29 March Friday

പുത്തൻ പുതിയ പുരാവസ്‌തു വാങ്ങല്ലേ..അറിയാം വഞ്ചിക്കപ്പെടാതിരിക്കാം

പി സി പ്രശോഭ്‌Updated: Friday Oct 1, 2021

 
കോട്ടയം> പറഞ്ഞുപറ്റിച്ച്‌ വിൽപ്പന നടത്താൻ എളുപ്പമുള്ള വസ്‌തു, അതാണ്‌ ഇന്ന്‌  പുരാവസ്‌തു. നൂറ്റാണ്ടിന്റെ  പഴക്കമുണ്ടെന്നും ഏതെങ്കിലും രാജാവിന്റേതാണെന്നും തട്ടിവിട്ടാൽ വാങ്ങാൻ നിരവധി പേർ. പൗരാണികതയോടുള്ള കൗതുകംമൂലം പലരും ഇതിന്റെ ആധികാരികത തിരയാറില്ല. നിയമവശങ്ങൾ അന്വേഷിക്കാറുമില്ല. അങ്ങനെ പുരാവസ്‌തു മാഫിയതന്നെ രാജ്യമെമ്പാടും വളർന്നു. അത്‌ മോൻസൺ മാവുങ്കലിൽ ഒതുങ്ങുന്നതുമല്ല.

വാങ്ങുന്നതിന്‌ മുമ്പ്‌ സർട്ടിഫിക്കറ്റ്‌ ചോദിക്കുക


ഏതൊരു പുരാവസ്‌തുവും പരിശോധിച്ച്‌ സർട്ടിഫിക്കറ്റ്‌ നൽകാൻ ആർക്കിയോളജിക്കൽ സർവേ ഓഫ്‌ ഇന്ത്യ(എഎസ്‌ഐ)യുണ്ട്‌. കേരളത്തിലെ പുരാവസ്‌തു ഇടപാടുകൾ നിയന്ത്രിക്കുന്നത്‌ എഎസ്‌ഐയുടെ തൃശ്ശൂർ സർക്കിളാണ്‌. ഇവിടെ പുരാവസ്‌തുക്കൾ പരിശോധിച്ച്‌ അതിന്റെ കാലഘട്ടം രേഖപ്പെടുത്തി സർട്ടിഫിക്കറ്റ്‌ നൽകും. ഈ ആധികാരിക രേഖ കാണാതെ ഒരു പുരാവസ്‌തുവും വാങ്ങില്ലെന്ന്‌ ആളുകൾ തീരുമാനിച്ചാൽ തീരാവുന്നതേയുള്ളൂ ഈ മേഖലയിലെ തട്ടിപ്പുകൾ.

1972ലെ ആന്റിക്വിറ്റീസ്‌ ആൻഡ്‌ ആർട്ട്‌ ട്രെഷേഴ്‌സ്‌ ആക്ട്‌ പ്രകാരം നൂറ്‌ വർഷത്തിലേറെ പഴക്കമുള്ള, ചരിത്ര, സാംസ്‌കാരിക  പ്രാധാന്യമുള്ള വസ്‌തുക്കളാണ്‌ പുരാവസ്‌തുവിന്റെ ഗണത്തിൽപ്പെടുക. അത്‌ നിശ്‌ചയിക്കേണ്ടത്‌ എഎസ്‌ഐയുടെ ഡയറക്ടർ ജനറലോ, അദ്ദേഹം നിയോഗിക്കുന്ന ഡയറക്ടർ റാങ്കിൽ കുറയാത്ത ആളോ ആകണം. കേരളത്തിൽ നടക്കുന്ന പുരാവസ്‌തു ഇടപാടുകളിൽ 90 ശതമാനവും എഎസ്‌ഐ അറിയുന്നതുപോലുമില്ല.
 
നിയമമില്ലാത്ത സ്വകാര്യ കൈമാറ്റങ്ങൾ


സ്വന്തം കൈയിലുള്ള പുരാവസ്‌തു ഇഷ്ടമുള്ള വിലയ്‌ക്ക്‌ ആർക്കും വിൽക്കാൻ കഴിയുമെന്നതാണ്‌ നമ്മുടെ രാജ്യത്തെ നിയമത്തിന്റെ പോരായ്‌മ. പുരാവസ്‌തു പരിശോധിച്ച് അതിന് വില നിശ്ചയിക്കുന്ന സമ്പ്രദായവും ഇന്ത്യയിലില്ല. അതുകൊണ്ട് വിൽപനക്കാരന്‌ തോന്നുന്ന വില  ഈടാക്കാൻ കഴിയും. എന്നാൽ, വിൽക്കുന്നയാൾ പറഞ്ഞത്ര പഴക്കമോ പ്രാധാന്യമോ വസ്‌തുവിനില്ലെങ്കിൽ കേസെടുക്കാം. അതിന്‌ വാങ്ങുന്നയാൾ പരാതിപ്പെടണം.  

വിൽപനയ്‌ക്ക് ലെെസൻസ് വേണം, കച്ചവടം ഇന്ത്യയിൽ മാത്രം

പുരാവസ്‌തുക്കൾ വലിയതോതിൽ വിൽപന നടത്തുന്നവർ നിർബന്ധമായും ലെെസൻസ് എടുത്തിരിക്കണം. ഇവർക്ക് ഇന്ത്യക്ക് പുറത്ത് കച്ചവടത്തിന്‌ അനുവാദമുണ്ടാകില്ല. എല്ലാ സംസ്ഥാനത്തിനും ആർക്കിയോളജിക്കൽ സർവേ നിയോഗിച്ച ഒരു ലെെസൻസിങ് ഓഫീസറും രജിസ്ട്രേഷൻ ഓഫീസറുമുണ്ടാകും. ഇവരെ സമീപിച്ചുവേണം ലെെസൻസ് എടുക്കാനും രജിസ്റ്റർ ചെയ്യാനും.
 
സർട്ടിഫിക്കറ്റിൽ നടത്തുന്ന തിരിമറി

പുരാവസ്തു വിദേശത്ത് കൊണ്ടുപോകാനോ വിൽക്കാനോ അനുവാദമില്ല.  എഎസ്ഐ നിയമിക്കുന്ന വിദഗ്ധരുടെ  കമ്മിറ്റി പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയാൽ വിദേശത്തേക്ക് കൊണ്ടുപോകാം. എന്നാൽ പുരാവസ്തുവല്ലെന്ന സർട്ടിഫിക്കറ്റ് തരപ്പെടുത്തി വിദേശത്തേക്ക് കടത്തുന്നുണ്ട്. ഇവ വിദേശത്ത് എത്തിച്ചശേഷം പുരാവസ്തു എന്ന പേരിൽതന്നെ കച്ചവടം ചെയ്യുന്നു. ഇതിന് വലിയൊരു റാക്കറ്റ് തന്നെ കേരളത്തിലുണ്ട്. എഎസ്ഐ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് ഇവർ സർട്ടിഫിക്കറ്റ് കെെക്കലാക്കുന്നത്.
 
അറിയുക, മൂല്യമുള്ളത് സർക്കാരിന്റെ പക്കലേ ഉണ്ടാകൂ


പുരാവസ്തുവിന്റെ മൂല്യം എന്നത് അതിന്റെ പഴമയും ചരിത്രപ്രാധാന്യവും അനുസരിച്ചാണ്. വളരെ മൂല്യമുള്ള വസ്തുക്കൾ സർക്കാരിന് പിടിച്ചെടുക്കാം. അതായത്, പുരാതന ജറുസലേമിലും മഥുരയിലും ഉള്ളതെന്നൊക്കെ പറയുന്ന വസ്തുക്കൾ യഥാർഥമാണെങ്കിൽ അതുണ്ടാവുക സർക്കാരിന്റെ പക്കലാവും. അത്ര പ്രാധാന്യമുള്ളവ എഎസ്ഐ നിർബന്ധപൂർവം ഏറ്റെടുക്കാറാണ് പതിവ്‍. അപൂർവമായി മാത്രം ചില സ്വകാര്യ വ്യക്തികൾക്ക് സൂക്ഷിക്കാൻ അനുമതി നൽകിയാലും എഎസ്ഐയുടെ നിരീക്ഷണത്തിലായിരിക്കും.  വളരെ മൂല്യമുള്ളതും ചരിത്രപരമായി അത്രയേറെ പ്രാധാന്യമുള്ളതുമാണെങ്കിൽ മാത്രമേ സർക്കാർ കൊണ്ടുപോകുകയുള്ളൂ. കൊണ്ടുപോയാൽ തന്നെയും അതിന്റെ മൂല്യത്തിന്റെ 25 ശതമാനത്തിന് അവകാശം ഉടമയ്ക്കുണ്ട്.

പുരാവസ്തുവുണ്ടോ, രജിസ്റ്റർ ചെയ്യുക


കെെയിൽ പുരാവസ്തുവുണ്ടോ, എങ്കിൽ ആർക്കിയോളജിക്കൽ സർവേയിൽ രജിസ്റ്റർ ചെയ്യുക. രജിസ്ട്രേഷനുവേണ്ടി എഎസ്ഐ പ്രത്യേക ക്യാമ്പയിൻ നടത്താറുണ്ട്. സർട്ടിഫിക്കറ്റ് ലഭിച്ചാൽ അത് രാജ്യത്ത് എവിടെ വേണമെങ്കിലും ക്രയവിക്രയം ചെയ്യാം. വീട്ടിൽ സൂക്ഷിക്കാനാണെങ്കിൽ സർക്കാർ സഹായവും ചെയ്യും. കേട് വരാതെ സൂക്ഷിക്കാനുള്ള മാർഗനിർദേശങ്ങളും തരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top