സ്‌കൂളിലോ, കോളേജിലോ പഠിപ്പിച്ചിട്ടില്ലെങ്കിലും എന്റെ ഗുരുനാഥനാണ് കാർട്ടൂണിസ്റ്റ് സുകുമാർ. കേരള സർവകലാശാല കലോത്സവത്തിൽ വിധികർത്താവായാണ് ആദ്യമായി കാണുന്നത്. ഞാൻ അന്ന് യൂണിവേഴ്‌സിറ്റി കോളേജിൽ ബിരുദവിദ്യാർഥിയാണ്. മിമിക്രി, മോണോ ആക്ട് എന്നിവയിൽ ഞാൻ മത്സരിച്ചിരുന്നു. എന്റെ ഐറ്റങ്ങൾ കണ്ട് അദ്ദേഹം കയ്യടിച്ച് ചിരിച്ചു. പരിപാടി അവതരിപ്പിക്കുമ്പോൾ സുകുമാർ സാറിനെ ശ്രദ്ധിക്കുമായിരുന്നു. ആ മത്സരത്തിൽ സമ്മാനവും കിട്ടി. അങ്ങനെ ഇരിക്കെ, ക്ലാസിലേക്ക് പ്രിൻസിപ്പൽ ഒരു കുറിപ്പ് കൊടുത്തയച്ചു. സുകുമാർ സാർ അന്ന് പൊലീസ് വകുപ്പിൽ ജോലി ചെയ്യുകയാണ്. അങ്ങനെ ഓഫീസിൽ കാണാൻപോയി. ഓഫീസുകളിൽ അന്ന് ഹാഫ് ഡോറാണല്ലോ. ജോബി കാണാൻ വന്നത് ഹാഫ് ഡോറിന്റെ അടിയിൽ കൂടിയാണെന്ന് അദ്ദേഹം പലവേദിയിലും പറയുമായിരുന്നു. അന്ന് തുടങ്ങിയ ബന്ധമാണ്.
നർമ കൈരളി എന്നപേരിൽ ഹാസ്യ സാഹിത്യകാരന്മാരുടെ സംഘടനയുണ്ടെന്നും അതിന്റെ ഭാഗമാകണമെന്നും സാർ ആവശ്യപ്പെട്ടത് 1984ൽ ആണ്. യോഗത്തിന് ചെന്നപ്പോൾ പ്രൊഫ. ആനന്ദക്കുട്ടൻ, ചെമ്മനം ചാക്കോ, ജഗതി എൻ കെ ആചാരി, വേളൂർ കൃഷ്‌ണൻക്കുട്ടി തുടങ്ങിയ പ്രശസ്‌തരുടെ വലിയ നിരതന്നെയുണ്ട്.
നർമ കൈരളിയുമായുള്ള ബന്ധം 37 വർഷത്തോളമായി തുടരുകയാണ്. ഒരാഴ്‌ചമുമ്പും സാറിനെ വിളിച്ചിരുന്നു. കാണാൻ ആഗ്രഹിച്ചിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി മരണവാർത്ത എത്തിയത്. എന്നെ ഭയങ്കര ഇഷ്ടമായിരുന്നു. മോനെപ്പോലെയാണ് കണ്ടിരുന്നത്. കേരളത്തിന് അകത്തും പുറത്തും അദ്ദേഹത്തിനൊപ്പം പരിപാടി അവതരിപ്പിക്കാൻ പോയിട്ടുണ്ട്. ഒരുപാട് ഓർമകൾ തിങ്ങി നിറഞ്ഞു വരികയാണ്. അദ്ദേഹം കൊച്ചിയിലേക്ക് താമസം മാറിയശേഷം നർമ കൈരളിയുടെ പരിപാടി ഓൺലൈനായി നടത്തുന്നുണ്ടായിരുന്നു. സാർ എന്റെ ചിത്രവും വരച്ചിട്ടുണ്ട്. അമൂല്യമായി ഇന്നും ഞാനത് സൂക്ഷിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..