26 April Friday

നിര്‍മിത ബുദ്ധി ഉത്തരവാദിത്വത്തോടെ

ജയാ ജി നായര്‍Updated: Sunday May 7, 2023


‘ചാറ്റ് ജി പി ടി’ എന്ന കംപ്യൂട്ടർ ആപ്ലിക്കേഷൻ ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌. ഉത്തരങ്ങൾ തരാൻ മാത്രമല്ല, കവിതയെഴുതാനും വിവർത്തനം നടത്താനും കുറിപ്പുകൾക്ക്‌ സംഗ്രഹം ഉണ്ടാക്കാനും മറ്റും അതു പരീക്ഷിക്കുന്ന തിരക്കിനിടയിലും നമുക്ക് ചില ആശങ്കകൾ ഉണ്ടാകുന്നുണ്ട്. ‘നിർമിത ബുദ്ധി' ഉപയോഗിക്കുന്ന സങ്കേതമാണ് ചാറ്റ് ജി പി ടി എന്നതാണ് ഈ സംശയങ്ങൾക്ക് പ്രധാന കാരണം. 

സാങ്കേതികരംഗത്തുണ്ടാകുന്ന ഏതൊരു വികാസത്തെപ്പറ്റിയും  അപകടമുണ്ടാക്കുമോ, ദുരുപയോഗം ചെയ്യപ്പെടുമോ എന്നൊക്കെ സംശയങ്ങൾ എപ്പോഴും ഉണ്ടാകാറുണ്ട്. നിർമിതബുദ്ധി മേഖലയിലെ മാറ്റങ്ങൾ പ്രത്യേകിച്ചും കൂടുതൽ ഭയാശങ്കകൾക്ക് കാരണമാകാറുണ്ട്. ബുദ്ധി തന്നെ ‘നിർമിക്ക'പ്പെടുമ്പോൾ കാര്യങ്ങൾ കൈവിട്ടു പോകുമോ എന്ന ചിന്ത സ്വാഭാവികവും.

‘ബുദ്ധി’യുടെ നിർമാണം
ബുദ്ധിയുടെ ലക്ഷണം എന്നു കരുതുന്ന കഴിവുകൾ കംപ്യൂട്ടറിൽ  നിർമിക്കാൻ പറ്റുമോ? 1950-കളിൽ തന്നെ ഇത്തരം ശ്രമങ്ങൾ തുടങ്ങിയിരുന്നു. ഒരു വിദഗ്ധൻ പ്രത്യേക മേഖലയിലുള്ള അറിവും കഴിവും യന്ത്രത്തിൽ സൃഷ്ടിക്കാൻ ശ്രമിച്ചതിന്റെ ഫലമായാണ്‌ എൺപതുകളിൽ ‘എക്സ്പർട്ട് സിസ്റ്റം’ (Expert system)വികസിപ്പിച്ചത്. 97-ൽ അന്നത്തെ ലോക ചെസ്സ് ചാമ്പ്യൻ  ഗാരി കാസ്പറോവിനെ ‘ഡീപ്ബ്ലൂ’ കംപ്യൂട്ടർ(Deep Blue) തോൽപ്പിച്ചത് വലിയ വാർത്തയായിരുന്നു.

നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്ന ഈ മേഖലയിൽ പല സമീപനങ്ങളും പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന്, എല്ലാം മുൻകൂട്ടി പ്രോഗ്രാം ചെയ്യുക എന്നതിനപ്പുറം, പുതിയ പ്രശ്നങ്ങളോടു സ്വയം പ്രതികരിക്കാനുള്ള  കഴിവ് യന്ത്രങ്ങളിൽ നിർമിക്കുവാൻ  ശ്രമിക്കുന്നു. എന്തു പ്രശ്നമാണോ പരിഹരിക്കേണ്ടത് അതിനു വേണ്ട ഒരു പരിഹാരം (ഇതിനെ അൽഗോരിതം എന്നോ മോഡൽ എന്നോ വിളിക്കാം) ഉണ്ടാക്കി, പ്രസക്തമായ ധാരാളം വിവരം (Data) ഉപയോഗിച്ച് പരിശീലിപ്പിക്കുന്നു. ‘യന്ത്രം പഠിക്കുന്ന' ഈ രീതിക്കാണ് മെഷീൻ ലേണിങ്‌ (Machine learning) എന്ന് പറയുന്നത്. പരിശീലനം ചെയ്തു കഴിഞ്ഞാൽ പിന്നീട് സാഹചര്യത്തിനനുസരിച്ച് - അത് പരിശീലന സമയത്ത് കണ്ടിട്ടുള്ളതല്ലെങ്കിലും - ശരിയായ രീതിയിൽ പ്രതികരിക്കാനും തീരുമാനങ്ങൾ എടുക്കുവാനും യന്ത്രം സജ്ജമാകും. പ്രവർത്തിക്കുന്നതിനൊപ്പം കൂടുതൽ പഠിക്കുകയും ചെയ്യുന്നു!

ആമസോൺ അലക്സ(Amazon Alexa) എന്ന ഉപകരണത്തിനോട് നാം ‘കൽപ്പന’കൾ പറഞ്ഞു ചെയ്യിക്കുമ്പോൾ സംസാരം മനസ്സിലാക്കുന്ന നിർമിതബുദ്ധി സങ്കേതമാണ്  പ്രവർത്തിക്കുന്നത്. ഇതുപോലെ   ഭാഷകൾ ഉപയോഗിക്കുക, ദൃശ്യങ്ങൾ തിരിച്ചറിയുക, ഡ്രൈവറില്ലാതെ കാറോടിക്കുക, ചിത്രം വരയ്ക്കുക,  കണക്കിലെ സിദ്ധാന്തങ്ങൾ തെളിയിക്കുക...എന്നിങ്ങനെ ‘ബുദ്ധി’ ആവശ്യമുള്ള പലതും ചെയ്യുന്ന  നിരവധി ഉപകരണങ്ങൾ ഇതിനോടകം വികസിപ്പിച്ചിട്ടുണ്ട്‌. ഈ രംഗത്ത്‌ വലിയ തോതിലുള്ള ഗവേഷണങ്ങൾ പുരോഗമിക്കുകയുമാണ്‌. 

ആശങ്കകൾ
എന്തൊക്കെയാണ് നിർമിതബുദ്ധി സങ്കേതങ്ങളെക്കുറിച്ചുള്ള  ഭയാശങ്കകൾ...പ്രവർത്തനങ്ങളിൽ തെറ്റുണ്ടാകുമോ എന്നതാണ് ഒന്ന്. പല കാരണങ്ങൾകൊണ്ടും തെറ്റുകൾ ഉണ്ടാകാം. മോഡൽ നൂറു ശതമാനം ശരിയാകണം എന്നില്ല. പരിശീലനത്തിന് ഉപയോഗിക്കുന്ന ഡാറ്റ അപൂർണമാകാം. അത് യഥാർഥ ലോകത്തെ എത്രത്തോളം കൃത്യമായി പ്രതിനിധീകരിക്കുന്നു എന്നത് ഒരു ചോദ്യമാണ്. ഡാറ്റയിൽ പക്ഷപാതമോ വിവേചനമോ ഉണ്ടാകുന്നത് വലിയ പ്രശ്നമാണ്. കിടമത്സരവും കുത്തകവൽക്കരണവും ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും  അപകടരമാകും. പരിശീലനം  നൽകുന്ന മനുഷ്യ വിദഗ്ധരുടെ  അറിവിന്റെ  പരിധികളും മുൻവിധികളും പ്രശ്നമുണ്ടാക്കാം. ഇതൊക്കെ യന്ത്രത്തിന്റെ പിന്നീടുള്ള പ്രവർത്തനത്തെ ബാധിക്കാം.

മനുഷ്യന്റെ സാമാന്യബുദ്ധിയോ വിവേചനശേഷിയോ സഹാനുഭൂതിയോ നീതിബോധമോ യന്ത്രത്തിനില്ല. നിർമിതബുദ്ധിയിൽ അവ എത്രത്തോളം ഉണ്ടാക്കാൻ സാധിക്കും? യന്ത്രത്തിന്റെ പ്രവർത്തനം സാമൂഹ്യവും ധാർമികവും നിയമപരവുമായ പാർശ്വഫലങ്ങൾ സൃഷ്ടിക്കുന്നുണ്ടോ എന്നതും അതിസൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. നിർമിതബുദ്ധി സങ്കേതത്തിന്റെ  ഉപയോഗവും പ്രധാനമാണ്. ചാറ്റ് ജി പി ടി തന്നെ പരിശോധിച്ചാൽ,  ഒരേ ചോദ്യം രണ്ടു രീതിയിൽ ചോദിച്ചാൽ ഉത്തരം രണ്ടു തരത്തിലാകാം. ചിലപ്പോൾ, ഭാഷാപരമായും ആശയപരമായും ശരിയെങ്കിലും  വാസ്തവവിരുദ്ധമായ ഉത്തരം തരുന്ന ‘ഹലൂസിനേഷൻ’ എന്ന പ്രശ്നമുണ്ടാകാം. കൂടുതൽ വിശകലനം ചെയ്യാതെ ഉത്തരങ്ങൾ ഉപയോഗിക്കുന്നത് അപകടം വരാവുന്ന വഴികളാണ്‌. നിർമിതബുദ്ധിയുടെ സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ ഉത്തരവാദിത്വം ഇല്ലാതാകുന്നില്ല എന്നതാണ് വാസ്തവം. അറിയാതെയോ അറിഞ്ഞുകൊണ്ടോ സങ്കേതങ്ങൾ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ഭയം ഇതിനു പുറമെയാണ്. വിവരത്തിന്റെ  സ്വകാര്യതയും സുരക്ഷിതത്വവും ആണ് മറ്റൊരു കാര്യം. സ്വകാര്യവിവരങ്ങൾ തെറ്റായ കൈകളിൽ എത്തുമോ, നമ്മുടെ സ്വാതന്ത്ര്യത്തിനും സ്വയം നിർണയാവകാശങ്ങൾക്കും ഭീഷണിയുണ്ടാകുമോ.... -ഇവയും ആശങ്കകളാണ്.

ഉത്തരവാദിത്വത്തോടെ
ആശങ്കകൾ എങ്ങനെ പരിഹരിക്കാം എന്ന ചിന്തയുടെ ഫലമാണ് ‘ഉത്തരവാദിത്വത്തോടെയുള്ള നിർമിതബുദ്ധി’ അഥവാ ‘റസ്പോൺസിബിൾ എഐ’ (Responsible Artificial Intelligence)എന്നത്.  ഇത് ഇന്നു കേവലം ഒരു ആശയമല്ല. ഈ മേഖലയിലെ സാങ്കേതികവിദഗ്ധരും സ്ഥാപനങ്ങളും സംഘടനകളും ഒരുമിച്ച് ഗവേഷണവും പ്രയോഗവും നടത്തുന്ന വിഷയമാണ്. വിശ്വാസയോഗ്യവും സുരക്ഷിതവും ധാർമികതയും നിയമങ്ങളും അനുസരിക്കുന്നതുമായ നിർമിതബുദ്ധി സങ്കേതങ്ങൾ എങ്ങനെ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്യാം എന്നതാണ് ഇതിലെ ചിന്താവിഷയം.

സങ്കേതങ്ങളുടെ നിർമാണ –വിന്യാസത്തിനു വേണ്ട  എല്ലാ കാര്യങ്ങളും എങ്ങനെ ചെയ്യണം എന്നു ചിന്തിച്ച് രൂപപ്പെടുത്തിയ ഒരു ഘടന അഥവാ നിർവഹണ ചട്ടക്കൂടിന് ഉള്ളിൽ നിന്നുകൊണ്ടു പ്രവർത്തിക്കുന്നത് എല്ലാവർക്കും നല്ലതിനാണെന്ന് ഒരു തിരിച്ചറിവുണ്ട്.

നിയന്ത്രണങ്ങൾ
സാങ്കേതിക മേഖലയിലെ പുരോഗതി മാനവരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തിന്‌ അനിവാര്യമാണ്‌.  ഭാവിയിൽ നിർമിതബുദ്ധി വളരെ വിപ്ലവകരമായ മാറ്റങ്ങൾ പല മേഖലകളിലും വരുത്തും എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ അവ നിയന്ത്രണങ്ങൾക്ക്‌ അപ്പുറമാകുന്നത്‌ അപകടകരമാകും. സുരക്ഷ ഉറപ്പാക്കി അവധാനതയോടെയാകണം  മുമ്പോട്ടു പോകേണ്ടത്; അല്ലെങ്കിൽ സമൂഹത്തിന് അപകടമാകുന്ന രീതികൾ ഉണ്ടാകാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top