24 September Sunday

കലയും പ്രൊപ്പഗാണ്ടയും - അനുപം റോയിയുമായി സന്ദീപ് കെ ലൂയിസ് നടത്തിയ സംഭാഷണത്തിൽ നിന്നും...

അനുപം റോയ്‌ / സന്ദീപ്‌ കെ ലൂയിസ്‌Updated: Monday May 29, 2023

ഡല്‍ഹി വദേര ആർട്ട്‌ ഗ്യാലറിയില്‍ നടന്ന അനുപം റോയിയുടെ ‘Broken Cogs in the Machine’ പ്രദർശനത്തിൽ നിന്ന്‌

അധികാരവുമായി ബന്ധപ്പെട്ട് ഒരാള്‍ എവിടെ നില്‍ക്കണം എന്നതില്‍, പ്രബലമായ ചിന്തകളുടെ അല്ലെങ്കില്‍ നിലനില്‍ക്കുന്ന ഉൽപ്പാദന രീതിയുടെ ഭാഗമാവാതെയിരിക്കാന്‍ തീരുമാനിക്കണോ വേണ്ടയോ എന്നത് ഒരു വ്യക്തിയുടെ ഏജന്‍സിയാണ്. അത് മാത്രമാണ് ഞാന്‍ കാണുന്ന സാധ്യത.

വ്യവസ്ഥയുടെ ഹിംസയെക്കുറിച്ചും അനീതികളെക്കുറിച്ചും നിരന്തരം സന്ദേഹപ്പെടുന്ന വിപുലമായ ചിത്രസഞ്ചയങ്ങളാണ് അനുപം റോയ് എന്ന സമകാലിക ഇന്ത്യൻ ചിത്രകാരനെ ശ്രദ്ധേയമാക്കുന്നത്. ദൃശ്യവും പാഠവും ദൈനംദിന ജീവിതാഖ്യാനങ്ങളും അദ്ദേഹം തന്റെ കലാപ്രക്രിയകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പ്രാതിനിധ്യത്തെക്കുറിച്ചും വിഷയിയെക്കുറിച്ചും രാഷ്ട്രീയമായ ഉൾക്കാഴ്ചകൾ അവ പങ്കുവെക്കുന്നു. 2018ൽ ന്യൂയോർക്കിൽ നടന്ന ട്രൈനാലെ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പ്രദർശനങ്ങളിൽ അനുപം റോയ് സാന്നിധ്യമറിയിച്ചു. വ്യവസ്ഥാപിതമായ കലാസമൂഹത്തിൽ പ്രവർത്തിക്കുമ്പോഴും വിമർശാത്മകമായ അകലം സൂക്ഷിക്കുന്ന അനുപം റോയിയുമായി യുവകലാവിമർശകനായ സന്ദീപ് കെ ലൂയിസ് ജവർലാൽ നെഹ്രു യൂണിവേഴ്‌സിറ്റിയിൽവച്ച് നടത്തിയ സംഭാഷണത്തിൽനിന്നുള്ള പ്രസക്ത ഭാഗങ്ങൾ.

അനുപം റോയ്

അനുപം റോയ്

?ഞാന്‍ നിങ്ങളുടെ സൃഷ്ടികള്‍ 2011ൽ ജെഎൻയുവില്‍ ചേര്‍ന്നപ്പോള്‍ മുതല്‍ പിന്തുടരുന്നുണ്ട്. നിങ്ങളും മറ്റ് കലാസാമൂഹിക പ്രവര്‍ത്തകരും സർവകലാശാലയ്ക്കകത്ത് ചെയ്ത ഗംഭീര ചുവര്‍ച്ചിത്രങ്ങള്‍ കണ്ട് ഞാന്‍ സ്തംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദശാബ്ദത്തിനകത്ത് രാജ്യത്തും നിങ്ങളുടെ വ്യവഹാരങ്ങളില്‍ തന്നെയും ഏറെ മാറ്റങ്ങള്‍ വന്നു. രാജ്യത്തെ ലിബറല്‍ സാംസ്‌കാരിക സ്ഥാപനങ്ങള്‍ ഫാഷിസ്റ്റ് ശക്തികളുടെ നിയന്ത്രണത്തില്‍ നില്‍ക്കുന്ന കാലത്ത് രാഷ്ട്രീയ പ്രചാരകന്‍ ആയിരിക്കെതന്നെ   വർത്തമാന ഇന്ത്യന്‍ കലയുടെ മുഖ്യധാരയിലേക്ക് താങ്കള്‍ കടന്നുവന്നു. ഒരു സമകാലീന കലാകാരന്‍ എന്ന നിലയിലെ താങ്കളുടെ പരിണാമം, രാജ്യത്തെ അധഃപതിക്കുന്ന പൗരസ്വാതന്ത്ര്യം ഈ രണ്ട് സംഭവവികാസങ്ങളെ താങ്കള്‍ എങ്ങനെയാണ് വിലയിരുത്തുന്നത്.

= ഈ ചോദ്യത്തിനുള്ള സാധാരണവും കാവ്യാത്മകവുമായ മറുപടി രാജ്യത്ത് ഇത്തരം അവസ്ഥ ഉണ്ടാകുമ്പോഴാണ് കലാകാരനും രാഷ്ട്രീയ പ്രവര്‍ത്തനവും വെല്ലുവിളി നേരിടുന്നത് എന്നും ആ വെല്ലുവിളികള്‍ കലയെ പരിപോഷിപ്പിക്കും എന്നുമായിരിക്കും. എല്ലാവരും അവരുടെ സ്റ്റുഡിയോകളുടെ സൗഖ്യത്തില്‍ ഇരുന്നു ജോലിചെയ്യുന്നതുകൊണ്ട് തന്നെ കലാകാരന്മാരെ സംബന്ധിച്ച് അവര്‍ എന്താണ് ചെയ്യേണ്ടത് എന്ന് അവര്‍ക്ക് നേരത്തെ അറിയുന്ന ഒരു സ്ഥിതിവിശേഷം അല്ല നിലവിലുള്ളത്.

ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഒരു പ്രചാരകന്‍ അല്ലെങ്കില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ നിങ്ങളുടെ ദൗത്യം തീര്‍ത്തും വ്യത്യസ്തമാണ്. ഇന്ന് പൗരസ്വാതന്ത്ര്യം നശിച്ചുകൊണ്ടിരിക്കുന്നതിനൊപ്പം, ബുദ്ധിജീവികളും കലാകാരന്മാരും അടക്കം സൂക്ഷ്മബോധമുള്ള ഓരോ വ്യക്തിയും നിലവിലെ സ്വേച്ഛാധിപത്യ, മുതലാളിത്ത ഭരണകൂടത്തിന്‌ എതിരെയുള്ള അവന്റെ അല്ലെങ്കില്‍ അവളുടെ ധർമം നിറവേറ്റേണ്ടതുണ്ട്.  

സന്ദീപ് കെ ലൂയിസ്

സന്ദീപ് കെ ലൂയിസ്

ഒരു ഇന്റര്‍കാസ്റ്റ് റിലേഷന്‍ഷിപ്പിലൂടെ, ഉയര്‍ന്ന ജാതിയില്‍ ജനിച്ച് താഴ്ന്ന മധ്യവര്‍ഗ കുടുംബത്തില്‍ വളര്‍ന്ന എന്നെപ്പോലെ ഒരാള്‍ക്ക് സമൂഹത്തിലെ ബഹുഭൂരിപക്ഷം മനുഷ്യരെ അപേക്ഷിച്ച് അസമത്വത്തിന്റെ അനുഭവങ്ങള്‍ അതേ തീവ്രതയില്‍ ഉണ്ടാവുന്നതിനുള്ള സാധ്യത തുച്ഛമാണ്. ഒരു വശത്ത് ഒരു പ്രചാരകന്‍ എന്ന നിലയിലെ എന്റെ വളര്‍ച്ച, അതിനെക്കുറിച്ച് ഞാന്‍ വിശദമായി പിന്നീട് സംസാരിക്കാം. മറ്റൊന്ന്, കലാകാരന്‍ എന്ന നിലയിലെ എന്റെ വളര്‍ച്ച. രണ്ടും നമ്മള്‍ നിലകൊള്ളുന്ന ദുര്‍ഘടമായ രാഷ്ട്രീയ കാലാവസ്ഥയോടുള്ള പ്രതികരണമായാണ് രൂപംകൊള്ളുന്നത്. പക്ഷേ ഈ വളര്‍ച്ച കാലക്രമേണ സംഭവിച്ചതാണ്.

ഡല്‍ഹി അംബേദ്‌കര്‍ യൂണിവേഴ്സിറ്റിയില്‍  (AUD)  ആറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം 2014ല്‍ വിഷ്വല്‍ ആര്‍ട്ട് പ്രോഗ്രാമില്‍ ബിരുദാനന്തര ബിരുദത്തിന്‌ ചേരുമ്പോള്‍ ഞാന്‍ മുഖ്യധാരാ സമ്പ്രദായങ്ങളോട് നിഷേധഭാവമായിരുന്നു പുലര്‍ത്തിയിരുന്നത്. കൂടുതല്‍ കാലം ചെലവഴിച്ച അംബേദ്‌കര്‍ യൂണിവേഴ്സിറ്റിയിലോ ജെഎൻയുവിലോ, ഒരു സർവകലാശാല എന്ന നിലയില്‍ വിമര്‍ശനാത്മക ചിന്തകള്‍ സ്വാഗതം ചെയ്യുന്ന പൊതു ഇടം എന്ന സാധ്യത ഇല്ലാതാകുന്നതായാണ് ഞാന്‍ മനസ്സിലാക്കിയത്.

പ്രാദേശിക സാഹിത്യം വായിക്കുന്നത് ഒഴിച്ചാല്‍ ഞാന്‍ അധികം സിദ്ധാന്തങ്ങളില്‍ തൽപ്പരനല്ല. പക്ഷേ, അംബേദ്‌കര്‍ യൂണിവേഴ്സിറ്റി ലിബറല്‍ അക്കാദമിയുടെയും, മുഖ്യധാര ഇടങ്ങള്‍ക്കും സമാന്തര ഇടങ്ങള്‍ക്കും ഇടയിലെ ദ്വന്ദ്വത്തിന്റെയും പരിധിക്കുപുറത്ത് ചിന്തിക്കാന്‍ എന്നെ അനുവദിച്ചു. അവിടെനിന്നും കിട്ടിയ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പക്ഷാവലംബിയായ കലാകാരന്‍ ആവാന്‍ ഞാന്‍ തീരുമാനിച്ചു, അങ്ങനെ എനിക്ക് കിട്ടിയ ഇടങ്ങളെ ഉപയോഗപ്പെടുത്താന്‍ ഞാന്‍ സജ്ജമായി.

അംബേദ്‌കര്‍ യൂണിവേഴ്സിറ്റിയില്‍ എന്റെ പ്രബന്ധത്തിന്റെ പദ്ധതികളുമായി ബന്ധപ്പെട്ട് ഐപിടിഎ അല്ലെങ്കില്‍

 ഋത്വിക് ഘട്ടക്

ഋത്വിക് ഘട്ടക്

എസ്എഎച്ച്എംഎടി പോലെയുള്ള   സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെയും ഇന്ത്യയിലെ പുരോഗമനവാദികളുടെ ഇടപെടലുകളുടെയും ചരിത്രം പഠിക്കാന്‍ എനിക്കൊരു അവസരം ലഭിച്ചു. പക്ഷേ, അന്ത്യത്തില്‍ ഫാഷിസം രാജ്യത്തിന്റെസംസ്കാരം ഏറ്റെടുക്കുന്നതിനെ ചെറുക്കുന്നതില്‍ അവ പരാജയപ്പെട്ടതായി തെളിയിച്ചു. ഐപിടിഎയുടെ കാര്യത്തില്‍, ഋത്വിക് ഘട്ടക് ചൂണ്ടിക്കാട്ടിയതുപോലെ, അവ സമൂഹത്തിലെ മറ്റ് വിഭാഗങ്ങളിലെ കലാപരമായ ശബ്ദങ്ങളെ ആകര്‍ഷിക്കുന്നതില്‍ കൂടുതല്‍ കൂടുതല്‍ കഴിവില്ലാത്തവരായിത്തീര്‍ന്നു.

അപ്പോഴാണ്‌ ഞാന്‍ മുഖ്യധാരയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി തങ്ങളുടെ രാഷ്ട്രീയം തുടരുന്ന, സൃഷ്ടികളുടെ രാഷ്ട്രീയത്തില്‍ ഒത്തുതീര്‍പ്പ് വരുത്താതെ തന്നെ മുഖ്യധാരയില്‍ സജീവമായിരുന്ന ഉത്പല്‍ ദത്തിനെപ്പോലെയുള്ള അതികായരായവരെ പരിശീലിക്കുന്നത്. സാമൂഹിക പ്രവര്‍ത്തക ഗൗരി ലങ്കേഷ്, എഴുത്തുകാരായ ആനന്ദ് തെല്‍തുംദേ, വരവര റാവു തുടങ്ങിയവരും ഇങ്ങനെത്തന്നെയാണ്. എന്തുതന്നെയാണെങ്കിലും, ഒരാള്‍ അയാളൊരു ദ്വന്ദ്വയുക്തിയുടെ ഭാഗം ആയതുകൊണ്ടുതന്നെ പുതിയൊരു ബദല്‍ അത്യാവശ്യമാണ്. നിലവിലെ ബദലുകളെക്കുറിച്ച് നാം ജാഗരൂകരായിരിക്കണം.

ഉത്പല്‍ ദത്ത്‌

ഉത്പല്‍ ദത്ത്‌

കുറച്ച് സുഹൃത്തുക്കള്‍ക്കൊപ്പം നിലവിലെ ദ്വന്ദ്വങ്ങള്‍ക്കപ്പുറം അനന്തമായ രാഷ്ട്രീയ സാധ്യതകളുള്ള ഒരിടം, ബനിപ്പൂര്‍ ആര്‍ട്ട് സൊസൈറ്റി (ഹബ്ര, വെസ്റ്റ് ബംഗാള്‍) എന്ന പേരില്‍ തുടങ്ങാന്‍ ഞങ്ങള്‍ ശ്രമിച്ചിരുന്നു. പക്ഷേ അതിപ്പോഴും കീഴ്പ്പെടുത്തുന്നതരം വെല്ലുവിളിയായി അവശേഷിക്കുന്നു.

? പല കര്‍ത്തവ്യങ്ങള്‍ നിങ്ങള്‍ നിർവഹിച്ചിട്ടുണ്ട്. കലാകാരന്‍, സാമൂഹികപ്രവര്‍ത്തകന്‍, അധ്യാപകന്‍... അതിലെല്ലാമേറെ ആകര്‍ഷണീയമായി ഒരു പ്രോപ്പഗാണ്ടിസ്റ്റ് എന്ന നിലയില്‍ നിലകൊള്ളുന്നതാണ്. കല ഭാവനയുടെ പ്രയോഗം എന്ന നിലയിലും പ്രോപ്പഗാണ്ട സമഗ്രാധിപത്യത്തിന്റെയോ അല്ലെങ്കില്‍ ഫാഷിസ്റ്റ്‌ സംഘടിതഘടനയുടെയോ ആയുധം എന്ന നിലയിലും നിലനില്‍ക്കെ അവയ്ക്കിടയിലെ ലിബറല്‍ ഒപ്പോസിഷന്‍ ചോദ്യം ചെയ്യുന്നതിലൂടെ നിങ്ങള്‍ കലയും പ്രോപ്പഗാണ്ടയും തമ്മിലുള്ള സമവാക്യത്തില്‍ വളരെയധികം സൂക്ഷ്മത പുലര്‍ത്തിയിരിക്കുന്നു. പ്രോപ്പഗാണ്ട ഫോം അംഗീകരിക്കുമ്പോള്‍, എല്ലാ ഭാഷാ ദൃശ്യ ആവിഷ്കാരങ്ങളും എല്ലായ്‌പ്പോഴും നേരത്തെ തന്നെ പക്ഷപാതപൂർണമോ വിട്ടുവീഴ്ചയ്ക്ക് വിധേയമായതോ ആണ് എന്നാണോ താങ്കള്‍ പറയുന്നത്? അതൊരു ‘സത്യാനന്തര’ പൊതുബോധമല്ലേ?

= ഞാന്‍ വിശ്വസിക്കുന്നത് എല്ലാ കലാപരിശീലകരും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ െപ്രാപ്പഗാണ്ടിസ്റ്റുകളാണ് എന്നാണ്‌. നമ്മളെല്ലാവരും നമ്മുടെ പ്രത്യയശാസ്ത്രങ്ങള്‍/വിശ്വാസങ്ങള്‍/അഭിപ്രായങ്ങള്‍ സ്പഷ്ടമായോ വ്യംഗ്യമായോ പ്രചരിപ്പിക്കുന്നുണ്ട്. ചില ആശയങ്ങള്‍ സാർവത്രികമാണ്, അതുകൊണ്ട് അവ പ്രചരിപ്പിക്കപ്പെടേണ്ട സത്യങ്ങളാണ്.  

ഭാവനയുടെ സ്വതന്ത്ര ഇച്ഛയോ സ്വതന്ത്ര പ്രയോഗമോ പരാമര്‍ശിക്കുന്ന ചോദ്യം സംബന്ധിച്ച് അത്തരം സങ്കല്‍പ്പങ്ങള്‍ എങ്ങനെ ആകാം എന്നതില്‍ എനിക്ക് കാര്യമായ സംശയമുണ്ട്. അധ്വാനം പരിഗണിക്കാം, അതെപ്പോഴും നിര്‍ബന്ധിത അധ്വാനമാണ്. ജാതി/വർഗം/ലിംഗം/വംശം എന്നിവയുടെ ഘടനയും, എല്ലാറ്റിനും ഉപരിയായി മുതലാളിത്ത ഉൽപ്പാദന രീതികളും അനുസരിച്ച് വിഭജിക്കപ്പെട്ടത്. അതുകൊണ്ട്, ആരെങ്കിലും അവര്‍ക്ക് സ്വതന്ത്ര ഇച്ഛ അനുസരിച്ച് അല്ലെങ്കില്‍ ഒരു സ്വതന്ത്ര അധ്വാന വിഷയമായി അയാളെ ആവിഷ്കരിക്കാനാകും എന്ന് കരുതുന്നുണ്ട് എങ്കില്‍, ഞാന്‍ പറയും അതൊരു മിഥ്യാധാരണയാണെന്ന്.

എല്ലാവര്‍ക്കും അവരുടെ സ്വതന്ത്ര ഇച്ഛ അനുസരിച്ച് പ്രവര്‍ത്തിക്കാനുള്ള അവകാശമുണ്ട്. പക്ഷേ അങ്ങനെ പ്രവര്‍ത്തിച്ച് കാര്യമായ പ്രഭാവം സൃഷ്ടിക്കാനോ യഥാർഥ അർഥം പ്രാപിക്കാനോ ഉള്ള ഘടനാപരമോ സംഘടിതമോ ആയ ഒരു സാഹചര്യവും ഞാന്‍ കാണുന്നില്ല. എന്നിരുന്നാലും, അധികാരവുമായി ബന്ധപ്പെട്ട് ഒരാള്‍ എവിടെ നില്‍ക്കണം എന്നതില്‍, പ്രബലമായ ചിന്തകളുടെ അല്ലെങ്കില്‍ നിലനില്‍ക്കുന്ന ഉൽപ്പാദന രീതിയുടെ ഭാഗമാവാതെയിരിക്കാന്‍ തീരുമാനിക്കണോ വേണ്ടയോ എന്നത് ഒരു വ്യക്തിയുടെ ഏജന്‍സിയാണ്.

അത് മാത്രമാണ് ഞാന്‍ കാണുന്ന സാധ്യത. തമ്മില്‍ പരസ്പരം വിഘടിച്ചിരിക്കുകയാണ് എങ്കില്‍പ്പോലും നമ്മളെല്ലാം വ്യവസ്ഥിതിയുടെ ഭാഗമാണ് എന്നതുകൊണ്ട് തന്നെ വ്യവസ്ഥിതി നമ്മളില്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്ന പരിമിതികള്‍ നമ്മള്‍ മനസ്സിലാക്കണം. സംഘടിത വിമോചനമില്ലാതെ ഭാവനയുടെ സ്വതന്ത്ര ഇച്ഛയോ അല്ലെങ്കില്‍ സ്വതന്ത്ര പ്രയോഗമോ വിഭാവനം ചെയ്യുന്ന ഏത് വ്യവഹാരവും അസാധ്യമാണ്.

സത്യം സത്യമാണ്. അതിലേക്ക് pre അല്ലെങ്കില്‍ post അങ്ങനെ ഏത് പ്രെഫിക്സ്‌ വേണമെങ്കിലും ചേര്‍ത്തുകൊള്ളൂ. പക്ഷേ അതെന്നെ ബാധിക്കുന്നില്ല. ഞാന്‍ വിശ്വസിക്കുന്നത്, സത്യം, ഒരു വശത്ത് അത് ചരിത്രപരമാണ്, മറുവശത്ത് അത് വൈരുധ്യങ്ങളുടെ കൂട്ടമായി വേണം മനസ്സിലാക്കാന്‍. വെള്ളം എന്നാല്‍ വെള്ളമല്ല, H2O  ആണ് എന്ന് പറയുന്നതുപോലെ. അതുകൊണ്ട് എന്നെ സംബന്ധിച്ച് പ്രോപ്പഗണ്ടയെന്നു പറയുന്നത് നീതിയും സമത്വവും തേടുന്ന സത്യവുമായി ബന്ധപ്പെട്ട ഒന്നാണ്.

നീതി എല്ലാവര്‍ക്കും നല്‍കാനാവില്ല; അത് നീതി ഹനിക്കുന്നവരില്‍നിന്ന് പിടിച്ചെടുക്കുകതന്നെ വേണം. ഒരു പ്രോപ്പഗണ്ടിസ്റ്റ് എന്ന നിലയില്‍ എന്റെ കര്‍ത്തവ്യം നീതിയ്ക്കും സത്യത്തിനും വേണ്ടിയുള്ള സമത്വാധിഷ്ഠിത സമരങ്ങളെ സേവിക്കുക എന്നതാണ്.

പ്രോപ്പഗാണ്ട പൊതുവെ മാറ്റത്തിനുള്ള ആഹ്വാനമായാണ് മനസ്സിലാക്കപ്പെടുന്നത്, അതില്‍ കുഴപ്പമില്ല. പക്ഷേ, പ്രശ്നം വരുന്നത് നമ്മള്‍ സമൂഹത്തിന്റെ ഘടന തീരുമാനിക്കുന്ന എല്ലാ അധികാരശ്രേണികള്‍ക്കും പുറത്ത് താഴ്‌ന്നത്‌ എന്നോ ഉയര്‍ന്നത്‌ എന്നോ ചിന്തിക്കുമ്പോഴാണ്. ഇത് രാഷ്ട്രീയപ്രവര്‍ത്തകരുടെ മാത്രം പ്രശ്നമല്ല, കലാപ്രവര്‍ത്തകര്‍ക്കും കലാകാരന്മാര്‍ക്കും അതങ്ങനെത്തന്നെയാണ്. ചിലപ്പോള്‍ അവര്‍ അവരെ ഇരകളായോ പോരാളികളായോ സങ്കൽപ്പിക്കും.

അല്ലെങ്കില്‍ ഒരു നേതാവിന്റെ സ്ഥാനം പിടിക്കും. അങ്ങനെ ഉള്ള വ്യക്തികളും ആധിപത്യ സ്വഭാവവും കാരണമാണ് നമുക്ക് സംഘടിച്ചും പൂർണമായി ഉള്‍ച്ചേര്‍ന്നും പ്രവര്‍ത്തിക്കാന്‍ പറ്റാതെ പോവുന്നത്. എന്തുതന്നെയായാലും ഈ വ്യവസ്ഥിതിയുടെ ഭാഗമായി നില്‍ക്കെയുള്ള എന്റെ നിരീക്ഷണങ്ങളാണ് ഇവയൊക്കെ. പക്ഷേ അധികാര ഘടനകളെ അതിജീവിക്കുക എന്ന റൊമാന്റിക് ആശയത്തിന് പുറത്താണ് ഞാന്‍ എന്ന് എനിക്ക് പറയാനാവില്ല. സ്വയം വിമര്‍ശകനായ ഒരു കലാകാരന്‍ എന്ന നിലയ്ക്ക്‌, ഞാന്‍ നിരന്തരം മനസ്സിലാക്കാന്‍ ശ്രമിക്കുന്ന കാര്യമാണ് എന്തുകൊണ്ട് ചില പ്രതിനിധീകരണങ്ങള്‍ ആരംഭത്തിലെ അസാധ്യമാകുന്നത് എന്നത്.

? Witnessing അഥവാ സാക്ഷ്യം വഹിക്കുക എന്നത് അങ്ങയുടെ സൃഷ്ടികളില്‍ ആവര്‍ത്തിച്ചുവരുന്ന ഒരു ആശയമാണ്‌, ഒന്നുകൂടി സ്പഷ്ടമായി പറഞ്ഞാല്‍, ‘ശരീരം ഒരു സാക്ഷിയായി’(‘body as witness’) ഹിന്ദുത്വയുടെ ഭീഷണികളുടെയും ആള്‍ക്കൂട്ട ആക്രമണങ്ങളുടെയും ഈ കാലത്ത് അത് മുന്‍കാലങ്ങളിലുള്ളതിലും കൂടുതല്‍ പ്രസക്തമാണ്. എന്നിരുന്നാലും, എന്തുകൊണ്ടാണ് ന്യായാനുവര്‍ത്തിയായ മനസ്സിന് പകരം പീഡകളനുഭവിക്കുന്ന ശരീരത്തെ സാക്ഷിയാക്കുന്നത്? അതുപോലെ എന്തുകൊണ്ടാണ് മൂര്‍ത്തിമത്തായ പെര്‍ഫോമന്‍സ് ആര്‍ട്സിന് അല്ലെങ്കില്‍ കൂടുതല്‍ സ്വീകാര്യമായ കാമറയോ വീഡിയോ റെക്കോര്‍ഡറോ പോലുള്ള ടെസ്റ്റിമോണിയല്‍ ഡിവൈസുകള്‍ക്കുപകരം വരയുടെയും പെയിന്റിങ്ങിന്റെയും പരമ്പരാഗത സങ്കേതങ്ങള്‍ താങ്കള്‍ കൂടുതലായും തെരഞ്ഞെടുക്കുന്നത്.

= നോക്കൂ, ഞാന്‍ മനസ്സ്, ശരീരം എന്നിങ്ങനെ ദ്വന്ദ്വങ്ങളുടെതായ വൈരുധ്യയുക്തിയില്‍ വിശ്വസിക്കുന്നില്ല. എനിക്ക്, അത് ഒരു വ്യക്തിയുടെ സംഘടിത സാന്നിധ്യമാണ്.

ഓരോ വ്യക്തിയും, അവര്‍ നീതിക്കും സത്യത്തിനുംവേണ്ടിയുള്ള ദൈനംദിന സമരങ്ങളുടെ ഭാഗമോ/ആഴത്തില്‍ ഉള്‍ച്ചേര്‍ന്ന ആളോ ആണെങ്കില്‍, അയാള്‍ ദുസ്സഹമായ വ്യവസ്ഥിതിയാല്‍ ആഴത്തില്‍ പരിക്കേറ്റ അതിന്‌ സാക്ഷ്യംവഹിക്കുന്ന ഒരു ശരീരത്തെ വഹിക്കുന്നുണ്ട്.

ഓരോ വ്യക്തിയും, അവര്‍ നീതിക്കും സത്യത്തിനുംവേണ്ടിയുള്ള ദൈനംദിന സമരങ്ങളുടെ ഭാഗമോ/ആഴത്തില്‍ ഉള്‍ച്ചേര്‍ന്ന ആളോ ആണെങ്കില്‍, അയാള്‍ ദുസ്സഹമായ വ്യവസ്ഥിതിയാല്‍ ആഴത്തില്‍ പരിക്കേറ്റ അതിന്‌ സാക്ഷ്യംവഹിക്കുന്ന ഒരു ശരീരത്തെ വഹിക്കുന്നുണ്ട്. അസമമായ സാമൂഹിക രാഷ്ട്രീയ സാമ്പത്തിക സാംസ്‌കാരിക വ്യവസ്ഥിതിയുടെ സംഘടിത സാക്ഷ്യംവഹിക്കലാണ് അത്.

അതിലുപരി, ഒരു ദൃശ്യകലാപരിശീലകന്‍ എന്ന നിലയില്‍, “suffering body” എന്ന വര്‍ഗീകരണത്തിനപ്പുറം “witnessing” കൂടുതല്‍ നിഷ്കര്‍ഷമായി “body as witness” എന്ന ആശയങ്ങള്‍ക്കാണ് ഞാന്‍ ശ്രദ്ധ കൊടുക്കുന്നത്. അലന്‍ ബാദ്യൂവിന്റെ  ‘Militant and Migrant’ എന്ന പ്രഭാഷണത്തില്‍ പ്രവാസി തൊഴിലാളിയെക്കുറിച്ചുള്ള ഒരു ചൈനീസ് കവിത പരാമര്‍ശിക്കുന്നുണ്ട്.

അലന്‍ ബാദ്യൂ

അലന്‍ ബാദ്യൂ

ഒരു പ്രവാസി തൊഴിലാളിയോട് ആരോ ചോദിക്കുന്നു “നിങ്ങളാരാണ്‌?”, അതിന്‌ പിന്നീട് പ്രായോഗികമായി അയാള്‍ ഇങ്ങനെ മറുപടി നല്‍കുന്നു: “നിങ്ങള്‍ പറയൂ ഞാനാരാണെന്ന്”. ഞാന്‍ കരുതുന്നത് അതാണ്‌ നിർണായകം, അഥവാ യഥാർഥ പ്രശ്നം എന്നാണ്.  

  ഞാന്‍ ഇപ്പോഴും കരുതുന്നത് കൈയെഴുത്ത് പോസ്റ്ററുകള്‍ക്കും, ബാനറുകള്‍ക്കും, തോരണങ്ങള്‍ക്കും അതിന്റേതായ ഉപയോഗവും അനുഭവവേദ്യമായ ലക്ഷണങ്ങളുമുണ്ട്. ദൈനംദിന അടിസ്ഥാനത്തില്‍, പ്രോപ്പഗാണ്ട നിർമിക്കല്‍ കുറച്ചു വ്യക്തികളെ പണിയെടുപ്പിക്കുന്ന ഒരു മെല്ലെപ്പോക്ക് പ്രക്രിയയാണ്. പക്ഷേ അവസാനം അവയെ എല്ലാം ഒന്നിച്ചുചേര്‍ത്താല്‍, ഞാന്‍ സവിസ്തരം ഇടപെടാവുന്ന ഒരു ഇടം സൃഷ്ടിക്കുകയാണ്. അവിടെ പെര്‍ഫോമന്‍സുകളും പാനല്‍ ഡിസ്കഷനുകളും ശില്പശാലകളും കാഴ്ചക്കാര്‍ ഇടപെടുന്ന അനൗപചാരികവും അധ്യക്ഷം വഹിക്കുന്നതുമായ സംഭാഷണങ്ങളും സംഘടിപ്പിക്കപ്പെടും. അത്തരമൊരു തുറന്ന അന്തരീക്ഷത്തില്‍ ദൃശ്യങ്ങള്‍ക്ക് അവയുടെ കേന്ദ്രങ്ങള്‍ നഷ്ടപ്പെടും.

അവ പശ്ചാത്തലത്തിലെ റെഫറന്‍സ് പോയിന്റുകളുംzoomed-out ഇമേജുകളുമാകും. ഞാന്‍ തെരഞ്ഞെടുക്കുന്ന മാധ്യമങ്ങളെ സംബന്ധിച്ച് അവയ്ക്ക് അതിന്റേതായ പരിമിതികള്‍ ഉണ്ടെന്ന് എനിക്കറിയാം, പക്ഷേ അതെല്ലാ മാധ്യമ രൂപങ്ങള്‍ക്കും അങ്ങനെത്തന്നെയാണ്. ഞാന്‍

എന്റെ പരിശീലനം പെര്‍ഫോമന്‍സിലേക്കും ഫോട്ടോഗ്രാഫിക് ഇമേജുകളിലേക്കും മൂവിങ് ഇമേജുകളിലേക്കും വ്യാപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അത്തരം ശ്രമങ്ങള്‍ ഞാന്‍ ഇനിയും തുടര്‍ന്നേക്കാം. പക്ഷേ ഇതുവരെ ഞാനേത് മാധ്യമം തെരഞ്ഞെടുത്താലും എന്റെ നിരീക്ഷണങ്ങള്‍ ഇപ്പോഴും 2 ഡയമെന്‍ഷനും ദൃശ്യങ്ങളും ആണ്.

എന്റെ പരിശീലനം പെര്‍ഫോമന്‍സിലേക്കും ഫോട്ടോഗ്രാഫിക് ഇമേജുകളിലേക്കും മൂവിങ് ഇമേജുകളിലേക്കും വ്യാപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. അത്തരം ശ്രമങ്ങള്‍ ഞാന്‍ ഇനിയും തുടര്‍ന്നേക്കാം. പക്ഷേ ഇതുവരെ ഞാനേത് മാധ്യമം തെരഞ്ഞെടുത്താലും എന്റെ നിരീക്ഷണങ്ങള്‍ ഇപ്പോഴും 2 ഡയമെന്‍ഷനും ദൃശ്യങ്ങളും ആണ്.

ഏത് മാധ്യമവും ആഴമേറിയ ദീര്‍ഘകാല ഇടപെടല്‍ ആവശ്യപ്പെടുന്നുണ്ട്. അതാണ്‌ മറ്റ് മാധ്യമങ്ങളിലേക്ക് കടക്കാന്‍ ഞാന്‍ സമയം എടുക്കുന്നതിനുള്ള ഉത്തരവും. അടിയന്തരമായ ചോദ്യം, ലഭ്യമായ ഉപാധികളില്‍ നമ്മളുടേതായ വഴികളില്‍ എങ്ങനെ കൂടുതല്‍ രാഷ്ട്രീയപരമായി ഇടപെടാം എന്നുള്ളതാണ്. അതുകൊണ്ട് ഈ അടിച്ചമര്‍ത്തല്‍ കാലത്തിനെതിരെയുള്ള പോരാട്ടം ഇനിയും തുടരും.

?താങ്കളുടെ സൃഷ്ടികളെ ചലിപ്പിക്കുന്ന മറ്റൊരു രസകരമായ ആശയം എക്സസും സര്‍പ്ലസും തമ്മിലുള്ള വൈരുധ്യമാണ്. താങ്കള്‍ തന്നെ മറ്റൊരിടത്ത് പറഞ്ഞിട്ടുണ്ട്, “അമിതത്വം മിച്ചത്തെ ഉന്മൂലനം ചെയ്യും”(excess annihilates surplus) എന്ന്. അമിതത്വത്തിന്റെയും മിച്ചത്തിന്റെയും സങ്കല്‍പ്പങ്ങള്‍ ഏറെക്കുറെ സമാനമല്ലേ? ‘സുഖോപഭോഗനിഷേധസംസ്കാര’ ത്തില്‍, പബ്ലിക് സ്പെന്റിങ് കുറഞ്ഞ, ജനം മിതവ്യയ ഉപാധികളെ ആശ്രയിച്ച് അതിജീവിക്കുന്ന ഒരു സാഹചര്യത്തില്‍ അവയുടെ പ്രസക്തിയെന്താണ്.

= ‘സുഖോപഭോഗനിഷേധസംസ്കാരം’ ഉണ്ടെങ്കില്‍ മാത്രമേ സര്‍പ്ലസ് ഉണ്ടാക്കാനാവൂ. തൊഴിലാളിവർഗത്തെ ചൂഷണം ചെയ്യാതെ സമൂഹത്തിന്റെ വലിയ വിഭാഗത്തെ  bare life ലേക്ക് ചുരുക്കാതെ, സര്‍പ്ലസ് ഒരിക്കലും പ്രാവര്‍ത്തികമാകില്ല. സര്‍പ്ലസിന്റെ ഉൽപ്പാദനത്തില്‍ അടിച്ചമര്‍ത്തലിന്റെയും പ്രതിരോധത്തിന്റെയും ആധിക്യമുണ്ട്. ആ അർഥത്തിലാണ് ഫ്രഞ്ച് ഫിലോസഫര്‍ ഷോഷ് ബാറ്റായിയെ കടമെടുത്ത് ഞാന്‍ excess എന്ന വാക്ക് ഉപയോഗിക്കുന്നത്; അതിനെ മുതലാളിത്ത മിച്ച ഉൽപ്പാദനത്തില്‍നിന്നും വേര്‍തിരിച്ചിരിക്കുന്നു.

ഭാഷാപരമായ പരീക്ഷണങ്ങളുടെ സന്ദര്‍ഭത്തില്‍, ഞാന്‍ excess എന്ന ആശയത്തെ, ബെല്‍ ഹുക്സ് “inarticulated” എന്ന് വിളിക്കുന്ന ജെയിംസ് ബോള്‍ഡ്വിന്റെ എഴുത്തിലെ ഭാഗങ്ങള്‍, ഡോ. ബി ആര്‍ അംബേദ്‌കറിന്റെ “broken man” എന്ന സിദ്ധാന്തം അല്ലെങ്കില്‍ സമകാലിക കലാ ചരിത്രകാരന്‍ വൈ എസ് അലോണിന്റെ“brokenness” എന്ന സങ്കൽപ്പം, ഫ്രെഡ് മോര്‍ട്ടന്റെ “fugitivity”  എന്ന ആശയം തുടങ്ങിയ മറ്റ് ആശയങ്ങളുമായും ബന്ധിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഈ ആശയങ്ങള്‍ പ്രധാനമായും ഉരുവപ്പെട്ടത് കറുത്തവരും ദളിതരുമായ ബുദ്ധിജീവികളില്‍നിന്നാണ്. എനിക്ക്  excess നെ surplusനിന്നും വേര്‍തിരിക്കാനുള്ള ഇടം തരൂ, അങ്ങനെ എന്റെ സൃഷ്ടികള്‍ കൂടുതല്‍ മൂര്‍ത്തവും ചരിത്രാധിഷ്ഠിതവുമാകട്ടെ.

 അനുപം റോയിയുടെ  ‘Broken Cogs in the Machine’ എന്ന പ്രദർശനത്തിൽ നിന്ന്‌

അനുപം റോയിയുടെ ‘Broken Cogs in the Machine’ എന്ന പ്രദർശനത്തിൽ നിന്ന്‌

? ഡല്‍ഹിയിലെ വഡേര ഗ്യാലറിയില്‍ ഈയിടെ നടന്ന‘Broken Cogs in the Machine’ എന്ന താങ്കളുടെ പ്രദര്‍ശനത്തില്‍, എക്സിബിഷന്‍ നോട്ടുകള്‍ എഴുതുന്നതില്‍ ഞാനും പങ്കാളിയായിരുന്നു. 2017 ല്‍ കൊച്ചി ബാക്യാര്‍ഡ്‌ സിവിലൈസേഷന്‍ ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ച ‘Labyrinth’എന്ന താങ്കളുടെ ആദ്യ പ്രധാന സോളോ എക്സിബിഷനിലെ ഉള്ളടക്കത്തില്‍നിന്നും അതിന്റേതായ രൂപത്തില്‍ തീര്‍ത്തും വ്യത്യസ്തത പുലര്‍ത്തുന്ന ഒന്ന്.

കൊച്ചിയിലെ പ്രദര്‍ശനം പരിവര്‍ത്തനാത്മകമായ ഒരു സാമൂഹിക ഇടം ഉണ്ടാക്കുന്നതിലും കലയിലെ കോര്‍പറേറ്റ് സ്പോണ്‍സര്‍ഷിപ്പിനെ കുറിച്ച്‌ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതിലും   വിജയിച്ചുവെങ്കില്‍, ഡല്‍ഹിയിലെ പ്രദര്‍ശനം മെട്രോപൊളിറ്റന്‍, ലിബറല്‍ ആര്‍ട് വേള്‍ഡ് എലീറ്ററുകളോടും നഗരത്തിലെ വലിയ വിദ്യാർഥി സമൂഹത്തോടും സാമൂഹികപ്രവര്‍ത്തക വൃന്ദങ്ങളോടും സംവദിക്കുന്നതിലാണ് മികച്ചുനിന്നത്. ഈ രണ്ട് പ്രദര്‍ശനങ്ങളെ ഇപ്പോള്‍ താങ്കള്‍ എങ്ങനെയാണ് വിലയിരുത്തുന്നത്.

= ഞാനെപ്പോഴും എസ്റ്റാബ്ലിഷ്ഡ് ഇന്‍സ്റ്റിറ്റ്യൂഷനുകളുമായി ബന്ധമില്ലാത്ത ബദല്‍ ഇടങ്ങളാണ് തെരഞ്ഞെടുക്കാറ്. എന്റെ നിലപാട് ഒത്തുതീര്‍പ്പുകളില്ലാതെ പ്രകടിപ്പിക്കാന്‍ അത്തരം ഇടങ്ങള്‍ എന്നെ അനുവദിക്കും. എന്നിരുന്നാലും ഈ തെരഞ്ഞെടുപ്പ് അത്തരം വേദികളുടെ ദീര്‍ഘകാല സാമ്പത്തിക സ്ഥിരതയെയും വിധ്വംസകമായ സമകാലീന കലാപരിശീലനങ്ങളെ പിന്തുണയ്ക്കാനുള്ള അവയുടെ പ്രതിസാമ്പത്തിക മാതൃകകളെയും കൂടി ആശ്രയിച്ചിരിക്കുന്നു. ഇന്ന് നമുക്ക് ഒരു ഇന്‍സ്റ്റിറ്റ്യൂഷന്റെ ഭാഗമല്ലാതെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന വേദികളും ഇടങ്ങളും ഇല്ല. 

ബാക്യാര്‍ഡ്‌ സിവിലൈസേഷന്റെ പ്രവര്‍ത്തനം എന്റെ പ്രദര്‍ശനത്തോടുകൂടിത്തന്നെ നിന്നു. അതിന്റെ പ്രാരംഭകര്‍ക്ക് അത് നവീകരിക്കാമായിരുന്നു, പക്ഷേ അതിന് അവര്‍ക്ക് കൊച്ചി മുസിരിസ് ബിനാലെ പോലുള്ള ഇന്‍സ്റ്റിറ്റ്യൂഷനുകളുമായി സഖ്യപ്പെടണം, സാഹചര്യത്തെ ഞാന്‍ മനസ്സിലാക്കിയിടത്തോളം അതിന്‌ അവര്‍ തയ്യാറായിരുന്നില്ല.

എന്റെ പരിശീലനം തുടരാന്‍ എനിക്ക് ഇടയ്ക്കിടെ വിവിധ എസ്റ്റാബ്ലിഷ്ഡ് ഗ്യാലറികളുമായും അവരുടെ പ്രദര്‍ശനങ്ങളുമായും സഹകരിക്കേണ്ടിവരും, അതെന്നെ ക്രമേണ പ്രോജക്‌ട്‌ 88 എന്ന മുംബൈ അടിസ്ഥാനമാക്കിയുള്ള ഗ്യാലറിയുമായി പതിവായി ചേര്‍ന്നുപ്രവര്‍ത്തിക്കുന്നതിലേക്ക് എത്തിച്ചു.

കൊച്ചി ബാക്യാര്‍ഡ്‌ സിവിലൈസേഷന്‍ ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ച  അനുപം റോയിയുടെ ‘Labyrinth’ സോളോ എക്സിബിഷനിൽനിന്ന്‌

കൊച്ചി ബാക്യാര്‍ഡ്‌ സിവിലൈസേഷന്‍ ഗ്യാലറിയില്‍ പ്രദര്‍ശിപ്പിച്ച അനുപം റോയിയുടെ ‘Labyrinth’ സോളോ എക്സിബിഷനിൽനിന്ന്‌

മുഖ്യധാരാ വേദികളെ തിരസ്കരിക്കുന്നതിനുപകരം അവയുമായി ചേര്‍ന്നുപോകാവുന്ന മാർഗങ്ങള്‍ കണ്ടെത്താവുന്നതാണ്. നിങ്ങളുടെ ചോദ്യത്തിനുള്ള ലളിതവും നേരെയും ഉള്ള മറുപടി, രണ്ട് പ്രദര്‍ശനങ്ങളും രണ്ട് വ്യത്യസ്ത സാഹചര്യങ്ങളില്‍ ആണ് ഉണ്ടാവുന്നത് എന്നാണ്‌. രണ്ടിലും, നിങ്ങള്‍ നേരത്തെ സൂചിപ്പിച്ചതുപോലെ, അതിന്റെ രണ്ടിന്റെയും കാഴ്ചക്കാര്‍ തമ്മില്‍ ശ്രദ്ധേയമായ വ്യത്യാസമുണ്ട്. ആളുകളും പൊതുജനങ്ങളും ഏകതാനവിഭാഗങ്ങളല്ലല്ലോ.

രണ്ട് പരിപാടികളുടെയും ഭാഗമായ സ്ഥിതിക്ക് നിങ്ങള്‍ക്ക് അറിയാം രണ്ടിന്റെയും സാധ്യതകളും പരിമിതികളും അനുസരിച്ച് രണ്ടു പ്രദര്‍ശനങ്ങളും ഞാന്‍ ആശയവൽക്കരിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വഡേര ആര്‍ട്ട് ഗ്യാലറിയിലെ എന്റെ പ്രദര്‍ശനം സംഘടിപ്പിച്ചത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യന്‍ കണ്ടമ്പററി ആര്‍ട്ട് (FICA ) എന്ന നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ ആയിരുന്നില്ല എങ്കില്‍ അത് മറ്റൊരു തരത്തിലാകുമായിരുന്നു. FICAയില്‍ നിന്നും എനിക്ക് ലഭിച്ച എമര്‍ജിങ് ആര്‍ട്ടിസ്റ്റ് അവാര്‍ഡിന്റെ ഭാഗമായിരുന്നു ആ പ്രദര്‍ശനം. ഗ്യാലറിയുടെ കമ്പോള താൽപ്പര്യംകൊണ്ടുമാത്രം നടത്തിയ പ്രദര്‍ശനമല്ലാത്തതുകൊണ്ട് പ്രദര്‍ശനവും അതിനോട് അനുബന്ധിച്ചുള്ള പരിപാടികളും എനിക്ക് എന്റെ രീതിക്കുതന്നെ സംഘടിപ്പിക്കാന്‍ സാധിച്ചു.

ബാക്യാര്‍ഡ്‌ സിവിലൈസേഷന്‍പോലെയുള്ള ബദല്‍ ഇടങ്ങളെ സംബന്ധിച്ച്‐ അവയുടെ പ്രാധാന്യം ഞാന്‍ മനസ്സിലാക്കുന്നു അതുകൊണ്ട് ഇപ്പോഴും അത്തരം വേദികള്‍ സംഘടിപ്പിക്കാന്‍ പണിയെടുക്കുന്നുണ്ട്, ഞാന്‍ നേരത്തെ സൂചിപ്പിച്ച ബാനിപൂര്‍ ആര്‍ട്ടിസ്റ്റ് സൊസൈറ്റിപോലെ. ആധിപത്യ സമ്പ്രദായങ്ങളെ എതിര്‍ക്കുന്ന  counter-hegemonic practices  സൃഷ്ടിക്കുക എന്ന വെല്ലുവിളിയുമായി ജീവിക്കുക എന്നതാണ് ഏൽപ്പിക്കപ്പെട്ട കര്‍ത്തവ്യം.

പക്ഷേ അതെ, ബദലുകള്‍ നല്‍കുക എന്ന പേരില്‍, നിയോലിബറല്‍ ഫണ്ടിങ്ങുകള്‍ക്ക് കീഴില്‍ അത്തരം ഇടങ്ങളില്‍ ഏറെയും നിയന്ത്രിക്കുന്നതോ നടത്തുന്നതോ NGO കളാണ്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പണം അതിന്റെ ഉടമയ്ക്ക് വേണ്ടി സംസാരിക്കുന്നത് തുടരും. ആ കാരണത്താല്‍, മുഖ്യധാരയെ തിരസ്കരിച്ച് നിലനില്പിന്റെ മറ്റൊരു സാധ്യത കണ്ടുപിടിക്കേണ്ടിയിരിക്കുന്നു എന്നത് ഇപ്പോള്‍ പൂർവാധികം പ്രസക്തമാകുകയാണ്.

വിവർത്തനം: ആര്യ എ ടി


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top