25 April Thursday

നുണ ഒരു ആയുധമാണ്‌ - എം സ്വരാജ്‌ എഴുതുന്നു

എം സ്വരാജ്‌ swarajcpm@gmail.comUpdated: Sunday Jan 23, 2022

നുണകളെ മറയാക്കി നടത്തിയ കുരുതികൾ ചരിത്രത്തിൽ ആവോളമുണ്ട്‌. നുണ പ്രചരിപ്പിക്കുകയും സത്യമെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്‌ത ശേഷം നടത്തുന്ന കുരുതികൾ. അതേ നുണകളുടെ നെടുങ്കോട്ടകളിൽ കൊലയാളികൾ അഭയം തേടുകയും ചെയ്യും. ജർമനിയിൽ, ക്യൂബയിൽ, പലസ്‌തീനിൽ, ഇറാഖിൽ ഇതാവർത്തിച്ചു. സ്വാതന്ത്ര്യപൂർവ നാളുകളിലും സ്വാതന്ത്ര്യലബ്‌ധിക്കുശേഷവും ഇന്ത്യയിൽ കമ്യൂണിസ്റ്റുകാരെ വേട്ടയാടി കൊന്നതും നുണയെ ആയുധമാക്കിയായിരുന്നു. കേരളത്തിൽ 35 വിദ്യാർഥികളുടെ ചോര വീണ ക്യാമ്പസുകൾക്കും പറയാനുണ്ട്‌ നിർലജ്ജം നുണയെ ആയുധമാക്കിയതിന്റെ ചരിത്രം. ധീരജിന്റെ രക്തസാക്ഷിത്വത്തിന്റെ പശ്‌ചാത്തലത്തിൽ മനുഷ്യസ്‌നേഹികൾ വായിക്കേണ്ട കുറിപ്പ്‌

നുണ മൂർച്ചയേറിയ ആയുധമായി മാറിയിട്ട് കാലമേറെയായി. മുപ്പതാണ്ടുമുമ്പ് സെർബിയൻ നാടകകൃത്ത്‌ സ്റ്റീവ് റ്റെസിക്കും ഒന്നരപ്പതിറ്റാണ്ടുമുമ്പ് അമേരിക്കൻ എഴുത്തുകാരൻ റാൽഫ് കെയ്സും നടത്തിയ നിരീക്ഷണങ്ങളോടുകൂടി പിറന്നുവീണ ഒന്നല്ല നുണയുടെ ആയുധപ്രപഞ്ചം. ‘സത്യാനന്തരം’ എന്ന വാക്ക്‌ പിറക്കുംമുമ്പ്‌, സ്റ്റീവ് റ്റെസിക്കും, റാൽഫ് കെയ്സും ജനിക്കുംമുമ്പ്  സാമ്രാജ്യത്വം മൂന്നാം ലോക രാജ്യങ്ങളെയും സ്വന്തം പൗരന്മാരെയും നികൃഷ്ടമായി വേട്ടയാടിയതും അധാർമികതയുടെ കുഴിമാടങ്ങളിൽ മനുഷ്യത്വത്തിന്റെ ചെറുകണികയെപ്പോലും കുഴിച്ചുമൂടിയതും ഒട്ടും വെള്ളം ചേർക്കാത്ത പച്ചക്കള്ളത്തിന്റെ അകമ്പടിയോടെയാണ്‌. സർവശേഷിയും ഉപയോഗിച്ച് ഒരു നുണ പ്രചരിപ്പിക്കുകയും സത്യമെന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്‌ത ശേഷമാണ് ചരിത്രത്തിലിന്നോളമുണ്ടായ സാമ്രാജ്യത്വ കുരുതികളിലധികവും അരങ്ങേറിയത്. 

നുണ കൊരുത്ത കൊലക്കയർ

ഇറാഖിന്റെ കൈവശമുള്ള രാസായുധശേഖരത്തിന്റെ മാരക പ്രഹരശേഷിയെക്കുറിച്ചുള്ള അമേരിക്കൻ നുണക്കഥയ്‌ക്ക്‌ വാർത്താഭാഷ്യം ചമയ്‌ക്കാത്ത ഏതെങ്കിലുമൊരു മുഖ്യധാരാ മാധ്യമം ലോകത്തുണ്ടോ? മലയാളത്തിലുണ്ടോ? ഭൂപടത്തിൽ എവിടെയാണ് ഇറാഖ് എന്നുപോലും അറിയാത്ത, രാസായുധമെന്തെന്ന് കേട്ടിട്ടുപോലുമില്ലാത്തവരെയും ലോകമാകെ നശിപ്പിക്കാൻ ശേഷിയുള്ള മാരക രാസായുധം പേറുന്ന സദ്ദാം ഹുസൈനെ എത്രയും പെട്ടന്ന് കൊന്നുകളയണമെന്ന് ചിന്തിപ്പിക്കാൻ മാത്രം നുണകൾക്ക് ശക്തിയുണ്ടായിരുന്നു. ആ നുണയുടെ കൊലക്കയറിൽ സദ്ദാമിനെ തൂക്കിലേറ്റി. പക്ഷേ ആ രാസായുധമെവിടെ? ഇല്ലാത്ത രാസായുധത്തിന്റെ പേരിൽ അഴിച്ചു വിട്ട പെരുംനുണയുടെ കുടിലതന്ത്രത്തിന്  ഒരു രാഷ്ട്രത്തെ തകർക്കാനും രാഷ്‌ട്രത്തലവനെ പരസ്യമായി തൂക്കിലേറ്റാനും കഴിഞ്ഞത് ഈ നൂറ്റാണ്ടിലാണ്. 

റീഷ്‌സ്‌റ്റാഗിലെ തീ 

ഹിറ്റ്‌ലർക്ക്‌ കമ്യൂണിസ്റ്റുകാരെ കൊന്നൊടുക്കാനും കലർപ്പില്ലാത്ത നുണയുടെ  വൈകാരികാന്തരീക്ഷം ആവശ്യമായിരുന്നു. "റീഷ്സ്റ്റാഗ്’  തീവയ്‌പിനു ശേഷം അരങ്ങേറിയ നുണയുടെ തീവ്രവ്യാപനാക്രമണത്തിലൂടെയാണ് കമ്യൂണിസ്റ്റ് വേട്ട  അരങ്ങുതകർത്തത്. അന്നത്തെ നെറികെട്ട നുണയാക്രമണങ്ങളെ  ജോർജി ദിമിത്രോവ് പൊരുതിത്തോൽപ്പിച്ചെങ്കിലും ഫാസിസത്തിന്റെ ഏറ്റവും മൂർച്ചയേറിയ ആ ആയുധം അന്ത്യശ്വാസം വലിച്ചിട്ടില്ല. ചരിത്രത്തിന്റെ നാൾവഴികളിലുടനീളം സാമ്രാജ്യത്വവും വലതുപക്ഷവും നിർലജ്ജം നുണയെ ആയുധമാക്കിയിട്ടുണ്ട്. പേൾ ഹാർബറിലും ബേ ഓഫ് പിഗ്‌സിലും തോറ്റു തുന്നം പാടിയിട്ടും അഫ്ഗാനിൽനിന്ന് ഇളിഭ്യരായി മടങ്ങിയിട്ടും അമേരിക്കൻ സൈനികക്കരുത്തിനെക്കുറിച്ച് ഉപന്യാസങ്ങൾ വരുന്നത് ഈ നുണയുടെ ബലത്തിലാണ്. സത്യാനന്തര പ്രചാരണം ഒരു വിശ്വാസമെന്ന പോലെ ദൃഢമായ പ്രതീതിയാണ് സൃഷ്ടിക്കുന്നത്. ശക്തമായ പ്രതീതികൾക്കുമേലാണ് കുടിലമായ അജൻഡകൾ നടപ്പാക്കുന്നത്.  ക്യൂബയ്‌ക്കുമേലുള്ള മനുഷ്യത്വരഹിതമായ ഉപരോധവും പലസ്‌തീനെ ഭൂപടത്തിൽനിന്നുതന്നെ മായ്ച്ചുകളയുന്ന സയണിസ്റ്റ് ക്രൂരതയും  മനുഷ്യർ വിശന്നുമരിച്ച് മണ്ണടിഞ്ഞു പോകുന്ന മുതലാളിത്ത ചൂഷണത്തിന്റെ അസമത്വ ഭീകരതയും അലോസരപ്പെടുത്താത്ത നിത്യസംഭവങ്ങളായി കടന്നുപോകുന്നതും അസത്യത്തിന്റെ പ്രതീതിവൽക്കരണം കൊണ്ടുതന്നെ. 

വിദ്വേഷം ഇന്ത്യയുടെ കൊടിയടയാളം

ദേശീയ രാഷ്‌ട്രീയത്തിലും സമാനമായ സാഹചര്യമാണ്‌. വിനാശകാരിയായ കേന്ദ്രനയങ്ങൾ രാജ്യത്തിന്റെ നിലനിൽപ്പുതന്നെ അപകടത്തിലാക്കുന്നു. മതനിരപേക്ഷതയ്‌ക്ക്‌ മരണവാറണ്ടെഴുതുന്നു. ഭരണഘടന തന്നെ ആസന്നമരണം കാത്തുകിടക്കുന്നു. പൊതുമേഖല കാണക്കാണെ മാഞ്ഞില്ലാതെയാകുന്നു. വിദ്വേഷം ഭരണത്തിന്റെ അടയാളമായി മാറുന്നു. ആവർത്തിക്കുന്ന നുണകളുടെയും അബദ്ധ പ്രഘോഷണങ്ങളുടെയും തണലിൽ ഇന്ത്യയിലും ഭരണവർഗത്തിന്റെ ജനവിരുദ്ധവാഴ്‌ചയ്‌ക്ക്‌ ഭംഗമില്ലാത്ത അന്തരീക്ഷമുണ്ടാക്കുന്നത് പലതരത്തിലുള്ള അസത്യങ്ങളുടെ  പ്രതീതിവൽക്കരണമാണ്.

നുണയിൽ കെട്ടിയുയർത്തിയ ഇടതുവിരുദ്ധത 

ഇതെവിടെയും ബാധകമായ ഒന്നാണ്. അമേരിക്കയിലോ ജർമനിയിലോ ഇറാക്കിലോ മാത്രമല്ല, ലോകത്തെവിടെയും സാമ്രാജ്യത്വവും വലതുപക്ഷവും ഇന്നും മുന്നോട്ടുപോകുന്നത് കലർപ്പില്ലാത്ത നുണകളാൽ വാർത്തെടുത്ത ആയുധങ്ങൾ പ്രയോഗിച്ചുകൊണ്ടാണ്. നിരന്തരം അസത്യം പറഞ്ഞും പ്രചരിപ്പിച്ചും ഹീനവും അയഥാർഥവുമായ പ്രതീതി സൃഷ്ടിച്ചുകൊണ്ടാണ് കാലങ്ങളായി കേരളത്തിലെ ഇടതുവിരുദ്ധതയും ചുവടുറപ്പിച്ചിട്ടുള്ളത് നിന്ദ്യമായ ഇടതുവിരുദ്ധ നുണകൾ സൃഷ്ടിച്ചെടുത്ത പ്രതീതിയുടെ പ്രതലത്തിലാണ്. വലതുപക്ഷവും മാധ്യമങ്ങളും ഒത്തുചേർന്നു സൃഷ്ടിച്ച പ്രതീതിയുടെ പൊതുബോധമാണ് കേരളത്തിൽ കോൺഗ്രസിനെ താങ്ങി നിർത്തുന്നത്. അതിവിദഗ്ധമായി ആസൂത്രണംചെയ്‌ത്‌ നിർമിച്ച നുണകളുടെ പർവതസമാനമായ വൻകൂമ്പാരത്തിന് മുകളിലാണ് കേരളത്തിലെ ഇടതുപക്ഷ വിരുദ്ധ രാഷ്‌ട്രീയത്തിന് കോൺഗ്രസ് കളമൊരുക്കിയത്. അടിമുടി നുണകളുടെ കള്ളപ്രതലത്തിൽ ഉറച്ചുനിന്നുള്ള പ്രചാരവേലയുടെ നൂറുനൂറു ഉദാഹരണങ്ങളുണ്ട്‌ ചരിത്രത്തിലുടനീളം.  കമ്യൂണിസ്റ്റുകാർ അക്രമികളും ക്രൂരന്മാരുമാണെന്ന പ്രതീതി പണ്ടേ സൃഷ്‌ടിക്കപ്പെട്ട കേരളത്തിലാണ് കമ്യൂണിസ്റ്റുകാരെന്നു കേൾക്കുന്ന മാത്രയിൽ വെടിവച്ചുകൊല്ലുന്ന കാട്ടുനീതി അരങ്ങുവാണിരുന്നതെന്ന് ആരെങ്കിലും ഓർക്കാറുണ്ടോ? 

ചോരപൂത്ത നിലങ്ങൾ

സ്വതന്ത്ര ഇന്ത്യയിലെ കമ്യൂണിസ്റ്റ് വേട്ടയുടെ ചോരക്കറ എത്ര ഭംഗിയായാണ് കോൺഗ്രസ് ഒളിപ്പിക്കുന്നത്. ഒഞ്ചിയത്തും തില്ലങ്കേരിയിലും പാടിക്കുന്നിലും മുനയൻ കുന്നിലുമെല്ലാം ചെങ്കൊടിയേന്തിയ മനുഷ്യരെ വെടിവച്ചു കൊന്നുതള്ളിയവരുടെ ജനാധിപത്യ ഉപന്യാസങ്ങൾ ഇന്നും ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ ഉരുവിടുന്നവരുണ്ട്. ഇന്ത്യ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടതിന്റെ പതിനഞ്ചാം നാളിലാണ് സേലം ജയിലിനകത്ത് പൂട്ടിയിട്ട ഇരുപത്തിരണ്ടു കർഷക പോരാളികളെ വെടിവച്ചു തള്ളിയത്. കമ്യൂണിസ്റ്റ് ചോര ആവോളം മൊത്തിക്കുടിച്ച ഗാന്ധിയൻ ജനാധിപത്യം ഇന്നും മാർക്‌സിസ്റ്റ് അക്രമത്തിനെതിരെയാണ് കണ്ണീരൊഴുക്കുന്നത്! വിയോജിപ്പുളളവരെ കൊന്നുതള്ളുന്ന മനുഷ്യവിരുദ്ധതയുടെ ബീഭത്സമുഖമാണ്‌ ചരിത്രത്തിലുടനീളം കോൺഗ്രസിന്‌. കോൺഗ്രസിന്റെ കൊടിയുപേക്ഷിച്ച മൊയാരത്ത് ശങ്കരനെ തല്ലിക്കൊല്ലാൻ  അവർക്കു രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ല. കോൺഗ്രസിന്റെ ചരിത്ര ഗ്രന്ഥകർത്താവ് എന്നതൊന്നും കൊല്ലാതിരിക്കാൻ കാരണമായതുമില്ല. എംഎൽഎയും ജില്ലാ കോൺഗ്രസ് പ്രസിഡന്റുമെല്ലാം ആയിരുന്നിട്ടും കോൺഗ്രസ് വിട്ട് സിപിഐ എമ്മിൽ ചേർന്നപ്പോൾ പി കെ അബ്‌ദുൾ ഖാദറിന്റെ മരണവാറണ്ടിൽ ഒപ്പുവയ്‌ക്കാൻ കോൺഗ്രസിനൊരു മടിയുമുണ്ടായില്ല. പാർട്ടി വിട്ടതിന്റെ നാൽപ്പതാം നാളിലാണ് അബ്‌ദുൾഖാദറിനെയും അഹമ്മുവിനെയും വെടിവച്ചു കൊന്നത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലൊഴുകിയ കമ്യൂണിസ്റ്റുകാരുടെ ചോരയധികവും പുരണ്ടിരിക്കുന്നത് കോൺഗ്രസിന്റെ കൈപ്പത്തിയിലാണ്. നിയമസഭാംഗമായിരിക്കെയാണ് സ. കെ കുഞ്ഞാലിയെ വെടിവച്ചു കൊന്നത്. എത്രയെത്ര ചോരപുരണ്ട അനുഭവങ്ങൾ, അരും കൊലകളുടെ നടുക്കം മാറാത്ത ഓർമകൾ... കമ്യൂണിസ്റ്റായതിന്റെ പേരിൽ ജീവൻ ബലിനൽകേണ്ടിവന്ന നൂറുകണക്കിന് മനുഷ്യരുടെ ജീവത്യാഗത്തിന്റെകൂടി കഥയാണ് ആധുനിക കേരള ചരിത്രം. എതിരാളികളെ തലയറുത്തു കൊല്ലുന്ന ഭീകരാക്രമണങ്ങൾ ഓരോന്നും കൃത്യമായി നടപ്പാക്കുമ്പോൾ "കമ്യൂണിസ്റ്റ് ഭീകരത,’ ‘കോൺഗ്രസിന്റെ വിശാല ജനാധിപത്യം " തുടങ്ങിയ നുണയുടെ പ്രതീതിതലങ്ങൾ കേരളത്തിൽ പ്രബലമായിരുന്നു. കോൺഗ്രസ് ജനാധിപത്യ പാർടിയാണെന്നും അഹിംസയിൽ വേരുറച്ചതാണെന്നുമുള്ള  ആവർത്തിക്കപ്പെട്ട നുണയെ പൊതുബോധമാക്കി മാറ്റിയാണ് കുരുതികൾ അനായാസം നിർവഹിച്ചത്. 

ക്യാമ്പസുകൾ മാറിയതെങ്ങനെ

കേരളത്തെ ചോരയിൽ മുക്കിയ  കൊലപാതക രാഷ്‌ട്രീയത്തിന്റെ നേരവകാശികളാണ് കോൺഗ്രസ്. ആ നിഷ്‌ഠുരതയുടെ ചരിത്രസാക്ഷ്യം പേറുന്നവയാണ് നമ്മുടെ കലാലയങ്ങൾ. 1970ൽ എസ്എഫ്ഐ രൂപം കൊള്ളുമ്പോൾ കലാലയങ്ങളിലെങ്ങും പന്തലിച്ചു നിൽക്കുന്ന സംഘടനയായിരുന്നു കെഎസ്‌യു. തിരുവനന്തപുരത്തെ  ജൂനിയർ കോളേജായ ഇക്‌ബാൽ കോളേജിൽ മാത്രമാണ് അന്ന് എസ്എഫ്ഐ ജയിച്ചിരുന്നത്. കാലം പോകപ്പോകെ വിദ്യാർഥികളുടെ ഹൃദയം കവർന്ന ശുഭ്രപതാക ക്യാമ്പസിന്റെ ഹൃദയതാളമായി. ഓരോ ക്യാമ്പസും എസ്എഫ്ഐയെ സ്വീകരിച്ചു. വിദ്യാർഥികൾ കെഎസ്‌യുവിനെ നിരാകരിച്ചു തുടങ്ങിയ ആ നാളുകളിലാണ് ആ സംഘടന കഠാരയെടുത്തത്. കേരളീയ കലാലയങ്ങളിലാദ്യമായി വിദ്യാർഥികളുടെ ചോര വീണത് കെ എസ്‌യുക്കാരന്റെ കഠാര കുത്തിയിറക്കിയ എസ്എഫ്ഐ പ്രവർത്തകരുടെ ശരീരത്തിൽനിന്നാണ്.  ഓരോ തവണ അക്രമമഴിച്ചുവിടുമ്പോഴും കലാലയങ്ങളിൽ കെഎസ്‌യു ഒറ്റപ്പെടുകയായിരുന്നു. ഓരോ എസ്എഫ്ഐ പ്രവർത്തകനും കുത്തേറ്റു വീഴുമ്പോൾ കൂടുതൽ കൂടുതൽ കലാലയങ്ങൾ കെഎസ്‌യുവിനെ കൈയൊഴിഞ്ഞു. ഒരു കാലത്തെ കെഎസ്‌യുവിന്റെ കലാലയ ദുർഗങ്ങൾ ഇന്നവർക്ക് ബാലികേറാമലയായി മാറിയതെങ്ങനെയെന്ന് അന്വേഷിക്കാൻ മുഖ്യധാരാ മാധ്യമങ്ങൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ആവർത്തിച്ച് അക്രമിക്കപ്പെടുമ്പോഴും സ്വന്തം കൈകൊണ്ട് ഒരു കുട്ടിയുടെ പോലും ചോര ക്യാമ്പസിൽ വീഴരുതെന്ന് ദൃഢപ്രതിജ്ഞയെടുത്തതാണ് കലാലയങ്ങൾ ഒന്നടങ്കം എസ്എഫ്ഐക്ക്‌  ഒപ്പം അണിനിരക്കാനുള്ള പ്രധാന കാരണം. എസ്എഫ്ഐയുടെ സമാധാനപൂർണമായ ദൃഢ ശൈലിയെയാണ് ക്യാമ്പസ് പിന്തുണച്ചത്.  35 പേർ കഠാരമുനയിൽ ചോര ചിന്തി ചലനമറ്റു വീണപ്പോഴും തിരികെ ഒരാളെപ്പോലും കുത്തി വീഴ്‌ത്താത്ത ധീരതയ്‌ക്കൊപ്പമാണ് കലാലയങ്ങൾ അണിനിരന്നത്. നുണയുടെ കോട്ടകെട്ടിയിട്ടും സത്യമറിയാവുന്ന കലാലയങ്ങൾ കെഎസ്‌യുവിനെ പടിക്കു പുറത്താക്കി. എസ്എഫ്ഐ എതിരാളിയില്ലാതെ വളർന്നുയർന്നു. എന്നാൽ കാന്പസിനു  പുറത്ത്‌  പൊതുസമൂഹത്തിൽ ഇപ്പോഴും തകർന്നിട്ടില്ലാത്ത നുണയിൽ അള്ളിപ്പിടിച്ച് കോൺഗ്രസ് ശ്വാസം നിലനിർത്തുകയാണ്. 

ഇനിയുമെത്ര നുണകളുണ്ട്‌ തകരാൻ     

കേരളത്തിൽ കെഎസ്‌യുവിന് ഒരേയൊരു കലാലയ രക്തസാക്ഷിയേ ഉള്ളൂവെന്നും പുതിയവീട്ടിൽ ബഷീർ എന്ന മട്ടന്നൂർ കോളേജിലെ ആ പഴയ കെഎസ്‌യു നേതാവിനെ ഗ്രൂപ്പു വൈരം മൂത്ത് കൂടെ കൊടിപിടിച്ചവർ തന്നെ തലയ്‌ക്കടിച്ചു കൊന്നതാണെന്നും എത്ര മാധ്യമങ്ങൾ ചർച്ചചെയ്‌തിട്ടുണ്ട്? തേവര മുരളിയെന്ന കെഎസ്‌യുവിന്റെ "രക്തസാക്ഷി " വ്യാജ കഥയാണെന്നും ഗുജറാത്തി പേരായ മൂൾജി എന്നത് പത്രത്തിൽ തെറ്റായി മുരളി എന്ന് അച്ചടിച്ചതാണെന്നും ഈ നുണ തിരുത്താൻ ഉമ്മൻചാണ്ടി സമ്മതിച്ചില്ലെന്നും സാക്ഷ്യപ്പെടുത്തുന്ന മാധ്യമപ്രവർത്തകൻ എൻ എൻ സത്യവ്രതന്റെ പുസ്‌തകം പുറത്തിറങ്ങിയിട്ടും ആർക്കെങ്കിലും കുലുക്കമുണ്ടോ? നൈന സാഹ്‌നിയെ കൊന്ന് മാംസം മുറിച്ചെടുത്ത് ചുട്ടു തിന്നവർ,  പട്ടാപ്പകൽ സരിഗ ഷായെ കൊന്ന് വലിച്ചെറിഞ്ഞവർ, സിഖ്‌ വംശഹത്യ നടത്തിയതിന്റെ പിറ്റേന്ന് "വൻമരങ്ങൾ വീഴുമ്പോൾ ഭൂമി കുലുങ്ങുമെന്ന്’  മനുഷ്യക്കശാപ്പിനെ നിർലജ്ജം ന്യായീകരിച്ചവർ, യാത്രാവിമാനം റാഞ്ചി വിലപേശി ഭീകരവാദികൾക്ക് മാതൃകയായവർ... കൊന്നും തിന്നും അറപ്പുമാറിയ ലക്ഷണമൊത്ത ഭീകരപ്രസ്ഥാനത്തിന് ഖദറിട്ട് വെളുക്കെ ചിരിച്ച് കൊലക്കത്തി ഒളിപ്പിക്കാൻ കഴിയുന്നത്  വൻനുണകളുടെ കനത്ത പ്രതലത്തിൽ അമർന്നുനിൽക്കുന്നതു കൊണ്ടാണ്. വലതു ചേർന്നുനിൽക്കുന്ന മാധ്യമങ്ങളുടെ അധികസമയ ജോലി കൊണ്ടു കൂടിയാണ് ഇതിന് കഴിയുന്നത്. പെരുംനുണകളുണ്ടാക്കിയ വ്യാജ പ്രതീതികളുടെ ബലത്തിൽ മാത്രം ജീവിക്കുന്നവരായി കോൺഗ്രസ് മാറിക്കഴിഞ്ഞു. കേരളത്തിലിപ്പോഴും "കോൺഗ്രസ് ഒരു ജനാധിപത്യ പാർടി’യാണെന്ന പ്രതീതി പ്രബലമാണ്. പതിറ്റാണ്ടുകളായി തെരഞ്ഞെടുപ്പു നടക്കാത്ത, നോമിനേഷനും കുടുംബവാഴ്‌ചയും മാത്രമുള്ള കോൺഗ്രസിനെ ജനാധിപത്യ പാർടി എന്ന് ഉറപ്പിച്ച് വിലയിരുത്തുന്നത് ആവർത്തിച്ചാവർത്തിച്ച് സൃഷ്ടിച്ച പ്രതീതിയുടെ ബലത്തിലാണ്. അമേരിക്കയിലെ മനുഷ്യാവകാശവും കോൺഗ്രസിന്റെ ജനാധിപത്യവും  സത്യാനന്തര പ്രതീതികൾ മാത്രമാണ്. സത്യത്തിന്റെ ജ്വാലയേറ്റ് നുണ മങ്ങിത്തുടങ്ങുമ്പോൾ വേരറ്റുവീഴുന്ന ബലമേ ഇന്ന് കോൺഗ്രസിനുള്ളൂ.

കൊന്നിട്ടും പക തീരാതെ

ഇക്കഴിഞ്ഞ വാരം ഇടുക്കി പൈനാവ് ഗവൺമെന്റ്‌ എൻജിനിയറിങ്‌ കോളേജിൽ കോൺഗ്രസ് കൊന്നുതള്ളിയ ധീരജ് രാജേന്ദ്രൻ കോൺഗ്രസ് നൃശംസതയുടെ ഒടുവിലത്തെ ഇരയാണ്.  ധീരജിന്റെ ചലനമറ്റശരീരത്തിന്റെ ചൂടാറും മുമ്പ് കെ സുധാകരൻ ആക്രോശിച്ചത് "ഇരന്നുവാങ്ങിയ കൊലപാതകം’ എന്നാണ്. ചാനൽ ചർച്ചയിൽ കൊലയെ ന്യായീകരിച്ച മനുഷ്യരൂപമുള്ള ഒരാൾ പറഞ്ഞുവത്രെ, "മൂന്ന് സെന്റീമീറ്റർ മുറിവ് മാത്രമേയുള്ളൂ.’ 

ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഒരു മനുഷ്യജീവനെ കൊന്നുതള്ളിയശേഷം ഇങ്ങനെയൊക്കെ പുലമ്പാൻ കുട്ടിക്കോൺഗ്രസ് മുതൽ അർധ ബിജെപിക്കാരനായ കെപിസിസി പ്രസിഡന്റിനുവരെ കഴിയുന്നതെന്തുകൊണ്ടാണ്?  

ധീരജിനെ കൊന്നശേഷം കെ സുധാകരൻ ഓടി നടന്ന് മാധ്യമങ്ങളുടെ മുമ്പാകെ അലറി: "എസ്എഫ്ഐ ക്കാരുടെ മൂന്നിരട്ടി കെഎസ്‌യുക്കാർ കാമ്പസിൽ കൊല്ലപ്പെട്ടിട്ടുണ്ട്, കേരളത്തിൽ  നൂറുകണക്കിന് കൊല്ലപ്പെട്ട കെഎസ്‌യുക്കാരുടെ ശവകുടീരങ്ങളുണ്ട്.’ 

ഇത്തരം വായ്‌ത്താരികൾ ആവർത്തിച്ചു കൊണ്ടാണ് ഇക്കാലമത്രയും ഇക്കൂട്ടർ എസ്എഫ്ഐ പ്രവർത്തകരെ കൊന്നുതള്ളിയത്. ഈ ഹീനമായ പ്രചാരവേലയ്‌ക്ക്‌ അനുകൂല പരിസരം സൃഷ്ടിച്ച മാധ്യമങ്ങൾ ഓരോ കൊലയിലെയും കൂട്ടുപ്രതികളായി. എസ്എഫ്ഐക്കാരും ധാരാളം കെഎസ്‌യുക്കാരെ കൊന്നിട്ടുണ്ടെന്ന പഴക്കമേറിയ പ്രതീതിയുടെ ബലത്തിലാണ് ഒന്നിനു പുറകെ മറ്റൊന്നായി എസ്എഫ്ഐ പ്രവർത്തകരെ കൊന്നുതള്ളിയത്. 

കെ സുധാകരൻ ആക്രോശിക്കുമ്പോൾ എസ്എഫ്ഐക്കാർ കൊന്ന ഒരു കെഎസ്‌യു  പ്രവർത്തകന്റെ എങ്കിലും പേരുപറയൂ എന്ന് ഇന്നോളം നിവർന്നുനിന്നു ചോദിക്കാൻ ഒരു മാധ്യമത്തിനും നാവു പൊന്തിയിരുന്നില്ല. നവമാധ്യമങ്ങളിലെ വിമർശനങ്ങളുടെ  മുന്നിൽ രണ്ടു നാൾ വൈകി ഇത്തവണ മാത്രമാണ് ചില മാധ്യമങ്ങൾ അറച്ചറച്ച് ആ ചോദ്യം ചോദിച്ചത്. മനുഷ്യവംശത്തിനാകെ അപമാനമാകുംവിധം സുധാകരൻ മുക്രയിട്ട് സ്ഥലം കാലിയാക്കുന്നതാണ് പിന്നീട് കേരളം കണ്ടത്. 

ഇന്നോളം ഉണ്ടുറങ്ങിയത് നുണക്കോട്ടയുടെ മുകളിലായിരുന്നെന്ന്  ഇപ്പോഴാണ് ചിലരറിയുന്നത്. ഇന്നോളം എസ്എഫ്ഐക്കാരന്റെ കൈകൊണ്ട് ഒറ്റ കെഎസ്‌യുപ്രവർത്തകനും പ്രാണൻ പോയിട്ടില്ലെന്ന സത്യത്തിന്റെ മുന്നിൽ പകച്ചുപോയ മാധ്യമപ്രവർത്തകരുണ്ട്. ഒന്നിനു പിറകെ 35 പേർ അരുംകൊലചെയ്യപ്പെട്ടിട്ടും ആയുധമെടുക്കാൻ തയ്യാറാവാത്തവരാണീ എസ്എഫ്ഐ എന്നൊക്കെ ഇപ്പോഴാണ് കേരളം മനസ്സിലാക്കുന്നത്.  

തൃപ്പൂണിത്തുറ ആയുർവേദ കോളേജിലെ പി കെ രാജനും തലശേരി ബ്രണ്ണൻ കോളേജിലെ മുഹമ്മദ് അഷറഫും അരുംകൊലചെയ്യപ്പടുമ്പോഴൊക്കെയും നുണക്കോട്ടകളിൽ കെഎസ്‌യു സുരക്ഷിതരായിരുന്നു. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ സി വി ജോസിനെ കൊന്നുതള്ളിയ ഖദർഭീകരത, സാക്ഷിയായ എം എസ് പ്രസാദിനെയും തിരുവോണനാളിൽ കൊന്ന് തെളിവില്ലാതാക്കിയപ്പോഴും നുണയുടെ സുരക്ഷിത പ്രതലം അവർക്കൊരുക്കിക്കൊടുത്ത മാധ്യമപരിസരമാണ് നമ്മുടേത്. 

ഇന്ത്യയിലാദ്യമായി വിദ്യാർഥിയൂണിയൻ നേതാവിനെ കലോത്സവ വേദിയിലിട്ട് വെട്ടിനുറുക്കി കൊന്നത് തൃശൂരിലായിരുന്നു. ആർ കെ കൊച്ചനിയൻ പിടഞ്ഞു വീണപ്പോൾ കലോത്സവം മുടങ്ങിയതിനെക്കുറിച്ച് വിഷമിക്കുകയും  കൊലയെ സൂത്രത്തിലൊളിപ്പിക്കുകയുംചെയ്‌ത മനോരമയുടെ സത്യാനന്തര പ്രതീതി നിർമാണത്തിലെ പങ്ക് പഠനവിഷയമാക്കേണ്ടതാണ്. 

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top