25 April Thursday

ന്യൂയോർക്കിൽ കാണാം ടോം വട്ടക്കുഴിയുടെ ചിത്രങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday Jun 3, 2022


കൊച്ചി
പ്രശസ്‌ത മലയാളി ചിത്രകാരൻ ടോം വട്ടക്കുഴിയുടെ ആദ്യ ഏകാംഗ ചിത്രപ്രദർശനം ന്യൂയോർക്കിലെ ഐകൺ ആർട്ട്‌ ഗ്യാലറിയിൽ ഒരുങ്ങുന്നു. ലോകമെങ്ങും മനുഷ്യർ രോഗഭീതിയിലും മരണഭയത്തിലും കഴിഞ്ഞ കോവിഡ്‌ കാലത്തെ ടോം തന്റെ സവിശേഷരീതിയിൽ പ്രതിഫലിപ്പിച്ച നാലു ചിത്രങ്ങളും പ്രദർശനത്തിലുണ്ടാകും. ഒമ്പതിന്‌ ആരംഭിക്കുന്ന പ്രദർശനം ജൂലൈ 16 വരെ തുടരും. 

കാലത്തിന്റെ സവിശേഷതകളെ അടയാളപ്പെടുത്തുന്ന ചിത്രങ്ങളിലൂടെ ആസ്വാദകശ്രദ്ധ നേടിയിട്ടുള്ള ചിത്രകാരനാണ്‌ ടോം വട്ടക്കുഴി. സോങ് ഓഫ്‌ ഡെസ്‌ക്‌ (ഡെത്ത്‌ ഇൻ ദ ടൈം ഓഫ്‌ ദി പാൻഡമിക്‌), ഗേൾ വിത്ത്‌ ബബ്‌ൾസ്‌, ഗേൾ ഇൻ എ റൂം, യെല്ലൊ സ്‌കൈ, ദി മിസ്‌റ്റിക്‌, എ പാം സൺഡേ റിഹേഴ്‌സൽ എന്നിവയാണ്‌ ചിത്രങ്ങൾ. പള്ളി സെമിത്തേരിയിലെ ശവമടക്കും വീടിനുള്ളിൽ സോപ്പുകുമിള ഊതി കളിക്കുന്ന പെൺകുട്ടിയും കുരുത്തോല കൈയിലേന്തി മുറിക്കുള്ളിൽ കഴുതസവാരി ചെയ്യുന്ന കുട്ടിയെയുമൊക്കെയാണ്‌ ചിത്രങ്ങളിൽ കാണുക. എന്നാൽ, യഥാർഥ സംഭവത്തിന്റെ ചിത്രീകരണത്തിനപ്പുറത്തേക്ക്‌ കാഴ്‌ചയെ നയിക്കുന്നതാണ്‌ ഇവയിലെ നിറങ്ങളുടെ വ്യാകരണം.  മഹാമാരിക്കാലജീവിതത്തിലെ നിറക്കേടുകളും ശൂന്യതയും ഒപ്പം അകങ്ങളിൽനിന്ന്‌ പ്രതീക്ഷപോലെ ചുരത്തുന്ന വെളിച്ചവും അവിടെ വായിക്കാം. ആറരയടി വലിപ്പമുള്ള വലിയ രചനകളാണെല്ലാം. ഇവ ആദ്യമായാണ്‌ പ്രദർശിപ്പിക്കുന്നത്‌. ഐകൺ ഗ്യാലറിയുടെ www.aicongallery.com എന്ന വെബ്‌സൈറ്റിൽ ഇപ്പോൾ ചിത്രങ്ങൾ കാണാം.

പ്രശസ്‌തമായ ഐകൺ ഗ്യാലറിയിൽ തന്റെ ആദ്യ ഏകാംഗപ്രദർശനം കാണാൻ പോകാൻ പറ്റാത്ത സാഹചര്യത്തിലാണ്‌ ടോം. പ്രായമായ അമ്മയുടെ ഒപ്പം വീട്ടിൽ നിൽക്കേണ്ടതുണ്ടെന്ന്‌ ടോം പറഞ്ഞു. 2020–-21ൽ ഡോ. ടി എം തോമസ്‌ ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റിന്റെ കവർചിത്രം ടോമിന്റെ ‘ഡെത്ത്‌ ഓഫ്‌ ഗാന്ധി’യായിരുന്നു. രാജ്യം വർഗീയമായി ഭിന്നിക്കപ്പെടുന്നതിന്റെയും ഗാന്ധി വിപരീതാർഥത്തിൽ നിർവചിക്കപ്പെടുന്നതിന്റെയും പശ്‌ചാത്തലത്തിലായിരുന്നു അതിന്റെ രചന. ഗാന്ധിജിയുടെ ചെറുമകൻ തുഷാർ അരുൺ ഗാന്ധി എഴുതിയ ലെറ്റസ്‌ കിൽ ഗാന്ധി എന്ന പുസ്‌തകത്തിന്റെ പുറംചട്ടയായും ഈ ചിത്രം അവതരിപ്പിക്കപ്പെട്ടു. മൂവാറ്റുപുഴ സ്വദേശിയാണ്‌. ബംഗാളിലെ വിശ്വഭാരതിയിലും ബറോഡയിലെ എംഎസ്‌ സർവകലാശാലയിലുമാണ്‌ ടോം ചിത്രകല അഭ്യസിച്ചത്‌.

പ്രദർശനത്തിലുള്ള സോങ് ഓഫ്‌ ദി ഡെസ്‌ക്‌ (ഡെത്ത്‌ ഇൻ ദി ടൈം ഓഫ്‌ ദി 
പാൻഡമിക്‌) എന്ന ചിത്രം

പ്രദർശനത്തിലുള്ള സോങ് ഓഫ്‌ ദി ഡെസ്‌ക്‌ (ഡെത്ത്‌ ഇൻ ദി ടൈം ഓഫ്‌ ദി 
പാൻഡമിക്‌) എന്ന ചിത്രം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top