29 March Friday

‘എല്ലാം സഖാവിനോട്‌ 
പറഞ്ഞിട്ടുണ്ട്‌ ’ വിശദമായി

എം വി പ്രദീപ്‌Updated: Monday Oct 3, 2022

എ കെ ജി സെന്ററിൽ കോടിയേരിയുടെ ഫോട്ടോയ്ക്ക് മുന്നിൽ അന്തിമോപചാരം അർപ്പിക്കുന്ന കെ സജീവനും 
പി വേണുഗോപാലും


തിരുവനന്തപുരം
വിവിധ ആവശ്യങ്ങൾക്ക്‌  എ കെ ജി സെന്ററിലെത്തി കോടിയേരിയെ കണ്ട്‌ മടങ്ങുന്നവർ ആദ്യം പറയുന്ന വാക്കാണിത്‌  ‘എല്ലാം സഖാവിനോട്‌ പറഞ്ഞിട്ടുണ്ട്‌, വിശദമായി ’.  മുപ്പതിലേറെ ജീവനക്കാരുള്ള ഓഫീസ്‌ നിയന്ത്രിച്ച കോടിയേരിയോട്‌ ജീവനക്കാർക്കുള്ള അടുപ്പം വെറും ബഹുമാനത്തിൽ ഒതുങ്ങുന്നതല്ല. ജ്യേഷ്ഠ സഹോദനെപ്പോലെയാണ്‌. വീട്ടുകാര്യംപോലെ എല്ലാം പങ്കുവയ്‌ക്കും.  ന്യായമായവ സാധിച്ചുകൊടുക്കും. ആർക്കെങ്കിലും ചികിത്സയോ മറ്റ്‌ അത്യാവശ്യങ്ങളോ ഉണ്ടായാൽ പ്രത്യേക ശ്രദ്ധ നൽകും.

കണ്ണൂർ ജില്ലാ സെക്രട്ടറിയായ കാലംമുതൽ ഓഫീസ്‌ പ്രവർത്തനത്തിൽ ഒപ്പമുള്ള പിന്നീട്‌ എ കെ ജി സെന്ററിൽ ഓഫീസ്‌ സെക്രട്ടറിയായിരുന്ന പാർടി സംസ്ഥാന കമ്മിറ്റി അംഗം കെ സജീവൻ ഓർക്കുന്നു. ദിവസം എത്രപേരാണ്‌ കോടിയേരിയെ വന്ന്‌ കാണുന്നതെന്ന്‌  തിട്ടമില്ല. എല്ലാവരെയും കണ്ടിട്ടേ പോകൂ. കമ്മിറ്റി കഴിഞ്ഞ്‌ ഉച്ചഭക്ഷണത്തിന്‌ ഇറങ്ങുമ്പോൾ മുറിക്കുപുറത്ത്‌ ആളുകളുണ്ടാകും. അവരുടെ ആവശ്യം കേട്ട്‌ പരിഹാരം നിർദേശിച്ചിട്ടേ മടങ്ങൂ. 

ഒരിക്കൽ  കോടിയേരിയെ കാണണമെന്ന ആവശ്യവുമായി  കുറച്ചുപേർ എത്തിയത്‌   എ കെ ജി സെന്ററിലെ മറ്റൊരു  ജീവനക്കാരനായ  പി വേണുഗോപാൽ (വേണു)  ഓർക്കുന്നു.  ‘വന്നവർ പാർടി മെമ്പറല്ല. പറഞ്ഞുവിടണോ’ എന്ന തന്റെ  ചോദ്യം കോടിയേരിക്ക്‌ അത്‌ അത്രപിടിച്ചില്ല. ‘പാവപ്പെട്ടവരല്ലേ വേണൂ, ആവശ്യം ന്യായമാണെങ്കിൽ പാർടി നോക്കണോ നമ്മൾ. അവരെ ഇങ്ങോട്ട്‌ വിടൂ.' ആ മറുപടിയിലുണ്ട്‌ എല്ലാം. രാത്രി 11 കഴിഞ്ഞേ  ഓഫീസിൽനിന്ന്‌ ഇറങ്ങൂ.
പാർടി രേഖ തയ്യാറാക്കാൻ ജീവനക്കാരുടെ സഹായം തേടാറില്ല. സ്വന്തമായി എഴുതി തയ്യാറാക്കും. അസുഖബാധിതനായ നാളുകളിൽമാത്രമാണ്‌ എഴുത്തുകുത്തുകൾക്ക്‌ ജീവനക്കാരെ ആശ്രയിച്ചതെന്നും സജീവൻ ഓർമിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top