15 December Monday

ജനങ്ങളുടെ സ്വന്തം മൊയ്‌തീൻ

എൻ രാജൻ neerarajan@gmail.comUpdated: Sunday Sep 3, 2023

എ സി എന്നാൽ കമ്യൂണിസ്റ്റുകാർക്ക്‌ പാർടി ഏരിയ കമ്മിറ്റിയാണ്‌. എന്നാൽ, കുറെ കാലമായി എ സി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെടുന്നൊരു നേതാവുണ്ട്‌, എ സി മൊയ്‌തീനെന്ന ആക്കപ്പറമ്പിൽ ചിയാമു മകൻ മൊയ്‌തീൻ. 67 വയസ്സെത്തിയ ഈ മനുഷ്യന്റെ ജീവിതം തെളിനീരിൽ വെള്ളാരങ്കല്ലുപോലെ നാടിന്‌ സുപരിചിതം, സുതാര്യം.

രാഷ്‌ട്രീയത്തിൽ ഒറ്റ രാത്രികൊണ്ട്‌, പുതുമഴയ്‌ക്ക്‌ പൊട്ടിമുളയ്‌ക്കുന്ന പാഴ്‌ച്ചെടികളുടെ കിളരംവച്ച്‌ ഈ മനുഷ്യനെ അളക്കാൻ നോക്കരുത്‌. അകക്കാമ്പറിയാൻ അൽപ്പനേരം ഒപ്പം നടന്നാൽ മതി. ആ സ്ഥൈര്യമറിയാൻ തെല്ലിട സംസാരിച്ചാൽ മതി. അതിന്‌ സായുധസന്നാഹത്തോടെ ഇഡിയും പരിവാരങ്ങളും വന്ന്‌ വളഞ്ഞിട്ട്‌ രാപകൽ വീട്‌ മുങ്ങിത്തപ്പണമെന്നില്ല. എത്ര മെനക്കെട്ടാലും അവർക്കാർക്കും തെളിഞ്ഞു കിട്ടിയെന്നു വരില്ല ഈ മനുഷ്യന്റെ പകൽപോലെ സരളവും സുവ്യക്തവുമായ ജീവിതചിത്രം. കാരണം അവർ ചികയുന്നത്‌ വസ്‌തുതകൾക്കപ്പുറം മായികമായ കൽപ്പിതകഥകളാണ്‌. അതിൽ വേണ്ടുംവിധം എരിവും പുളിയും നുണയിൽ ചാലിച്ച്‌  സമാസമം വർണം ചാർത്തി വിളമ്പാൻ മാധ്യമങ്ങൾ ഇക്കിളികൂട്ടുകയാണ്‌.  

ഒരു മനുഷ്യനെ തെല്ലിടയെങ്കിലും സംശയത്തിന്റെ കരിനിഴലിൽ നിർത്തിയാൽ വാടിപ്പോകുക ഒരു പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയാകുമെന്ന്‌ ചിലർ വ്യാമോഹിച്ചു. ഇക്കൂട്ടർ ഗവേഷണം നടത്തി കെട്ടിപ്പൊക്കിയ സ്വപ്‌നവിഹായസ്സിലെ സ്വർണഗോപുരങ്ങളെല്ലാം തകർന്നടിഞ്ഞതും മറക്കാറായില്ല. ഇഡിയുടെ ഇടവിട്ടുള്ള ഇടിവാർത്തകളിൽ മണിക്കൂറുകൾക്കകം കോടികൾ 36 പേരുടെ വസ്‌തുവകകളുടെ മൂല്യമായും 26 ലക്ഷത്തിന്റെ സ്ഥിരനിക്ഷേപം ‘കണ്ടുകെട്ടിയത്‌’ മിനിറ്റുകൾക്കകം  ‘മരവിപ്പിക്ക’ലായും മാറിയത്‌ ബ്രേക്കിങ്‌ ആരവങ്ങളോ ആവർത്തനങ്ങളോ ഇല്ലാതെ ഒടുങ്ങിയതും കണ്ടു. ബാങ്കിങ്ങിൽ ‘മരവിപ്പിക്കലിന്റെയും കണ്ടുകെട്ടലിന്റെയും’ അർഥവ്യത്യാസം അറിയാത്തവരാണോ മാധ്യമമേലങ്കിയണിയുന്ന വിധാതാക്കൾ? എ സി മൊയ്‌തീന്റെ പേരിലുള്ള തിരുവനന്തപുരം സെക്രട്ടറിയറ്റ്‌ ട്രഷറി അക്കൗണ്ട്‌ പരതിയാൽ തീരുമായിരുന്നല്ലോ ഈ ആശങ്ക. പതിറ്റാണ്ടുകൾ എംഎൽഎയായും മുൻ എംഎൽഎയായും മന്ത്രിയായും ഇരുന്നപ്പോഴെല്ലാം ലഭിച്ച ശമ്പളവും പെൻഷനും യാത്രാപ്പടിയും ആനുകൂല്യങ്ങളും ഒത്തുനോക്കാൻ ഗണിതത്തിന്റെ ബാലപാഠം മതിയാകുമല്ലോ? 22 വർഷത്തിലേറെ സർക്കാർ സർവീസിലിരുന്ന്‌ പെൻഷൻ പറ്റിയ ഭാര്യയുടെ വരുമാനവും ഇതോടൊപ്പം കൂട്ടിവായിക്കണം.

നിശ്‌ചയദാർഢ്യം സ്ഥിരനിക്ഷേപം

തൃശുർ ജില്ലയിലെ വടക്കാഞ്ചേരിയിൽ തെക്കു പടിഞ്ഞാറൻ മലയോര ഗ്രാമമായ തെക്കുംകരയുടെ ഇടവഴികളിൽ, ഓരോ ചവിട്ടടിയിലും പതിഞ്ഞതാണ്‌ എ സി മൊയ്‌തീനെന്ന സിപിഐ എം നേതാവിന്റെ ജീവിതരേഖ. അത്‌ വായിക്കാൻ രാഷ്‌ട്രീയ തിമിരം ബാധിക്കാത്ത കണ്ണും അൽപ്പം സൗമനസ്യവും വിവേകവും മതി. അപ്പോൾ കൊച്ചുകുട്ടികൾക്കും വയോധികർക്കും ചെറുപ്പക്കാർക്കും അവരുടെ ‘മൊയ്‌തീൻക്ക’ എത്രമാത്രം പ്രിയപ്പെട്ടവനാണെന്നു കാണാം. ഏതു നട്ടപ്പാതിരായ്‌ക്ക്‌ കണ്ടാലും ചിരിയൊഴിയാതെ അവരെ ചേർത്തുനിർത്താൻ കാട്ടുന്ന തളരാത്ത കർമോത്സുകത എന്തെന്ന്‌ പിടികിട്ടും. ഏതുദുരിതവും ക്ഷമയോടെ കേൾക്കാൻ, കഴിയുംമട്ടിൽ പരിഹരിക്കാൻ ജാഗ്രതയോടെ ഇടപെടുന്ന മനുഷ്യസ്‌നേഹിയെ തെല്ലെങ്കിലും മനസ്സിലാകും. കക്ഷി രാഷ്‌ട്രീയ വ്യത്യാസമോ ജാതിമത ഭേദങ്ങളോ ഭൂമിശാസ്‌ത്രപരമായ അകൽച്ചയോ അടുപ്പമോ പരിഗണിക്കാതെ, നാടും വീടും ദേശപ്പെരുമയും നോക്കാതെ, നാട്ടുകാർക്കൊപ്പം ജീവിച്ച്‌ അവർക്കൊപ്പം വളർന്ന്‌ അവരുടെ സുഖദുഃഖങ്ങളിൽ പങ്കുപറ്റുന്ന അയൽക്കാരനും ചങ്ങാതിയും ബന്ധുവും സഖാവും നേതാവുമായി മാറിയ പ്രിയങ്കരൻ. ജനങ്ങളോടുള്ള അചഞ്ചലമായ കൂറും അവർ അർപ്പിക്കുന്ന ആത്മവിശ്വാസവുമാണ്‌ ഈ പൊതുപ്രവർത്തകന്റെ ജീവിതപുസ്‌തകത്തിലെ പറ്റുവരവിലെ മുതലും പലിശയും. ഏതു പ്രതിസന്ധിയിലും ഇളകാത്ത നിശ്‌ചയദാർഢ്യം സ്ഥിരനിക്ഷേപവും.

‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ്‌ വർഷങ്ങൾ’

വടക്കാഞ്ചേരി ഗവ. ബോയ്‌സ്‌ സ്‌കൂളിൽ പഠിക്കുന്ന കാലംതൊട്ടേ ഈ കുട്ടിയെ ദേശക്കാർക്കറിയാം. ആക്കപ്പറമ്പിൽ ചിയാമുവിന്റെയും ഫാത്തിമാബീവിയുടെയും എട്ടുമക്കളിൽ രണ്ടാമൻ. വീടിരിക്കുന്ന 40 സെന്റും  ഉപ്പയുടെ ഒന്നരയേക്കറോളം കൃഷിയിടത്തിൽനിന്നുള്ള തുച്ഛവരുമാനവുമായിരുന്നു  കുടുംബത്തിന്റെ ജീവിതമാർഗം. കപ്പയും കൂർക്കയും ചീരയും മത്തനും വിറ്റുകിട്ടുന്ന ചെറിയ ലാഭത്തിൽ ഒരു കുടുംബം ചുവടുവച്ചു. സ്‌കൂളിൽ പോകുംമുമ്പ്‌ മൊയ്‌തീൻ ഉപ്പയോടൊപ്പം മണ്ണിലിറങ്ങി കളമൊരുക്കാൻ കൂടും. ചേറും ചെളിയും ചേർന്ന മണ്ണിന്റെ മണം അന്നേ ഹൃദ്യം. കപ്പയുണക്കാനിട്ടും മുളവന്ന കപ്പത്തണ്ടുകൾ നടാൻ പാകത്തിൽ കെട്ടിവച്ചും ഉപ്പയുടെ കൈയാളായി. സ്‌കൂൾ വിട്ടുവന്നാൽ രണ്ടു പത്രമെങ്കിലും ഉപ്പയ്‌ക്ക്‌ വായിച്ചുകൊടുക്കേണ്ട ചുമതലക്കാരനായി ആ കുട്ടി മാറും. അക്ഷരം കൂട്ടിവായിക്കാനറിയാത്ത ഉപ്പയുടെ പത്രപാരായണം സാധ്യമായത്‌ കുഞ്ഞുമൊയ്‌തീന്റെ ശബ്ദത്തിലൂടെ.

അങ്ങനെ ആർജിച്ച അക്ഷരശുദ്ധിയും സ്‌ഫുടതയുമാണ്‌ പിന്നീട്‌ പ്രസംഗങ്ങളിൽ സഹായിച്ചതെന്ന്‌ അദ്ദേഹം പറയും. ഏതൊരിടത്തും ആവശ്യമുള്ളതേ പറയൂ. സമയപരിധി പാലിച്ച്‌ സംക്ഷിപ്‌തവും സമഗ്രവുമായി സംസാരിക്കാനുള്ള ശേഷി സ്വായത്തമാക്കാൻ  വായനശാലാ പ്രവർത്തനവും വായനശീലവും സഹായിച്ചു. പറയുന്ന വാക്കിന്റെ ആധികാരികതയും ആത്മാർഥതയും രാഷ്‌ട്രീയ എതിരാളികളുടെപോലും ശ്രദ്ധയാകർഷിച്ചു. പനങ്ങാട്ടുകര വായനശാലാ സെക്രട്ടറിയായി ഗ്രന്ഥശാലാസംഘം പ്രവർത്തനങ്ങളിൽ പങ്കാളിയായതിന്റെ മിച്ചം, മൂല്യവത്തായ അക്ഷര സമ്പാദ്യമാണെന്നും ആ കാലത്തിന്റെ തുടർച്ചയായി എത്രവൈകി വന്നാലും കുറച്ചെങ്കിലും വായിക്കുകയെന്ന ശീലത്തിന്‌ മുടക്കം വന്നില്ലെന്നും എ സി പറയാറുണ്ട്‌. എന്റെ മനോവിചാരം വായിച്ചപോലെ, ഒരു ചെറുചിരിയോടെ പറഞ്ഞു: ഇപ്പോൾ വായിക്കുന്ന പുസ്‌തകം ഏതെന്നാകും നിങ്ങളുടെ മനസ്സിൽ. ചോദിക്കാതെതന്നെ പറയാം- ബെന്യാമിന്റെ ‘മാന്തളിരിലെ 20 കമ്യൂണിസ്റ്റ്‌ വർഷങ്ങൾ’.

‘ഒരു പൊതി ചോറുകൂടി വാങ്ങിത്താ സഖാവേ’

രാവിലെ പത്രവായന മാത്രമേ നടക്കൂ. അപ്പോഴേക്കും ആ വീടിന്റെ ഇറയത്തും മുറ്റത്തും ആളുകൾ നിറയും. പലതരക്കാർ. പലതരം ആവശ്യക്കാർ. വീടില്ലാത്തവർ. മക്കളുടെ പഠനച്ചെലവിനായി കടക്കെണിയിൽ പെട്ടവർ. വനഭൂമി പട്ടയം കിട്ടാത്തവർ. അങ്ങനെ  നിത്യസങ്കടങ്ങളും തീരാദുരിതങ്ങളുമായി വരുന്നവരെ സഹായിക്കേണ്ടതുണ്ട്‌. കേൾവിക്കാരനായി, സമാശ്വസിപ്പിക്കുക എന്നതല്ല, കഴിയുന്നത്ര പരിഹാരം കാണുക എന്നതാണ്‌ എ സിയുടെ രീതി. തിരക്കുകളുടെ ദിനരാത്രങ്ങൾക്കിടയിൽ  ചിലപ്പോഴെങ്കിലും പരുക്കനെന്ന്‌ തോന്നിപ്പിക്കുംവിധം, കാര്യങ്ങളെ വലിച്ചുനീട്ടാതെ സൂക്ഷ്‌മതയിൽ ആറ്റിക്കുറുക്കി മനസ്സിലാക്കിയും ഇടപെട്ടുമുള്ള കണിശത, പരിഗണന അത്ഭുതപ്പെടുത്തും.

ഒരു വ്യാഴവട്ടം കല്ലംപാറ ക്ഷീരവ്യവസായ സംഘം പ്രസിഡന്റായി സഹകരണപ്രസ്ഥാനത്തിന്റെ ഊടും പാവും നെയ്യാൻ പഠിച്ചു. വടക്കാഞ്ചേരി ഗവ. ബോയ്‌സ്‌ സ്‌കൂളിൽ പഠിക്കുമ്പോൾ എസ്‌എഫ്‌ഐയിലൂടെ ആരംഭിച്ച സംഘടനാപ്രവർത്തനം കെഎസ്‌വൈഎഫിലൂടെ ഡിവൈഎഫ്‌ഐയിലൂടെ പടിപടിയായി സിപിഐ എമ്മിലെത്തുകയായിരുന്നു.

ഇരുപത്തൊന്നാം വയസ്സിൽ സിപിഐ എം അംഗമായ എ സി, കല്ലംപാറ ബ്രാഞ്ച്‌ സെക്രട്ടറിയായും തെക്കുംകര ലോക്കൽ സെക്രട്ടറിയായും വടക്കാഞ്ചേരി ഏരിയ സെക്രട്ടറിയായും തൃശൂർ ജില്ലാ സെക്രട്ടറിയായും  പ്രവർത്തിച്ചു. ഇപ്പോൾ സംസ്ഥാന കമ്മിറ്റിയംഗവും കർഷകസംഘം സംസ്ഥാന ജോയിന്റ്‌ സെക്രട്ടറിയും. ഡിവൈഎഫ്‌ഐ വടക്കാഞ്ചേരി ബ്ലോക്ക്‌ സെക്രട്ടറിയായി പ്രവർത്തിക്കുമ്പോഴാണ്‌ കലക്ടറേറ്റ്‌ വളയൽ സമരം. തൃശൂരിലന്ന്‌ വെടിവയ്‌പും പൊലീസ്‌ മർദനവുമുണ്ടായി.  നേതാക്കൾ അടിയേറ്റ്‌ വീണു. ആ കൊടും ഭീകരാവസ്ഥയിൽ അക്ഷോഭ്യനായി നിന്നിരുന്ന എ എസ്‌ എൻ നമ്പീശൻ മാസ്റ്ററുടെ ചിത്രമാണ്‌ ഇന്നും മനസ്സിൽ. അതുപോലെ വടക്കാഞ്ചേരി ഏരിയ സെക്രട്ടറിമാരായിരുന്ന കെ എസ്‌ ശങ്കരേട്ടനും എൻ എൻ മനഴിയും കാട്ടിത്തന്ന പ്രവർത്തനരീതി. ആ സഖാക്കളുടെ ഒപ്പം പ്രവർത്തിച്ച അറിവും അനുഭവസമ്പത്തുമാണ്‌ പൊതുപ്രവർത്തനത്തിൽ കൈമുതൽ. സമരം കഴിഞ്ഞ്‌ മടങ്ങുമ്പോൾ ഒരുപൊതി ചോറുകൂടി വാങ്ങിത്താ സഖാവേ, എന്നു പറയുന്ന പ്രവർത്തകരെ, കത്തുന്ന വിശപ്പിനെ അഭിമുഖീകരിക്കേണ്ടിവന്നിട്ടുണ്ട്‌.

‘ദുർബലൻ’ മലർത്തിയടിച്ചു

തെക്കുംകര പഞ്ചായത്തിൽ പത്തിൽ പത്തും നേടിയാണ്‌ 1988ൽ എൽഡിഎഫ്‌ അധികാരത്തിലെത്തുന്നത്‌. എ സി പഞ്ചായത്ത്‌ പ്രസിഡന്റായി. രണ്ടുവർഷം കഴിഞ്ഞപ്പോൾ പാർടി വടക്കാഞ്ചേരി ഏരിയ സെക്രട്ടറിയായി പ്രവർത്തിക്കാൻ പറഞ്ഞു. പ്രസിഡന്റ്‌സ്ഥാനം ഒഴിഞ്ഞു. 1990ൽ തുടങ്ങി 14 വർഷം, 2004 വരെ ഏരിയ സെക്രട്ടറി. 2004ൽ അന്നത്തെ യുഡിഎഫ്‌ മന്ത്രി കെ മുരളീധരന്‌ മത്സരിക്കാൻ വടക്കാഞ്ചേരി എംഎൽഎയായിരുന്ന വി ബാലറാം രാജിവച്ചു. കോൺഗ്രസിനെ  തുടർച്ചയായി ജയിപ്പിച്ചിരുന്ന മണ്ഡലം. മന്ത്രിയുമായി മത്സരിക്കാൻ താരതമ്യേന അറിയപ്പെടാത്ത എ സി മൊയ്‌തീനെ പാർടി നിശ്‌ചയിച്ചു. അന്നും ആരോപണമുയർന്നു. മുരളീധരനെ ജയിപ്പിക്കാൻ ദുർബലനായ സ്ഥാനാർഥി എന്നായിരുന്നു പത്രങ്ങൾക്ക്‌ തലക്കെട്ട്‌.

എന്തായാലും ആ ദുർബലൻ 3600ലേറെ വോട്ടുകൾക്ക്‌ മന്ത്രിയെ മലർത്തിയടിച്ചായിരുന്നു സംസ്ഥാന രാഷ്‌ട്രീയത്തിലേക്കുള്ള ബർത്ത്‌ ഉറപ്പിച്ചത്‌. 2006ലെ തെരഞ്ഞെടുപ്പിൽ വീണ്ടും വടക്കാഞ്ചേരിയെ പ്രതിനിധാനംചെയ്‌തത്‌ 21,000ത്തിലേറെ ഭൂരിപക്ഷത്തിൽ. 2011ൽ പാർടി ചുമതലയിലേക്ക്‌. തൃശൂർ ജില്ലാ സെക്രട്ടറിയായി. 2016ൽ വീണ്ടും തെരഞ്ഞെടുപ്പ്‌ രംഗത്തേക്ക്‌.  കുന്നംകുളം മണ്ഡലത്തിൽ നിന്നാണ്‌ ജനവിധി തേടിയത്‌. 7622 വോട്ടിന്‌ സി പി ജോണിനെ തോൽപ്പിച്ച്‌ ഒന്നാം പിണറായി മന്ത്രിസഭയിൽ മന്ത്രിയായി. സഹകരണം, വ്യവസായ- ടൂറിസം,  തദ്ദേശഭരണം എന്നീ മൂന്ന്‌ വകുപ്പിൽ ചുമതല മാറിമാറി ഏറ്റെടുത്തു. എ സി സഹകരണ മന്ത്രിയായിരുന്ന ഘട്ടത്തിലാണ്‌ കേരള ബാങ്കിന്റെ ആലോചനയ്‌ക്ക്‌ അടിത്തറയിടുന്നത്‌. നോട്ടുനിരോധനവേളയിൽ സഹകരണമേഖലയെ രാഷ്‌ട്രീയ വ്യത്യാസമില്ലാതെ ഏകോപിപ്പിച്ച്‌ പ്രതിരോധിക്കാനും കഴിഞ്ഞു. 2021ൽ വീണ്ടും കുന്നംകുളം എംഎൽഎ. 26,763 വോട്ടിന്റെ ഭൂരിപക്ഷം.

വിളിച്ചാൽ വിളിപ്പുറത്ത്‌

പ്രളയത്തിന്റെയും ഉരുൾപൊട്ടലിന്റെയും കോവിഡിന്റെയും കെടുതികളിൽ എ സിയിലെ അസാമാന്യമായ നേതൃപാടവം ഇന്നാട്ടുകാർ കണ്ടറിഞ്ഞു. കുറാഞ്ചേരിയിലും ചാലക്കുടിയിലും മുണ്ട്‌ മാടിക്കെട്ടി ആ ജനപ്രതിനിധി ജനങ്ങൾക്കാപ്പം നിന്നു. രാപകൽ ഭേദമില്ലാതെ പെയ്‌ത ദുരിതമഴയിൽ വിളിച്ചാൽ വിളിപ്പുറത്ത്‌ ആ മന്ത്രിയെത്തി. നഷ്ടപ്പെടുന്നവരുടെ വേദനയെ തിരിച്ചറിഞ്ഞു, സാഹോദര്യത്തിന്റെ ഹൃദയപക്ഷം ചേർത്തുപിടിച്ചു. ഒരുവട്ടമെങ്കിലും വടക്കാഞ്ചേരി റെയിൽവേ മേൽപ്പാലം വഴി കടന്നുപോകുന്നവർ പഴയ വടക്കാഞ്ചേരിയുടെ ഗതാഗതക്കുരുക്ക്‌ ഓർക്കാതിരിക്കില്ല. ആ മേൽപ്പാലം യാഥാർഥ്യമാക്കുന്നതിൽ എ സി വഹിച്ച പങ്ക്‌ ആരും സമ്മതിക്കും. കാഞ്ഞിരക്കോട്‌ വാഴാനി പാലം, സിവിൽ സ്‌റ്റേഷൻ, പിഡബ്ല്യു ഡി കോംപ്ലക്‌സ്‌, റസ്റ്റ്‌ ഹൗസ്‌, വാഴാനി ഡാം ടൂറിസം പദ്ധതികൾ, പൊലീസ്‌ ക്വാർട്ടേഴ്‌സുകൾ, സമ്പൂർണ വൈദ്യുതീകരണം, 220 കെവി സബ്‌സ്‌റ്റേഷൻ, 33 കെവിയുടെ മൂന്ന്‌ സബ്‌സ്‌റ്റേഷൻ, കുന്നംകുളം സിന്തറ്റിക്‌ ടർഫ്‌, ഇൻഡോർ സ്‌റ്റേഡിയം, കലശമല ടൂറിസം വികസനം, താലുക്ക്‌ ആശുപത്രി, കിഫ്‌ബി വഴി സർക്കാർ സ്‌കൂളുകൾക്ക്‌ വികസനഫണ്ട്‌, കുന്നംകുളം ബസ്‌സ്റ്റാൻഡ്‌ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്തത്ര വികസനപ്രവർത്തനങ്ങൾക്ക്‌ കാലവും നാടും സാക്ഷി. ഇച്ഛാശക്തിയുള്ള കേരളത്തിലെ എൽഡിഎഫ്‌ സർക്കാരിന്റെ സൽഫലങ്ങളാണിതെല്ലാം. ഈ പ്രവർത്തനങ്ങളിൽ ഒപ്പം നിൽക്കുന്നതിലെ ചാരിതാർഥ്യമാണ്‌ നിറവ്‌.

2018ൽ എരുമപ്പെട്ടി കമ്യൂണിറ്റി ഹെൽത്ത്‌ സെന്ററിൽനിന്ന്‌ പബ്ലിക്‌ ഹെൽത്ത്‌ നഴ്‌സായി വിരമിച്ച ഉസൈബ ബീവിയാണ്‌ ഭാര്യ. സിപിഐ എം അംഗവും പനങ്ങാട്ടുകര വായനശാല ഭരണസമിതിയംഗവുമായി അവരും പൊതുപ്രവർത്തനത്തിൽ സജീവം. ആയുർവേദ ഡോക്ടർ ഷീബ മകളും റഫീക്ക്‌ മരുമകനുമാണ്‌.

രാഷ്‌ട്രീയഹത്യക്ക്‌ കേന്ദ്രഭരണക്കാർ അഴിച്ചുവിടുന്ന അന്വേഷണ വൈതരണികളോ അതേച്ചൊല്ലിയുള്ള മാധ്യമ കോലാഹലങ്ങളോ എ സിയിലെ രാഷ്‌ട്രീയ പ്രവർത്തകനെ അലട്ടുന്നില്ല. കാരണം എന്നും എപ്പോഴും ജനങ്ങളുടെ മൊയ്‌തീനാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top