28 November Tuesday

കരിയർ ഡിസൈൻ ചെയ്യാറില്ല

കെ എ നിധിൻ നാഥ്‌ nidhinnath@gmail.comUpdated: Sunday Sep 18, 2022

പല വേഷങ്ങൾ. വിവിധ സ്വഭാവമുള്ള കഥാപാത്രങ്ങൾ. 13 വർഷമായി ആസിഫ്‌ അലി എന്ന നടൻ മലയാള സിനിമയിലുണ്ട്‌. കരിയറിന്റെ തുടക്കത്തിൽ അപൂർവരാഗമടക്കം സിബി മലയിൽ സിനിമകളിൽ തുടർച്ചയായി പ്രധാനവേഷം. ഒരു ഇടവേളയ്‌ക്കുശേഷം വെള്ളിയാഴ്‌ച സിബി മലയിൽ സംവിധാനം ചെയ്‌ത കൊത്ത്‌ തിയറ്ററിലെത്തി. തന്റെ സിനിമാ വഴികളെക്കുറിച്ച്‌ ആസിഫ്‌ അലി സംസാരിക്കുന്നു. 

കൊത്ത്‌ സിബി മലയിൽ പടമാണ്‌

സിബി മലയിലിന്‌ ഒപ്പം ചെയ്യുന്ന നാലാമത്തെ സിനിമയാണ്‌ കൊത്ത്‌. എന്റെ കരിയറിന്റെ എല്ലാം ഘട്ടങ്ങളിലും സിബി മലയിലിനൊപ്പം സിനിമ ചെയ്യാനുള്ള ഭാഗ്യം കിട്ടിയിട്ടുണ്ട്‌. എല്ലാവരുടെയും ഫേവറേറ്റ്‌ ലിസ്റ്റിലുള്ള സിനിമകൾ ചെയ്‌ത സംവിധായകനാണ്‌ അദ്ദേഹം. അദ്ദേഹത്തിനൊപ്പമുള്ള സിനിമകൾ എനിക്ക്‌ എന്നും ഗുണം ചെയ്യാറുണ്ട്‌. സിബി മലയിലിനൊപ്പം സിനിമ ചെയ്യുമ്പോൾ അദ്ദേഹം എപ്പോഴും പറയുന്നത്‌ ലോഹിതദാസിന്റെ വിടവിനെക്കുറിച്ചാണ്‌. അവരുടേത്‌ ഏറ്റവും നല്ല കൂട്ടുകെട്ടായിരുന്നു. അതിനുശേഷം ഒരുപാട്‌ എഴുത്തുകാർക്ക്‌ ഒപ്പം സിബി മലയിൽ സിനിമ ചെയ്‌തു. പക്ഷേ, ലോഹിതദാസിനൊപ്പം സിനിമ ചെയ്യുമ്പോൾ ലഭിച്ച ആ ഒരു കംഫർട്ട്‌ ലഭിച്ചിട്ടില്ല. ലോഹിതദാസിന്‌ ശേഷം ഒരു എഴുത്തുകാരനെപ്പറ്റി എടുത്തുപറയുന്നതും എഴുത്ത്‌ രീതിയെക്കുറിച്ച്‌ പറയുന്നതുമെല്ലാം കൊത്തിന്റെ തിരക്കഥ ഒരുക്കിയ ഹേമന്ത്‌ കുമാറിനെക്കുറിച്ചാണ്‌. ഡ്രാമയും ഇമോഷൻസുമെല്ലാം കൃത്യമായി പ്ലേസ്‌ ചെയ്‌തിട്ടുള്ള ഒരു സിബി മലയിൽ ചിത്രമാണ്‌ പൂർണമായും കൊത്ത്‌. 

തിരിച്ചുവരാൻ എവിടെയും പോയിട്ടില്ല

കൊത്ത്‌ സിബി മലയിലിന്റെ തിരിച്ചുവരവ്‌ എന്ന്‌ പറയാനാകില്ല. തിരിച്ചുവരവ്‌ എന്നത്‌ സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്ന വാക്കാണ്‌. തിരിച്ചുവരാൻ അവർ എവിടെയും പോയിട്ടില്ലല്ലോ. അവർ ചെയ്യുന്ന സിനിമകൾ ടിവിയിലും ഓൺലൈനിലുമെല്ലാമായി എപ്പോഴുമുണ്ട്‌. വെറുതെ ഒരു സിനിമ ചെയ്യുന്നതിന്‌ പകരം നല്ല സിനിമ ചെയ്യാനായി കാത്തിരിക്കുന്നതാണ്‌. അവർ ചെയ്യുന്ന സിനിമകളുടെ എണ്ണം, ഒരു സിനിമയിൽനിന്ന്‌ അടുത്തതിലേക്കുള്ള ദൂരം കൂടിയിട്ടുണ്ട്‌ എന്നുമാത്രം. അത്‌ അവർ എടുക്കുന്ന ഇടവേളമാത്രമാണ്‌.

‘കൊത്തി’ൽ ആസിഫ്‌ അലി

‘കൊത്തി’ൽ ആസിഫ്‌ അലി

ഇപ്പോൾ ആക്ഷൻ പടമില്ല

കാപ്പയിൽ ഞാൻ ഒരു ടെക്കിയാണ്‌. എന്റെ കഥാപാത്രത്തിന്‌ ആക്ഷൻ സ്വഭാവമില്ല. കാപ്പ എന്ന പേര്‌ സൂചിപ്പിക്കുന്നതുപോലെ അത്‌ ഗുണ്ടാ ആക്ടാണ്‌. പൃഥ്വിരാജിന്റെയും എന്റെയും കഥാപാത്രങ്ങളെ മുൻനിർത്തിയാണ്‌ ആക്ഷൻ വരുന്നത്‌. സിനിമയുടെ സ്വഭാവം ആക്ഷനാണ്‌. പക്ഷേ, ഞാൻ ഇപ്പോൾ ഒരു ആക്ഷൻ പടം ചെയ്യുന്നില്ല.

കഥാപാത്രങ്ങളാണ്‌ പ്രധാനം

ഓരോ സിനിമയും ചെയ്യാൻ തോന്നിപ്പിക്കുന്നത്‌ അതിലെ കഥാപാത്രങ്ങളാണ്‌. അത്‌ ചിലപ്പോൾ നായകനായിരിക്കും, സഹനടനായിരിക്കും ചിലപ്പോൾ വില്ലനായിരിക്കും. കഥാപാത്രങ്ങൾക്ക്‌ വേണ്ടിയാണ്‌ ഞാൻ സിനിമകൾ ചെയ്യുന്നത്‌. കൃത്യമായ പ്ലാനിങ്ങിലൊന്നുമല്ല എന്റെ കരിയർ ഗ്രാഫ്‌ സെറ്റ്‌ ചെയ്‌തിരിക്കുന്നത്‌. സൺഡേ ഹോളിഡേ ഇറങ്ങിയ ശേഷമാണ്‌ ഞാൻ ഉയരെ ചെയ്യുന്നത്‌. ഫാമിലി ഓഡിയൻസിനിടയിൽ ഹിറ്റായി നിൽക്കുന്ന കാലമായിരുന്നു. അതിനാൽ നെഗറ്റീവ്‌ കഥാപാത്രം ചെയ്യരുതെന്ന്‌ ഒരുപാട്‌ പേർ പറഞ്ഞു. പക്ഷേ, ഉയരെയിലെ ഗോവിന്ദ്‌ ചെയ്യണമെന്ന്‌ തോന്നി. കാറ്റ്‌, അണ്ടർവേൾഡ്‌ അങ്ങനെയുള്ള സിനിമകളൊക്കെ ചെയ്യുന്നതും കഥാപാത്രത്തിനോടും സിനിമയുടെ നറേഷനോടുമുള്ള താൽപ്പര്യം കൊണ്ടാണ്‌. സിനിമകളുടെ എണ്ണമോ ഒന്നും നോക്കാറില്ല. മഹാവീര്യർ വളരെ തൃപ്‌തി തന്ന സിനിമയാണ്‌. മേക്കിങ്ങിലും സിനിമയുടെ നറേഷനുമെല്ലാം പുതിയതായിരുന്നു. ലോക സിനിമയിൽ മലയാള സിനിമയെ നിർത്താൻ തക്ക ക്വാളിറ്റിയുള്ള സിനിമയാണ്‌.

ഗോവിന്ദിനെ അടുത്ത്‌ അറിയാം

ഉയരെ ചെയ്യുന്ന സമയത്ത്‌ വളരെ സാധാരണയായി വാർത്തയിൽ കേട്ടിരുന്ന ഒരു സംഭവമാണ്‌ ആസിഡ്‌ ആക്രമണം. പല രീതിയിലുള്ള ഗോവിന്ദുമാരെ നമുക്ക്‌ സമൂഹത്തിൽ കാണാം. കോളേജിൽ എനിക്ക്‌ അറിയാവുന്ന ഒരു സുഹൃത്തുണ്ടായിരുന്നു. അവന്റെ ഗേൾ ഫ്രണ്ട്‌ ബാംഗ്ലൂരിൽ ഹോസ്‌റ്റലിൽനിന്ന്‌ കോളേജിലേക്ക്‌ പോകുന്ന ഓട്ടോയുടെ ഡ്രൈവർക്ക്‌ ഫോൺ കൊടുക്കണം. ഇവനാണ്‌ കോളേജ്‌ പറഞ്ഞ്‌ കൊടുക്കുക. ഇങ്ങനെയുള്ളവർ നമ്മുടെ ചുറ്റുപാടിൽ കുറെയുണ്ട്‌. ഇത്തരം കഥാപാത്രം ചെയ്യുമ്പോൾ എന്നെവച്ച്‌ സിനിമ ആലോചിക്കുന്ന എഴുത്തുകാർക്ക്‌ വലിയ ഒരു സാധ്യത നൽകി. ഇവൻ വേണമെങ്കിൽ ആസിഡ്‌ ഒഴിച്ചേക്കാം എന്നുള്ള ചിന്ത പ്രേക്ഷകന്‌ കിട്ടും. അത്‌ നടൻ എന്ന നിലയിൽ ലഭിക്കുന്ന വലിയ സ്വാതന്ത്ര്യമാണ്‌.

താൽപ്പര്യം സൗഹൃദ അന്തരീക്ഷത്തിൽ സിനിമ ചെയ്യാൻ

ഹണിബീ, സോൾട്ട്‌ ആന്റ്‌ പെപ്പർ പോലുള്ള സിനിമകൾ ചെയ്യാൻ വലിയ താൽപ്പര്യമാണ്‌. അതൊക്കെ എന്റെ പോലെയുള്ള കഥാപാത്രങ്ങളാണ്‌. അതിന്‌ വലിയ തയ്യാറെടുപ്പുകൾ ആവശ്യമില്ല. ഹണിബീയ്‌ക്ക്‌ ഒരു ഭാഗം കൂടി ചെയ്യണമെന്ന്‌ ഞാൻ സംവിധായകൻ ജീൻ പോളിനോട്‌ പറയാറുണ്ട്‌. എന്റെ പ്രായത്തിലുള്ള നടന്മാർക്കൊപ്പം ചെയ്യുന്ന മൾട്ടി സ്റ്റാർ സിനിമകൾ ഒരുപാട്‌ ആസ്വദിക്കാറുണ്ട്‌. മഹാവീര്യർ ചെയ്യുമ്പോൾ നിവിനൊപ്പമുള്ള കെമിസ്‌ട്രിയും ലൊക്കേഷനിലെ തമാശകളും ഒക്കെ ഞാൻ ആസ്വദിക്കുന്നതാണ്‌. ജീൻ പോളും ജിസ്‌ ജോയും പോലെയുള്ള സുഹൃത്തുകൾക്കൊപ്പം സിനിമ ചെയ്യുമ്പോൾ ഏറ്റവും വലിയ സുഖം ഒരു സൗഹൃദത്തിന്റെ അന്തരീഷമുണ്ടാകുമെന്നതാണ്‌. അത്‌ ഞാനാദ്യമായി ആസ്വദിക്കുന്ന്‌ സാൾട്ട്‌ ആന്റ്‌ പെപ്പർ ചെയ്യുമ്പോഴാണ്‌. അപൂർവരാഗം, ഋതു അടക്കമുള്ള സിനിമ ചെയ്‌ത ശേഷമാണ്‌ എന്റെ പ്രായത്തിലുള്ള ആഷിക്‌ അബുവിനൊപ്പം സിനിമ ചെയ്യുന്നത്‌.

ചിലത്‌ സംതൃപ്‌തിക്കായി

ഒരു സിനിമ ചെയ്‌ത്‌ മൂന്നു മാസം കഴിഞ്ഞ്‌ കാണുമ്പോൾ അത്‌ ഇങ്ങനെയല്ല ചെയ്യേണ്ടത്‌ എന്ന്‌ തോന്നും. ഓരോ ദിവസവും പുതിയ കാര്യം നമ്മൾ പഠിക്കുന്നുണ്ട്‌. ഞാൻ സിനിമയിലെത്തിയിട്ട്‌ 13 വർഷമായി. ഞാൻ ചെയ്‌ത സിനിമകളും ജോലി ചെയ്‌ത ടെക്‌നീഷ്യന്മാരും ഞാൻ ഇടപഴകിയ ഓരോ ആളുകളും എന്നിൽ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാക്കിയിട്ടുണ്ട്‌. ഒരു സിനിമ നിർദേശിച്ചിട്ട്‌ കാഴ്‌ചപ്പാട്‌ മാറിപ്പോകുന്ന സന്ദർഭങ്ങളുണ്ട്‌. ആ വ്യത്യാസം ഉൾക്കൊണ്ട്‌ പഴയ സിനിമ കാണുമ്പോൾ തീർച്ചയായും കുറെക്കൂടി നന്നാക്കാമെന്ന്‌ തോന്നും. ഇബിലീസ്‌ സിനിമയ്‌ക്കുവേണ്ടി വലിയ പരിശ്രമം നടത്തിയതാണ്‌. തിയറ്ററിൽ പ്രതീക്ഷിച്ച സ്വീകാര്യത കിട്ടിയില്ല. അത്‌ വലിയ വിഷമം ഉണ്ടാക്കി. പക്ഷേ, പിന്നീട്‌ ഒടിടിയിലൊക്കെ കണ്ട്‌ എന്താണ്‌ ഈ സിനിമ തിയറ്ററിൽ ഓടാതെയിരുന്നത്‌ എന്ന്‌ ആളുകൾ ചോദിച്ചിട്ടുണ്ട്‌. ഒഴിമുറി, ഹി ഐ ആം ടോണി പോലുള്ളവ കരിയറിൽ വലിയ സന്തോഷമാണ്‌.

മികച്ച സിനിമകൾ മലയാളത്തിൽ

വേറെ ഏത്‌ ഭാഷകളിൽനിന്ന്‌ ഉണ്ടാകുന്നതിനേക്കാൾ നല്ല സിനിമകൾ മലയാളത്തിൽ സംഭവിക്കുന്നുണ്ട്‌. ഇബിലീസ്‌ പോലെയുള്ള ഒരുപാട്‌ സിനിമകൾ മലയാളത്തിൽ എനിക്ക്‌ ലഭിക്കുന്നുണ്ട്‌. ചെയ്യണമെന്ന്‌ തോന്നിപ്പിക്കുന്ന കഥാപാത്രങ്ങൾ മറ്റു ഭാഷകളിൽനിന്ന്‌ വന്നിട്ടില്ല. ഭാഷ പ്രധാന പ്രശ്‌നമാണ്‌. തമിഴാണെങ്കിൽപ്പോലും ഭാഷ പഠിച്ച്‌ സിനിമ ചെയ്യണം. എന്നാൽ മാത്രമേ, നന്നായി ചെയ്യാൻ കഴിയു. അത്രയും പരിശ്രമം എടുക്കാൻ തക്ക മികച്ച അവസരം ലഭിച്ചാൽ മറ്റു ഭാഷകളിലും സിനിമ ചെയ്യും.

തിരുവനന്തപുരത്തെ ഓണം വൈബ്‌

തിരുവനന്തപുരത്തെ ഓണാഘോഷത്തെക്കുറിച്ച്‌ കുറെ പറഞ്ഞ്‌ കേട്ടിട്ടുണ്ട്‌. ഇത്തവണ കാപ്പയുടെ ചിത്രീകരണവുമായി ഞാൻ ആദ്യംമുതൽ തിരുവനന്തപുരത്ത്‌ ഉണ്ടായിരുന്നു. മ്യൂസിയം റോഡിലൊക്കെ ലൈറ്റ്‌ ഇട്ട്‌ തുടങ്ങുന്നതുമുതൽ ഇവിടെയുണ്ട്‌. അങ്ങനെ ഓണാഘോഷം മുഴുവനായി കാണാനായി. ആഘോഷങ്ങൾക്ക്‌ എപ്പോഴും ഒരു ആൾക്കൂട്ടം വേണമെന്ന്‌ ആഗ്രഹിക്കുന്ന ആളാണ്‌ ഞാൻ. സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ പറ്റി. കുടുംബമൊക്കെ വന്നിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top