29 March Friday

വ്യോമ ഗതാഗതവും സുരക്ഷയും

ജി എം നായർUpdated: Thursday Aug 20, 2020

വാഹനഗതാഗത സംവിധാനത്തിൽ  സുരക്ഷിതമായ ഒന്നാണ്‌ വ്യോമയാനം. ദിവസംതോറും നടക്കുന്ന റോഡ്‌ അപകടങ്ങളുടെയും ഇടയ്‌ക്കിടെ ഉണ്ടാകുന്ന ട്രെയിൻ അപകടങ്ങളുടെയും  കണക്കെടുത്താൽ വിമാന അപകടങ്ങൾ വല്ലപ്പോഴും മാത്രമേ ഉണ്ടാകുന്നുള്ളൂ. എന്നാൽ, വിമാനാപകടത്തിൽ ഉണ്ടാകുന്ന ജീവഹാനിയും ധനനഷ്ടവും  മറ്റ്‌ ഏത്‌ അപകടങ്ങളെക്കാളും വളരെ ഉയർന്നതാണ്‌. വിമാന ഗതാഗതത്തിൽ ഉൾപ്പെട്ടിട്ടുള്ള സാങ്കേതികത്വവും മറ്റ്‌ ഗതാഗത സംവിധാനത്തെക്കാളും വളരെ ഉന്നത നിലവാരം പുലർത്തുന്നു.

റോഡ്‌ ഗതാഗതമായാലും റെയിൽ ഗതാഗതമായാലും എന്തിനേറെ ജലമാർഗമുള്ള ഗതാഗതമായാൽപ്പോലും ഏതെങ്കിലും തരത്തിലുള്ള ഒരു അപകടസാധ്യത മുൻകൂട്ടി അറിഞ്ഞാൽ ആ വാഹനത്തെ ഓടുന്നതിനിടയിൽ ഒന്നു നിർത്തി അതിന്റെ തകരാറുകൾ കഴിവതും പരിഹരിച്ച്‌ യാത്ര തുടരാൻ കഴിയും. എന്നാൽ, വ്യോമയാനത്തിൽ ആ സാധ്യതകുറവാണ്‌. സൗകര്യമായ ഒരു വിമാനത്താവളത്തിൽ നിലം തൊടണം ആ വിമാനം.

ഇത്‌ മുന്നിൽക്കണ്ട്‌ വ്യോമ ഗതാഗതനിയന്ത്രണത്തിൽ ധാരാളം  സംവിധാനങ്ങളുണ്ട്‌‌. അതിൽ പ്രധാനം ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ, ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട്‌ അസോസിയേഷൻ  എന്നിവ ആണ്‌.  ലോകവ്യാപകമായി യാത്രാവിമാനങ്ങളുടെ നിയന്ത്രണത്തിൽ കാലാകാലങ്ങളിലുള്ള നിയമാവലികളും മറ്റ്‌ സുരക്ഷാ സംവിധാനങ്ങളും നടപ്പാക്കുന്ന റെഗുലേറ്ററി അതോറിറ്റികളാണ്  ഈ സംഘടനകൾ‌. ലോകരാഷ്‌ട്രങ്ങൾ മിക്കതും ഈ സംഘടനകളുടെ അംഗങ്ങളാണ്‌. വിമാനത്താവളങ്ങളുടെ നിർമാണം മുതൽ അതിന്റെ സുഗമമായ പ്രവർത്തനം വരെയും വിമാനങ്ങളുടെ രൂപകൽപ്പന മുതൽ രാജ്യത്തെ എയർലൈൻ പ്രവർത്തനങ്ങൾ വരെയും ഈ  സംഘടനകളുടെ മേൽനോട്ടത്തിൽ നടക്കുന്നു.




അപകടകാരണങ്ങൾ  പലത്‌
വിമാനത്താവളത്തിന്റെ  ഘടനയിലുള്ള പാകപ്പിഴവോ അതല്ലെങ്കിൽ വിമാനത്തിന്റെ പ്രവർത്തനത്തിൽ ഉണ്ടാകുന്ന അപാകതകളോ അതുമല്ലെങ്കിൽ ഈ സംവിധാനം നിയന്ത്രിക്കുന്നതിൽ ഉണ്ടാകുന്ന മാനുഷികമായ തെറ്റുകുറ്റങ്ങളോ വിമാന അപകടങ്ങൾക്ക്‌ കാരണമാകാം. ചുരുക്കിപ്പറഞ്ഞാൽ ഇവ ഹ്യൂമൻ എറർ അല്ലെങ്കിൽ എക്യുപ്‌മെന്റ്‌ എറർ ആണ്‌. വിമാനാപകടങ്ങൾ പലരീതിയിൽ സംഭവിക്കാം.

വിമാനം ഇറങ്ങുമ്പോഴോ (landing) പറന്നുയരുമ്പോഴോ (take off) റൺവേയിൽനിന്ന്‌ തെന്നിമാറുക: ഇത്‌ പ്രധാനമായും റൺവേയിലുള്ള വിള്ളലുകളോ ഏതെങ്കിലും വസ്‌തുക്കളിൽ തട്ടിയോ അല്ലെങ്കിൽ ചെറിയ വെള്ളക്കെട്ടുകളോ ആയിരിക്കും കാരണം. വലിയ മഴയെക്കാളും ചെറിയ മഴയത്തുള്ള വെള്ളക്കെട്ട്‌ റൺവേ പ്രതലത്തെ ചെറിയ പ്ലാസ്റ്റിക്‌ ഫിലിം പോലെ പ്രവർത്തിപ്പിക്കുന്നു. ഇത്‌ തെന്നൽ ഉണ്ടാക്കുന്നു. അടിക്കടിയുള്ള റൺവേ പരിശോധനകൾക്കൊപ്പം ഇത്തരം പ്രശ്‌നങ്ങൾ മുൻകൂട്ടി പൈലറ്റിന്റെ ശ്രദ്ധയിൽ എയർ ട്രാഫിക്‌ കൺട്രോൾ(എടിസി) പെടുത്തുന്നതും അപകടം ഒഴിവാക്കാനാകും.
വിമാനത്തിന്റെ ചക്രങ്ങൾക്കുണ്ടാകുന്ന തകരാർ (under carriage problem):   ഇറങ്ങാൻ വരുന്ന വിമാനത്തിന്റെ ചക്രങ്ങൾ താഴോട്ട്‌ വരാത്ത അവസ്ഥ. ഈ ഘട്ടത്തിൽ വിമാനം അതിന്റെ ഇന്ധനം പൂർണമായി ചോർത്തിക്കളഞ്ഞ്‌ ‘ബല്ലി ലാൻഡിങ്‌ ’നടത്തുന്നു. ‌ വിമാനത്താവളത്തിന്റെ ഏതെങ്കിലും സുരക്ഷിതമായ പ്രതലത്തിൽ വിമാനത്തെ ഇറക്കുന്നു.

ഇന്ധനച്ചോർച്ച,  ഇന്ധനക്കുറവ്‌, മർദ വ്യത്യാസം മൂലമുള്ള തകരാർ,  വിമാനത്തിന്റെ ഉള്ളിലോ മറ്റ്‌ ഭാഗങ്ങളിലോ തീപിടിത്തമുണ്ടാകുക,  പക്ഷിയോ മറ്റ്‌ വസ്‌തുക്കളോ ഇടിക്കുക,  ഭീകര ആക്രമണം തുടങ്ങിയവയൊക്കെ അപകട സാധ്യതകളാണ്‌. 

ഇത്തരത്തിലുള്ള എല്ലാവിധ അപകടങ്ങളെയും സാധാരണ രീതിയിൽ തരണം ചെയ്യേണ്ട  പരിശീലനവും എടിസിക്കും മറ്റ്‌ വിമാനത്താവള ഉദ്യോഗസ്ഥർക്കും  സ്വായത്തമാക്കിയിട്ടുണ്ട്‌.  ഇത്‌ കൈകാര്യം ചെയ്യാൻ വേണ്ട സാങ്കേതിക അറിവുകളും അതിലെ പൈലറ്റിനും എയർലൈൻ ഉദ്യോഗസ്ഥർക്കും വിമാനത്താവള ഉദ്യോഗസ്ഥർക്കും നൽകുന്നുണ്ട്‌.  





വിമാനത്താവളവും  കാലാവസ്ഥയും
ഒരു വിമാനത്താവളത്തിന്‌ പറ്റിയ സുരക്ഷിതമായ സ്ഥലം കണ്ടെത്തുക എന്നതും പ്രധാനപ്പെട്ടതാണ്‌.   ആ പ്രദേശത്തെ കാലാവസ്ഥ, കുറഞ്ഞത്‌ ഒരു 25 വർഷത്തെ കാറ്റും മഴയുടെ തോതും ദൂരക്കാഴ്‌ച തുടങ്ങിയവ പഠിച്ച്‌ ഉറപ്പുവരുത്തണം.  
വിമാനത്താവളത്തിന്റെ സുഗമമായ പ്രവർത്തനത്തിന്‌ കാലാവസ്ഥ സുപ്രധാന ഘടകമാണ്‌.     കാറ്റിന്റെയും മഴ, വെള്ളപ്പൊക്കം, ദൂരക്കാഴ്‌ച, ഊഷ്‌മാവിന്റെ നിലവാരം എന്നിവയെല്ലാം പ്രധാനം. ‌ വിമാനത്താവളത്തിന്റെ ‘നട്ടെ്ല്ല്’ എന്ന്‌ വിശേഷിപ്പിക്കാവുന്ന റൺവേയുടെ നിർമാണത്തിന്‌ ഈ പഠനം അത്യന്താപേക്ഷിതം‌. റൺവേ എപ്പോഴും കാറ്റിന്റെ ഗതിയനുസരിച്ചാണ്‌ നിർമിക്കുന്നത്‌. വിമാനങ്ങൾ ഇറങ്ങുന്നതും പറന്നുയരുന്നതും കാറ്റിന്റെ ഗതിക്ക്‌ വിപരീതമായിട്ടാണ്‌.  സ്ഥലപരിമിതി പല വിമാനത്താവളങ്ങളുടെയും സുഗമമായ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്‌. പ്രത്യേകിച്ച്‌ ടേബിൾ ടോപ്പ്‌ റൺവേകൾ. 

വിമാനത്താവളത്തിന്റെ ഇലക്‌ട്രോണിക്‌ ഉപകരണങ്ങളാണ്‌ സുരക്ഷയുടെ മറ്റൊരു ഘടകം. ഇതിൽ പ്രധാനമായി VOR/DME (Very high omini range equipment/Distance measuring equipment). ഇത്‌ വിമാനത്തിന്റെ പോക്കുവരവിന്‌ വേണ്ട ദിശാസൂചനിയാണ്‌. അടുത്തതായി ഐഎൽഎസ്‌ (Instrument Landing System). ഇത്‌ ഒരുകൂട്ടം ഉപകരണങ്ങളുടെ പ്രവർത്തനത്താൽ വിമാനങ്ങൾക്ക്‌ മോശം കാലാവസ്ഥയിലും സുഗമമായി റൺവേയിൽ ഇറങ്ങാൻ പൈലറ്റിനെ സഹായിക്കുന്നു. റൺവേയുടെ മധ്യരേഖ, ഇറങ്ങാനുള്ള മാർഗരേഖ തുടങ്ങിയവ കൃത്യമായി വിമാനത്തിന്റെ ഉള്ളിലെ ഉപകരണങ്ങളിൽ പൈലറ്റിന്‌ കാട്ടിക്കൊടുക്കുന്നു. ഇറങ്ങേണ്ട സ്ഥലത്തിൽനിന്നുള്ള ദൂരവും. ഇന്ത്യൻ വിമാനത്താവളങ്ങളിൽ  ഐഎൽഎസ്‌‌ റൺവേയുടെ ഒരുഭാഗത്ത്‌ മാത്രമേ ഇറങ്ങാൻ ഉപകരിക്കുന്നുള്ളൂ.

കാറ്റിന്റെ ഗതിമൂലം ഐഎൽഎസ്‌ ഉള്ള ഭാഗം ഉപയോഗിക്കാൻ കഴിഞ്ഞില്ലെങ്കിൽ റൺവേയുടെ മറുഭാഗത്ത്‌ ഐഎൽഎസ്‌ ഇല്ലാത്തതിനാൽ  സുഗമമായി ഇറങ്ങാൻ കഴിയില്ല. വിമാനം ഈ ഘട്ടത്തിൽ അടുത്തുള്ള വിമാനത്താവളത്തിൽ പോകണം.  ഒരു വിമാനത്താവളത്തിൽ എന്തെങ്കിലും സാങ്കേതിക തടസ്സങ്ങൾ ഉണ്ടായാൽ വിമാനത്തെ ഉടൻതന്നെ അടുത്തുള്ള മറ്റൊരു വിമാനത്താവളത്തിലേക്ക്‌ തിരിച്ചുവിടണം.അല്ലാതെ സാഹസിക പ്രവർത്തനങ്ങൾക്ക്‌ ഒരുമ്പെടുന്നത്‌ എടിസിക്കോ പൈലറ്റിനോ അഭികാമ്യമല്ല. 


 

പിന്നെയുള്ള ഒരു പ്രധാന ഘടകം റൺവേ ലൈറ്റിങ്‌ സംവിധാനമാണ്‌‌. ഏത്‌ കാലാവസ്ഥയിലും സുഗമമായി വിമാനം ഇറങ്ങാൻ സഹായിക്കുന്ന ഈ  സംവിധാനം വിമാനത്താവളങ്ങളിൽ ഉണ്ടാകണം. റൺവേയുടെ പ്രതലവും അനുബന്ധ ഉപകരണങ്ങളും കാലാകാലം സൂക്ഷ്‌മപരിശോധന നടത്തി ഉപയോഗപ്രദമാക്കണം.  റഡാർ സംവിധാനം വഴി വിമാനങ്ങൾക്ക്‌ സുരക്ഷിതമായി പറന്നിറങ്ങാനുള്ള കൃത്യമായ നിർദേശങ്ങൾ കൊടുക്കാനാകും.

റൺവേയിൽത്തന്നെ സുരക്ഷിതമായി വിമാനങ്ങൾ ഇറങ്ങാനുള്ള മാർഗരേഖകൾ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്‌. എവിടെ ഇറങ്ങണം വിമാനം, റൺവേയുടെ ഏതുഭാഗത്ത്‌ അതിന്റെ ചക്രങ്ങൾ സൂക്ഷ്‌മമായി തൊടണം, എവിടെ നിർത്തണം എന്നിവ കൃത്യമായി  അടയാളപ്പെടുത്തിയിട്ടുണ്ട്‌. പകൽസമയം വരകളായും രാത്രികാലങ്ങളിൽ വിവിധയിനം നിറങ്ങളുള്ള ലൈറ്റുകളായും അടയാളപ്പെടുത്തിയിട്ടുണ്ട്‌.  റൺവേയുടെ നീളം, വീതി, ഇറങ്ങേണ്ട സ്ഥലം, നിർത്തേണ്ട സ്ഥലം, വിമാനം തിരിക്കേണ്ട രീതിയും സ്ഥലവും തുടങ്ങിയവ പൈലറ്റ്‌ സൂക്ഷ്‌മമായി മാർഗരേഖകൾ പ്രകാരം നിരീക്ഷിച്ച്‌ ചെയ്യേണ്ടവയാണ്‌.‌. ഇതിലുണ്ടാകുന്ന പിഴവ്‌ അപകടം വരുത്തി വയ്‌ക്കും.

വിമാനം സുരക്ഷിതമായി പറന്നുയരാനും വിമാനത്താവളങ്ങളിൽ ഇറങ്ങാനും വേണ്ട നിർദേശം നൽകുക, കാലാവസ്ഥാമാറ്റങ്ങൾ അപ്പപ്പോൾ അറിയിക്കുക, എന്തെങ്കിലും അപകടസൂചനകൾ ഉണ്ടായാൽ വേണ്ട നിർദേശങ്ങളും സഹായങ്ങളും ചെയ്യുക, ഓരോ വിമാനവും എത്രയും എളുപ്പം ഓരോന്നായി മുറതെറ്റാതെ സുരക്ഷിതമായി പറന്നുയരാനും ഒരു വിമാനത്താവളത്തിൽനിന്നും മറ്റൊരു വിമാനത്താവളത്തിൽ പോയി ഇറങ്ങാനും വേണ്ട മാർഗനിർദേശങ്ങൾ പൈലറ്റിന്‌ നൽകുക തുടങ്ങിയവയാണ്‌ എടിസിയുടെ പ്രധാന ധർമം.

(എയർട്രാഫിക്ക്‌ കൺട്രോൾ റിട്ട: ഡെപ്യൂട്ടി ജനറൽ മാനേജരാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top