29 March Friday

പുറ്റിങ്ങൽ ദുരന്തത്തിൽ നഷ്‌ടപ്പെട്ടത്‌ ഇടതുകാൽ; ഇന്ന്‌ ദേശീയ ഭിന്നശേഷി ക്രിക്കറ്റ്‌ ടീമിൽ അംഗം

സുനീഷ്‌ ജോ suneeshmazha@gmail.comUpdated: Sunday Apr 3, 2022

പത്തൊമ്പതാം വയസ്സിൽ തകർന്ന ജീവിതം വാശിയോടെ തിരികെ പിടിച്ചവൻ. തിരുവനന്തപുരം പള്ളിക്കൽ സ്വദേശി ആകാശ്‌. പുറ്റിങ്ങൽ വെടിക്കെട്ട്‌  ദുരന്തത്തിൽ നഷ്‌ട‌പ്പെട്ടത്‌ ഇടതുകാൽ. ഇടത്‌ കാലിന്റെ ആ ശൂന്യതയ്‌ക്ക്‌ ഏപ്രിൽ പത്തിന്‌ ആറുവർഷം. ഇന്നവൻ വെടിക്കെട്ട്‌ ബാറ്റിങ്‌ പുറത്തെടുക്കുന്നു. ദേശീയ ഭിന്നശേഷി ക്രിക്കറ്റ്‌ ടീമിൽ അംഗം. മറികടന്ന പ്രതിസന്ധികളെക്കുറിച്ച്‌ ആകാശ്‌  പറയുന്നു.

വെടിക്കെട്ട്‌ ദുരന്തം നടന്ന മണ്ണിൽ വർഷങ്ങൾക്കിപ്പുറം കൈയ്യിലൊരു ക്രിക്കറ്റ്‌ ബാറ്റുമായി ആകാശ്‌ നടക്കുകയാണ്‌. കൃത്രിമക്കാലുറപ്പിച്ച്‌. പത്തൊമ്പതാംവയസ്സിൽ ജീവിതം ചിതറിപ്പോയ അതേ മണ്ണിൽ സെഞ്ച്വറി നേടിയ വീര്യത്തോടെ. കൊല്ലം പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിൽ കേരളത്തിലെ ഏറ്റവുംവലിയ വെടിക്കെട്ട് ദുരന്തം നടന്നിട്ട്‌ ഏപ്രിൽ പത്തിന്‌ ആറുവർഷം. അന്നവിടെ വീണുപോയിട്ടും ഉയർത്തെഴുന്നേറ്റവരിൽ ഒരുവനാണ്‌ ആകാശ്‌. ഇപ്പോളവൻ ഭിന്നശേഷിക്കാരുടെ ദേശീയക്രിക്കറ്റ്‌ ടീമിലെ ‘ധോണി’യാണ്‌. വിക്കറ്റ്‌ കീപ്പർ ബാറ്റ്‌സ്‌മാൻ. തിരുവനന്തപുരം പള്ളിക്കൽ സ്വദേശിയായ ആകാശ്‌ തനിക്കുണ്ടായ ദുരന്തവും അതിൽനിന്ന്‌ നടന്നുകയറിയ ജീവിതവും പറയുന്നു.

എയർപോർട്ട്‌ യാത്രയ്‌ക്ക്‌ മുമ്പ്‌

2016 ഏപ്രിൽ 10. ചേച്ചിയുടെ വീട്‌ പരവൂരാണ്‌. അന്ന്‌ അവരെ വിദേശത്തേക്ക്‌ യാത്രയാക്കാൻ പോയതാണ്‌. പുലർച്ചെ നാലിന്‌ കാറുമായി എയർപോർട്ടിലേക്ക്‌ പോകണം. ഉറങ്ങിക്കഴിഞ്ഞാൽ എഴുന്നേൽക്കില്ല. അതൊരുശീലമാണ്‌. അതുകൊണ്ട്‌ ഒരു കിലോമീറ്റർ അകലെയുള്ള ക്ഷേത്രത്തിലേക്ക്‌ ചേച്ചിയുടെ ഭർത്താവ്‌ അരുണുമായി നടന്നുപോയി. പതിനഞ്ച്‌ മിനിറ്റ്‌ കഴിയുന്നതിന്‌ മുമ്പേ കമ്പപ്പുരയിൽ അമിട്ടിന്റെ പൊരി വീണ്‌ തീപിടിച്ചു. ആദ്യ സ്‌ഫോടനത്തിൽ തന്നെ ക്ഷേത്ര മതിലിനുസമീപം ഞാൻ തെറിച്ചുവീണു. ചുറ്റും എന്താണ്‌ നടക്കുന്നതെന്ന്‌ തിരിച്ചറിയാനായില്ല. ഒന്നും കാണാനും കേൾക്കാനും വയ്യ. അരുണിനെ വിളിക്കുന്നു. തപ്പിയപ്പോൾ കിട്ടിയത്‌ ആരുടെയൊ അറ്റുപോയ ഒരുകൈ. ഞാനത് താഴെ ഇട്ടു. കിടന്ന് നിലവിളിച്ചു. ഒരാൾ അടുത്ത് വന്നു. മോനേ ഒറ്റയ്ക്ക് കൊണ്ടുപോകാൻ പറ്റില്ലെന്ന്‌ പറഞ്ഞു. പ്രായംചെന്ന ആളാണ്. മോൻ ശവങ്ങൾക്ക്‌ ഇടയിൽ കിടക്കുകയാണ്. ഞാൻ രണ്ട് കൈകൊണ്ടും ഒരുകണ്ണ് വലിച്ചു തുറന്നു. ഇരുട്ടാണ്. ദൂരെ അവിടവിടെയായി ടോർച്ച് വെളിച്ചം. വെടിമരുന്നിന്റെയും മാംസം കത്തിയതിന്റെയും രൂക്ഷ ഗന്ധം. കൂട്ട നിലവിളികൾ. ആ മനുഷ്യൻ ഒരു തോർത്ത് തന്നു. ഉയർത്തി വീശിക്കോ നിന്നെ അവർ കാണും രക്ഷിക്കും... എന്ന് പറഞ്ഞ്‌ അകന്നുപോയി. ഒരുമണിക്കൂറിലേറെ കഴിഞ്ഞ്‌ ആരൊക്കെയോ വന്ന് എടുത്തു. പ്രൈവറ്റ് ബസിനകത്ത്‌ തറയിൽ ഇരുന്നാണ്‌ ആശുപത്രിയിലേക്ക്‌ പോയത്‌.

കൊന്ന്‌ കളയൂ ഡോക്ടർ

അതുവരെയുള്ള ഞാൻ ഓർത്തിരിക്കാൻ മാത്രമുള്ള ഭൂതകാലമായി. തകർന്നുപോയി. മുഖം പൊള്ളി. കർണപുടം പൊട്ടി. കണ്ണിൽ മുഴുവൻ മണ്ണുകയറി. കൈ, കാൽ, മുഖം, പുറം എല്ലാംപൊള്ളി. കൊല്ലം മെഡിട്രീന ആശുപത്രിയിലാണ്‌ ആദ്യം കൊണ്ടുപോയത്‌. അത്‌ ഓർമയുണ്ട്‌. അച്ഛന്റെ അനിയനാണ്‌ ആശുപത്രിയിൽ വന്നത്‌. ആരോ നമ്പർ ചോദിച്ചു. ഞാൻ വീട്ടിലെ നമ്പർകൊടുത്തു. അവിടെനിന്ന്‌ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക്‌. ബോധം മറഞ്ഞു. പിന്നെ ഉണരുന്നത്‌ മൂന്നാം ദിവസം. കാലുപോയ കാര്യം അപ്പോഴും അറിയുന്നില്ല. കണ്ണുകാണാനാകുന്നില്ലല്ലോ... വലതുകാലിലും വലിയ മുറിവുണ്ടായിരുന്നു. ശരീരമാകെ ഉടുപ്പ്‌ ഉരുകിപ്പിടിച്ചിരുന്നു. വാച്ചും. കോൺക്രീറ്റ്‌ ചീളുകൾ തലയിലും ദേഹത്തും കുത്തിക്കയറിയിരുന്നു അമ്പത്തിയെട്ട്‌ കല്ലുണ്ടായിരുന്നു. പാട്‌ പോയിട്ടില്ല. ഒരാഴ്‌ച കഴിഞ്ഞാണ്‌ അത്‌ എടുക്കുന്നത്‌. ഒന്നര ആഴ്‌ച കഴിഞ്ഞാണ്‌ കണ്ണ്‌ വൃത്തിയാക്കിയത്‌. ഓരോദിവസവും മണ്ണ്‌ നീക്കുന്നുണ്ടായിരുന്നു. അപ്പോഴും ഞാനറിഞ്ഞില്ല ഇടതുകാലറ്റത്‌. ഭക്ഷണം കഴിക്കാൻ ഉയർത്തി കിടത്തിയപ്പോഴാണ്‌ ഞാനതറിഞ്ഞത്‌. ആരോടും ഒന്നും മിണ്ടിയില്ല. അതിന്‌ മുമ്പ്‌ അച്ഛനോട്‌ ചോദിക്കുമ്പോഴും കാലിനൊന്നുമില്ല. മുറിവാണ്‌. കെട്ടിവച്ചിരിക്കുകയാണ്‌ എന്നാണ്‌ പറഞ്ഞത്‌. അപ്പഴേ ജയറാമിന്റെ പഴയ സിനിമ കേളിയിലെ രംഗങ്ങളാണ്‌ മനസ്സിൽവന്നത്‌. എന്റെ ജീവിതവും അങ്ങനാകും എന്ന ചിന്ത. ആരോടും മിണ്ടാട്ടമില്ല. ഡോക്ടറോട്‌ പറയും എന്നെ കൊന്നുകളയാൻ. വേദനയും സഹിക്കാൻ പറ്റുന്നില്ല. വലതുകാലിന്‌ നീരായി. ദേഹത്തെല്ലാം മുറിവും. രണ്ടുമാസം അതേ കിടപ്പ്‌. അതു കഴിഞ്ഞ്‌ വീട്ടിൽ. കൂട്ടുകാരെല്ലാം ഫുൾ ടൈം വീട്ടിലുണ്ടായിരുന്നു. കറന്റ്‌ പോകുമ്പോൾ വിയർക്കാതിരിക്കാൻ ഇൻവെർട്ടറൊക്കെ സെറ്റ്‌ ചെയ്‌ത്‌ തന്നു. ആറുമാസം കിടന്നു. അപകടത്തിൽ ചേച്ചിയുടെ ഭർത്താവ്‌ അരുണിന്‌ കാൽപ്പാദം നഷ്‌ടപ്പെട്ടിരുന്നു.

ക്രിക്കറ്റായിരുന്നു ജീവൻ

അപകടം നടക്കുമ്പോൾ കടയ്‌ക്കൽ പിഎംഎസ്‌എ കോളേജിലെ രണ്ടാംവർഷ കംപ്യൂട്ടർ സയൻസ്‌ ബിരുദ വിദ്യാർഥിയായിരുന്നു. സ്‌പോർട്‌സിൽ വലിയതാൽപ്പര്യമായിരുന്നു. ക്രിക്കറ്റായിരുന്നു എല്ലാം. എന്നാൽ, ആശുപത്രിവാസത്തോടെ പഠനമടക്കം എല്ലാം നഷ്‌ടമായി. പിന്നീട്‌ വിദൂര വിദ്യാഭ്യാസത്തിലൂടെ ബി കോം പഠിച്ചു. കേരള യൂണിവേഴ്‌സിറ്റി ക്രിക്കറ്റ്‌ ടീമിൽ കളിച്ചിരുന്നു. ലീഗ്‌ മത്സരങ്ങളിലും. കൊല്ലത്ത്‌ സഫയർ എന്ന ടീമിൽ കളിക്കുമായിരുന്നു. ഇപ്പോഴും കളിക്കുന്നുണ്ട്‌. തിരുവനന്തപുരം ജില്ലക്കാരനാണെങ്കിലും കൊല്ലമാണ്‌ പോവാനും വരാനും എളുപ്പം. കൊല്ലം ഡിവിഷനിലാണ്‌ കളിച്ചിരുന്നത്‌. ബി ഡിവിഷൻ കളിക്കാരനാണിപ്പോൾ. സൈന്യത്തിൽ ചേരുകയായിരുന്നു ലക്ഷ്യം. എൻസിസി ‘സി’ സർട്ടിഫിക്കറ്റുണ്ടായിരുന്നു. നേവിയിൽ എഴുത്തു പരീക്ഷ കഴിഞ്ഞിരുന്നു. കിട്ടാൻ സാധ്യതയും.

ബാറ്റെടുത്തു

സംഭവത്തോടെ അച്ഛൻ തുളസീധരൻ പിള്ളയും അമ്മ ഓമനയും ആകെ തകർന്നു. അവരെ എങ്ങനെ ആശ്വസിപ്പിക്കുമെന്ന്‌ എനിക്ക്‌ അറിയില്ലായിരുന്നു. ഞാനൊരു വികലാംഗനായി എന്ന രീതിയിൽ കൂട്ടുകാർ ഒരിക്കലും മാറ്റി നിർത്തിയിട്ടില്ല. ഈ കാലുമായി അവരെന്നെ ബൈക്കിൽ കൊണ്ടുപോയി. ഓണ പരിപാടി, മത്സരം എല്ലായിടത്തും. പഴയതുപോലെ പെരുമാറി. സ്‌റ്റിക്ക്‌ വച്ച്‌ റോഡിലൂടെ നടന്നു. അല്ലാതെയും. അങ്ങനെ വീണ്ടും ബാറ്റ്‌ കൈയ്യിലെത്തി. കൂട്ടുകാർ എറിഞ്ഞുതന്ന പന്തുകൾ തട്ടിത്തുടങ്ങി. അത്‌ ഗ്രൗണ്ടിലേക്കെത്തിച്ചു. കളിക്കാൻ പറ്റുമോ... ഓടാനാകില്ല... ഞാൻ പറഞ്ഞു. നീ ഓടണ്ട. അടിച്ചുപറത്തിയാൽ മതിയെന്ന്‌ അവർ.അങ്ങനെ മത്സരത്തിലേക്ക്‌. കാലിന്റെ കാര്യം ഞാൻ മറന്നു. ഒരുപരിഗണനയുമില്ലാതെ അവർ എനിക്കെതിരെ പന്തെറിഞ്ഞു.

സഹാനുഭൂതിയോടെ അവരെറിഞ്ഞിരുന്നെങ്കിൽ ഇപ്പോഴത്തെ ഞാനില്ല. അപകടത്തിന്‌ മുമ്പ്‌ കളിക്കാൻ പോയിരുന്നത്‌ വീട്ടുകാർ അറിയാതെയായിരുന്നു. എന്നാൽ അപകടശേഷം അവരായി കൂടുതൽ പിന്തുണ. സ്ഥിരം കളിയായി. കുറവുകൾ പൂർണമായും മറന്നു. ബൈക്ക്‌ ഓടിക്കുന്നു. കൂട്ടുകാർക്കൊപ്പം പോകുന്നു. ശ്രീകാര്യത്തെ ജർമൻ കമ്പനിയിൽനിന്നാണ്‌ കൃത്രിമക്കാൽവയ്‌ക്കുന്നത്‌. ഒരുമാസത്തെ പരിശീലനത്തിനുശേഷം നന്നായി നടക്കാമെന്ന സ്ഥിതി വന്നു.

വീട്ടിൽ ഇരുന്ന്‌ ഇൻഫോസിസ്‌ പോലുള്ള കമ്പനികൾക്ക്‌ ചെറിയ തുകയ്‌ക്ക്‌ ഡാറ്റ എൻട്രികൾ ചെയ്യാൻ തുടങ്ങി. ഇതിനിടെ ക്രിക്കറ്റ്‌ കളിക്കുന്ന വീഡിയോ ആരോ എടുത്ത്‌ വാട്സാപ്പിലിട്ടു. ഇത്‌ കണ്ടാണ്‌ ഭിന്നശേഷിക്കാർക്കായുള്ള ക്രിക്കറ്റ്‌ അസോസിയേഷൻ വിളിക്കുന്നത്‌. 2018ൽ ഭിന്നശേഷി ദിനത്തോടനുബന്ധിച്ച്‌ കൊല്ലം ടികെഎം എൻജിനിയറിങ്‌ കോളേജിൽ സൗഹൃദമത്സരമുണ്ട്‌. കോളേജ്‌ ടീമുമായിട്ടായിരുന്നു മത്സരം. നന്നായി കളിച്ചു. വാർത്തയും ഫോട്ടോയും പത്രത്തിൽ വന്നു. ടീം തോറ്റു.15 ഓവറിൽ 130 റൺവേണമായിരുന്നു. വാലറ്റക്കാരനായി ഞാനിറങ്ങുമ്പോൾ വേണ്ടത്‌ 75റൺ. പിടിച്ചുനിന്നു. എട്ട്‌ റണ്ണിനായിരുന്നു തോൽവി. എല്ലാവരും വന്ന്‌ പരിചയപ്പെട്ടു. ഡിഫ്രന്റ്‌ലി ഏബിൾഡ്‌ ക്രിക്കറ്റ്‌ അസോസിയേഷൻ ഭാരവാഹികൾക്കും ഇഷ്‌ടമായി. അങ്ങനെ അസോസിയേഷന്റെ കേരള ടീമിലെത്തി.

മാൻ ഓഫ്‌ ദ മാച്ച്‌

കോവിഡ്‌ അടച്ചുപൂട്ടൽ കാലത്ത്‌ ഹൈദരാബാദിൽ ഭിന്നശേഷിക്കാരുടെ രഞ്‌ജി ട്രോഫി മത്സരത്തിലായിരുന്നു. 2019ൽ 24 സംസ്ഥാന ടീമുകൾ പങ്കെടുത്ത ടൂർണമെന്റ്‌ നടന്നു. സെമിയിൽ കേരള ടീം പുറത്തായെങ്കിലും എല്ലാടീമുമായും നന്നായി സ്‌കോർ ചെയ്‌തു. അതോടെ ദേശീയ ടീമിൽ സെലക്‌ഷനിൽ പങ്കെടുക്കാൻ ഒരു കത്തു വന്നു. 2019ൽ തന്നെ ടീമിലെത്തി. ഒരുമാസം ക്യാമ്പ്‌. അവസാനമായി കളിച്ചത്‌ ബോർഡ്‌ ഓഫ്‌ ഡിസേബിൾഡ്‌ ക്രിക്കറ്റ്‌ അസോസിയേഷൻ സംഘടിപ്പിച്ച ബംഗ്ലാദേശുമായുള്ള ടെസ്‌റ്റ്‌ പരമ്പര. നാട്ടിൽ കൂലിപ്പണിക്ക്‌ പോകുന്നവർ വരെ രാവിലെ എനിക്കായി ക്രിക്കറ്റ്‌ പ്രാക്ടീസിന്‌ ഒപ്പംകൂടും. കൃത്രിമക്കാൽവയ്‌ക്കാൻ നാലുലക്ഷമായി. സാമ്പത്തിക പ്രയാസമുണ്ട്‌. 

ബിസിസിഐ അപ്രൂവൽ ഇല്ലാത്തതിനാൽ കളിയിൽ നിന്ന്‌ വലിയ സാമ്പത്തിക നേട്ടമൊന്നുമില്ല. എന്നാലും ദേശീയ ടീമിൽ കളിച്ചു, മാൻ ഓഫ്‌ ദ മാച്ചായി. ഔട്ടാകാതെ സെഞ്ച്വറി നേടി എന്നൊക്കെ പറയുമ്പോൾ കിട്ടുന്ന സന്തോഷം ചെറുതല്ല –- ആകാശ്‌ പറഞ്ഞു. ബാഡ്‌മിന്റൺ കളിക്കിടയിൽ എല്ലുപൊട്ടിയ വലതുകാലിൽ പ്ലാസ്‌റ്ററിട്ട്‌ പള്ളിക്കൽ പിഎച്ച്‌സിയിലെ താൽക്കാലിക ജോലിയിൽ അവനുണ്ട്‌. സഹപ്രവർത്തകരുടെ ജോലി ഭാരം കൂടരുതല്ലോ എന്ന സ്‌പോർട്‌സ്‌മാൻ സ്‌പിരിറ്റോടെ.

സഹതപിച്ച്‌ തളർത്തരുത്‌

അരുണിമ സിൻഹയെന്ന പർവതാരോഹകയെക്കുറിച്ച്‌ ദുരന്ത നാളിൽ ആകാശ്‌ അറിഞ്ഞിട്ടേയില്ല. 2011 ഏപ്രിലിലാണ്‌ ഉത്തർപ്രദേശിലെ ട്രെയിൻ യാത്രയ്‌ക്കിടെ കവർച്ചക്കാരുടെ അക്രമത്തിൽ അരുണിമയ്‌ക്ക്‌ ഇടതുകാൽ നഷ്ടമായത്‌. 24 കാരിയായ അവരന്ന്‌ ദേശീയ വോളിബോൾ താരമായിരുന്നു. രണ്ടുവർഷത്തിനുശേഷം കൃത്രിമക്കാലുമായി എവറസ്‌റ്റ്‌ കീഴടക്കി. അരുണിമയും ആകാശുമൊക്കെ നമ്മോട്‌ പറഞ്ഞുവയ്‌ക്കുന്നത്‌ സഹതപിച്ച്‌ തളർത്താനല്ല ഒപ്പം നിന്ന്‌ വളരാനുള്ള ഊർജം നൽകാനാണ്‌.

മരിച്ചത്‌ 110 പേർ

2016 ഏപ്രിൽ 10 ന്‌ പുറ്റിങ്ങൽ ദേവീ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ട്‌ ദുരന്തത്തിൽ മരിച്ചത്‌ 110 പേർ. 750 പേർക്ക്‌ ഗുരുതരമായി പരിക്കേറ്റു. കൈ, കാൽ, കണ്ണ്‌ എന്നിവ നഷ്ടപ്പെട്ടവരാണ്‌ ഏറെയും. 450 വീടുകൾക്ക്‌ കേടുപാട്‌ സംഭവിച്ചു. ക്ഷേത്രഭാരവാഹികൾ, വെടിക്കെട്ടിന് കരാർ എടുത്തവർ, അവരുടെ സ്ഥിരം തൊഴിലാളികൾ എന്നിവർക്കെതിരായി പരവൂർ മജിസ്‌ട്രേട്ട്‌ കോടതിയിൽ കേസ്‌ നടക്കുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top