18 April Thursday

അവസാന ശ്വാസത്തിനുവേണ്ടി ബാപ്പുജി... ഗാന്ധിജിയെക്കുറിച്ച്‌ ഒരു സെെനിക ഉദ്യോഗസ്ഥന്റെ ഡയറി

ജയൻ ഇടയ്ക്കാട്Updated: Monday Jan 30, 2023


കൊല്ലം
"അദ്ദേഹത്തിന്റെ ശിരസ്സ്‌ കുനിഞ്ഞിരുന്നു. ശരീരം വിറച്ചു. നിലത്തേക്ക്‌ വീഴാനായി ആഞ്ഞു. കാലുറയ്‌ക്കാത്ത കുട്ടി വീഴാതിരിക്കാൻ പാടുപെടുന്നതുപോലെ വേച്ചുവേച്ച്‌ നിവർന്നുനിൽക്കാൻ ശ്രമിക്കുന്നത്‌ ഞാൻ കണ്ടു. പൊടുന്നനെ പരിസരത്ത്‌ മൂടൽമഞ്ഞ്‌ പരന്നു. ഭൂമിയിൽ നടന്ന ഒരു ക്രൂരകൃത്യം സ്വർഗത്തിലെ ദൈവത്തിൽനിന്ന്‌ മറയ്‌ക്കാനെന്നപോലെ. ഞാൻ വീട്ടിൽ തിരിച്ചെത്തുമ്പോൾ ചുവരിലെ ക്ലോക്കിൽ ആറുമണിയടിച്ചു. അതിന്‌ പാപത്തെ ഓർമിപ്പിക്കുന്ന സിൻ സിൻ സിൻ എന്ന ശബ്ദമായിരുന്നു.'

1948 ജനുവരി 30. സമയം വൈകിട്ട്‌ 5.20. ഡൽഹിയിലെ ബിർളാ ഹൗസിൽ മുഴങ്ങിയ വെടിയൊച്ചയിൽ ഇന്ത്യയുടെ ചങ്ക്‌ പിടഞ്ഞുനിലച്ചതിന്റെ നേർക്കാഴ്‌ച. എയർഫോഴ്‌സിൽ മാസ്റ്റർ വാറന്റ്‌ ഓഫീസറായിരുന്ന കൊല്ലം അഞ്ചാലുംമൂട്‌ ഇഞ്ചവിള വിളവർതോട്ടത്ത്‌ പുത്തൻവീട്ടിൽ വി ജെ ജോർജിന്റെ ‘ആൻ എയർമാൻസ്‌ ഡയറി’യിൽനിന്നാണ്‌ ഇത്‌. വിളവർതോട്ടത്ത്‌ വീട്ടിലെ എട്ടടി നീളവും നാലടി വീതിയുമുള്ള ബോർഡിൽ ഇപ്പോഴും നമുക്കത്‌ വായിക്കാം. 30 വർഷംമുമ്പ്‌ ജോർജ്‌ മരിച്ചു.

ജോർജ്‌ ഡ്യൂട്ടി കഴിഞ്ഞ്‌ വ്യോമസേനാ ആസ്ഥാനത്തെ എച്ച്‌ ബ്ലോക്കിൽനിന്ന്‌ സൈക്കിളിൽ സുഹൃത്തിനൊപ്പം മടങ്ങിവരുംവഴി ബിർളാ ഹൗസിലെ പ്രാർഥനാ മന്ദിരത്തിൽ ആൾക്കൂട്ടം കണ്ടു. പ്രാർഥന നടക്കുകയാണ്‌. ഗാന്ധിജിയെ മുമ്പ്‌ നേരിൽ കണ്ടിട്ടില്ല. ഞാൻ നോക്കുമ്പോൾ വെടിയേറ്റ ബാപ്പുജി വീഴാതിരിക്കാൻ നോക്കി വേച്ചുവേച്ച്‌ സാവധാനം നിലത്തിരിക്കാൻ ശ്രമിക്കുന്നു. എല്ലാവരും വെടിവച്ചയാളിനെ പിടിക്കാനുള്ള ഓട്ടത്തിലായിരുന്നു. ഒഴിവാക്കാനാകാത്ത ആ വീഴ്‌ചയിൽനിന്ന്‌ ഞാൻ വലതുകരംകൊണ്ട്‌ അദ്ദേഹത്തെ താങ്ങിപ്പിടിച്ചു. ബാപ്പുജിയുടെ തലയിൽനിന്നും നെഞ്ചിൽനിന്നും രക്തം ഇറ്റിറ്റ്‌ വീണുകൊണ്ടിരുന്നു. ഇത്‌ അൽപ്പനേരം എന്നെ സ്‌തബ്ധനാക്കി. കമോൺ എന്ന്‌ എന്റെ ഉച്ചത്തിലുള്ള വിളിയിൽ നാലഞ്ചുപേർ അടുത്തെത്തി. ഞങ്ങൾ അദ്ദേഹത്തെ ബിർളാ ഹൗസിലെ മുറിയിൽ കൊണ്ടുപോയി. അവിടെ കിടക്കയിൽ കിടത്തി. അവസാന ശ്വാസത്തിനുവേണ്ടി ബാപ്പുജി പിടഞ്ഞുകൊണ്ടിരുന്നു. വായിലേക്ക്‌ ഒഴിച്ച വെള്ളം ചുണ്ടുകളിൽനിന്ന്‌ പുറത്തേക്കു പോയി. സാവധാനം അതിവേദനയോടെ നമ്മുടെ രാഷ്‌ട്രപിതാവ്‌ ലോകത്തോട്‌ വിടപറഞ്ഞു.

നിങ്ങളുടെ കോപത്തെയും വെറുപ്പിനെയും കുടഞ്ഞെറിയുക. നിങ്ങളുടെ അയൽക്കാരനെ സ്വന്തം സഹോദരനെപ്പോലെ കാണുക. ഇതാണ്‌ ജീവിതകാലം മഹാത്മാഗാന്ധി പറഞ്ഞതും പ്രവർത്തിച്ചതും. ഇന്ത്യക്ക്‌ സ്വാതന്ത്ര്യം ലഭിക്കുന്നതിന്‌ തൊട്ടുമുമ്പുള്ള നാളുകളിൽ ഗാന്ധിജി പശ്ചിമബംഗാളിലെ നവഖാലിയിൽ പറഞ്ഞ ഈ വാക്കുകൾ ഡയറിക്കുറിപ്പിലുണ്ട്‌. 1943 മുതൽ 1978 വരെയാണ്‌ വി ജെ ജോർജ്‌ എയർഫോഴ്‌സിൽ സേവനമനുഷ്ഠിച്ചത്‌. ഗാന്ധിജിയുടെ അന്ത്യനിമിഷങ്ങളെക്കുറിച്ച്‌ അച്ഛൻ പങ്കുവച്ചിട്ടുള്ള കാര്യങ്ങൾ ഇപ്പോൾ വീട്ടിലുള്ള മകൻ ജോസന്റെ ഓർമകളിലും ജീവിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top