26 April Friday

നിർമിത ബുദ്ധിയുടെ കാലം

നിഖിൽ നാരായണൻUpdated: Thursday Mar 5, 2020


ചിന്തിക്കാനും പഠിക്കാനും തീരുമാനങ്ങൾ എടുക്കാനുമുള്ള കഴിവുകളാണ് മനുഷ്യരെ യന്ത്രങ്ങളിൽ നിന്ന് വിഭിന്നമാക്കുന്നത്. ഇത്തരം ബുദ്ധിയും വിവേകവും വേണ്ട നിരവധി സന്ദർഭങ്ങളിലൂടെ നമ്മൾ ദിവസവും കടന്നു പോകുന്നു. നമുക്കാകട്ടെ ഇതൊക്കെ വലിയ കഴിവുകളാണെന്ന്‌  തോന്നാറുമില്ല—വളരെ ലളിതമായ കാര്യങ്ങൾ. ചില ഉദാഹരണങ്ങൾ  നോക്കാം: വണ്ടി ഓടിച്ചു പോകുമ്പോൾ നായ കുറുകെ ചാടിയാൽ ബ്രേക്ക്‌ ചവിട്ടണം എന്നുള്ള ബോധം; പൂച്ചയേയും പൂവിനേയും തിരിച്ചറിയാനുള്ള കഴിവ്; ഒരു എക്സ് റേ നോക്കി ഒടിവുണ്ടോ എന്ന് മനസ്സിലാക്കാനുള്ള കഴിവ് തുടങ്ങി അങ്ങനെയങ്ങനെയുള്ള എത്രയെത്ര കാര്യങ്ങൾ...  മനുഷ്യർക്ക് മാത്രമുള്ള കഴിവുകൾ ആണെന്നാണ് നമ്മുടെ സാധാരണയുള്ള ധാരണ. ഇത്തരം കഴിവുകളൊക്കെ അതേ രീതിയിൽ പ്രകടിപ്പിക്കാൻ പ്രാപ്തരായ യന്ത്രങ്ങൾ ഉണ്ടായാലോ?  ‘നല്ല ബുദ്ധി’യുള്ള യന്ത്രങ്ങൾ! അവയെയാണ്‌  നിർമിത ബുദ്ധി അഥവാ കൃത്രിമ ബുദ്ധി  (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സംവിധാനങ്ങൾ എന്ന് വിശേഷിപ്പിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യയിൽ വളരെ വേഗം വികസിച്ചുകൊണ്ടിരിക്കുന്ന മേഖല കൂടിയാണിത്‌.

സർവം നിർമിതബുദ്ധി മയം
1950കളിൽ അമേരിക്കയിലെ കംപ്യൂട്ടർ ശാസ്ത്രജ്ഞനായ ജോണ് മക്കാർത്തിയാണ് "ആർട്ടിഫിഷ്യൽ ഇന്റലിജൻസ്" എന്ന പേര് ഇത്തരം  ശാസ്ത്ര ശാഖയ്ക്ക് നൽകിയത്.  ഇന്റർനെറ്റിന്റെ വരവും നമ്മുടെ ഓരോ ഡിജിറ്റൽ നീക്കവും ഒപ്പിയെടുക്കുന്നത് വഴിയുണ്ടായ ഡാറ്റ വിസ്ഫോടനവും  നിർമിത ബുദ്ധിയെ  ഒട്ടുമിക്ക ഡിജിറ്റൽ സംവിധാനങ്ങളുടെയും പ്രധാന ഭാഗമാക്കി മാറ്റി.

ഇന്നിപ്പോൾ നിർമിത ബുദ്ധിയില്ലാത്ത ഡിജിറ്റൽ സംവിധാനങ്ങൾ ഇല്ലായെന്ന്  പറയാം. കാറുകൾ മുതൽ ടെലിവിഷൻ വരെ; ജിമെയിൽ മുതൽ ഗൂഗിൾ മാപ്സ് വരെ; യൂബർ മുതൽ ഗൂഗിൾ ട്രാൻസ്ലേറ്റ് വരെ; അലക്സ മുതൽ  ഫെയ്‌സ്‌ ബുക്ക് വരെ; ബാങ്കിങ് ആപ്പുകൾ മുതൽ  ഓൺലൈൻ ലോകത്തുള്ള  പരസ്യങ്ങളും  കസ്റ്റമർ സപ്പോർട്ട്  ചാറ്റ് ബോട്ടുകളും വരെ...സർവം നിർമിതബുദ്ധി മയമാണ് നമ്മുടെ ലോകം.


 

നിങ്ങൾ നിരന്തര നിരീക്ഷണത്തിൽ
മനുഷ്യരും യന്ത്രങ്ങളുമായുള്ള താരതമ്യം നേരത്തെ സൂചിപ്പിച്ചുവല്ലോ. പഠിക്കാനും മനസ്സിലാക്കാനും കാര്യങ്ങൾ വിവേചിച്ചറിയാനുമുള്ള  കഴിവാണ്  മനുഷ്യരുടെ ശക്തി. നിർമിത ബുദ്ധിയുള്ള സംവിധാനങ്ങളുടെ ‘ശക്തി’യും ഇത് തന്നെ. മനുഷ്യബുദ്ധിയുടെ അനുകരണമായി മാറുകയാണത്‌. പൂർണതോതിൽ ആയിട്ടില്ലെങ്കിലും. 

ഇത്തരം സംവിധാനങ്ങളെ അതിനു പിന്നിലുള്ള മനുഷ്യർ ആദ്യം പഠിപ്പിക്കുന്നു, പിന്നീട് ഈ ‘യന്ത്രങ്ങൾ' താനേ പഠിക്കുന്നു. നിങ്ങൾ ജീവിതത്തിൽ ആദ്യമായി യൂട്യൂബിൽ കയറി ഒരു വീഡിയോ കണ്ടതിന്‌ ശേഷം,  യൂട്യൂബ് റെക്കമെന്റ് ചെയ്ത വീഡിയോ ഒരു പക്ഷെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഒന്നല്ലായിരിക്കാം. നിങ്ങൾ ഓരോ വീഡിയോ കാണുമ്പോഴും യൂട്യൂബ് എന്ന സംവിധാനം നിങ്ങളെ കൂടുതൽ പഠിക്കുകയാണ്. നിങ്ങളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും അടുത്തറിയുകയാണ്. നിങ്ങൾ എവിടെ നിന്നാണ് വീഡിയോ കാണുന്നത് എന്നും ലോഗിൻ ചെയ്തിട്ടുണ്ടെങ്കിൽ എത്ര പ്രായമായെന്നുമെല്ലാം  യൂട്യൂബിനറിയാം.

നിർമിതബുദ്ധി എന്നത് ഇന്നുതന്നെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. നമ്മുടെ ഡിജിറ്റൽ അനുഭവങ്ങൾ മികച്ചതാക്കുന്നതിൽ ഇത്തരം ബുദ്ധിയുള്ള സംവിധാനങ്ങൾ വലിയൊരു പങ്ക് വഹിക്കുന്നു. ഭാവിയിൽ ഇത് കൂടുതൽ കൂടുതൽ യന്ത്രങ്ങളുടെ തലച്ചോറിൽ ഇടം നേടുമെന്നത് തീർച്ചയാണ്. ഡ്രൈവർ ഇല്ലാ വാഹനങ്ങളും  വിദൂരത്തേക്ക്‌ സാധനങ്ങൾ എത്തിക്കുന്ന  ആളില്ലാ വിമാനങ്ങളും രോഗ നിർണയം വരെ നടത്താൻ കഴിയുന്ന സോഫ്റ്റ് വെയറും രോഗങ്ങൾക്ക് മരുന്ന് കണ്ടെത്തുകയും നിർദേശിക്കുകയും  ചെയ്യുന്ന  നിർമിതബുദ്ധി യന്ത്രങ്ങളും  തുടങ്ങി പലതും വലിയതോതിൽ നമുക്കിടയിൽ പ്രചാരത്തിലാകുന്ന കാലം വിദൂരമല്ല.
 

അത്‌ഭുതങ്ങൾക്കായി കാത്തിരിക്കാം
സാങ്കേതിക വിദ്യയിൽ ഏറെ മുന്നോട്ടു പോകുമ്പോഴും നിർമിത ബുദ്ധി മനുഷ്യനെ കീഴടക്കുമോ എന്ന ആശങ്കയും വച്ചുപുലർത്തുന്നവരുണ്ട്‌. നല്ലവശങ്ങൾ നൂറാണെങ്കിലും തെറ്റുകുറ്റങ്ങൾ ഇല്ലാതെയല്ല ഒരു നിർമിത ബുദ്ധി സംവിധാനവും. മനുഷ്യരാൽ നിമിക്കപ്പെടുന്ന സംവിധാം ആയതിനാൽ  മനുഷ്യന്റെ പല ന്യൂനതകൾ ഇതിനും ഉണ്ടാകാം. എന്തായാലും ഈ രംഗത്ത്‌ വരും നാളുകളിൽ അത്ഭുതങ്ങൾ കാണേണ്ടി വരുമെന്നാണ്‌ ശാസ്‌ത്രലോകത്തിന്റെ വെളിപ്പെടുത്തൽ.


 

വ്യോമമിത്ര ഒരു  നിർമിതബുദ്ധി
ബഹിരാകാശത്തേക്ക്‌ പുറപ്പെടാൻ  തയ്യാറെടുക്കുന്ന വ്യോമമിത്ര പുർണമായി നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന സ്‌പെയ്‌സ്‌ റോബോട്ടാണ്‌. ഐഎസ്‌ആർഒയുടെ ഗഗൻയാൻ ദൗത്യത്തിന്‌ മുന്നോടിയായുള്ള പരീക്ഷണപ്പറക്കലിന്‌ നേതൃത്വം നൽകുന്നത്‌ വ്യോമമിത്രയാണ്‌. 

മനുഷ്യനില്ലാതെ ഈ വർഷം അവസാനം നടക്കുന്ന  ദൗത്യത്തിൽ ബഹിരാകാശത്തേക്ക്‌ പറക്കുന്നത്‌ ഈ ‘സ്‌ത്രീ റോബോട്ടാ’ണ്‌. ബഹിരാകാശത്തെ സൂക്ഷ്‌മായി നിരീക്ഷിക്കാനും വിശകലനംചെയ്യാനും ഇതിന്‌ കഴിയും. ബഹിരാകാശവാഹനത്തിന്റെ  സ്വിച്ച്‌ പാനലടക്കം പ്രവർത്തിപ്പിക്കാനും കഴിവുണ്ട്‌.  ഐഎസ്‌ആർഒയുടെ സഹകരണത്തോടെ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സയൻസാണ്‌ ഈ ഹ്യൂമനോയ്ഡ്‌ വികസിപ്പിച്ചത്‌.  ഭൂമിയിൽനിന്നുള്ള നിർദേശങ്ങൾ സ്വീകരിച്ച്‌ പ്രവർത്തിക്കാനും പ്രതികരിക്കാനും കഴിയുമെന്ന പ്രത്യേകതയുമുണ്ട്‌. മനുഷ്യരൂപത്തിലുള്ള റോബോട്ടിന്‌ ചലിക്കാനും കഴിയും.  ചന്ദ്രയാൻ –-2 ദൗത്യത്തിലും ഐഎസ്‌ആർഒ നിർമിത  ബുദ്ധി ഉപയോഗിച്ചിരുന്നു. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ നിയന്ത്രണം വിട്ട്‌ ഇടിച്ചിറങ്ങിയ വിക്രം ലാന്ററിന്റെ അവസാന പതിനഞ്ചു മിനിറ്റിലെ നിയന്ത്രണം ഈ സംവിധാനത്തിനായിരുന്നു.  

ഭാവി ബഹിരാകാശ ദൗത്യങ്ങളിലും ഗോളാന്തര യാത്രകളിലും  നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന സപെയ്‌സ്‌ റോബോട്ടുകളെയും  ഇത്തരത്തിലുള്ള സംവിധാനങ്ങളെയും കൂടുതലായി ഉപയോഗപ്പെടുത്തേണ്ടിവരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top