25 April Thursday

ധീരസ്‌മരണ; എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ 43 വർഷം

വെബ് ഡെസ്‌ക്‌Updated: Thursday Jun 8, 2023

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ 43 വർഷം തികയുന്നു.  കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനായിരുന്നു എ വി.
അഭിനവ ഭാരത യുവക് സംഘ്‌ എന്ന യുവജനസംഘടന രൂപീകരിച്ചത് എ വിയുടെ നേതൃത്വത്തിലായിരുന്നു. 

മൊറാഴ സംഭവത്തെതുടർന്ന്‌ അദ്ദേഹത്തിന്‌ ദീർഘകാലം ഒളിവുജീവിതം നയിക്കേണ്ടിവന്നു. ആ ഘട്ടത്തിൽ കേരളത്തിൽ പാർടിയും തൊഴിലാളിപ്രസ്ഥാനവും കെട്ടിപ്പടുക്കാൻ അസാധാരണ  ഊർജസ്വലതയും സാമർഥ്യവും കാട്ടി.  കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യകാല നേതാക്കളിൽ ഒരാളായിരുന്ന എ വിയെ പാർടിയുടെ ദേശീയ കൗൺസിൽ അംഗമായി തെരഞ്ഞെടുത്തിരുന്നു. റിവിഷനിസത്തിന്‌ എതിരായ സമരത്തിന്റെ ഭാഗമായി ദേശീയ കൗൺസിലിൽനിന്ന്‌ ഇറങ്ങിപ്പോന്ന അംഗങ്ങളിൽ എ വിയും ഉണ്ടായിരുന്നു. ആശയരംഗത്തുണ്ടാകുന്ന പാളിച്ചകൾ തിരുത്തി, ശരിയായ നിലപാട് എടുക്കുന്നതിനും അവ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചു.

മികച്ച പാർടി അധ്യാപകനായിരുന്നു എ വി. പാർടി പ്രവർത്തകരുടെ വിഷമങ്ങൾ മനസ്സിലാക്കുകയും തെറ്റുകളിൽ വീഴാതെ അവരെ നയിക്കുകയും ചെയ്‌ത നേതാവായിരുന്നു അദ്ദേഹം. രാജ്യസഭാംഗം, നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന എ വി, ആ മേഖലകളെ കേവലം പാർലമെന്ററി ജനാധിപത്യത്തിന്റെ നാലതിരിനുള്ളിൽ ഒതുക്കാതെ വിപ്ലവപ്രവർത്തനത്തിനുള്ള വേദിയാക്കി മാറ്റി.  

സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി ആയിരിക്കുമ്പോഴും അതിനുശേഷവും പാർടിയിൽ ഐക്യത്തിനും സഖാക്കളെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകുന്നതിനും എ വി കാണിച്ച ശ്രദ്ധ അവിസ്‌മരണീയമാണ്.  പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച്‌ മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വിയുടെ ഓർമ നിത്യപ്രചോദനമാകും.
എം വി ഗോവിന്ദൻ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top