26 April Friday

ഖാൻ, നിങ്ങളിത്‌ കാണുക

വെബ് ഡെസ്‌ക്‌Updated: Tuesday Nov 15, 2022


തിരുവനന്തപുരം    
പ്രതിഷേധത്തിന്റെ അനേകായിരം നീർച്ചാലുകൾ ഒന്നായൊഴുകിയപ്പോൾ തലസ്ഥാന നഗരിയിൽ അലയടിച്ചത്‌ മനുഷ്യസാഗരം. ഇല്ലാത്ത അധികാരങ്ങൾ ഭാവിച്ച്‌ സർവകലാശാലകളെയും സർക്കാരിനെയും അസ്ഥിരപ്പെടുത്താനുള്ള ഗവർണറുടെ നീക്കത്തിനെതിരെ ജനകീയ വിചാരണയായി പ്രതിഷേധക്കൂട്ടായ്‌മ.

 

രാവിലെ മുതൽ മ്യൂസിയം പരിസരത്ത്‌ ആളുകൾ എത്തിത്തുടങ്ങി. ശാസ്തമംഗലം, വെള്ളയമ്പലം, ടാഗോർ തിയറ്റർ പരിസരം, കിള്ളിപ്പാലം, നന്ദാവനം, പാളയം എന്നിവിടങ്ങൾ തുടങ്ങി നഗരത്തിന്റെ പല ഭാഗങ്ങൾ കേന്ദ്രീകരിച്ച്‌ ചെറുപ്രകടനങ്ങളായാണ്‌ സമരഭടന്മാർ പോർമുഖത്തേക്ക്‌ മാർച്ച്‌ ചെയ്‌തത്‌. തൊഴിലാളികളും അധ്യാപകരും ജീവനക്കാരും യുവജനങ്ങളും വിദ്യാർഥികളും ഗവേഷകരും മഹിളകളും അണിനിരന്നു. തൊഴിൽ വസ്ത്രമണിഞ്ഞ്‌ ചുമട്ടുതൊഴിലാളികളും ഹരിതകർമസേനാംഗങ്ങളുമുണ്ടായി. കൈക്കുഞ്ഞുങ്ങളുമായെത്തിയ അമ്മമാരെയും കാണാമായിരുന്നു.

പ്ലക്കാർഡുകളിലും ഗവർണറുടെ ജനാധിപത്യവിരുദ്ധ നിലപാടുകൾക്കെതിരായ മുദ്രാവാക്യങ്ങൾ നിറഞ്ഞു. രാജ്‌ഭവന്‌ മുന്നിൽ നേതാക്കളുടെ പ്രസംഗം പകുതി പിന്നിട്ടിട്ടും പ്രകടനം അവസാനിച്ചിരുന്നില്ല. രാജ്‌ഭവനും പരിസരവും നിറഞ്ഞ്‌ വഴുതക്കാട്‌, ശാസ്തമംഗലം, പാളയം ഭാഗത്തേക്കെല്ലാം ആളുകൾ നിരന്നു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top