Service  എന്ന പേരിൽ 1932 ഡിസംബർ 19നാണ് തുടങ്ങിയത്. പിന്നീട് ഇതിന്റെ പേര് BBC Overseas Service  എന്ന് മാറ്റി. അതിനു ശേഷം ‘തങ്ങളുടെ കൂട്ടത്തിൽപ്പെടുന്ന' യൂറോപ്യൻ രാജ്യങ്ങൾക്കു വേണ്ടിയുള്ള BBC European Service  ഉം അവർ ആരംഭിച്ചു. ഇത്തരം പ്രക്ഷേപണങ്ങളെ ഒരുമിച്ച് അവർ BBC External service  എന്നും വിളിച്ചു.

ബിബിസി റേഡിയോയിലെ ഇന്ത്യൻ ആർടിസ്‌റ്റുകൾ

ബിബിസി റേഡിയോയിലെ ഇന്ത്യൻ ആർടിസ്‌റ്റുകൾ

ബിബിസിയുടെ ചുവടുപിടിച്ച് ആകാശവാണിക്കുമുണ്ടായി എക്സ്റ്റേണൽ സർവീസ് ഡിവിഷൻ. 1939ൽ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോൾ ജർമനിയുടെ റേഡിയോ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ ആരംഭിച്ച പുഷ്തു ഭാഷയിലെ പ്രക്ഷേപണം പിന്നീട് ആകാശവാണിയുടെ എക്സ്റ്റേണൽ സർവീസ് ഡിവിഷനായി വികസിച്ചു. ആകാശവാണിയെ നിയന്ത്രിക്കുന്ന പ്രസാർഭാരതിയുടെ വെബ്സൈറ്റ് അനുസരിച്ച് ഇന്ന് ആകാശവാണിക്ക് 15 വിദേശ ഭാഷകളിലും മലയാളമടക്കം 12 ഇന്ത്യൻ ഭാഷകളിലുമായി 100 വിദേശരാഷ്ട്രങ്ങളെ ഉദ്ദേശിച്ചുള്ള പ്രക്ഷേപണങ്ങൾ ഉണ്ട്.

(https://prasarbharati.gov.in/all-india-radio-2/#).സാധാരണ കാലങ്ങളിൽ ഓരോ രാജ്യവും തങ്ങളുടെ രാജ്യത്തിന്റെ സംസ്കാരവും സർക്കാരിന്റെ നയങ്ങളും വിദേശരാജ്യങ്ങളെ അറിയിക്കാനും ആ നയങ്ങളെ ന്യായീകരിക്കാനുമാണ് വിദേശപ്രക്ഷേപണങ്ങൾ ഉപയോഗിക്കാറുള്ളത്.

എന്നാൽ യുദ്ധകാലത്ത് ഓരോ റേഡിയോ ശൃംഖലയുടെ മുഖത്ത് ഭീഷണമായ കോമ്പല്ലുകൾ തെളിയും. ശീതയുദ്ധത്തിന്റെ കാലത്ത് നടന്ന സോവിയറ്റ് പാശ്ചാത്യ റേഡിയോ യുദ്ധങ്ങൾ ഏവർക്കും അറിയാവുന്ന കാര്യമാണ്. രണ്ടാം ലോകമഹായുദ്ധകാലത്ത് ശത്രുരാജ്യങ്ങളിലെ ജനതകളിൽ അന്തഃഛിദ്രമുണ്ടാക്കാൻപോലും ചെറിയതോതിൽ റേഡിയോ പ്രക്ഷേപണത്തെ ബിബിസി ഉപയോഗിച്ചിട്ടുണ്ടെന്ന് ചില മാധ്യമഗവേഷകർ ഏറെ അന്വേഷണങ്ങളിലൂടെ കണ്ടെത്തിയത് അവിശ്വസനീയമായി തോന്നാമെങ്കിലും സത്യമാണ്.

സോവിയറ്റ്‌ യൂണിയനിലെ ആദ്യകാല റേഡിയോ പ്രക്ഷേപണം

സോവിയറ്റ്‌ യൂണിയനിലെ ആദ്യകാല റേഡിയോ പ്രക്ഷേപണം

ഇറ്റാലിയൻ ഗവേഷകരായ സ്റ്റെഫാനോ, ഗാഗ്ലിയാർഡൂച്ചിയും മറ്റ് മൂന്ന് പേരും ചേർന്ന് പ്രസിദ്ധപ്പെടുത്തിയ ‘War of the Waves: Radio and Resistance during World War - 2' എന്ന ഗവേഷണ പ്രബന്ധത്തിന്റെ  ഉപസംഹാരത്തിൽ ഇങ്ങനെ പറയുന്നു: "The evidence also suggests that the BBC played an important role in coordinating resistance activities against the foreign  occupation, but probably had a minor role in mobilizing the civilian population against the  fascist regime."


('തെളിവുകൾ സൂചിപ്പിക്കുന്നത് ബിബിസി വിദേശശക്തികളുടെ അധിനിവേശത്തിനെതിരെ പ്രതിരോധം സംഘടിപ്പിക്കാൻ മുഖ്യപങ്കാണ് വഹിച്ചതെന്നാണ്. ഫാസിസ്റ്റ് ഭരണകൂടങ്ങൾക്കെതിരെ ജനങ്ങളെ തെരുവിലിറക്കുന്ന കാര്യത്തിൽ ചെറിയൊരു പങ്കും ഉണ്ടാവാം’. )
ഇതെല്ലാം എന്താണ് സൂചിപ്പിക്കുന്നത്? രാഷ്ട്ര നേതാക്കന്മാർ വ്യാപകമായി റേഡിയോ ഉപയോഗിച്ച് ജനമനസ്സുകളിൽ ആധിപത്യം സൃഷ്ടിക്കുന്നു.

ദേശരാഷ്ട്രനിർമാണത്തിെന്റ ഇടമായി റേഡിയോ പ്രക്ഷേപണം പ്രവർത്തിക്കുന്നു. രാഷ്ട്രത്തിന്റെ ശബ്ദപ്രതീകങ്ങൾ റേഡിയോ നിർമിച്ച്‌ പൊതുജനങ്ങളിൽ പ്രചരിപ്പിക്കുന്നു. സ്വത്വനിർമാണത്തിൽ അപരത്വങ്ങളെ കണ്ടെത്തൽ

അൽത്തൂസർ

അൽത്തൂസർ

പ്രധാനമാണെന്നതിനാൽ വിദേശ രാജ്യങ്ങളെ തങ്ങൾ എന്താണ്/എന്തല്ല എന്ന് ധരിപ്പിക്കുകയും ചെയ്യണം. അതിനാൽ ദേശരാഷ്ട്രങ്ങളുടെ പ്രക്ഷേപണശൃംഖലകൾ എക്സ്റ്റേണൽ സർവീസുകൾ പ്രത്യേകമായി നടത്തിപ്പോരുന്നു. ഭരണകൂടത്തിന്റെ പ്രത്യയശാസ്ത്രോപകരണം എന്ന ലൂയി അൽത്തൂസറിന്റെ നിർവചനത്തെ കൃത്യമായി ശരിവെയ്‌ക്കുന്നില്ലേ ഇപ്പറഞ്ഞതെല്ലാം?

ഇവയ്ക്കെല്ലാം അടിത്തറയായി യൂറോപ്യൻ ആധുനികതയുടെയും ജ്ഞാനോദയകാലത്തിന്റെയും  (Age of Enlightenment) യുക്തികളുണ്ടായിരുന്നു. മനുഷ്യർക്ക് മൊത്തമായി ഒരേ ആധുനികശാസ്ത്രം, ഒരേ യുക്തിയുടെ സാമാന്യഭാഷ, ഒരേ മാനവ സങ്കൽപ്പം എന്നിങ്ങനെ പോകുന്നു ആ യുക്തി.

നിഗൂഢതകളില്ലാത്ത തുറന്ന സമീപനം, ചോദ്യം ചെയ്യാനുള്ള അവസരം, തെളിവുകളുടെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങൾ...ഇങ്ങനെ നോക്കിയാൽ യൂറോപ്യൻ ജ്ഞാനോദയവും ആധുനികതയും എങ്ങനെ എല്ലാവർക്കുമായി ആധുനികചികിത്സയും പൊതു പഠനസിലബസും പൊതു നിയമ വ്യവസ്ഥയും ഉണ്ടാക്കിയോ അതുപോലെത്തന്നെയാണ് പൊതു പ്രക്ഷേപണസംവിധാനം നടപ്പിലാക്കിയതും. മനുഷ്യരെ മൊത്തമായും തുല്യരായും കണക്കിലെടുക്കുന്ന അതിന്റെ രീതി വരേണ്യരുടെയും രാജാക്കന്മാരുടെയും പ്രത്യേക അവകാശങ്ങളെ കണക്കിലെടുക്കുന്നില്ല.

ബിബിസിയെക്കുറിച്ചും പൊതുസേവന പ്രക്ഷേപണ സംവിധാനത്തെക്കുറിച്ചും ചിന്തിച്ച അതിന്റെ പ്രശസ്തനും യാഥാസ്ഥിതികനുമായ ആദ്യ ഡിറക്റ്റർ ജനറൽ ജോൺ റീത്തിന്റെ സങ്കൽപ്പത്തിൽ ജ്ഞാനോദയദശയുടെയും ദേശരാഷ്ട്രസങ്കൽപ്പത്തിന്റെയും ഉന്നതമായ മൂല്യങ്ങൾ ഉൾച്ചേർന്നിരുന്നു. റ്റോം ബേൺസ് റീത്തിെന്റ വീക്ഷണം ഇങ്ങനെ സംഗ്രഹിക്കുന്നു:

‘"Reith Saw his public service broadcasting system acting as "a dependable keeper of the nation's conscience’, standing as an '' arbiter above the clamour of all political and social factions " and regarded ''the paragon of impartiality, honesty and respectability."
‘എല്ലാ രാഷ്ട്രീയ, സാമൂഹിക ബഹളങ്ങളുടെയും അപ്പുറം ദേശരാഷ്ട്രത്തിന്റെ വിശ്വാസ്യതയുള്ള മനഃസാക്ഷി സൂക്ഷിപ്പുകാരനായി നിൽക്കുന്ന പൊതു സേവന പ്രക്ഷേപകനെയാണ് റീത്ത് കണ്ടത്. നിഷ്പക്ഷതയുടെയും സത്യസന്ധയുടെയും മാന്യതയുടെയും മകുടോദാഹരണം.’.’(Tom Burns: The BBC: Public institution and Private World. Macmillan, 1977 P. 155)

പക്ഷേ, ഏറെ വൈകാതെ നമ്മൾ ആ പൊതുസങ്കൽപ്പങ്ങളുടെ പരിമിതികൾ മനസ്സിലാക്കി. ജ്ഞാനോദയവും ആധുനികതയും മുന്നോട്ട് വെച്ച മനുഷ്യസങ്കൽപ്പം യൂറോപ്യൻ നാഗരിക പുരുഷന്റേതായിരുന്നു. വിഭിന്ന സംസ്കാരങ്ങളും നരവർഗങ്ങളും സ്ത്രീ ജീവിതവും കോളനി വാഴ്ചയിലെ പ്രജകളും ഒന്നും അതിന്റെ കാഴ്ചയിൽ വന്നില്ല. ലാ കോർബൂസിയറുടെ ആധുനിക വാസ്തുവിദ്യ എല്ലാ നഗരങ്ങളിലും  എല്ലാ മനുഷ്യർക്കും ഒരേ മട്ടിൽ കെട്ടിടങ്ങൾ ഉണ്ടാക്കിയപ്പോൾ തകർന്നുപോയത് ഭിന്ന ജനതകളുടെ വാസ്തുവിദ്യകളായിരുന്നു എന്ന് ഉത്തരാധുനികർ പറയാറുള്ളതുപോലെ സർക്കാർ നിയന്ത്രണത്തിലുള്ള പൊതുസേവന പ്രക്ഷേപണവും ഭിന്നമായ മനുഷ്യസ്വരങ്ങളെ തകർക്കുമായിരുന്നു.

പക്ഷേ, വാസ്തവത്തിൽ ഇന്ത്യയിൽ പൊതുപ്രക്ഷേപണം ദുരന്തം ഉണ്ടാക്കിയില്ല.  ഈ ലേഖനത്തിന്റെ തുടക്കത്തിലെ ഖണ്ഡികയിൽ വിശദീകരിക്കാതെ പോയ കാര്യം  കൊളോണിയലിസത്തിന്റെയും ജ്ഞാനോദയദശയുടെയും വിമർശനം  ഇവിടെയാണ് പ്രസക്തമാകുന്നത്. ആകാശവാണി എങ്ങനെയാണ് കൊളോണിയലിസത്തിന്റെയും ജ്ഞാനോദയത്തിന്റെയും  സൃഷ്ടിയാണെങ്കിലും അതിന്റെ ഉള്ളിൽ നിന്നുകൊണ്ട് വിമർശനവും നടത്തുന്നു എന്ന് നോക്കാം.

ആകാശവാണി ബ്രിട്ടീഷ് കൊളോണിയലിസത്തിൽനിന്ന് സ്വാതന്ത്ര്യാനന്തര ഭരണകൂടത്തിന് കൈമാറിയ മാധ്യമം തന്നെയാണ്. എന്നിട്ടും അതിന്റെ തുടക്കം തൊട്ടേ, അതായത് ബ്രിട്ടീഷ് കാലം തൊട്ടേ ആകാശവാണി വാർത്താമാധ്യമമെന്നതിനേക്കാൾ സാംസ്കാരിക മാധ്യമമായിട്ടായിരുന്നു പ്രവർത്തിച്ചത്.

ആകാശവാണി ബ്രിട്ടീഷ് കൊളോണിയലിസത്തിൽനിന്ന് സ്വാതന്ത്ര്യാനന്തര ഭരണകൂടത്തിന് കൈമാറിയ മാധ്യമം തന്നെയാണ്. എന്നിട്ടും അതിന്റെ തുടക്കം തൊട്ടേ, അതായത് ബ്രിട്ടീഷ് കാലം തൊട്ടേ ആകാശവാണി വാർത്താമാധ്യമമെന്നതിനേക്കാൾ സാംസ്കാരിക മാധ്യമമായിട്ടായിരുന്നു പ്രവർത്തിച്ചത്.

പ്രക്ഷേപണത്തിൽ വാർത്തകളേക്കാൾ വളരെ കൂടുതൽ സമയം നൽകിയത് പാട്ടിനും സാഹിത്യത്തിനും കൃഷികാര്യങ്ങൾക്കുമൊക്കെയായിരുന്നു. സ്വാഭാവികമായും യൂറോപ്യൻ യുക്തിയും ഭരണകൂടത്തിന്റെ അഭിലാഷങ്ങളും ഏശാത്ത ഭാരതീയ ജീവിതത്തെ അതിന്റെ പ്രക്ഷേപണത്തിന് കുറേയൊക്കെ പ്രതിഫലിപ്പിക്കാനും പുനഃസൃഷ്ടിക്കാനുമായി.

തീർച്ചയായും ആകാശവാണിയിൽ പാശ്ചാത്യസംഗീതത്തിനും സ്ഥാനമുണ്ടായിരുന്നു. എന്ന് മാത്രമല്ല, 1930കളിൽ ബോംബെ നിലയത്തിലെ പരിപാടികളിൽ നിത്യേന രാവിലെ അങ്ങാടി വിലനിലവാരം പ്രക്ഷേപണം ചെയ്യുമ്പോൾ ലിവർപൂളിലെയും ന്യൂയോർക്കിലെയും പരുത്തിയുടെ വില പ്രക്ഷേപണം ചെയ്തിരുന്നു. കൽക്കത്ത ആകാശവാണിയിൽ നിത്യേന രാവിലെയും വൈകിട്ടും യൂറോപ്യൻ   പരിപാടികളും പ്രക്ഷേപണം ചെയ്തിരുന്നു. പ്രക്ഷേപണം അവസാനിച്ചിരുന്നത് ‘God Save the King' എന്ന ബ്രിട്ടീഷ് ദേശീയഗാനത്തോടെയുമായിരുന്നു.

 (Luthra H R., 1986 P 62-63). പക്ഷേ, ഇത്തരം പരിപാടികളൊക്കെ ഉണ്ടായിരുന്നെങ്കിലും ഇന്ത്യൻ റേഡിയോ പ്രക്ഷേപണം ഭൂരിഭാഗം സമയവും ഇന്ത്യൻ ഭാഷകൾക്കും സംസ്കാരങ്ങൾക്കുമാണ് നൽകിയത്. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം

സർദാർ വല്ലഭായ്‌  പട്ടേൽ

സർദാർ വല്ലഭായ്‌ പട്ടേൽ

ഭാരതത്തിന്റെ ബഹുസ്വരതയെ അവതരിപ്പിക്കാൻ ആകാശവാണി ആത്മാർഥമായ ശ്രമങ്ങൾ നടത്തി. ബ്രിട്ടീഷ് കാലത്ത് ആകാശവാണിയ്ക്ക് സ്വന്തമായി ഒമ്പതു നിലയങ്ങളേ ഉണ്ടായിരുന്നുള്ളൂ. 1947ൽ രാജ്യം ഇന്ത്യയും പാകിസ്ഥാനുമായി വേർപിരിഞ്ഞപ്പോൾ ഇന്ത്യയുടെ റേഡിയോ നിലയങ്ങളും ഭാഗം വെയ്‌ക്കപ്പെട്ടു.

ബോംബെ, കൽക്കത്ത, ഡൽഹി, മദ്രാസ്, ലഖ്നൗ, തൃശ്നാപ്പള്ളി നിലയങ്ങൾ ഇന്ത്യയ്ക്ക്. ലാഹോർ, ഡാക്ക, പെഷവാർ എന്നിവ പാകിസ്ഥാന്. ചുരുക്കത്തിൽ ഇന്ത്യ സ്വതന്ത്രമാവുമ്പോൾ ആകെ ആറ് റേഡിയോ നിലയങ്ങൾ മാത്രമേ ഇന്ത്യയ്ക്ക് ഉണ്ടായിരുന്നുള്ളൂ. ഇതിന് പുറമെ ബറോഡ, തിരുവിതാംകൂർ, ഹൈദരബാദ്, മൈസൂർ എന്നീ നാട്ടുരാജ്യങ്ങളുടെ സ്വന്തം റേഡിയോ നിലയങ്ങളും. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രിയായത് നെഹ്റു മന്ത്രിസഭയിലെ കരുത്തനായ സർദാർ പട്ടേലായിരുന്നു. അക്കാലത്ത് ഈ നിലയങ്ങളെല്ലാം കൂടിയാലും ഇന്ത്യയുടെ സ്ഥലവിസ്തൃതിയുടെ 12% പ്രദേശങ്ങളിലേ റേഡിയോ പ്രക്ഷേപണം എത്തുമായിരുന്നുള്ളൂ.

പട്ടേൽ ഒന്നാമത്തെ പഞ്ചവത്സര പദ്ധതി തൊട്ട് ഇന്ത്യയുടെ ആകാശവാണി ശൃംഖല വൻതോതിൽ വികസിപ്പിക്കാൻ തുടങ്ങി. നാട്ടുരാജ്യങ്ങളുടെ റേഡിയോ നിലയങ്ങൾ ഏറ്റെടുത്തതോടൊപ്പം നിരവധി പുതിയ നിലയങ്ങൾ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ആരംഭിച്ചു. കേരളത്തിലെ കോഴിക്കോട് നിലയം(1951) ഇതിൽ ഉൾപ്പെടുന്നു. ഈ പുതിയ നിലയങ്ങൾ പ്രാദേശിക ഭാഷകളും സംസ്കാരങ്ങളുമാണ് കൈകാര്യം ചെയ്തത്.

പട്ടേൽ ഒന്നാമത്തെ പഞ്ചവത്സര പദ്ധതി തൊട്ട് ഇന്ത്യയുടെ ആകാശവാണി ശൃംഖല വൻതോതിൽ വികസിപ്പിക്കാൻ തുടങ്ങി. നാട്ടുരാജ്യങ്ങളുടെ റേഡിയോ നിലയങ്ങൾ ഏറ്റെടുത്തതോടൊപ്പം നിരവധി പുതിയ നിലയങ്ങൾ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ ആരംഭിച്ചു. കേരളത്തിലെ കോഴിക്കോട് നിലയം(1951) ഇതിൽ ഉൾപ്പെടുന്നു. ഈ പുതിയ നിലയങ്ങൾ പ്രാദേശിക ഭാഷകളും സംസ്കാരങ്ങളുമാണ് കൈകാര്യം ചെയ്തത്. പ്രാദേശിക ഭാഷകൾക്കു പുറമെ നിരവധി ഉപഭാഷകളും (dialects)  ആകാശവാണി പ്രക്ഷേപണം ചെയ്യുന്നുണ്ട്. ആകെ 23 ഭാഷകളും 146 ഉപഭാഷകളും ആകാശവാണി പ്രക്ഷേപണം ചെയ്യുന്നുണ്ടെന്നാണ് കണക്ക്.

( https://prasarbharati.gov.in/all-india-radio-2/# ).  നാട്ടുവൈദ്യവും നാട്ടറിവും ദളിത്/ഗോത്ര/ആദിവാസി സംഗീതവും പതിവായി പ്രക്ഷേപണം ചെയ്യുന്ന ആകാശവാണിയെ കോർബൂസിയറുടെ വാസ്തുശിൽപ്പത്തോടും നാട്ടുവൈദ്യത്തെ നശിപ്പിച്ച മോഡേൺ മെഡിസിനോടും സത്യസന്ധതയോടെ താരതമ്യപ്പെടുത്തുമ്പോഴേ ആധുനികതയുടെ വിമർശനം എത്ര ഗൗരവത്തോടെ ആകാശവാണിക്കുള്ളിൽ സംഭവിച്ചു എന്നത് മനസ്സിലാവൂ. ആകാശവാണിപോലൊരു സ്ഥാപനമില്ലാത്ത ഏഷ്യൻ കൊളോണിയൽ രാജ്യങ്ങളിൽ തനത് സംഗീതത്തിന് എന്ത് സംഭവിച്ചു എന്നു പഠിക്കുന്നതും നന്നായിരിക്കും.

ഭരണകൂടത്തിന്റെ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ജവഹർലാൽ നെഹ്റുവിന്റെ സർക്കാർ ആകാശവാണിയെ ഉപയോഗിച്ചിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടി ആകാശവാണിയെ ഭരണകൂടം നടത്തുന്ന അധികാരപ്രയോഗത്തിന്റെ പ്രച്ഛന്നരൂപമായി കാണുന്നത് ഏറ്റവും തെറ്റായ വായനയായിരിക്കും.

വാസ്തവത്തിൽ ഇത്തരം സൈദ്ധാന്തികവായനകൾ കാണാതെ പോവുന്നത് ഇന്ത്യയെ ക്ഷാമത്തിൽനിന്നും പട്ടിണിയിൽനിന്നും മോചിപ്പിക്കാനായി ഹരിതവിപ്ലവം ആരംഭിക്കുകയും ഈ വിപ്ലവത്തിന്റെ വിജയത്തിനായി നിരക്ഷരരായ കർഷകജനതയെ സജ്ജമാക്കാൻ റേഡിയോയെ ഏകമാധ്യമമായി നെഹ്റു ഗവണ്മന്റ്‌ ഉപയോഗിച്ചതുമൊക്കെയാണ്.

വസൂരിക്കെതിരെയുള്ള വാക്സിനേഷന് പ്രചാരണം നൽകിയതും പോഷകാഹാരത്തെക്കുറിച്ചും ഗർഭനിരോധനമാർഗങ്ങളെക്കുറിച്ചും ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളെക്കുറിച്ചും തൊഴിൽ നിയമങ്ങളെക്കുറിച്ചുമൊക്കെ അറിവു നൽകിയതുമൊക്കെ ഭരണകൂടപ്രചാരണമായി കരുതാമോ? നിർഭാഗ്യകരമെന്ന് പറയട്ടെ, സർക്കാർ അധീനത്തിലുള്ള ആകാശവാണിയും ദൂരദർശനും സർക്കാർ അധീനതയിൽനിന്ന് മോചിപ്പിച്ച് പ്രസാർഭാരതി എന്ന സ്വതന്ത്രകോർപറേഷനെ ഏൽപ്പിക്കണമെന്ന വാദത്തെ ‘രാഷ്ട്രീയ  ശരി'യായി വളർത്തിയെടുത്ത ഇടതുപക്ഷവും മാധ്യമബുദ്ധിജീവികളും ഇക്കാര്യം ആലോചിച്ചില്ല എന്ന് പറയാതെ വയ്യ. ഇന്ത്യൻ ജീവിതത്തിൽ ആകാശവാണി സത്യത്തിൽ എന്തു ചെയ്തു എന്നാലോചിക്കാതെ  ഭരണകൂട നിയന്ത്രണത്തിലുള്ള മാധ്യമങ്ങൾ ഇന്നതേ ചെയ്യൂ എന്ന പുസ്തക പാണ്ഡിത്യമായിരുന്നു അവരെ നയിച്ചത്.

ജവഹർലാൽ നെഹ്‌റുവിന്റെ റേഡിയോ പ്രഭാഷണം

ജവഹർലാൽ നെഹ്‌റുവിന്റെ റേഡിയോ പ്രഭാഷണം

‘പ്രസാർഭാരതി' എന്ന സ്വതന്ത്ര കോർപറേഷന്റെ കീഴിൽ  ആകാശവാണിയുടെ വളർച്ച മുരടിച്ച് നിന്നപ്പോഴും മുരടിപ്പിന്റെ കാരണങ്ങൾ നേരിട്ട് വസ്തുനിഷ്ഠമായി മനസ്സിലാക്കുന്നതിന് പകരം യൂറോപ്പിലും ആഗോളവ്യാപകമായും പൊതുസേവനപ്രക്ഷേപകർ  (Public service broadcasters)  നേരിട്ട പ്രശ്നങ്ങളാണ് ഇവിടെയും ‘ബൗദ്ധിക'ലോകം കണ്ടെത്തുന്നത്. മാധ്യമങ്ങളുടെ മുകളിൽ കോർപറേറ്റ് മുതലാളിത്തത്തിന്റെ നീരാളിപ്പിടുത്തം, പൊതുസേവന പ്രക്ഷേപണത്തിന് സർക്കാർ ഫണ്ടിങ് ഇല്ലാതാവുന്ന അവസ്ഥ, സ്വതന്ത്ര കോർപറേഷൻ ആയ ശേഷവും ഭരണകൂടം പിൻവാതിലിലൂടെ നിയന്ത്രണങ്ങൾ തുടരുന്നത്, പുതിയ തലമുറ പൊതുമാധ്യമങ്ങളെ മൊത്തമായി ഉപേക്ഷിച്ച് സോഷ്യൽ മീഡിയയിലേക്ക് പോയത്....ഇങ്ങനെ പോകുന്നു പുസ്തകങ്ങൾ വായിച്ച് ഇവർ കണ്ടെത്തിയ കാരണങ്ങൾ.

ആകാശവാണിയുടെയും ദൂരദർശന്റെയും പരിപാടികൾ തയ്യാറാക്കുന്ന  പ്രോഗ്രാം വിഭാഗത്തിലേക്ക് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി പുതിയ നിയമനങ്ങൾ നടക്കാത്തതിനാൽ 90%ലേറെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതാണ് മുരടിപ്പിന്റെ മുഖ്യകാരണം എന്ന് മനസ്സിലാക്കാൻ സാമാന്യമായ വസ്തുതാപഠനം മതിയായിരുന്നു.

മാധ്യമബുദ്ധിജീവികളോ രാഷ്‌ട്രീയ നേതാക്കന്മാരോ അതിന് മുതിരാതെ യൂറോപ്പിൽ സംഭവിച്ച പൊതുപ്രക്ഷേപണത്തിന്റെ  മുരടിപ്പാണ് ഇവിടെയും നടക്കുന്നത് എന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു. ആഗോളവ്യാപകമായി പ്രക്ഷേപണ ശൃംഖലകളിൽ 90% പ്രോഗ്രാം ജീവനക്കാരാണെന്നും എന്നാൽ ഇന്ത്യയിൽ ഇവർ വെറും 10%ൽ താഴെയാണെന്നും അവർക്കറിയില്ല. കേരളത്തിലും ഇന്ത്യയൊട്ടാകെയും ഓരോ ആകാശവാണി/ദൂരദർശൻ നിലയങ്ങൾ പൂട്ടിത്തുടങ്ങുമ്പോഴും പ്രസാർഭാരതി എന്ന സ്വതന്ത്ര കോർപറേഷന്റെ മുകളിൽ ഇരിക്കുന്നവരിൽ ആരും തന്നെ പ്രക്ഷേപണമാധ്യമങ്ങൾ നടത്തി ശീലമുള്ള പ്രൊഫഷലുകളല്ല എന്നുപോലും ആരും ശ്രദ്ധിച്ചിട്ടില്ല.

ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുന്ന പ്രോഗ്രാം ജീവനക്കാർക്ക് പ്രശ്നപരിഹാരങ്ങൾ നിർദ്ദേശിക്കാനോ നടപ്പിലാക്കാനോ ഉള്ള ജനാധിപത്യപരമായ ഇടം ഇപ്പോളെന്നല്ല പഴയകാലത്തുപോലും ഇല്ല എന്നത് മനസ്സിലാക്കാൻ മാനേജ്മെന്റ്‌ പഠനത്തിലും  ബുദ്ധിജീവികൾക്ക് അവഗാഹമില്ല. ജ്ഞാനോദയകാലവും ഉദാരമാനവികതയും കഴിഞ്ഞു, അതിനാൽ പൊതുസേവനപ്രക്ഷേപണങ്ങൾ ഇനി തിരിച്ചു വരില്ല എന്ന പുസ്തകപണ്ഡിത ഗണത്തിന്റെ വിലാപം ഒരു ഭാഗത്ത്. ആകാശവാണി/ദൂരദർശൻ നിലയങ്ങൾ പ്രോഗ്രാം ജീവനക്കാരുടെ റിട്ടയർമെന്റിലൂടെ ശൂന്യമാകുന്ന കാഴ്ച മറ്റൊരിടത്ത്. മൂന്ന് പതിറ്റാണ്ടിലേറെ ആകാശവാണിയുടെ ജീവനക്കാരനായി പ്രവർത്തിച്ച ഈ ലേഖകന് ശുഭപ്രതീക്ഷാ വചനം  ഒരിക്കൽ മാത്രമേ കേൾക്കാൻ ഇടയായിട്ടുള്ളൂ.

കുറച്ചുകാലം മുമ്പ്, ഓസ്ട്രേലിയൻ ബ്രോഡ്കാസ്റ്റിങ് കോർപറേഷനിലെ ഉയർന്ന പദവികളിൽ ഇരുന്ന ശേഷം ഇപ്പോൾ പ്രക്ഷേപണത്തിൽ അന്തർദ്ദേശീയ നിലവാരമുള്ള പരിശീലന കേന്ദ്രം നടത്തുന്ന സ്റ്റീവ് ആഹേൺ എന്ന മാധ്യമ പണ്ഡിതനുമായി ദീർഘസംഭാഷണത്തിൽ ഏർപ്പെടാൻ ഈ ലേഖകന് അവസരമുണ്ടായി. വസ്തുതകളെക്കുറിച്ച് കൃത്യമായ അറിവുള്ള അദ്ദേഹം നമ്മുടെ ബുദ്ധിജീവികൾ മുന്നോട്ട് വെച്ച കാരണങ്ങളോ പ്രകടിപ്പിച്ച നിഷ്ഫലതാബോധമോ പങ്കിടുന്ന വ്യക്തിയായിരുന്നില്ല. അദ്ദേഹം ഒരു കാര്യം പറഞ്ഞു:

'ബിബിസി, എബിസി പോലുള്ള പൊതുസേവനപ്രക്ഷേപകരും ഉയർച്ചയുടെ ആദ്യകാലത്തിന് ശേഷം പിന്നീട് കോർപറേറ്റ് മുതലാളിത്തത്തിന്റെയും മറ്റും വലിയ വെല്ലുവിളികൾ നേരിട്ടു. പക്ഷേ, തങ്ങളുടെ സ്ഥാപനങ്ങൾ പുതിയ രീതിയിൽ സംവിധാനം ചെയ്ത് അവർ തിരിച്ചു വന്നില്ലേ? ഇന്ത്യയിലെ ആകാശവാണിക്കും ദൂരദർശനും ആ തിരിച്ചുവരവ് സാധിക്കാവുന്നതേ ഉള്ളൂ’.

മറ്റ് പല പൊതുമേഖലാസ്ഥാപനങ്ങളുമെന്ന പോലെ ആകാശവാണിയും ദൂരദർശനും സ്വകാര്യവത്കരിക്കപ്പെട്ടേക്കാം.

പച്ചയ്ക്ക് പറഞ്ഞാൽ വിറ്റൊഴിവാക്കൽ തന്നെ. ആകാശവാണിയെ വിൽപ്പനയ്ക്ക് വെച്ചാൽ ആഗോള കോർപറേറ്റുകൾ വാങ്ങാനായി ഓടിവരും എന്നതുറപ്പാണ്. റേഡിയോ കണ്ടുപിടിക്കാൻ ശ്രമിച്ച ശാസ്ത്രജ്ഞർക്ക് പൊതുജനമാധ്യമം സൃഷ്ടിക്കാൻ ഉദ്ദേശ്യമേ ഇല്ലായിരുന്നു എന്ന് പറഞ്ഞപോലെ ഈ സ്ഥാപനം വാങ്ങാൻ വരുന്നവർക്കും പൊതുജനമാധ്യമം നടത്താൻ മോഹം ലവലേശം പോലുമുണ്ടാവില്ല.

അവർക്ക് കണ്ണ് ആകാശവാണിയുടെയും ദൂരദർശന്റെയും കൈവശമുള്ള അളക്കാനാവാത്ത ഭൂസ്വത്തായിരിക്കും. ഇന്ത്യയിലെ മഹാനഗരങ്ങളിലും ചെറുപട്ടണങ്ങളിലുമായി വിശാലമായി പരന്ന് കിടക്കുന്ന ഭൂമി അതിന്റെ ശരിയായ വിലയ്ക്ക് വിറ്റാൽ കിട്ടുന്ന വില സാധാരണക്കാരുടെയെന്നല്ല ആഗോളമുതലാളിമാരുടെ വരെ സങ്കൽപ്പങ്ങൾക്ക് അതീതമായിരിക്കും. പക്ഷേ, മറ്റൊരു കാര്യം സങ്കൽപ്പിക്കാൻ നമുക്കൊക്കെ കഴിയും.

മുതലാളിമാർ വേണ്ടപ്പെട്ടവർക്ക് വേണ്ടത്ര‘പാരിതോഷികം' കൊടുത്ത് ഈ ഭൂമിയത്രയും ചുളുവിലയ്ക്ക് അടിച്ചെടുക്കൽ. പെട്ടെന്നൊരു അഴിമതിയാരോപണം വരാതിരിക്കാൻ ഈ സ്ഥാപനങ്ങൾ വാങ്ങുന്ന മുതലാളിമാർ ഒന്നു രണ്ടുവർഷത്തേക്ക് പ്രക്ഷേപണം തുടർന്നെന്നിരിക്കും. പക്ഷേ, തുടർന്ന് ആ ഭൂമിയിൽ ഉയരുന്ന ബഹുനില ഫ്ളാറ്റുകളെക്കുറിച്ചുള്ള പകിട്ടാർന്ന പരസ്യങ്ങളുടെ ബഹളത്തിൽ ആകാശവാണിയുടെ ശബ്ദം നിലച്ചത് ആരും അറിയാൻ പോവുന്നില്ല.

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top