19 April Friday

‘ഞങ്ങൾ പരസ്‌പരം 
നിഴലായിരുന്നു’ കോടിയേരിയെ എ കെ ബാലൻ ഓർക്കുന്നു

വേണു കെ ആലത്തൂർUpdated: Tuesday Oct 4, 2022


പാലക്കാട്‌
പ്രസംഗത്തിലും പേരിലും കോടിയേരിയെ സ്വാധീനിച്ചത്‌ പാട്യം ഗോപാലനും പിണറായി വിജയനും. പലപ്പോഴും ഇക്കാര്യം തന്നോട്‌ പറയാറുണ്ടെന്ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ. പേരിൽ അറിയുന്നതോടൊപ്പം നാടിനെയും അറിയുകയെന്ന മാതൃകയാണ്‌ കോടിയേരിയും സ്വീകരിച്ചത്‌.

പാട്യത്തിന്റെ പ്രസംഗം ഭാവാത്മകമാണ്‌. പിണറായിയുടെ പ്രതിഷേധയോഗങ്ങളിെലെ പ്രസംഗം കഴിഞ്ഞാൽ ഇടിമുഴക്കം കഴിഞ്ഞ പ്രതീതിയാകും. ഇതുപോലെയാകണം തന്റെ പ്രസംഗവുമെന്ന് കോടിയേരി ആഗ്രഹിച്ചു. 54 വർഷത്തെ സൗഹൃദമുണ്ട്‌ ഞങ്ങൾതമ്മിൽ. ഞങ്ങൾ പരസ്‌പരം നിഴലായിരുന്നു. ആദ്യത്തെ ലേഖനത്തിനും രോഗാതുരനായി ആശുപത്രിയിലേക്ക്‌ പോകുന്നതിനുമുമ്പ്‌ ആഗസ്‌ത്‌ 12ന്‌ എ കെ ജി സെന്ററിൽ നടത്തിയ വാർത്താസമ്മേളനത്തിലും ഞാൻ ഒപ്പമുണ്ടായിരുന്നു.

സംഘടനാപ്രവർത്തനം നിർത്തി അധ്യാപകനായും ബാങ്കിൽ പ്രൊബേഷണറി ഓഫീസറായുംപോയ തന്നെ പിന്തിരിപ്പിച്ചത്‌ കോടിയേരിയാണ്‌. എംപ്ലോയ്‌മെന്റ്‌ മുഖേന അഴിയൂർ സ്‌കൂളിൽ അധ്യാപകനായി ജോലിക്ക്‌ കയറിയ സമയത്താണ്‌ കോടിയേരി ജയിലിൽനിന്ന്‌ പുറത്തുവരുന്നത്‌. ആദ്യം എത്തിയത്‌ തന്നെ കാണാനായിരുന്നു. അന്ന്‌ എസ്‌ഫ്‌ഐ സംസ്ഥാന ജോയിന്റ്‌ സെക്രട്ടറിയും കോഴിക്കോട്‌ ജില്ലാ പ്രസിഡന്റുമായിരുന്ന തന്നെ സംഘടനാചുമതല നിർവഹിക്കാൻ നിർബന്ധിച്ചു. അടുത്തവർഷം 1978ൽ ജലന്ധറിൽ നടന്ന പാർടി കോൺഗ്രസിലേക്ക്‌ ഞങ്ങൾ ഇരുവരും പ്രതിനിധിയായി. പാന്റ്‌സ്‌ കടം വാങ്ങിയാണ്‌ പാർടി കോൺഗ്രസിലേക്ക്‌ പോയത്‌. 1978 ൽ ബാങ്കിൽ പ്രൊബേഷണറി ഓഫീസർ പരീക്ഷ എഴുതി പാസായി ജോലി കിട്ടിയപ്പോൾ എം വി രാഘവൻ, എസ്‌ രാമചന്ദ്രൻപിള്ള, എം എ ബേബി എന്നിവരോടൊപ്പം കോടിയേരിയും എത്തി പിന്തിരിപ്പിച്ചു.

കെഎസ്‌എഫ്‌ തലശേരി താലൂക്ക്‌ സെക്രട്ടറിയായിരിക്കെയാണ്‌ ആദ്യമായി കോടിയേരി ദേശാഭിമാനിയിൽ ലേഖനമെഴുതിയത്‌. ‘ശാസ്‌ത്രീയ സോഷ്യലസത്തിന്റെ ദീപശിഖ ഉയർത്തിപ്പിടിക്കുക’ എന്ന ലേഖനം.  അന്ന്‌ പി ജയരാജനും കമ്മിറ്റിയിൽ ഉണ്ടായിരുന്നു. കോടിയേരിയുടെ ചിതയിൽനിന്നുയരുന്ന പുക മനസ്സിനെ വല്ലാതെ മഥിക്കുന്നു. കണ്ണൂർ മുതൽ പയ്യാമ്പലംവരെ നാല്‌ കിലോമീറ്റർ നടക്കാൻ ആരോഗ്യം അനുവദിക്കാതിരുന്നിട്ടും ചിതയുടെ തലയ്‌ക്കൽതന്നെ നിൽക്കാൻ ഞാൻ നടന്നു. വേർപാടിന്റെ വേദന പറഞ്ഞറിയിക്കാൻ കഴിയില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top