28 September Thursday

ആദ്യ ചെങ്കൊടി, ആദ്യ മെയ്‌ദിനം: നൂറാണ്ടിന്റെ ചുവപ്പ്‌

ശ്രീകുമാർ ശേഖർ sreekumarsekhar@gmail.comUpdated: Sunday Apr 30, 2023

1946ൽ അന്തരിച്ച ശിങ്കാരവേലു ചെട്ടിയാർക്ക്‌ അന്ത്യാഞ്‌ജലി അർപ്പിക്കുന്ന റെഡ്‌ വളന്റിയർമാർ

ഇന്ത്യയിലെ ആദ്യ മെയ്‌ദിനാചരണത്തിന്‌ നൂറുവർഷം തികയുകയാണ്‌ നാളെ. ചെന്നൈയിൽ 1923 മെയ്‌ ഒന്നിന്‌ ആ ചരിത്രപ്പിറവിക്ക്‌  നേതൃത്വം നൽകിയത്‌ ദക്ഷിണേന്ത്യയിലെ ആദ്യ കമ്യൂണിസ്‌റ്റായ ശിങ്കാരവേലു ചെട്ടിയാരാണ്‌. രാജ്യത്ത്‌  ആദ്യമായി ചെങ്കൊടി ഉയർന്ന ദിനം കൂടിയായിരുന്നു അത്‌.

‘ഈ ദിനം ലോക തൊഴിലാളിവർഗത്തിന്റെ പോരാട്ടദിനമാണ്‌. ഭൂഗോളത്തിന്റെ എല്ലാഭാഗത്തുമുള്ള തൊഴിലാളികളോട്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ഇന്ത്യയിലും നമ്മൾ മേയ്‌ദിനാചരണത്തിന്‌ തുടക്കമിടുകയാണ്‌. തൊഴിലാളി മുന്നേറ്റത്തിന്റെ  മഹാഗോപുരം പണിയാൻ നമ്മൾ തറക്കല്ലിടുന്നു. വരുംവർഷങ്ങളിൽ അത്‌ പൂർണതോതിൽ രൂപപ്പെടും. യാതന പേറുന്ന തൊഴിലാളികൾക്ക്‌ കരുത്തിന്റെ ഉറവിടമായി അതുമാറും’

(ദ ഹിന്ദു, 1923 മെയ്‌ 2)

ശിങ്കാരവേലു ചെട്ടിയാർ വര: സനൽകുമാർ

ശിങ്കാരവേലു ചെട്ടിയാർ വര: സനൽകുമാർ

കൃത്യം നൂറുവർഷം മുമ്പ്‌,1923 മെയ്‌ ഒന്നിന്‌ മദിരാശി ഹൈക്കോടതിക്ക്‌ സമീപത്തെ ബീച്ചിൽ, രാജ്യത്ത്‌ ആദ്യമായി പൊതുസ്ഥലത്ത്‌ ചെങ്കൊടി ഉയർത്തി, മലയപുരം ശിങ്കാരവേലു ചെട്ടിയാർ ഈ പ്രസംഗം ചെയ്യുമ്പോൾ കമ്യൂണിസ്റ്റ്‌ പാർടിക്ക്‌ ഇന്ത്യയിൽ ഒരു ഘടകം ഉണ്ടായിട്ടില്ല. 1920 ഒക്‌ടോബർ 17ന്‌ താഷ്‌കെന്റിൽ പാർടിയുടെ ആദ്യഘടകം രൂപീകരിച്ചെങ്കിലും അവരിൽ ഇന്ത്യയിലേക്ക്‌ പുറപ്പെട്ടവരൊക്കെ ഗൂഢാലോചനക്കേസുകളിൽ അറസ്‌റ്റ്‌ ചെയ്യപ്പെട്ടിരുന്നു. കാൺപുരിൽ കമ്യൂണിസ്‌റ്റ്‌ പാർടിയുടെ അഖിലേന്ത്യ ഘടകം രൂപം കൊള്ളുന്നത്‌ പിന്നെയും രണ്ടരവർഷം കഴിഞ്ഞ്‌ 1925 ഡിസംബർ 26ന്‌ ആണ്‌. ചുവന്നപാതയിലെ ആദ്യപഥികരിലൊരാളായിരുന്നു ശിങ്കാരവേലു ചെട്ടിയാർ. കമ്യൂണിസ്‌റ്റാണെന്ന്‌ അദ്ദേഹം സ്വയം പ്രഖ്യാപിച്ചിരുന്നു.

1923 ലെ മേയ്‌ദിനത്തിൽ തൊഴിലാളി റാലി സംഘടിപ്പിക്കുക മാത്രമല്ല ശിങ്കാരവേലു ചെയ്‌തത്‌; ഒരു രാഷ്‌ട്രീയപാർടിയുടെ രൂപീകരണവും പ്രഖ്യാപിച്ചു. ഹിന്ദുസ്ഥാൻ ലേബർ കിസാൻ പാർടി എന്ന പേരും തമിഴിൽ തയ്യാറാക്കിയ, പാർടിയുടെ പ്രകടനപത്രികയും അദ്ദേഹം ആ യോഗത്തിൽ വിശദീകരിച്ചു. ‘ഭരണകൂടം മുതലാളിത്തത്തോട്‌ ഒപ്പമായിരിക്കുകയും സ്‌ഥാപിത താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുമ്പോൾ തൊഴിലാളിവർഗത്തിന്‌ ഒറ്റവഴിയേ ഉള്ളൂ: വർഗ ഐക്യം ശക്തമാക്കി സംഘടിക്കുക. നമ്മൾ ഈ മേയ്‌ദിനത്തിൽ അങ്ങനെയൊരു  പ്രസ്ഥാനത്തിന്‌  തുടക്കമിടുകയാണ്‌.’‐ ശിങ്കാരവേലു പ്രഖ്യാപിച്ചു. ഉയർത്താനുള്ള കൊടി വീട്ടിൽ നിന്ന്‌ കൊണ്ടുവന്നിരുന്നു. മകൾ കമലയുടെ സാരി ചീന്തി തയ്‌പ്പിച്ച ചുവന്ന കൊടി!. പാർടി പ്രകടനപത്രികയുടെ കവറിൽ അരിവാൾ ചുറ്റികയ്‌ക്കൊപ്പം ചർക്കയും അച്ചടിച്ചിരുന്നു. മേയ്‌ദിനം അവധി ദിനമായി പ്രഖ്യാപിക്കണമെന്ന പ്രമേയവും സമ്മേളനം അംഗീകരിച്ചു. അന്നുതന്നെ നാലു കിലോമീറ്റർ അകലെ ട്രിപ്പിക്ലേൻ ബീച്ചിലും മേയ്‌ദിനാചരണം നടന്നു. ചെട്ടിയാർ തന്നെയായിരുന്നു സംഘാടകൻ. ഈ ദിനാചരണത്തിന്റെ സ്‌മാരകമായി മറീന ബീച്ചിൽ 1959 ൽ സ്ഥാപിച്ച ‘ തൊഴിലാളികളുടെ വിജയ സ്‌തൂപ (ഉഴപ്പാളർ സിലൈ) ത്തിനു മുന്നിലാണ്‌ ചെന്നൈയിലെ ഇപ്പോഴത്തെ മേയ്‌ദിന പരിപാടികൾ.

ദി ഹിന്ദുവിലും സ്വദേശിമിത്രൻ അടക്കമുള്ള തമിഴ്‌ പത്രങ്ങളിലും പ്രാധാന്യത്തിൽത്തന്നെ മേയ്‌ദിനാചരണ വാർത്തകൾ വന്നു.  സ്വാതന്ത്ര്യസമര സേനാനി എന്ന നിലയിൽനിന്ന്‌  ‘അപകടകാരിയായ കമ്യൂണിസ്റ്റാ’യി ശിങ്കാരവേലു ചെട്ടിയാർക്ക്‌  ബ്രിട്ടീഷ്‌ രഹസ്യപൊലീസ്‌ രേഖകളിൽ സ്ഥാനക്കയറ്റമായി. പൊലീസ്‌ കണ്ണുകൾ വലംവച്ചുതുടങ്ങി. കമ്യൂണിസത്തെ ഇന്ത്യയിൽ കുഴിച്ചുമൂടാൻ പ്രതിജ്ഞയെടുത്ത്‌,  ബ്രിട്ടീഷ്‌ ഭരണനേതൃത്വം കെട്ടിച്ചമച്ച കാൺപുർ ബോൾഷെവിക്ക്‌ ഗുഢാലോചനക്കേസിൽ അദ്ദേഹത്തെ  പ്രതിയാക്കി.  ‘ചക്രവർത്തി തിരുമനസ്സിന്റെ ഇന്ത്യയിലെ പരമാധികാരം’ തകർക്കാൻ ശ്രമിച്ചു എന്നായിരുന്നു  കുറ്റപത്രം.

കാൺപുർ കേസിൽ പ്രതി

മേയ്‌ ദിനാചരണം നടന്ന്‌  ഒരു വർഷത്തിനുള്ളിലായിരുന്നു കാൺപുർ കേസ്‌. അപ്പോൾ ചെട്ടിയാർക്ക്‌ 63 വയസ്സായിരുന്നു. രോഗങ്ങൾ പലതുണ്ടായിരുന്നു. കാൺപുരിൽ എത്തിക്കാനാകില്ലെന്ന്‌ വ്യക്തമായതോടെ  കേസിൽ ഒഴിവാക്കപ്പെട്ടു.

മേയ്‌ദിനാചരണത്തിനു പിന്നാലെ തൊഴിലാളികൾക്കിടയിലെ സംഘടനാപ്രവർത്തനം ശിങ്കാരവേലു ശക്തമാക്കി. മെയ്‌ 20ന്‌ മറ്റൊരു തൊഴിലാളി സമ്മേളനം കടപ്പുറത്ത്‌ വിളിച്ചുചേർത്തു. ഒക്‌ടോബറിൽ ഇംഗ്ലീഷിൽ ‘ലേബർ കിസാൻ ഗസറ്റി’ന്റെയും തമിഴിൽ  ‘തൊഴിലാള’ന്റെയും പ്രസിദ്ധീകരണം പ്രഖ്യാപിച്ചു.

ഇന്ത്യയിലെ ആദ്യ സംഘടിത ട്രേഡ്‌യൂണിയൻ പിറന്നതും ചെന്നൈയിലാണ്‌. 1918 ഏപ്രിൽ 27ന്‌ ബ്രിട്ടീഷ്‌  തുണിമില്ലായ ബക്കിങ്‌ ഹാം ആൻഡ്‌ കർണാടിക്‌  (ബി ആൻഡ്‌ സി) മില്ലിൽ  മദ്രാസ്‌ ലേബർ യൂണിയൻ എന്ന ഈ സംഘടന രൂപം കൊള്ളുമ്പോൾ റഷ്യൻ വിപ്ലവം കഴിഞ്ഞ്‌ ആറുമാസമേ ആയിട്ടുള്ളൂ. ടി വി  കല്ല്യാണസുന്ദര  മുതലിയാർ എന്ന തിരു വി ക യുടെ നേതൃത്വത്തിൽ നടന്ന ഈ മുന്നേറ്റം  ചെട്ടിയാരെ ആവേശം കൊള്ളിച്ചു. പിന്നീട്‌ നഗരത്തിൽ ശക്തമായ തൊഴിലാളി സംഘടനാ പ്രവർത്തനങ്ങളിൽ അദ്ദേഹം നിത്യസാന്നിധ്യമായി. ബി ആൻഡ്‌ സി മില്ലിൽ 1920ൽ പതിമൂവായിരം തൊഴിലാളികളുടെ പണിമുടക്കുണ്ടായി. രണ്ടു തൊഴിലാളികൾ വെടിയേറ്റു മരിച്ചു. സമരക്കാർക്കൊപ്പം വീറോടെ പൊരുതി നിൽക്കാൻ ശിങ്കാരവേലു ചെട്ടിയാർ ഉണ്ടായിരുന്നു.

സുബ്രഹ്മണ്യ ഭാരതിയുടെ ഗീതങ്ങൾ പാടി നഗരത്തിലെ തൊഴിലാളി മേഖലകളിൽ ജാഥകൾ സംഘടിപ്പിക്കുന്നതിന്  ചെട്ടിയാർ മുന്നിൽനിന്നു.  യോഗങ്ങളിൽ ക്ഷണിക്കപ്പെടാതെ ഇടയ്‌ക്കിടെ കടന്നുവന്ന്‌ തൊഴിലാളികൾക്കിടയിൽ ഇരുപ്പുറപ്പിക്കുന്ന ചെട്ടിയാരെപ്പറ്റി സഹപ്രവർത്തകരുടെ ഓർമകൾ പകർത്തി ജീവചരിത്രകാരന്മാർ എഴുതിയിട്ടുണ്ട്‌.

കടപ്പുറത്തുനിന്ന്‌ ഹൈക്കോടതിയിലേക്ക്‌

ചെന്നൈയിൽ ഒരു മത്സ്യത്തൊഴിലാളി കുടുംബത്തിൽ 1860 ഫെബ്രുവരി 18നു ജനിച്ച ശിങ്കാരവേലു ചെട്ടിയാർ ജാതി ഹിന്ദുക്കൾ കോടതികൾ അടക്കിവാണ കാലത്ത് വക്കീലായി അംഗീകാരം നേടി.  ഇതിനിടെ അരിക്കച്ചവടം പോലെ ചില ബിസിനസുകളുമുണ്ടായിരുന്നു. കച്ചവട ആവശ്യത്തിന് 1902 ൽ ലണ്ടനിൽ  പോയ ശിങ്കാരവേലു അവിടെ ബുദ്ധസമ്മേളനത്തിൽ പങ്കെടുത്തു. തിരികെ വന്ന്‌ ഇന്ത്യയിലെ  മഹാബോധി സൊസൈറ്റിയിലും പ്രവർത്തിച്ചു.

1917 ലെ റഷ്യൻ വിപ്ലവത്തിൽ ആവേശഭരിതനായ ശിങ്കാരവേലു ലഭ്യമായ കമ്യൂണിസ്‌റ്റ്‌ സാഹിത്യമെല്ലാം വായിച്ചു. കമ്യൂണിസ്റ്റ് ആദർശങ്ങൾ പ്രചരിപ്പിക്കുന്ന ലേഖനങ്ങൾ പല പത്രങ്ങളിൽ എഴുതിത്തുടങ്ങി. യൂറോപ്പിലിരുന്ന്‌ ഇന്ത്യയിൽ കമ്യൂണിസ്‌റ്റ്‌ പാർടിക്ക്‌ സംഘാടകരെ തിരയുകയായിരുന്ന എം എൻ റോയിയുടെ ശ്രദ്ധയിൽ ശിങ്കാരവേലു പെട്ടു.  വിദേശത്തുനിന്ന് ആരംഭിച്ച, ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യ മുഖപത്രമായ വാൻഗാർഡിന്റെ രഹസ്യപ്രചാരണത്തിന് റോയ്‌ ഇന്ത്യയിൽ കണ്ടെത്തിയ മൂന്നു പേരിൽ ഒരാളായി ശിങ്കാരവേലു മാറി. ബോംബെയിൽ നിന്ന്‌ എസ് എ ഡാങ്കെ, കൽക്കത്തയിൽ നിന്ന്‌ മുസഫർ അഹമ്മദ് എന്നിവരായിരുന്നു മറ്റു രണ്ടുപേർ.

കോൺഗ്രസിലും ഇക്കാലത്ത്‌ സജീവമായി.  കവി സുബ്രഹ്മണ്യഭാരതി, തൊഴിലാളി നേതാവ് ചിദംബരം ചെട്ടിയാർ തുടങ്ങിയവരുമായിട്ടായിരുന്നു അടുപ്പം. നിസ്സഹകരണ സമരത്തിന്റെ ഭാഗമായി 1921ൽ അഭിഭാഷകന്റെ ജോലി താൻ ഉപേക്ഷിക്കുകയാണെന്ന്‌ പ്രഖ്യാപിച്ച ശിങ്കാരവേലു ഇക്കാര്യം വ്യക്തമാക്കി ഗാന്ധിജിക്ക്‌ 1921 മേയിൽ തുറന്ന കത്തുമെഴുതി. ആ വർഷം നവംബറിൽ വെയ്‌ൽസ്‌ രാജകുമാരന്റെ സന്ദർശന വേളയിൽ പ്രതിഷേധ പരിപാടി പ്രഖ്യാപിച്ചിരുന്നു. മദ്രാസിൽ അത്‌ സമ്പൂർണ ഹർത്താലാക്കാൻ ശിങ്കാരവേലുവും ഒപ്പമുള്ളവരും രംഗത്തിറങ്ങി. അൽപ്പം ബലപ്രയോഗമൊക്കെ വേണ്ടിവന്നു. ഗാന്ധിജിക്ക്‌ അത്‌ ഇഷ്‌ടമായില്ല.  ‘യങ്‌ ഇന്ത്യ’യിലെഴുതിയ ലേഖനത്തിൽ ഹർത്താലിന്റെ പേരിൽ ശിങ്കാരവേലു ചെട്ടിയാരെ ഗാന്ധിജി  രൂക്ഷമായി വിമർശിച്ചു.

1922 ലെ ഗയ കോൺഗ്രസിൽ ശിങ്കാരവേലു അഖിലേന്ത്യ കോൺഗ്രസ്‌ കമ്മിറ്റി അംഗമായി. കമ്യൂണിസ്‌റ്റായി സ്വയം പ്രഖ്യാപിച്ച അദ്ദേഹത്തെ പ്രതിനിധികൾ സഖാവ്‌ വിളിയോടെ സ്വീകരിച്ചതായി വാൻഗാർഡിൽ 1923 മാർച്ച്‌ ലക്കത്തിൽ എം എൻ റോയ്‌ എഴുതുന്നുണ്ട്‌. അവിടെ ശിങ്കാരവേലുവും എസ്‌ എ ഡാങ്കേയും ചേർന്ന്‌ കമ്യൂണിസ്‌റ്റ്‌ ഇന്റർനാഷണൽ തയ്യാറാക്കിയ രേഖയും  പൂർണ സ്വരാജ്‌  പ്രമേയവും അവതരിപ്പിച്ചു.

ആദ്യ പാർടി ഘടകം പ്രസിഡന്റ്‌

1925ൽ  കാൺപുരിൽ 1925 ഡിസംബർ 26 മുതൽ 28 വരെ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരുടെ ആദ്യ സമ്മേളനം ചേർന്നപ്പോൾ അതിൽ തർക്കമില്ലാത്ത അധ്യക്ഷനായത് ശിങ്കാരവേലു ആയിരുന്നു. സമ്മേളനം ഏകീകൃത കമ്യൂണിസ്റ്റ് പാർടിയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തതും ശിങ്കാരവേലു ചെട്ടിയാരെയായിരുന്നു. തിരിച്ചെത്തി അന്നത്തെ മദ്രാസ് പ്രവിശ്യയുടെ പലഭാഗങ്ങളിലും പാർടി പ്രവർത്തനത്തിൽ അദ്ദേഹം സജീവമായി. സ്വന്തം പ്രസിദ്ധീകരണമായ  ലേബർ ആൻഡ്‌ കിസാൻ ഗസറ്റ് കമ്യൂണിസ്‌റ്റ്‌ പാർടിയുടെ പത്രമാക്കി. മദ്രാസ് കോർപറേഷനിൽ ഇരുപത്തഞ്ചുവർഷം അംഗമായും പ്രവർത്തിച്ചു.

1927 ലെ മദ്രാസ്‌ കോൺഗ്രസ്‌ സമ്മേളനത്തിൽ പുരോഗമന വിഭാഗക്കാരുടെ താവളം ശിങ്കാരവേലുവിന്റെ വസതിയായിരുന്നു. പൂർണ സ്വാതന്ത്ര്യത്തിനായുള്ള പ്രമേയം തയ്യാാക്കിയത്‌ അവിടെയായിരുന്നു. ജവാഹർലാൽ നെഹ്‌റുവാണ്‌  പ്രമേയം അവതരിപ്പിച്ചത്‌.  1928 ലെ ഉജ്വലമായ സൗത്ത് ഇന്ത്യൻ റെയിൽവേ പണിമുടക്കിന്റെ മുഖ്യസംഘാടകരിൽ ഒരാൾ ശിങ്കാരവേലുവായിരുന്നു. പണിമുടക്കിനെ തുടർന്ന്‌ അറസ്‌റ്റിലായി രണ്ടുവർഷം ജയിലിൽ കിടന്നു.1930ൽ മോചിതനായി.

തുടർന്നും മദിരാശിയുടെ രാഷ്‌ട്രീയ സാമൂഹ്യ ചലനങ്ങളിലെല്ലാം ശിങ്കാരവേലുവിന്റെ സാന്നിധ്യമുണ്ടായി. ഇ വി രാമസ്വാമി നായ്‌ക്കർ (പെരിയാർ) ക്കൊപ്പം സാമൂഹ്യ പ്രവർത്തനങ്ങളിലും  സജീവമായി. യുക്തിവാദി സമ്മേളനങ്ങളിലും ശാസ്‌ത്ര പ്രചാരണ പരിപാടികളിലും പങ്കെടുത്തു.1935ൽ പുതുലോകം എന്ന മാസിക തമിഴിൽ തുടങ്ങി. കടുത്ത പക്ഷാഘാതത്തെ തുടർന്ന് അവശനായപ്പോൾ പ്രവർത്തനം മദ്രാസിൽ ഒതുങ്ങിയെങ്കിലും  കമ്യൂണിസ്‌റ്റ്‌ പാർടിയുടെ അഖിലേന്ത്യ നേതാക്കൾ നിരന്തരം അദ്ദേഹവുമായി ബന്ധം പുലർത്തി. എസ്‌ വി ഘാട്ടെ അടക്കമുള്ളവർ ഇടയ്‌ക്കിടെ സന്ദർശിച്ചിരുന്നു.

1946 ഫെബ്രുവരി പതിനൊന്നിന്‌ എൺപത്തിയാറാം വയസ്സിൽ അന്തരിച്ച അദ്ദേഹം അതിനു തൊട്ടു മുൻവർഷംവരെ വേദികളിലെത്തി. അവസാന പൊതുവേദിയിൽ അദ്ദേഹം ചെയ്‌ത പ്രസംഗം ‘വികടനി’ൽ വന്നിരുന്നു. ‘‘എനിക്ക് പ്രായം 84 ആയി. എന്നാൽ, തൊഴിലാളി വർഗത്തോടുള്ള കടമ നിർവഹിക്കാനാണ് ഇവിടെ എത്തിയിരിക്കുന്നത്. ഇപ്പോൾ ഈ നിമിഷം നിങ്ങൾക്കിടയിൽ മരിച്ചു വീണാൽ അതിലും വലിയ ഭാഗ്യം എന്താണ്.’എന്ന വാക്കുകളോടെയാണ്‌ അദ്ദേഹം പ്രസംഗം തുടങ്ങിയത്‌. റെഡ്‌ വളന്റിയർമാരുടെ അന്ത്യാഭിവാദ്യത്തോടെ നടന്ന സംസ്‌കാരച്ചടങ്ങുകളിൽ  ആയിരങ്ങളാണ്‌ പങ്കെടുത്തത്‌.  രാജ്യത്ത്‌ മേയ്‌ദിനാചരണത്തിന്‌ തുടക്കമിട്ട തെക്കേ ഇന്ത്യയിലെ ആദ്യ കമ്യൂണിസ്‌റ്റിന്റെ ജീവിതം ഇന്നും തമിഴകത്തെ വിപ്ലവപോരാട്ടങ്ങൾക്ക്‌ ആവേശം പകരുന്നു.

ശിങ്കാരവേലുവിനെ ഏതെങ്കിലും കുറ്റം ചുമത്തി  ശിക്ഷിക്കണമെന്ന്‌ സി പി ആഗ്രഹിച്ചിരുന്നു

ശിങ്കാരവേലു ചെട്ടിയാരെപ്പറ്റി സി പി രാമസ്വാമി അയ്യരുടെ നിലപാട്‌  വ്യക്തമാക്കുന്ന ടെലഗ്രാം

ശിങ്കാരവേലു ചെട്ടിയാരെപ്പറ്റി സി പി രാമസ്വാമി അയ്യരുടെ നിലപാട്‌ വ്യക്തമാക്കുന്ന ടെലഗ്രാം

തെന്നിന്ത്യയിലെ ആദ്യ കമ്യൂണിസ്‌റ്റായ എം ശിങ്കാരവേലു ചെട്ടിയാരെ എത്രയും വേഗം ജയിലിൽ അടയ്‌ക്കണ മെന്നാവശ്യപ്പെട്ടവരിലൊരാൾ സി പി രാമസ്വാമി അയ്യരായിരുന്നു. തിരുവിതാംകൂറിൽ ദിവാനായെത്തി കമ്യൂണിസ്‌റ്റ്‌ വംശനാശം ലക്ഷ്യമിട്ട്‌  1946ൽ പുന്നപ്രയിലും വയലാറിലുമായി ആയിരത്തിലേറെപ്പേരെ കൊന്നൊടുക്കിയ സി പി അതിനും 23 വർഷം മുമ്പ്‌ കമ്യൂണിസ്‌റ്റ്‌ വേട്ടയുടെ വക്താവായിരുന്നു എന്ന്‌ വ്യക്തമാക്കുന്നതാണ്‌ നാഷണൽ ആർക്കെവ്‌സിലുള്ള ഈ രേഖ. അന്ന്‌ മദ്രാസ് ഗവർണറുടെ എക്സിക്യൂട്ടീവ് കൗൺസിലിന്റെ നിയമകാര്യഅംഗമായിരുന്നു സി പി.

ആദ്യ മേയ്‌ദിനാചരണം കഴിഞ്ഞ്‌ ഒരു മാസം പിന്നിട്ടപ്പോൾ ശിങ്കാരവേലുവിനെ ഏതെങ്കിലും കുറ്റം ചുമത്തി ശിക്ഷിക്കണമെന്ന്‌ സി പി ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്റെ ഈ അഭിപ്രായം മദ്രാസ് ഗവൺമെന്റിൽ നിന്നുള്ള 1923 ജൂൺ 21ന്റെ 228-5, നമ്പർ ടെലഗ്രാമിൽ വായിക്കാം. ഉയർന്ന ബ്രിട്ടീഷ്‌ ഉദ്യോഗസ്ഥനായിരുന്ന (പിന്നീട്‌ ആഭ്യന്തര സെക്രട്ടറിയായി) ജയിംസ്‌ ക്രേരർ അയച്ച സന്ദേശത്തിന്റെ പ്രസക്തഭാഗം ഇങ്ങനെ:

‘‘മദ്രാസ് സർക്കാർ ആവശ്യപ്പെട്ടതനുസരിച്ച്, ഞാൻ ഇന്ന് രാവിലെ ബഹുമാനപ്പെട്ട ശ്രീ രാമസ്വാമി അയ്യരുമായി ഒരു അഭിമുഖം നടത്തുകയും ഇന്ത്യാ ഗവൺമെന്റിന്റെ കാഴ്ചപ്പാടുകൾ അദ്ദേഹത്തോട് വിശദീകരിക്കുകയും ചെയ്തു. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയാണ് ഇപ്പോൾ നാം അഭിമുഖീകരിക്കേണ്ടി വരുന്ന ഏറ്റവും ഗുരുതരമായ വിപത്തുകളിൽ ഒന്നെന്നും അതിനെ നിയന്ത്രിക്കാൻ നടപടികൾ ഒഴിവാക്കുന്നത് അങ്ങേയറ്റം  അപകടകരമാണെന്ന് വ്യക്തിപരമായി തനിക്ക് പണ്ടേ അഭിപ്രായമുണ്ടെന്നും ശ്രീ രാമസ്വാമി അയ്യർ എന്നെ അറിയിച്ചു.  പ്രത്യേകിച്ചും ശിങ്കാരവേലുവിനെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള  സാധ്യത അദ്ദേഹം പല അവസരങ്ങളിലും പരിഗണിച്ചിരുന്നു. മദ്രാസിലേക്ക് മടങ്ങിയശേഷം എത്രയും വേഗം മദ്രാസ് ഗവൺമെന്റിലെ നിയമ ഉദ്യോഗസ്ഥരുമായി ഒരു സമ്മേളനം നടത്തുമെന്നും ഈ വ്യക്തിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള സാധ്യത വളരെ സൂക്ഷ്മമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ ടെലഗ്രാമിനു ശേഷം ഒമ്പതു മാസത്തിനുള്ളിൽ 1924 മാർച്ച്‌ 17 ന്‌ ശിങ്കാരവേലു ചെട്ടിയാരെ ബ്രിട്ടീഷ്‌ സർക്കാർ കാൺപുർ ഗൂഢാലോചനക്കേസിൽ പ്രതിയാക്കി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top