08 May Wednesday

‘മുന്നണിപ്പടയാളി’ക്ക്‌ 100; കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യയുടെ ആദ്യ മുഖപത്രം വാന്‍ഗാര്‍ഡിനെപ്പറ്റി

ശ്രീകുമാര്‍ ശേഖര്‍ sreekumarsekhar@gmail.comUpdated: Sunday May 15, 2022

കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യയുടെ ആദ്യ മുഖപത്രം പുറത്തുവന്നിട്ട് ഇന്ന് 100 വര്‍ഷം തികയുന്നു. പല പേരില്‍ 3 വര്‍ഷം വിപ്ലവസന്ദേശം പടര്‍ത്തിയ വാന്‍ഗാര്‍ഡിനെപ്പറ്റി

1922 ജൂലൈ  ആദ്യപകുതിയിലെ സംസ്ഥാനത്തെ രാഷ്‌ട്രീയസ്ഥിതി വിവരിച്ച്‌ ബംഗാൾ ചീഫ്‌ സെക്രട്ടറി ബ്രിട്ടീഷ്‌ ഇന്ത്യൻ സർക്കാരിന്റെ ആഭ്യന്തര സെക്രട്ടറി എസ്‌ പി ഒ ഡോണലിന് ജൂലൈ 18ന്‌ അയച്ച രഹസ്യ റിപ്പോർട്ടിൽ ഇങ്ങനെ വായിക്കാം:

‘വാൻഗാർഡ്‌ ഓഫ്‌ ഇന്ത്യൻ ഇൻഡിപെൻഡൻസ്‌’ എന്ന പത്രത്തിന്റെ മൂന്നു ലക്കങ്ങൾ ഇതുവരെ ബംഗാളിലേക്ക്‌ കടന്നെത്തിയിട്ടുണ്ട്‌. തീവ്ര കമ്യൂണിസ്റ്റ്‌ കാഴ്‌ചപ്പാട്‌ പുലർത്തുന്ന ഈ പത്രം ബർലിനിൽനിന്നാണ്‌ ഇറങ്ങുന്നത്‌. ഇന്ത്യയിൽ വിപ്ലവപ്രചാരണമാണ്‌ അവരുടെ ലക്ഷ്യം.’ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യ മുഖപത്രത്തിന്റെ ‘ആപൽപിറവി' അറിയിക്കുന്ന ഈ സന്ദേശത്തിൽ ഇത്രയുംകൂടി എഴുതിയിരുന്നു.  

‘വിപ്ലവത്തിനായി ജനങ്ങൾ എന്നല്ല; ജനങ്ങൾക്കായി വിപ്ലവം’ എന്ന തലക്കെട്ടോടെയാണ്‌ ഓരോ ലക്കവും വരുന്നത്‌. മൂന്നാം ലക്കത്തിൽ വരിക്കാരെ ചേർക്കാനുള്ള അഭ്യർഥനയുമുണ്ട്‌. വരിക്കാരാകാൻ ഇടയുള്ള ചിലരുടെ പേരുകളും പത്രത്തിനൊപ്പം അടക്കം ചെയ്‌തിരുന്നു'

വാൻഗാർഡ്‌ ഇന്ത്യയിൽ എത്തി എന്നറിയിക്കുുന്ന ബ്രിട്ടീഷ്‌ രഹസ്യന്വേഷണ റിപ്പോർട്ട്‌ (നാഷണൽ ആർകൈവ്‌സിൽ നിന്ന്‌)

വാൻഗാർഡ്‌ ഇന്ത്യയിൽ എത്തി എന്നറിയിക്കുുന്ന ബ്രിട്ടീഷ്‌ രഹസ്യന്വേഷണ റിപ്പോർട്ട്‌ (നാഷണൽ ആർകൈവ്‌സിൽ നിന്ന്‌)


1922 മേയ്‌ പതിനഞ്ചിനാണ്‌  ‘വാൻഗാർഡ്‌ ഓഫ്‌ ഇന്ത്യൻ ഇൻഡിപെൻഡൻസിന്റെ’ ആദ്യലക്കം പുറത്തുവന്നത്‌. ഇന്നേക്ക്‌ കൃത്യം 100 വർഷം മുമ്പ്‌. കമ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ ഇന്ത്യയുടെ ആദ്യ ഔദ്യോഗിക പ്രസിദ്ധീകരണമായി എണ്ണപ്പെടുന്ന പത്രത്തെപ്പറ്റിയുള്ള മുന്നറിയിപ്പുകൾ ആ മാസം ബോംബെയിൽനിന്നും മദ്രാസിൽനിന്നുമുള്ള ചീഫ്‌ സെക്രട്ടറിമാരുടെ റിപ്പോർട്ടിലും കാണാം. രാജ്യത്തേക്ക്‌ കമ്യൂണിസം പടർത്താൻ ബോൾഷെവിക്‌ റഷ്യയുടെ ഒത്താശയോടെ യൂറോപ്പിൽ പലയിടത്തുമുള്ള ഇന്ത്യൻ കമ്യൂണിസ്റ്റ് വിപ്ലവകാരികൾ ശ്രമം തുടങ്ങിയെന്നതാണ്‌  പത്രത്തിന്റെ വരവിൽ തെളിയുന്നതെന്ന്‌ ശരിയായിത്തന്നെ ബ്രിട്ടീഷ്‌  സർക്കാർ തിരിച്ചറിഞ്ഞു. പത്രത്തിന്റെ പിന്നിലെ മുഖ്യവ്യക്തിയെയും അവർ കണ്ടെത്തി. മാനവേന്ദ്രനാഥ്‌ റോയ്‌ എന്ന എം എൻ റോയ്‌.

1922 മേയ്‌ പതിനഞ്ചിന്റെ ആദ്യ ലക്കം പ്രസിദ്ധീകരിച്ചത്‌ ബെർലിനിൽ നിന്നാണെങ്കിലും പാരീസ്‌, ലണ്ടൻ, സൂറിച്ച്‌, റോം എന്നീ  നഗരപ്പേരുകൾകൂടി  മുൻപേജിൽ അച്ചടിച്ചിരുന്നു. പിന്നീട്‌ പലപ്പോഴായി ഈ നഗരങ്ങളിൽനിന്നെല്ലാം  അച്ചടിച്ചു.

എം എൻ റോയ്‌

എം എൻ റോയ്‌

സോവിയറ്റ് യൂണിയനിലെ താഷ്‌ക്കെന്റിൽ 1920 ഒക്‌ടോബർ 17ന്‌ കമ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ ഇന്ത്യയുടെ ആദ്യഘടകം രൂപീകരിച്ചിട്ട്‌ ഒന്നരവർഷം പിന്നിട്ടപ്പോഴായിരുന്നു വാൻഗാർഡിന്‌ റോയ്‌ തുടക്കമിട്ടത്‌. റഷ്യൻ വിപ്ലവം കഴിഞ്ഞ് അഞ്ചുവർഷമേ ആയിട്ടുള്ളൂ. താഷ്‌ക്കെന്റിൽ പാർടി രൂപീകരണത്തിനുശേഷം ഇന്ത്യയിലേക്ക്‌ പുറപ്പെട്ട വിപ്ലവകാരികൾ പലരും പിടിയിലായി. ചിലർക്ക്‌ നാട്ടിലെത്താൻ പറ്റിയില്ല. പാർടി രൂപീകരണം ബ്രിട്ടീഷ്‌ ഭരണാധികാരികൾക്ക്‌ ചോർന്നുകിട്ടിയപ്പോൾ മുതൽ കേസുകളായി. പിടിയിലായവരെ പെഷാവർ ജയിലിലടച്ചു.  ബ്രിട്ടീഷ്‌ ഭരണം അട്ടിമറിക്കാൻ ശ്രമിച്ചു എന്നതായിരുന്നു കുറ്റം. താഷ്‌ക്കെന്റിൽ രൂപീകരിച്ച ഘടകത്തിന്റെ സെക്രട്ടറി മുഹമ്മദ്‌ ഷഫീഖും തടവിലാക്കപ്പെട്ടു. എം എൻ റോയ്‌ ആ ഘട്ടത്തിൽ യൂറോപ്പ്‌ കേന്ദ്രമാക്കി പ്രവർത്തിക്കുകയായിരുന്നു. അതിനുമുമ്പുതന്നെ അദ്ദേഹത്തിനെതിരെ ഇന്ത്യയിൽ കേസുകൾ നിലവിൽ ഉണ്ടായിരുന്നു.

രഹസ്യപാതകൾ തുറന്ന് 3 വിശ്വസ്‌തർ

1921 മുതൽ റോയ്‌ ഇന്ത്യയിലേക്ക്‌ കമ്യൂണിസ്റ്റ്‌ സാഹിത്യം  എത്തിച്ചുതുടങ്ങി. പുസ്‌തകങ്ങളായും ലഘുലേഖകളായും പല രേഖയും ഇവിടെ എത്തിച്ചു. തപാൽ വഴിയും  വിവിധ തുറമുഖങ്ങളിലെത്തുന്ന കപ്പലുകളിലെ ജീവനക്കാർ വഴിയും ഇവ വന്നുതുടങ്ങി. ചിലതൊക്കെ പിടിക്കപ്പെട്ടു. രഹസ്യാന്വേഷണ സംവിധാനം കടുത്ത ജാഗ്രതയിലായി.

സാഹിത്യവും ആയുധങ്ങളും കമ്യൂണിസ്റ്റുകാർ രാജ്യത്തേക്ക്‌ കടത്തുന്നുവെന്ന സൂചനകൾ ബ്രിട്ടനെ പരിഭ്രാന്തമാക്കി. തലങ്ങുംവിലങ്ങും പാഞ്ഞ മുന്നറിയിപ്പുകളുടെ എഴുത്തുകുത്തുകൾ നാഷണൽ ആർക്കൈവ്‌സിൽ ധാരാളമുണ്ട്‌.

ഇന്ത്യയിലേക്ക്‌ വിപ്ലവസന്ദേശം എത്തിക്കാൻ റോയ്‌ കൂടുതൽ വിശ്വസ്‌തമായ മാർഗങ്ങൾ തേടി. പത്രം വേണമെന്ന ചിന്ത ശക്തമായി. അങ്ങനെ ‘വാൻഗാർഡ്‌ ഓഫ്‌ ഇന്ത്യൻ ഇൻഡിപെൻഡൻസ്‌’ ദ്വൈവാരികയായി ബെർലിനിൽ അച്ചടിച്ചു. ആദ്യലക്കങ്ങളിൽ കമ്യൂണിസ്റ്റ്‌ പാർടി പ്രസിദ്ധീകരണമെന്ന്‌ ചേർത്തില്ല. ലേഖനങ്ങൾ പലതും എം എൻ റോയിയും ഭാര്യയും അമേരിക്കൻ കമ്യൂണിസ്റ്റുമായ എവ്‌ലിൻ റോയിയും എഴുതി. എവ്‌ലിൻ ഇന്ത്യൻ പ്രസിദ്ധീകരണങ്ങളിൽ ശാന്താദേവി എന്ന തൂലികാനാമത്തിൽ നേരത്തെ എഴുതിയിരുന്നു. കമ്യൂണിസ്റ്റ്‌ ഇന്റർനാഷണലിന്റെ രേഖകളും പത്രത്തിൽ ഇടംകണ്ടു.

ഇന്ത്യയിൽ പത്രത്തിന്റെ പ്രചാരകരായി  മൂന്ന്‌ വിശ്വസ്‌തരെ റോയ്‌ ഒടുവിൽ കണ്ടെത്തി. പിൽക്കാലത്ത്‌ സിപിഐ എമ്മിന്റെ സമുന്നതനേതാവായ മുസഫർ അഹമ്മദായിരുന്നു ഒരാൾ. അദ്ദേഹം അന്ന്‌ ബംഗാളിൽ നവയുഗ് എന്ന സായാഹ്നദിനപത്രം തുടങ്ങിയിരുന്നു. മറ്റൊരാൾ പിന്നീട് അവിഭക്ത പാർടിയുടെ  നേതാവായ എസ്‌ എ ഡാങ്കേ. അദ്ദേഹം മുംബൈയിൽ സോഷ്യലിസ്റ്റ്‌ എന്ന പ്രസിദ്ധീകരണം നടത്തിയിരുന്നു. മൂന്നാമൻ ശിങ്കാരവേലു ചെട്ടിയാർ. സ്വയംകമ്യൂണിസ്റ്റായി പ്രഖ്യാപിച്ച  അദ്ദേഹം നിരവധി തൊഴിലാളി സംഘടനകൾ രൂപീകരിച്ചിരുന്നു.  1923ൽ ഇന്ത്യയിൽ ആദ്യമായി മേയ്‌ദിനാചരണം സംഘടിപ്പിക്കുന്നത്‌ അദ്ദേഹമാണ്‌.

കോൺഗ്രസ് സമ്മേളനത്തിൽ  ‘കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ'

ഇതിനിടയിൽ 1921ലെ അഹമ്മദാബാദ് എഐസിസി സമ്മേളനത്തിലും 1922ലെ ഗയ സമ്മേളനത്തിലും  കമ്യൂണിസ്റ്റ് ശബ്‌ദം മുഴങ്ങി. എം എൻ റോയ്‌ തന്നെയായിരുന്നു പിന്നിൽ. ഇന്ത്യക്ക്‌ പൂർണസ്വരാജ് എന്ന ആവശ്യം ആദ്യമായി ഉയർത്തിക്കൊണ്ട്‌, കോൺഗ്രസ്‌ സമ്മേളനത്തിൽ കമ്യൂണിസ്റ്റ് പാർടിയുടെ മാനിഫെസ്റ്റോ അവതരിപ്പിക്കപ്പെട്ടു. കോൺഗ്രസ് അന്ന് അത്‌ തള്ളിയെങ്കിലും പിന്നീട്‌ ആ മുദ്രാവാക്യം  അംഗീകരിക്കേണ്ടിവന്നു. ആ മാനിഫെസ്റ്റോ തയ്യാറാക്കിയത് എം എൻ റോയിയായിരുന്നു. അദ്ദേഹം ഇന്ത്യയിൽ എത്തിച്ച രേഖ മൗലാന ഹസ്രത്ത്‌ മൊഹാനിയും സ്വാമി കുമാരാനന്ദയുമാണ്‌ കോൺഗ്രസ്‌ സമ്മേളനങ്ങളിൽ അവതരിപ്പിച്ചത്‌. ഇരുവരും കോൺഗ്രസിനുള്ളിൽ പ്രവർത്തിക്കുന്ന സോഷ്യലിസ്റ്റ് ചിന്താഗതിക്കാരായിരുന്നു.

ഈ മാനിഫെസ്റ്റോ വാൻഗാർഡിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇങ്ങനെയൊരു രേഖയടങ്ങിയ വാൻഗാർഡ് ഇന്ത്യയിൽ എത്തുമെന്ന സൂചന പൊലീസിനു കിട്ടി. അവർ എല്ലാവഴിക്കും അത് തടയാൻ ശ്രമിച്ചു. പക്ഷേ, ലണ്ടനിൽ നിന്നുതന്നെ ഈ നീക്കത്തിന് തിരിച്ചടി കിട്ടി. വാൻഗാർഡിൽ ഉൾപ്പെടുത്തിയ രേഖ ഏറെക്കുറെ പൂർണരൂപത്തിൽ ബ്രിട്ടീഷ് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് അവരുടെ വയർ സർവീസ് വഴി ഇന്ത്യൻ പത്രങ്ങൾക്ക് നൽകി. അമൃത് ബസാർ പത്രിക പൂർണമായും അച്ചടിച്ചു.  ടൈംസ്‌ ഓഫ് ഇന്ത്യയിൽപ്പോലും രേഖയുടെ ഉള്ളടക്കം പ്രസിദ്ധീകരിച്ചു.  

പോസ്റ്റ്‌ ഓഫീസിൽ പൊലീസും

പത്രം  തടയാനുള്ള കൂടിയാലോചനകൾ ബ്രിട്ടീഷ്‌ ഇന്റലിജൻസ്‌ വിഭാഗം ഊർജിതമാക്കി. വിദേശ തപാൽ ഓഫീസുകളിൽ ഉദ്യോഗസ്ഥർക്കൊപ്പം പൊലീസിനെ ഡ്യൂട്ടിക്ക്‌ നിയോഗിച്ചു. സംശയമുള്ള കവറുകൾ പൊലീസ്‌ പൊട്ടിച്ചു. പൊലീസ്‌ സാന്നിധ്യം പല തപാൽ ഓഫീസുകളിലും ജോലിയെ ബാധിക്കുന്നതായി പരാതികൾ ഉയർന്നത്‌ ആർക്കൈവ്‌സ്‌ രേഖകളിലുണ്ട്‌. തുറമുഖങ്ങളിൽ കള്ളക്കടത്ത്‌ വസ്‌തുക്കൾ പിടികൂടുന്നതിനേക്കാൾ  ജാഗ്രതയോടെ വാൻഗാർഡിനായി പരിശോധന നടന്നു. സീ കസ്റ്റംസ്‌ ആക്ടുപ്രകാരം നിരോധിക്കപ്പെട്ട സാധനങ്ങളുടെ പട്ടികയിൽ വാൻഗാർഡിനെയും ഉൾപ്പെടുത്തി. പത്രം പക്ഷേ പിന്നെയും എത്തിക്കൊണ്ടിരുന്നു. ഇനി എന്തെല്ലാം ചെയ്‌താൽ ഈ ‘ബോൾഷെവിക്ക്‌ സാഹിത്യ’ പ്രവാഹം തടയാമെന്ന്‌ റിപ്പോർട്ട്‌ നൽകാൻ ഒരു പഠനംതന്നെ നടത്താൻ ഉന്നതതലത്തിൽ തീരുമാനമായി. അന്ന്‌ ബംഗാളിൽ ഇന്റലിജൻസ്‌ ചുമതലയിലുള്ള പി സി ബാംഫോർഡിനെ ഇതിനായി നിയോഗിച്ചു. (പിന്നീട്‌ ഇന്റലിജൻസ്‌ ഡെപ്യൂട്ടി ഡയറക്ടറായ അദ്ദേഹം ഇന്ത്യയെപ്പറ്റി ഏതാനും പുസ്‌തകം എഴുതിയിട്ടുണ്ട്‌.)

1923 മാർച്ച്‌ മൂന്നുമുതൽ മൂന്നരമാസംകൊണ്ട്‌ 16 തുറമുഖ നഗരത്തിൽ പര്യടനം നടത്തിയാണ്‌ ബാംഫോർഡ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌. ഗവർണർ ജനറലിന്‌ സമർപ്പിച്ച റിപ്പോർട്ടിൽ കമ്യൂണിസ്റ്റ്‌ ആശയവ്യാപനം തടയാൻ നടപടികൾ നിർദേശിക്കുന്നു. വാൻഗാർഡിനെപ്പറ്റി വിശദമായ പരാമർശം ഈ റിപ്പോർട്ടിലുമുണ്ട്‌.  ദി മോണിങ്‌ പോസ്റ്റും ലണ്ടൻ ടൈംസും അടക്കമുള്ള ബ്രിട്ടീഷ് പത്രങ്ങൾക്കുള്ളിൽ തിരുകിയും പത്രമാണെന്ന്‌ സൂചന നൽകാതെ സാധാരണ കവറിലാക്കിയും എല്ലാം വാൻഗാർഡ്‌ എത്തുന്നതായി അദ്ദേഹം പറയുന്നു. അന്നുതന്നെ ശക്തമായിരുന്ന സീമെൻസ്‌ യൂണിയൻ അംഗങ്ങൾ പത്രക്കടത്തിനെ സഹായിച്ചതായും കണ്ടെത്തലുണ്ട്‌.

പല പേരുകളിൽ

ഏതായാലും ബാംഫോഡിന്റെ റിപ്പോർട്ട്‌ വന്നതോടെ നടപടികൾ കടുത്തു. അതിനുമുമ്പുതന്നെ  നിരോധനം മറികടക്കാൻ പത്രത്തിന്റെ  പേര് മാറ്റുന്നതാകും ഉചിതമെന്ന് മുസഫർ അഹമ്മദ് എം എൻ റോയിക്ക്‌ കത്തെഴുതി. ഒമ്പത് ലക്കം കഴിഞ്ഞപ്പോൾ 1922 ഒക്ടോബർ ഒന്നുമുതൽ പത്രം പേരുമാറ്റി അഡ്വാൻസ് ഗാർഡ് എന്നാക്കി. അതും പിടിക്കപ്പെട്ടു. ഈ പേരും നിരോധിത പ്രസിദ്ധീകരണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി  ബ്രിട്ടീഷ് സർക്കാർ വിജ്ഞാപനം ചെയ്‌തു. പത്രം വാൻഗാർഡ് എന്നു മാത്രമായി പേര് ചുരുക്കി വീണ്ടും തുടർന്നു. പിന്നീട് ആദ്യപേരിലേക്ക് മടങ്ങി. 1924 ഡിസംബർ 15 വരെ ഇങ്ങനെ പത്രം നിലനിന്നു. പിന്നീട്  മാസസ് ഓഫ് ഇന്ത്യ എന്ന പേരുമായി 1925 വരെ പത്രം പ്രസിദ്ധീകരിക്കപ്പെട്ടു. ഇതിനിടയിൽ പ്രസിദ്ധീകരണത്തിന്റെ ഒന്നാം വാർഷികത്തിൽ 1923 മേയ് 15 പത്രം അതിന്റെ ആദ്യപേജിൽത്തന്നെ ഇന്റർനാഷണലിന്റെ ഭാഗമായ കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യയുടെ  മുഖപത്രമാണെന്ന്‌ അച്ചടിച്ച്‌ തുടങ്ങിയിരുന്നു.

1922 മുതൽ 25 വരെ ഇന്ത്യയിൽ കമ്യൂണിസ്റ്റ് ആശയപ്രചാരണത്തിൽ പല പേരിൽ ഇറങ്ങിയ വാൻഗാർഡ് വലിയ പങ്കുവഹിച്ചു. ഇന്ത്യയിൽനിന്ന് ഡാങ്കെയും ശിങ്കാരവേലു ചെട്ടിയാരും ലാഹോറിൽ ആദ്യകാലം പാർടിക്കൊപ്പംനിന്ന പ്രൊഫസർ ഗുലാം മുഹമ്മദും ലേഖനങ്ങൾ എഴുതി. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയിലെ പാർടിയുടെ സ്ഥിതി അറിയിക്കാനും പത്രം തുണയായി. പല രാജ്യത്തുനിന്ന് മാറിമാറിയാണ് റോയ് പത്രം ഇറക്കിയത്. ഇന്ത്യൻ നഗരങ്ങളിലും ഇടയ്‌ക്ക്‌ അച്ചടിച്ചു. 1924ൽ കുറച്ചുകാലം പാരീസിൽനിന്ന് പത്രം ഇറക്കി. ഫ്രഞ്ചിലും  വാൻഗാർഡ് അച്ചടിച്ചു. പത്രം നിരോധിച്ച ഫ്രഞ്ച് സർക്കാർ റോയിയെ ഫ്രാൻസിൽനിന്നു പുറത്താക്കി.

മുസഫർ അഹമ്മദ്‌, ഇ ബാലാനന്ദൻ, പി സുന്ദരയ്യ എന്നിവർ 1968 കൊച്ചിയിൽ എട്ടാം പാർടി കോൺഗ്രസിനെത്തിയപ്പോൾ

മുസഫർ അഹമ്മദ്‌, ഇ ബാലാനന്ദൻ, പി സുന്ദരയ്യ എന്നിവർ 1968 കൊച്ചിയിൽ എട്ടാം പാർടി കോൺഗ്രസിനെത്തിയപ്പോൾ

ഇതിനിടെ, 1924ൽ കാൺപുർ ഗൂഢാലോചനക്കേസ് വന്നു.  മുസഫർ അഹമ്മദ്, എസ് എ ഡാങ്കെ, ഷൗക്കത്ത് ഉസ്‌മാനി, നളിനി ഗുപ്ത, ശിങ്കാരവേലു ചെട്ടിയാർ, ഗുലാം ഹുസൈൻ  എന്നിവർ അറസ്റ്റിലായി. എം എൻ റോയ് വിദേശത്തായതിനാൽ പിടിക്കപ്പെട്ടില്ല. വാൻഗാർഡ് പ്രചരിപ്പിച്ചത് പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങളിൽ ഒന്നായിരുന്നു. കേസിന്റെ രേഖകളിലും പത്രത്തെപ്പറ്റിയുള്ള ഏറെ പരാമർശം കാണാം.

പല പേരിൽ മൂന്നുവർഷം മാത്രമാണ് പുറത്തിറങ്ങിയതെങ്കിലും ഇന്ത്യയിൽ പാർടി കെട്ടിപ്പടുക്കുന്നതിൽ ചെറുതല്ലാത്ത പങ്കുവഹിച്ച പ്രസിദ്ധീകരണമായിരുന്നു വാൻഗാർഡ്. സ്വാതന്ത്ര്യപ്രസ്ഥാനത്തിന് കൃത്യമായ ദിശാബോധം നൽകുന്നതിലും പത്രം ഇടപെട്ടു. പിറവികാലംമുതൽ കമ്യൂണിസ്റ്റ് പ്രസിദ്ധീകരണങ്ങൾ നേരിട്ട അടിച്ചമർത്തലിന്റെയും അതിജീവനത്തിന്റെയും സമരഗാഥ കൂടിയായി വാൻഗാർഡിന്റെ ചരിത്രം തിളങ്ങിനിൽക്കുന്നു.

വിദേശത്ത്‌ അച്ചടി നാട്ടിൽ വിതരണം

‘വാൻഗാർഡ്‌ ഓഫ്‌ ഇന്ത്യൻ ഇൻഡിപെൻഡൻസ്‌’ എന്ന ആദ്യ കമ്യൂണിസ്റ്റ് മുഖപത്രത്തിന്റെ മൂന്ന് ‘ഏജന്റു'മാരിൽ ഒരാളായിരുന്ന മുസഫർ അഹമ്മദ് പത്രം പ്രചരിപ്പിക്കാൻ നടത്തിയ സാഹസിക നീക്കങ്ങളുടെ വിശദാംശം മൈസെൽഫ്‌ ആൻഡ്‌ ദി കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യ എന്ന കൃതിയിൽ എഴുതുന്നുണ്ട്.

എം എൻ റോയിയുടെ ദൂതനായി ജർമനിയിൽ നിന്നെത്തിയ നളിനി ഗുപ്ത മുസഫർ അഹമ്മദിൽനിന്ന് കുറെ വിലാസം ശേഖരിച്ചാണ് മടങ്ങിയത്. കൂടുതൽ  വിലാസം മുസഫർ അഹമ്മദ് പിന്നീട് അയച്ചുകൊടുത്തു. വിലാസക്കാരുടെ അനുമതി തേടിയല്ല ഇത് ചെയ്‌തത്. അന്നത്തെ തീവ്രബംഗാളി വിപ്ലവ സംഘടനകളായ അനുശീലൻ സമിതി, ജുഗാന്തർ എന്നിവയിൽ പ്രവർത്തിക്കുന്ന പലരുടെയും പേര്‌ ഈ പട്ടികയിൽ ഉണ്ടായിരുന്നു.

ഇങ്ങനെ തപാലിൽ നേരിട്ട് വരുന്നതല്ലാതെ ഒന്നിച്ചു കുറെ പത്രം മുസഫർ അഹമ്മദിന്റെ വിലാസത്തിൽ വന്നിരുന്നു. അതിൽ പലതും കിട്ടേണ്ടവരുടെ വീടിനു മുന്നിലെ പോസ്റ്റ്‌ ബോക്‌സിൽ രഹസ്യമായി കൊണ്ടിടുകയായിരുന്നു പതിവ്. പത്രം കിട്ടിയവർ അത് വലിയ അഭിമാനമായി കരുതിയതായി മുസഫർ അഹമ്മദ് പറയുന്നുണ്ട്. നേരിട്ട് കമ്യൂണിസ്റ്റ് ഇന്റർനാഷണലുമായി ബന്ധമുണ്ടെന്നു പോലും ചിലർ നടിച്ചു. തങ്ങളുടെ വിലാസം എങ്ങനെ ജർമനിയിലും പാരീസിലും എത്തിയെന്നവർ മനസ്സിലാക്കിയില്ല. പത്രം കിട്ടിയവർ കിട്ടാത്തവരെ കുറഞ്ഞ വിപ്ലവകാരികളായി കണ്ടുതുടങ്ങി. ഇതോടെ കൂടുതൽ പേരുടെ വിലാസം അയച്ചുകൊടുത്ത്‌ മുസഫർ അഹമ്മദ് അവരെയും ‘വിപ്ലവകാരികളാ'ക്കി.

ആദ്യലക്കം പൊലീസിനു കിട്ടിയില്ല. പിന്നീടുള്ള ലക്കങ്ങൾ കിട്ടിയെങ്കിലും ഇന്ത്യയിൽ  എവിടെയോ അച്ചടിക്കുന്നുവെന്ന ധാരണയിൽ പൊലീസ് ബംഗാളിലെ പല പ്രസിലും തെരച്ചിൽ നടത്തി. ഒടുവിൽ ഇന്ത്യയിലും വിദേശത്തും  അച്ചടിക്കുന്ന ഫോണ്ടിലെ വ്യത്യാസം മനസ്സിലാക്കിയാണ് പത്രം പുറത്തുനിന്നു വരുന്നുവെന്ന നിഗമനത്തിൽ  പൊലീസ് എത്തിയത്.

പല മുഖ്യധാരാ മാധ്യമങ്ങൾക്കും പത്രം തപാലിൽ ലഭിച്ചു.  അമൃത ബസാർ പത്രിക (കൽക്കത്ത), സെർവന്റ്‌ (ബോംബെ), ബന്ദേമാതരം (ലാഹോർ) പോലെയുള്ള പല പ്രസിദ്ധീകരണവും ഇതിലെ ലേഖനങ്ങൾ  പുനഃപ്രസിദ്ധീകരിച്ചു. ബ്രിട്ടീഷുകാരെ ഇത്‌ കൂടുതൽ അസ്വസ്ഥരാക്കി. എത്തുന്നത്‌ എത്ര കുറഞ്ഞ കോപ്പിയാണെങ്കിലും പ്രചാരം വളരെ വലുതായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top