29 March Friday

സന്ധിവേദനയോട് സന്ധിയില്ല

ഡോ. അർജുൻ ആർ പ്രസാദ്‌Updated: Thursday Dec 17, 2020


ഇന്ന് വെല്ലുവിളി ഉയർത്തിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ആർത്രൈറ്റിസ്.  ആജീവനാന്ത വൈകല്യങ്ങളുടെ ഒരു പ്രധാന കാരണവുമാണ് ഇത്.  ആരോഗ്യ സംബന്ധമായ ജീവിത നിലവാരം നിർണയിക്കുന്നതിൽ ആർത്രൈറ്റിസ് രോഗം പ്രധാന പങ്ക് വഹിക്കുന്നുണ്ട്.

എന്താണ്  ആർത്രൈറ്റിസ്
സന്ധികളെയും അതിനു ചുറ്റുമുള്ള കോശങ്ങളെയും ബാധിക്കുന്ന രോഗാവസ്ഥയ്ക്കുള്ള ഒരു പൊതുവായ  പേരാണ്‌ ആർത്രൈറ്റിസ്. നൂറിലേറെ തരം ആർത്രൈറ്റിസ് രോഗങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്‌. ആർത്രൈറ്റിസിന്‌  പലതാണ്‌ കാരണം. അതിൽ ചിലത്‌ ഓസ്റ്റിയോ ആർത്രൈറ്റിസ് അഥവാ സന്ധിവാതം, ഇൻഫ്ളമേറ്ററി (ആമവാതം അഥവാ റൂമാറ്റോയിഡ് ആർത്രൈറ്റിസ്, ആൻകൈലോസിങ് സ്പോണ്ടിലൈറ്റിസ് സോറിയാറ്റിക് ആർത്രൈറ്റിസ്), അണുബാധ (സെപ്റ്റിക് ആർത്രൈറ്റിസ്), മെറ്റബോളിക് (ഗൗട്ട്‌) എന്നിവയാണ്.

ലക്ഷണങ്ങൾ
സന്ധിവേദനയും സന്ധികൾക്ക് ചുറ്റും അനുഭവപ്പെടുന്ന കാഠിന്യവുമാണ്‌ സാധാരണ കാണുന്ന ലക്ഷണങ്ങൾ. ഇത് പെട്ടെന്നുള്ള ഒന്നായോ അല്ലെങ്കിൽ വളരെ നാളുകളായി വിട്ടുമാറാത്ത ഒന്നായോ വന്നേക്കാം.  ഓസ്റ്റിയോ ആർത്രൈറ്റിസ് ആണെങ്കിൽ സാധാരണയിലും അധികമായി നടക്കുക, പടികൾ കയറുക തുടങ്ങിയ പ്രവൃത്തികൾക്ക് ശേഷമായിരിക്കും വേദന അനുഭവപ്പെടുക. പിന്നീട് ഈ വേദന ദിവസം മുഴുവനുമുള്ള ഒന്നായും ഉറക്കത്തിൽ പോലും അലട്ടുന്ന ഒന്നായും മാറാം. ഒടുവിൽ ഇത്  ദൈനംദിന പ്രവൃത്തികളെ തടസ്സപ്പെടുത്തുന്ന അളവിൽ വഷളാവുകയും ചെയ്യും.  ആമവാതം പോലുള്ള ഇൻഫ്ളമേറ്ററി ആർത്രൈറ്റിസുകളിൽ വേദനയും കാഠിന്യവും രാവിലെ എഴുന്നേൽക്കുമ്പോൾ ആയിരിക്കും കൂടുതലായി അനുഭവപ്പെടുക. കൂടാതെ ഇത്തരത്തിലുള്ള വേദന നടക്കുമ്പോഴോ വ്യായാമം  ചെയ്യുമ്പോഴോ കുറയുന്നു.

ഇത്തരം ആർത്രൈറ്റിസുകളിൽ കൈകളിലും കാലുകളിലുമുള്ള ചെറിയ സന്ധികളിലാണ് കൂടുതലായി വേദനയുണ്ടാകുന്നത്.
ഗൗട്ട് എന്ന ആർത്രൈറ്റിസിൽ ചില പ്രത്യേക ആഹാര പദാർഥങ്ങൾ കഴിച്ചതിന് ശേഷമാണ് വേദന അനുഭവപ്പെടുന്നത്. മദ്യം, കടൽ മീനുകൾ, ബീഫ്, പച്ചക്കറികളായ കോളിഫ്ളവർ, ചീര, കൂൺ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ആദ്യഘട്ടങ്ങളിൽ വേദനയുണ്ടാകുന്നത് ഒരു സന്ധിയിൽ മാത്രമായിരിക്കും. പിന്നീട് മറ്റു സന്ധികളിലേക്കും ഇവ പടരുകയും ശരീരം തീരെ അനക്കാൻ സാധിക്കാത്ത സ്ഥിതി വരികയും ചെയ്തേക്കാം.

കാരണങ്ങൾ
അധികമായ ശരീരഭാരം, സന്ധികളിൽ ഏൽക്കുന്ന പരിക്ക്, സന്ധികൾക്ക് ചുറ്റുമുള്ള മാംസ പേശികൾക്കുള്ള ബലഹീനത, വ്യായാമക്കുറവ് എന്നീ കാരണങ്ങളാൽ സന്ധികളിൽ സമ്മർദം മൂലം ഉണ്ടാകുന്ന തരുണാസ്ഥിയുടെ നഷ്ടം- തുടങ്ങിയവയാണ്‌‌ സന്ധിവാതത്തിനുള്ള പ്രധാന കാരണം.  സന്ധികൾക്ക് ഇരുവശവുമുള്ള എല്ലുകൾ തമ്മിൽ ഉരസുവാൻ ഇത്‌ ഇടയാക്കും.

ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിൽ വരുന്ന വ്യത്യാസങ്ങൾ കൊണ്ടും ആർത്രൈറ്റിസ് ഉണ്ടാകാം.  ആമവാതം, ആൻകൈലോസിങ് സ്പോണ്ടിലൈറ്റിസ്, സോറിയാട്ടിക് ആർത്രൈറ്റിസ് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും. ശരീരത്തിലുള്ള ഡിഎൻഎയുടെ ഒരു പ്രധാന ഘടകമാണ് പ്യൂരിൻ. പ്യൂരിന്റെയും മറ്റ് ചില ആഹാര പദാർഥങ്ങളുടെയും മെറ്റബോളിക് പ്രക്രിയയുടെ ഒരു ഉപോൽപ്പന്നമാണ് യൂറിക് ആസിഡ്. ഈ യൂറിക് ആസിഡ് സന്ധിക്കുള്ളിൽ അടിയുമ്പോഴാണ് ഗൗട്ട് ഉണ്ടാകുന്നത്.

വാർധക്യ സഹജമായ രോഗമോ
പ്രായമേറിയവരിലാണ് സന്ധിവാതം സാധാരണയായി  കാണുന്നത്‌. എന്നാൽ സന്ധികൾക്കും അതിന് ചുറ്റുമുള്ള കോശങ്ങൾക്കുമുണ്ടാകുന്ന പരിക്ക് (ഫ്രാക്ചർ, ലിഗമെന്റ് ടിയർ) ചെറിയ പ്രായത്തിലും സന്ധിവാതം ഉണ്ടാകാൻ കാരണമാകും.

കുട്ടികളിൽ
രോഗപ്രതിരോധശേഷിയുടെ സംവിധാനത്തിൽ വരുന്ന വ്യത്യാസങ്ങൾ  ഉണ്ടാക്കിയേക്കാവുന്ന ആർത്രൈറ്റിസ് ഏതു പ്രായക്കാരെയും എപ്പോൾ വേണമെങ്കിലും ബാധിക്കാം. സാധാരണയായി കുട്ടികളിൽ കാണുന്നത്‌ ജൂവനൈൽ റൂമറ്റോയ്ഡ് ആർത്രൈറ്റിസാണ്.

പാരമ്പര്യമായോ അല്ലാതെയോ കാണാവുന്ന ജനിതക സവിശേഷതകൾ കൊണ്ടും ആർത്രൈറ്റിസ് ഉണ്ടാകാം. അതിൽ പ്രധാനമായത് എച്ച്എൽഎ ജീനുമായി ബന്ധപ്പെട്ട ആർത്രൈറ്റിസുകളാണ്. ഇങ്ങനെയുള്ള ആർത്രൈറ്റിസുകൾ മാതാപിതാക്കൾക്കോ സഹോദരങ്ങൾക്കോ ഉണ്ടെങ്കിൽ അതുണ്ടാകാനുള്ള സാധ്യതയേറെയാണ്.

ഏതെല്ലാം സന്ധികളിൽ
കാൽമുട്ട്, ഇടുപ്പ്, നട്ടെല്ല് തുടങ്ങിയ ഭാരം താങ്ങുന്ന സന്ധികളിലാണ് ഓസ്റ്റിയോ ആർത്രൈറ്റിസ് സാധാരണയായി കാണുന്നത്‌.  കൈകളിലെ സന്ധികൾ (വിരലുകളിലെ ആദ്യ രണ്ട് സന്ധികൾ  പ്രോക്സിമൽ ഇന്റർഫലാഞ്ച്യൽ, മെറ്റാകാർപോഫലാഞ്ച്യൽ എന്നിവ), കാൽക്കുഴ, കാൽമുട്ട് എന്നീ സന്ധികളിൽ റൂമറ്റോയ്ഡ് ആർത്രൈറ്റിസും കാലിന്റെ തള്ളവിരൽ, കാൽക്കുഴ, കാൽമുട്ട്, കൈമുട്ട് എന്നിവയിൽ ഗൗട്ട് എന്ന ആർത്രൈറ്റിസും കാണപ്പെടുന്നു.

രോഗനിർണയം
ആർത്രൈറ്റിസ് ഒരു രോഗലക്ഷണമാണ്. അതിനെ അവഗണിക്കുന്നത് അപകടകരവും. ഈ ലക്ഷണത്തിന് പിന്നിലുള്ള രോഗത്തെ നേരത്തെ തിരിച്ചറിഞ്ഞ് അധികം വൈകാതെ ചികിത്സിച്ചാൽ ആജീവനാന്തം നിലനിൽക്കാവുന്ന വൈകല്യങ്ങളെ ഒഴിവാക്കാം. അതിന് ഒരു ഓർത്തോപീഡിക് വിദഗ്ധനെയോ റൂമറ്റോയ്ഡ് സ്പെഷ്യലിസ്റ്റിനെയോ കാണേണ്ടതാണ്. എക്സ് റേയിൽ കാണുന്ന സവിശേഷതകളാലും രക്തപരിശോധനയിലൂടെയും ക്യത്യമായ രോഗനിർണയം സാധ്യമാണ്.

ചികിത്സാ രീതി
അസുഖം ബാധിച്ച സന്ധികൾക്ക് ശരിയായ വ്യായാമം നൽകുന്നത് ദീർഘകാലാടിസ്ഥാനത്തിൽ രോഗ ശമനത്തിന് ഗുണം ചെയ്യുമെന്ന് പഠനങ്ങൾ പറയുന്നു. ആർത്രൈറ്റിസ് മൂർച്ഛിക്കുന്നത് തടയാൻ ചികിത്സകൊണ്ട് സാധ്യമാണ്. പേശികളും സന്ധികളും ബലപ്പെടുത്തുവാൻ ഫിസിയോതെറാപ്പിയും വ്യായാമങ്ങളും സഹായകരമാണ്.

ആർത്രൈറ്റിസിന് വേദന സംഹാരികൾ ഒരു താൽക്കാലിക പരിഹാരം മാത്രമാണ്. ഒരളവ് വരെ ശരീരഭാരം കുറയ്ക്കുന്നത് രോഗലക്ഷണങ്ങൾക്ക് ശമനമുണ്ടാക്കും. കോർട്ടിക്കോസ്റ്റിറോയ്ഡുകൾ മുതൽ മോണോക്ലോണൽ ആന്റീബോഡിയും ബയോളജിക്കൽത്സും വരെയുള്ള മരുന്നുകൾ ചികിത്സയ്ക്കുപയോഗിക്കുന്നുണ്ട്.

ശ്രദ്ധവേണം
ഉറങ്ങുമ്പോൾ തലയണ മുട്ടിന് താഴെ വയ്ക്കുന്നത് ഒഴിവാക്കണം. കിടക്കുമ്പോൾ മുട്ടുകൾ നിവർത്തിവച്ച് നീണ്ട് നിവർന്ന് കിടക്കണം. ചരിഞ്ഞും ഒടിഞ്ഞുമൊക്കെ കിടന്നാൽ രാവിലെ എഴുന്നേൽക്കുമ്പോൾ പേശികൾക്ക് മുറുക്കവും പിടിത്തവുമൊക്കെ അനുഭവപ്പെടാം. 

രാവിലെ എഴുന്നേൽക്കുമ്പോൾ കട്ടിലിൽ ഇരുന്നുകൊണ്ട് തന്നെ കൈകളിലെയും കാലിലെയും പേശികൾ അയച്ചും മുറുക്കിയുമുള്ള ലളിതമായ സ്ട്രേച്ചിങ് വ്യായാമം ചെയ്യണം. എഴുന്നേൽക്കുമ്പോൾ ചെറുചൂടുവെള്ളത്തിൽ കൈകാൽ കഴുകാം. ഇത് പേശികൾക്ക് വഴക്കം നൽകും. മുട്ടിന് വേദനയും പ്രശ്നവുമുള്ളവർ പടികൾ കയറുന്നതും കാലിലെ സന്ധികൾക്ക് അമിത ആയാസമുള്ള കുത്തിയിരുന്നുള്ള ജോലികളും ഒഴിവാക്കണം. വേദനയുണ്ടാക്കുന്ന പ്രവൃത്തികൾ ഒഴിവാക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top