26 April Friday

ആശ 24 x 7; കോവിഡ്‌ യുദ്ധത്തിലെ മുന്നണിപ്പോരാളികൾ

വിനോദ്‌ പായം vinodpayam@gmail.comUpdated: Sunday Aug 2, 2020

കോവിഡ്‌ മഹാമാരിയോടുള്ള യുദ്ധത്തിലെ മുന്നണിപ്പോരാളികളാണ്‌ ആശാ വർക്കർമാരടക്കമുള്ള ആരോഗ്യപ്രവർത്തകർ. നാടിനെ സുരക്ഷിതമാക്കാൻ പോരാടുന്ന ഈ  പടയാളികളോട്‌ പക്ഷേ, നാം എന്താണ്‌ ചെയ്യുന്നത്‌?

‘‘കാട്ടുകല്ലുകൾ പടിയാക്കിയ ഇടവഴികൾ താണ്ടിയാണ്‌ അവൾ വീട്ടിലേക്ക്‌ വരാറ്‌‌. വിശേഷങ്ങൾ തിരക്കും. ഷുഗറിനുള്ള മരുന്ന്‌ എത്തിക്കണോ അമ്മച്ചീ എന്ന്‌ അന്വേഷിക്കും. കിണർവെള്ളത്തിന്റെ അശുദ്ധി മാറാൻ ക്ലോറിൻ ഗുളികകൾ ഇടാമെന്ന്‌ പറയും. മുറ്റത്ത്‌ തഴച്ചുവളരുന്ന കാട്ടുതൊട്ടാവാടിയുടെ ചുവടുകൾ പിഴുതിടും...  ഒറ്റയ്‌ക്കായിപ്പോയ ഞാൻ, അവൾ വരാത്തതെന്തെ എന്ന ആശങ്കയിൽ, ഫോൺ ചെയ്‌തു. അപ്പോഴാണ്‌ അപകടം പറ്റിയ വിവരം അറിയുന്നത്‌. ഇടയ്‌ക്കെപ്പൊഴോ വന്നു മടങ്ങിയ വേളയിൽ പടിക്കല്ലിളകി വീണ്‌ കാൽപാദം പൊട്ടിയതാണത്രെ. മൂന്നുമാസം വിശ്രമിക്കേണ്ടി വന്നു അവൾക്ക്‌. ആഴ്‌ചയിലൊരിക്കലെങ്കിലും എന്നെ കാണാൻ വരുന്ന എന്റെ മകൾ കൂടിയായ അവളെ ഞാൻ ‘ആശ’ എന്നാണ്‌ വിളിക്കാറ്‌. ഇന്നും യഥാർഥ പേരറിയില്ല! അവൾക്ക്‌ സുഖമായി, എന്നെ കാണാനെത്തുന്നതുവരെ ഞാൻ എന്നും അവളെ ഫോണിൽ വിളിക്കും. അത്‌ തന്നെയാണ്‌ ഈ കൊറോണക്കാലത്തെ എന്റെ ഏക ആശ്വാസവും; അവൾ വരുമായിരിക്കും അല്ലേ...!’’ (മാനസിക സംഘർഷം കുറയ്‌ക്കാനുള്ള ദിശ ഹെൽപ്‌ ലൈനിലേക്ക്‌ കോട്ടയത്തെ ഒരു വീട്ടമ്മ വിളിച്ചപ്പോൾ കൗൺസലറുമായി പങ്കുവച്ച സ്‌നേഹവിവരങ്ങളാണിവ)

ആശ

കേൾക്കാൻ നല്ല ചന്തമുള്ള വാക്ക്‌. മഹാമാരിക്കെതിരായ നമ്മുടെ വലിയ യുദ്ധത്തിന്റെ  മുൻനിരയിലെ കാലാളുകളാണ്‌ അവർ. രാജ്യത്ത്‌ പലയിടത്തും ഈ മുന്നണിപ്പോരാളികൾക്ക്‌ പ്രതിരോധ ഉപകരണങ്ങളില്ല; ആവശ്യത്തിന്‌ ശമ്പളമില്ല; എന്നാലോ 24 മണിക്കൂറും ജോലിയുണ്ട്‌. ലോക്‌‌ഡൗൺ കാലത്ത്‌ മരുന്ന്‌ മുടങ്ങിപ്പോയ അപ്പൂപ്പന്‌ മരുന്നായി, അങ്കണവാടിയിൽ പോകാൻ കഴിയാത്ത കുഞ്ഞുമോൾക്ക്‌ പോഷകാഹാരക്കിറ്റായി, ഗൾഫിൽനിന്ന്‌ വന്ന്‌ ക്വാറന്റൈനിലായിപ്പോയ ചേട്ടന്‌ കാവൽക്കാരിയായി; വർക്കുസൈറ്റിൽ വിശന്നിരിക്കുന്ന ഭായിമാർക്ക്‌ പൊതിച്ചോറായിവരെ അവർ നമുക്കിടയിലുണ്ട്‌.
അങ്ങനെയൊരു ഗൾഫുകാരൻ ചേട്ടന്‌ കാവലായതാണ്‌ തിരുവനന്തപുരം വാമനപുരത്തെ ലിസി എന്ന ആശാവർക്കർ. വീടിറങ്ങി തേരാപാര നടന്ന ഗൾഫുകാരനെപ്പറ്റി ലിസി അധികൃതർക്ക്‌ റിപ്പോർട്ട്‌ ചെയ്‌തു. മദ്യപിച്ച്‌ വന്ന ഗൾഫുകാരൻ ലിസിയെ ഭീകരമായി മർദിച്ചു; തടഞ്ഞ മകൾക്കും മർദനമേറ്റു. ഈ മുന്നണിപ്പോരാളികൾക്ക്‌ പ്രബുദ്ധരായ നമ്മൾ നൽകുന്നതാണ്‌ ‌ഇതൊക്കെ!
ദേശീയ ഗ്രാമീണ ആരോഗ്യപദ്ധതിയുടെ (എൻആർഎച്ച്‌എം) ഭാഗമായി ഓരോ വില്ലേജിലും സ്വതന്ത്രമായി നിയമിക്കപ്പെടുന്ന അംഗീകൃത സാമൂഹ്യ ആരോഗ്യ പ്രവർത്തകരാണ്‌ ആശാ (അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്റ്റ്). 2005ൽ ഒന്നാം യുപിഎ സർക്കാരിന്റെ കാലത്താണ്‌ ഗ്രാമീണതലത്തിൽ ഇങ്ങനെയൊരു സംവിധാനം ഉയർന്നുവരുന്നത്‌. തൊഴിലുറപ്പ്‌ പദ്ധതി പോലെ ഇടതുപക്ഷത്തിന്റെ സമ്മർദത്തിൽ ഉയർന്നുവന്ന മറ്റൊരു ജനകീയ പദ്ധതി. ഏഴുവർഷത്തിനകം ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും ഇത്തരം ആശാമാർ വേണമെന്നായിരുന്നു കാഴ്‌ചപ്പാട്‌. കേരളത്തിൽ അന്നത്തെ ഉമ്മൻചാണ്ടി‌ സർക്കാർ ആശാ നിയമനം നടത്തിയില്ല. തുടർന്നുവന്ന എൽഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌ കേരളത്തിൽ പദ്ധതി നടപ്പാക്കുന്നത്‌. 500 രൂപയിൽ തുടങ്ങിയതാണ്‌ ഓണറേറിയം. ഇടയ്‌ക്കിടക്ക്‌ കൂട്ടി, പിണറായി സർക്കാർ അത്‌ 5000 ആക്കി ഉയർത്തി. അലവൻസുകളടക്കം ഇപ്പോൾ എണ്ണായിരം രൂപവരെ ലഭിക്കും. ആഴ്‌ചയിൽ മൂന്നുനാല്‌ ദിവസം നാലുമണിക്കൂർവരെ ജോലിയെന്ന്‌ പറഞ്ഞ്‌ തുടങ്ങിയ ആശാ വർക്കർമാരുടെ ജീവിതം ഇപ്പോൾ 24 മണിക്കൂറും തുടരുന്നു.  മഹാമാരിക്കാലത്ത്‌ ഏതസമയത്തും ആശ്വാസം തേടി വിളി വന്നേക്കാം. ഏതൊക്കെയൊ വഴികളിൽ ഉപേക്ഷിക്കപ്പെട്ട വിലാപങ്ങൾ ആശയെ പ്രതീക്ഷിക്കുന്നുണ്ടാകാം. അവരെയെല്ലാം ചേർത്തുപിടിക്കേണ്ടത്‌ ഈ ആശമാരാണ്‌.
വാർഡ്‌തല ആരോഗ്യ റിപ്പോർട്ട്‌ തയ്യാറാക്കി അയക്കൽമുതൽ 43 തരം ജോലികൾവരെ ആശാവർക്കർക്കുണ്ട്‌‌. കുഞ്ഞിന്‌ വാക്‌സിൻ കൊടുത്തൂവെന്ന്‌ ഉറപ്പാക്കൽമുതൽ പ്രസവം ആശുപത്രിയിലാക്കാനുള്ള ഇടപെടൽവരെ അതിലുൾപ്പെടും. രാജ്യമെമ്പാടും ഇന്ന് ഒമ്പതു ലക്ഷത്തോളം ആശാ പ്രവർത്തകരുണ്ട്‌. കേരളത്തിൽ 26,475 പേർ. അതത് വില്ലേജിലെ ചുറുചുറുക്കുള്ള യുവതികളെയാണ്‌ തെരഞ്ഞെടുക്കുന്നത്‌.
 

നിരാശ

കേരളത്തിൽ ആശാമാരുടെ ജീവിതം അത്രമേൽ കഷ്ടം നിറഞ്ഞതല്ലെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ, ആരോഗ്യപ്രവർത്തകർ എന്ന വിലാസം പോലും ഇവർക്ക്‌ ലഭിക്കുന്നില്ല. രാജ്യത്ത്‌ കോവിഡ്‌ ബാധയേറ്റ ആരോഗ്യപ്രവർത്തകരിൽ കൂടുതലും ഇവരാണ്‌. എന്നാൽ, ഇവർക്ക്‌ ഡോക്ടർ, നേഴ്‌സ്‌ തുടങ്ങിയവർക്ക്‌ ലഭിക്കുന്ന പരിഗണനയോ ചികിത്സയോ ലഭിക്കുന്നില്ല. കർണാടക ബെല്ലാരിയിൽ ഭീമക്ക എന്നൊരു ആശാ പ്രവർത്തക കോവിഡ്‌ ബാധിച്ചു‌ മരിച്ചു. ഇൻഷുറൻസ്‌ നൽകാതിരിക്കാൻ മരണം കോവിഡ്‌ ബാധിച്ചല്ല എന്ന രേഖയുണ്ടാക്കി. ആശാ വർക്കർ ഫെഡറേഷൻ‌ (സിഐടിയു) ഇടപെട്ടതിനാൽ മരണകാരണം കോവിഡാക്കി. പക്ഷേ, ഭീമക്കയുടെ കുടുംബത്തിന്‌ നീതി ഇപ്പോഴും അകലെ തന്നെ.
നാട്ടുകാരുമായുള്ള ജൈവ ബന്ധമാണ്‌ ആശാ പ്രവർത്തകരുടെ കൈമുതൽ. തങ്ങളിലൊരാളായി, മകളായി, ചേച്ചിയായി, അമ്മയായി പ്രശ്‌നങ്ങളിലിടപെടുന്ന ഒരാൾ. എന്നിട്ടും നമ്മൾ അവരോട്‌ ചെയ്യുന്നത്‌ അത്രയൊന്നും മെച്ചപ്പെട്ട കാര്യമല്ല. കോഴിക്കോട്ട്‌ ബാലുശ്ശേരിയിലും കൊയിലാണ്ടിയിലും ആശാ പ്രവർത്തകർക്കു‌ നേരെ ആക്രമണമുണ്ടായി. കൂട്ടംകൂടി ചീട്ടുകളിക്കുന്നത്‌ വിലക്കിയ ആശാ പ്രവർത്തകയുടെ സ്‌കൂട്ടർ മറിച്ചിട്ടാണ്‌ ആക്രമിച്ചതെന്ന്‌ ആശാ പ്രവർത്തകയും ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റുമായ പി പി പ്രേമ പറഞ്ഞു.
വാർഡു തലത്തിൽ കോവിഡിനെതിരായ ദ്രുതകർമസേനയുടെ അധിപയാണ്‌ ഇപ്പോൾ ആശാ വർക്കർ. അടിത്തട്ടിലെ മുഴുവൻ പ്രവർത്തനങ്ങളുടെയും ആദ്യ ചുമതലക്കാരി. അങ്കണവാടി അധ്യാപിക, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സ്‌, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ തുടങ്ങി വാർഡ്‌ മെമ്പർവരെ സഹായത്തിനുണ്ടാകും. വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്നവർ; അത്‌ ചെയ്യുന്നുണ്ടോയെന്ന്‌ ഉറപ്പാക്കൽ, വീട്ടുകാരെ‌ ഇതേക്കുറിച്ച്‌ ബോധവൽക്കരിക്കൽ, രോഗലക്ഷണം കാണിക്കുന്നവരെ ഉടൻ ആശുപത്രിയിലേക്ക്‌ മാറ്റൽ തുടങ്ങി രോഗിയുടെ വീട്ടിലെ അവസ്ഥവരെ കാണുന്നതും കേൾക്കുന്നതും മുകളിലേക്ക്‌ റിപ്പോർട്ട്‌ ചെയ്യുന്നതും ഇവർ. വിദേശത്തുനിന്നും മറ്റും വരുന്നവരെ ക്വാറന്റൈൻ ചെയ്യിക്കാൻ സൗകര്യമില്ലെങ്കിൽ സർക്കാർ സൗകര്യമൊരുക്കാൻ ആദ്യം റിപ്പോർട്ട്‌ നൽകുന്നതും ആശായുടെ ചുമതല. ഇനി പറയൂ, ഈ മുന്നണിപ്പടയ്‌ക്ക്‌ കൈയിലിറ്റിച്ച്‌ കൊടുക്കാൻ തുള്ളി സാനിട്ടൈസറെങ്കിലും കരുതുന്നുണ്ടോ നമ്മൾ? അത്രയെങ്കിലും നന്ദിയുള്ളവരാകേണ്ടെ നമ്മൾ!
ബോധവൽക്കരണത്തിന്റെ ഭാഗമായി വീടുകൾ സന്ദർശിക്കുകയും വിവരം ശേഖരിക്കുകയും ചെയ്യുന്നത്‌ ആശാമാരാണ്‌. എല്ലാവീട്ടിലും കയറിയിറങ്ങുന്നതിനാൽ, മാനസികമായ അകറ്റി നിർത്തലും ഇപ്പോൾ കൂടുതലാണ്‌. ശാരീരിക അകലം മതിയെന്ന്‌ നമ്മൾ പറഞ്ഞാലും, ചിലർ പേടിയോടെയാണ്‌ പെരുമാറുന്നത്‌. ജോലി കഴിഞ്ഞ്‌ വരുന്നത്‌ കണ്ടാൽ മുഖം തിരിച്ചുകളയുന്ന അയൽക്കാരുണ്ട്‌. അകറ്റി നിർത്താൻ ഞങ്ങളെന്തു ചെയ്‌തു? നിങ്ങളുടെ സുരക്ഷയെ പ്രതി ഞങ്ങൾ മുന്നണിയിൽ  നിന്നതോ?
 

പ്രത്യാശ

കഴിഞ്ഞ ജൂൺ ഏഴിന്‌ ഇടുക്കി വണ്ടിപ്പെരിയാറിലെ സത്രം എന്ന സ്ഥലത്തു നിന്നൊരു വാർത്ത വന്നു. പ്രസവത്തിന്‌ ആശുപത്രിയിൽ പോകാൻ വിസമ്മതിച്ച ആദിവാസി യുവതിക്ക്‌ സുഖപ്രസവം. കാട്ടിനുള്ളിൽ പേറ്റില്ലമൊരുക്കിയത്‌ അമ്പിളി ചാക്കോ എന്ന ആശാ വർക്കർ. അവരും കൂട്ടുകാരിയും നടത്തിയ ഇടപെടലിൽ അമ്മയും കുഞ്ഞും ഇന്നും ജീവിക്കുന്നു. ഏതോയിടത്തെ തിരുപ്പിറവിക്ക്‌ കാരണമായ പ്രത്യാശ കൂടിയാണ്‌ ആശാ വർക്കരുടെ ജീവിതം.
പ്രാഥമിക ആതുരാലയങ്ങളിലെ ഡോക്ടർമാർ, അവിടത്തെ ജീവനക്കാർ എന്നിവരും പൊതുജനങ്ങളും തമ്മിലുള്ള കണ്ണിയാവുക എന്നതാണ് ആശാ വർക്കർ എന്ന പദവിയുടെ സ്ഥാപിതലക്ഷ്യം. ആ കണ്ണിയാണ്‌ ഇന്ന്‌ നാം അതിജീവിക്കുന്നതിന്റെ മർമപ്രധാനമായ ഭാഗം. ലോകമാകെ നിരീക്ഷിക്കുന്ന കേരളത്തിന്റെ പ്രതിരോധ മാതൃകയിൽ നാം അഭിമാനിക്കുമ്പോഴും അതിന്‌ കാരണക്കാരായി മന്ത്രി കെ കെ ശൈലജ ലോകവേദികളിൽ പരിചയപ്പെടുത്തിയത്‌ താഴെയ്‌ക്കിടയിലുള്ള ആശായടക്കമുള്ള പ്രതിരോധ പ്രവർത്തകരെയാണ്‌. നിങ്ങളാണ്‌ കേരളത്തിന്റെ അഭിമാനം എന്ന്‌ പലയിടത്തും മന്ത്രി എടുത്തുപറഞ്ഞു. ഈ കോവിഡ്‌ കാലത്ത്‌ മാത്രമല്ല, കോഴിക്കോട്ടെ നിപാ കാലത്തും രോഗിയുടെ വസ്‌ത്രങ്ങൾ സംസ്‌കരിക്കുന്നതടക്കമുള്ള പ്രവർത്തനങ്ങളിലും ആശാ പ്രവർത്തകരുണ്ടായിരുന്നു. അറിഞ്ഞോ നമ്മൾ?
കേരളത്തിന്‌ പുറത്ത്‌ ഗ്രാമീണ ഇന്ത്യയുടെ സ്റ്റെതസ്‌കോപ്പാണ്‌ ആശാ പ്രവർത്തകർ. അജ്ഞതയും ദാരിദ്ര്യവും മൂലം വലയുന്ന ജനസമൂഹത്തിന്റെ മരുന്നാണവർ. പുണെ മെഡിക്കൽ കോളേജ്‌ 2014ൽ പ്രാഥമിക ആരോഗ്യ പരിചരണത്തെക്കുറിച്ച്‌ നടത്തിയ പഠനത്തിൽ, ആശാ പ്രവർത്തകരുടെ പ്രാധാന്യം എടുത്തു പറയുന്നുണ്ട്‌. ബിഹാർ, മധ്യപ്രദേശ്, ഒഡിഷ, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ ആശുപത്രി പ്രസവം ആശയുടെ ഇടപെടലിൽ 43 ശതമാനം വർധിച്ചു. പ്രതിരോധ കുത്തിവയ്‌പിലും വാക്‌സിൻ നൽകുന്നതിലും കാര്യമായ വർധനയുണ്ടായി. ഗർഭിണികളിലും കുഞ്ഞുങ്ങളിലുമുണ്ടാകുന്ന പോഷകാഹാരക്കുറവ്‌ ആശാമാരുടെ നിരീക്ഷണത്തിൽ പകുതിയിലധികം കുറയ്‌ക്കാനായതായി പഠനം പറയുന്നു.
ഗ്രാമീണ ഇന്ത്യയുടെ ആരോഗ്യത്തുടിപ്പുകളായ ഇവർക്ക്‌ പക്ഷേ, കേന്ദ്രസർക്കാർ നിരാശ മാത്രമാണ്‌ നൽകിയത്‌. നന്നെ ചുരുങ്ങിയതെങ്കിലും ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്നത്‌ കേരളത്തിലെ ആശാ പ്രവർത്തകർക്കാണ്‌. കോവിഡ്‌ മുന്നണിയിൽ അത്യാവശ്യം പ്രതിരോധ ഉപകരണങ്ങളും ലഭിക്കുന്നു. മഹാരാഷ്ട്രയടക്കമുള്ള വിവിധ സംസ്ഥാനങ്ങളിൽ ഇപ്പോഴും മാസങ്ങളുടെ വേതനക്കുടിശ്ശികയുമുണ്ട്‌.
രാജ്യത്തെമ്പാടും മിനിമം കൂലി ആവശ്യപ്പെട്ട്‌ ആശാ പ്രവർത്തകർ നിരവധി തവണയാണ്‌ സമരത്തിനിറങ്ങിയത്‌. 2018ലും 2019ലും കേന്ദ്രസർക്കാർ ഓണറേറിയത്തിൽ 50 ശതമാനം വർധന പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും കടലാസിൽ തന്നെ. ബജറ്റിൽ 500 രൂപയുടെ വർധനമാത്രം വരുത്തി. വാഗ്‌ദാനം തുടരുന്നത്‌ പോകട്ടെ, കൂലി കുടിശ്ശികയെങ്കിലും തരൂ എന്നാണ്‌ മിക്ക സംസ്ഥാനങ്ങളിലും ഈ മുന്നണി കാലാൾപ്പടയുടെ രോദനം.
കേരളം മൂന്നാം കോവിഡ്‌ തരംഗത്തിന്റെ മുനമ്പിലാണ്‌. പലയിടത്തും ആരോഗ്യ പ്രവർത്തകർ വൈറസേറ്റ്‌ വീണു തുടങ്ങിയിട്ടുണ്ട്‌. 39 ആശാവർക്കർമാർക്കാണ്‌ ഇതുവരെ സംസ്ഥാനത്ത്‌ കോവിഡ്‌ ബാധയേറ്റത്‌. നമ്മൾ വീട്ടിനുള്ളിൽ സുരക്ഷിതരായാൽ, പുറത്ത്‌ വൈറസിനോട്‌ പൊരുതാൻ അവർക്ക്‌ എളുപ്പം കഴിയും. സുരക്ഷിതരായിരിക്കാൻ, നമ്മുടെ മുറ്റത്ത്‌ വന്ന്‌ അവർ എത്രകാലം പറയണം. നമുക്ക്‌ നമ്മുടെ ജീവിതത്തോട്‌ അത്രയെങ്കിലും ആശ തോന്നുന്നില്ലെങ്കിൽ ഈ പാവം ആശാമാർ പിന്നെ എന്തുചെയ്യാനാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top