29 March Friday

ലോകമാകെ നിറഞ്ഞ കോവിഡിന്റെ ഐകണ്‍ ചിത്രം തയ്യാറാക്കിയത് ഇവരാണ്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 28, 2021

കോവിഡ് മഹാമാരിയാല്‍ ലോകമാകെ സ്തംഭിച്ചുനില്‍ക്കുകയാണ്. ഒന്നരവര്‍ഷത്തിലേറെയായി ലോകം ചര്‍ച്ച ചെയ്യുന്നതും ചിന്തിക്കുന്നതുമെല്ലാം കോവിഡിനെക്കുറിച്ച് തന്നെ. കൊറോണ വൈറസ് എന്ന് കേള്‍ക്കുമ്പോള്‍ ജനങ്ങളുടെ മനസിലെത്തുക ലോകമാകെ തന്നെ പ്രചരിക്കപ്പെട്ട ഒരു ചിത്രമാണ്. ചുവപ്പും വെളുപ്പും ചാരനിറവും കലര്‍ന്ന വൈറസിന്റെ ചിത്രം. ലോകത്തിന്റെ മുക്കിലും മൂലയിലും ഈ ചിത്രം പ്രചരിക്കപ്പെട്ടു. എന്നാല്‍ ഈ 'കോവിഡ് ഐകണ്‍' ചിത്രം ആരുടെ സൃഷ്ടിയാണെന്നുള്ളത് പലര്‍ക്കും അറിയില്ല.



അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡീസിസ് കണ്‍ട്രോളിലെ (സിഡിസി) ആര്‍ടിസ്റ്റുകളായ അലീസ്സ എക്കേര്‍ട്, ഡാന്‍ ഹിഗ്ഗിന്‍സ് എന്നിവരാണ് ഈ ചിത്രം നിര്‍മിച്ചത്. 2020 ജനുവരി 21ന് സിഡിസിയില്‍ നിന്നും അലീസയ്ക്ക് ഒരു ഫോണ്‍ കോള്‍ വരികയുണ്ടായി. ചൈനയില്‍ പുതിയൊരു വൈറസ് അതിവേഗം വ്യാപിക്കുന്നുവെന്നും ജനങ്ങള്‍ക്ക് ഇതിന്റെ തീവ്രത പെട്ടെന്ന് മനസിലാക്കാന്‍ കഴിയുന്ന ഒരു വര്‍ക് ചെയ്യണമെന്നുമായിരുന്നു അസൈന്‍മെന്റ്.

മെഡിക്കല്‍ രംഗത്തെ പരിചയ സമ്പന്നയായ ഗ്രാഫിക്‌സ് ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ അലീസയ്ക്ക് ശാസ്ത്രത്തെയും വിഷ്വല്‍ കമ്യൂണിക്കേഷനെക്കുറിച്ചും ആഴത്തിലുള്ള പരിജ്ഞാനമുണ്ടായിരുന്നു. തന്റെ സഹപ്രവര്‍ത്തകനായ ഡാന്‍ ഹിഗ്ഗിന്‍സിനെയും കൂട്ടി അലീസ ജോലി ആരംഭിച്ചു. എത്രയും വേഗം ജോലി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് അറിയാമെങ്കിലും വൈറസിന്റെ ഷെല്ലുകള്‍, പ്രോട്ടീന്റെ ആകൃതി, ആവശ്യമായ നിറങ്ങള്‍ തുടങ്ങിയവയെക്കുറിച്ചെല്ലാം പഠിക്കാനായി അവര്‍ ഒരാഴ്ചയോളം സമയം ചെലവഴിച്ചു.

മുന്‍പ് ആരും തന്നെ കൊറോണയുടെ സവിശേഷതകളുള്ള രോഗാണുവിനെ ആഴത്തില്‍ ചിത്രീകരിച്ചിട്ടില്ലാത്തതിനാല്‍ വളരെ കഠിനമേറിയതായിരുന്നു അവരുടെ പഠനം. അനവധി ഗവേഷകരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടേയിരുന്നു. സാര്‍സ് കൊറോണ വൈറസുമായി സാമ്യമുള്ള എല്ലാ രോഗാണുവിനെക്കുറിച്ചും പഠിച്ചു. ക്രയോജനിക് ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പി ഉപയോഗിച്ച്  സമാനമായ മറ്റ് വൈറസുകളുടെ സ്‌കാനുകള്‍ അവര്‍ പരിശോധിച്ചു. പ്രോട്ടീന്‍ ഡേറ്റ ബാങ്കില്‍ നിന്നും കൊറോണയെ സൃഷ്ടിക്കുന്ന മൂന്ന് പ്രധാന പ്രോട്ടീനുകളുടെ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തു. അധികം താമസിക്കാതെ തന്നെ ചാര ഉപരിതലത്തില്‍ ഓറഞ്ച്, ചുവപ്പ്, മഞ്ഞ നിറങ്ങള്‍ ചേര്‍ത്ത ചിത്രം അവര്‍ സൃഷ്ടിച്ചെടുക്കുകയായിരുന്നു.  

ജനങ്ങളെ ഭീതിപ്പെടുത്തുന്നതിനു പകരം അവബോധം വളര്‍ത്തുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് എക്കേര്‍ടും ഹിഗ്ഗിന്‍സും പറഞ്ഞു. ചിത്രം തയ്യാറാക്കി പബ്ലിഷ് ചെയ്ത ഉടനെ വാര്‍ത്തകളിലും പൊതു ഇടങ്ങളിലും  എല്ലാം നിറഞ്ഞു. ചിലര്‍ ചില ഭേദഗതികള്‍ വരുത്തി ചിത്രം ഉപയോഗിച്ചു. കോവിഡ് മഹാമാരിയുടെ മുഖമായി അതിവേഗം ചിത്രം പ്രചരിച്ചു. ലോകത്തിന്റെ എല്ലാ കോണുകളിലും കൊറോണ വൈറസ് എന്നാല്‍ ഇവര്‍ സൃഷ്ടിച്ചെടുത്ത ഈ ചിത്രമായി മാറിയിരിക്കുന്നു.

സിഡിസിയുടെ ഗ്രാഫിക്‌സ് സര്‍വീസ് വിഭാഗത്തിലെ എട്ടംഗങ്ങളില്‍ ഉള്‍പ്പെട്ട അലീസ്സ എക്കേര്‍ടും ഡാന്‍ ഹിഗ്ഗിന്‍സും 14 വര്‍ഷത്തോളമായി ഒരുമിച്ച് ജോലി ചെയ്യുന്നവരാണ്. ലമാര്‍ ഡോര്‍ഡ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്നും ബിരുദം നേടിയവരാണ് ഇരുവരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top