26 April Friday

കളിക്കളത്തിലെ സൂഫി

ഫൈസല്‍ കൈപ്പത്തൊടിUpdated: Sunday Jan 23, 2022

സന്തോഷ്‌ ട്രോഫിയിൽ മൈസൂർ, സർവീസസ്‌, ബംഗാൾ, മഹാരാഷ്‌ട്ര ടീമുകൾക്കുവേണ്ടി ജേഴ്‌സി അണിഞ്ഞ മിഡ്‌ഫീൽഡർ. മുഹമ്മദൻസും ഓർക്കേ മിൽസും സർവീസസും എഎസ്‌സിയും അടക്കമുള്ള  ടീമുകളുടെ വിജയശിൽപ്പി. അപൂർവതകളുടെ ഉടമ മലപ്പുറം അസീസ്‌  നമ്മെ വിട്ടുപോയിരിക്കുന്നു. ദേശീയ ടീമിൽ പ്രവേശനം ഉറപ്പായിട്ടും അത്‌ നിസ്സംഗമായി നിരസിച്ചതിന്റെ കാരണമെന്തായിരുന്നു?

ആക്രമണോത്സുകമായ കാലുകളും മൂർച്ചയുള്ള തലച്ചോറുമുള്ള എത്രയോ  ജീനിയസ്സുകളെ നെഞ്ചേറ്റിയ കൊൽക്കത്തയിലെ സോക്കർ ആരാധകർ ‘റിക്ഷാവാല' എന്നുവിളിച്ചത്‌ മലപ്പുറം അസീസിനെയായിരുന്നു. ഫുട്ബോൾ ഇതിഹാസങ്ങൾ ഇരുപുറത്തും അണിനിരന്ന കൊൽക്കത്ത ഫുട്ബോൾ ലീഗിൽ 1981ൽ മുഹമ്മദൻസ് സ്‌പോർട്ടിങ്ങിനെ ജേതാക്കളാക്കിയ അസീസിനെ അന്നാട്ടുകാർക്ക്‌ റിക്ഷാവാല ആയത്‌ വെറുതെയല്ല.  ഏതു ലക്ഷ്യത്തിലേക്കും ടീമിനെഎത്തിക്കുന്ന വിശ്വസ്‌തതയും കഠിനാധ്വാനവും കൊണ്ടുതന്നെ.

ക്യാപ്‌റ്റൻ മണിയിലൂടെ 1973ൽ കേരളം സന്തോഷ് ട്രോഫി ആദ്യമായി നേടുന്നതിന് അഞ്ചുവർഷം മുമ്പേ സന്തോഷ്‌ ട്രോഫിയിൽ മുത്തമിട്ടു ഈ മലയാളി. അന്ന്‌ ബംഗാളിനെതിരെ ഫൈനലിൽ മൈസൂരിന്റെ  മധ്യനിര അടക്കിവാണത്‌ അസീസായിരുന്നു.  പിന്നീട് സർവീസസിനായും എഎസ്‌സിക്കായും ഓർക്കേ മിൽസിനായും രാജ്യമാകമാനം  പ്രതിഭ തെളിയിച്ചു.

കോഴിക്കോട് ജില്ലാ ലീഗിലൂടെയാണ് തുടക്കം.  മലപ്പുറത്ത് കളികാണാൻ എത്താറുള്ള  എംആർസി വെല്ലിംഗ്ടണിന്റെ കോച്ച് മേജർ ഡാനി സംഗർ അദ്ദേഹത്തിന്റെ കളിമിടുക്ക് കണ്ട്  പരിശീലനത്തിനായി നാഗാലാൻഡിലേക്ക് കൂട്ടിക്കൊണ്ടുപോയി. പത്താംക്ലാസ്‌ പൂർത്തിയാക്കിയ ഉടൻ പട്ടാള ടീമായ എഎസ്‌സിയിലെത്തിച്ചു. പശ്‌ചിമ ബംഗാളിനെ തോൽപ്പിച്ച്‌ മൈസൂരിന്‌  സന്തോഷ്‌ ട്രോഫി നേടിക്കൊടുത്തശേഷം 1974ൽ മുഹമ്മദൻസിൽ ചേർന്നു. അവിടെ ഏഴുവർഷം. ഫുട്‌ബോൾ കരിയറിലെ ഉയർച്ചകൾ സമ്മാനിച്ച കാലം. 1977ലെ പ്രഥമ ഫെഡറേഷൻ കപ്പ് ഫുട്‌ബോൾ ടൂർണമെന്റിൽ മുഹമ്മദൻസിനായി കളിച്ചു. അക്കാലത്ത്‌ സന്തോഷ് ട്രോഫിയിലും ബംഗാളിനുവേണ്ടി ബൂട്ടണിഞ്ഞു. ഡിസിഎം, കൽക്കത്ത ലീഗ്, കണ്ണൂർ  ശ്രീനാരായണ ടൂർണമെന്റുകളിൽ മുഹമ്മദൻസിന്റെ വിജയശിൽപ്പിയായി. ധാക്ക മുഹമ്മദൻസിനായും കളിച്ചു. 1981ൽ ബോംബെ ഓർകെ മിൽസ്‌ ടീമിൽ. വിഫ ട്രോഫി, ബോംബെ ലീഗ് കിരീടങ്ങൾ സ്വന്തമാക്കി. സന്തോഷ് ട്രോഫിയിൽ മഹാരാഷ്‌ട്രക്കായി ബൂട്ടണിഞ്ഞു. മൈസൂർ, സർവീസസ്, ബംഗാൾ, മഹാരാഷ്‌ട്ര ടീമുകൾക്കുവേണ്ടി സന്തോഷ് ട്രോഫി കളിച്ചുവെന്ന അപൂർവ ബഹുമതിയും സ്വന്തമാക്കി.

രണ്ടുവട്ടം ദേശീയ ടീമിന്റെ ഭാഗമാകാൻ ക്ഷണം ലഭിച്ചിട്ടും നിരസിച്ചതിന്റെ കാരണമെന്തായിരുന്നു? കൗതുകകരമായ ആ കാര്യം അദ്ദേഹത്തിനൊപ്പം മണ്ണടിയുകയാണ്‌. പുതിയകാല ഫുട്ബോൾ ആരാധകരുടെ മനസ്സിൽ ഈ ഫുട്‌ബോളർ ഒരു പ്രഹേളികമായി  മാറുന്നത് ഈ വഴിമാറി നടക്കൽ കൊണ്ടുതന്നെ.  മധ്യനിരയിൽ കളിയുടെ കടിഞ്ഞാണേറ്റെടുത്ത്, എതിർ ടീമിന്റെ നീക്കങ്ങളെ മുൻകൂട്ടി വായിച്ചെടുത്ത്, ഏതു നിമിഷവും ലക്ഷ്യം തെറ്റാതെ പൊട്ടാൻ തയ്യാറുള്ള വെടിയുണ്ടകൾ കാലിലേറ്റി കളം ഭരിച്ചു മലപ്പുറം അസീസ്.

 പ്രൊഫഷണൽ ഫുട്ബോൾ കത്തിനിൽക്കുന്ന ഇക്കാലത്തും സന്തോഷ്‌ ട്രോഫി ആത്യന്തികലക്ഷ്യമായി കൊണ്ടാടുന്ന  കേരളത്തിലെ ഫുട്‌ബോൾ ആരാധകരെ അമ്പരപ്പിക്കും ആ കളിജീവിതം.   യൂണിവേഴ്സിറ്റി തലത്തിലോ സെവൻസ്‌ ഫുട്ബോളിലോ ഒരൊറ്റ ഗോളടിച്ചാല്‍ കനംവയ്‌ക്കുന്ന ശിരസ്സുള്ള പുതിയകാല ഫുട്ബോള്‍ യുവരക്തങ്ങളെ തന്റെ ഭൂതകാലഗരിമകളെ ‘ഒന്നും ഓര്‍മയില്ല' എന്ന വാക്കുകൊണ്ട് അസീസ് കൊട്ടിയിട്ടുണ്ട്.

ആത്മാര്‍ഥതയാല്‍, നിഷ്‌കപടമായ വീരാരാധനയാല്‍ ‘റിക്ഷാവാല'ക്കായി ആര്‍ത്തിരമ്പുന്ന വംഗനാടന്‍ മനുഷ്യക്കടലിരമ്പങ്ങളുടെ പ്രതിധ്വനികളെ നിസ്സംഗമായി  മറന്നുകളഞ്ഞ മനുഷ്യനാണ്‌ നമ്മെ വിട്ടുപോയത്‌.  കളിയുടെ ആദ്യചുവടുകളുറപ്പിച്ച മലപ്പുറം കോട്ടപ്പടി കവാത്തുപറമ്പിന്റെ സിമന്റ് പടവിലൂടെ പരിചിതചുമലുകളെ ചേര്‍ത്തുപിടിച്ചു നടക്കുമ്പോള്‍  മലപ്പുറത്തിന്റെ കാല്‍പന്തുകളിയുടെ ഊരായ്‌മക്കാരനാണെങ്കിലും അവധൂതഭാവം കൈവിടാത്ത അസീസ് ഇനിയില്ല. കളിക്കളങ്ങളില്‍ അയാള്‍ കൊളുത്തിവച്ച മെഴുകുതിരികള്‍ ഒരിക്കലും  അണയുന്നുമില്ല


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top