23 April Tuesday

കുട്ടിക്കളിയല്ല നിർമിത ബുദ്ധി

നിഖിൽ നാരായണൻUpdated: Friday Oct 30, 2020


നിർമിത ബുദ്ധി ഇന്ന് സർവവ്യാപിയാണ്. സ്മാർട്ട് ഫോണുകൾ മുതൽ സ്മാർട്ട് ടെലിവിഷനുകൾ വരെ. സ്മാർട്ട്‌ കാറുകൾ മുതൽ വാച്ചുകൾ വരെ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI)തൊടാത്ത മേഖലകളില്ല. ഇത്തരം സംവിധാനങ്ങളുമായി നാം നടത്തുന്ന ഓരോ ഇടപാടുകളിൽനിന്നും അവ നമ്മെ കൂടുതൽ അടുത്തറിഞ്ഞ്‌  നമുക്ക് ഇഷ്ടപ്പെടാൻ ഇടയുള്ള കാര്യങ്ങൾ പറയാനും ചോദിക്കാനും കാണിക്കാനും ചെയ്യാനും ശ്രദ്ധിക്കുന്നു. മുതിർന്നവർ മാത്രമല്ല ഇത്തരം സംവിധാനങ്ങളുടെ ഉപയോക്താക്കൾ.  കുട്ടികളിൽ ഇത്തരം സംവിധാനങ്ങൾക്ക് ഉണ്ടാകുന്ന, ഉണ്ടായേക്കാവുന്ന സ്വാധീനം ചെറുതല്ല. പക്ഷെ കുട്ടികളെ ഉപയോക്താക്കളായി പലരും കാണുന്നില്ല എന്ന് വേണം പറയാൻ. ഇതൊന്നും കുട്ടികൾക്ക് വേണ്ടിയല്ല നിർമിക്കപ്പെടുന്നത് എന്ന് ചുരുക്കം.

മുതിർന്നവരേേപ്പാലെ കുട്ടികളും ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നു. ഉദാഹരണത്തിന് യൂട്യൂബിലെ റെക്കമെന്റേഷനുകൾ നോക്കുക. നേഴ്‌സറിപ്പാട്ടുകൾ അല്ലെങ്കിൽ കാർട്ടൂൺ കാണുന്ന കുട്ടിക്ക് അടുത്ത വീഡിയോ തെരയേണ്ട പണിപോലുമില്ല. ഒന്നിൽനിന്ന് അടുത്തതിലേക്ക് യൂട്യൂബ്‌ തന്നെ  കുട്ടിയെ കൊണ്ടുപോകും. ഒരു കാർട്ടൂൺ പരമ്പര മുഴുവൻ കണ്ട് തീർത്ത കുട്ടിക്ക് ഇഷ്ടപ്പെടുന്ന അതിലും മികച്ച പരമ്പര മുന്നിലെത്തിക്കാനുള്ള ‘ബുദ്ധിയും വിവരവും’ യൂട്യൂബിനുണ്ട് !


 

അലക്സയോട് ചോദ്യങ്ങൾ ചോദിക്കുകയോ പാട്ടുകൾ വയ്ക്കാൻ പറയുകയോ ചെയ്യുന്ന കുട്ടിയാണെങ്കിൽ അലക്‌സയ്ക്ക് മനസ്സിലാകുന്നത് പോലെ തന്റെ ആക്സന്റ്, സംസാര രീതി മാറ്റിപ്പിടിക്കും. (അലക്സയും ഇതുപോലെ ആക്സന്റ് മനസ്സിലാക്കാൻ പരിശ്രമിക്കും എന്നുള്ളത് മറ്റൊരു കാര്യം).

നിർമിത ബുദ്ധിയുടെ  ന്യൂനതകളായി പക്ഷപാതം, നൈതികതയുടെ അഭാവം, സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്നിവയൊക്കെക്കുറിച്ച് നിരവധി ചർച്ചകൾ നടക്കുമ്പോഴും, അതെല്ലാം ലിംഗം, വംശം എന്ന തലത്തിലാണ് പലപ്പോഴും നിൽക്കുക. കുട്ടികളെ നിർമിത ബുദ്ധിയുടെ ഇങ്ങേത്തലയ്ക്കലെ ഒരു കൂട്ടമായി അംഗീകരിച്ചാൽ മാത്രമല്ലേ അവർക്ക് അനുയോജ്യമായ സംവിധാനമാണോ നിർമിക്കപ്പെടുന്നത് എന്ന് നിഷ്കർഷിക്കാനാകൂ. ഇത്തരം ഒരു നീക്കമാണ് യൂണിസെഫ് ഇക്കഴിഞ്ഞ മാസം നടത്തിയത്.

യൂണിസെഫിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ ഫോർ ചിൽഡ്രൻ പോളിസി  പദ്ധതിയുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച  കരട് നയം സർക്കാരുകൾക്കും കമ്പനികൾക്കും കുട്ടികളുടെ ആവശ്യങ്ങളെയും അവകാശങ്ങളെയും മുന്നിൽ നിർത്തിക്കൊണ്ടുള്ള  ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ സംവിധാനങ്ങൾ നിർമിക്കാൻ വഴിതെളിക്കും എന്നാണ്‌ വിലയിരുത്തൽ. നിർമിത ബുദ്ധി സംവിധാനങ്ങൾ ധാർമികമായും നൈതികമായുമുള്ള ഒരു ചട്ടക്കൂടിനുള്ളിൽനിന്ന് പ്രവർത്തിക്കണമെന്ന ആവശ്യം  ഏറെക്കാലമായി നടക്കുന്നുണ്ട്. സ്വകാര്യത, സുരക്ഷ, മനുഷ്യാവകാശം അടക്കമുള്ള കാര്യങ്ങൾ ജനുവരിയിൽ വന്ന ഹാർവാർഡ് സർവകലാശാലയുടെ ഒരു പ്രബന്ധത്തിൽ പറയുന്നുണ്ട്. ഇതിനൊപ്പം ചേർക്കാവുന്ന ഒരു കൂട്ടം നിബന്ധനകളാണ് യൂണിസെഫ് നിഷ്കർഷിക്കുന്നത്.


 

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ കുട്ടികളുടെ വളർച്ചയും ക്ഷേമവും മെച്ചപ്പെടുത്തുന്നതായിരിക്കണം എന്നും യൂണിസെഫ് പറയുന്നു. ഡിജിറ്റൽ രൂപത്തിൽ ക്ലാസുകൾ നടക്കുന്ന ഇന്നത്തെ ലോകത്ത് ഇത് അവസരോചിതം തന്നെ എന്ന് പറയാതെ വയ്യ. നിർമിത ബുദ്ധി സംവിധാനങ്ങൾ ഏതു രൂപത്തിലോ, എന്തിനോ ഉള്ളതാകട്ടെ, കുട്ടികൾ എന്ന  ഉപയോക്താക്കളെ അവഗണിച്ചുകൊണ്ടുള്ള യാതൊരു ഡിജിറ്റൽ മുന്നേറ്റവും വേണ്ട എന്നാണ് അവർ പറയുന്നത്.

നിർമിക്കപ്പെടുന്ന സംവിധാനങ്ങൾ കുട്ടികളെ കൂടി മനസ്സിൽ കണ്ട് അവർക്ക്‌ അനുയോജ്യമായ രീതിയിൽ ആയിരിക്കണം എന്ന് മാത്രമല്ല, ഇതിന്റെ നിർമാണ ഘട്ടങ്ങളിലും കുട്ടികളെ കൂട്ടണം എന്നും നയരൂപരേഖ പറയുന്നു. നയരേഖ സംബന്ധിച്ച്‌ വിപുലമായ ചർച്ചകൾ നടന്നു വരുന്നു.

കുട്ടികളുടെ അവകാശങ്ങളെ ഉയർത്തിപ്പിടിച്ച് വേണം നിർമിത ബുദ്ധി നയങ്ങളും സംവിധാനങ്ങളും നിർമിക്കപ്പെടേണ്ടത് എന്ന് പറയുന്ന യൂണിസെഫ് നയത്തിന്റെ കരട് ഇവിടെ വായിക്കാം https://www.unicef.org/globalinsight/reports/policy-guidance-ai-children


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top