25 April Thursday

ഉറപ്പിന്റെ 100 ദിനം; പുതുകാലം പുതുദിശ

സ്വന്തം ലേഖകൻUpdated: Sunday Sep 19, 2021

ഇതാ, നമ്മുടെ കൊച്ചുകേരളം പുതിയ അധ്യായമെഴുതുന്നു. വികസനമെന്തെന്ന്‌ നമ്മൾ അനുഭവിച്ചറിയുന്നു. അസാധ്യമെന്ന്‌ കരുതിയ പലതുമാണ്‌  100 ദിവസംകൊണ്ട്‌ പടുത്തുയർത്തിയത്‌. വെല്ലുവിളികൾ ചെറുതായിരുന്നില്ല. കോവിഡ്‌, അതിന്റെ ഭാഗമായി അടച്ചിട്ട ഓഫീസുകൾ,  വീടുകളിൽ ഒതുങ്ങിപ്പോയ നമ്മുടെ ജീവിതം, പിന്നെ സംസ്ഥാനത്തിന്റെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി... പക്ഷെ എൽഡിഎഫ്‌ സർക്കാരിന്റെ പ്രതിബദ്ധതയ്‌ക്ക്‌ മുന്നിൽ  അവയെല്ലാം തോറ്റു പിന്മാറി. പ്രഖ്യാപിച്ച നൂറു ദിന കർമപരിപാടികൾ മാത്രമല്ല, പറഞ്ഞതിലേറെയും പൂർത്തിയാക്കി. ചെയ്യാൻ കഴിയുന്നതു മാത്രമേ പറയൂവെന്നും പറയുന്നത്‌ ചെയ്യുമെന്നും ഒരിക്കൽക്കൂടി തെളിയിച്ചു. അതാണ്‌ ഉറപ്പ്‌, നമ്മൾ നമുക്ക്‌ നൽകുന്ന ഉറപ്പ്‌....

‘ ചെയ്യാൻ കഴിയുന്നതേ പറയൂവെന്നും പറയുന്നത്‌ ചെയ്യു’ മെന്നും ഒരിക്കൽക്കൂടി തെളിയിച്ച്‌ എൽഡിഎഫ്‌ സർക്കാർ. തുടർഭരണത്തിൽ അധികാരമേറ്റ്‌ ദിവസങ്ങൾക്കകം പ്രഖ്യാപിച്ച നൂറുദിന പരിപാടി വിജയകരമായി പൂർത്തിയാക്കി. ഒന്നാം പിണറായി സർക്കാർ നടപ്പാക്കിയ ജനക്ഷേമ പദ്ധതികളുടെ തുടർച്ചയും കാലം ആവശ്യപ്പെടുന്ന പുതിയ മാറ്റങ്ങളും ഉൾക്കൊണ്ടാണ്‌ നൂറുദിന പരിപാടി.

മഹാമാരിയുടെ ദുരിതത്തിനിടയിൽ രോഗനിയന്ത്രണവും സംരക്ഷണവും ഉറപ്പുവരുത്തി, ജനകീയ വികസന പദ്ധതികൾ പൂർത്തീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായിനിന്നാണ്‌ നാടിന്റെ നല്ലഭാവിക്കുള്ള പദ്ധതികൾ നടപ്പാക്കുന്നത്‌.

പദ്ധതി നടത്തിപ്പ്‌ സുതാര്യമാക്കാനും ജനങ്ങൾക്ക്‌ നേരിൽ കണ്ട്‌ മനസ്സിലാക്കാനും നൂറുദിന പരിപാടികളുടെ വെബ്‌ സൈറ്റും തുറന്നു. വെബ്‌സൈറ്റിൽ  ‘കൗണ്ട്‌ഡൗൺ’ തുറന്ന്‌ അതത്‌ സമയത്ത്‌ പദ്ധതി വിവരങ്ങൾ പുതുക്കിക്കൊണ്ടിരുന്നു. 

കടലെടുക്കുന്നത്‌ ഭയക്കാതെ അന്തിയുറങ്ങാം

തിരുവനന്തപുരം > കടലിരമ്പം ഭയന്ന്‌ ഉറക്കം നഷ്ടമായ കുടുംബങ്ങൾക്കുകൂടി  മനസ്സമാധാനത്തോടെ പാർക്കാനിടമായി. പുനർഗേഹം പുനരധിവാസ പദ്ധതിയിൽ 584 വീടാണ്‌ ഒരുക്കിയത്‌. 308 വ്യക്തിഗത വീടും 276 ഫ്ലാറ്റും ഉൾപ്പെടുന്നു.

തിരുവനന്തപുരം കാരോട് 128 ഫ്ലാറ്റിന്റെ നിർമാണത്തിന് 12.8 കോടിയും ബീമാപള്ളിയിൽ 20 ഫ്ലാറ്റിന്റെ നിർമാണത്തിന് 2.4 കോടിയും പൊന്നാനിയിൽ 128 ഫ്ലാറ്റിന്റെ നിർമാണത്തിന് 13.7 കോടിയും ചെലവഴിച്ചു. തിരുവനന്തപുരം 72, കൊല്ലം 53, ആലപ്പുഴ 68, എറണാകുളം 12, തൃശൂർ 50, മലപ്പുറം 21, കോഴിക്കോട് 14, കണ്ണൂർ 18 എന്നിങ്ങനെ വ്യക്തിഗത വീടുകളുടെ താക്കോലും കൈമാറി‌.

12,067 വീട്‌; 1000 റോഡ്‌

●പ്രളയത്തിൽ തകർന്ന 1000 ഗ്രാമീണ റോഡ്‌ പുനർനിർമിച്ചു.
●ലൈഫിൽ 10,000 വീട്‌ നൽകാൻ ലക്ഷ്യമിട്ടിടത്ത്‌ 12,067 വീട്‌ പൂർത്തിയാക്കി.
●വീടുകളിൽ ഒറ്റപ്പെട്ടവർക്ക്‌ സേവനം എത്തിക്കാൻ വാതിൽപ്പടി സേവനം
●അതിദാരിദ്ര്യ ലഘൂകരണ സർവേ
●എല്ലാ പഞ്ചായത്തിലും ഓൺലൈൻ അപേക്ഷ, ഓൺലൈൻ പണമടയ്‌ക്കൽ സംവിധാനം  
●വിശപ്പ് രഹിത കേരളം -ജനകീയ ഹോട്ടലുകൾക്ക് നിലവാര സംവിധാനം.

 പട്ടയം ലഭിച്ചത്‌ 13534 കുടുംബത്തിന്‌

തിരുവനന്തപുരം > വിവിധ ജില്ലകളിലായി 13534 കുടുംബത്തിനാണ്‌ ഭൂമിക്ക്‌ പട്ടയം ലഭിച്ചത്‌.12,000 പട്ടയം നൽകാൻ ലക്ഷ്യമിട്ടിരുന്നിടത്താണ്‌ ഈ മുന്നേറ്റം. വകുപ്പിന്റെ സ്വപ്‌ന പദ്ധതിയായ യുണീക്ക്‌ തണ്ടപ്പേർ സംവിധാനത്തിന്‌ കേന്ദ്രത്തിന്റെ അനുമതിയും ലഭിച്ചു. ഡിജിറ്റൽ റീസർവേയുടെ  പ്രവർത്തങ്ങൾ ആരംഭിച്ചു. 

റവന്യൂ വകുപ്പിന്റെ  സേവനങ്ങൾ ഓൺലൈനിൽ

●എല്ലാ വില്ലേജ് ഓഫീസുകൾക്കും ഔദ്യോഗിക വെബ്സൈറ്റ്
●തണ്ടപ്പേർ, അടിസ്ഥാന ഭൂനികുതി രജിസ്റ്റർ എന്നിവയുടെ ഡിജിറ്റലൈസേഷൻ
●ഭൂനികുതി അടയ്‌ക്കാൻ മൊബൈൽ ആപ്‌
●ഭൂമി തരം മാറ്റം, സ്കെച്ച്, തണ്ടപ്പേർ അക്കൗണ്ട്, ലൊക്കേഷൻ സ്കെച്ച്, സാമൂഹ്യ സുരക്ഷാ പെൻഷൻ എന്നിവയ്‌ക്ക്‌ ഓൺലൈൻ മൊഡ്യൂൾ
●റവന്യൂ ഇ സർവീസ്‌ പോർട്ടൽ നവീകരിച്ച്‌ ക്വിക്‌ പേ സംവിധാനം

കെഎസ്‌ആർടിസിയിൽ പൊതുജനങ്ങൾക്കും ഇന്ധനം

തിരുവനന്തപുരം > കെഎസ്‌ആർടിസിയുടെ കാടുമൂടിയ ഭൂമികളിൽ ഇനി പൊതുജനങ്ങൾക്കും ഇന്ധനം നിറയ്‌ക്കാവുന്ന പമ്പുകൾ ഉയരും. യാത്രാ ഫ്യൂവൽസ്‌ എന്ന പദ്ധതിയിൽ 75 പമ്പ്‌ തുടങ്ങുന്നതിൽ എട്ട്‌ എണ്ണം സജ്ജമായി.

കെഎസ്‌ആർടിസിക്ക്‌ പ്രതിമാസം മൂന്ന്‌ കോടി രൂപ ലഭിക്കും. 1000 പേർക്ക്‌ തൊഴിലും ലഭിക്കും. അടുത്ത ഘട്ടത്തിൽ എൽഎൻജി, സിഎൻജി, ഇലക്ട്രിക്‌ വാഹനങ്ങളുടെ ചാർജിങ്  കേന്ദ്രവും  ആരംഭിക്കും.

പൊതുമരാമത്തിൽ  1000 കോടി

തിരുവനന്തപുരം > സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയിൽ പൊതുമരാമത്തുവകുപ്പിൽ പൂർത്തീകരിച്ചത്‌ 1000 കോടിയിലേറെ രൂപയുടെ പ്രവൃത്തികൾ. പത്തനംതിട്ട കാവുംഭാഗം ഇടിഞ്ഞില്ലം റോഡ്‌,  മാവേലിക്കര–- പുതിയകാവ്‌ പള്ളിക്കൽ റോഡ്‌ ഉദ്‌ഘാടനത്തിന്‌ സജ്ജമായി . 

കോട്ടയത്തെ പ്ലാച്ചേരി പൊൻകുന്നം റോഡും പൂർത്തിയിവരുന്നു. വലിയ അഴീക്കൽ പാലം 95 ശതമാനം പ്രവൃത്തിയും പൂർത്തീകരിച്ചു. തലശേരി കളറോഡ്‌, കളറോഡ്‌–- വളവുപാറ റോഡ്‌, ശിവഗിരി റിങ്‌ റോഡ്‌, കല്ലിടക്ക–- പെർള–- ഉക്കിനട, കയ്യൂർ ചെബ്രക്കാനം പാലക്കുന്ന്‌ റോഡ്‌, കണിയാമ്പറ്റ–- മീനങ്ങാട്‌ റോഡ്‌, ഈസ്റ്റ്‌ ഹിൽ–- ഗണപതിക്കാവ്‌ റോഡ്‌ എന്നിവയെല്ലാം  പൂർത്തീകരിച്ചു.

വനിതാ സംഘങ്ങളില്‍ പുതിയ യൂണിറ്റ്‌

വനിതകൾക്ക്‌ തൊഴിലുറപ്പാക്കുന്നതിനും കോവിഡ്‌ പ്രതിരോധ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കുന്നതിനും 10 വനിതാ സഹകരണ സംഘത്തിൽ പുതിയ സംരംഭകത്വ യുണിറ്റുകൾക്ക്‌ തുടക്കം.

89,265 കുട്ടികൾക്ക്‌ മൊബൈൽ  

ഒന്ന് മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് ഓൺലൈൻ പഠനത്തിന്‌ മൊബൈൽ ഫോൺ ലഭ്യമാക്കാൻ സഹകരണ വകുപ്പ് പലിശരഹിത വായ്‌പ നൽകുന്ന  വിദ്യാതരംഗിണി പദ്ധതിയിൽ വായ്‌പ നൽകിയത്‌ 77.67 കോടി രൂപ. ഇതുവരെ 89,265 പേർക്കാണ്‌ മൊബൈൽ ഫോൺ വാങ്ങാനായത്‌.

ഉന്നത വിദ്യാഭ്യാസവകുപ്പിൽ സമഗ്ര നവീകരണം

ഉന്നത വിദ്യാഭ്യാസമേഖലയെ സമഗ്രമായി പരിഷ്‌കരിക്കാനുള്ള കർമപദ്ധതികളുടെ രൂപീകരണത്തിനാണ്‌ ഉന്നത വിദ്യാഭ്യാസം ആദ്യ നൂറു ദിനത്തിൽ തുടക്കമിട്ടത്‌. കോളേജ്‌ വിദ്യാർഥികൾക്ക്‌ ഓൺലൈൻ പഠനത്തിന്‌ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ ‘ലെറ്റസ്‌ ഗോ ഡിജിറ്റൽ’ പദ്ധതി നടപ്പാക്കി. 617 പുതിയ തസ്‌തിക സൃഷ്ടിച്ചു. വിദ്യാർഥി പ്രതിഭാ ധനസഹായ പദ്ധതി നടപ്പാക്കി. ഒരു ഡസനിലേറെ കെട്ടിടം പൂർത്തീകരിച്ചു. ഉന്നത വിദ്യാഭ്യാസമേഖലയുടെ നവീകരണത്തിന്‌ മൂന്ന്‌ കമീഷൻ.

27 യുവ 
സഹകരണ സംഘം

രാജ്യത്ത്‌ ആദ്യമായി യുവജനങ്ങൾക്കുമാത്രം സഹകരണ സംഘം‌. 100 ദിന പരിപാടിയിൽ 25 സംഘത്തിന്റെ രജിസ്‌ട്രേഷനാണ്‌ പ്രഖ്യാപിച്ചത്‌. 27 യുവ സംഘം പ്രവർത്തനപഥത്തിൽ. 18നും 45നുമിടയിൽ പ്രായമുള്ളവർക്കാണ്‌ അംഗത്വം. സിനിമ, ഇക്കോ ടൂറിസം, ജൈവ കൃഷി,  ഐടി, നിർമാണം, കാർഷികം, മാലിന്യ നിർമാർജനവും പുനരുപയോഗവും, വാണിജ്യം, ഉൽപ്പാദനം, വിപണനം മേഖലകളിലാണ് സംഘങ്ങൾ.

ആരോഗ്യവകുപ്പിന്‌ 100/100

ആവിഷ്‌കരിച്ച ഒമ്പത്‌ 
പദ്ധതിയും പൂർണം. 
158 ആരോഗ്യ സ്ഥാപനത്തിലെ 
16.69 കോടി രൂപയുടെ 
പദ്ധതികളാണ്‌ പൂർത്തീകരിച്ചത്‌

 

പൂർത്തിയായ പ്രധാന പദ്ധതികൾ

● തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കോട്ടയം, കോഴിക്കോട്, പാലക്കാട്, കാസർകോട്‌ ജില്ലകളിൽ എച്ച്ഐവി/ എയ്ഡ്സ് ബാധിതർക്കായി കെയർ സപ്പോർട്ട് സെന്റർ ആരംഭിച്ചു  
 ● ഔഷധസസ്യങ്ങൾക്കായി രണ്ട്‌ വിത്ത് കേന്ദ്രം. 1000 തൊഴിലവസരം  
● ഔഷധസസ്യങ്ങൾക്കായി മൂന്ന്‌ മോഡൽ നേഴ്സറി. 1500 തൊഴിലവസരം
● കണ്ണൂർ മെഡിക്കൽ കോളേജിൽ ഓക്സിജൻ ജനറേറ്റർ പ്ലാന്റ്‌
● കോട്ടയം പൈക കമ്യൂണിറ്റി ആരോഗ്യകേന്ദ്രം
● കോന്നിയിൽ ഡ്രഗ്‌ ടെസ്റ്റിങ്‌ ലബോറട്ടറി
 ● തിരുവനന്തപുരം- മെഡിക്കൽ കോളേജ് ആശുപത്രിയിൽ 110 കിടക്കയോടുകൂടിയ ഐസിയു

സുരക്ഷിത 
ഭക്ഷണത്തിന്‌ 23,566 ഹെക്ടറിൽ കൃഷി

തിരുവനന്തപുരം > സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ കൃഷിയിറക്കി മുന്നേറ്റം. 5000 ഹെക്ടറിൽ കൃഷിയിറക്കാനാണ്‌ ലക്ഷ്യംവച്ചതെങ്കിൽ 23,566 ഹെക്ടറിലാണ്‌ കൃഷി തുടങ്ങാനായത്‌.
ഉൽപ്പന്നങ്ങൾ സുഭിക്ഷം സുരക്ഷിതമെന്ന പ്രത്യേക ബ്രാൻഡിൽ ഇക്കോഷോപ്പുകളിലൂടെയും ആഴ്‌ചച്ചന്തകളിലൂടെയും ഓണച്ചന്തകളിലൂടെയും വിറ്റഴിച്ചു. പ്രത്യക്ഷമായി 17,280 ഉം പരോക്ഷമായി 95,000 ഉം തൊഴിൽദിനങ്ങൾ സൃഷ്ടിച്ചു.

പൊതുവിദ്യാലയങ്ങൾ  ഹൈടെക്‌ 

തിരുവനന്തപുരം >  തൊണ്ണൂറ്റിരണ്ട്‌ സ്കൂൾ കെട്ടിടം, 48 ഹയർ സെക്കൻഡറി ലാബ്‌, മൂന്ന്‌ ഹയർ സെക്കൻഡറി ലൈബ്രറി എന്നിവ ഒരേസമയം ഉദ്‌ഘാടനം ചെയ്‌തു. ഒപ്പം 107 പുതിയ സ്കൂൾ കെട്ടിടത്തിന്‌ കല്ലിട്ടു. 362 കോടിയുടെ പദ്ധതികളുടെ ഉദ്‌ഘാടനമാണ്‌ 100 ദിവസത്തിനകം നിർവഹിച്ചത്‌. മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠനസൗകര്യം ഉറപ്പാക്കാൻ ജനകീയ യജ്ഞത്തിനും തുടക്കമിട്ടു. കുട്ടികൾക്ക്‌ ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ പ്രത്യേക അക്കൗണ്ട്‌ തുറന്നു. കൈറ്റിന്റെ ഡിജിറ്റൽ ക്ലാസുകൾക്കു പുറമെ സ്‌കൂൾതല ഓൺലൈൻ ക്ലാസുകൾക്കായി പുതിയ പ്ലാറ്റ്‌ഫോമും തയ്യാറാക്കി.

വ്യവസായത്തിളക്കം

വ്യവസായരംഗത്തും നാട്‌ പിന്നിട്ടത്‌ വൻകുതിപ്പിന്റെ നൂറുദിനം. കോടികളുടെ നിക്ഷേപമാണ്‌ ഉണ്ടായത്‌. സംസ്ഥാനത്തെ കൂടുതൽ നിക്ഷേപ സൗഹൃദമാക്കാനും നടപടികളായി.

●3247 പുതിയ എംഎസ്‌എംഇ യൂണിറ്റ്‌. 373 കോടി നിക്ഷേപം. 13209 തൊഴിൽ  
●സിന്തൈറ്റ്‌, ധാത്രി, നിറ്റ ജലാറ്റിൻ ഗ്രൂപ്പുകൾ 760 കോടി നിക്ഷേപിക്കാൻ ധാരണ
●ടാറ്റ എൽക്സിയുമായി 75 കോടി നിക്ഷേപത്തിനു ധാരണപത്രം  
●600 കോടി നിക്ഷേപത്തിന് ടാറ്റ കൺസൾട്ടൻസി സർവീസസുമായി ധാരണ. 120 കോടി നിക്ഷേപവുമായി വി ഗാർഡിന്റെ ഇലക്ട്രോണിക് ലാബ്. ലുലു ഗ്രൂപ്പിന്റെ ഇലക്ട്രോണിക് വെയർഹൗസ് പദ്ധതി
●പ്രതിരോധ ഉപകരണങ്ങൾ നിർമിക്കാൻ കേന്ദ്ര സ്ഥാപനമായ എൻപിഒഎൽ കെൽട്രോണുമായി ധാരണപത്രം
●വ്യവസായ സ്ഥാപനങ്ങളിലെ പരിശോധന സുതാര്യവും കാര്യക്ഷമവുമാക്കാൻ സംവിധാനം. സംരംഭകരുടെ പരാതി പരിഹരിക്കാൻ സംസ്ഥാന, ജില്ലകളിൽ സ്റ്റാറ്റ്യൂട്ടറി ഗ്രീവൻസ് റിഡ്രസൽ ഫോറം
●കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിക്കാൻ മൂന്നംഗ വിദഗ്ധ സമിതി
●കോവിഡ് പ്രതിസന്ധി മറികടക്കാൻ എംഎസ്എംഇ മേഖലയ്‌ക്ക് 1416 കോടി സഹായം
●ഒരു ജില്ല ഒരു ഉൽപ്പന്നം പദ്ധതിക്ക്‌ തുടക്കം. ഈ വർഷം 108 യൂണിറ്റ്‌
●കൊച്ചിയിൽ അന്താരാഷ്ട്ര പ്രദർശന കേന്ദ്രത്തിന്‌ നടപടി
●പൊതുമേഖലാ ആധുനീകരണത്തിന്‌ കരട് മാസ്റ്റർ പ്ലാൻ. മികവിന്‌ പുരസ്‌കാരം
●എല്ലാ ജില്ലയിലും മീറ്റ് ദ മിനിസ്റ്റർ പരിപാടി. മാസവും മീറ്റ്‌ ദി ഇൻവെസ്‌റ്റർ പരിപാടി
●സംസ്ഥാനത്ത് എഫ്എംസിജി പാർക്കിന്‌ നടപടി
●തദ്ദേശസ്ഥാപനങ്ങൾക്ക് വ്യവസായ സൗഹൃദ പുരസ്കാരം
●വ്യവസായ പാർക്കുകളിൽ ഏകജാലക ബോർഡ്
●കയർ ഭൂവസ്ത്ര പദ്ധതിക്ക് 121 കോടിയുടെ കരാർ
●പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തിന്‌ റിക്രൂട്ട്മെന്റ് ബോർഡ്‌


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top