04 December Sunday

കഥകൾക്കായി കുരുതിയായവൾ

എൻ രാജൻUpdated: Thursday Mar 28, 2019

ചിലരങ്ങനെയാണ്‌. നേരിൽ കാണണമെന്നോ തമ്മിൽ സംസാരിക്കണമെന്നോ ഇല്ല. വർഷങ്ങളുടെ പഴക്കം കറവീണ്‌ മറവിയോ ഓർമക്കുറവോ ആവുമ്പോൾ പരിചയം പുതുക്കേണ്ട ബാധ്യതയില്ല. സൗഹൃദങ്ങളിലെ ആചാരോപചാരങ്ങൾ, അതിലെ ചിട്ടവട്ടങ്ങൾ ഒന്നും പാലിക്കേണ്ട. എന്നാലും അവർ നമുക്കൊപ്പം സഞ്ചരിക്കുന്നുണ്ടാവും. അവരറിയണമെന്നുകൂടിയില്ല. അഷിത അക്കൂട്ടത്തിലൊരാളാണെനിക്ക്‌. മിണ്ടുകയോ പിണങ്ങുകയോ വേണ്ടിവന്നിട്ടില്ലാത്ത കഥയിലെ കൂട്ടുകാരി.
1982ൽ മാതൃഭൂമി സാഹിത്യമത്സരത്തിൽ ഒത്തുതീർപ്പുകൾ എന്ന കഥയ‌്ക്ക്‌ സമ്മാനംവാങ്ങിയ നേർത്തു മെലിഞ്ഞ പെൺകുട്ടിയുടെ ചിത്രം കഥപോലെ വിസ്‌മയചിഹ്നമായി.  കട്ടിക്കണ്ണടയ‌്ക്കുള്ളിൽ  വിഷാദം കരിയെഴുതിയിരുന്നു. ഡിഗ്രിക്ക്‌ ഒപ്പം പഠിച്ചിരുന്ന സുരേഷിന്റെ

വീട്‌ പഴയന്നൂരാണ്‌.  അഷിതയുടെ നാടും പഴയന്നൂരാണ്‌. ഒരുച്ചയ‌്ക്ക്‌ സുരേഷിനോടൊപ്പം പഴയന്നൂര്‌ ബസിറിങ്ങി. ഇടവഴികളും പാടവും വരമ്പും അമ്പലപരിസരവും ചുറ്റിത്തിരിഞ്ഞു. ഏതോ ഒരിടത്തെത്തിയപ്പോൾ അവൻ കൈചൂണ്ടി: ഈ വഴിയാണ്‌ അഷിതയുടെ വീട്‌. വൈകുന്നേരത്തെ വാടിയ വെയിൽ  ചിത്രലിപികളാൽ കഥയെഴുതിയിരുന്ന ഇടവഴിയുടെ അറ്റമെത്തിയപ്പോൾ ഞാൻ മടങ്ങി. അപൂർണതയിലാണ്‌ ചില ഭാവങ്ങളുടെ ദൃശ്യമിഴിവെന്നുതോന്നി.

എന്നാൽ, അവരെഴുതിയ കഥകളെ പിന്തുടർന്നു. അതിവിചിത്രവും നിഗൂഢവുമായ മനസ്സിന്റെ അവസ്ഥാന്തരങ്ങളായിരുന്നു ആ കഥാലോകത്തേറെയും. ഒറ്റപ്പെടുന്നവരുടെ അടഞ്ഞ ലോകങ്ങളിൽ സ്‌നേഹവും സ്‌നേഹരാഹിത്യവും ഇടകലർന്നു. ഒരാളെ തിരിച്ചറിയാൻ കഴിയുക എന്നതുതന്നെയായി ഏറ്റവും പ്രയാസകരം. അടഞ്ഞ മനസ്സുകളുടെ കവാടങ്ങൾക്കുള്ളിൽ, എപ്പോഴും തുറന്നിടുന്ന  ഒരു ജാലകക്കീറിലെ ചതുരക്കാഴ്‌ച മാത്രമായി അഷിതയുടെ കഥകളിലെ പുറംലോകം. എപ്പോഴും അത്‌ അകത്തോട്ടു മാത്രം സഞ്ചരിച്ചു. അകത്തെ തിരകളും വേലിയേറ്റങ്ങളും ഉൾച്ചുഴികളും ആരും കാണാതെ മൂടിവച്ച പവിഴരാഗങ്ങളും പുറത്തെടുത്തു. കഥയുടെ  പേരുപോലെ നിറയെ വിസ്‌മയചിഹ്നങ്ങളും അപൂർണവിരാമങ്ങളുമായി ആ കഥകളെപ്പോഴും അകമേ മഴമേഘങ്ങളായി പെയ്യാതെ കനത്തുനിന്നു. അർധവിരാമത്തിനുശേഷം കുട്ടികൾക്കുള്ള രാമായണത്തിലും വല്ലപ്പോഴുമുള്ള ഹൈക്കു കവിതകളിലും  അഷിത പ്രത്യക്ഷപ്പെട്ടു.  കഥാപരിസരമാകെ മാറി.  ആ വഴിക്കുള്ള അഷിത ഒഴിയാബാധയായി തോന്നിയില്ല.

ഇടയ‌്ക്കെപ്പോഴോ കാരണമറിയാതെ അവർ  കഥയിൽനിന്നും പിൻവാങ്ങി. സദാ എഴുതിനിറയുന്നവരേക്കാൾ  പെട്ടെന്ന്‌ പിൻവാങ്ങുന്നവരോടായിരുന്നു ആഭിമുഖ്യം. അത്തരക്കാരെപ്പറ്റി തരംകിട്ടുമ്പോഴൊക്കെ അന്വേഷിച്ചുകൊണ്ടിരുന്നു. അഷ്ടമൂർത്തി പറഞ്ഞു: അവരിപ്പോ കിഴക്കുമ്പാട്ടുകരയിലുണ്ട്‌. കാണണോ.  ആരേയും കാണാവുന്ന മുഡിലല്ല. രോഗവുമായുള്ള യുദ്ധമാണ്‌.

വേണ്ട. നേരിൽ കണ്ട്‌ പഴയ കഥകൾ പറയുന്നതിലും വലിയ കാര്യമുള്ളതായി തോന്നിയില്ല. ആ മെല്ലിച്ച, കണ്ണടവച്ച പെൺകുട്ടി മനസ്സിൽ തുടരട്ടെ.
പിന്നീടാണതു സംഭവിച്ചത്‌. എല്ലാ സ്വാസ്ഥ്യത്തെയും തലകീഴായി മറിച്ചിട്ട്‌ ശിഹാബുദ്ദീൻ പൊയ്‌ത്തുംകടവ്‌ അഷിതയുമായുള്ള വർത്തമാനം മാതൃഭൂമിയിൽ തുടങ്ങി. ഓരോ ലക്കവും വായിച്ച്‌ പൊറുതിയറ്റു. എരിപിരികൊണ്ടു. ഇതായിരുന്നോ ആ ജീവിതം. അവിശ്വസനീയമായിത്തോന്നി. എഴുത്തിനുവേണ്ടി, കഥകൾക്കുവേണ്ടി ഒരു പെൺകുട്ടിക്ക്‌ ഇത്രയും സ്വയം കുരുതികൊടുക്കേണ്ടിവന്നോ.

എഴുത്തിൽ അവർ നേടിയ സൗഭാഗ്യങ്ങൾ എത്ര ചെറുതാണ്‌. ഇങ്ങനേയും ഒരച്ഛനും അമ്മയുമോ. മുംബൈ നഗരത്തിലെ അന്ധാളിപ്പിലേക്ക്‌  ഭ്രാന്തവേഗങ്ങളിലേക്ക്‌ അവളെ ഒറ്റയ‌്ക്കിറക്കിവിട്ട  അച്ഛനോട്‌ എന്നിട്ടും അഷിതക്ക്‌ വെറുക്കാനാവുന്നില്ലെന്ന തുറന്നുപറച്ചിൽ.

ഞാനവർക്ക്‌ ഫേസ്‌ബുക്ക്‌ സന്ദേശങ്ങളായി എന്റെ ആശങ്കകൾ അറിയിച്ചുകൊണ്ടിരുന്നു. പലതിനും ചിരിയും വിസ്‌മയചിഹ്നങ്ങളുമായി അർധോക്തികളുടെ ഇമോജികൾ അവർ മറുപടിയിട്ടു.ഒരുവട്ടം എഴുതി: എല്ലാം ഗുരുകൃപ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top