29 March Friday

എ കെ ജിക്ക്‌ പക്ഷേ പാരതന്ത്ര്യം

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

ഇന്ത്യയുടെ മോചനത്തിനായി പോരാടി ഏറെക്കാലം തടവറയിലും ഒളിവിലും കഴിഞ്ഞ എ കെ ജി ആദ്യ സ്വാതന്ത്ര്യദിനത്തി കണ്ണൂർ ജയിലിൽ ഏകാന്ത തടവുകാരനായിരുന്നു. സ്വാതന്ത്ര്യലബ്‌ധിയുടെ ഭാഗമായി തടവുകാരെ മോചിപ്പിക്കാനുള്ള ഉത്തരവ്‌ അട്ടിമറിച്ചാണ്‌ മദ്രാസ്‌ പ്രവിശ്യയിലെ കോൺഗ്രസ്‌ സർക്കാർ എ കെ ജിയെ ജയിലിൽ ഇട്ടത്‌.

കണ്ണൂർ ജയിലിലെ എല്ലാ തടവുകാരും സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ദേശീയ പതാകയുമേന്തി നടത്തിയ ഘോഷയാത്രയെ നയിച്ചത് എ കെ ജി ആയിരുന്നു. ദേശീയപതാക ഉയർത്തിയശേഷം എ കെ ജി നടത്തിയ പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു: ‘‘15 കൊല്ലംമുമ്പ്‌ ജയിലിൽ ഒരു ത്രിവർണ പതാക കണ്ടതിന്‌ എന്നെ മർദിച്ചിട്ടുണ്ട്‌. അവിടെ വച്ചുതന്നെ ഇതേ ജയിലിൽ ഇന്ന്‌ ഈ പതാക ഉയർത്താൻ ഭാഗ്യമുണ്ടായതിൽ ഞാൻ അഭിമാനം കൊള്ളുന്നു’’.

വെല്ലൂർ ജയിലിൽ തടവിൽ കഴിയുന്നതിനിടെ 1947 ജൂൺ 24നാണ്‌ എ കെ ജിയുടെ പേരിൽ രാജ്യദ്രോ ഹക്കുറ്റം ചുമത്തിയത്‌. 1946 ആഗസ്ത് 24നു റെയിൽ സമരത്തിന്റെ ഭാഗമായി കോഴിക്കോട്‌ മുതലക്കുളം മൈതാനിയിലും മലബാർ കലാപത്തെക്കുറിച്ച്‌ ആഗസ്ത് 25ന്‌ പെരിന്തൽമണ്ണയിലും നടത്തിയ പ്രസംഗങ്ങളിൽ സർക്കാരിനെതിരായ വിദ്വേഷവും വെറുപ്പും അടങ്ങിയിട്ടുണ്ടെന്ന്‌ ആരോപിച്ചാണ്‌ ഐപിസി 124 (എ) പ്രകാരം കേസെടുത്തത്‌.

മറ്റൊരു കേസിൽ വിചാരണയുണ്ടായിരുന്നതിനാൽ ഈ കേസിൽ കോടതിയിൽ ഹാജരാകാനായില്ല. കോൺഗ്രസുകാരനായ കെ പി രാമുണ്ണി മേനോനായിരുന്നു സർക്കാർ അഡ്വക്കറ്റ്. തീർച്ചപ്പെടുത്താതെ നടന്നുകൊണ്ടിരിക്കുന്ന കേസുകൾ വിചാരണ ചെയ്തുതീർക്കുന്നതിനുള്ള സൗകര്യത്തിനുവേണ്ടി വെല്ലൂർ സെൻട്രൽ ജയിലിൽനിന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് എ കെ ജിയെ മാറ്റാൻ 1947 ജൂലൈ 14ന്‌ സർക്കാർ ഉത്തരവിട്ടു. അതനുസരിച്ച് ജൂലൈ 18ന്‌ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.

ജൂലൈ 21ന് കേസ് വിചാരണയ്ക്കു വന്നപ്പോൾ തന്റെ പേരിൽ ആരോപിച്ചിട്ടുള്ള കേസ് തനിക്ക് അറിയില്ലെന്നും അതുകൊണ്ട് വിവരങ്ങൾ ലഭ്യമാക്കണമെന്നും എ കെ ജി ആവശ്യപ്പെട്ടു. കേസ്‌ ആഗസ്ത് രണ്ടിലേക്ക് മാറ്റി. ജൂലൈ 24 മുതൽ ജയിലിൽ കൂടുതൽ സൗകര്യം അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ എ കെ ജി നിരാഹാരം ആരംഭിച്ചു. അതിനാൽ ആഗസ്ത്‌ രണ്ടിന്റെ വിചാരണയ്‌ക്ക്‌ കോടതിയിൽ ഹാജരാക്കിയില്ല. കേസ് ആഗസ്ത് 13ലേക്ക് മാറ്റി. ആഗസ്ത് അഞ്ചിന്‌ നിരാഹാരം അവസാനിപ്പിച്ചു. 13-ന് കോടതിയിൽ ഹാജരാക്കി. ഇതിനിടയിൽ ആഗസ്ത് 15ന്റെ സ്വാതന്ത്ര്യദിനം പ്രമാണിച്ച് മദിരാശി സർക്കാർ തടവുകാരെയെല്ലാം മോചിപ്പിക്കാൻ തീരുമാനിച്ചു. ആഗസ്ത് ഒന്നിന്‌ ഇ എം എസ് ഉൾപ്പെടെ 198 കമ്യൂണിസ്റ്റ് തടങ്കൽ തടവുകാരെ വെല്ലൂർ ജയിലിൽനിന്നു വിട്ടയച്ചു. എ കെ ജിയെ മോചിപ്പിക്കണമെന്ന് ഉത്തരവിൽ പ്രത്യേകം എടുത്തുപറഞ്ഞെങ്കിലും അദ്ദേഹത്തെയും ഡെറ്റിന്യുകളായിരുന്ന പി ആർ നമ്പ്യാർ, എ വി കുഞ്ഞമ്പു, അഴീക്കോടൻ രാഘവൻ, കെ പി ആർ രയരപ്പൻ, എം സി ആർ എന്നിവരെയും മോചിപ്പിച്ചില്ല. കരിവെള്ളൂർ, കാവുമ്പായി കേസുകളിൽ വിചാരണ നേരിട്ടവരും വിചാരണയ്ക്ക് കാത്തിരിക്കുന്നവരുമായ നിരവധിപേർ ജയിലിൽ ഉണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top