20 April Saturday
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക്‌ ചൊവ്വാഴ്ച 70

നടനവിസ്മയം @ 70

വെബ് ഡെസ്‌ക്‌Updated: Sunday Sep 5, 2021


കൊച്ചി
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക്‌ ചൊവ്വാഴ്ച 70. ആഘോഷങ്ങളില്ലാതെയാകും 70–-ാംപിറന്നാൾ. 1971ൽ കെ എസ്‌ സേതുമാധവന്റെ ‘അനുഭവങ്ങൾ പാളിച്ചകൾ’ സിനിമയിലൂടെ അരങ്ങേറ്റംകുറിച്ച മമ്മൂട്ടി, 50 വർഷത്തിനിടെ മലയാളം, തമിഴ്‌, കന്നട, തെലുങ്ക്‌, ഇംഗ്ലീഷ്‌ ഭാഷകളിലായി 395 ചിത്രങ്ങളിൽ അഭിനയിച്ചു. കോട്ടയം വൈക്കം ചെമ്പിൽ പാണാപ്പറമ്പിൽ ഇസ്‌മയിൽ–-ഫാത്തിമ ദമ്പതികളുടെ മൂത്തമകനായി 1951 സെപ്‌തംബർ ഏഴിന്‌ ജനിച്ചു. എറണാകുളം മഹാരാജാസ്‌ കോളേജ്‌, എറണാകുളം ഗവ. ലോ കോളേജ്‌ എന്നിവിടങ്ങളിലായി ബിരുദ, നിയമ പഠനം. തുടർന്ന്‌ മഞ്ചേരി കോടതിയിൽ അഭിഭാഷകൻ.

1979ൽ എം ടി സംവിധാനം ചെയ്‌ത ‘ദേവലോക’ത്തിൽ നായകവേഷമിട്ടെങ്കിലും സിനിമ പുറത്തിറങ്ങിയില്ല. 1998ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. 1989 (മതിലുകൾ, ഒരു വടക്കൻ വീരഗാഥ), 1993 (വിധേയൻ, പൊന്തൻമാട), 1998 (അംബേദ്‌കർ) വർഷങ്ങളിൽ മികച്ച അഭിനയത്തിന്‌ ദേശീയ പുരസ്‌കാരം ലഭിച്ചു. അടിയൊഴുക്കുകൾ (1984), ഒരു വടക്കൻ വീരഗാഥ, മൃഗയ, മഹായാനം (1989), വിധേയൻ, പൊന്തൻമാട, വാത്സല്യം (1993), കാഴ്‌ച (2004), പാലേരി മാണിക്യം (2009) എന്നിവയിലെ അഭിനയത്തിന്‌ സംസ്ഥാന പുരസ്‌കാരവും നേടി. രണ്ടുതവണ സഹനടനുള്ള അവാർഡും നേടി. 10 തവണവീതം ഫിലിം ഫെയർ, ഫിലിം ക്രിട്ടിക്‌സ്‌ അവാർഡുകൾ ലഭിച്ചു. രാമു കാര്യാട്ട്‌, ജേസി, ഏഷ്യാനെറ്റ്‌, വനിത, നാന, ഫൊക്കാന, കൾച്ചറൽ ഐക്കൺ പുരസ്‌കാരങ്ങൾക്കും അർഹനായി. 2010ൽ കേരള, കലിക്കറ്റ്‌ സർവകലാശാലകൾ ഡിലിറ്റ്‌ ബിരുദം നൽകി ആദരിച്ചു. മലയാളം കമ്യൂണിക്കേഷൻസ്‌ ചെയർമാനാണ്‌.

ഹല്ലബോൽ, സ്വാമി വിവേകാനന്ദൻ, ധർഥീപുത്ര (ഹിന്ദി), റെയിൽവേ കൂലി, സൂര്യപുത്രലു (തെലുങ്ക്‌), ശിക്കാരി (കന്നട), മൗനം സമ്മതം, ദളപതി, മക്കൾ ആച്ചി, മരുമലർച്ചി, പേരൻപ്‌ (തമിഴ്‌), അംബേദ്‌കർ (ഇംഗ്ലീഷ്‌) തുടങ്ങിയ ഭാഷാചിത്രങ്ങളിലും വേഷമിട്ടു. സിബിഐ ഡയറിക്കുറിപ്പുകൾ, പഴശ്ശിരാജ, മാമാങ്കം, രാജമാണിക്യം, ദാദാസാഹിബ്‌, അമരം, ബാല്യകാലസഖി, മതിലുകൾ, കറുത്തപക്ഷികൾ, അരയന്നങ്ങളുടെ വീട്‌, വല്യേട്ടൻ, യാത്ര, നിറക്കൂട്ട്‌, ന്യൂഡൽഹി തുടങ്ങിയവ പ്രധാന ചിത്രങ്ങൾ. അമൽ നീരദിന്റെ ‘ഭീഷ്‌മപർവ’മാണ്‌ റിലീസ്‌ ചെയ്യാനിരിക്കുന്ന ചിത്രം. ഭാര്യ: സുൾഫത്ത്‌. മക്കൾ: നടൻ ദുൽഖർ സൽമാൻ, സുറുമി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top