24 April Wednesday

സഭയിലും കൈകോർത്ത്

ലെനി ജോസഫ‌്Updated: Friday Mar 22, 2019


ആലപ്പുഴ
ഒരേ ലോക‌്സഭയിൽ അംഗങ്ങളായ ദമ്പതികൾ എന്ന ബഹുമതിയും എ കെ ജിക്കും സഹധർമിണി സുശീല ഗോപാലനും സ്വന്തം. 1967ലെ തെരഞ്ഞെടുപ്പിലാണ‌് കാസർകോട്ടുനിന്ന‌് എ കെ ജിയും അമ്പലപ്പുഴയിൽനിന്ന‌് സുശീല ഗോപാലനും വിജയിച്ചെത്തി ലോക‌്സഭയ‌്ക്ക‌ുതന്നെ കൗതുകമായത‌്. കേരളം രൂപീകരിച്ചശേഷം ലോക‌്സഭയിൽ എത്തുന്ന ആദ്യ വനിതയുമായിരുന്നു സുശീല.

കോൺഗ്രസിലെ ടി വി സി നായരെ 1,18,510 വോട്ടിന്റെ ഭൂരിപക്ഷത്തിന‌് തകർത്താണ‌് എ കെ ജി വിജയിച്ചത‌്. അമ്പലപ്പുഴയിൽ  കോൺഗ്രസിലെ പി എസ‌് കാർത്തികേയനെ 50,277 വോട്ടിന‌് സുശീല പരാജയപ്പെടുത്തി.

1965ൽ സുശീല ഗോപാലൻ മാരാരിക്കുളത്തുനിന്ന‌് നിയമസഭയിലേക്ക‌് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും അത്തവണ നിയമസഭ കൂടിയില്ല. സിപിഐ എം നേതാക്കളെ ചൈനാ ചാരന്മാരെന്ന‌് മുദ്രകുത്തി ജയിലിലടച്ചിരുന്ന കാലത്ത‌് ജയിലിൽ കിടന്നായിരുന്നു സുശീല മത്സരിച്ചത‌്. എ കെ ജിയും അന്ന‌്  ജയിലിലായിരുന്നു. അതിനുശേഷം ഇരുവരും വിയ്യൂർ ജയിലിൽനിന്ന‌് പുറത്തുവന്ന ശേഷമായിരുന്നു 1967ലെ ലോക‌്സഭാ തെരഞ്ഞെടുപ്പ‌്.

1951ൽ  ഒന്നാം ലോക‌്സഭയുടെ കാലംമുതൽ അംഗമായ എ കെ ജി അന്ന‌് പ്രതിപക്ഷനേതാവുമായി.  മദ്രാസ‌് സംസ്ഥാനത്തെ കണ്ണൂർ മണ്ഡലത്തിൽ കോൺഗ്രസിലെ സി കെ ഗോവിന്ദൻനായരെ തോൽപ്പിച്ചാണ‌് ആദ്യസഭയിലെത്തിയത‌്. പിന്നീട‌് 1957ലും 62ലും കാസർകോട്ടുനിന്ന‌് വിജയിച്ചു. 1972ൽ പാലക്കാട്ട‌് ടി സി ഗോവിന്ദനെ തോൽപ്പിച്ചായിരുന്നു അവസാന തെരഞ്ഞെടുപ്പു മത്സരം.

1967ൽ എ കെ ജി ഡൽഹിയിലും തിരുവനന്തപുരത്തുമായാണ‌് താമസിച്ചിരുന്നതെന്ന‌് സുശീലയുടെ സഹോദരീപുത്രനും ആലപ്പുഴ ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റുമായ  ജി വേണുഗോപാൽ ഓർമിക്കുന്നു. സുശീലയുടെ തെരഞ്ഞെടുപ്പ‌് പ്രചാരണത്തിനായി എ കെ ജി കലവൂരിൽ എത്തിയിരുന്നതായി അന്ന‌്  പ്രചാരണത്തിൽ സജീവമായിരുന്ന സിപിഐ എം ആലപ്പുഴ മുൻ ജില്ലാ സെക്രട്ടറിയറ്റ‌് അംഗം എ രാഘവൻ  ഓർമിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top