07 February Tuesday

പറച്ചിൽ, പ്രവൃത്തി, വസ്തുത ; ആക്ഷേപങ്ങളുടെ 
നിജസ്ഥിതി

സ്വന്തം ലേഖകൻUpdated: Friday Nov 11, 2022


തിരുവനന്തപുരം
ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ കേരളത്തിൽ കേന്ദ്ര ബിജെപി സർക്കാരിന്റെ രാഷ്‌ട്രീയ അജൻഡ നടപ്പാക്കുകയാണ്‌. അതിനായി  സ്വീകരിച്ച എല്ലാ ജനാധിപത്യവിരുദ്ധ നടപടികൾക്കും കോടതിയിൽനിന്ന്‌ തിരിച്ചടിയും നേരിട്ടു. എന്നാൽ, കള്ളപ്രചാരണത്തിലൂടെ ഈ ജാള്യത മറികടന്ന്‌ സർക്കാരിനെ അപഹസിക്കുകയാണ്‌ ഗവർണർ.

ഇത്തരം കള്ളപ്രചാരവേല ഏറ്റുപിടിക്കാൻ രാജ്‌ഭവനിൽ വാർത്താചാനലുകളുടെ നീണ്ട ക്യൂ തന്നെയുണ്ട്‌.  ചാനലുകളെ വിളിച്ചുവരുത്തിപ്പോലും തലങ്ങും വിലങ്ങും അഭിമുഖം നൽകുന്നു. എന്നാൽ, അതുവഴി പറയുന്ന ചില കാര്യങ്ങളിലെങ്കിലും വസ്തുതയുടെ പിൻബലം വേണമെന്ന ചിന്ത  ഗവർണർക്കും അത്‌ നാട്ടുകാരെ അറിയിക്കുന്ന മാധ്യമങ്ങൾക്കുമില്ല. 

സർവകലാശാലകളിൽ സർക്കാർ ഇടപെടൽ ഉണ്ടാകില്ലെന്ന ഉറപ്പ്‌ മുഖ്യമന്ത്രി പാലിച്ചില്ല. താൻ സംസ്ഥാന ഭരണത്തിൽ ഇടപെട്ടിട്ടില്ല.

ഏത്‌ കാര്യത്തിലാണ്‌ സർക്കാർ നേരിട്ട്‌ ഇടപെട്ടതെന്ന്‌ ഗവർണർ വ്യക്തമാക്കുന്നില്ല. ഇടപെട്ടതിന്‌ ഒരു തെളിവും ഹാജരാക്കാനില്ല. കണ്ണൂരിലടക്കം വൈസ്‌ ചാൻസലർ നിയമനങ്ങൾ സർവകലാശാല ചട്ടപ്രകാരമാണ്‌ ചെയ്തത്‌. നിയമനത്തിൽ ഒപ്പിട്ടത്‌ ഗവർണറാണ്‌. അത്‌ കോടതിയും ശരിവയ്ക്കുകയാണ്‌ ചെയ്തത്‌. സംസ്ഥാന പൊലീസ്‌ മേധാവിക്ക്‌ നേരിട്ട്‌ കത്ത്‌ കൊടുത്തതും മന്ത്രിമാർക്ക്‌ പെരുമാറ്റച്ചട്ടം നിർദേശിച്ചതും രാജ്‌ഭവനിൽ വാർത്താസമ്മേളനം വിളിച്ച്‌ മുഖ്യമന്ത്രിയെയും സർക്കാരിനെയും അധിക്ഷേപിച്ചതും ഗവർണറാണ്‌. 

മുഖ്യമന്ത്രിയും മന്ത്രിമാരും തന്നോട്‌ മോശം ഭാഷയിൽ സംസാരിക്കുന്നു.

മുഖ്യമന്ത്രിയോ മന്ത്രിമാരോ ഗവർണർക്കെതിരെയോ രാജ്‌ഭവനെതിരെയോ മോശം ഭാഷ ഉപയോഗിച്ചിട്ടില്ല, അതിനുള്ള തെളിവുമില്ല. ഭരണഘടനാ പ്രകാരമുള്ള ചുമതല നിറവേറ്റണമെന്ന്‌ പറയുന്നത്‌ മോശം ഭാഷയല്ല. എന്നാൽ, കണ്ണൂർ സർവകലാശാല വിസി ഗോപിനാഥ്‌ രവീന്ദ്രൻ ക്രിമിനലും തെമ്മാടിയുമാണെന്നും ഡോ. ഇർഫാൻ ഹബീബ്‌ തെരുവ്‌ ഗുണ്ടയാണെന്നും ആവർത്തിച്ച്‌ പറഞ്ഞത്‌ ഗവർണറാണ്‌.

മുഖ്യമന്ത്രിയുടെ ഓഫീസിൽ തട്ടിപ്പുകാരുണ്ട്‌, അത്‌ മുഖ്യമന്ത്രിക്ക്‌ അറിയാം.

ഗവർണറെ നിയമിച്ച അതേ കേന്ദ്രസർക്കാർ എല്ലാവിധ അന്വേഷണ ഏജൻസികളെയുംകൊണ്ട്‌ അരിച്ചുപെറുക്കി അന്വേഷിച്ചിട്ടും  മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഒന്നും കണ്ടെത്താനായില്ല. സംഘപരിവാർ സമൂഹ മാധ്യമങ്ങളിൽ മാത്രമാണ്‌ ഇപ്പോൾ ഈ ചർച്ചയുള്ളത്‌. മന്ത്രിമാരുടെ പേഴ്‌സണൽ സറ്റാഫിനും നിയമോപദേശത്തിനുമായി പണം ധൂർത്തടിക്കുന്നു 85 ലക്ഷം രൂപയുടെ ബെൻസ്‌ കാറ്‌ തന്നെ നിശ്ചിത സമയത്തിനകത്ത്‌ തനിക്ക്‌ വേണമെന്ന്‌ കത്തെഴുതിയ ഗവർണറാണ്‌ എല്ലാകാലത്തും സർക്കാരുകൾ സാധാരണ നിലയ്ക്ക്‌ ചെയ്തുപോരുന്ന പ്രവർത്തനങ്ങളെ ധൂർത്താണെന്ന്‌ ആക്ഷേപിക്കുന്നത്‌. ബെൻസ്‌ കാറിന്റെ മോഡലും പുണെയിലെ പ്രത്യേക ഡീലറിൽനിന്നുതന്നെ വാങ്ങണമെന്നും ഗവർണർ സർക്കാരിന്‌ നൽകിയ കത്തിലുണ്ട്‌. ആർഎസ്‌എസ്‌ കേന്ദ്രങ്ങളിൽനിന്ന്‌ നിർദേശിച്ച ആളുകളെയാണ്‌ ഉന്നതമായ ശമ്പളത്തിൽ രാജ്‌ഭവനിൽ നിയമിച്ചത്‌. സംഘപരിവാറിനെ തൃപ്തിപ്പെടുത്താൻ രാജ്‌ഭവനിൽ പൂട്ടിയിട്ടിരുന്ന പൂജാമുറി പുതുക്കി പണിയാൻവരെ പണം ചെലവഴിച്ചു.

രാജ്‌ഭവൻ ട്വീറ്റിലെ വാക്ക്‌ മാറ്റി കൈരളി വാർത്ത കൊടുത്തു, അറിയിച്ചിട്ടും തിരുത്തിയില്ല. അതുകൊണ്ട്‌  മാധ്യമങ്ങളെ വിലക്കി

രാജ്‌ഭവനിൽനിന്ന്‌ കൊടുക്കുന്ന നിർദേശമനുസരിച്ച്‌ ഒരു ചാനലിനും വാർത്തകൊടുക്കാനാകില്ല. കൈരളി ചാനലിനെ ഔദ്യോഗികമായോ രേഖാമൂലമോ രാജ്‌ഭവൻ തിരുത്തൽ അഭ്യർഥന നൽകിയിട്ടുമില്ല. ‘‘ മന്ത്രിമാർ തന്നെ വിമർശിച്ചാൽ നടപടി എടുക്കും’’ എന്നു തന്നെയാണ്‌ ട്വീറ്റ്‌ ഉദ്ധരിച്ച്‌ പല പത്രങ്ങളും മറ്റു ചാനലുകളും വാർത്ത കൊടുത്തത്‌. ഗവർണർ ആവർത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നതും താൻ നിയമിച്ചവർ തന്നെ വിമർശിക്കാൻ പാടില്ല എന്നാണ്‌.

വിമാനത്തിൽ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചാൽ കേസ്‌, തന്നെ കണ്ണൂരിൽ തടയാൻ ശ്രമിച്ചതിന്‌ രാജ്‌ഭവൻ പരാതി കൊടുക്കണോ കേസെടുക്കാൻ ?

കണ്ണൂർ ചരിത്ര കോൺഗ്രസിലുണ്ടായ സംഭവത്തിൽ കേസെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ നൽകിയ ഹർജി  ഹൈക്കോടതിതന്നെ തള്ളിക്കളഞ്ഞു. പേരെടുക്കാനുള്ള ഹർജിക്കാരന്റെ ശ്രമം മാത്രമാണത്‌, പരാതിയിൽ പറയുന്ന കാര്യങ്ങൾക്ക്‌ ഒരു തെളിവുമില്ലെന്നും കോടതി വ്യക്തമാക്കി. ഗവർണർ ശ്രമിക്കുന്നതും ഇല്ലാത്ത ആക്രമണശ്രമം ഉണ്ടെന്ന്‌ വരുത്താനാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top